നവമാധ്യമങ്ങളുടെ നവലോകം

എൻ.പി.രാജേന്ദ്രൻ

ഡബ്ല്യൂ.ഡബ്ല്യൂ.ഡബ്ല്യൂ. എന്നീ മൂന്ന് അക്ഷരങ്ങള്‍ കമ്യൂണിക്കേഷന്‍ രംഗത്ത് ഒരു ദശകം കൊണ്ട് ഉണ്ടാക്കിയ വിപ്ലവം, മാധ്യമങ്ങള്‍  നാനൂറുവര്‍ഷം കൊണ്ട് ഉണ്ടാക്കിയ മാറ്റത്തിന്റെ പല മടങ്ങാണ്. ഒരു ദശകം മുമ്പ് ആരെങ്കിലും പറഞ്ഞാല്‍ വെറും  കെട്ടുകഥ എന്ന് പുഛിച്ചുതള്ളുമായിരുന്ന സംഗതികളാണ് ഇപ്പോള്‍ വേള്‍ഡ് വൈഡ് വെബ്ബ് മുഖേന സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകത്താര്‍ക്കും അവരുണ്ടാക്കുന്ന വീഡിയോ ഒരു സൈറ്റിലേക്ക് അയച്ച ഗുണവും  ദോഷവും നോക്കാതെ പ്രസിദ്ധീകരിക്കാന്‍ കഴിയുകയോ ? അസാധ്യം ! ഇന്ന് ഓരോ മണിക്കൂറിലും യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത് 400 മണിക്കൂര്‍ നേരം കാണാനുള്ള വീഡിയോ ആണ്. ഒരാള്‍ക്ക് യാതൊന്നും ചെയ്യാതെ രാവും പകലും വീഡിയോ കണ്ടിരുന്ന് മുഴുഭ്രാന്തനാകണമെങ്കില്‍ അതിനുള്ള സൗകര്യം ഇന്ന് ആ മാധ്യമത്തിലുണ്ട്. കോഴിക്കോട് നിന്ന് ഒരു കത്ത് മലപ്പുറത്തയക്കാന്‍ അഞ്ചുരൂപ സ്റ്റാമ്പ് ഒട്ടിച്ച് പോസ്റ്റ് ചെയ്യണമെന്നിരിക്കെ, അമേരിക്കയിലെ ആയിരം പേര്‍ക്ക് ഒരു പുസ്തകമോ പ്രസിദ്ധീകരണമോ അയക്കാന്‍ കാശൊന്നും ചെലവഴിക്കേണ്ട എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റില്ലല്ലോ. സ്വന്തം ലേഖനം ആരുടെയും അനുമതിയില്ലാതെ അവനവന് തന്നെ പ്രസിദ്ധപ്പെടുത്താന്‍ കഴിയുമെന്ന് പറയുന്നതിന്റെ പ്രത്യാഘാതങ്ങള്‍ നാം അനുദിനം കണ്ടുകൊണ്ടിരിക്കുകയാണ്.

ആര്‍ക്കും ഉടമസ്ഥത ഇല്ലാത്തതാണ് ഈ പുതിയ മാധ്യമസംവിധാനങ്ങള്‍ എന്നാണ് അത് ഉപയോഗിക്കുന്ന ആര്‍ക്കും തോന്നുക. ജി മെയിലില്‍ ഒരു സന്ദേശം അഞ്ഞൂറുപേര്‍ക്കയക്കാന്‍ ആരുടെയും അനുമതി തേടേണ്ട. ഒരു ചര്‍ച്ചാഗ്രൂപ്പ് ഉണ്ടാക്കി ലോകത്തിന്റെ ഏത് മൂലയിലുള്ള ആരെയും അംഗമാക്കി സൂര്യന് കീഴിലുള്ള ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ ഒരു പൈസ ഹാള്‍ വാടക കൊടുക്കേണ്ട. ഫഌക്കറില്‍ എത്ര ഫോട്ടോ വേണമെങ്കിലും അപ്‌ലോഡ് ചെയ്യാനും പ്രയാസമില്ല. ഒരാള്‍ക്ക് മറ്റൊരാളോടുമാത്രം കമ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്ന സ്ഥാനത്ത് അനേകര്‍ക്ക് അനേകരോട് ആശയവിനിമയം പറ്റുന്നു എന്നതാണ് നവമാധ്യമം ഉണ്ടാക്കിയ വിപ്ലവം. മുമ്പ് ഇടയില്‍ പലരും നമ്മുടെ വാക്കുകളില്‍ എഡിറ്റിങ്ങും സെന്‍സറിങ്ങും നടത്തിയിരുന്നു, ഇന്ന് അവരില്ലാതെ നമുക്ക് എഴുതുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യാം. വാര്‍ത്ത എഴുതാനും പ്രസിദ്ധപ്പെടുത്താനും ഇന്ന് ഒരാള്‍ക്ക് പത്രപ്രവര്‍ത്തകന്‍ ആകണമെന്നില്ല. ഒരു എഡിറ്ററുടെയും അനുമതി  വേണ്ട കഥയോ കവിതയോ പ്രസിദ്ധപ്പെടുത്താന്‍. ഇങ്ങനെയെല്ലാം എഴുതുമ്പോള്‍ അതില്‍ വലിയ അതിശയം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നെപ്പോലൊരു പഴയ തലമുറക്കാരന്. ഒരു കൊച്ചുകുട്ടിക്ക് ഇതില്‍ യാതൊരു അതിശയവും ഇല്ല. തീര്‍ത്തും സ്വാഭാവികമായ ഒരു കാര്യം മാത്രമാണത് പുതിയ തലമുറയ്ക്ക്.

അച്ചടിച്ച പത്രങ്ങള്‍ക്ക് പകരം അതിന്റെ വെബ് എഡിഷനുകള്‍ക്ക് പ്രാമുഖ്യം കൈവരും എന്നതാവും പുതിയ ടെകനോളജി പത്രങ്ങളില്‍ ഉണ്ടാക്കുന്ന പ്രധാന മാറ്റം എന്ന് കരുതിയിരുന്നു തുടക്കത്തില്‍. എന്നാല്‍ അതല്ല സംഭവിച്ചത്. പത്രങ്ങളുടെ വെബ് എഡിഷന്‍ കാണുക പോലും ചെയ്യാത്ത വലിയൊരു വിഭാഗം ആളുകള്‍ വിവരങ്ങള്‍ അറിയാന്‍, വാര്‍ത്തകള്‍ വായിക്കാന്‍ വേറെ പലയിനം വെബ് മാധ്യമങ്ങളെ ആശ്രയിക്കുന്നു. വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് പോകാന്‍ ഉദ്ദേശിച്ചിരുന്ന മെയില്‍ പോലും ഒരു വ്യക്തിക്ക് പല വ്യക്തിയെ ഒരേ സമയം അഭിസംബോധന ചെയ്യാനുള്ള മാധ്യമമാകുന്നു. ലോകനേതാക്കള്‍ പോലും തങ്ങള്‍ക്ക് പറയാനുള്ള വളച്ചൊടിക്കലില്ലാതെ ജനങ്ങളിലെത്തിക്കാന്‍ സ്വന്തം ബ്ലോഗുകളും ട്വിറ്റര്‍ പോലുള്ള മിനി ബ്ലോഗുകളും ഉപയോഗിക്കുന്നു. ലക്ഷക്കണക്കിന് ആരാധകരുള്ള സിനിമാതാരങ്ങളും ഇത് ചെയ്യുന്നു. അച്ചടി മാധ്യമം ഇല്ലെങ്കിലും തങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല എന്ന തോന്നല്‍ വായനക്കാര്‍ക്കുണ്ടാകുന്നുണ്ട്. ഒരു ശീലം കൊണ്ട് മാത്രമല്ലേ ആളുകള്‍ പത്രം വായിക്കുന്നത് എന്ന് പത്രംനടത്തിപ്പുകാര്‍ക്ക് പോലും തോന്നിത്തുടങ്ങിയിരിക്കുന്നു.

ജനങ്ങളില്‍ വിവരമെത്തിക്കാന്‍ പത്രപ്രസിദ്ധീകരണത്തിന് ചെയ്യുന്നതുപോലുള്ള ഇത്രയും വിപുലവും ചെലവേറിയതും പരിസ്ഥിതിക്ക് ദ്രോഹകരവുമായ സംവിധാനങ്ങള്‍ ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചുപോകുന്നു. ഇത്രയുമേറെ മരം മുറിച്ച് കടലാസ് ഉണ്ടാക്കി അതില്‍ വിലയേറിയ മഷി കൊണ്ട് അക്ഷരങ്ങള്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന യന്ത്രസംവിധാനങ്ങള്‍ക്ക് വേണ്ടിവരുന്ന മൂലധന നിക്ഷേപത്തിന്റെ കണക്ക് കേട്ടാല്‍ ഞെട്ടിപ്പോകും. എന്നിട്ടോ ? അച്ചടിച്ച പത്രം ആളുകളിലെത്തിക്കാന്‍ പെടുന്ന പാട്  ചില്ലറയാണോ ? ലോകത്തെമ്പാടും പത്രവിതരണം അത്യന്തം ബുദ്ധിമുട്ടേറിയ പണിയായി മാറുന്നു. വീടുകളില്‍ പത്രം കൊണ്ടിടാന്‍ കുട്ടികളെ കിട്ടുന്നില്ല. ഏജന്‍സി കമ്മീഷന്‍ ലാഭകരമായ അളവില്‍ അല്ല എന്ന് പരാതി ഉയരുന്നു. പത്ത് കാറുതുടച്ചുകൊടുത്താല്‍ കിട്ടുന്ന പ്രതിഫലം പോലും പുലരാന്‍ കാലത്ത് എഴുനേറ്റ് മഴയും മഞ്ഞും സഹിച്ച് സൈക്കിള്‍ ചവിട്ടി നൂറുവീട്ടില്‍ പത്രം എത്തിച്ചാല്‍ കിട്ടുന്നില്ല കുട്ടികള്‍ക്ക്. പത്രവിതരണം പ്രതിസന്ധിയിലേക്ക് നീങ്ങി രാവിലെ എട്ടുമണിക്കുപോലും വീട്ടില്‍ പത്രം എത്താതെ ദിനചര്യകള്‍ മുടങ്ങുമ്പോള്‍ നെറ്റില്‍ പത്രം വായിക്കുന്ന ഒരാള്‍ക്ക് പുലരും മുമ്പ് അത് ഇ പേപ്പര്‍ ആയി വായിക്കാനാവുന്നു.

ഒരു പത്രം അച്ചടിക്കാന്‍ ചെലവാകുന്ന തുകയുടെ നാല്‍പ്പത്തഞ്ച് ശതമാനം കടലാസ് വാങ്ങാനും അച്ചടിക്കാനും വിതരണം ചെയ്യാനുമാണ് വേണ്ടിവരുന്നത്. വെബ് ആകുമ്പോള്‍ ഇപ്പോഴത്തെ ചെലവിന്റെ പാതിയോളം മതി എന്നര്‍ത്ഥം. ലോകമെമ്പാടും പല പ്രമുഖ പ്രസിദ്ധീകരണങ്ങള്‍ വെബ് മാധ്യമം മാത്രമായി മാറുന്നു. ന്യൂസ്‌വീക്ക് എന്ന ലോകപ്രസിദ്ധ വീക്‌ലി ആണ് ഒടുവില്‍ അച്ചടി ഉപേക്ഷിച്ചതായി കേട്ട മാധ്യമം. ഇക്കണോമിസ്റ്റ് ഉള്‍പ്പെടെ പലതിന്റെയും വെബ് എഡിഷനാണ് അച്ചടി എഡിഷന് ഉള്ളതിലേറെ വായനക്കാരുള്ളത്. അഞ്ചുരൂപ കൊടുത്ത് വാങ്ങുന്ന പത്രത്തില്‍ അടുത്ത പഞ്ചായത്തിലെ വാര്‍ത്ത പോലും കാണില്ല. കാല്‍കാശ് കൊടുക്കാതെ കിട്ടുന്ന വെബ് എഡിഷനില്‍ കേരളത്തിലെ ഏത് പഞ്ചായത്തിലെയും വാര്‍ത്ത വായിക്കാം. കടുത്ത അനീതി തന്നെ !  വരിക്കാരനില്‍ നിന്ന് കാര്യമായ വരുമാനം ഇല്ലാത്തതുകൊണ്ട് വായനക്കാരന് പ്രാധാന്യമില്ലാത്ത ഒന്നായി മാറുമോ വെബ് മാധ്യമം എന്ന ആശങ്കയില്‍ അടിസ്ഥാനമുണ്ട്. പക്ഷേ, വെബ്ബില്‍ എല്ലാം സൗജന്യം എന്ന അവസ്ഥ മാറുകയാണ്. ഇപ്പോള്‍തന്നെ മലയാള വാരികകള്‍ ഓണ്‍ലൈനില്‍ വരിസംഖ്യ അടച്ച് ഓണ്‍ലൈനില്‍ വായിക്കാവുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞു. പത്രങ്ങളും അങ്ങനെ ആവുന്ന കാലം വിദൂരമല്ല. വേറൊരു സത്യം ആലോചിച്ചാല്‍ ആ ആശങ്കയിലും വലിയ  കഴമ്പില്ല എന്ന് മനസ്സിലാകും. അച്ചടിച്ച പത്രങ്ങളുടെ വരുമാനത്തിന്റെ 70-80 ശതമാനം ഇപ്പോള്‍തന്നെ പരസ്യവരുമാനമാണ്. അച്ചടിച്ചെലവ് ഏതാണ്ട് പൂര്‍ണമായി ഒഴിവാക്കുമ്പോള്‍ വരിസംഖ്യാവരുമാനം വേണ്ടെന്ന് വെക്കുന്നതില്‍ ദോഷമില്ല എന്ന് കരുതുന്നവര്‍ ഉണ്ട്. പരസ്യവരുമാനം യഥാര്‍ത്ഥത്തില്‍ വായനക്കാര്‍ ആണ് നിശ്ചയിക്കുന്നത്. വായിക്കാന്‍ ആളില്ലാത്ത പത്രത്തില്‍ ആരാണ് പരസ്യം  കൊടുക്കുക?( സര്‍ക്കാര്‍ അല്ലാതെ !  )വായനക്കാരനല്ല, പരസ്യക്കാരനാണ് വലുത് എന്ന മാര്‍ക്കറ്റിങ് വാദം ശുദ്ധഭോഷ്‌ക് ആണ്. മൂലധന താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വ്യഗ്രത മാത്രമാണ് അത്. വായനക്കാരനെ മാര്‍ക്കറ്റിങ്ങുകാരുടെ കൈയില്‍ എത്തിച്ചുകൊടുക്കുന്ന കമ്മീഷന്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ പരസ്യവരുമാനം. അല്ലാതെ ഫോര്‍ത്ത് എസ്റ്റേറ്റ് മെച്ചപ്പെടുത്താന്‍ മുതലാളിമാര്‍ നല്‍കുന്ന സംഭാവനയൊന്നുമല്ല.

സോഷ്യല്‍ മീഡിയയെ കുറിച്ചാണല്ലോ പറഞ്ഞുവന്നത്. സോഷ്യല്‍ മീഡിയ സര്‍വതന്ത്ര സ്വതന്ത്രമാണ് എന്ന തോന്നലിന് ഇടിവുതട്ടിയിട്ടുണ്ട്. ഫേസ്ബുക്കില്‍ കമന്റിട്ട പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു എന്നതുമാത്രമല്ല പ്രശ്‌നം. ആര്‍ക്കും എന്തും പറയാം എന്ന അവസ്ഥ നില നിലനില്‍ക്കുമ്പോള്‍തന്നെ ആരെയും എന്തിന്റെ പേരിലും പിടിച്ചുജയിലില്‍ ഇടാം എന്ന അവസ്ഥയും സോഷ്യല്‍ മീഡിയയില്‍ നിലനില്‍ക്കുന്നു. പത്രത്തില്‍ എഴുതിയാല്‍ തികഞ്ഞ അഭിപ്രായ പ്രകടന സ്വാതന്ത്ര്യമായി കണക്കാക്കാക്കുന്ന കാര്യങ്ങള്‍ വെബ്ബില്‍ ഇടുമ്പോള്‍ കുറ്റകൃത്യമാകുന്നു. നിയമനിര്‍മാണത്തില്‍ ഉണ്ടായ ഇത്തരം വകതിരിവില്ലായ്മകള്‍ നീക്കം ചെയ്താല്‍ തികഞ്ഞ ജനാധിപത്യമാധ്യമമാകാന്‍ കഴിയും വെബ്ബിന്. ഫോര്‍ത്ത് എസ്റ്റേറ്റിനെയും സദാ നിരീക്ഷിക്കുന്ന ഫിഫ്ത് എസ്റ്റേറ്റ് ആകാനാവും. ആശയങ്ങളുടെ, മനോവ്യാപാരങ്ങളുടെ, കലാ-സാഹിത്യസൃഷ്ടികളുടെ വലിയ വിപണി തുറന്നുകിടക്കുകയാണ്. ആര്‍ക്കും എന്തും എഴുതാം, ആര്‍ക്കും വായിക്കാം, വായിച്ചതിനെകുറിച്ച് അഭിപ്രായം അപ്പപ്പോള്‍ പറയാം. തത്ത്വത്തില്‍, ഇതിനേക്കാള്‍ വലിയ ജനാധിപത്യവല്‍ക്കരണം മനുഷ്യരാശിയുടെ  ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് പറയാം. ഇതെല്ലാം സത്യംതന്നെ. എന്നാല്‍, ഇതുമുഴുവന്‍ ആശാസ്യമാണ് എന്നുപറയാനാവില്ല. ഒരുപാട് അനാശാസ്യതകള്‍ ഈ രംഗത്തുണ്ട്. ഏറ്റവും വലിയ  പരിമിതി അതില്‍ ഇപ്പോള്‍ മീഡിയയില്‍ ഉള്ള ഗേറ്റ് കാവല്‍ക്കാരന്‍ ഇല്ല എന്നതാണ്. അച്ചടിയിലായാലും ടെലിവിഷനിലായാലും പഴയ കാലത്തെ കയ്യെഴുത്തുമാസികയിലായാലും നിങ്ങളെഴുതുന്ന എന്തും മറ്റൊരാള്‍ കണ്ട് ഗുണനിലവാരം വിലയിരുത്തിയേ പ്രസിദ്ധപ്പെടുത്തുമായിരുന്നുള്ളൂ. ഇന്ന് ആ ചുമതല വായനക്കാരനിലേക്കെത്തിയിരിക്കുന്നു.

സത്യത്തിന്റെ മുഖം മൂടിയിട്ട് എത്തിച്ചേരുന്നതില്‍ നല്ലൊരു പങ്ക് വാസ്തവവിരുദ്ധമാണ്, അസത്യമാണ്. ഇത് മുഖ്യധാരാമാധ്യമങ്ങളിലും സംഭവിക്കുന്നില്ലേ എന്നുചോദിക്കാം. സംഭവിക്കുന്നുണ്ട്, ഗേറ്റ് കീപ്പര്‍ ഉണ്ടായാലും സംഭവിക്കുന്നുണ്ട്. പക്ഷേ, പരമ്പരാഗത മാധ്യമലോകത്ത് ഈ കൃത്യം നിര്‍വഹിക്കുന്നതിന്റെ അനേകമടങ്ങ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇത് അനുദിനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അത്  പലപ്പോഴും ആപല്‍ക്കരമാകുന്നു. സ്വതന്ത്രമല്ലാത്ത പരമ്പരാഗത മാധ്യമത്തില്‍ സംഭവിക്കുന്നതിലേറെ മീഡിയ മാനിപ്പുലേഷന്‍ സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്നു. ഒരു സംഘടിത ഗ്രൂപ്പിന് ഏത് അസംബന്ധത്തെയും സാര്‍വത്രികാംഗീകാരമുള്ള പരമസത്യമായി വളര്‍ത്തിയെടുക്കാനാവും.

സോഷ്യല്‍ മീഡിയയെ  കുറിച്ച്, ദിസ് ഈസ് മോഡേണ്‍ മാഡ്‌നസ് എന്ന് ഒരു അമേരിക്കന്‍ സാമൂഹ്യശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെടുകയുണ്ടായി. ആധുനികമായ ഭ്രാന്ത് ! ചിലപ്പോഴെങ്കിലും അത് സത്യമാണ് എന്നുതോന്നിപ്പോകും. ഹഫിങ്ടണ്‍പോസ്റ്റ് എന്ന വെബ് പത്രത്തില്‍ ആളുകളുടെ അഭിപ്രായങ്ങള്‍ വായിച്ചുനോക്കി പ്രസിദ്ധപ്പെടുത്താന്‍ മാത്രം അരഡസന്‍ എഡിറ്റര്‍മാരുണ്ടത്രെ. ചില വിഷയങ്ങളെ കുറിച്ച് കാല്‍ലക്ഷം വരെ കത്തുകള്‍ ഇതില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുത്രെ. ഗംഭീരം ! ഇത്രയും പേര്‍ക്ക് അഭിപ്രായം പറയാന്‍ മറ്റേത് മീഡിയയിലാണ് കഴിയുക ? കഴിയുകയില്ല,  ശരി. പക്ഷേ, ഇത്രയും പേര്‍ അഭിപ്രായം പറഞ്ഞിട്ട് എന്താണ് പ്രയോജനം. ആരാണ് 25000 അഭിപ്രായങ്ങള്‍ കുത്തിയിരുന്നു വായിക്കുക ?  ആരെങ്കിലും ഒരാള്‍ വായനക്കാരന് വേണ്ടി ഇവ പരിശോധിച്ച് നല്ലതും ചീത്തയും, അര്‍ത്ഥമുള്ളതും അര്‍ത്ഥശൂന്യവും വേര്‍തിരിച്ചുകൊടുത്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോവും. നോം ചോംസ്‌കിക്കും എനിക്കും തുല്യപ്രാധാന്യം കിട്ടുക എന്നത് മാധ്യമജനാധിപത്യമാണോ അതല്ല മാധ്യമ അരാജകത്വമോ ?  ഒരു സിനിമ അതിന്റെ അതിശയിപ്പിക്കുന്ന നിലവാരമില്ലായ്മ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായി വാഴുകയും അതിന്റെ ഫലമായി വന്‍ ലാഭമാകുകയും ചെയ്യുന്ന പ്രതിഭാസത്തിന് എന്താണ് പേരാണ് ഇടേണ്ടത്. മോഡേണ്‍ മാഡ്‌നസ് എന്ന് പറഞ്ഞത് വെറുതെയല്ല !

അശ്ലീലവും മതഭ്രാന്തുമെല്ലാം അനിയന്ത്രിതമായി ഒഴുകുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍. ഇതിന്റെ മേലും നിയന്ത്രണമില്ല. ഫേസ് ബുക്ക്, യുട്യൂബ് തുടങ്ങിയവയ്ക്ക മേല്‍ നിയന്ത്രണം കൊണ്ടുവരണം എന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. ഗവണ്മെന്റുകളും ആ നിലയിലേക്ക് നീങ്ങുന്നുണ്ട്. അച്ചടിമാധ്യമത്തിന്റെ തുടക്കവുമായി ഇതിനെ താരതമ്യപ്പെടുത്തുന്നത് നന്നാവും. അച്ചടിയില്‍ ആദ്യം സെന്‍സര്‍ഷിപ്പാണ് ഉണ്ടായത്. ഇംഗഌണ്ടില്‍ പോലും കര്‍ശന നിയന്ത്രണത്തിന് ശേഷമാണ് അത് സ്വതന്ത്രമായത്. സെന്‍സര്‍ഷിപ്പ് അവസാനിപ്പിക്കുന്ന തരത്തിലുള്ള നീക്കം ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായപ്പോള്‍ വലിയ തോതില്‍ ആശങ്കകള്‍ ഉയര്‍ന്നുവന്നിരുന്നു.  ഇതോടെ സാമൂഹ്യസുരക്ഷിതത്ത്വം ഇല്ലാതാവുമെന്നും രാജ്യം അരാജകത്വത്തിലേക്കും അക്രമത്തിലേക്കും ചെന്നുപതിക്കുമെന്നും പക്വമായി ചിന്തിക്കുന്നവര്‍ പോലും ഭയപ്പെട്ടു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഈ അച്ചടിമാധ്യമമാണ് സ്വതന്ത്രമായ ഫോര്‍ത് എസ്റ്റേറ്റ് ആയി വളര്‍ന്നത്. സോഷ്യല്‍ മീഡിയ സര്‍വസ്വാതന്ത്ര്യത്തില്‍ നിന്ന് നിയന്ത്രണത്തിലേക്കാണ് നീങ്ങുന്നത്.

മനുഷ്യന്‍  പിന്നോട്ടല്ല, മുമ്പോട്ടാണ് പോവുക. കുറയെല്ലാം ഭ്രാന്തുകളും അസഹ്യ പ്രവണതകളും കണ്ടെന്നുവരാം. പക്ഷേ, അവയുടെ സംഹാര സ്വഭാവത്തെ മറികടക്കാന്‍ മനുഷ്യര്‍ക്ക് കഴിയും. നിയമങ്ങളുള്ള, എന്നാല്‍ വലിയ നിയന്ത്രണമില്ലാത്ത രീതിയില്‍ സോഷ്യല്‍ മീഡിയ മുന്നോട്ടുപോയേ തീരൂ.

Leave a Reply

Your email address will not be published. Required fields are marked *

Go Top