കാരിക്കേച്ചറുകളില്‍ നിന്നാണ് കാര്‍ട്ടൂണ്‍ എന്ന കലാരൂപം വികാസം പ്രാപിച്ചെത്തിയതെന്ന് യൂറോപ്യന്‍ ചിത്രകലാചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാരിക്കേച്ചറുകള്‍ ഇറ്റലിയിലെ ചിത്രകാരന്മാരുടെ സംഭാവനയാണെന്നും അവര്‍ വെളിപ്പെടുത്തുന്നു. ‘കാരികേര്‍’ എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ത്ഥം അതിശയോക്തി ചേര്‍ക്കുക എന്നത്രെ. വ്യക്തികളെ, അവരുടെ ഏതെങ്കില്‍ അവയവമോ ശരീരഭാഗമോ ഉള്ളതിലും വലുതാക്കി ചിത്രീകരിച്ച് പരിഹസിക്കുന്നതാണ് കാരിക്കേച്ചര്‍ അക്കാലത്തും. ചിത്രകലയുടെ ഭാഗം തന്നെയായിരുന്നു അതും. ലിയോനാര്‍ഡോ ഡാ വിന്‍സി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇത്തരം ചിത്രങ്ങള്‍ വരച്ചിരുന്നു. ഇത് കാലം 1700-1700. കാര്‍ട്ടൂണിങ്ങിന്റെ സുവര്‍ണകാലമായിരുന്നു 1770-1830 എന്നാണ് കാര്‍ട്ടൂണ്‍ മ്യൂസിയം അവരുടെ വെബ്‌സൈറ്റിലെ കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
മലയാളം അച്ചടി തന്നെ ഈ പറഞ്ഞ കാലത്ത് ഏതാണ്ട് ആരംഭിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. മലയാളലിപിയിയിലുള്ള ആദ്യത്തെ സമ്പുര്‍ണ്ണപുസ്തകമായ സംക്ഷേപവേദാര്‍ഥം 1772 ല്‍ റോമിലാണല്ലോ അച്ചടിക്കുന്നത്. 1847ല്‍ മാത്രമാണ് നമ്മുടെ ആദ്യപത്രം ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പുറത്തിറക്കുന്നത്. പിന്നെയും മുക്കാല്‍ നൂറ്റാണ്ടിലേറെ പിന്നിട്ടാണ് മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റ് ജനിക്കുന്നത്-എം. ഭാസ്‌കരന്‍. സഞ്ജയനും എം.ബി.യും അസാധാരണ ആത്മൈക്യമുള്ള രണ്ട് പ്രതിഭാശാലികളായിരുന്നു. താന്‍ തുടങ്ങിവച്ച സഞ്ജയന്‍, വിശ്വരൂപം എന്നീ ഹാസ്യപ്രസിദ്ധീകരണങ്ങളില്‍ വരക്കാന്‍ സഞ്ജയന്‍ തന്നെ കണ്ടെത്തിയതാണ് ഭാസ്‌കരനെ. അക്കാലത്തെ ലോകപ്രസിദ്ധ കാര്‍ട്ടൂണ്‍ വാരികയായ പഞ്ച് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളോട് കിടപിടിക്കുന്ന ചിത്രങ്ങളായിരുന്നു ഭാസ്‌കരന്റേതെന്ന് പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. അന്ന് കാര്‍ട്ടൂണിസ്റ്റ് എന്ന വാക്കുപോലും മലയാളത്തില്‍ എത്തിയിരുന്നില്ല. ഏറിയാല്‍ ഹാസ്യചിത്രകാരന്‍ എന്നൊരു വിശേഷണമേ ഉണ്ടായിരുന്നുള്ളൂ. നാല് വര്‍ഷം മാത്രമാണ് സഞ്ജയനും ഭാസ്‌കരനും ഒന്നിച്ച് പ്രവര്‍ത്തിച്ചത്. മറ്റനേകം പ്രതിഭാശാലികളെ അകാലത്തില്‍ അപഹരിച്ച ക്ഷയരോഗമാണ് രണ്ടുപേരെയും അല്പായുസ്സുകളാക്കിയത്.
സഞ്ജയന്‍ മരണമടഞ്ഞ് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായ 1958 ല്‍ കോഴിക്കോട്ടെ സഞ്ജയന്‍ സ്മാരക സമിതി പുറത്തിറക്കിയ ഹാസ്യപ്രകാശം എന്ന കൃതിയോളം ഗൗരവമേറിയ മറ്റൊരു കൃതി ഹാസ്യത്തെകുറിച്ച് മലയാളത്തിലുണ്ടായിട്ടില്ല എന്ന് സംശയലേശം കൂടാതെ പറയാനാവും. ലോകഭാഷകളിലെ ഹാസ്യസാഹിത്യത്തെ കുറിച്ചുള്ള സമഗ്രപഠനങ്ങള്‍ അടങ്ങുന്നതാണ് ആ കൃതി. അന്നത്തെ ഏറ്റവും പ്രഗത്ഭരായ 51 എഴുത്തുകാരാണ് ഈ കൃതി തയ്യാറാക്കിയത്. അടുത്ത കാലത്ത് തപസ്യ പുന: പ്രസിദ്ധീകരിച്ചിട്ടുണ്ട് ഹാസ്യപ്രകാശം. അതില്‍ എഴുതിയവരില്‍ ഒരാള്‍ ഒഴികെ മറ്റാരും ജീവിച്ചിരിപ്പുള്ളതായി തോന്നുന്നില്ല. ആ ഒരാള്‍ മാതൃഭൂമിയുടെ കണ്ണൂര്‍ ലേഖകനും മയ്യഴി വിമോചന പോരാളിയും ആയിരുന്ന ഫ്രഞ്ച് ഭാഷാപണ്ഡിതന്‍ മംഗലാട്ട് രാഘവന്‍ ആണ്. ഈ സമാഹാരത്തില്‍ ഒരു ലേഖനം മലയാളത്തിലെ ആദ്യത്തെ പൊളിട്ടിക്കല്‍ കാര്‍ട്ടൂണിസ്റ്റായ ഭാസ്‌കരനെ കുറിച്ചുള്ളതാണ്. മാതൃഭൂമി പ്രസിദ്ധീകരിച്ച സഞ്ജയന്‍ സമാഹൃത കൃതികളുടെ രണ്ടാം വാള്യത്തില്‍ ഭാസ്‌കരന്റെ ഒമ്പത് കാര്‍ട്ടൂണുകള്‍ ചേര്‍ത്തിട്ടുണ്ട്.
ഭാസ്‌കനെ കുറിച്ചുള്ള ലേഖനം എഴുതിയത് ശിവദാസ് എന്നൊരു ലേഖകനാണ്. അദ്ദേഹത്തെ ലേഖനത്തിന് ചുവടെ പരിചയപ്പെടുത്തിയിട്ടില്ല. സഞ്ജയന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ ആയിരിക്കാനാണ് സാധ്യത. പക്ഷേ അദ്ദേഹം എം.ഭാസ്‌കരന്റെ സുഹൃത്തായിരുന്നില്ല. ഒരു തവണയേ താന്‍ ഭാസ്‌കരനെ കണ്ടിട്ടുള്ളൂ എന്ന് ലേഖനാരംഭത്തില്‍ ശിവദാസ് പറയുന്നുണ്ട്. രജിസ്റ്റര്‍ കച്ചേരിയില്‍ ജോലിക്കാരനായ ലേഖകന്‍ മുമ്പില്‍ ഹാജരാക്കപ്പെട്ട ആധാരങ്ങളില്‍ ഒന്നില്‍ സുപരിചിതമായ ഒരു കയ്യൊപ്പ് കണ്ടാണ് അതിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ‘ കുറച്ച് കൊല്ലങ്ങളായി കേരള കലാലോകത്തെ കോള്‍മയിര്‍ കൊള്ളിച്ചു കൊണ്ടിരുന്ന ഹാസ്യചിത്രകാരന്‍ എം.ഭാസ്‌കരന്റെ സുപരിചിതമായ കയ്യൊപ്പ് ! വാസനാസമ്പന്നനായ ആ കലാകാരനെ നേരിട്ട് കാണുവാന്‍ കൊതിച്ചുകൊണ്ടിരുന്ന എന്റെ ഹൃദയം തരളിതമായി… അദ്ദേഹത്തെ വിളിക്കുവാന്‍ ആളയച്ചു’ – അങ്ങനെ പോകുന്ന ലേഖകന്റെ ഭാസ്‌കരനുമായുള്ള ആദ്യസമാഗമത്തിന്റെ വിവരണം. അത് ഞെട്ടലുളവാക്കുന്ന ഒരു കണ്ടെത്തലിലാണ് എത്തുന്നത്. എന്തോ രോഗം പിടിപെട്ട് പേന പിടിക്കാന്‍ കഴിയാത്തവിധത്തില്‍ വക്രിച്ച് വിരലുകളാണ് ആ കലാകാരന് ഉണ്ടായിരുന്നത്.
സഞ്ജയന്റെ കണ്ണില്‍പെട്ടില്ലായിരുന്നുവെങ്കില്‍ ഭാസ്‌കരന്‍ അറിയപ്പെടുന്ന ചിത്രകാരന്‍ ആവുമായിരുന്നില്ല. മാതൃഭൂമി വിശേഷാല്‍പ്രതിയില്‍ ചില ചിത്രങ്ങള്‍ വരച്ചിരുന്നു. അതിന് മുമ്പ് ചില ഇംഗ്ലീഷ് മാസികകളിലും വരച്ചിട്ടുണ്ട്. ക്ഷയരോഗബാധിതനായാണ് നാട്ടിലെത്തിയത്. സഞ്ജയന്‍ ഭാസ്‌കരനെ തിരഞ്ഞുപിടിച്ച് കണ്ടെത്തുകയും കാര്‍ട്ടൂണുകള്‍ വരക്കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. വെറും മുന്നുനാല് വര്‍ഷമേ അവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചുള്ളൂ. നിര്‍ഭാഗ്യവശാല്‍ സഞ്ജയന്‍ പെട്ടന്ന് മരിച്ചു. സഞ്ജയന്‍ മരിച്ചപ്പോള്‍ തോരാത്ത കണ്ണീരോടെ ചിത്രകാരന്‍ ഇരിക്കുന്ന ഒരു ചിത്രം ഭാസ്‌കരന്‍ വരച്ചത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അധികം താമസിയാതെ ഭാസ്‌കരനും മരിച്ചു. സഞ്ജയനെ കുറിച്ച് ധാരാളം പഠനങ്ങളും അനുസ്മരണങ്ങളും പുറത്തുവന്നെങ്കിലും ഭാസ്‌കരന്‍ ഇന്നും മലയാളികള്‍ക്ക് അജ്ഞാതനായി കഴിയുന്നു.
ഭാസ്‌കരന്‍ ആദ്യത്തെ ആക്ഷേപഹാസ്യ ചിത്രകാരനായിരുന്നുവെങ്കില്‍ ആദ്യത്തെ ലക്ഷണമൊത്ത ആക്ഷേപഹാസ്യ ലേഖനകര്‍ത്താവായിരുന്നു കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍. ഹാസ്യരചനകളുടെ നല്ലൊരു കാലത്തില്‍ നിന്ന് പ്രചോദനം നേടിയവരാണ് മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ സാഹിത്യകാരന്മാരായ സഞ്ജയനും ഇ.വി.കൃഷ്ണപ്പിള്ളയും. യഥാര്‍ത്ഥത്തില്‍ ഇവരുടെ അറിയപ്പെടേണ്ട പിന്‍ഗാമി കേസരിയാണ്. ഒരു പക്ഷേ, മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത കോളമിസ്റ്റും അദ്ദേഹമായിരിക്കും.
സ്വദേശാഭിമാനിയുടെ ഈ സമകാലികന്‍ അദ്ദേഹത്തെപ്പോലെ അധികാരിവര്‍ഗത്തിനെതിരെ ഗര്‍ജിച്ച പത്രപ്രവര്‍ത്തകനാണ്. ആദ്യത്തെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ ആണ് അദ്ദേഹമെന്ന് പുതുപ്പള്ളി രാഘവന്‍ വിശേഷിപ്പിക്കുന്നുണ്ട്. കേസരി എന്ന പേരില്‍ കൂടുതല്‍ അറിയപ്പെടുന്നത് കേസരി ബാലകൃഷ്ണപ്പിള്ളയാണ്. പക്ഷേ, അദ്ദേഹത്തിന്റെ സീനിയര്‍ ആണ് വടക്കന്‍ കേസരി എന്ന് വിളിക്കപ്പെടാറുള്ള കേസരി വേങ്ങയില്‍ നായനാര്‍.
വിദ്യാസമ്പന്നനും നിയമസഭാംഗവുമായിരുന്നു അദ്ദേഹം. കേരള പത്രിക എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് കേസരിയും പിന്നീട് സഞ്ജയനും എഴുതിത്തുടങ്ങുന്നത്. ‘ ഒരു നരിമട വര്‍ണിക്കുന്ന ഘട്ടത്തില്‍ ‘ഹൂ എന്തൊരു ഘ്രാണമായിരുന്നു! മുന്‍സിപ്പാലിറ്റിയില്‍ കൂടി ഇത്ര ദുര്‍ഗന്ധമുണ്ടാവില്ല’ എന്ന് കേസരി എഴുതിയത് പില്‍ക്കാലത്തെ സഞ്ജയവിമര്‍ശനത്തിന്റെ ആദ്യ മാതൃകയായി കണക്കാക്കാവുന്നതാണ്.
പിന്നീട് കേസരി സ്വന്തമായി ആരംഭിച്ചതാണ് കേരള സഞ്ചാരി. 1879 ല്‍ പതിനെട്ടാം വയസ്സില്‍ സാഹിത്യരചന തുടങ്ങിയതാണ് നായനാര്‍. നിരവധി പത്രങ്ങളുടെ പത്രാധിപരായിരുന്നു അദ്ദേഹം. കേസരി എന്ന തൂലികാനാമത്തിന് പുറമെ ദേശാഭിമാനി. സ്വദേശമിതന്‍, വജ്രബാഹു, വജ്രസൂചി, വിദൂഷകന്‍, വികടദൂഷകന്‍ തുടങ്ങിയ നിരവധി തൂലികാനാമങ്ങളില്‍ എണ്ണമില്ലാത്ത കൃതികള്‍ രചിച്ചിട്ടുണ്ട് കേസരി. ഏഴെട്ട് പ്രസിദ്ധീകരണങ്ങളില്‍ കാല്‍ നൂറ്റാണ്ടോളം എഴുതിയിട്ടുണ്ട് അദ്ദേഹം. നിര്‍ഭാഗ്യവശാല്‍ ബഹുഭൂരിപക്ഷവും ഇനി തിരിച്ചുകിട്ടാത്തവിധം നഷ്ടമായിരിക്കുന്നു.
കാര്‍ട്ടൂണ്‍ രചനയുടെയും ആക്ഷേപഹാസ്യ രചനയുടെയും മേഖലയില്‍ മലയാളത്തിന് അഭിമാനകരമായ ഒരു ഭൂതകാലമുണ്ട്. കണ്ടെത്തിയതിലേറെ നഷ്ടമായി എന്നതാണ് നമ്മുടെ ദുരന്തം. ഇനിയുള്ളതെങ്കിലും നഷ്ടമാകാതെ നോക്കേണ്ടതുണ്ട് നാം.