പാകിസ്താനില്‍ പ്രമുഖ നേതാവായി വളര്‍ന്ന നമ്മുടെ തിരൂര്കാരനായ ബി.എം കുട്ടി അന്തരിച്ച വിവരറിഞ്ഞപ്പോള്‍ ചില ഓര്‍മകള്‍ നുരഞ്ഞുവന്നു. കുട്ടിയെക്കുറിച്ച് 1981-ല്‍ ഞാന്‍ മാതൃഭൂമിയില്‍ ചേര്‍ന്ന കാലം മുതലേ കേള്‍ക്കുന്നുണ്ടായിരുന്നു. അതിന് ഒരു കാരണമുണ്ട്. അദ്ദേഹവുമായി നല്ല പരിചയം ഉള്ള ആളായിരുന്നു മാതൃഭൂമിയുടെ അന്നത്തെ പത്രാധിപര്‍ വി.പി രാമചന്ദ്രന്. അദ്ദേഹം പറഞ്ഞാണ് കുട്ടിയെക്കുറിച്ച് പലരും പലതും അറിഞ്ഞത്. പിന്നീട് ഒന്നു രണ്ടു തവണ കേരളത്തില്‍ വന്നപ്പോഴത്തെ വാര്‍ത്തകളിലൂടെ ബി.എം.കുട്ടി വീണ്ടും ഓര്‍മിക്കപ്പെട്ടു. പക്ഷേ, എനിക്ക് ബി.എം കുട്ടിയുമായി ബന്ധപ്പെടാന്‍ വേറെ ഒരു അവസരം ഉണ്ടായി. അതു പറയാം.2011-14 കാലത്ത് ഞാന്‍ കേരള മീഡിയ അക്കാദമി ചെയര്‍മാനായിരുന്ന കാലത്ത് പ്രമുഖ പത്രപ്രവര്‍ത്തകനായ വി.പി.രാമചന്ദ്രന്റെ ജീവചരിത്രകൃതി പ്രസിദ്ധപ്പെടുത്തിയിരുന്നു. എനിക്കു മുന്‍പ് പത്തു വര്‍ഷം അക്കാദമിയുടെ ചെയര്മാന് ആയിരുന്നു വി.പി.ആര്. അങ്കിത ചീരക്കാതില്‍ എന്ന വിദ്യാര്‍ത്ഥിനി വി.പി.ആറുമായി ദീര്‍ഘമായി സംസാരിച്ച് ഇംഗ്ലീഷിലെഴുതിയതായിരുന്നു.
രചന എന്റെ കൈയില്‍ കിട്ടിയപ്പോള്‍ ഒരു സംശയം ഉളവായി. രചനയില്‍ ഞാന്‍ എന്ന് തുടര്‍ച്ചയായി ഉപയോഗിച്ചിട്ടുണ്ട്. ഞാന്‍ വി.പി.ആര് ആണ്. പക്ഷേ, ഗ്രന്ഥകര്‍ത്താവ് അങ്കിതയാണ്. ഇത് ആത്മകഥയാണോ ജീവചരിത്രമാണോ? വി.പി.ആറിനോടുതന്നെ ചോദിച്ചു. ‘അങ്കിത എഴുതിയതാണ് അതു മുഴുവന്‍. പക്ഷേ, ഞാന്‍ പറഞ്ഞതല്ലാതെ കൂടുതലൊന്നും എഴുതിയിട്ടുമില്ല. പക്ഷേ, ആത്മകഥ എന്നു വിളിക്കരുത്. ആത്മകഥയായിരുന്നുവെങ്കില്‍ ഒരുപാട് വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും എഴുതേണ്ടതായിരുന്നു. ഇന്നെനിക്ക് അതിനു കഴിയില്ല’-വി.പി.ആര് വിശദീകരിച്ചു.
വി.പി.ആര് എഡിറ്ററായിരുന്നപ്പോഴാണ് ഞാന്‍ മാതൃഭൂമിയില്‍ ജേണലിസം ട്രെയ്നി ആയി ചേരുന്നത്. അതിന്റെ അടുപ്പവും അകല്‍ച്ചയും ഒരേ സമയം ഉണ്ട്. കൃതിയുടെ ഈ പരിമിതി അവഗണിച്ചും ആ ആത്മകഥാജീവചരിത്രം പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചു.
വി.പി.ആര് എന്നെ ഏല്പിച്ച കൃതിയില്‍, പാകിസ്താനിലായിരുന്നപ്പോള്‍ ബി.എം. കുട്ടിയുമായി പുലര്‍ത്തിയ സൗഹൃദത്തെക്കുറിച്ച് ഒന്നും എഴുതിയിരുന്നില്ല. ഒന്നുകില്‍ മറന്നതാവാം. അല്ലെങ്കില്‍, ബന്ധങ്ങളെക്കുറിച്ചു മിതത്വം പാലിച്ചതാവാം. വ്യക്തിപരമായ ഓര്‍മകള്‍ അദ്ദേഹത്തിന്റെ രചനയില്‍ കുറവാണ്. പത്രപ്രവര്‍ത്തനാനുഭവങ്ങളാണ് കൂടുതല്‍. വ്യക്തി ഓര്‍മകളും കൂടി ഉണ്ടെങ്കിലേ പുസ്തകം ഒന്നുകൂടി സമഗ്രമാവൂ എന്നു തോന്നി. ഒരു പരിഹാരമേ മനസ്സില്‍ വന്നുള്ളൂ. ബി.എം.കുട്ടിയെ സമീപിച്ച് വി.പി.ആറിനെക്കുറിച്ച എഴുതിക്കുക.
കുട്ടിയെ മെയില്‍ മാര്‍ഗം ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുകയും ഏതാനും ദിവസങ്ങള്‍ക്കകം നല്ലൊരു ഒരു ഓര്‍മക്കുറിപ്പ് അയച്ചുതരികയും ചെയ്തു. മറ്റു പലരുടെയും ഓര്‍മക്കുറിപ്പുകള്‍ ചേര്‍ത്ത് കൃതി സമഗ്രമാക്കി. VPR revisited-Life and times of an extraordinary journalist എന്ന പുസ്തകം 2013-ലാണ്് പ്രസിദ്ധപ്പെടുത്തിയത്.
1924-ല്‍ ജനിച്ച വി.പി രാമചന്ദ്രന് അന്നത്തെ ഇന്റര്‍മീഡിയറ്റുമായി ഉത്തരേന്ത്യയിലേക്കു വണ്ടി കയറിപ്പോയതാണ് ഒരു ജീവിതമാര്‍ഗം കണ്ടെത്താന്‍. പല വാതിലുകള്‍ തുറന്നും അടച്ചും അദ്ദേഹം പി.ടി.ഐ എന്ന വാര്‍ത്താ ഏജന്‍സിയില്‍ ആദ്യം ടെലിപ്രിന്റര്‍ ഓപറേറ്ററും പിന്നെ റിപ്പോര്‍ട്ടറുമായി. 1957-58-ല്‍ പാകിസ്താനില്‍ ലേഖകനായി പ്രവര്‍ത്തിച്ചപ്പോഴാണ് പ്രമുഖ ഇടതുപക്ഷ-തൊഴിലാളി നേതാവായ ബി.എം കുട്ടിയുമായുണ്ടായ സൗഹൃദം.
ലാഹോറിലായിരുന്നു കുട്ടിയുടെയും അന്പതുകളിലെ പ്രവര്‍ത്തനകേന്ദ്രം. ഇടതുപക്ഷ രാഷ്ട്രീയക്കാരാനായി പല മേഖലകളിലും പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും കുട്ടി 1955-ല്‍ ഒരു പാകിസ്താന്-ജര്‍മന്‍ എന്‍ജിനീയറിങ്ങ് കമ്പനിയുടെ മാനേജരായാണ് കറാച്ചിയില്‍ നിന്ന് ലാഹോറിലെത്തുന്നത്. മലയാളിയായ ഒരു പത്രപ്രവര്ത്തകന് ഉണ്ടെന്നറിഞ്ഞ് കുട്ടി അങ്ങോട്ടു ചെന്നാണ് വി.പി.ആറിനെ പരിചയപ്പെടുന്നത്. മലയാളത്തില്‍ സംസാരിക്കാന്‍ ഒരാളെ കണ്ടെത്തിയതില്‍ അന്നുണ്ടായ സന്തോഷം അദ്ദേഹം ഓര്മക്കുറിപ്പില് വിവരിക്കുന്നുണ്ട്. അവര്‍ പിന്നെ സുഹൃത്തുക്കളായി. ലാഹോറിലെ മുഴുവന്‍ പത്രപ്രവര്‍ത്തകരും വി.പി.ആര് വഴി കുട്ടിയുടെ സുഹൃത്തുക്കളായി. വി.പി.ആര് അവധിയില്‍ സ്വദേശമായ വടക്കഞ്ചേരിയിലേക്കു മടങ്ങിയതും വിവാഹിതനായി മടങ്ങിയതും അവര്‍ക്കു സ്വീകരണം നല്കിയതും ഇംഗ്ലീഷും മലയാളവും മാത്രം അറിയുന്ന നവവധു ഗൗരിയെ ഉറുദു പഠിക്കാന്‍ ഏര്‍പ്പാട് ചെയ്തതുമെല്ലാം കുട്ടി ഓര്‍ത്തെടുക്കുന്നുണ്ട്. കുട്ടിയുടെ ഭാര്യ ബിര്‍ജിസ് യു.പി കാരിയായതിനാല്‍ അവര്‍ ഉറുദു പഠിപ്പിക്കുന്ന ചുമതല ഏല്ക്കുകയും ചെയ്തു.
ആ കൂട്ടുകെട്ട് പെട്ടെന്നു തകര്‍ന്നത് പാകിസ്താനില്‍ പട്ടാളവിപ്ലവത്തിലൂടെ ജനറല്‍ അയുബ് ഖാന് ഭരണാധികാരിയായതോടെയാണ്. കുട്ടിയുടെ പല ഇടതുപക്ഷ കൂട്ടുകാരും അറസ്റ്റിലായത് കുട്ടിയെ അമ്പരപ്പിച്ചു. ഇനി തന്നെയാവും പിടികൂടുക എന്ന തോന്നലുണ്ടായതോടെ അദ്ദേഹം മെല്ലെ ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടി. 1959-ല്‍ പാകിസ്താനിലേക്കു മടങ്ങിയെങ്കിലും ലാഹോറില്‍ വിമാനമിറങ്ങിയ ഉടനെ അറസ്റ്റിലായി. പിന്നെ, 1961-ല്‍ ആണ് പുറത്തിറങ്ങിയത്. അറസ്റ്റ് ചെയ്യപെട്ടപ്പോള്‍ പൊലീസ് വീട് സര്‍ച്ച് ചെയ്തെന്നും ഇന്ത്യന്‍ പത്രപ്രവര്‍ത്തകനായ വി.പി.ആറുമൊത്തുള്ള ഫോട്ടോ കണ്ടെടുത്തെന്നുമുള്ള വിവരം ഭാര്യയില്‍നിന്ന് അറിഞ്ഞ് ഞെട്ടി.
പില്ക്കാലത്ത് കുട്ടി ഒന്നോ കേരളത്തില്‍ വന്നിട്ടുണ്ട്. എണ്‍പതുകളുടെ ആദ്യം കൊച്ചി മാതൃഭൂമിയില്‍ വന്നതും വി.പി.ആറിനെ കണ്ടതും ഓര്‍മക്കുറിപ്പിലുണ്ട്.