ജനാധിപത്യം ജോര്‍

ഇന്ദ്രൻ

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്വത്തെക്കുറിച്ച് വിദേശത്തൊന്നും ആരും കുറേയായി കുറ്റവും കുറവും പറയാത്തതെന്ത് എന്നൊരു വേവലാതി നമുക്കുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ 197577 കാലത്താണ് ആഗോളമായി ഇന്ത്യന്‍ജനാധിപത്യം ചര്‍ച്ചാവിഷയമായത്. അന്ന് സായിപ്പന്മാര്‍ക്കൊക്കെ ബഹുസന്തോഷമായിരുന്നു. അവര്‍ ആഘോഷപൂര്‍വം പറഞ്ഞുകൊണ്ടിരുന്നു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കഥകഴിഞ്ഞു, ഇന്ത്യയുടെ കഥയും ഉടനെ കഴിയും.

ആ പാട്ട് ഒന്നൊന്നര വര്‍ഷമേ നീണ്ടുനിന്നുള്ളൂ. ജനാധിപത്യം ഇല്ലാതാക്കി ഏകാധിപത്യം നടപ്പാക്കിയ ആള്‍ക്ക് 18 മാസം കഴിഞ്ഞപ്പോള്‍ എന്തോ കാരണത്താല്‍ അതങ്ങ് മടുത്തു. ഏകാധിപതി സ്വയം തിരഞ്ഞെടുപ്പ് നടത്തി വൃത്തിയായി തോറ്റ് വീട്ടില്‍ പോയിരുന്നു. ജനാധിപത്യം ഇല്ലാതാക്കിയ ആള്‍തന്നെ വീണ്ടും ജനാധിപത്യത്തിലേക്ക് മടങ്ങാന്‍ നടപടിയെടുക്കുന്ന സംഭവം വേറെങ്ങും കണ്ടതല്ല. ചില്ലറ ജാലവിദ്യപോലെ ഇന്ത്യയില്‍ ജനാധിപത്യം മടങ്ങിവന്നു. വീട്ടില്‍ പോയ ഏകാധിപതിയെ കുറച്ചുകാലം പ്രൊബേഷനില്‍ നിര്‍ത്തിയശേഷം ജനം അധികാരത്തില്‍ മടക്കിക്കൊണ്ടുവന്നു. എന്തെല്ലാം കണ്ടിരിക്കുന്നു ഈ ഇന്ത്യ.

ഇപ്പോഴിതാ വീണ്ടും ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ലോകത്തിന് ചാന്‍സ് കിട്ടിയിരിക്കുന്നു ബാല്‍താക്കറെ എന്ന പ്രതിഭാസത്തിന്റെ മരണശേഷം. രണ്ട് പെമ്പിള്ളേരെ പിടിച്ച് ജയിലിലിട്ടതാണോ ഇത്രവലിയ സംഭവം എന്നുചോദിച്ചേക്കും. സത്യമായും അതിനേക്കാള്‍ വലിയ സംഭവം ഈ കാലത്ത് മറ്റെങ്ങും സംഭവിച്ചിട്ടില്ല. ഒരാള്‍ മരിച്ചപ്പോള്‍ ഇങ്ങനെ കടയടപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ശരിയായില്ലെന്നൊരു കുട്ടി എഴുതി. അത് ശരിയാണ് എന്ന് വേറൊരു കുട്ടിയും. രണ്ടിനെയും പോലീസ് പിടിച്ചു. എഴുതിയ ആദ്യയുവതിയുടെ വീട്ടിലേക്ക് ഭീഷണി, അമ്മാവന്റെ കടയാക്രമിച്ചു. വിശ്വസിക്കാന്‍ നമുക്ക് പറ്റുന്നില്ല. സര്‍വ ദേശീയ നേതാക്കളെയും കളിയാക്കുന്ന കാര്‍ട്ടൂണ്‍ വരച്ച് ജീവിതം തുടങ്ങിയ ഒരാള്‍ ലോകത്തെ നന്നാക്കാന്‍ രാഷ്ട്രീയത്തിലിറങ്ങിയതായിരുന്നു. ലോകം വളരെ നന്നായി. ഈ മഹാന്റെ സ്വാധീനം കുറേക്കൂടി വര്‍ധിച്ച് രാജ്യഭരണം കൈയിലായിരുന്നെങ്കില്‍ ഇന്ത്യയില്‍ ജയിലിന് പുറത്തുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ജയിലിലാകുമായിരുന്നു. പടച്ചതമ്പുരാന് സ്തുതി, അത് സംഭവിച്ചില്ല.

വെറുതേ കേറി ആളുകളെ തല്ലുകയും കൊല്ലുകയും ചെയ്യുന്ന പാര്‍ട്ടികളും അനുയായികളും വേറെങ്ങും ഇല്ലാഞ്ഞിട്ടല്ല. നമ്മുടെ കേരളത്തിലും ഉണ്ട്. പക്ഷേ, അവരാരും മുംബൈയില്‍ ചെയ്‌തേടത്തോളം ചെയ്യുകയില്ല. ചെയ്തതിനു മുഴുവന്‍ അവരാണ് ഉത്തരവാദികള്‍ എന്നും പറഞ്ഞുകൂടാ. ഫെയ്‌സ്ബുക്കില്‍ എന്തോ എഴുതിയെന്നുകേട്ട് വിറളിപൂണ്ട് പാഞ്ഞുനടന്നത് ശിവസേനക്കാരാവും. ശരി. പക്ഷേ, അവരുടെ പരാതി വാങ്ങി പാഞ്ഞുചെന്ന് പെണ്‍കുട്ടികളെ പിടികൂടിയത് ബാല്‍താക്കറെയുടെ അനുയായികളല്ല, പോലീസാണ്. മതേതര ജനാധിപത്യ, ഗാന്ധിയന്‍ പാര്‍ട്ടിയാണ് മഹാരാഷ്ട്രം ഭരിക്കുന്നത്. അതെല്ലാം സഹിക്കാം. നിയമംപഠിച്ച് നീതി നടപ്പാക്കാന്‍ ശമ്പളംപറ്റുന്ന ഒരു ജഡ്ജിയാണ് കൊലയാളിയെയോ കൊള്ളക്കാരിയെയോ റിമാന്‍ഡ് ചെയ്യുംപോലെ പെണ്‍കുട്ടികളെ ജയിലിലേക്ക് അയച്ചത്.

ചെയ്തതുമുഴുവന്‍ നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് പറയാന്‍ പറ്റുമോ ? അതുപറ്റില്ല. നാല് വര്‍ഷം മുമ്പൊരു ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നോ മറ്റോ കേട്ടപ്പോള്‍ത്തന്നെ വിരസതയോടെ കോട്ടുവായിട്ടു ജനപ്രതിനിധികള്‍. അതെന്തോ കമ്പ്യൂട്ടറിന്റെ നിയമമാണ്, നമ്മളെന്ത് ചര്‍ച്ചചെയ്യാനാണ് എന്ന മട്ടില്‍ ആരും ഒന്നും മിണ്ടിയില്ല. ചര്‍ച്ചയേ ഇല്ലാതെ ബില്‍ നിയമമായി. അല്ലെങ്കിലും ആവശ്യമുള്ള കാര്യമൊന്നും അവിടെ ചര്‍ച്ച ചെയ്താല്‍ ആരും ശ്രദ്ധിക്കാറുമില്ല. 12 മിനിറ്റുകൊണ്ട് 42 ബില്‍ പാസാക്കി ലോകറെക്കോഡിട്ട ലോക്‌സഭയാണ് നമ്മുടേത്. ജനാധിപത്യത്തെ, ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ, വളര്‍ന്നുവരുന്ന തലമുറയെ ബാധിക്കുന്ന നിയമമാണെന്നും അവര്‍ നോക്കിയില്ല. അങ്ങ് കൈയടിച്ചുപാസാക്കി. പുറത്ത് ചിലരെല്ലാം ഇതിന്റെ ഗൗരവാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. ആരും ശ്രദ്ധിച്ചില്ല. താന്‍ കൊണ്ടുവരുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുന്നൊരു നിയമമാണ്, എല്ലാവരും ആലോചിച്ച് അഭിപ്രായം പറയണം എന്ന് ഉപദേശിക്കേണ്ട കാര്യം മന്ത്രിക്കില്ലല്ലോ. ജനം കത്തെഴുത്ത് നിര്‍ത്തി ഇ മെയിലയയ്ക്കുകയും പത്രവായനയേക്കാള്‍ പ്രധാനമായി ഇന്റര്‍നെറ്റ് വായിക്കുകയും ചെയ്യുന്ന കാലം നാലുവര്‍ഷത്തിനകം വരും എന്ന് കാണാന്‍മാത്രം മഹാന്മാരല്ലല്ലോ അവര്‍ !

നിയമം പാസാക്കേണ്ട ജനപ്രതിനിധികള്‍ക്കേ ഈ പരിമിതിയൊക്കെ ഉള്ളൂ. നിയമം തയ്യാറാക്കുന്ന വിദഗ്ധര്‍ക്കും അവരെ നയിക്കുന്ന കബില സിബിലന്മാര്‍ക്കും തലയുണ്ട്, തലയില്‍ ആള്‍പാര്‍പ്പുമുണ്ട്. നാളത്തെ മാധ്യമം ഇന്റര്‍നെറ്റാവും എന്നും അധികാരികള്‍ ഏറ്റവും ഭയപ്പെടേണ്ടിവരിക അതിനെയാവും എന്നുമൊക്കെ അവര്‍ മുന്നില്‍ കണ്ടുകാണും. സത്യംതന്നെ. പത്രങ്ങളെയും ചാനലുകളെയും വശത്താക്കാന്‍ പല പൊടിക്കൈകളുമുണ്ട്. ഇന്റര്‍നെറ്റില്‍ വഴിയേ പോകുന്ന ആര്‍ക്കും തലയിടാം. എന്തും എഴുതാം. ഈ ജനത്തെയെല്ലാം എങ്ങനെ നിയന്ത്രിക്കാനാണ്? എഴുപത് ലക്ഷം ആളുകള്‍ ഇംഗ്ലീഷ്പത്രം വായിക്കുമ്പോള്‍ ആറുകോടി ആളുകള്‍ മാസം ഫെയ്‌സ്ബുക്ക് വായിക്കുന്നു എന്നൊരു വിദഗ്ധന്‍ എഴുതിയിട്ടുണ്ട്. നിയമമുണ്ടാക്കിയവര്‍ അതിനൊരു ഒറ്റമൂലിയേ കണ്ടുള്ളൂ. ജയിലിലിടും എന്ന് ഭീഷണിപ്പെടുത്തുക. ആരെയെങ്കിലും രൂക്ഷമായി അവഹേളിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ വല്ലതും എഴുതിയാല്‍ മൂന്നുവര്‍ഷം ജയിലിലിടാം എന്നൊരു വകുപ്പെഴുതിവെച്ചു. രൂക്ഷമായി അവഹേളിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആണോ എന്നാരാണ് തീരുമാനിക്കുക ? പരാതിക്കാരന്‍തന്നെ, വേറെയാര് ? ഇതുപോലൊരു വകുപ്പ് പത്രത്തിലെഴുതുന്നവര്‍ക്കും പ്രസംഗിക്കുന്നവര്‍ക്കും ബാധകമാക്കിയാല്‍ എഴുത്ത് നില്‍ക്കും. പത്രങ്ങളും ഉണ്ടാകില്ല, അഭിപ്രായസ്വാതന്ത്ര്യവും ഉണ്ടാവില്ല, ജനാധിപത്യംതന്നെയും ഉണ്ടാവില്ല. കാരണം ആര്‍ക്കും തോന്നാം ഏത് വിമര്‍ശനവും അവഹേളനപരമാണെന്ന്. എഴുതുന്നത് പത്രത്തിലാണെങ്കില്‍ പരാതിയുള്ളവര്‍ കോടതിയില്‍ കേസ് കൊടുക്കണം. കുറ്റകരമായി എഴുതി എന്ന് കോടതിയെ ബോധ്യപ്പെടുത്തിയാലേ എഴുതിയ ആളെ ശിക്ഷിക്കൂ. ഇന്റര്‍നെറ്റിലാണെങ്കില്‍ അതൊന്നും വേണ്ട. അവഹേളനപരമാണെന്ന് എഴുതിയ ആള്‍ക്ക് തോന്നിയാല്‍ മതി. ജാമ്യം കിട്ടുംവരെ ആള്‍ ജയിലിലാണ്. എന്നിട്ടും കോടതിയില്‍ ചെന്ന് സര്‍ക്കാര്‍ പറഞ്ഞത് ഈ വകുപ്പ് മാറ്റേണ്ട കാര്യമില്ല എന്നാണ്.

ബാല്‍താക്കറെ മരിച്ചപ്പോള്‍ കടകളടച്ച് ബന്ദാചരിച്ചതിനെക്കുറിച്ച് മുംബൈയിലെ ഏറ്റവും പ്രധാന ഇംഗ്ലീഷ് പത്രം മുഖ്യതലവാചകമെഴുതിയത് ഇങ്ങനെയാണ് ജീവിച്ചിരുന്നപ്പോള്‍ കടകളടപ്പിച്ച ആള്‍ മരിച്ചപ്പോഴും കടയടപ്പിച്ചു ലക്ഷക്കണക്കിന് കോപ്പിയുള്ള പത്രത്തില്‍ ഇങ്ങനെയെഴുതിയത് അവഹേളനപരമായി ശിവസൈനികര്‍ക്ക് തോന്നിയില്ല. തോന്നിയിട്ടും കാര്യമില്ല. ഇതിനെതിരെ പരാതിയുമായി പോലീസ്‌സ്‌റ്റേഷനില്‍ ചെന്നാല്‍, നമുക്ക് പണിയാക്കാതെ അനിയന്‍ പോയി വേറെ വല്ല പണിയും നോക്ക് എന്നേ പോലീസ് പറയൂ. എന്നാലും, ശിവസൈനികര്‍ക്ക് പോയി പത്രത്തിന് തീയിടാമായിരുന്നു. എന്തോ, ഇംഗ്ലീഷ് ആയതുകൊണ്ട് മനസ്സിലായിക്കാണില്ല. ഇന്റര്‍നെറ്റും ഫെയ്‌സ്ബുക്കും ആയാല്‍ ഒരു പ്രയാസവുമില്ല. ഒരു പരാതി കൊടുത്താല്‍ മതി. അറസ്റ്റ്, റിമാന്‍ഡ്, വിവാദം….
അതിവിചിത്രമാണ് ജനാധിപത്യത്തിന്റെ പോക്ക്. ദക്ഷിണേന്ത്യക്കാരെ പീഡിപ്പിച്ചുകൊണ്ട് സേവനം തുടങ്ങി, ഒടുവില്‍ ആയിരങ്ങള്‍ വര്‍ഗീയകലാപങ്ങളില്‍ കൊല്ലപ്പെടുന്നേടത്തോളം ജനമൈത്രി വളര്‍ത്തിയ, നിയമത്തിനും മര്യാദയ്ക്കും പുല്ലുവില കല്പിച്ചിട്ടില്ലാത്ത, ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ പദവിപോലും വഹിച്ചിട്ടില്ലാത്ത ആളെ ദേശീയപതാകയില്‍ പൊതിഞ്ഞാണ് അന്ത്യയാത്രയ്ക്ക് കൊണ്ടുപോയത്. ദേശീയപതാകയെ അവഹേളിച്ചതിന് കേസെടുക്കുകയാണ് വേണ്ടിയിരുന്നത്. പോകട്ടെ…. ഒരുകുറ്റവും ചെയ്തിട്ടില്ലാത്ത പെണ്‍കുട്ടികള്‍ക്ക് അറസ്റ്റും ജയിലും….

Leave a Reply

Your email address will not be published. Required fields are marked *

Go Top