സോമനാഥ് കൂടുതൽ സംസാരിക്കാൻ ആഗ്രഹിച്ചു…

എൻ.പി.രാജേന്ദ്രൻ
somanath

സോമനാഥിന്റെ ജന്മനാടായ  വള്ളിക്കുന്നു അക്കാണിക്കലിലേക്ക്, എന്റെ തലശ്ശേരി ഇല്ലിക്കുന്നിലേക്ക് ഏറെയൊന്നും ദൂരമില്ല. പക്ഷേ, ഞങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദമുണര്‍ന്നത് ഞാന്‍ കോഴിക്കോട്ടും സോമന്‍ തിരുവനന്തപുരത്തും സൗഹൃദ്ദമുണര്‍ത്തിയ ശേഷം മാത്രമായിരുന്നു. 1981-ലാണ് ഞാന്‍ എത്തിയതെങ്കിലും പത്തു വര്‍ഷത്തോളം കഴിഞ്ഞാവാം സോമനുമായുള്ള സൗഹൃദം എന്നോര്‍ക്കുന്നു. എന്നാല്‍ എവിടെ എപ്പോള്‍തുടങ്ങി എന്നു പറയാവാല്ല. അതിവേഗം തുടങ്ങുന്നതായിരുന്നല്ലോ സോമന്റെ സൗഹൃദംയ. തീര്‍ച്ചയായും, ഒന്നു കാണുംമുന്‍പേതന്നെ സോമനാഥ് എല്ലാവരുടെയും ഉറ്റ സുഹൃത്തായിരുന്നുവല്ലോ.

ഞാനും സോമനും, മറ്റൊരു അര്‍ത്ഥത്തില്‍, ഒരേ സമയം അടുത്ത സുഹൃത്തുക്കളും ഒപ്പം എതിരാളികളുമായിരുന്നു!  കാല്‍നൂറ്റാണ്ടോളം മുന്‍പ് ഞാന്‍ മാതൃഭൂമിയില്‍ വിശേഷാല്‍പ്രതി എന്ന പേരില്‍ തിങ്കളാഴ്ചതോറും ഒരു രാഷ്ട്രീയപംക്തി തുടങ്ങിയിരുന്നു. ഞാന്‍ സ്വമേധയാ എഴുതിയതൊന്നുമായിരുന്നില്ല. മനോരമയും അതിനുംമുന്‍പ് വേറെ രാഷ്ട്രീയ ആനുകാലികങ്ങളും പലതരം വിമര്‍ശനങ്ങളും പരിഹാസങ്ങളും എഴുതിയിരുന്നു. അത്തരം എന്തെങ്കിലും ഒരു പംക്തി മാതൃഭൂമിയും തുടരണം എന്നു ഒരു  ചര്‍ച്ചയില്‍ സഹപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സമിതിയോഗത്തില്‍ ഞാന്‍ അംഗമായിരുന്നില്ല. സമിതിയില്‍ അംഗമായിരുന്ന വി.രാജഗോപാല്‍  നിര്‍ദ്ദേശിച്ചപ്പോള്‍, ശ്രമിക്കാം എന്നു  ഞാന്‍ സമ്മതിച്ചു. ചില സഹപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചാണ് എന്നെ പരിഗണിച്ചത്. ഇന്ദ്രന്‍ എന്ന നാമത്തില്‍ ഞാന്‍ തുടര്‍ന്ന് പംക്തികാരനായി. ഞാനാണ് പംക്തിയെഴുതുന്നത് എന്നു സോമനോ സോമനാണ് എഴുതുന്നത് എന്നു ഞാനോ  ആദ്യം അറിഞ്ഞിരുന്നില്ല. പക്ഷേ, വൈകാതെ ഇരുവരും അതു തിരുത്തറിഞ്ഞു. പക്ഷേ, ഞങ്ങള്‍ തമ്മില്‍ പത്രരാഷ്ട്രീയം ചര്‍ച്ചാവിഷയമോ  തര്‍ക്കമോ ആയിരുന്നതേ ഇല്ല. വല്ലപ്പോഴും വിളിക്കുമ്പോഴും കാണുമ്പോഴും സ്‌നേഹം തുടര്‍ന്നുപോന്നു.

പത്രപ്രവര്‍ത്തകസംഘടനാകാര്യങ്ങളുമായി തിരുവനന്തപുരത്ത് പലപ്പോഴും വന്നിട്ടുണ്ട്.  പ്രസ് ക്ലബ്ബിലും വരാറുണ്ട്. സോമനെ പ്രസ് ക്ലബ്ബില്‍ കാണാതിരുക്കാറില്ല.  1992-ല്‍ കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാനപ്രസിഡന്റായി തിരഞ്ഞെടുപ്പിനു വന്നപ്പോള്‍ സോമന്‍ ഉള്‍പ്പെടെയുള്ള വലിയ സംഘംപ്രവര്‍ത്തകര്‍ പ്രചാരണരംഗത്ത് സജീവമായി പ്രചാരണരംഗത്തുണ്ടാരുന്നത് ഓര്‍ക്കുന്നു.

ഒരാഴ്ച തുടര്‍ച്ചയായി സോമനോടൊപ്പം സഹകരിക്കാന്‍ അവസരം കിട്ടിയത് ഒരു വിദേശയാത്രയിലാണ്. നേപ്പാളില്‍ ആഘോഷിച്ചത്. കാലം കൃത്യമായൊന്നും ഓര്‍ക്കുന്നില്ല. 2000-കാലത്താവണം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ നേപ്പാള്‍ ക്ഷണിച്ചത്. പല രാജ്യങ്ങളെയും വിനോദസഞ്ചാരം ആകര്‍ഷിക്കാന്‍ നേപ്പാള്‍ ആകര്‍ഷിച്ചിരുന്നു.  ഞാനും സോമനാധനുമായിരുന്നു രണ്ട് മലയാളി കൂട്ടാളികള്‍. കര്‍ണാടകത്തില്‍നിന്നു ഏതാനും വനിതകളുമുണ്ടായിരുന്നു. പല പല സുന്ദരകാഴ്ചകള്‍ നോക്കിക്കണ്ട് ഞങ്ങള്‍ ആഹ്‌ളാദിച്ചു. നേപ്പാള്‍ സര്‍ക്കാറാണല്ലോ ചെലവുകള്‍ വഹിച്ചത്. എല്ലാവരും നേപ്പാള്‍ വിനോദസഞ്ചാരത്തിന്റെ വിവരങ്ങള്‍ പത്രങ്ങള്‍ക്ക് വിശദമായി നല്‍കണം എന്നായിരുന്നു നിര്‍ദ്ദേശം. വിനോദയാത്ര സംബന്ധിച്ച് യാതൊന്നും റിപ്പോര്‍ട്ടോ വിവരണമോ ആയി പത്രത്തില്‍ കൊടുക്കരുത് എന്നായിരുന്നു അക്കാലത്തെ വിചിത്രമായ ഒരു തീരുമാനം. ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന പുതിയ ഓണ്‍ലൈന്‍ ഗ്രൂപ്പില്‍ ഇഷ്ടംപോലെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ ആരുടെയും അനുമതി ചോദിക്കേണ്ടി വന്നില്ല. ഏഴു ലക്കം നിറയെ ഫോട്ടോകളോടെ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തി. മറ്റു പത്രങ്ങളിലെ സ്ഥിതി അറിയില്ല. സോമനാഥ് എല്ലായ്‌പ്പോഴും എല്ലാവരോടും സദാ സഞ്ചാരത്തിലായിരുന്നു. മുതിര്‍ന്ന ഒരു കര്‍ണാടക പത്രാധിപ, സോമനാഥിനെ ശ്രദ്ധിക്കണേ എന്ന് എന്നോട് കാര്യമായി നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു. എല്ലാവര്‍ക്കും സോമനോട് വളരെ സ്‌നേഹവും പ്രിയവുമായിരുന്നു.

എന്നെ വാസ്തവത്തില്‍ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാര്യമാണ്…’ഓ…ഈ ലക്കം പംക്തിയെഴുതാനൊന്നും വയ്യ’ എന്നു ഞാന്‍ പറഞ്ഞിരുന്നു. സോമനും അ്തിനോട് പൂര്‍ണമായി യോജിച്ചിരുന്നു. എന്റെ ടെലഫോണ്‍ അവിടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നുമില്ലായിരുന്നു. റിപ്പോര്‍ട്ടൊന്നും പറ്റുമായിരുന്നില്ല എന്നാണ് ഞാന്‍ ധരിച്ചിരുന്നത് പക്ഷേ, മനോരമയില്‍ പംക്തിലേഖനം മുടങ്ങിയതേയില്ല!

അമ്പത്തെട്ടാം വയസ് കഴിഞ്ഞ ദിവസം അതറിയിക്കാന്‍ സോമനാഥ് എന്നെയും വിളിച്ചിരുന്നു. സോമന്  അവസരം ലഭിക്കും എന്നാണ് ഞാന്‍ ധരിച്ചിരുന്നത്. ആരോഗ്യം ഒരു തടസ്സമായിരുന്നു എന്നതും സത്യം. ആ അനുഭവം ഭാഗ്യമോ സങ്കടമോ  എന്നെനിക്കുപറയാന്‍ കഴിയില്ല. മുന്‍കാലത്തൊന്നും ഇല്ലാത്തതുപോലെ എനിക്ക് സോമനുമായി ആ നാളുകളില്‍  ഞാനും സോമനും തമ്മില്‍ മുമ്പൊന്നും ഇല്ലാത്ത വിധം അദ്ദേഹവുമായി നിരന്തരമായി സംസാരിക്കേണ്ടി വന്നു. കേരള നിയമസഭാസമിതി സംഘടിപ്പിച്ച നിയമസഭാ മാധ്യമ അവാര്‍ഡ് ഗ്രൂപ്പില്‍ എന്നെയും സോമനെയും വിധികര്‍ത്താക്കളായി നിശ്ചയിച്ചിരുന്നു. ഞാന്‍ അംഗത്വം സമ്മതിച്ചിരുന്നതുമാണ്. പക്ഷേ, 2021 ഡിസംബറില്‍ ഞാന്‍ രോഗബാധിതനായി.്  സ്‌ട്രോക്ക്  എന്നു വിളിക്കപ്പെടുന്ന രോഗത്തെക്കുറിച്ച് എനിക്ക് അറിവൊട്ടും ഉണ്ടായിരുന്നില്ല. ഒന്നും വായിക്കാന്‍ പറ്റാത്ത നിലയുമായിരുന്നു എങ്കിലും ജനവരി കഴിയുനോഴേക്ക് വീട്ടിലിരുന്ന് വിഷയം പരിഹരിക്കാം എന്നായിരുന്നു എന്റെ ഉറപ്പ്. സോമനോട് ഞാനത് പലവട്ടം പറയുകയും ചെയ്തിരുന്നു. പക്ഷേ എനിക്ക് പിന്‍വാങ്ങേണ്ടി വന്നു. നിവൃത്തിയില്ലെന്നു സോമനും ബോധ്യപ്പെട്ടു.  തുടര്ന്ന് മുന്‍ ഡയറക്റ്റര്‍ കെ. ജയകുമാര്‍ ഐ.എ.എസ് നെ വിളിച്ച് വിഷയം ശ്രദ്ധയില്‍ പെടുത്തി.  അദ്ദേഹത്തിന് കാര്യം ബോധ്യപ്പെടുകയും ചെയ്തു.

സോമന്‍ തന്റെ ജോലി പൂര്‍ത്തിയാക്കിയിരുന്നോ എന്നെനിക്കറിയില്ല. ഞാനത് അന്വേഷിച്ചുമില്ല. അദ്ദേഹവുമായി സംസാരിച്ചിരുന്ന നാളിനിടെയാണ് എനിക്കു ഒരു പത്രസുഹൃത്തില്‍നിന്ന് അമ്പരപ്പിക്കുന്ന ടെലഫോണ്‍ സന്ദേശം കിട്ടിയത്-സോമന്‍ അപകടാവസ്ഥയിലാണ്. രാത്രി തീരുംമുമ്പ് എല്ലാം അവസാനിക്കും……

സോമനാഥിന്റെ രചനകള്‍ ശ്രദ്ധിച്ചവര്‍ സങ്കടപ്പെട്ടിരുക്കാം. പത്രങ്ങളില്‍നിന്നു വിട്ടവര്‍ പിന്നെ ഒന്നും ചെയ്യാതെ നിഷ്‌ക്രിയരായി ജീവിച്ചോളുമെന്നില്ല. നിരവധി പത്രപ്രവര്‍ത്തകര്‍ അമ്പതാവും മുന്‍പേ ജോലി ഉപേക്ഷിച്ച് കുറെക്കൂടി ക്രിയാത്മകമായ രചനകളിലേക്ക്് വഴിമാറുന്നുണ്ട്. പക്ഷേ, സോമനാഥിന് നിര്‍ഭാഗ്യവശാല്‍ അതുകഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top