തരുണ്‍ തേജ്പാലും ജസ്റ്റിസ് ഗാംഗുലിയും

എൻ.പി.രാജേന്ദ്രൻ

തരുണ്‍ തേജ്പാലും ജസ്റ്റിസ് ഗാംഗുലിയും തമ്മില്‍ എന്താണ് വ്യത്യാസം ? ഇവരുടെ കുറ്റകൃത്യങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസമുമില്ല എന്നാണ് നിയമം പഠിച്ചവര്‍ പറയുന്നത്. ശരി, പക്ഷേ എന്തുകൊണ്ടാണ് തരുണ്‍ തേജ്പാല്‍ ജയിലിലും ജസ്റ്റിസ് ഗാംഗുലി ഇതെഴുതുമ്പോഴും പ.ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ തലപ്പത്തും ഇരിക്കുന്നത് ?  ആരോപിതമായ കുറ്റം ഗാംഗുലി ചെയ്തത് ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ്. തേജ്പാല്‍ കുറ്റം ചെയ്ത് ദിവസങ്ങള്‍ക്കകം ജയിലിലായി. പുറത്തിറങ്ങാന്‍ വൈകും എന്ന് തീര്‍ച്ച. രണ്ട് ആളുകളുടെ കാര്യത്തില്‍ നിയമം എന്തുകൊണ്ടാണ് അതിന്റെ (നേര്‍)വഴിക്ക് പോകാത്തത് ?  പത്രപ്രവര്‍ത്തകന് ഒരു നിയമവം ജസ്റ്റിസിന് മറ്റൊരു നിയമവുമാണോ ?പത്രപ്രവര്‍ത്തകനായ തേജ്പാലിന് വേണ്ടി വക്കാലത്ത് അല്ല ഈ കുറിപ്പ്. തേജ്പാല്‍ തടങ്കലിലാണ്. സ്വന്തം കൂട്ടത്തില്‍ പെട്ടവരാണ്  പത്രപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം തേജ്പാലും അദ്ദേഹത്തിന്റെ ഇരയാകേണ്ടിവന്ന പെണ്‍കുട്ടിയും. പത്രപ്രവര്‍ത്തകസമൂഹം ഇരയോടൊപ്പം ഉറച്ചുനിന്നു. അവര്‍ തേജ്പാലിനെ നീതിരഹിതമായി വിചാരണ ചെയ്തു എന്നും സംശയത്തിന്റെ ആനുകൂല്യംപോലും നല്‍കാതെ ജയിലിലേക്ക് തല്ലിയോടിച്ചെന്നും ഉള്ള ആക്ഷേപം പോലും ചില കോണുകളില്‍ നിന്നുണ്ടായി. ഒരു ഷോമ ചൗധരിയേ തേജ്പാലിനെ തെല്ലെങ്കിലും സഹായിക്കാനുണ്ടായുള്ളൂ. പക്ഷേ, ജസ്റ്റിസ് ഗാംഗുലിക്ക് സംശയത്തിന്റെ ആനുകൂല്യം വേണ്ടുവോളം ലഭിച്ചു നീതിന്യായ സമൂഹത്തില്‍ നിന്ന്.  തേജ്പാല്‍ ഇരയോടെങ്കിലും കുറ്റം ഏറ്റുപറഞ്ഞ് ആറുമാസത്തേക്ക് എഡിറ്റര്‍ പദവിയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുമെന്ന ശിക്ഷ സ്വയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ തലവന്റെ പദവിയില്‍ കടിച്ചുതൂങ്ങുന്ന ജസ്റ്റിസ് ആകട്ടെ ആരോപണം ശക്തിയായി നിഷേധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ച പെണ്‍കുട്ടിയുടെ മൊഴി ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ജസ്റ്റിസ് കഴിച്ച മദ്യത്തിന്റെ അളവ് പെണ്‍കുട്ടി എടുത്തുപറയുന്നുണ്ട്.  ജസ്റ്റിസിനെ കുറ്റപ്പെടുത്താനാവില്ല. ഇത്രയും മദ്യം കഴിച്ചാല്‍ ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിലാണ് അത്ഭുതപ്പെടേണ്ടത്. ഇത്രയും ലഹരിയില്‍ ചെയ്ത കാര്യ ആര്‍ക്ക് ഓര്‍മിക്കാനാകും !

തേജ്പാല്‍ എന്ന പത്രപവര്‍ത്തകന്റെ പേരില്‍ പത്രപ്രവര്‍ത്തകസമൂഹമോ ഗാംഗുലിയുടെ പേരില്‍ നീതിന്യായ സമൂഹമോ ലജ്ജിക്കുകയൊന്നും വേണ്ട. ലൈംഗികകുറ്റകൃത്യങ്ങളുടെ പേരില്‍ ലജ്ജിക്കേണ്ടത് പുരുഷസമൂഹം ഒന്നടങ്കമാണ്. ഇപ്പോള്‍ ജയിലിലും പ്രതിക്കൂട്ടിലും ലൈംഗികപീഡനം ആരോപിക്കപ്പെട്ട് കുറ്റപത്രം കാത്തുനില്‍ക്കുന്ന മൂന്ന് പ്രതീകങ്ങള്‍ കൂടിയായ പുരുഷന്മാരെ കുറിച്ച് ആലോചിച്ചാല്‍ പുരുഷന്മാര്‍ക്ക് തന്നെയല്ല സ്ത്രീകള്‍ക്ക് തന്നെയും ലജ്ജ തോന്നിപ്പോകും. ഒരാള്‍ നീതിപീഠത്തിന്റെ തലപ്പത്ത് ഇരുന്ന ആള്‍, ഒരാള്‍ ആദര്‍ശാത്മക പത്രപ്രവര്‍ത്തനത്തിന്റെ പ്രതീകം, ഒരാള്‍ ആയിരങ്ങള്‍ ആരാധിക്കുന്ന ആത്മീയ ആചാര്യന്‍, അയാളുടെ വഴിയെ പുത്രനും. ആരെയാണ് പെണ്ണിന് വിശ്വസിക്കാനാവുക ? പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അച്ഛനില്‍ നിന്ന് പീഡനമേല്‍ക്കേണ്ടിവന്നതിന്റെ വാര്‍ത്തകള്‍ ദിവസവും മാധ്യമങ്ങളില്‍ കാണേണ്ടിവരുമ്പോള്‍ ആര്‍ക്ക് ആരെ വിശ്വസിക്കാനാവും ?

തരുണ്‍ തേജ്പാലില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പഠിക്കേണ്ട പാഠങ്ങളുണ്ട്. ഒരു കാലത്ത് ആദര്‍ശത്തിന്റെയും സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും പാതയില്‍ തിളങ്ങിനിന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഇപ്പോള്‍ അപകീര്‍ത്തി അദ്ദേഹത്തെ പൊതിയുന്നതിന് കുറെ മുമ്പുതന്നെ മാധ്യമലോകം തേജ്പാലിന്റെ നീക്കങ്ങളില്‍ സംശയം പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. പണത്തിനും പ്രശസ്തിക്കും അധികാരത്തിനും വേണ്ടി തന്റെ സല്‍പ്പേര് വില്‍ക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള സ്വധീനശക്തികളുടെ ചങ്ങാതിയായി ഈ തീപ്പൊരി ജേണലിസ്റ്റ്. വഴി മാറി സഞ്ചരിച്ചുതുടങ്ങിയപ്പോള്‍ അദ്ദേഹം താന്‍വന്ന വഴിതന്നെ മറന്നു. കോടീശ്വരനായി വളര്‍ന്ന തന്റെ സ്വാധീനവും അധികാരവും തന്നെ  ഏത് ഏടാകൂടത്തില്‍നിന്നും രക്ഷിക്കുമെന്നും ആര്‍ക്കും തനിക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമുള്ള അപ്രമാദിത്ത ചിന്തയും അദ്ദേഹത്തെ പിടികൂടിക്കാണണം. താന്‍ കുഴിച്ച കുഴിയില്‍തന്നെ വീഴുകയായിരുന്നു തേജ്പാല്‍.

തേജ്പാല്‍ സംഭവം മറ്റൊരു ഗുരുതരമായ പ്രശ്‌നത്തിലേക്ക് കൂടി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വനിതകളുടെ സ്വാതന്ത്ര്യവും സുരക്ഷിതത്ത്വവും ഉറപ്പുവരുത്താന്‍ എന്തുസംവിധാനമാണ് രാജ്യത്തുള്ളത് ? സ്ഥാപനത്തിന് അകത്തുപോലും സുരക്ഷിതമല്ലാത്ത അവര്‍ക്ക് എങ്ങിനെയാണ് സമൂഹത്തിലെ സ്ത്രീയുടെ സുരക്ഷിതത്ത്വത്തിന് വേണ്ടി ശബ്ദിക്കാനാവുക ? ലിഫ്റ്റില്‍വെച്ച് തേജ്പാല്‍ പെണ്‍കുട്ടിയോട് പറഞ്ഞത് തൊഴില്‍ സുരക്ഷിതത്ത്വം ഉറപ്പുവരുത്താന്‍ തനിക്ക് വഴങ്ങണം എന്നാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ് എന്ന് കരുതാന്‍ പറ്റില്ല. എണ്ണമറ്റ വനിതാപത്രപ്രവര്‍ത്തകര്‍ക്ക് സ്ഥാപനങ്ങളില്‍ സുരക്ഷിതത്ത്വം ഉറപ്പുവരുത്താന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ? രാവിലെ ഓഫീസിലെത്തി സന്ധ്യ മയങ്ങുംമുമ്പ് വീടണയാന്‍ കഴിയുന്ന ഉദ്യോഗസ്ഥകളില്‍ നിന്ന വ്യത്യസ്തമാണ് വനിതാ പത്രപ്രവര്‍ത്തകരുടെ കാര്യം. സ്വന്തം നെഞ്ചൂക്കല്ലാതെ ഇവര്‍ക്ക് എന്താണ് സഹായകമായി ഉള്ളത്? കോടതിവിധി പ്രകാരമുള്ള പ്രത്യേക സമിതി തെഹല്‍ക്ക എന്ന ആദര്‍ശപത്രസ്ഥാപനത്തില്‍ രൂപവല്‍ക്കരിക്കുക പോലുമുണ്ടായില്ല എന്നോര്‍ക്കണം. എത്ര പത്രസ്ഥാപനത്തില്‍ ഇത്തരം കമ്മിറ്റികള്‍ ഉണ്ട് ? ആരാണ് ഇത് നോക്കാനുള്ളത് ? പ്രസ്‌കൗണ്‍സിലിന്റെ ചുമതലകളില്‍ ഇത് വരില്ലായിരിക്കാം. പക്ഷേ, ദേശീയ വനിതാ കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലേ ?

സാമാന്യമായ തൊഴില്‍സുരക്ഷിതത്ത്വമെങ്കിലും ഇല്ലാത്ത സ്ഥാപനത്തില്‍ എങ്ങനെയാണ് വനിതാജീവനക്കാര്‍ക്ക് ലൈംഗിക സുരക്ഷിതത്ത്വം ഉണ്ടാവുക ? പരാതിപ്പെടേണ്ട അവസ്ഥ ഉണ്ടായാല്‍ അതിനൊരു കമ്മിറ്റിയില്ല. കമ്മിറ്റിയുണ്ടാക്കണം എന്നാവശ്യപ്പെടാന്‍ സ്ഥാപനത്തില്‍ ഒരു ട്രേഡ് യൂണിയന്‍ പോലും ഇല്ലാതിരിക്കുക. എല്ലാം സഹിച്ച് ജോലിയില്‍ തുടരുക അല്ലെങ്കില്‍ ഏകയായി ചെറുത്തുനിന്ന് പെരുവഴിയാധാരമാകുക എന്ന രണ്ട് പോംവഴിയിലൊന്നേ തനിക്ക് മുന്നിലുള്ളൂ എന്ന് വന്നാല്‍ എത്ര സ്ത്രീകള്‍ക്ക ആത്മാഭിമാനത്തോടെ ഈ രംഗത്ത് നില്‍ക്കാനാവും ?  മാധ്യമസ്ഥാപനങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കരാര്‍ പണി സമ്പ്രദായവും ട്രേഡ് യൂണിയന്‍ വിനാശവും കൂടി വനിതകളിടെ അവസ്ഥ ഗുരുതരമാക്കുന്നുണ്ട്. ഇത് പത്രപ്രവര്‍ത്തകരുടെ മാത്രം പ്രശ്‌നമല്ല, പൊതുസമൂഹത്തിന്റെ കൂടി പ്രശ്‌നമാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

(Published as Leader in Media Magazine Jan 2014)

Leave a Reply

Your email address will not be published. Required fields are marked *

Go Top