കാര്‍ട്ടൂണ്‍ എന്നു കേട്ടാല്‍ പുതുതലമുറയുടെ മനസ്സില്‍ വരുന്ന ചിത്രം എന്താണ്? എന്തായാലും എന്റെ തലമുറയുടെ മനസ്സില്‍ വരുന്ന ചിത്രമല്ലതന്നെ. രാഷ്ട്രീയകാര്‍ട്ടൂണുകളുടെ പ്രദര്‍ശനം നടക്കുന്ന ഹാളിലേക്ക് ഒരു സംഘം കൊച്ചുകൂട്ടുകാര്‍ കയറിവന്നപ്പോഴത്തെ പ്രതികരണം ഓര്‍മ വരുന്നു. രാഷ്ട്രീയകാര്‍ട്ടൂണുകള്‍ നോക്കി ഒന്നും തിരിയാത്ത മട്ടില്‍ അവര്‍ പരസ്പരം നോക്കുകയും എന്തോ അടക്കം പറഞ്ഞു ഇറങ്ങിപ്പോകുകയും ചെയ്തു. കാര്‍ട്ടൂണ്‍ എന്നു നാം പഴഞ്ചന്മാര്‍ പറയുന്ന സാധനമല്ല അവരുടെ കാര്‍ട്ടൂണ്‍.
അത് ചാനലുകളില്‍നിന്നും സി.ഡി.കളില്‍നിന്നും ജീവനോടെ ചാടിവരുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും കഥകളാണ്. അവിടെ മാറ്റങ്ങള്‍ അതിവേഗം സംഭവിക്കുന്നു. ഇന്നലെ കൊച്ചുകുട്ടികള്‍ ചാനല്‍സ്‌ക്രീനില്‍ കാണാന്‍ തിരക്കുകൂട്ടിയ ജംഗ്ള്‍ബുക്കിന് ചിലപ്പോള്‍ ഇന്ന് കാഴ്ചക്കാര്‍ ഇല്ലെന്നുവന്നേക്കും. സാങ്കേതികവിദ്യയില്‍ ദിനംപ്രതി വിപ്ലവങ്ങള്‍ നടക്കുമ്പോള്‍ കാര്‍ട്ടൂണുകളില്‍ നിന്ന് സങ്കീര്‍ണ വീഡിയോ ഗെയിമുകളിലേക്ക് പുതുതലമുറ പുരോഗമിക്കുകയാവും.
അപ്പോഴാണ് നാം, ഒരു മാറ്റവുമില്ലാതെ അരനൂറ്റാണ്ടുകാലം ജീവിച്ച ബോബനെയും മോളിയെയും കുറിച്ച് പറയുന്നത്. ഒരു മാറ്റവുമില്ലെന്നു പറഞ്ഞാല്‍ ഹെയര്‍സ്‌റ്റൈലിനു പോലുമില്ല മാറ്റം. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ അവസാനപേജില്‍ മുഴുവനായി ഒരു ലക്കം മുടങ്ങാതെ മുപ്പതുവര്‍ഷവും പിന്നെ പുറത്ത് ഇരുപതുവര്‍ഷവും ഈ കുട്ടികളെ മരിക്കാത്ത കഥാപാത്രങ്ങളാക്കിയ അസാധാരണ പ്രതിഭാശാലിയായ കാര്‍ട്ടൂണിസ്റ്റ്് തോമസ് എന്ന ടോംസ് ആണ് ഏപ്രില്‍ 27ന് ലോകത്തോട് വിടപറഞ്ഞത്. മലയാളമാധ്യമചരിത്രത്തിലെ ഒരു സംഭവം തന്നെയായിരുന്നു ആ ജീവിതം.
ബോബനും മോളിയും കുട്ടികളെ കഥാപാത്രങ്ങളാക്കി കുട്ടികള്‍ക്കുവേണ്ടി വരയ്ക്കപ്പെട്ട കാര്‍ട്ടൂണുകളാണ് എന്നു പറയുമ്പോള്‍ കുട്ടികളല്ലാത്തവര്‍ അത് ആസ്വദിക്കാറില്ല എന്ന് തോന്നിപ്പോകും. കഥാപാത്രങ്ങള്‍ കുട്ടികളായിത്തന്നെ തുടരുമ്പോള്‍ ആസ്വാദകര്‍ വളരുകയും പ്രായമുള്ളവരാകുകയും ഇതിന്റെ ആസ്വാദകരായിത്തന്നെ തുടരുകയും ചെയ്യുന്നുണ്ടായിരുന്നു. മലയാളികള്‍ ഇങ്ങനെ പ്രായഭേദമന്യേ ആസ്വദിച്ച വേറെ കാര്‍ട്ടൂണുകള്‍ ഉണ്ടെന്നു തോന്നുന്നില്ല. മനോരമ ആഴ്ചപ്പതിപ്പ് പുതിയ ലക്കം കൈയില്‍ കിട്ടിയാല്‍ പിറകിലെ പേജ് ആദ്യം നോക്കുന്നത് കുട്ടികള്‍ മാത്രമായിരുന്നില്ല, അവരുടെ അച്ഛനമ്മമാരും അങ്ങനെത്തന്നെ വായിച്ചുപോന്നു.
1957ലാണ് മനോരമ ആഴ്ചപ്പതിപ്പില്‍ ബോബനും മോളിയും കാര്‍ട്ടൂണ്‍ തുടങ്ങിയത്. പത്താംവയസ്സില്‍, അറുപത്തിനാലിലെങ്കിലും ഞാന്‍ അതു വായിച്ചുതുടങ്ങിയിരിക്കണം. സ്‌കൂളുകളിലോ, എല്ലാ വീടുകളിലോ ഒന്നും അക്കാലത്ത് ആഴ്ചപ്പതിപ്പുകള്‍ എത്തിത്തുടങ്ങിയിരുന്നില്ല. വിദ്യാഭ്യാസം നേടിയരുടെ വീടുകളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് കണ്ടെന്നുവരാം. എന്നാല്‍, വായിക്കാന്‍ അറിയുന്ന അമ്മമാരും പെങ്ങന്മാരും എങ്ങുനിന്നെങ്കിലും മനോരമ ആഴ്ചപ്പതിപ്പ് കൈവശപ്പെടുത്തിയിരിക്കും. ഇന്നത്തെ ചാനല്‍ സീരിയലുകളുടെ സ്ഥാനമാണ് അന്ന് മനോരമ ആഴ്ചപ്പതിപ്പിലെ തുടര്‍ക്കഥകള്‍ക്ക് ഉണ്ടായിരുന്നത്. ഒരോ ലക്കത്തിലെയും സംഭവങ്ങളും കഥയുടെ അനന്തരപരിണാമങ്ങളും ഉച്ചഭക്ഷണാനന്തര വിശ്രമവേളകളിലെ മുഖ്യചര്‍ച്ചാവിഷയമായിരുന്നു. മുട്ടത്തുവര്‍ക്കിയിടെ നോവല്‍ പുസ്തകങ്ങളും ഇങ്ങനെ ചൂടോടെ കൈമാറ്റംചെയ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. മനോരമ ആഴ്ചപ്പതിപ്പില്‍ തുടര്‍ക്കഥകളോളം വനിതകള്‍ക്കിടയില്‍ പ്രിയങ്കരമായിരുന്നു ബോബനും മോളിയും. സ്വന്തം മക്കളുടെ വികൃതികള്‍ ചര്‍ച്ച ചെയ്യുന്ന അതേ കൗതുകത്തോടെ ബോബനും മോളിയും ചര്‍ച്ച ചെയ്യപ്പെട്ടുപോന്നു.
ബോബനും മോളിയും വളര്‍ന്നില്ല എന്നതു ശരി, പക്ഷേ കാര്‍ട്ടൂണിസ്റ്റിന് വളര്‍ച്ച മുട്ടിയിരുന്നില്ലല്ലോ. അദ്ദേഹം കുട്ടികളുടെ കുസൃതിക്കഥകള്‍ എന്നതിനപ്പുറം കാര്‍ട്ടൂണിനെ വളര്‍ത്തിക്കൊണ്ടിരുന്നു. ആദ്യകാലത്ത് അച്ഛനമ്മമാരും കുറച്ചു ബന്ധുക്കളും പഞ്ചായത്ത് പ്രസിഡന്റും മാത്രമായിരുന്നു കഥാപാത്രങ്ങള്‍. പിന്നീട് പുതിയ കഥാപാത്രങ്ങള്‍ വന്നുതുടങ്ങി. ഹിപ്പികള്‍ അറുപതുകളുടെ അവസാനത്തോടെയാണല്ലോ ലോകത്ത് രംഗപ്രവേശം ചെയ്യുന്നത്. അതോടെയാണ് ടോംസ് കാര്‍ട്ടൂണില്‍ അപ്പിഹിപ്പി വരുന്നത്. ചപ്രത്തലമുടിയും ഊശാന്‍താടിയും കയ്യില്‍ ഗിറ്റാറുമായി പെണ്‍പിള്ളേരുടെ പിറകെ നടക്കുന്ന ഈ കഥാപാത്രം അങ്ങനെ വന്നുചേര്‍ന്നതാണ്. സമൂഹത്തില്‍ അന്നന്നു കാണുന്ന ഇത്തരം പ്രതിഭാസങ്ങളെ കാര്‍ട്ടൂണിസ്റ്റ് നിരീക്ഷിക്കുകയും പരിഹസിക്കുകയും ചെയ്തുപോന്നും. ഉയര്‍ന്ന മൂല്യബോധമുള്ള ഒരു രാഷ്ട്രീയ വിമര്‍ശകന്‍ കൂടിയായിരുന്നല്ലോ ടോംസ്. ഒരു ടിപ്പിക്കല്‍ നേതാവിനെ അദ്ദേഹം ഇതിനായി അവതരിപ്പിച്ചുപോന്നു. മധ്യതിരുവിതാംകൂറില്‍ അക്കാലത്ത് സുപരിചിതരായിരുന്ന ചില നേതാക്കളുടെ ഒന്നാന്തരം മാതൃകയായ നേതാവ്. എണ്‍പതുകളൊക്കെ ആയപ്പോഴേക്ക്, കാര്‍ട്ടൂണില്‍ കുട്ടിക്കുസൃതികളേക്കാളേറെ വിമര്‍ശനമാണ് വരുന്നത് എന്ന് ചിലരെല്ലാം പരാതിപ്പെടുന്നതായി കണ്ടിട്ടുണ്ട്.
ടോംസ് സൃഷ്ടിച്ച കാര്‍ട്ടൂണ്‍ സംസ്‌കാരം പില്‍ക്കാല രാഷ്ട്രീയകാര്‍ട്ടൂണുകളെയും ആക്ഷേപഹാസ്യരചനകളെയും സ്വാധീനിച്ചിട്ടുണ്ട്. ഹാസ്യസാഹിത്യരംഗത്ത് സഞ്ജയനോ ഇ.വി.യോ വി.കെ.എന്നോ നല്‍കിയ സംഭാവനയോട് കിട പിടിക്കുന്നതാണ് കാര്‍ട്ടൂണ്‍രംഗത്തെ ടോംസിന്റെ സംഭാവന. അദ്ദേഹം ഉന്നത രാഷ്ട്രീയ നേതാക്കളുടെ ശത്രുത പിടിച്ചുപറ്റി എന്നതുതന്നെ ആ സംഭാവനയുടെ വലുപ്പം വിളിച്ചോതുന്നു. ഇടത്തും വലത്തുമുള്ള, സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ നിരവധി നേതാക്കള്‍ ടോംസിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു എന്നോര്‍ക്കണം. ഇന്ന് ഒരു കാര്‍ട്ടൂണിസ്റ്റിനെയോ ആക്ഷേപഹാസ്യസാഹിത്യരചയിതാവിനെയോ ദൃശ്യമാധ്യമസൃഷ്ടികളെയോ കോടതിയില്‍ ചോദ്യംചെയ്യാന്‍ ഒരു രാഷ്ട്രീയനേതാവും മെനക്കെടാറില്ല എന്നത് അവരുടെ ഗുണമോ കലാകാരന്മാരുടെ ദോഷമോ അല്ല. ടോംസ് സൃഷ്ടിച്ച സംസ്‌കാരത്തിന്റെ എന്നേക്കും നിലനില്‍ക്കുന്ന സദ്ഫലമാണ്.
ഒരു കാര്‍ട്ടൂണ്‍ സിനിമയാക്കപ്പെടുക മലയാളത്തില്‍ അപൂര്‍വസംഭവമാണ്. 1971 ല്‍ ശശികുമാര്‍ ബോബനും മോളിയും സിനിമയാക്കുകയുണ്ടായി. സിനിമ വിജയിച്ചോ എന്നോര്‍ക്കുന്നില്ല. ഇരുനൂറോളം കഥകള്‍ പില്‍ക്കാലത്ത് ആനിമേറ്റ് ചെയ്തിറക്കിയിരുന്നു. സാജന്‍ ജോസ് മാളക്കാരനായിരുന്നു നിര്‍മാതാവ്. ആനിമേഷനും സംവിധാനവും നിര്‍വഹിച്ചത് എ.കെ.സെയ്ബര്‍ ആയിരുന്നു. http://www.bobanummoliyum.blogspot.in എന്ന ബ്ലോഗില്‍ സെയ്ബര്‍ ഇക്കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്. 2006 ല്‍ ബോബനും മോളിയും കഥകളെ ആസ്പദമാക്കി ഒരു മെഗാസീരിയലിന് തുടക്കമിട്ടതും ഓര്‍ക്കുന്നു. സിനിമയും സീരിയലും ഒക്കെ വന്നെങ്കിലും കടലാസില്‍ അച്ചടിച്ചുവന്ന കാര്‍ട്ടൂണുകള്‍ തന്നെയാണ് ഇന്നും മനുഷ്യരുടെ മനസ്സിലുള്ളത്. അത് ആസ്വദിച്ച മലയാളി മരിക്കുവോളം അതൊന്നും മറക്കും എന്നുതോന്നുന്നില്ല.
സകലരെയും ചിരിപ്പിക്കുന്ന കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന ഈ കാര്‍ട്ടൂണിസ്റ്റ വി.ടി.തോമസ്സിനെ നേരില്‍ കണ്ടപ്പോഴാണ് ചിരി വരയിലേ ഉള്ളൂ എന്ന് മനസ്സിലായത്. കാര്‍ട്ടൂണിസ്റ്റ് ജീവിതത്തില്‍ ഒരു സീരിയസ് കഥാപാത്രമാണ്. മനോരമയില്‍ നിന്ന് വിട്ട് മറ്റ് പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന അദ്ദേഹം ശ്രീ കെ.ഗോപാലകൃഷ്ണന്‍ എഡിറ്റര്‍ ആയിരുന്ന കാലത്ത് മാതൃഭൂമി ആരംഭിച്ച നര്‍മഭൂമി എന്ന ഹാസ്യപ്രസിദ്ധീകരണത്തില്‍ വരക്കാറുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം കോഴിക്കോട് മാതൃഭൂമിയില്‍ വരികയും ഞങ്ങളൊക്കെ പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം മലയാള മനോരമയുടെ അഭിമാനമായിരുന്നു അദ്ദേഹമെങ്കിലും സേവനത്തിന്റെ അവസാനകാലത്ത് സ്ഥാപനവുമായി അദ്ദേഹത്തിന് പിണങ്ങേണ്ടിവന്നു. ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ പകര്‍പ്പവകാശം ആര്‍ക്കാണ് എന്ന ചോദ്യമുയര്‍ന്നു. ജീവിതംമുഴുവന്‍ അതുവരച്ച തന്റേതാണ് അതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ചവിശ്വാസം. നിയമപരം എന്നതിലേറെ അതൊരു വൈകാരിക നിലപാടായിരുന്നു. വിട്ടുകൊടുക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഒരു പോരാളി കൂടിയാണ് ടോംസ് എന്ന് ആ നിയമപ്പോരാട്ടകാലത്ത് സകലരും തിരിച്ചറിഞ്ഞു. പക്ഷേ, കേസ്സില്‍ ടോംസ് ജയിച്ചില്ല. എങ്കിലും മനോരമ സ്വമേധയാ ആ കഥാപാത്രങ്ങളെ അദ്ദേഹത്തിന് വിട്ടുകൊടുത്തുുകയാണ് ചെയ്ത്.
അമ്പതുവര്‍ഷത്തെ കാര്‍ട്ടൂണ്‍ ഓര്‍മകള്‍ ടോംസ് മാധ്യമം വാരികയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഓര്‍മക്കുറിപ്പ് എന്നതിലപ്പുറം അതൊരു സമൂഹത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ചരിത്രം കൂടിയാണ് എന്ന് ചിലരെല്ലാം വിശേഷിപ്പിച്ചത് ഓര്‍മ വരുന്നു. നിര്‍ഭാഗ്യവശാല്‍ അത് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല. പുസ്തകമായി ഇറങ്ങിയോ എന്നും ഉറപ്പില്ല. ടോംസിന്റെ കാര്‍ട്ടൂണുകള്‍ക്കും ബൗദ്ധികലോകം വേണ്ട പ്രാധാന്യം നല്‍കിയില്ല എന്നതൊരു സത്യമാണ്.