ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഇരുനൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ പറ്റില്ല. ഒരു ബി.ഇ.എം. സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഫോട്ടോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. മിഷന്റെ ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള മലബാര്‍ ചിത്രങ്ങളിലൊന്ന്. പക്ഷേ, ഈ കെട്ടിടത്തിന് ഒരു പ്രത്യേകതയുണ്ട്. ഇത് തലശ്ശേരിയിലെ ഇല്ലിക്കുന്നിലുള്ള കെട്ടിടമാണ്. അതാണ് എന്റെ ആദ്യത്തെ വിദ്യാലയം ! ബി.ഇ.എം. എല്‍.പി.സ്‌കൂള്‍ ഇല്ലിക്കുന്നു. 1960-64 കാലത്ത് നാലാം ക്ലാസ് വരെ പഠിച്ച വിദ്യാലയം.
ഇല്ലിക്കുന്നിന്റെ പ്രശസ്തി ഞാന്‍ അവിടെ പഠിച്ചു എന്നതല്ല ! മലയാള പത്രപ്രവര്‍ത്തനത്തിന്റെ തുടക്കക്കാരനും മറ്റ് പലതുമായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് രാജ്യസമാചാരവും പശ്ചിമോദയവും പ്രസിദ്ധീകരിച്ചിരുന്നത് ഇവിടെ താമസിച്ചാണ്.
പല മങ്ങിയ ഓര്‍മകള്‍ ഈ പ്രൈമറി സ്‌കൂള്‍ കാലവുമായി ബന്ധപ്പെട്ട് എനിക്കുണ്ട്. കുട്ടിയായിരുന്നപ്പോള്‍ ഗുണ്ടര്‍ട്ടിനെക്കുറിച്ചൊന്നും അറിഞ്ഞേ ഇല്ല. അന്നില്ലാത്ത ഒരു അറിവുകൂടി ഈയിടെ വീണുകിട്ടി. ഈ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍മാരില്‍ ഒരാള്‍ കേരളം മറക്കാന്‍ പാടില്ലാത്ത, നമ്മുടെ നവോത്ഥാനനായകരില്‍ പ്രമുഖനായി മൂര്‍ക്കോത്ത് കുമാരനായിരുന്നു.
ഞാന്‍ പിന്നീട് പഠിച്ച തലശ്ശേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിന്റെയും ഹെഡ്മാസ്റ്ററായിരുന്നു മൂര്‍ക്കോത്ത് പിന്നീട്. ഞാന്‍ ജനിക്കുന്നതിനും ഒന്നര-രണ്ട് ദശകം മുമ്പാവണം അത്.