ചില ധര്‍മ(ട)സങ്കടങ്ങള്‍

ഇന്ദ്രൻ

ധര്‍മടത്ത് പിണറായി വിജയനെ വന്‍ഭൂരിപക്ഷത്തിന് ജയിപ്പിക്കണമെന്ന് പറയാനാണല്ലോ വി.എസ് അച്യൂതാനന്ദന്‍ അങ്ങോട്ട് വണ്ടികയറിയത്. കൃത്യം ആ ദിവസംതന്നെ ‘വി.എസ്സിന് പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥ’ എന്ന് എട്ടുകോളം വെണ്ടക്കത്തലവാചകം വിതാനിക്കാന്‍ അവസരം കിട്ടി പത്രങ്ങള്‍ക്ക്. ചാനല്‍ ചര്‍ച്ചയും ജോറായി. പക്ഷേ, സംഗതി ഏശിയില്ല.

പാര്‍ട്ടിപ്രമേയത്തില്‍ മാറ്റം വരുത്തിയിട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഭരണഘടന ഭേദഗതി ചെയ്യുമ്പോലെ പ്രമേയം ഭേദഗതി ചെയ്യുന്ന പതിവില്ല. പഴയ പ്രമേയം പ്രമേയമായി അവിടെ കിടക്കും. ക്രമേണ തുരുമ്പെടുക്കും. തുരുമ്പെടുത്ത സാധനം കൊണ്ട് മാധ്യമക്കാര്‍ക്കോ ഗവേഷകര്‍ക്കോ മറ്റോ ചില്ലറ പ്രയോജനമുണ്ടാകും. അതെടുത്ത് ആരും ആരും സ്വന്തക്കാരെ കുത്തില്ല. അതും വോട്ടുപിടിക്കാന്‍ പരക്കം പായുന്ന സമയത്ത്.

മെയ് പതിനാറാംതിയ്യതി വരെ ഒരു ലക്ഷ്യമേ ഉള്ളൂ. വല്ല വിധേനയും ജയിക്കുക. അതുവരെ, തലയ്ക്ക് സുഖമുള്ള മനുഷ്യരാരും പഴയ പ്രമേയവും പ്രസംഗവുമൊന്നും പുറത്തെടുക്കില്ല. വി.എസ്സിനെതിരെ പിണറായി പറഞ്ഞതിലേറെ വി.എസ്സ് പിണറായിയെക്കുറിച്ച് പറഞ്ഞത് ചാനല്‍ സ്റ്റൂഡിയോയിലെ വീഡിയോ ശേഖരത്തില്‍ കാണും. പിണറായിയെക്കുറിച്ച് കാനം രാജേന്ദ്രന്‍ പറഞ്ഞതും കാനത്തെക്കുറിച്ച് പിണറായി പറഞ്ഞതും കാണും. ബാലകൃഷ്ണപിള്ളയെക്കുറിച്ചും പുത്രനെക്കുറിച്ചും വി.എസ്സും പിണറായിയും പറഞ്ഞതും കാണാം. കെ.എം.മാണിയെക്കുറിച്ച് ബാര്‍കോഴയ്ക്ക് മുമ്പ് പറഞ്ഞതും ശേഷം പറഞ്ഞതും വേറെ വേറെ കേള്‍ക്കാം. എല്ലാം വീണ്ടും കേട്ടാന്‍ തലയ്ക്ക് വെളിവ് നഷ്ടപ്പെടും. പണ്ടുപറഞ്ഞതുതന്നെ ഇപ്പോഴും പറയുന്നവരും പണ്ടത്തെ പ്രമേയംതന്നെ ഇപ്പോഴും പാസ്സാക്കുന്നവരും രാഷ്ട്രീയക്കാരാകാൻ യോഗ്യരല്ല. അവസരോചിതമായി വേണം കാര്യങ്ങള്‍ പറയാന്‍. അതിനെ ചിലര്‍ അവസരവാദം എന്നുവിളിക്കും. രണ്ടും ഒന്നുതന്നെ.

സി.പി.എം. പ്രമേയപ്രശ്‌നത്തില്‍ ഒരു വിഷയമേ അവശേഷിക്കുന്നുള്ളൂ. പാര്‍ട്ടിയില്‍ ഫാസിസ്റ്റ് വിരുദ്ധ മനോഭാവം ആരോപിക്കുന്ന പാര്‍ട്ടിവിരുദ്ധമാനസികാവസ്ഥയിലേക്ക് വി.എസ്. തരംതാണിരിക്കുന്നു എന്ന് അന്നുപറഞ്ഞത് നേര്. പ്രമേയം പ്രമേയമായി കിടക്കുന്നു എന്നതും നേര്. വി.എസ് അച്യുതാനന്ദന്‍ ഇപ്പോഴും പാര്‍ട്ടി വിരുദ്ധമാനസികാവസ്ഥയില്‍തന്നെ കിടപ്പാണോ എന്നാരെങ്കിലും പിണറായിയോട് ചോദിച്ചോ എന്നറിയില്ല. ഭാര്യയെ തല്ലുന്നത് നിര്‍ത്തിയോ എന്ന് ചോദിച്ചതുപോലിരിക്കും ഇതും.  ‘വി.എസ്. ഇപ്പോഴും പാര്‍ട്ടി വിരുദ്ധന്‍: പിണറായി’ എന്നോ ‘വി.എസ് ഇപ്പോള്‍ പാര്‍ട്ടിവരുദ്ധനല്ല: പിണറായി’ എന്നോ ആവുമായിരുന്നു പിറ്റേന്ന് പത്രത്തലവാചകം. പിന്നെ വി.എസ് വടക്കോട്ടും പോവില്ല, പിണറായി തെക്കോട്ടും പോകില്ല. പറയാനും പറ്റില്ല പറയാതിരിക്കാനും പറ്റില്ല എന്ന അവസ്ഥയ്ക്കാണ് ധര്‍മസങ്കടം എന്നു പറയുന്നത്.

വി.എസ്സിന് ഇപ്പോള്‍ പാര്‍ട്ടിവിരുദ്ധ മനോഭാവം ലവലേശമെങ്കിലും ഉള്ളതായി ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ക്കുപോലും തോന്നാന്‍ ഇടയില്ല. പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ ശ്രമിക്കുന്നവരെല്ലാം പാര്‍ട്ടിസുഹൃത്തുക്കള്‍തന്നെയാണ്. വി.എസ്സും അതില്‍പ്പെടും. പാര്‍ട്ടി ജയിക്കാഞ്ഞാല്‍ വി.എസ്സും ജയിക്കില്ല. പാര്‍ട്ടിവിരുദ്ധമനോഭാവം അദ്ദേഹം സമ്പൂര്‍ണമായി ഉപേക്ഷിച്ചുകഴിഞ്ഞു. പാര്‍ട്ടി ജയിച്ചിട്ടും വി.എസ് ജയിക്കാത്ത അനുഭവം മനസ്സിലുള്ളപ്പോള്‍ ഒരു വോട്ടുകുറയ്ക്കുന്ന ഒരേര്‍പ്പാടിനും വി.എസ്സിനെ കിട്ടില്ല, പിണറായിയെയും കിട്ടില്ല. പാലം കടക്കുംമുമ്പേ ആരെങ്കിലും കൂരായണാ എന്നു ജപിക്കുമോ?

ഇപ്പറഞ്ഞതെല്ലാം മെയ് പതിനാറാം തിയ്യതി വരെ മാത്രമേ പ്രാബല്യത്തിലുണ്ടാവൂ. അഥവാ ഭൂരിപക്ഷം കിട്ടിയെന്നിരിക്കട്ടെ. പുതിയ ലൈന്‍ പുറത്തെടുക്കേണ്ടിവരും. ആര്് പാര്‍ട്ടി വിരുദ്ധന്‍, ആര് പാര്‍ട്ടി സുഹൃത്ത് എന്നെല്ലാം അപ്പോള്‍ തീരുമാനിക്കും. പഴയ ഏത് പ്രമേയം പുറത്തെടുക്കണം, എന്തു പുതിയ പ്രമേയം പാസ്സാക്കണം എന്നും ആലോചിക്കേണ്ടിവരും മുഖ്യമന്ത്രിയാകാന്‍ വേറെ ആരെങ്കിലും കുപ്പായമിടുന്നോ എന്നതിനെ ആശ്രയിച്ചിരിക്കും എല്ലാം. സംഗതി പിടികിട്ടിയോ?

****
ചിലരുടെ തലയ്ക്ക് പിടിച്ച മദ്യം കീഴോട്ടിറങ്ങുന്നേയില്ല. മദ്യവിഷയം സജീവമായി നിലനിര്‍ത്താന്‍ രണ്ടുകൂട്ടരും ഇടക്കിടെ ഓരോന്നു പിടിപ്പിക്കും. യച്ചൂരി വക ഫത്വ ആയിരുന്നു ആദ്യം. പൂട്ടിയ ബാറുകള്‍ തുറക്കില്ല എന്ന് അദ്ദേഹമങ്ങ് പ്രഖ്യാപിച്ചു.  മാന്തിപ്പുണ്ണാക്കേണ്ടല്ലോ എന്നു വിചാരിച്ചാവും ഇടതുപക്ഷക്കാരൊന്നും ആദ്യം മിണ്ടിയില്ല. അപ്പോഴതാ യു.ഡി.എഫ് വക ഒരു പുതിയ ഫൈവ് സ്റ്റാര്‍ ബാര്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പെട്ടന്ന് അത് അനുവദിച്ചില്ലായിരുന്നുവെങ്കില്‍ സമ്പന്നവര്‍ഗം ബുദ്ധിമുട്ടിലാകുമായിരുന്നു. സമ്പൂര്‍ണമദ്യനിരോധനം എന്ന യു.ഡി.എഫ് നയത്തിന്റെ ഭാഗമായാണ് ബാര്‍ അനുവദിച്ചതെന്ന വിശദീകരണം കേട്ട് ചിരിച്ചുവീണവരെ ആസ്പത്രിയിലാക്കേണ്ടിവന്നു. അതും കഴിഞ്ഞ് സംഗതി ശാന്തമാകുമ്പോഴതാ വി.എസ് വക ഫെയ്‌സ്ബുക്കില്‍ ഒരു വലിയ പോസ്റ്റ്.

വി.എസ്സിന്റെ പോസ്റ്റ് വരുംവരെ പല സംശയമങ്ങളുമുണ്ടായിരുന്നു സഖാക്കള്‍ക്ക്. സംശയംതീര്‍ന്നു. യച്ചൂരിയുടെ മദ്യനയമാണ് സി.പി.എമ്മിന്റെ മദ്യനയം മറ്റെല്ലാ നയങ്ങളും സംസ്ഥാനകമ്മിറ്റിക്കോ പാര്‍ട്ടി സിക്രട്ടേറിയറ്റിനോ തീരുമാനിക്കാം. മദ്യനയം അതില്‍ പെടില്ല. മദ്യവിഷയത്തില്‍ അഖിലേന്ത്യാ സിക്രട്ടറിയാണ് അതോറിറ്റി. ഷാപ്പ് എപ്പോള്‍ പൂട്ടണം തുറക്കണം എന്നെല്ലാം അദ്ദേഹം തീരുമാനിക്കും. നമ്മുടെ കൈ കൊണ്ട് ഒരു ബാറും ഷാപ്പും നമ്മളടക്കില്ല. അങ്ങനെയൊരു പാപം നമ്മള്‍ ചെയ്യുകയില്ല. ഇനി അഥവാ യു.ഡി.എഫ് ഒരു ഷാപ്പ് അടക്കുന്നു എന്നുവെക്കട്ടെ. നമ്മുടെ കൈ കൊണ്ട് അതു തുറക്കുകയുമില്ല. ആ പാപവും നമുക്കുവേണ്ട. ചാരായഷാപ്പുകളുടെ കാര്യത്തിലും 418 ബാറിന്റെ കാര്യത്തിലും നയം ഒന്നുതന്നെ. ഇതിന്റെ പേരാണ് മദ്യവര്‍ജനം.

യു.ഡി.എഫ്. അധികാരത്തില്‍വന്ന് തമ്മില്‍തല്ലി ബാര്‍ അടക്കും വരെ നമുക്ക് കഴിച്ചുകൊണ്ടിരിക്കാം. അടച്ചാല്‍ ആത്മസംയമനം പാലിച്ച് മദ്യവര്‍ജകരാകണം. ബുദ്ധിമുട്ടുണ്ടെങ്കില്‍ ബിയര്‍-വൈന്‍  മിശ്രിതത്തിലേക്ക് മാറട്ടെ. നല്ല സ്റ്റ്രോങ്ങ് സാധനമാണ്. യൂ.ഡി.എഫിന്റെ ഈ തട്ടിപ്പിനെ നാം രൂക്ഷമായി വിമര്‍ശിക്കണം. ഫൈവ് സ്റ്റാര്‍ ബാറുകളെയും വിമര്‍ശിക്കണം. എന്നാല്‍ നമ്മുടെ മുന്നണി വന്നാലും അവയൊന്നും പൂട്ടുകയില്ല. മദ്യം പീടികയില്‍ കിട്ടുമ്പോള്‍മാത്രമല്ലേ അത് വര്‍ജിക്കാന്‍ പറ്റൂ. പൊടിയിട്ട് നോക്കിയാല്‍ കിട്ടാത്തതിനെ എങ്ങനെ വര്‍ജിക്കും?

ഫൈവ്സ്റ്റാര്‍ മദ്യത്തിന്റെ കാര്യത്തില്‍ ചെറിയൊരു പുനഃപരിശോധന ആവശ്യമാണെന്ന് അഭിപ്രായമുള്ളവരുണ്ട്. മുന്തിയ ബൂര്‍ഷ്വാക്കളാണ് ഫൈവ്സ്റ്റാറില്‍ വന്ന് വീശുന്നത്. വര്‍ഗശത്രുക്കളാണ്. വീശുകയോ തുലയുകയോ ചെയ്യട്ടെ. തൊഴിലാളിവര്‍ഗത്തിന് അതുകൊണ്ടൊരു നഷ്ടവും ഇല്ലല്ലോ.
****

ബി.ജെ.പി.യുടെ മഹാപ്രമുഖനായിരുന്ന പി.പി. മുകുന്ദന്‍ ചെറിയൊരു അവധിയ്ക്ക് ശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്തിയപ്പോള്‍ സ്വീകരിക്കാന്‍ സംസ്ഥാനക്കമ്മിറ്റി ഓഫീസില്‍ ഒരാളും ഉണ്ടായില്ലത്രെ. ഓഫീസിലെ ശമ്പളക്കാരായ ആളുകള്‍പോലും തല്‍സമയം സ്ഥലംവിടുകയും മുകുന്ദന്‍ജി പോയ ശേഷം കൃത്യമായി തിരിച്ചെത്തുകയും ചെയ്തുവത്രെ.

ഇതിലൊന്നും ഒട്ടും അപാകമില്ലെന്ന്് മുകുന്ദന്‍ജി വിശദീകരിക്കുകയുണ്ടായി. അദ്ദേഹം പാര്‍ട്ടി വിട്ടുപോയിട്ടില്ല. പാര്‍ട്ടിയില്‍നിന്ന്് രാജിവെച്ച്, പാര്‍ട്ടിയെ പൊതിരെ തെറി പറഞ്ഞ്, പാര്‍ട്ടിവിരുദ്ധ•ാര്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ കല്ലെറിഞ്ഞവരൊക്കെ തിരിച്ചുവരുമ്പോള്‍മാത്രമാണ് ശരിയായ തിരിച്ചുവരവാകുന്നുള്ളൂ. അങ്ങനെ പോയവര്‍ മിസ് കോളടിച്ചു വരുമ്പോള്‍ ആന, അമ്പാരി, നൂറ്റൊന്നു കതിന തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ചുമ്മാ പോയവര്‍ ചുമ്മാ വരട്ടെ. കട്ടന്‍കാപ്പി പോലും കൊടുക്കേണ്ട.

ഇങ്ങനെ രാഷ്ട്രീയത്തില്‍ പല ബാലപാഠങ്ങളുമുണ്ട്.  സുരേഷ് ഗോപിയെ രാജ്യസഭാംഗമാക്കിയപ്പോള്‍ കണ്ടില്ലേ അസൂയാലുക്കള്‍ ചാടിയെഴുന്നേറ്റത്? സി.പി.എമ്മിന്റെ പഴയ പ്രമേയം സാദാ മാധ്യമങ്ങള്‍ എടുത്തു പുറത്തിട്ടതുപോലെ സുരേഷ് ഗോപിയുടെ ഒരു പഴയ ഡയലോഗ് സാമൂഹ്യമാധ്യമക്കാര്‍ എടുത്തിട്ടിരിക്കുന്നു. മറ്റേതിന്റെ ഇരട്ടി വിഷമുള്ള ഇനമാണ് ഈ സാമൂഹ്യം എന്നു പറയുന്നത്. ജനങ്ങളെ നേരിടാന്‍ ധൈര്യമില്ലാത്തവര്‍ പിന്‍വാതിലിലൂടെ അധികാരം പിടിച്ചെടുക്കുന്ന പദവിയാണ് രാജ്യസഭാംഗത്വം എന്നോ മറ്റോ സുരേഷ് ഗോപി ഏതോ സിനിമയില്‍ ഡയലോഗ് വീശിയിരുന്നുവത്രെ.

സുരേഷ് ഗോപി സുരേഷ് ഗോപിയുടെ ഡയലോഗില്‍ വിശ്വസിക്കാന്‍ തുടങ്ങിയാല്‍ രാഷ്ട്രീയക്കാര്‍ അദ്ദേഹത്തെയും അടുപ്പിക്കില്ല അദ്ദേഹം രാഷ്ട്രീയക്കാരെയും അടുപ്പിക്കില്ല. ആരോ എഴുതുന്ന ഡയലോഗ് വിടലാണ് സിനിമാനടന്റെ ജോലി. അതിന്റെ തീവ്രത കണ്ട് ആവേശം കേറി ആളെ രാഷ്ട്രീയത്തിലെടുക്കരുത്. സ്വന്തം ഡയലോഗ് എഴുതാതെ പറയലാണ് രാഷ്ട്രീയനടന്റെ പണി. അതുനോക്കിവേണം ആള്‍ക്ക് മാര്‍ക്കിടാന്‍. എന്തായാലും രാഷ്ട്രീയത്തില്‍ ശോഭനമായ ഭാവിയുണ്ട് സുരേഷ്ജിക്ക്. സംസ്ഥാന ബി.ജെ.പി.ക്കാര്‍ വെച്ചുനീട്ടിയ നിയമസഭാ സീറ്റില്‍ തൃപ്തിപ്പെട്ടിരുന്നുവെങ്കില്‍ രാജ്യസഭാസീറ്റ് ഗോപിയായേനെ. കേന്ദ്രമന്ത്രിയാകുന്നതിനെക്കുറിച്ചും പത്രക്കാര്‍ സ്‌കൂപ്പ് വീശിത്തുടങ്ങിയിട്ടുണ്ട്. ഒ.രാജഗോപാല്‍ജി കണ്ടുപഠിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

Go Top