ലക്ഷം കോടി അഴിമതി

ഇന്ദ്രൻ

ലോകത്തിലെ ഏറ്റവും വലിയ അഴിമതിരാജ്യം ഇന്ത്യയാണെന്ന് ചിലരൊക്കെ പറയുന്നുണ്ട്. അതിന്റെ കാരണമെന്ത് എന്നറിയില്ല. ഒരു ലക്ഷം കോടിയുടെ കുംഭകോണം, രണ്ടുലക്ഷം കോടിയുടെ മറ്റേതോ കോണം എന്നും മറ്റും പത്രത്തില്‍ വായിച്ചാണ് ആളുകള്‍ ഈ നിഗമനത്തിലെത്തുന്നത്. വാസ്തവത്തില്‍ നമ്മള്‍ അത്രയൊന്നും പുരോഗമിച്ചിട്ടില്ല. അഴിമതിയുടെ തോത് അളക്കാനൊക്കെ ശാസ്ത്രീയമായ സംവിധാനം ലോകത്തുണ്ട്. ബര്‍ലിനിലെ ട്രാന്‍സ്​പരന്‍സി ഇന്റര്‍നാഷണല്‍ എന്നൊരു സ്ഥാപനത്തിന് ഇതാണ് പണി. ലോകം മുഴുവന്‍ നടന്ന് അഴിമതി അളക്കുക- വേറെ ഒരു പണിയും കിട്ടാഞ്ഞിട്ടാവണം. കേള്‍ക്കണേ അവരുടെ ഒരു കണക്ക്- ഇന്ത്യയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ ഒരു വര്‍ഷം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന കൈക്കൂലി മാത്രം 25,000 കോടി രൂപ വരുമത്രെ. ഇതൊക്കെയായിട്ടും അവരുടെ കണക്കനുസരിച്ച് ഇന്ത്യയ്ക്ക് 178 രാജ്യങ്ങളില്‍ 87-ാം സ്ഥാനം മാത്രമേ അഴിമതിക്കാര്യത്തില്‍ ഉള്ളൂ. നമ്മളേക്കാള്‍ അഴിമതിയുള്ള നൂറോളം രാജ്യങ്ങളുണ്ട് എന്നര്‍ഥം. സ്വാതന്ത്ര്യംകിട്ടി 63 വര്‍ഷം കഴിഞ്ഞിട്ടും ഇതാണ് അവസ്ഥ. എന്തായാലും വിലക്കയറ്റത്തേക്കാള്‍ ഉയര്‍ന്ന റേറ്റില്‍ ഇവിടെ അഴിമതി കൂടുന്നുണ്ട്. ഏറെ താമസിയാതെ നമുക്ക് സൊമാലിയ, മ്യാന്‍മര്‍, അഫ്ഗാനിസ്താന്‍, ഇറാഖ് തുടങ്ങിയ ടോപ് റാങ്ക് രാജ്യങ്ങളോട് കിടപിടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

സാര്‍വത്രിക അഴിമതിയില്‍ നമ്മള്‍ പിറകിലാണെന്ന് വാദിച്ചാല്‍ത്തന്നെ ഒറ്റയൊറ്റ അഴിമതിയെടുത്താല്‍ നമ്മുടെ നാലയലത്തൊന്നും എത്താന്‍ യോഗ്യരല്ല മറ്റു രാജ്യങ്ങള്‍. 2010-ലെ മുന്തിയ ഒരൊറ്റ അഴിമതിയില്‍ അടിച്ചുമാറ്റപ്പെട്ട സംഖ്യ തൊള്ളായിരത്തി എണ്‍പതുകളിലോ തൊണ്ണൂറുകളിലോ ആകെ അടിച്ചുമാറ്റിയതിനേക്കാള്‍ കൂടുതല്‍ വരും. ലക്ഷം കോടിയില്‍ കുറഞ്ഞ അഴിമതിയൊന്നും പത്രത്തില്‍ വരാറുതന്നെയില്ല.

അഴിമതിയിലൂടെയുള്ള വരുമാനം നാട്ടില്‍ത്തന്നെ ചെലവഴിക്കുന്നുവെങ്കില്‍ അത്രയെങ്കിലും നാടിന് പ്രയോജനപ്പെടുമെന്ന് കരുതാം. കട്ടതില്‍ ചെറിയൊരു പങ്ക് ഏത് ദുഷ്ടനും സത്കൃത്യങ്ങള്‍ക്ക് ചെലവാക്കും. പാപത്തിനുള്ള ശിക്ഷയില്‍ ഇളവുകിട്ടാന്‍ ദൈവങ്ങള്‍ക്കും കൊടുക്കും കൈക്കൂലി. തങ്ങളെപ്പോലെയാണ് ദൈവങ്ങളുമെന്നാണ് അവര്‍ ധരിച്ചിട്ടുള്ളത്. മാര്‍ക്കറ്റില്‍ പണമൊഴുകുമ്പോള്‍ എല്ലാറ്റിനും ഡിമാന്‍ഡ് കൂടും. അപ്പോള്‍ വ്യാവസായിക ഉത്പാദനം കൂടും. തൊഴിലും കൂടും. കുറച്ച് ഗുണമൊക്കെ കിട്ടും. എന്നാല്‍, മുന്തിയ അഴിമതിക്കാരുടെ പണം വിദേശബാങ്കുകളിലാണ് എത്തുക. 1948-നും 2008-നുമിടയില്‍ 20 ലക്ഷം കോടി രൂപ ഇന്ത്യയില്‍നിന്ന് ഊറ്റിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് വേറൊരുതരം കണക്കെടുപ്പുകാര്‍ കണ്ടെത്തിയിട്ടുള്ളത്. ഓഫീസ് ക്ലര്‍ക്കുമാരോ സൂപ്രണ്ടുമാരോ കോണ്‍സ്റ്റബിള്‍മാരോ അല്ല അതു ചെയ്യുന്നത്. മുന്തിയ ഐ.എ.എസ്-ഐ.പി.എസ്. ഉദ്യോഗസ്ഥരും ഉന്നത വ്യവസായികളും നേതാക്കളുമൊക്കെയാണ്. കള്ളക്കാശ് ആയതുകൊണ്ട് ചിലപ്പോള്‍ അതൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് യോഗമുണ്ടാകാറില്ല. സമ്പാദിച്ചുകൂട്ടുന്നതിനിടയില്‍ നേരേ സ്വര്‍ഗത്തിലേക്ക് പോകും. അവിടെ ഡോളറും യൂറോയുമൊന്നും വേണ്ടല്ലോ. സ്വിസ് ബാങ്കുകളില്‍ ആളില്ലാതെ കിടക്കുന്ന സംഖ്യതന്നെ അനേകായിരം കോടി വരുമെന്നും കേള്‍ക്കുന്നുണ്ട്.

തൊണ്ണൂറുകള്‍ക്കു മുമ്പ് ലൈസന്‍സ് പെര്‍മിറ്റ് സോഷ്യലിസ്റ്റ് കാലഘട്ടത്തില്‍ ഇറക്കുമതിക്കും കയറ്റുമതിക്കും വ്യവസായം തുടങ്ങാനുമൊക്കെയാണ് കൈക്കൂലിയും കോഴയും അധികം കൈമാറിയിരുന്നത്. പിന്നീട് നിയമം ലിബറലായി. അഴിമതിയും ലിബറലായി. സോഷ്യലിസത്തേക്കാള്‍ അഴിമതിക്ക് നല്ലത് മുതലാളിത്തംതന്നെയാണ്. സോഷ്യലിസത്തില്‍ നക്കാപ്പിച്ചയിലാണ് ഇടപാട്. ലക്ഷം കോടി അര്‍ച്ചനയാണ് ഇപ്പോള്‍ നടക്കുന്നത്.

അഴിമതി മുഴുവന്‍ രാഷ്ട്രീയക്കാരാണ് നടത്തുന്നത് എന്ന് നടിച്ച് അയ്യോ പാവം മട്ടില്‍ ഇരിക്കുകയാണ് ഇടത്തരം സമ്പന്നവര്‍ഗത്തില്‍പ്പെട്ട കുറെ ജനം. സകലരും കള്ളന്മാരാണ് എന്നവര്‍ എപ്പോഴും പറയും. തങ്ങള്‍ ശുദ്ധപാവങ്ങള്‍. കള്ളവുമില്ല ചതിയുമില്ല, കള്ളത്തരങ്ങള്‍ എള്ളോളമില്ല. വോട്ടു ചെയ്യാന്‍ രാഷ്ട്രീയക്കാരോട് പണം വാങ്ങുന്നവരും കുറ്റംപറയുക രാഷ്ട്രീയക്കാരെത്തന്നെയാണ്. മകള്‍ക്ക് വിവാഹാലോചനയുമായി വരുന്ന സര്‍ക്കാറുദ്യോഗസ്ഥനെക്കുറിച്ച് അന്വേഷിക്കുന്നത് അവന്റെ ശമ്പളം എത്ര എന്നല്ല, അവന് കിത്ത എന്ത് കിട്ടുമെന്നാണ്. രണ്ടുകൂട്ടരും വായ തുറന്നാല്‍ അഴിമതിക്കെതിരെ ഗര്‍ജിക്കും. എത്ര നിഷ്‌കളങ്കര്‍.

അഴിമതിയുടെ ഗ്ലാമര്‍ ജനനേതാക്കള്‍ക്ക് തന്നെയാണെങ്കിലും വേറെ പലരും ഓടി ഒപ്പത്തിനൊപ്പം എത്തിക്കഴിഞ്ഞു. എവിടെയെങ്കിലും ആരെങ്കിലും നൂറുരൂപ കൈക്കൂലി വാങ്ങിയാല്‍ വെണ്ടക്കയില്‍ അച്ചുനിരത്തുന്ന മാധ്യമയോഗ്യന്മാര്‍ ജനത്തിന്റെ കണ്ണില്‍ ജനാധിപത്യത്തിന്റെ ഉത്തരം താങ്ങുന്ന ഫോര്‍ത്ത് എസ്റ്റേറ്റ് സദ്ഗുണസമ്പന്നരാണ്. ഒടുവിലത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മാധ്യമയോഗ്യരില്‍ പലരുടെയും മുഖംമൂടിയഴിഞ്ഞുവീണു. സ്ഥാനാര്‍ഥികളില്‍നിന്നും പാര്‍ട്ടികളില്‍നിന്നും പണം വാങ്ങിയാണത്രെ അവര്‍ വാര്‍ത്ത കൊടുത്തിരുന്നത്. ഇനി അവരുടെ അടുത്ത് അഴിമതിവിരുദ്ധ വാര്‍ത്തകളുമായി ചെല്ലാന്‍ പറ്റില്ലേ എന്ന് ശങ്കിക്കുകയൊന്നും വേണ്ട. ഇനിയും അവരത് പ്രസിദ്ധപ്പെടുത്തും. അഴിമതിക്കെതിരെ വാര്‍ത്ത കൊടുക്കാനും ചിലപ്പോള്‍ പണം കൊടുക്കേണ്ടിവരുമെന്നുമാത്രം. ഇന്ദ്രപ്രസ്ഥത്തില്‍ അധികാരദല്ലാളുമാര്‍ക്കൊപ്പം അന്തിയുറങ്ങുന്നവരില്‍ മാധ്യമലോകത്തെ പൂജാവിഗ്രഹങ്ങളുമുണ്ട് എന്ന രഹസ്യം മാധ്യമങ്ങള്‍തന്നെ പുറത്താക്കി.

ജനത്തിന്റെ തലയ്ക്ക് ഈയിടെ ഊക്കനടി കിട്ടിയത് ജുഡീഷ്യറിയില്‍നിന്നാണ്. ജഡ്ജിമാരില്‍ ഇരുപത് ശതമാനം കൈക്കൂലിക്കാരാണ് എന്ന് ജഡ്ജിമാര്‍തന്നെ പറഞ്ഞപ്പോഴും ജനം ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അഴിമതിയുടെ ശതമാനത്തെക്കുറിച്ച് സംശയം തോന്നാം, അത്ര പോരാ എന്നുതന്നെ. അത് കൂടിക്കൊണ്ടിരിക്കുന്നു എന്ന കാര്യത്തില്‍ മാത്രം തര്‍ക്കമുണ്ടാകില്ല. ജുഡീഷ്യറിയുടെ തലവനായിരുന്ന ആള്‍തന്നെ ഇതാ നില്‍ക്കുന്നു പ്രതിക്കൂട്ടില്‍! ജഡ്ജിമാര്‍ക്കിടയില്‍ അഴിമതി പെരുകുന്നുവെന്നുപറഞ്ഞത് ജഡ്ജിമാര്‍തന്നെയാണ്. ജുഡീഷ്യറിയില്‍ അഴിമതിയുണ്ടെന്ന് പറഞ്ഞ അഭിഭാഷകപ്രമുഖരെ കോടതിയലക്ഷ്യത്തിന് വിചാരണ ചെയ്യുകയാണ്. ജുഡീഷ്യറിയൊരു സ്വതന്ത്ര സ്വയംഭരണ സ്ഥാപനമാണ്. ആരോടും ഉത്തരം പറയേണ്ടതില്ല. കേന്ദ്രത്തിലെ ഭരണകക്ഷി വിചാരിച്ചാല്‍പ്പോലും ഒരു ജഡ്ജിയെ ഇംപീച്ച് ചെയ്യാനാവില്ല. ജഡ്ജിമാരെ ജഡ്ജിമാര്‍ നിയമിക്കുന്നു. വിമര്‍ശിച്ചാല്‍ അലക്ഷ്യത്തിന് ശിക്ഷ കിട്ടിയെന്നിരിക്കും. ജഡ്ജിമാരുടെ സ്വത്തുവിവരം വിവരാവകാശനിയമപ്രകാരം ചോദിക്കാന്‍ പാടില്ലെന്ന് പഴയ ചീഫ് ജസ്റ്റിസ് ശഠിച്ചത് എത്ര ദീര്‍ഘവീക്ഷണത്തോടെയാണ് !

ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തെ നിരാശയുടെ പാതാളത്തിലെത്തിക്കാനായി സോണിയ-മന്‍മോഹന്‍-രാഹുല്‍ നേതൃത്വത്തിന്. ജനം അഴിമതിയെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും ഭരണപരാജയത്തെക്കുറിച്ചും മാത്രം സംസാരിച്ച പുതുവത്സരാഘോഷം ചരിത്രത്തിലാദ്യം. പാര്‍ട്ടിയുടെ പിറന്നാള്‍ ആഘോഷത്തിലെ അഴിമതിവിരുദ്ധപ്രസംഗം കേമമായിരുന്നു. പ്രസംഗംകൊണ്ട് അഴിമതി തീരുമായിരിക്കും. മോഹന്‍സിങ് ശുദ്ധനാണത്രെ. അഴിമതിക്കേസിലെ പ്രതിയെ അഴിമതി വിരുദ്ധ കമ്മീഷന്‍ തലവനാക്കുന്ന ശുദ്ധത. ഇന്ത്യ കേട്ടതില്‍വെച്ചേറ്റവും വലിയ അഴിമതി പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കേണ്ട എന്ന് വാശിപിടിച്ച് പാര്‍ലമെന്റ് സമ്മേളനം അപ്പടി നാശമാക്കുന്ന ശുദ്ധത. അഴിമതി രാജയെ മന്ത്രിസഭയിലെടുക്കുന്ന കാര്യം വന്നപ്പോള്‍ ഒട്ടും വാശിപിടിക്കാത്ത ശുദ്ധത…. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും.

പണ്ടൊക്കെ നിരാശ മൂക്കുമ്പോള്‍ ജനം പറയാറുള്ളത് ഭരണം പട്ടാളത്തെ ഏല്പിക്കണമെന്നായിരുന്നു. ഇന്ന് ആ പ്രതീക്ഷയും ഒരിടത്തുമില്ല. ലോകത്തെ ഏറ്റവും അഴിമതിയുള്ള രാജ്യങ്ങളില്‍ മുന്തിയ സ്ഥാനം പതിറ്റാണ്ടുകളായി പട്ടാളം ഭരിക്കുന്ന മ്യാന്‍മറിനാണ്. അവിടെ എല്ലാം ചീഞ്ഞുനാറുകയാണ്. പക്ഷേ, ഷെയ്ക്‌സ്​പിയര്‍ പറഞ്ഞത് ‘ഡെന്മാര്‍ക്കിലെന്തോ ചീഞ്ഞുനാറുന്നു’ എന്നാണ് – എന്തൊരു അനീതി , ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം ഡെന്മാര്‍ക്കാണ് !

ലക്ഷം കോടി അടിച്ചുമാറ്റിയവരാരും ജയിലില്‍ പോകുന്നില്ല. കുംഭകോണം രാജമാരും കല്‍മാഡിമാരും റാഡിയമാരും കൈവീശി നടക്കുന്നു. എങ്കിലെന്ത്? ബിനായക് സെന്നുമാരെയും അരുന്ധതി റോയിമാരെയും ജയിലിലയയ്ക്കാന്‍ നമ്മള്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Go Top