വിമര്‍ശനത്തിന്റെ വെളിച്ചം ജുഡീഷ്യറിയിലുമെത്തട്ടെ

എൻ.പി.രാജേന്ദ്രൻ

ഇന്ത്യന്‍ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന മൂന്നു തൂണുകള്‍  നിരന്തരമായ നിരീക്ഷണത്തിനും വിമര്‍ശനത്തിനും അധിക്ഷേപത്തിനുമെല്ലാം വിധേയമാകുന്നുണ്ട്. തെറ്റുകള്‍ കണ്ടെത്താനും തിരുത്താനുമുള്ള അവസരമാണല്ലോ വിമര്‍ശനത്തിലൂടെ കൈവരുന്നത്. നിരന്തരവിമര്‍ശനം ഉണ്ടായിട്ടും ഇവയുടെ പ്രവര്‍ത്തനം കുറ്റമറ്റതായില്ലെന്നു വരാം. അത് വിമര്‍ശനം വേണ്ടെന്നു വെക്കാന്‍ കാരണമാവില്ല. വിമര്‍ശനം ഒട്ടും ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്ന്്് ആലോചിച്ചാല്‍ മതി, കാര്യം ബോധ്യപ്പെടും.

ജനാധിപത്യത്തിന് മൂന്നല്ല നാലാണ് തൂണുകള്‍. അതിപ്രധാനമായ ഒരു നെടുംതൂണ്‍, ജുഡീഷ്യറി ഈ പ്രക്രിയയ്ക്കു പുറത്താണ്. ജുഡീഷ്യറിയെ നിരന്തരമായി നിരീക്ഷിക്കാന്‍ ജുഡീഷ്യറിക്കകത്തോ പുറത്തോ ഒരു സംവിധാനവുമില്ല. എല്ലാ ദൈവങ്ങളെയും വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്ക് കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനല്ലാതെ കോടതികളുടെ കുറ്റവും കുറവുമൊന്നും എഴുതാന്‍ സ്വാതന്ത്ര്യമില്ല. ജുഡീഷ്യറിയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും പൗരന്മാര്‍ക്കും നിരീക്ഷണ-വിമര്‍ശന അധികാരം നിഷേധിക്കുന്ന ഇന്നത്തെ സമ്പ്രദായം ഇനിയും അനന്തകാലം തുടരേണ്ട ദിവ്യവരമാണോ എന്നത് ഇനിയെങ്കിലും ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കുറച്ചെല്ലാം ഇപ്പോള്‍ത്തന്നെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്്.

ജുഡീഷ്യറിക്കു നല്‍കിവരുന്ന ദിവ്യപദവി പുനഃപരിശോധിക്കാന്‍ സമയമായി എന്നു മാധ്യമങ്ങളല്ല, ജുഡീഷ്യല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് കൂടുതലും പറഞ്ഞുതുടങ്ങിയിട്ടുള്ളത് എന്നതു ശ്രദ്ധേയമാണ്. ജുഡീഷ്യറിയുടെ അകത്തെ സ്ഥിതി എന്താണ് എന്നു മുഴുവന്‍ അറിയുന്നത് അകത്തുള്ളവരാണല്ലോ. മാധ്യമപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊന്നും അങ്ങോട്ടുചെന്നു അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തതാന്‍ അധികാരമില്ല. പക്ഷേ, സമീപകാലത്തുണ്ടായ നിരവധി സംഭവങ്ങള്‍ മറിച്ചുള്ള ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുന്നു. ഇത് ഇനിയും ശക്തിപ്പെടാനാണ് സാധ്യത.

 ഒരു കൊട്ടാരവിപ്ലവം 

മൂന്നു വര്‍ഷം മുന്‍പ് – 2018 ജനവരി 12ന്- നാല് സുപ്രിം കോടതി ജഡ്ജിമാര്‍ അവരിലൊരാളുടെ പത്രസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിന്റെ നടപടികളെ വിമര്‍ശിച്ചത് ജനാധിപത്യരാജ്യങ്ങളിലെ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ത്തന്നെ അത്യസാധാരണമായ വിപ്ലവം തന്നെയായിരുന്നു. അവര്‍ സ്വീകരിച്ച നടപടിയുടെ ഗൗരവം അവര്‍ക്കുതന്നെ ബോധ്യമായിരുന്നുവോ എന്നു പോലും സംശയിച്ചുപോകും അനന്തരസംഭവങ്ങള്‍ വിലയിരുത്തിയാല്‍. കൊട്ടാരവിപ്ലവം ഒരു ചെറുകാറ്റായി കടന്നുപോയി. വിമര്‍ശകരായ ജഡ്ജിമാര്‍ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ കാലാവധി പൂര്‍ത്തിയാക്കി ശാന്തമായി വിരമിച്ചു. അതില്‍ ഒരു മഹാന്‍ പതിമൂന്നു മാസം ചീഫ് ജസ്റ്റിസിന്റെ സ്ഥാനംതന്നെ വഹിച്ച്് പല വിവാദങ്ങളില്‍ ഭാഗഭാക്കായി. അദ്ദേഹത്തിന്റെ ശ്രേഷ്ഠസംഭാവനകള്‍ക്കുള്ള ഉപഹാരമെന്നോണം പാര്‍ലമെന്റിലേക്കു നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു. ബാബ്റി മസ്ജിദ്-രാമജന്മഭൂമി കേസ്സില്‍ ഹിന്ദുത്വപക്ഷത്തിന് അനുകൂലയായ വിധി പറഞ്ഞതിനുള്ള പ്രതിഫലമാണ് ഇതെന്നു വിമര്‍ശിക്കപ്പെടും എന്നറിഞ്ഞു കൊണ്ടുതന്നെയാണ് അദ്ദേഹം ആ സ്ഥാനം സ്വീകരിച്ചത്. ഒരു ചീഫ് ജസ്റ്റിസിനെതിരെ സ്ത്രീപീഡനക്കേസ് ഉണ്ടായാല്‍ ശിക്ഷിക്കപ്പെടുക ചീഫ് ജസ്റ്റിസ് അല്ല, പരാതി പറഞ്ഞ സ്ത്രീ ആണ് എന്ന പുതിയ നീതിന്യായവും ഇന്ത്യ കണ്ടത് ഇതേ രഞ്ജന്‍ ഗഗോയിയുടെ കാലത്താണ്.

ഇതൊന്നുമല്ല, നാലു ജസ്റ്റിസുമാരുടെ പരസ്യവിമര്‍ശനം ജുഡീഷ്യറിയെക്കുറിച്ച് പല പുനരാലോചനകള്‍ക്കും തെറ്റുതിരുത്തലുകള്‍ക്കും കാരണമാകും എന്ന പ്രതീക്ഷ അപ്പടി തകര്‍ന്നു എന്നതാണ് വലിയ തിരിച്ചടി. തുടര്‍ന്നിങ്ങോട്ട് കാര്യങ്ങള്‍ മെച്ചപ്പെട്ടില്ല എന്നു മാത്രമല്ല ഉള്ളതിലും മോശമാകുകയും ചെയ്തു.

ജുഡീഷ്യറി സ്വന്തമായി നിയമം ഉണ്ടാക്കുകയോ ഭരണം നടത്തുകയോ ഭരണാധികാരിയെ നിയോഗിക്കുകയോ ഉദ്യോഗസ്ഥരെ നിയമിക്കുകയോ നികുതിപ്പണം വിനിയോഗിക്കുകയോ ഒന്നും ചെയ്യുന്നില്ല എന്നതുകൊണ്ടുകൂടി ആണല്ലോ പുറംഏജന്‍സികളുടെ മേല്‍നോട്ടത്തില്‍നിന്നും നിരീക്ഷണത്തില്‍നിന്നും ജുഡീഷ്യറിയെ മാറ്റിനിര്‍ത്തുന്നത്.. ആ നില മാറിക്കൊണ്ടിരിക്കുന്നു. നിരവധി പുതിയ കീഴ്വഴക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഓരോ പുതിയ ചീഫ് ജസ്്റ്റിസും സേവനകാലാവധി പൂര്‍ത്തിയാക്കുന്നത്. മുന്‍കാലങ്ങളിലൊന്നും കോടതിയുടെ പരിഗണനയില്‍ വന്നിട്ടില്ലാത്ത തരം വിഷയങ്ങളില്‍ സന്തോഷപൂര്‍വം ഇടപെടുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു. ഉത്തരേന്ത്യയില്‍ നടക്കുന്ന കര്‍ഷകപ്രക്ഷോഭം സംബന്ധിച്ച പ്രശ്നത്തില്‍ തലയിട്ട് കാര്‍ഷികനിയമം സ്റ്റേ ചെയ്യുമ്പോള്‍ അതൊരു ജുഡീഷ്യല്‍ നടപടിയോ രാഷ്ട്രീയ നടപടിയോ എന്ന ചോദ്യം ഉയരുന്നു. കാര്‍ഷികനിയമത്തില്‍ എന്തു നിയമപ്രശ്നമാണ് ഉണ്ടായിരുന്നത്?

ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണാധികാരികള്‍ ചെയ്തതിനും ചെയ്യാത്തതിനും ജനങ്ങളുടെയും മാധ്യമങ്ങളുടെയും കോടതികളുടെയും വിമര്‍ശനം കേള്‍ക്കാന്‍ ബാധ്യസ്ഥമാണ്. ഭരണകൂടം ചെയ്യേണ്ട കാര്യങ്ങള്‍ ജുഡീഷ്യറി ചെയ്യാന്‍ തുടങ്ങിയാല്‍ അവരും ഇതേ വ്യവസ്ഥ ബാധകമാകേണ്ടതല്ലേ?  വിമര്‍ശനം കേള്‍ക്കാന്‍ അവരും ബാധ്യസ്ഥരാകേണ്ടേ? ആര്‍ക്കും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത അധികാരം കൈവശം വെക്കാന്‍ ഒരു സ്ഥാപനത്തെയും ജനാധിപത്യവ്യവസ്ഥ അനുവദിക്കാന്‍ പാടില്ലാത്തതാണ്. ജുഡീഷ്യറിക്കും അതു ബാധകമാണ്.

 

നിയമം നിര്‍മിക്കുന്നതും ജുഡീഷ്യറി

കോടതിയലക്ഷ്യനിയമങ്ങള്‍ സമൂലം പുതുക്കിയെഴുതേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. നേരത്തെ തന്നെ ഈ പ്രശ്നം ഉയര്‍ന്നുവന്നതാണ്. ഹൈക്കോടതി വിധികള്‍ക്ക് നിയമസഭകള്‍ പാസ്സാക്കുന്ന നിയമത്തിനു തുല്യമായ പ്രാബല്യം ഉണ്ടാകുമെന്ന ഭരണഘടനാ വ്യവസ്ഥ പലപ്പോഴും ചൂണ്ടിക്കാണിക്കാറുണ്ട്. വ്യത്യസ്ത ഹൈക്കോടതികളില്‍ വ്യത്യസ്ത കേസ്സുകളില്‍ വിരുദ്ധങ്ങളായ നിരവധി വിധികള്‍ വരുമ്പോള്‍ നിയമനിര്‍മാണസഭകള്‍ തന്നെ അപ്രസക്തമാകുന്നുണ്ട്. നിയമനിര്‍മാണം ഭാഗികമായെങ്കിലും ജനപ്രതിനിധി സഭകളില്‍ നിന്നു ജുഡീഷ്യറിയിലേക്കു മാറുമ്പോള്‍ അതിനെക്കുറിച്ച് തുറന്ന അഭിപ്രായപ്രകടനവും, വിമര്‍ശനം ആവശ്യമെങ്കില്‍ അതും ഉയര്‍ത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടാകണം. അതാണ് ജനാധിപത്യം. കോടതിയലക്ഷ്യനിയമത്തിന്റെ മറവില്‍ ജസ്റ്റിസുമാര്‍ ഒളിച്ചിരുന്നുകൂടാ. വിധിയില്‍ വ്യത്യസ്താഭിപ്രായം എഴുതി വെക്കാമെന്നല്ലാതെ, ഒട്ടും വിമതശബ്ദം ഉയരാത്ത സ്ഥാപനമാണ് ജുഡീഷ്യറി. അഡ്വ. പ്രശാന്ത് ഭൂഷണ്‍ പ്രതിയായ കോടതിയലക്ഷ്യക്കേസ്സില്‍ ഉള്‍പ്പെടെ പുതിയ ഒരു വഴിത്താര തുറക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഒരു രൂപ പിഴ വിളിക്കുന്നതുപോലുള്ള തമാശകളിലൂടെ തടിയൂരുകയാണ് കോടതി ചെയ്തത്്.

മാധ്യമപ്രവര്‍ത്തകനായ അതുല്‍ ദേവ് ദ് കാരവന്‍ മാഗസീനില്‍ എഴുതിയ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത് സുപ്രിം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ കാലമാണ് ചീഫ് ജസ്റ്റിസുമാരായ ജെ.എസ് ഖെഹാര്‍, ദീപക് മിശ്ര, രഞ്്ജന്‍ ഗൊഗോയ് എന്നിവര്‍ ചുമതല വഹിച്ച 2017 ജനവരി മുതല്‍ 2019 നവംബര്‍ വരെയുള്ള കാലം എന്നാണ്. ഖെഹാറിനു ശേഷം ഗൊഗോയ്ക്ക് മുന്‍പ് എന്ന് ആ കറുത്ത കാലത്തെ അടയാളപ്പെടുത്താമെന്നും അദ്ദേഹം എഴുതി. പല കാര്യങ്ങളിലും ‘ആദ്യമായി ‘ എന്നു രേഖപ്പെടുത്തേണ്ട കാലം.   ആദ്യമായി, തനിക്കു താല്പര്യമുള്ള കേസ്സുകള്‍ താന്‍തന്നെ വിചാരണ ചെയ്ത കാലം. ആദ്യമായി, സിറ്റിങ്ങ് ജസ്റ്റിസുമാര്‍ ചീഫ് ജസ്റ്റിസിനെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കാന്‍ പത്രസമ്മേളനം നടത്തിയ കാലം. ആദ്യമമായി, ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്യാന്‍ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്ന കാലം. ആദ്യമായി, താന്‍ കക്ഷിയായ പ്രശനത്തില്‍ താന്‍ തന്നെ വിചാരണ നടത്തി വിധി പറയുക എന്ന നിയമലംഘനത്തിന് ഒരു ചീഫ് ജസ്റ്റിസ് ഒരമ്പെട്ട കാലം. ആദ്യമായി ഒരു ചീഫ് ജസ്റ്റിസിന് എതിരെ കോടതിയിലെ ഉദ്യോഗസ്ഥ ലൈംഗികപീഡനാരോപണം ഉന്നയിക്കപ്പെട്ട കാലം. ചീഫ് ജസ്റ്റിസ് തന്നെ ആ പരാതി വിചാരണ ചെയ്ത് സ്വന്തം നിരപരാധിത്വം പ്രഖ്യാപിച്ച കാലം…… അങ്ങനെ പോകുന്ന നീതിന്യായത്തിന്റെ പുതുയുഗക്കാഴ്ചകള്‍.

തുറന്ന കോടതി എന്ന സങ്കല്പം തന്നെ ദുര്‍ബലമാവുകയാണ്. സുപ്രിം കോടതിയില്‍ സ്വതന്ത്ര മാധ്യമങ്ങളുടെ പ്രതിനിധികള്‍ വരികയോ പ്രധാന കേസ്സുകള്‍ റിപ്പോര്‍ട്ടു ചെയ്യുകയോ ചെയ്യേണ്ടതില്ല എന്ന അവസ്ഥയും ഇനി വന്നുകൂടെന്നില്ല. ലൈവ് ലോ, ബാര്‍ ആന്റ് ബെഞ്ച് എന്നീ വെബ്സൈറ്റുകള്‍ ഇപ്പോള്‍ അപ്പോഴപ്പോള്‍ കേസ് വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തുന്നു. ഈ വെബ്സൈറ്റുകള്‍ നടത്തുന്നതും റിപ്പോര്‍ട്ടുകള്‍ എഴുതുന്നതും ഇന്റര്‍വ്യൂകള്‍ നടത്തുന്നതും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരല്ല, കോടതിക്കകത്തുള്ളവര്‍ തന്നെയാണ്. മാധ്യമപ്രവര്‍ത്തകരെ ആരും ഇപ്പോഴും തടയുന്നില്ല എന്നതു ശരിയാണ്. പക്ഷേ, കോടതിയില്‍ പോകാതെ കാര്യംനടക്കും എന്നു വരുന്നതോടെ, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ അത്യപൂര്‍വമായി നടത്തുന്ന തുറന്നുകാട്ടലുകള്‍പോലും ഇനി ഇല്ലാതാകും എന്നര്‍ത്ഥം.

അര്‍ണബിന് ഒരു നീതി….

ഗൊഗോയ്ക്കു ശേഷം എന്നൊരു കാലപരിഗണന ഉണ്ടാകുമെന്ന ധാരണയും മാറുകയായി. സ്ഥിതി ഗൊഗോയ് കാലത്തേക്കാള്‍ മോശമാകുകയാണ്. കേന്ദ്ര ഭരണകക്ഷിയുടെ ഔദ്യോഗിക ചാനലെന്ന മട്ടില്‍ ഒരു നിയമവും നീതിയും മര്യാദയും ബാധകമല്ലാത്ത മാധ്യമപ്രവര്‍ത്തനം നടത്തുന്ന അര്‍ണബ് ഗോസ്വാമിക്കു ജാമ്യം നല്‍കാന്‍ വേണ്ടി സുപ്രിം കോടതി ഒരു ദിവസം മുഴുവന്‍ ചെലവഴിക്കുകയും അര്‍ണബിനോളം വി.ഐ.പി പരിഗണന കിട്ടാത്ത അനേകം മാധ്യമപ്രവര്‍ത്തകരും സാഹിത്യപ്രപവര്‍ത്തകരും പൊതുപ്രവര്‍ത്തകരും മറ്റും വര്‍ഷങ്ങളായി ജാമ്യം കിട്ടാതെ ജയിലില്‍ കിടക്കുകയും ചെയ്യുന്ന അപൂര്‍വ അനീതിന്യായവും പരമോന്നത കോടതിയില്‍ സംഭവിക്കുന്നു. അര്‍ണബിനെപ്പോലെ വി.ഐ.പി സ്റ്റാറ്റസ് ഇല്ലാതെ പോയതാണ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായ സിദ്ധിഖ് കാപ്പന്റെ കുറ്റം. അദ്ദേഹത്തോട് ജാമ്യത്തിനു കീഴ്കോടതിയില്‍ പോകാനാണ് പരമോന്നത കോടതി കല്പിച്ചത്. കാപ്പന് കീഴ്കോടതിയില്‍ അഭിഭാഷകനെ കാണാന്‍ പോലും അനുമതി കിട്ടിയില്ല. സിദ്ധിഖ് കാപ്പനോടു ചെയ്ത അനീതിയിലല്ല, അതു സംബന്ധിച്ച കോടതിവാര്‍ത്തയിലെന്തോ തെറ്റുണ്ടായി എന്നതിലാണ് ചീഫ് ജസ്റ്റിസ് കൂടുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചത്.

ഇനിയുള്ള കാലത്തും പൗരന്മാരുടെയും മാധ്യമങ്ങളുടെയും കണ്ണെത്താത്തഉയരത്തില്‍ ജുഡീഷ്യറി നിലകൊള്ളേണ്ട കാര്യമുണ്ടോ എന്ന് ആലോചിക്കാന്‍ സമയമായിട്ടുണ്ട്. മിക്ക ജനാധിപത്യരാജ്യങ്ങളിലും ഉണ്ടായിക്കഴിഞ്ഞ മാറ്റങ്ങളൊന്നും ഇന്ത്യയില്‍ ഉണ്ടാകുന്നില്ല. കോടതികള്‍ മാറ്റത്തെ ഭയപ്പെടുന്നു എന്നാണ് നിരീക്ഷകര്‍ക്ക് തോന്നാറുള്ളത്. നാം മാതൃകയാക്കുന്ന ബ്രിട്ടന്‍ കോടതിയലക്ഷ്യത്തിന് ഒട്ടും പ്രാധാന്യം കല്പിക്കുന്നില്ല. അവിടെ ആരെയും ഈ കുറ്റത്തിന് അടുത്ത കാലത്തൊന്നും ശിക്ഷിച്ചിട്ടില്ല. ഒരു വിമര്‍ശനവും തങ്ങള്‍ക്കെതിരെ ആരും ഒന്നും പറയരുതെന്ന സ്വാര്‍ത്ഥചിന്തക്കപ്പുറമുള്ള നീതിനിര്‍വഹണമാണോ ഇക്കാര്യത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറി ഉയര്‍ത്തിപ്പിടിക്കുന്നത്? സുപ്രിം കോടതി അടുത്ത കാലത്ത്്് പ്രശാന്ത് ഭൂഷനെ ഈ കുറ്റത്തിന് ഒരു രുപ പിഴയടക്കാന്‍ ശിക്ഷിച്ചതില്‍ പ്രതിഫലിച്ചത്് നിയമബോധമാണോ കുറ്റബോധമാണോ പ്രതിഫലിച്ചത്?  അര്‍ണബ് വിഷയത്തില്‍ സുപ്രിംകോടതിയെ പരിഹസിച്ച ഹാസ്യകലാകാരന്‍ കുനാല്‍ കംറയെ വിചാരണ ചെയ്യാനൊരുങ്ങുകയാണ് കോടതി. നിയമം മാറ്റിയെഴുതേണ്ട കാലമായി എന്നാണ് ഓരോ ദിവസവും കോടതികളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കേള്‍ക്കുന്ന വെളിപ്പെടുത്തലുകള്‍  വിളിച്ചു പറയുന്നത്.   ജനാധിപത്യസംവാദങ്ങള്‍ക്കിടയില്‍ കുറച്ചെല്ലാം പരിധി വിട്ട അഭിപ്രായപ്രകടനങ്ങളും അധിക്ഷേപങ്ങളും ഉണ്ടായേക്കാം. അവഗണിക്കേണ്ടവയെ അവഗണിക്കുകയും മറുപടി പറയേണ്ടതിന് മറുപടി പറയുകയും ചെയ്യുന്നതാവും ജുഡീഷ്യറിക്കും ജനാധിപത്യത്തിനുതന്നെയും നല്ലത് എന്നു തോന്നുന്നു.

(പാഠഭേദം 2021 ഫിബ്രുവരി ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്)

 

Leave a Reply

Your email address will not be published. Required fields are marked *

Go Top