വിവരസ്വാതന്ത്ര്യത്തിന്റെ അന്ത്യം അടുത്തുവോ ?

എൻ.പി.രാജേന്ദ്രൻ

ഇന്ത്യയിലെപ്പോലെ അമേരിക്കയിലും വിവരാവകാശനിയമമുണ്ട്. അവിടെ അമ്പത് വര്‍ഷമായി നിയമം നിലവില്‍ വന്നിട്ട്. നമ്മുടേത് വിവരാവകാശമാണെങ്കില്‍ അവിടത്തേത് വിവരസ്വാതന്ത്ര്യനിയമം ആണ് എന്നതാണ് ഒരു വ്യത്യാസം. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോ. നിയമവ്യവസ്ഥകളിലും അപ്പീല്‍ സംവിധാനത്തിലുമൊക്കെ വേറെയും വ്യത്യാസം കണ്ടേക്കും. പക്ഷേ, ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യം വിവരസ്വാതന്ത്ര്യനിയമം അവിടെ തകര്‍ച്ചയെ നേരിടുന്നു  എന്നതാണ്. ചോദിക്കുന്ന വിവരങ്ങള്‍ തരാതിരിക്കാന്‍ എന്തെങ്കിലും കാരണം കണ്ടെത്തുക പതിവാക്കിയിരിക്കുകയാണ് ഗവണ്മെന്റും ബ്യൂറോക്രസിയും. നിയമം നിലനിര്‍ത്തണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമാണ്. പക്ഷേ, അതൊരു പോരാട്ടമായി മാറ്റാന്‍ അവര്‍ക്ക് കഴിയുന്നില്ല.പുറമെ നല്ല പേരും അംഗീകാരവും ഉണ്ടെങ്കിലും പല പ്രമുഖ മാധ്യമപ്രവര്‍ത്തകരും പറയുന്നത്, മാധ്യമങ്ങള്‍ക്ക് വിവരം നിഷേധിക്കുന്നതില്‍ മുന്‍ ഭരണകൂടങ്ങളേക്കാള്‍ മോശമായ അനുഭവമാണ്  ഒബാമ ഭരണകാലത്ത് ഉണ്ടാകുന്നത് എന്നാണ്. ‘ചരിത്രത്തിലെ ഏറ്റവും സുതാര്യമായ ഭരണകൂടം’ എന്ന് അവകാശപ്പെടാറുള്ള ഒബാമ ഭരണത്തിലാണ് ഏറ്റവും കൂടുതല്‍ എഫ്.ഒ.ഐ.എ അപേക്ഷകള്‍ തള്ളപ്പെട്ടത് എന്ന് മാധ്യമങ്ങള്‍ നടത്തിയ സര്‍വ്വെകളില്‍ കണ്ടെത്തിയിരുന്നു. 55 ശതമാനം വിവരസ്വാതന്ത്ര്യ ഹരജികള്‍ തീരുമാനമാകാതെ അനന്തമായി നീണ്ടുപോകുകയാണ്്. വിവരസ്വാതന്ത്ര്യ നിയമത്തില്‍ ചില നല്ല ഭേദഗതികള്‍ വരുത്താനുദ്ദേശിച്ചുള്ള ഒട്ടും വിവാദപരമല്ലാത്ത നിയമം പോലും ഒബാമ നിര്‍ത്തിവെപ്പിച്ചതായി ആക്ഷേപമുണ്ട്. ‘ഒരു തലമുറയ്ക്കിടയില്‍ പത്രസ്വാതന്ത്ര്യത്തിനുണ്ടായ ഏറ്റവും വലിയ ശത്രു ഒബാമയാണ്’ എന്ന് ന്യൂ യോര്‍ക്ക് ടൈംസ് ലേഖകന്‍ എഴുതിയപ്പോള്‍ അതിനെ പത്രാധിപര്‍ ശരിവെച്ചു. ലേഖകര്‍ എഡിറ്റോറിയലൈസ് ചെയ്യരുത് എന്നുണ്ടെങ്കിലും ഈ വിമര്‍ശനം ഞങ്ങള്‍ അംഗീകരിക്കുന്നു എന്നാണ് പത്രാധിപര്‍ സ്ഥാപനത്തിന്റെ പബ്ലിക് എഡിറ്റര്‍ക്ക് നല്‍കിയ വിശദീകരണം.

ഇന്ത്യയില്‍നിന്ന് വ്യത്യസ്തമായി, അമേരിക്കയില്‍ ഈ നിയമം ഉപയോഗപ്പെടുത്തി വിവരം ശേഖരിക്കുന്നവരില്‍ നല്ലൊരു പങ്ക് മാധ്യമപ്രവര്‍ത്തകരാണ്. യു.എസ് നിയമത്തില്‍ മാധ്യമപ്രവര്‍ത്തകരെ പ്രത്യേകമായി പരിഗണിക്കുന്നുണ്ട്. വിവരം ലഭിക്കാന്‍ അപേക്ഷിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഫീസ് അടക്കേണ്ടതില്ല. ബ്ലോഗര്‍മാര്‍ക്ക് പോലും പ്രത്യേക പരിഗണനയുണ്ട്. ഇതൊക്കെയാണെങ്കിലും നിയമം കൂടുതല്‍ കൂടുതല്‍ പ്രയോജനരഹിതമാവുന്നു എന്ന പരാതിയാണ് എല്ലാവര്‍ക്കും ഉള്ളത്. ഇതിനെതിരെ പോരാട്ടങ്ങള്‍ നടത്തിയ മാധ്യമങ്ങള്‍ ഇപ്പോള്‍ നിസ്സംഗതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് കൂടുതല്‍ ദു:ഖകരമെന്ന് പൗരസ്വാതന്ത്ര്യ പ്രവര്‍ത്തകര്‍ പറയുന്നു.
ഉദ്യോസ്ഥന്മാരില്‍ നിന്ന് വിവരം ലഭിക്കാതിരുന്നാല്‍ സര്‍ക്കാറില്‍ അപ്പീല്‍ നല്‍കുകയും അതും നിഷേധിക്കപ്പെട്ടാല്‍ കോടതിയെ സമീപിക്കുകയുമാണ് അമേരിക്കയില്‍ നടന്നുവരുന്ന രീതി. പരാതികള്‍ പരിശോധിക്കാന്‍ കോടതിക്കും അപേക്ഷകനും ഇടയില്‍ കമ്മീഷനുകള്‍ ഇല്ല. ഇതുകാരണം, വിവരസ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ കോടതിയില്‍ പോകാന്‍ നിര്‍ബന്ധിതരാണ് അപേക്ഷകര്‍. വ്യക്തികളെ സംബന്ധിച്ച്് ഇത് ഏറെക്കുറെ അസാധ്യമാണ്, കാരണം സാമ്പത്തികബാധ്യത. മാധ്യമങ്ങളാണ് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ പോരാടാറുള്ളത്. രാജ്യത്ത് മിക്കവാറും വന്‍കിട പത്രങ്ങളും ഏതെങ്കിലും വിവരം നിഷേധിച്ചതിനെതിലെ കോടതി കയറിയിട്ടുണ്ട്. പക്ഷേ, ഇക്കാര്യം അന്വേഷിച്ച ഒരു സ്ഥാപനം കണ്ടെത്തിയത് ന്യൂയോര്‍ക്ക് ടൈംസ് ഒഴികെ മറ്റൊരു പത്രവും വിവരം നിഷേധിച്ചതിന് എതിരെ 2014 ല്‍ ഒരു കേസ് പോലും ഫയല്‍ ചെയ്തിട്ടില്ല എന്നാണ്. അച്ചടി മാധ്യമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന തകര്‍ച്ചയുമായി ഈ പ്രവണതയ്ക്ക് ബന്ധമുണ്ട് എന്നാണ് കരുതപ്പെടുന്നത്.

ഇക്കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്ന ഒരു കാര്യം, നവമാധ്യമങ്ങള്‍ മുന്‍കാലത്തെ അപേക്ഷിച്ച് വിവരസ്വാതന്ത്ര്യനിയമത്തെ ശക്തമായി നിലനിര്‍ത്തുന്നതിന് വേണ്ടി പണവും സമയവും ചെലവഴിക്കുന്നു എന്നതാണ്. വെന്‍ചര്‍ മൂലധനം സമൃദ്ധമായുള്ള പല ഓണ്‍ലൈന്‍ മീഡിയ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ആവേശപൂര്‍വം രംഗത്തുവരുന്നുണ്ട് എന്നതാണ് അല്പം ആശ്വാസം നല്‍കുന്നത്.

എ.ജെ.ആറിന്റെ അന്ത്യം

വിവരസ്വാതന്ത്ര്യനിയമം തകര്‍ച്ചയിലേക്ക് നീങ്ങുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്ര കണ്ട് വേദനാജനകമാണോ അതിലേറെ വേദനാജനകമാണ് അമേരിക്കന്‍ ജേണലിസം റെവ്യൂ(എ.ജെ.ആര്‍) വിന്റെ അന്ത്യം. അമേരിക്കയിലെ ഏറ്റവും വിശ്വാസ്യതയുള്ള മാധ്യമ വിമര്‍ശന സ്ഥാപനമായിരുന്നു എ.ജെ.ആര്‍. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെയും റിപ്പോര്‍ട്ട് ചെയ്യാത്തതിലെയും വീഴ്ചകള്‍ ആഴത്തില്‍ പഠിച്ച് ദീര്‍ഘറിപ്പോര്‍ട്ടുകളായി പ്രസിദ്ധപ്പെടുത്തിപ്പോന്നിട്ടുണ്ട് എ.ജെ.ആര്‍. പല തെറ്റുകളും അവര്‍ തുറന്നുകാട്ടി. എന്തെങ്കിലും രാഷ്ട്രീയമോ മറ്റോ ആയ അജന്‍ഡകള്‍ ഇല്ലാത്ത തീര്‍ത്തും പ്രൊഫഷനല്‍ ആയ സമീപനം ആയിരുന്നു എ.ജെ.ആറിന്റേത്.

അപ്പോഴപ്പോള്‍ തോന്നുന്നത് വിളിച്ചുപറയുക ചെലവൊന്നുമില്ലാത്ത ഏര്‍പ്പാടാണ്. അതാര്‍ക്കും ചെയ്യാം. പക്ഷേ, ആഴത്തിലുള്ള പഠനം നടത്തി ഗൗരവപൂര്‍ണമായ വിമര്‍ശനം നടത്താന്‍ പണച്ചെലവുണ്ട്. മുപ്പത്തെട്ട് വര്‍ഷമായി പൊതുസഹായത്തോടെ പ്രവര്‍ത്തിച്ചുവന്ന ഈ സ്വതന്ത്രസ്ഥാപനം സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ഒരു ചലനാത്മക സ്വതന്ത്ര ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായി എ.ജെ.ആറിനെ നിലനിര്‍ത്താന്‍ കഴിയാതെ വന്നിരിക്കുന്നു എന്ന് സ്ഥാപനം നടത്തിപ്പോന്ന ഫിലിപ്പ്് മെറില്‍ കോളേജ് ഓഫ് ജേണലിസം ഡീന്‍ അറിയിച്ചു. പക്ഷേ, ആര്‍ക്കൈവ്‌സും വെബ്‌സൈറ്റും നിലനിര്‍ത്തും( ajr.org)

1977 ല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി റോജര്‍ ക്രാന്‍സ് തുടങ്ങിവെച്ചതാണ് എ.ജെ.ആര്‍. 1979 ല്‍ അംബാസ്സഡര്‍ ഹെന്റി കാറ്റോ വിലയ്ക്ക് വാങ്ങി. പലരിലൂടെ കൈമാറി 2011 ലാണ് വെബ്‌സൈറ്റും മാഗസീനും ഫിലിപ് മെറില്‍ കോളേജ് ഓഫ് ജേണലിസത്തില്‍ എത്തിയത്. വിദ്യാര്‍ത്ഥികളുടെ കൂടി സഹായത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും നിരവധി മുഴുവന്‍ സമയ ജേണലിസ്റ്റുകള്‍ ഇതില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഓണ്‍ലൈന്‍ പരസ്യങ്ങള്‍ തടയുന്നു

അച്ചടി മാധ്യമങ്ങളുടെ കാലം കഴിഞ്ഞു എന്നാണ് പറയപ്പെടുന്നത്. പാശ്ചാത്യലോകത്തെങ്കിലും അത് യാഥാര്‍ത്ഥ്യമാണ്. ഭാവി ഇന്റര്‍നെറ്റ് മാധ്യമങ്ങളുടേതാണ് എന്നും എല്ലാവരും പ്രതീക്ഷയോടെ പറയുന്നു. പക്ഷേ, എന്താണ് ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ബിസിനസ് മോഡല്‍ ? എന്താണ് വരുമാനമാര്‍ഗം ? പരസ്യം മാത്രം. ഇപ്പോഴിതാ അതിന്റെ കഴുത്തിലും കുരുക്ക് വീണുകൊണ്ടിരിക്കുന്നു.

പരസ്യങ്ങള്‍ തടയുന്ന സോഫ്റ്റ്‌വേറുകള്‍ക്ക് പ്രചാരമേറുന്നു. നിങ്ങള്‍ ഒരു പത്രത്തിന്റെ വെബ്‌സൈറ്റ് തുറക്കുമ്പോള്‍ പരസ്യങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതിന് ആ സോഫ്റ്റ്‌വേര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതി. ഓപണ്‍ സോഴ്‌സ് സോഫ്റ്റ് വേര്‍ ആണ്. സൗജന്യമായി ലഭിക്കും.

ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും ഒട്ടും ഫലപ്രദമായിട്ടില്ല. നിയമപരമായി നേരിടാനുള്ള ശ്രമവും വിജയിച്ചിട്ടില്ല. ജര്‍മന്‍ കോടതിയില്‍ വന്ന ഒരു കേസ്സിലെ വിധി ‘പരസ്യഘാതകര്‍’ക്ക് അനുകൂലമായിരുന്നു. പരസ്യം കാണണമോ വേണ്ടയോ എന്നത് വായനക്കാരന്റെ അവകാശമാണ് എന്നായിരുന്നു വിധി. 18നും 29നും മധ്യേ പ്രായമുള്ള വായനക്കാരില്‍ 41 ശതമാനം പേര്‍ ഇങ്ങനെ പരസ്യങ്ങള്‍ ഇല്ലാത്ത വാര്‍ത്താ പേജുകളാണ് കാണുന്നത് എന്ന് ഒരു സര്‍വ്വെ വെളിപ്പെടുത്തുന്നു

അച്ചടി മാധ്യമങ്ങളിലുള്ളതിനേക്കാള്‍ വായനക്കാരനെ ചൊടിപ്പിക്കുന്ന തരം പരസ്യങ്ങളാണ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ വരുന്നത് എന്നതാണ് തടയല്‍സോഫറ്റ്‌വേര്‍ പ്രിയങ്കരമാകാന്‍ കാരണം. പക്ഷേ, ഇതില്‍നിന്ന് മാധ്യമക്കാരോ പരസ്യക്കാരോ പാഠം പഠിക്കാനുള്ള സാധ്യതയൊന്നും കാണുന്നില്ല.

(Media Magazine Sept 2015)

Leave a Reply

Your email address will not be published. Required fields are marked *

Go Top