വെള്ളാപ്പള്ളിയുടെ പുള്ളികള്‍

ഇന്ദ്രൻ

സമത്വമുണ്ടാക്കാന്‍ നടന്നത് കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമാണ്. ഇപ്പോള്‍ സമത്വം എന്നാരും ഉച്ചരിക്കാറില്ല. സിനിമാപ്പാട്ടില്‍ പറഞ്ഞതുപോലെ ലോകമുള്ള കാലം വരെ അത് സ്വപ്നമായിത്തന്നെ നില്‍ക്കും, യാഥാര്‍ഥ്യമാവില്ല. വെള്ളാപ്പള്ളി നടേശന്‍ സമത്വം വിടില്ല. കമ്യൂണിസ്റ്റുകാരുടെ തൊഴിലാളിവര്‍ഗ സിദ്ധാന്തത്തെ  മെയ്ക്കപ്പ് നടത്തി കെ.എം. മാണി അധ്വാനവര്‍ഗ സിദ്ധാന്തമാക്കിയിരുന്നു.
അതുപോലെ കമ്യൂണിസ്റ്റുകാരുടെ സമത്വ സിദ്ധാന്തത്തിന്റെ പ്രച്ഛന്നവേഷവുമായി ഇറങ്ങിയിരിക്കയാണ് വെള്ളാപ്പള്ളി. തത്കാലം ഇത് കാരവന്‍ജാഥയില്‍ ഒതുങ്ങും. എന്തുസമത്വം, ഏത് സമത്വം എന്നൊക്കെ പിന്നെ നോക്കാം.

നിയമസഭാതിരഞ്ഞെടുപ്പിനുമുമ്പ് വേറെ ചില അടിയന്തരപണികള്‍ തീര്‍ക്കാനുണ്ട്. നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹിന്ദുക്കളെ ഒരുഭാഗത്തും മറ്റുള്ളവരെ മറുഭാഗത്തും ആക്കണം. മറ്റുള്ളവര്‍ എന്ന് പറയുന്ന ന്യൂനപക്ഷമതക്കാര്‍. അവര്‍ അപ്പുറത്തങ്ങനെ നിന്നാല്‍മതി. അപ്പുറത്തുള്ളവരാണ് ഇപ്പുറം നില്‍ക്കുന്നവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതെന്ന് പറഞ്ഞുകൊണ്ടിരുന്നാലേ ഇപ്പുറത്തുള്ളവര്‍ക്ക് ഒരു ഹരം കിട്ടൂ. രണ്ട് മുന്നണികളും അപ്പുറത്തുള്ളവരുടെ കൂടെയാണ് എന്നുംകൂടി പറഞ്ഞുകൊണ്ടിരുന്നാല്‍ ഹരം കൂടും. ഹിന്ദുക്കളുടെ വോട്ട് 55 ശതമാനത്തിലേറെ  പോകില്ല. പക്ഷേ, ഹിന്ദു ഭൂരിപക്ഷമുള്ള നിയോജകമണ്ഡലങ്ങളുടെ എണ്ണം പാതിയിലേറെ വരും. പത്ത് ജില്ലകളിലെങ്കിലും അറുപതും അതിനടുത്തും ശതമാനം വരും. ന്യൂനപക്ഷക്കാര്‍ മതം നോക്കി വോട്ടുചെയ്താല്‍ ജയിക്കുന്ന ഒരു ജില്ലയേ ഉള്ളൂ. അതുകൊണ്ട് പ്രതീക്ഷ വാണംപോലെ  കത്തട്ടെ. 31 ശതമാനം വോട്ടുകൊണ്ട് നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയാകാന്‍ പറ്റുമെങ്കില്‍ കേരളത്തിലെന്തുകൊണ്ട് പ്രതീക്ഷ പാടില്ല?

ചില നായര്‍ ആഢ്യന്മാര്‍ക്ക് നമ്പൂതിരിനായാടി ഐക്യം എന്ന ഡയലോഗ് അത്ര പിടിച്ചിട്ടില്ല. നല്ല പ്രാസസൗന്ദര്യമുള്ള നമ്പൂതിരിനായര്‍നായാടി എന്നായിരുന്നെങ്കില്‍ നോക്കാമായിരുന്നു. വെള്ളാപ്പള്ളിക്ക് അതില്‍ വേവലാതിയില്ല. സുകുമാരന്‍നായര്‍ എന്തുപറഞ്ഞാലും നായന്മാരില്‍ നല്ലൊരുപങ്ക് ബി.ജെ.പി.ക്ക് വോട്ടുചെയ്യും. സമദൂരം കൊണ്ട് ബി.ജെ.പി.ക്കാണ് ഗുണം. അത്രയും ഗുണം എസ്.എന്‍.ഡി.പി.ക്കാരെക്കൊണ്ട് കിട്ടിക്കണമെങ്കില്‍ വെള്ളാപ്പള്ളി കുറേ വിയര്‍പ്പൊഴുക്കണം. എന്താചെയ്യുക, ക്വട്ടേഷന്‍ ഏറ്റുപോയില്ലേ…

വളരെ ഉദാരമായ ഒരു പ്രത്യയശാസ്ത്രമാണ് വെള്ളാപ്പള്ളിയുടേത്. ഒരു കാര്യത്തിലും ചേട്ടന് കടുംപിടിത്തമില്ല. ഗുരുതത്ത്വങ്ങളുടെ കാര്യത്തിലുമില്ല പിടിവാശി. കള്ളുചെത്തരുത് എന്ന് ഗുരു പറഞ്ഞതുകൊണ്ട് നമ്മള്‍ കള്ളുതന്നെ ചെത്തണം. മദ്യം കഴിക്കരുതെന്ന് പറഞ്ഞിട്ടുണ്ട് ശരി, വില്‍ക്കാം. തന്റെ പ്രതിമയുണ്ടാക്കിവെച്ചത് കണ്ട ഗുരു ”ഹാ.. തിന്നാനും കുടിക്കാനും ഒന്നും കൊടുക്കേണ്ടല്ലോ.” എന്നു പരിഹസിച്ചത് മാനിച്ച് എല്ലായിടത്തും ഗുരുവിഗ്രഹം തന്നെ പ്രതിഷ്ഠിക്കും. കെ.എം. മാണിയുടെ കാര്യത്തില്‍പ്പോലും ഉദാരമാണ് നിലപാട്. ഏത് പാര്‍ട്ടിയാണ് കാശ് വാങ്ങാത്തത്? കെ.എം. മാണിയും വാങ്ങി എന്നുകരുതിയാല്‍ പോരേ? പൊതുരംഗത്തുള്ള ആര്‍ക്കെതിരെയാണ് അഴിമതി ആരോപണമില്ലാത്തത്,  വെള്ളാപ്പള്ളിക്കെതിരെയും ഉണ്ട് എന്ന് കരുതിയാല്‍പ്പോരേ? പി.കെ. കുഞ്ഞാലിക്കുട്ടി മിതവാദി കൃഷ്ണനാണെന്ന സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്തിട്ടുണ്ട് വെള്ളാപ്പള്ളി. എന്തിനേറെ, ബീഫിന്റെ കാര്യത്തിലും ഉദാരമതിയാണ് അദ്ദേഹം. ബീഫ് ആകാം, അതേ വേണ്ടൂ എന്ന് നിര്‍ബന്ധിക്കരുതെന്ന് മാത്രം.

അതുകൊണ്ട് സമത്വമുന്നേറ്റത്തെക്കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ട. തിരഞ്ഞെടുപ്പാനന്തരം എന്തെന്ത് സാധ്യതകളാണ് ഉയര്‍ന്നുവരിക എന്ന് പ്രവചിക്കാനാവില്ല. മുഫ്തി മുഹമ്മദിനും ബി.ജെ.പി.ക്കും കശ്മീരില്‍ ഒന്നിക്കാമെങ്കില്‍, നിതീഷിനും ലാലുവിനും ഒന്നിക്കാമെങ്കില്‍ കേരളത്തിലെ കക്ഷികള്‍ക്കാണോ തിരിയാനും മറിയാനും പ്രയാസമുണ്ടാവുക? വെള്ളാപ്പള്ളിയെ സഹിക്കാതെ ബി.ജെ.പി.ക്കാര്‍ ഇനി കോണ്‍ഗ്രസ്സിലോ മറ്റോ ചേര്‍ന്നുകളയുമോ എന്നേ പേടിക്കേണ്ടൂ. അനന്തസാധ്യതകളാണ് മുന്നിലുള്ളത്. പണ്ട് സിനിമാനോട്ടീസില്‍ കാണാറുള്ളതുപോലെ… ശേഷം വെള്ളിത്തിരയില്‍
****
ചില പാര്‍ട്ടികള്‍ യു.ഡി.എഫ്. വിടാന്‍ വെമ്പിനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടും എല്‍.ഡി.എഫിന് എന്താണ് ഇത്ര അമാന്തം എന്ന് മനസ്സിലാകുന്നില്ല. യു.ഡി.എഫ്. വിടട്ടെ എന്നിട്ടാകാം ചര്‍ച്ച എന്നൊരു ഉഴപ്പന്‍ ഡയലോഗ് ആണ് സഖാവ് കോടിയേരിയില്‍ നിന്നുണ്ടായത്. ബാലഷ്ണാ… ചതിക്കരുത്. യു.ഡി.എഫ്. വിടുന്നതിന് മുമ്പാണ് ചര്‍ച്ച വേണ്ടത്. വിട്ടുകഴിഞ്ഞാല്‍ പിന്നെ ചര്‍ച്ചയില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. പിന്നെ യശ്മാന്‍ കല്പിക്കുകയും അടിയാന്മാര്‍ അനുസരിക്കുകയും ആണ് സമ്പ്രദായം. യു.ഡി.എഫില്‍ വളരെ ജനാധിപത്യപരമായ സംവിധാനമാണ് നിലവിലുള്ളത്. ചര്‍ച്ചയ്ക്ക് ഒരു പഞ്ഞവും ഇല്ല. ഏത് പാതിരാത്രിക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ച് ചര്‍ച്ചചെയ്യാം. ചര്‍ച്ചകൊണ്ട് കുറേസമയം പോയിക്കിട്ടും എന്നല്ലാതെ വേറെ കാര്യമൊന്നുമില്ലെന്ന് മാത്രം.

പാലക്കാട്ട് മണ്ഡലത്തില്‍ ജനതാ യു. സ്ഥാനാര്‍ഥി തോറ്റതിനെക്കുറിച്ചുള്ള ചര്‍ച്ച പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തലേന്നുവരെ ഉണ്ടായിരുന്നു. ചത്ത കുട്ടിയുടെ ജാതകം ഇത്ര കൂലങ്കഷമായി ചര്‍ച്ച ചെയ്ത മറ്റൊരു സംഭവം ഈ ഭൂലോകത്തില്ല. പഞ്ചായത്ത് വോട്ടെണ്ണിയപ്പോള്‍ ജനതാ യു ക്കാര്‍ക്ക് കാര്യം ബോധ്യപ്പെട്ടു.

പാലക്കാട് സ്വഭാവം കോണ്‍ഗ്രസ്സുകാര്‍ മുന്നൂറ് ത്രിതല പഞ്ചായത്ത് വാര്‍ഡുകളില്‍ ആവര്‍ത്തിച്ചിരിക്കുന്നു. 2010ല്‍ ഇടതുമുന്നണിക്കൊപ്പം നിന്നപ്പോള്‍ കിട്ടിയ നാന്നൂറ് സീറ്റില്‍ ഇപ്പോള്‍ രണ്ട് ജനതയും കൂടിയാലും പാതിയേയുള്ളൂ !

ജനതകള്‍ ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാ ഭരണത്തിലും ജനത വേണം. രണ്ട് ജനതകളും യോജിക്കണം എന്നാണ് ജനത്തിന്റെ ആഗ്രഹം. രണ്ട് മുന്നണികളില്‍ ഏതിലാണ് സോഷ്യലിസമുള്ളത് എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടത്രെ. അതിലിത്ര തര്‍ക്കിക്കാനൊന്നുമില്ല. കഴിഞ്ഞ എല്‍.ഡി.എഫ്. ഭരണത്തില്‍ നമ്മള്‍ ഉണ്ടായിരുന്നു. ഈ യു.ഡി.എഫ്. ഭരണത്തില്‍ ഉണ്ട്. ക്ഷണം മറുകണ്ടം ചാടിയാല്‍  അടുത്തതിലും നമ്മളുണ്ടാകും. ഈ പ്രക്രിയ മുന്നണികള്‍ ഉള്ള കാലത്തോളം തുടരുക. ഇതിനാണ് ഭരണത്തുടര്‍ച്ച എന്ന് വിളിക്കേണ്ടത്. എന്തേയ്….തെറ്റുണ്ടോ ?

****
എല്‍.ഡി.എഫില്‍  ആറ് കക്ഷികള്‍ അകത്തും പതിനൊന്നു കക്ഷികള്‍ പുറത്തുമാണത്രെ ഉള്ളത്. എന്താല്ലേ.. അകത്തുള്ളതിന്റെ ഇരട്ടി പുറത്ത്. വേറെങ്ങുണ്ട് ഇത്ര ജനപിന്തുണയുള്ള മുന്നണി? സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് മാത്രമേ ഇങ്ങനെ തിയേറ്ററില്‍ കേറിയതിന്റെ ഇരട്ടിയാളുകള്‍ ടിക്കറ്റ് കിട്ടാതെ പുറത്തുനില്‍ക്കാറുള്ളൂ.

പുറത്തുനില്‍ക്കുന്ന കക്ഷികള്‍ നിരാശപ്പെടരുതേ… ഇടതുമുന്നണി ഒരു സ്ഥിരം ഭരണകക്ഷിയാണ്. സെക്രട്ടേറിയറ്റില്‍ മാത്രമാണ് ഭരണം, നിയമസഭയില്‍ മാത്രമാണ് ഭരണപ്രതിപക്ഷ ഇരിപ്പിടങ്ങള്‍ എന്നൊന്നും ധരിക്കരുത്. പതിന്നാല് ജില്ലാ പഞ്ചായത്തുകളിലും കാക്കത്തൊള്ളായിരും ബ്ലോക്ക്ഗ്രാമപ്പഞ്ചായത്തിലും ഭരണമുണ്ട്. അതെല്ലാം വേണ്ടരീതിയില്‍ ഓഹരിവെച്ചാല്‍ എല്ലാവരെയും തൃപ്തിപ്പെടുത്താനാവും. ഘടകകക്ഷികള്‍ക്ക് ജില്ലാതലത്തില്‍ പ്രവേശനം പരിഗണിക്കണം. അഞ്ചോ ആറോ ജില്ലകളില്‍ പ്രവേശനം നേടിയവയെ പിന്നെ സംസ്ഥാനത്തിലും പ്രവേശിപ്പിക്കാം എന്നൊരു പ്രൊമോഷന്‍ സിസ്റ്റം ഉണ്ടാക്കിയാല്‍ ആളുകള്‍ക്ക് മേലോട്ട് കേറാന്‍ പ്രതീക്ഷയോടെ പരിശ്രമിച്ചോളും.

ബാലകൃഷ്ണപിള്ളയെ പോലുള്ളവരുടെ കാര്യമവിടെ നില്‍ക്കട്ടെ. കാല്‍ നൂറ്റാണ്ടോളമായി നില്‍ക്കുന്ന ഐ.എന്‍.എല്‍. പോലുള്ള കക്ഷികളെ അക്കൂട്ടത്തില്‍പ്പെടുത്തരുത്. ഫോര്‍വേഡ് ബ്ലോക്ക് എന്നാണാവോ പ്രവേശനത്തിന് അപേക്ഷ നല്‍കിയത്? സ്ഥാപകന്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം അന്വേഷിക്കുന്ന കമ്മീഷനുകളെ വല്ലതും ഏല്‍പ്പിക്കണം ഇതിന്റെ സത്യവും കണ്ടെത്താന്‍. എന്തായാലും പൂര്‍ണ ഘടകകക്ഷിപദവി നല്‍കുന്നില്ലെങ്കില്‍ വേണ്ട, ജില്ലാ  ഘടകകക്ഷി, അസോസിയേറ്റ് മെമ്പര്‍ തുടങ്ങിയ എന്തെങ്കിലും ഏര്‍പ്പാടുകള്‍ ആലോചിച്ചേ തീരൂ. ഇടതുപക്ഷം ശരിക്കുമൊന്ന് ശക്തിപ്പെടേണ്ടേ ?

****
എന്തൊരു അദ്ഭുതം. സര്‍ക്കാര്‍ ജീവനക്കാരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം ഉദാരമാക്കാന്‍ വേണ്ടിയാണത്രെ സംസ്ഥാനസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പൊതുജനത്തിന്റേതും താഴെ പറയുംപോലെ ഉദാരമാക്കിയാല്‍ നന്നായിരിക്കും.

പുസ്തകം പ്രസിദ്ധീകരിക്കുന്നതിനോ പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനോ മുമ്പ് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങേണ്ടതാണ്. ദൂരദര്‍ശന്‍സ്വകാര്യചാനല്‍ എന്നിവിടങ്ങളില്‍ ആണെങ്കില്‍ താസില്‍ദാര്‍ക്കും കഥ, കവിത, നാടകം എന്നിവയാണെങ്കില്‍ ചീഫ് സെക്രട്ടറിക്കുമാണ് സമര്‍പ്പിക്കേണ്ടത്. പുസ്തകം കോപ്പി എഴുതി നല്‍കണം എന്ന വ്യവസ്ഥ വളരെ ഉദാരമാക്കി ഫോട്ടോസ്റ്റാറ്റ് മതി എന്നാക്കും. ഫെയ്‌സ്ബുക്ക് പോലുള്ള ദേശവിരുദ്ധ സംഗതികളില്‍ പോസ്റ്റ് ചെയ്യുംമുമ്പ് അത് ഹെഡ്ഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കണം. ഭരണഭാഷ മലയാളമാക്കിയതുകൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റും മലയാളത്തില്‍ വേണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഓഫീസില്‍ പണിയെടുത്താല്‍ മതി, വീട്ടില്‍ചെന്ന് എന്തുകുന്തം വേണമെങ്കിലും എഴുതിക്കോട്ടെ എന്ന് തീരുമാനിച്ചാലും ഇവിടെ ആകാശമൊന്നും ഇടിഞ്ഞുവീഴാന്‍ പോകുന്നില്ല എന്നറിയാഞ്ഞിട്ടല്ല. പക്ഷേ, പണ്ട് ചട്ടമുണ്ടാക്കിയ ബ്രിട്ടീഷുകാരെ മോശക്കാരാക്കരുതല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Go Top