അച്ചടിപ്പത്രക്കാരന്‍ ടെലിവിഷന്‍ വാര്‍ത്ത കാണുമ്പോള്‍

എൻ.പി.രാജേന്ദ്രൻ

അച്ചടി മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ടെലിവിഷന്‍ വാര്‍ത്തകളെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് ചോദ്യം. അച്ചടിയെ പിന്നിലാക്കി മുന്നോട്ടുപോയ മാധ്യമമാണ് ടെലിവിഷന്‍ എന്നത് അച്ചടിപത്രക്കാരന്റെ സമീപനങ്ങളില്‍ മുന്‍വിധി കലര്‍ത്തുന്നുണ്ടാവാം. എങ്കിലും രണ്ട് മാധ്യമങ്ങളുടെയും പരിമിതികളെ പരമാവധി മാറി നിന്ന് കാണാന്‍ ശ്രമിക്കുകയാണ്.അച്ചടിയുടെ വലിയ പരിമിതികളെ ടെലിവിഷന്‍ മാധ്യമം മറികടക്കുന്നു. വാര്‍ത്തകള്‍ക്കാധാരമായ സംഭവങ്ങള്‍ നേരിട്ട് കാണിക്കാനാകില്ല എന്നതാണ് അച്ചടി മാധ്യമത്തിന്റെ പരിമിതികളില്‍ ഒന്നാമത്തേത്. ഡെഡ്‌െൈലന്‍ ഉണ്ടെന്നതാണ് അച്ചടിയുടെ രണ്ടാമത്തെ കനത്ത പരിമിതി. പാതിരാത്രി അച്ചടിച്ചുതുടങ്ങിയ ശേഷമുള്ള വാര്‍ത്തകളൊന്നും രാവിലെ വായിക്കുന്ന പത്രത്തില്‍ കാണില്ല 24 മണിക്കൂര്‍ കഴിഞ്ഞിറങ്ങുന്ന പിറ്റേന്നത്തെ പത്രത്തില്‍ മാത്രമാണല്ലോ അത് കാണൂ.

ഈ രണ്ടുപരിമിതികളില്‍ ആദ്യത്തേതിനെ ടെലിവിഷന്‍ മറികടക്കുന്നതിന് എത്രയോ കാലം മുമ്പ് റേഡിയോ മറികടന്നതാണ്. പത്രം കൈയിലെത്തുന്നതിന് മുമ്പ് പുലര്‍ച്ചെ കേള്‍ക്കുന്ന പ്രാദേശിക വാര്‍ത്തയില്‍ അതുവായിച്ചുകൊണ്ടിരിക്കുമ്പോള്‍ നടന്ന സംഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ പറ്റുമായിരുന്നു എന്നത് എന്തൊരു അത്ഭുതമായിരുന്നെന്നോ. ഇപ്പോള്‍ കിട്ടിയ വാര്‍ത്ത എന്ന നെഞ്ചിടിപ്പുണ്ടാക്കുന്ന ആമുഖത്തോടെ ലോകത്തെ നടുക്കുന്ന വാര്‍ത്തകള്‍ വിളിച്ചുപറയുമായിരുന്നു. കാല്‍മണിക്കൂറും അരമണിക്കൂറും നീളുന്ന പ്രദേശിക ദേശീയ വാര്‍ത്തകള്‍, ഇംഗ്ലീഷിലും ഹിന്ദിയിലും ദേശീയവാര്‍ത്തകള്‍. അതൊന്നും പോരെന്നുണ്ടോ, എങ്കില്‍ ബി.ബി.സി കേള്‍ക്കുക. ലോകസംഭവങ്ങള്‍ അറിയാം. അവയുടെ നാനാവശങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. അക്കാലത്ത് പത്രം അപ്രസക്തമാവുകയാണ് എന്നാര്‍ക്കെങ്കിലും തോന്നിയതായി കേട്ടിട്ടില്ല. പത്രത്തിന്റെ സര്‍ക്കുലേഷന്‍ കുറഞ്ഞതുമില്ല.

അച്ചടിപ്പത്രത്തിന്റെ മാത്രമല്ല, റേഡിയോവിന്റെയും പരിമിതികളെ മറികടന്ന മാധ്യമമാണ് ടെലിവിഷന്‍. സംഭവം നടക്കുന്നത് അപ്പപ്പോള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിന് അപ്പുറം എന്താണ് ഒരു മാധ്യമത്തിന് ചെയ്യാനാവുക ? സംഭവം നടക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യുക എന്നത് ടി.വി.യില്‍ നിന്നും പ്രതീക്ഷിക്കാനാവില്ലല്ലോ. തത്സമയ റിപ്പോര്‍ട്ടിങ്, തത്സമയ ചര്‍ച്ച, അനന്തമായ സ്‌പേസ്. സ്‌പേസ് എന്നത് അച്ചടിമാധ്യമത്തിന്റെ ഏറ്റവും വലിയ മൂന്നാമത്തെ പരിമിതിയാണ്. അത് കാലത്തിനും ദേശത്തിനും ദിവസത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്നതുകൊണ്ടാണ് അല്പം പ്രാധാന്യം കുറച്ച് പരാമര്‍ശിക്കുന്നത്. പന്ത്രണ്ട് പേജുള്ള പത്രവും ഉണ്ടാക്കാം, നൂറുപേജുള്ള പത്രവും ഉണ്ടാക്കാം. ആദ്യത്തേതില്‍ വാര്‍ത്ത പലതും കാണില്ല, രണ്ടാമത്തേതില്‍ എല്ലാ ചവറും കാണും. പത്രത്തിന് സ്‌പെയിസ് എന്ന പോലെയാണ് ടിവിയില്‍ ടൈം. ഇരുപത്തിനാല് മണിക്കൂറും വാര്‍ത്ത പറയുമ്പോള്‍ ടൈം ഒരു പ്രശ്‌നമേ അല്ലാതാവുന്നു.

ഇതിനെല്ലാമര്‍ഥം ടി.വി.ക്ക് പരിമിതികളൊന്നുമില്ലെന്നാണോ ? അച്ചടിപ്പത്രക്കാരന്റെ നിറഞ്ഞ അസൂയയോടെതന്നെ പറയട്ടെ. ടി.വി.ക്ക് അങ്ങനെ നെഗളിക്കാനൊന്നുമാവില്ല. പത്രത്തിന്റെ ചില പരിമിതികളെ മറികടന്നപ്പോള്‍ തന്നെ പത്രത്തിന്റെ പല സുഖങ്ങളും സൗകര്യങ്ങളും ടി.വി.ക്ക് അന്യമാണ്. സമയമെടുത്തുതുറന്നുവെച്ചാല്‍ മാത്രം കാണുന്ന, കണ്ടാല്‍ മനസ്സില്‍തട്ടും മുമ്പ് അപ്രത്യക്ഷമാകുന്ന നിറങ്ങളും ശബ്ദങ്ങളും മാത്രമാണ് ടി.വി. ന്യൂസ്. എല്ലാം നിമിഷങ്ങള്‍ക്കകം അന്തരീക്ഷത്തില്‍ അപ്രത്യക്ഷമാകുന്നു. അറുപതുകൊല്ലം മുമ്പ് രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്ന പ്രസ് കട്ടിങ് ഇന്നും സൂക്ഷിക്കുന്ന ആള്‍ക്ക് തന്റെ സമയത്ത്, തന്റെ സ്വകാര്യതയില്‍ വായിച്ച് അനുഭവിക്കാം. വാര്‍ത്തയുടെ കട്ടിങ്ങ്‌സ് സൂക്ഷിക്കാനാവുമെന്നത് ചെറിയ കാര്യമല്ല. പാര്‍ക്കിലിരുന്നോ, ട്രെയിനിലിരുന്നോ തനിക്കാവശ്യമുള്ള വാര്‍ത്ത പത്രത്തില്‍ തിരഞ്ഞെടുത്തുവായിക്കാം. എണ്ണിയെടുത്താല്‍ പത്രത്തിനുള്ളതിലേറെയുണ്ട് ടെലിവിഷന്റെ പരിമിതികളും അപകടങ്ങളും.

വാര്‍ത്തയറിയുന്നതിനുള്ള ആദ്യസോഴ്‌സ് എന്ന പദവി എത്രയോ കാലംമുമ്പ് റേഡിയോ വന്നപ്പോള്‍തന്നെ പത്രത്തിന് നഷ്ടപ്പെട്ടതാണ.് ഇന്ന് കേരളത്തിലാരും പ്രധാന വാര്‍ത്തയറിയാനുള്ള ആദ്യ സോഴ്‌സ് ആയി പത്രത്തെ കാണുന്നില്ല. തലേന്ന് രാവിലെ നടന്ന പ്രധാന വാര്‍ത്ത പിറ്റേന്ന് പത്രത്തില്‍ വായിച്ചുമാത്രം അറിയുന്ന ആള്‍ ഏതോ സിനിമയില്‍ കണ്ട മാമുക്കോയ കഥാപാത്രത്തെപ്പോലെ പരിഹാസ്യനാവും.ജപ്പാനില്‍ അമേരിക്ക ആറ്റംബോംബിട്ട കാര്യം ആരോ പറഞ്ഞപ്പോഴാണ് മാമുക്കോയാ കഥാപാത്രം ” അതെപ്പള് ? ആരും പറഞ്ഞില്ലല്ലോ ” എന്ന് പ്രതികരിച്ചത്. വാര്‍ത്തയെല്ലാം തലേന്ന് ഫ്രീ ആയി അറിഞ്ഞിട്ടും ആളുകള്‍ എന്തിന് പിറ്റേന്നുരാവിലെ പത്രം കാശുകൊടുത്തുവാങ്ങിവായിക്കുന്നു ? സംഗതി കേള്‍ക്കുകയും കാണുകയുമൊക്കെ ചെയ്തതായിരിക്കാം, പക്ഷേ , പിറ്റേന്ന് പത്രത്തില്‍ വായിച്ചാണ് കാര്യങ്ങള്‍ ഉറപ്പിക്കുന്നത്. അതിന്റെ കാര്യകാരണങ്ങള്‍, വിശദീകരണങ്ങള്‍,പശ്ചാത്തലങ്ങള്‍, പ്രത്യാഘാതങ്ങള്‍ എല്ലാം വായിച്ചുതന്നെ അറിയണം. ഒന്നുകൂടി പറയട്ടെ, ടെലിവിഷന്‍കാര്‍ക്ക് വിരോധം തോന്നേണ്ട. കാണിക്കുകയും കേള്‍പ്പിക്കുകയും ഒക്കെ ചെയ്താലും ശരി, ഒരു സംഗതിയെക്കുറിച്ച് വിശ്വസിക്കണമെങ്കില്‍ ഇന്നും അത് ആളുകള്‍ക്ക് പത്രത്തില്‍ വായിക്കണം. ഇതൊരു ശീലത്തിന്റെ മാത്രം കാര്യമല്ല. ലോകമെങ്ങും അതാണ് സ്ഥിതി. വിശ്വാസ്യതയുള്ള മാധ്യമം ഇന്നും അച്ചടിപ്പത്രമാണ്.

ഇരുപത്തിനാലുമണിക്കൂറും ബ്രെയ്ക്കിങ് ന്യൂസ് ഉള്ള മാധ്യമമാണ് ടി.വി. പല ബ്രെയ്ക്കിങ് ന്യൂസും രാവിലെ പത്രത്തില്‍ വായിച്ചതാകുമെന്നുമാത്രം ! കേട്ട മാത്രയില്‍ ഫഌഷ് ന്യൂസ് അടിക്കാതിരിക്കാന്‍ ടെലിവിഷന് കഴിയില്ല. അത് ആ മാധ്യമത്തിന്റെ വലിയ സൗകര്യമായിരിക്കുന്നതുപോലെ പരിമിതിയുമാണ്. രാവിലെ കേട്ട വാര്‍ത്തയുടെ നാനാവശങ്ങള്‍ നാനാവിധം ആളുകളോട് ചോദിച്ചറിഞ്ഞ് നെല്ലും പതിരും വേര്‍തിരിക്കാന്‍ പ്രിന്റ് മീഡിയക്കാരന് സൗകര്യമുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസ്യതയുടെ കാര്യത്തില്‍ പത്രത്തിന്‍െ നാലയലത്തുവരാന്‍ ടെലിവിഷന്‍ വാര്‍ത്തക്കാവില്ല. ദൃശ്യമാധ്യമ ലോകത്തെ കഴുത്തറപ്പന്‍ മത്സരം വാര്‍ത്തയുടെ വിശ്വാസ്യത ഉയര്‍ത്തുകയല്ല തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും മറക്കാനാവില്ല. പലപ്പോഴും പറഞ്ഞിട്ടുള്ളത് ഒന്നുകൂടി ആവര്‍ത്തിക്കട്ടെ, മത്സരം ഉല്പ്പന്നത്തിന്റെ ഗുണം നശിപ്പിക്കുന്ന അപൂര്‍വമേഖലകളിലൊന്നാണ് മാധ്യമം.

ഒരു സംഗതി ജനങ്ങളുടെ മനസ്സില്‍, ഹൃദയത്തില്‍ ആഞ്ഞുതറയ്ക്കും വിധം റിപ്പോര്‍ട്ട് ചെയ്യാന്‍ ഏത് മാധ്യമമാണ് ഉചിതം ? പത്രത്തില്‍ വലുതായി അച്ചടിച്ചുവെക്കുന്ന ഒരു ഹെഡ്ഡിങ്ങോ ചിത്രമോ ജനമനസ്സില്‍ ഉണ്ടാക്കുന്ന സ്വാധീനം ടെലിവിഷന്് ഉണ്ടാക്കാനാവില്ല. സെക്കന്റ് കൊണ്ട് മിന്നിമറയുന്ന ചിത്രത്തേക്കാള്‍ ആയുസ്സ് എപ്പോഴും അച്ചടിച്ച കടലാസ്സിനുണ്ട്. അത് ജനമനസ്സില്‍ നിറഞ്ഞുനില്‍ക്കും, ജനതയെ ഇളക്കിമറിക്കും, അധികാരക്കസേരകളെ തകര്‍ത്തെറിയും. ഇത് കേരളത്തില്‍ ജീവിക്കുന്ന നമുക്കറിയാം. സംഭവങ്ങളുണ്ടായാല്‍ സന്ധ്യ മുതല്‍ രാത്രി വൈകുംവരെ നടക്കുന്ന ടി.വി.ചര്‍ച്ചകള്‍േേപാലും ഒരു എഡിറ്റോറിയല്‍ പേജ് ലേഖനത്തോളം ജനത്തെ സ്വാധീനിക്കാറില്ല. ടെലിവിഷന്‍ വാര്‍ത്തകളാകട്ടെ, ചര്‍ച്ചകളാകട്ടെ, അഭിമുഖങ്ങളാകട്ടെ കൂടുതലും എന്റര്‍ടെയ്ന്‍മെന്റിലാണ് ഊന്നുന്നത്. സിനിമയിലെ സ്റ്റണ്ട് സീന്‍ കാണുന്ന രസത്തോടെ ടെലിവിഷന്‍ ചര്‍ച്ചകള്‍ കേള്‍ക്കുന്നവരും ആര് കാര്യം പറഞ്ഞു എന്നല്ല ആര് ആരെ അസംബന്ധംപറഞ്ഞ് അടിച്ചുമലര്‍ത്തി എന്നാണ് നോക്കുന്നത്. ശാന്തനായി ശബ്ദംതാഴ്ത്തി നിര്‍ത്തിനിര്‍ത്തി കാര്യം പറയുന്നയാള്‍ ടെലിവിഷന്‍ ചാനലിന്റെ മുന്നിലെ റോഡില്‍കൂടി നടക്കാന്‍പോലും യോഗ്യനല്ല. പക്ഷേ അയാള്‍ക്ക് പത്രത്തിന്റെ എഡിറ്റ് പേജില്‍ മാന്യമായ സ്ഥാനം കിട്ടും.

ഇരുപത്തിനാലുമണിക്കൂര്‍ വാര്‍ത്താചാനലുകള്‍ക്ക് നിലനില്‍ക്കാന്‍ ആവശ്യമായത്ര വാര്‍ത്തകള്‍ ഈ കൊച്ചുകേരളത്തില്‍ അനുദിനം ഉണ്ടാകുന്നുണ്ടോ ? ലോകം മുഴുവന്‍ കാഴ്ചക്കാരുള്ള ബി.ബി.സി പോലൊരു ചാനലിന് 24 മണിക്കൂര്‍ വാര്‍ത്തയാകാം. ഇന്ത്യയിലോ അഫ്ഘാനിസ്ഥാനിലോ ഇറാനിലോ മെക്‌സിക്കോവിലോ അമേരിക്കയിലോ എപ്പോഴും എന്തെങ്കിലും സംഭവിച്ചുകൊണ്ടിരിക്കും. കൊച്ചുകേരളത്തിന്റെ സ്ഥിതിയതാണോ ? ഒരു വാര്‍ത്തയും ഇല്ലാത്ത ദിവസങ്ങളില്‍ പറഞ്ഞതുതന്നെ പറഞ്ഞുമടുത്ത ടി.വി. വാര്‍ത്താവതാരനെ കാണുമ്പോള്‍തന്നെ സങ്കടം തോന്നും. എന്തെങ്കിലുമൊന്നുവീണുകിട്ടിയാലുള്ള ആര്‍ത്തിയാകട്ടെ ആരെയും ചിരിപ്പിക്കും. മണിക്കൂറുകളോളം ടി.വി. ഇട്ടലക്കിയ വന്‍വാര്‍ത്ത പിറ്റേന്ന് ചിലപ്പോള്‍ പത്രത്തില്‍ ഒരിഞ്ച് ഒറ്റക്കോളം വാര്‍ത്തയായിരിക്കും. വാര്‍ത്താമൂല്യത്തിന്റെ പ്രൊപ്പോര്‍ഷന്‍ നശിപ്പിക്കുന്നതില്‍ ടെലിവിഷനാണ് മുന്നില്‍, പത്രങ്ങള്‍ വളരെയൊന്നും പിന്നിലല്ലെങ്കിലും.
ചാനല്‍വാര്‍ത്താമത്സരം പത്രങ്ങളെ അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടില്ലെന്നതാണ് ദു:ഖകരം. ഇന്നും നാളെയും നില നില്പ്പിന് പൊരുതേണ്ടിവരും പത്രങ്ങള്‍ക്ക്. ഇന്നത് ടെലിവിഷനോടാണ്, നാളെയത് ഇന്റര്‍നെറ്റ്, മൊബൈല്‍ മാധ്യമങ്ങളോടാവും. വലിയ കളര്‍ചിത്രങ്ങള്‍ നല്‍കിയും വാര്‍ത്തകളെ വിനോദമാക്കിയും ഗൗരവം ചോര്‍ത്തി എല്ലാം ലാഘവവല്‍ക്കരിച്ചുമാണ് അച്ചടിപ്പത്രങ്ങള്‍ ചാനല്‍പ്രളയത്തെ നേരിടുന്നത്. അത് വിജയം കാണാനിടയില്ലാത്ത തന്ത്രമായേ തോന്നുന്നുള്ളൂ.

ടെലിവിഷനെ കുറച്ചുകാണുകയാണെന്ന് ധരിക്കരുത്. രാഷ്ട്രീയവും കലയുമെല്ലാം ഇന്ന് ടി.വി.യുടെ വിളിപ്പുറത്താണ്. നേതാക്കളെ സൃഷ്ടിക്കുന്നതും നശിപ്പിക്കുന്നതും ചാനലുകളാണ്. മലയാള ഭാഷ അറിയില്ലെങ്കിലും സാരമില്ല, നേതാക്കളുടെ ശരീരഭാഷ വായിക്കാനറിയില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകനായി നിന്നുപിഴക്കുക പ്രയാസമാണിന്ന് ടെലിവിഷന്‍ മേഖലയില്‍. ജനാഭിപ്രായ രൂപവല്‍ക്കരണംതന്നെ ഇന്ന് ശരീരഭാഷ വായനയായി മാറുകയാണ്. ലോകമെങ്ങും ഈ പ്രക്രിയ അതിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇത് എക്കാലവും നിലനില്‍ക്കുന്ന ഒരു പ്രവണതയാണ് എന്ന് തോന്നുന്നില്ല. ഉയര്‍ന്നുവരുന്ന പുതിയ മാധ്യമങ്ങള്‍ ടി.വി.യെ പുറകോട്ടുതള്ളി മാധ്യമപ്രവര്‍ത്തനത്തെ കൂടുതല്‍ അര്‍ഥവത്താക്കുമെന്നുവേണം കരുതാന്‍.

Leave a Reply

Your email address will not be published. Required fields are marked *

Go Top