തലശ്ശേരിയുമായുള്ള നിത്യബന്ധങ്ങള്‍ അവസാനിച്ചത് എഴുപതുകളുടെ അവസാനത്തോടെയാണ്. എടക്കാട് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസിലെ ക്ലാര്‍ക്ക് ജോലി ഉപേക്ഷിച്ച് കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഓഫീസ് ജോലിക്കായി വണ്ടി കേറിയത് എനിക്ക് പത്തിരുപത്തഞ്ച് വയസ്സുമാത്രം പ്രായം ഉണ്ടായിരുന്നപ്പോഴാണ്. എന്തിനാടാ റവന്യൂ വകുപ്പിലെ പണി കളഞ്ഞ് നീ യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്നത് ? അവിടെ നിനക്ക് വൈസ് ചാന്‍സലറാവാനൊന്നും പറ്റില്ലല്ലോ. ഇവിടെ റവന്യൂവകുപ്പില്‍ നിന്ന് പിരിയുമ്പോള്‍ കലക്റ്ററാകാന്‍ പോലും ചാന്‍സ് കിട്ടില്ലേ ? അമ്മയുടെയും സഹോദരിമാരുടെയും അമ്മാമന്മാരുടെയും ചോദ്യങ്ങളില്‍ സംശയങ്ങളും ആശങ്കകളും നിറഞ്ഞുനിന്നിരുന്നു. എന്റെ മറുപടി അവര്‍ക്ക് കടും പൊട്ടത്തരമായി തോന്നിക്കാണും. അവിടെ വലിയ ലൈബ്രറിയും പഠിക്കാനുള്ള സൗകര്യവും ഉണ്ടല്ലോ. അതുകൊണ്ടാണ് പോകുന്നത് എന്ന എന്റെ വിശദീകരണം തമാശയായി തോന്നിയാല്‍ അവരെ കുറ്റപ്പെടുത്തിക്കൂടാ. ഇവിടെ പഠിക്കേണ്ട കാലത്ത് നേരാംവണ്ണം പഠിക്കാത്ത ആളാണോ ഇനി യൂണിവേഴ്‌സിറ്റി ഓഫീസില്‍ ശമ്പളത്തിന് പണിയെടുക്കുമ്പോള്‍ പഠിക്കാന്‍ പോകുന്നത് !
നാലഞ്ച് പതിറ്റാണ്ടായി പുസ്തകം വായിക്കുന്നുണ്ട്. അതിന്റെ വിവരമൊന്നും തലയില്‍ ഇല്ലെങ്കിലും വായന എന്നും പിരിയാത്ത കൂട്ടായി ജീവിതത്തിലുണ്ട്. തലശ്ശേരിയെകുറിച്ചുള്ള ഓര്‍മകളില്‍ അതൊരു നൊസ്റ്റാല്‍ജിയ തന്നെയാണ്. പത്താം ക്ലാസ് പിന്നിടും വരെ വായന വീട്ടില്‍ വന്നുപെടാറുള്ള നോവല്‍ പുസ്തകങ്ങളിലും മാതൃഭൂമി ഉള്‍പ്പെടെയുള്ള വാരികകളിലും ഒതുങ്ങിയിരുന്നു. അമ്മാവന്മാര്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ വായനക്കാരായിരുന്നു എന്നത് വായനയുടെ നല്ല അടിത്തറ ഇടാന്‍ പര്യാപ്തമായി. മാതൃഭൂമി കഴിഞ്ഞാല്‍ പിന്നെ ജനയുഗം. ബിമല്‍മിത്ര നോവലുകളും ചമ്പല്‍ കൊള്ളക്കാരും അക്കാലത്തെ ജനയുഗം സ്‌പെഷ്യാലിറ്റിയായിരുന്നു.
തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ റോഡിലേക്ക് കടക്കുന്നതുതന്നെ ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ മുന്നിലൂടെ നടന്നാണ്. എസ്.എസ്.എല്‍.സി. പിന്നിടും വരെ ആ ലൈബ്രറിയിലേക്ക് ഒരംഗം എന്ന നിലയില്‍ കയറിച്ചെല്ലാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ് എന്ന് ഓര്‍മയില്ല. നിയമതടസ്സമായിരുന്നോ വീട്ടിലെ തടസ്സമായിരുന്നോ എന്തോ. ഒന്നോര്‍മയുണ്ട്. പരീക്ഷ കഴിഞ്ഞ് ആദ്യം ചെയ്തത് ഒരു അപേക്ഷാഫോറം വാങ്ങി ലൈബ്രറിയില്‍ അംഗമാകുക ആയിരുന്നു. വലിയൊരു സംഖ്യ ( !) ആയിരുന്നു അന്നത്തെ അംഗത്വഫീസ്… മൂന്നുരൂപ !. ഒരുതവണ അടച്ചാല്‍ മതി. മാസം ഫീസ് ഒന്നുമില്ല. 1971 ആയിരുന്നു കാലം എന്നോര്‍ക്കണം. പ്രി ഡിഗ്രി കഴിയുംമുമ്പ് ഏതാണ്ട് എല്ലാ പുസ്തകങ്ങളും വായിച്ചുതീര്‍ന്നിരുന്നു. വലിയ ശേഖരമൊന്നും അക്കാലത്തുണ്ടായിരുന്നില്ല. വളരെയൊന്നും പ്രോത്സാഹജനകമായിരുന്നില്ല അന്നത്തെ ലൈബ്രറി ജീവനക്കാരുടെ സമീപനമെന്നും ഓര്‍ക്കുന്നു.
ബിരുദത്തിന് പഠിച്ച മൂന്നുവര്‍ഷമാണ് ജീവിതത്തിലെ ഏറ്റവും നല്ല വായനക്കാലം. ഗവ.ബ്രണ്ണന്‍ കോളേജിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ത് എന്ന് ചോദിച്ചാല്‍ ഏറ്റവും വല്ല ലൈബ്രറി എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. കേരളത്തിലെ ഒരു ലൈബ്രറിയിലും ഇല്ലാത്ത അപൂര്‍വ ഗ്രന്ഥങ്ങള്‍ അവിടെ ഉണ്ട്. പലതും നൂറ്റാണ്ട് പഴക്കമുള്ളവ പോലുമായിരുന്നു. എന്റെ തലമുറയെ പിന്തുടര്‍ന്ന് വന്നവര്‍ കണ്ടിട്ടേ ഉണ്ടാവില്ല ശങ്കേഴ്‌സ് വീക്ക്‌ലി. എഴുപത്താറില്‍ അത് നിലയ്ക്കുന്നതുവരെ സ്ഥിരമായി വായിക്കാന്‍ കഴിഞ്ഞിരുന്നു. ജോണ്‍ ഗുന്തറിന്റെ ഇന്‍സൈഡ് ഏഷ്യാ തുടങ്ങിയ ഇന്‍സൈഡ് പരമ്പരകള്‍ ഇന്നും ഓര്‍ക്കുന്ന അപൂര്‍വമായ ഒരു വായനാനുഭവമായിരുന്നു. ക്ലാസ്സുകളില്‍ ചെലവഴിച്ചതിലേറെ സമയം ലൈബ്രറിയിലാണ് ചെലവഴിച്ചത്.
വായിച്ചാലും വായിച്ചാലും തീരാത്ത അത്രയും പുസ്തകങ്ങള്‍ കോളേജ് ലൈബ്രറിയിലുണ്ടായിരിക്കേ ഞാന്‍ എന്തിനാണ് പാലയാട്ടെ കൈരളി വായനശാലയില്‍ അംഗത്വമെടുത്ത് പുസ്തകം തിരഞ്ഞുചെന്നിരുന്നത് എന്ന് ഓര്‍ക്കാനോ കഴിയുന്നില്ല. പാലയാട്ടുകാരനായ സഹപാഠി സി.പി.ഹരീന്ദ്രന്റെ പ്രേരണ മാത്രമായിരുന്നോ എന്തോ. അന്ന് എം.എ വിദ്യാര്‍ത്ഥിയായിരുന്ന ചൂര്യായി ചന്ദ്രന്‍ ആ ലൈബ്രറിയുടെ മുഖ്യപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. കോളേജ് ലൈബ്രറിയില്‍ സമകാലീന രാഷ്ട്രീയവുമായി ബന്ധമുള്ള പുസ്തകങ്ങള്‍ കുറവായിരുന്നു എന്നതാവാം ഞാന്‍ പാലയാട്ട് എത്തിപ്പെടാന്‍ ഒരു കാരണം. മിക്കവാറും എല്ലാ ഇടതുപക്ഷ പുസ്തകങ്ങളും പാലയാട്ട് ഉണ്ടായിരുന്നു. ബി.എ മൂന്നാം വര്‍ഷം ആയപ്പോള്‍ വന്നുചേര്‍ന്ന അടിയന്തരാവസ്ഥ എന്റെ രാഷ്ട്രീയത്തിനും മറ്റ് ഗുലുമാലുകള്‍ക്കും അറുതി വരുത്തി. പിന്നെ വായനയും പതിഞ്ഞ ചര്‍ച്ചയുമേ സാധ്യമായിരുന്നുള്ളൂ. കോളേജ് ലൈബ്രറിയില്‍ ഓരോരുത്തര്‍ വായിക്കുന്നതും അപ്പടി ഉച്ചയൂണ്‍ സമയത്തും ക്ലാസ് കട്ട് ചെയ്ത് കിട്ടുന്ന ഒഴിവുകളിലും ചര്‍ച്ച ചെയ്യുന്ന വലിയ കൂട്ടായ്മകള്‍ ക്യാമ്പസ്സില്‍ രൂപപ്പെട്ടിരുന്നു. അത്യന്താധുനിക നോവലിന്റെയും ഇടതുസാഹസികതകളുടെയും കാലമായിരുന്നല്ലോ അത്. ചൈനക്ക് മുകളില്‍ ഉയര്‍ന്ന ചുവപ്പ് താരം നക്‌സല്‍ബാരി വഴി ഇന്ത്യയിലും ഉയരുന്നത് കാത്ത് ക്ഷമ നശിച്ചവര്‍ക്ക് പ്രതീക്ഷ പുസ്തകവായന മാത്രമായിരുന്നു.
ബി.എ. പഠനകാലത്തെ സായാഹ്നങ്ങള്‍ ചെലവഴിച്ചിരുന്ന തലശ്ശേരി കറന്റ് ബുക്‌സിലാണ്. എഴുത്തുകാരനും ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമായിരുന്ന ഓ.പി.രാജ്‌മോഹന്റെ സാന്നിദ്ധ്യം ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് വലിയ സഹായമായിരുന്നു. പുസ്തകക്കടയുടെ ഒരു മൂലയില്‍ മേശയും മൂന്നുകസേരകളും ഇട്ടിരുന്നത് മാന്യന്മാരായ ഉപഭോക്താക്കള്‍ക്ക് വേണ്ടിയായിരുന്നു എന്ന കാര്യം ഞങ്ങള്‍ക്ക് ബോധ്യമില്ലായിരുന്നു. നിവൃത്തിയുണ്ടെങ്കില്‍ പുസ്തകം കാശുകൊടുത്ത് വായിക്കാത്ത വര്‍ഗമാണ് അവിടെ സദാ തമ്പടിച്ചിരുന്നത്. വിദ്യാര്‍ത്ഥികളായ രത്‌നാകരനും ആനന്ദകൃഷ്ണനും പോസ്റ്റല്‍ ഉദ്യോഗസ്ഥനായ ഉണ്ണിയും കോടതിക്കടുത്ത് പ്രവര്‍ത്തിച്ചിരുന്ന യൂണിവേഴ്‌സിറ്റി സെന്റര്‍ വിദ്യാര്‍ത്ഥികളായ രാമചന്ദ്രന്‍ മൊകേരിയും രാമചന്ദന്‍ ചന്ദ്രമോഹനും മറ്റനേകം പേരും അവിടെയെത്തിയിരുന്നു. അവര്‍ക്കെല്ലാം സഹായിയായി രാജ്‌മോഹന്റെ അസിസ്റ്റന്റ് രാജേന്ദ്രനുണ്ട്. ഡി.സി.ബുക്‌സ് കറന്റ് ഏറ്റെടുക്കുന്നതിനുമുമ്പുള്ള കാലം ലിബറല്‍ വായനക്കാലമായിരുന്നു. ഏത് പുസ്തകവും എടുത്ത് മൂലയിരുന്ന് എത്രനേരം വേണമെങ്കിലും വായിക്കാം. ചിലപ്പോള്‍ ചില പുസ്തകങ്ങള്‍ കടലാസ്സില്‍ പൊതിഞ്ഞ് ആരും കാണാതെ കൊണ്ടുപോയി വീട്ടിലിരുന്ന് വായിച്ചുതീര്‍ത്ത് പിറ്റേന്ന് മടക്കിക്കൊടുത്തിട്ടുമുണ്ട്. രാജ് മോഹന്‍ കണ്ണടച്ചതുകൊണ്ടും കണ്ണിറുക്കിക്കാട്ടി അനുമതി തന്നിരുന്നതുകൊണ്ടുമാണ് അത് സാധിച്ചിരുന്നത്. നല്ല കാലം അധികം നീണ്ടുനിന്നില്ല. കറന്റ് തോമസ്സില്‍ നിന്ന് പുസ്തകക്കട ഡി.സി.കിഴക്കേമുറിയിലേക്ക് മാറി. തകര്‍ച്ചയിലായിരുന്ന സ്ഥാപനം അതോടെ വികാസത്തിലേക്ക് നീങ്ങി. കടയിലെ ശല്യക്കാരുടെ കസേരകള്‍ ക്രമേണ അപ്രത്യക്ഷമായി. കച്ചവടസാധനമാണ് പുസ്തകം എന്ന് ഞങ്ങള്‍ക്ക് അപ്പഴേ ശരിക്കും മനസ്സിലായുള്ളൂ!
യൂണിവേഴ്‌സിറ്റിയില്‍ ജനറല്‍ ലൈബ്രറി അവിടെ ചെലവഴിച്ച രണ്ടുവര്‍ഷക്കാലത്തെക്കുറിച്ചുള്ള ഏറ്റവും ആനന്ദകരമായ ഓര്‍മയായി അവശേഷിക്കുന്നു. തലശ്ശേരിയിലെ ലൈബ്രറികളിലൊന്നും കിട്ടാത്ത വിലയേറിയ വിദേശപുസ്തകങ്ങളും മറ്റും അവിടെച്ചെന്നാണ് ആദ്യമായി കാണുന്നതുതന്നെ. താഴെക്കിട യൂണിയന്‍ രാഷ്ട്രീയമത്സരങ്ങള്‍ക്കിടയിലും ലൈബ്രറിയും ലൈബ്രറിഹാളിലെ സാംസ്‌കാരികപരിപാടികളും ഫിലിം സൊസൈറ്റി പരിപാടികളും വലിയ ആശ്വാസമായി. വായനയുടെ സുവര്‍ണകാലമായി അത്. യൂണിവേഴ്‌സിറ്റി വിട്ട് മാതൃഭൂമിയില്‍ ചേര്‍ന്ന ശേഷവും ഗ്രാജ്വേറ്റ് മെമ്പര്‍ഷിപ്പ് തുടര്‍ന്നതുകൊണ്ട് കുറെക്കാലം കൂടി അവിടെച്ചെന്ന് പുസ്തകങ്ങള്‍ എടുക്കാനായി. കോഴിക്കോട്ട് നിന്നുതന്നെ സ്ഥലംമാറിപ്പോയപ്പോഴേ അതും നിലച്ചുള്ളു.
കോഴിക്കോട് നഗരത്തിന് ഒരുപാട് മേന്മകളും സാംസ്‌കാരികമായ ഔന്നത്യവും ഉണ്ടെങ്കിലും ഇന്നും അവിടെ നല്ല ലൈബ്രറികളില്ല എന്നതാണ് സത്യം. അലസ വായനക്കല്ലാതെ എന്തെങ്കിലും വിഷയം ആഴത്തിലൊന്നു പഠിക്കണമെന്ന് കരുതി കയറിച്ചെന്നാല്‍ ലൈബ്രറികളുടെ ദൗര്‍ബല്യം മനസ്സിലാവും. മുപ്പതുവര്‍ഷത്തിലേറെയായി പത്രപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന എനിക്ക് പലപ്പോഴും തോന്നാറുള്ളത്, ഞാന്‍ ഇപ്പോഴും പഴയ തലശ്ശേരി-യൂണിവേഴ്‌സിറ്റി വായനയുടെ നിക്ഷേപത്തിന്റെ പലിശ കൊണ്ടാണ് ജീവിക്കുന്നത് എന്നാണ്.
ഇന്നും വായന ഹരമായി നിലനില്‍ക്കുന്നുണ്ടെങ്കിലും വായന കൊണ്ട് വാസ്തവത്തില്‍ ഞാന്‍ എന്തുനേടി എന്നെനിക്ക് അറിഞ്ഞുകൂടാ. ഒരു കാര്യത്തിലും വലിയ അറിവൊന്നും വായന കൊണ്ട് ആര്‍ജിക്കാനായിട്ടില്ല. വായനയുടെ പരപ്പ് എത്ര ഉണ്ടായിട്ടും കാര്യമില്ല, വായിച്ചതില്‍ എത്ര പങ്ക് തലയില്‍ ബാക്കി നില്‍ക്കുന്നു എന്നതാണ് പ്രധാനം. വായിച്ച പുസ്തകങ്ങളില്‍ നിന്ന് ഓരോ പാരഗ്രാഫ് എങ്കിലും ഓര്‍ക്കാന്‍ കഴിഞ്ഞാല്‍ വലിയ പണ്ഡിതനായി നടിക്കാനെങ്കിലും കഴിയുമായിരുന്നു ! പക്ഷേ വായിച്ച പുസ്തകങ്ങളുടെ പേരുപോലും ഇന്ന് ഓര്‍ക്കാന്‍ കഴിയാതാവുന്നു. ഒരുപക്ഷേ വായിച്ചതെല്ലാം മറന്നാലും എന്തോ കുറെ മനസ്സിനെയും ചിന്തയെയും ജീവിതത്തെയും അര്‍ത്ഥവത്താക്കുന്നുണ്ടാവണം. വായന വായിക്കുമ്പോഴത്തെ നേരമ്പോക്കല്ലതന്നെ. അത് നമ്മെ സാംസ്‌കാരികമായി സമ്പന്നമാക്കുന്നുണ്ട് തീര്‍ച്ച.
(കോടിയേരി ലൈബ്രറി സ്മരണികക്ക് വേണ്ടി തയ്യാറാക്കിയ ലേഖനം)