ഉറ്റ സുഹൃത്തായിരുന്ന കെ.ജയചന്ദ്രന്‍ വിട്ടുപിരിഞ്ഞിട്ട് വര്‍ഷംപതിനേഴാകുന്നു. തിരുവനന്തപുരത്ത് ഏഷ്യനെറ്റില്‍ ജോലി ചെയ്യുന്ന ജയചന്ദ്രന്‍ എന്തോ ഉള്‍വിളിയാലെന്ന പോലെയാണ് 1998 നവംബര്‍ 23 ന് കോഴിക്കോട്ടേക്ക് വണ്ടികേറിയതും പിറ്റേന്ന് രാവിലെ കോട്ടൂളിയി ലെ ഏഷ്യനെറ്റ് ഓഫീസിലെത്തി ജീവന്‍ വെടിഞ്ഞതും. മരിക്കുമ്പോള്‍ നാല്പത്തേഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ.
മാതൃഭൂമിയുടെ വയനാട് ലേഖകനായിരുന്നപ്പോള്‍ തുടങ്ങിയ സൗഹൃദമാണ്. പിന്നെ കോഴിക്കോട്ട് ബ്യൂറോവില്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകരായിരുന്നു. ആ കാലത്തെ കുറിച്ചും ആ സൗഹൃദത്തെക്കുറിച്ചും ആ അപൂര്‍വ വ്യക്തിത്വത്തെ കുറിച്ചും അവന്റെ അനനുകരണീയമായ പത്രപ്രവര്‍ത്തനത്തെ കുറിച്ചും ലേഖനങ്ങള്‍ പലതും എഴുതിയിട്ടുണ്ട്. എഴുതിയാലും തീരാത്ത കഥകളും കാര്യങ്ങളും ഇനിയും ബാക്കിയുണ്ട്.
പുതിയ തലമുറയ്ക്ക് ജയചന്ദ്രനെ അറിയാന്‍ വഴിയില്ല. മറ്റൊരു ജയചന്ദ്രന്‍ ജനിച്ചിട്ടില്ല, ജനിക്കാനും വഴിയില്ല എന്നെങ്കിലും അവര്‍ അറിയട്ടെ. കോഴിക്കോട്ട് നടക്കുന്ന അനുസ്മരണങ്ങള്‍ ലോക്കല്‍ പേജിലൊടുങ്ങുന്ന വാര്‍ത്തകളാണ്. രണ്ട് പുസ്തകങ്ങള്‍ ജയചന്ദ്രനെ കുറിച്ച് സുഹൃദ്‌സംഘം പ്രസിദ്ധപ്പെടുത്തിയിരുന്നു. കെ.ജയചന്ദ്രന്‍- ഓര്‍മകള്‍, വാസ്തവം എന്നിവ.