സേവ് കെ.എം. മാണി ഫോറം

ഇന്ദ്രൻ


മാണിസാറിനെതിരായ കൊടുംക്രൂരത തുടര്ന്നാല് പാരീസില് സംഭവിച്ചത് കേരളത്തിലും സംഭവിക്കുമെന്ന് തിരുമേനി ഭീഷണിപ്പെടുത്തി എന്നൊന്നും പറഞ്ഞുണ്ടാക്കേണ്ട ആരും. അത്രയൊന്നും ഉദ്ദേശിച്ചിട്ടില്ല. എന്നാലും നാളെ അങ്ങനെ വല്ലതും സംഭവിച്ചാല് മുന്കൂട്ടി പറഞ്ഞില്ലല്ലോ എന്ന് ആരും പരിഭവിക്കരുത്. അത്രയേ ഉള്ളൂ. 

ധനമന്ത്രി കെ.എം. മാണി ഊരാക്കുടുക്കില്‌പ്പെട്ടിട്ട് മാസം മൂന്നായി. സാധാരണഗതിയില് തടിയൂരിപ്പോരാനുള്ള സമയമെന്നോ പിന്നിട്ടിരിക്കുന്നു. ഇതിലും വലിയ ഏതെല്ലാം കേസുകളില്‌നിന്ന് മുഖ്യമന്ത്രിയടക്കമുള്ളവര് തലയൂരിപ്പോന്നിരിക്കുന്നു. മാണി രക്ഷപ്പെടാന് ശ്രമിക്കായ്കയല്ല. ശ്രമിക്കുന്തോറും കുരുക്ക് മുറുകുന്നേ ഉള്ളൂ. രക്ഷപ്പെടുത്താന് പാഞ്ഞുവരേണ്ടത് പാര്ട്ടിയിലും മുന്നണിയിലും ഉള്ളവരാണ്. ആരും വരുന്നില്ലെന്ന് മാത്രമല്ല, തരംകിട്ടുമ്പോള് പിറകില്‌നിന്ന് കുത്തുന്നുമുണ്ട് ഓരോരുത്തര്.
സര്ക്കാറിന്റെ ഔദാര്യംകൊണ്ട് കഴിഞ്ഞുകൂടിപ്പോകുന്ന ഒരു ദുര്ബലസംഘമാണ് ബാര് ലോബി, ബാര് മാഫിയ എന്നും മറ്റും പറയുന്ന ഈ സാധനം. എമ്പാടും കാശ് കൈയിലുണ്ടെന്നത് സത്യംതന്നെ. അതുതന്നെയാണ് പ്രയാസവും. നിരന്തരം നോട്ട് ഇരട്ടിപ്പിക്കേണ്ടതുകൊണ്ട് നിരന്തരം നിയമലംഘനങ്ങളും വേണ്ടിവരും. അതിന് അധികാരിമാഫിയയുടെ സഹായം വേണം. സാധാരണഗതിയില് ഇത്തരമൊരു വാണിജ്യസംഘം സംസ്ഥാന ധനമന്ത്രിക്കെതിരെ തിരിഞ്ഞാല് അധികദിവസം നിന്ന് പിഴയ്ക്കാനാവില്ല. ഇവിടെ നേരേ തിരിച്ചാണ്. ധനമന്ത്രിക്കും സര്ക്കാറിനുമാണ് നിന്നുപിഴയ്ക്കാന് പ്രയാസമായിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് അഭ്യുദയകാംക്ഷികള് മാണിസാറിനെ രക്ഷിക്കാന് രംഗത്തിറങ്ങിയത്. വേറൊരു വഴിയും കണ്ടില്ല. സമുദായആത്മീയ ബഹുമാന്യന്മാരാണ് പ്രസ്താവനകളും പത്രലേഖനങ്ങളുമായി രണ്ടും കല്പിച്ച് ഇറങ്ങിയത്. സംഘടനാരൂപമൊന്നും കാണില്ല. പക്ഷേ, അതൊരു സേവ് കെ.എം. മാണി ഫോറമാണ്. വരുംനാളുകളില് കൂടുതല് ബഹുമാന്യര് രംഗത്തുവരും. അവരെല്ലാം തരംകിട്ടുമ്പോള് യു.ഡി.എഫിന്റെ കൊങ്ങയ്ക്ക് പിടിക്കുന്നവരാണ്. പക്ഷേ, മാണിസാറിന്റെ കാര്യം അങ്ങനെയല്ലല്ലോ. എന്തെല്ലാം പ്രശ്‌നങ്ങളില് പാഞ്ഞുവന്ന് സഹായിച്ച ആളാണ് കെ.എം.മാണി. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ആ ആത്മബന്ധം. നിഷ്‌കാമകര്മയോഗിയാണ്, ദൈവഭയമുള്ളവനാണ്, കുഞ്ഞാടാണ്. വോട്ടല്ലാതെ മറ്റൊന്നും പ്രതിഫലമായി വാങ്ങിക്കാറില്ല. അത്തരമൊരു മാന്യദേഹത്തെ അത്യാവശ്യഘട്ടത്തില് സഹായിക്കുന്നില്ലെങ്കില് പിന്നെ ‘ഈ ജീവിതമെന്തിന് തന്നു ആണ്ടിവടിവോനേ…’ എന്ന് പാടിപ്പോകും. ഇത്തരം ഘട്ടങ്ങളില് അഴിമതി, കോഴ എന്നും മറ്റും പറഞ്ഞ് പിന്തിരിയാന് ശ്രമിക്കുന്നത് ദൈവദോഷമാണ്. നായര് സര്വീസ് സൊസൈറ്റിക്കാരാണ് സമദൂരവും അഴിമതിസിദ്ധാന്തവുമെല്ലാം വെടിഞ്ഞ് ആദ്യം രംഗത്തിറങ്ങി സേവ് ഫോറത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചത്. പിറകെ ബിഷപ്പ് തിരുമേനി രംഗത്തെത്തി. ഇനി ക്യൂ നീളും.

മാണിസാറിനെ ഈ പരുവത്തിലാക്കിയത് ബാര് മാഫിയയോ പ്രതിപക്ഷപാര്ട്ടികളോ യു.ഡി.എഫിന്റെ വ്യാജ മദ്യവിരുദ്ധനയമോ ഭരണകക്ഷിയിലെ തന്നെ പാരവെപ്പുകാരോ അല്ല, മാധ്യമക്കാരാണ് എന്ന് സ്ഥാപിക്കുന്നതാണ് സേവ് ഫോറം രക്ഷാധികാരി ആര്ച്ച് ബിഷപ്പ് തിരുമേനി പത്രത്തിലെഴുതിയ ലേഖനം. തിരുമേനി ജി.കെ. ചെസ്റ്റര്ടനെയും ബര്ണാഡ്ഷായെയും കുറിച്ചൊക്കെ ലേഖനാദ്യം പറയുന്നതുകേട്ട് ഭയന്ന് പിന്വാങ്ങുകയൊന്നും വേണ്ട. കാര്യം നിസ്സാരം. മാണിസാറിനെ പത്രങ്ങളിങ്ങനെ വളഞ്ഞ് ആക്രമിക്കുന്നത് ക്രൂരതയാണ് എന്നുപറയാനേ അദ്ദേഹം ഉദ്ദേശിച്ചുള്ളൂ. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവുമൊന്നും തോന്നുംപോലെ ഉപയോഗിക്കരുത്. പാരീസില് കാര്ട്ടൂണ്പത്രം കാട്ടിയതിന് ഏതാണ്ട് സമാനമായ ദുഷ്ടപ്രവൃത്തിയാണ് കേരളത്തിലെ മാധ്യമങ്ങള് മാണിസാറിനോട് ചെയ്തുകൊണ്ടിരിക്കുന്നത്. ശരിയായ തെളിവില്ലാതെ ഒരു മനുഷ്യനെ തുടര്ച്ചയായി വേട്ടയാടുന്നതില് അപാകമുണ്ട്. കുറ്റവിചാരണയും ശിക്ഷയും മാധ്യമങ്ങള് ഏറ്റെടുക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിധിയില്ലെങ്കില് പ്രതികരണ സ്വാതന്ത്ര്യത്തിനും പരിധിയുണ്ടാവില്ല. അതാണ് പാരീസില് സംഭവിച്ചതെന്ന് തിരുമേനി വ്യക്തമാക്കുന്നു.
മാണിസാറിനെതിരായ കൊടുംക്രൂരത തുടര്ന്നാല് പാരീസില് സംഭവിച്ചത് കേരളത്തിലും സംഭവിക്കുമെന്ന് തിരുമേനി ഭീഷണിപ്പെടുത്തി എന്നൊന്നും പറഞ്ഞുണ്ടാക്കേണ്ട ആരും. അത്രയൊന്നും ഉദ്ദേശിച്ചിട്ടില്ല. എന്നാലും നാളെ അങ്ങനെ വല്ലതും സംഭവിച്ചാല് മുന്കൂട്ടി പറഞ്ഞില്ലല്ലോ എന്ന് ആരും പരിഭവിക്കരുത്. അത്രയേ ഉള്ളൂ. മാധ്യമങ്ങള് ലക്ഷ്മണരേഖ കടക്കരുത് എന്നുപറയാനേ തിരുമേനി ഉദ്ദേശിച്ചിരുന്നുള്ളൂ. എന്തുചെയ്യും, ചിലപ്പോള് പറഞ്ഞുവരുമ്പോള് തിരുമേനിതന്നെ അറിയാതെ ലക്ഷ്മണരേഖ കടന്നുപോകും. അത് ഈ രേഖയുടെ കുഴപ്പമാണ്. സീതയും പണ്ട് അങ്ങനെയാണ് രേഖ കടന്നുപോയത്.

ആകപ്പാടെ പറഞ്ഞുവന്നപ്പോള്, കോഴ കൊടുത്തെന്ന് പറഞ്ഞ ബാറുകാരും ഇല്ല, മാണിക്കെതിരെ തിരിഞ്ഞ പ്രതിപക്ഷക്കാരും ഇല്ല, മാണിക്ക് നിരന്തരം പാരവെക്കുന്ന പാര്ട്ടിക്കാരുമില്ല, വിജിലന്‌സ് അന്വേഷണവുമില്ല, കേസുമില്ല കോടതിയുമില്ല. പ്രതിക്കൂട്ടില് ഒരു പ്രതിമാത്രം. അത് മാധ്യമങ്ങളാണ്. നാലുവര്ഷമായി മുഖ്യമന്ത്രിയെയും ബാലകൃഷ്ണപ്പിള്ളയെയും മറ്റ് അരഡസന് മന്ത്രിമാരെയും ചാന്‌സ് കിട്ടിയപ്പോള് സി.പി.എം. സെക്രട്ടറി പിണറായി വിജയനെയുമെല്ലാം പ്രതിക്കൂട്ടില് കയറ്റി വിചാരണചെയ്തിട്ടുണ്ട് ഇതേ മാധ്യമങ്ങള്. അത് ക്ഷമിക്കാം. മാണിസാറിനോട് ചെയ്യാമോ ഈ കൊടിയ അനീതി? നരകമേ കിട്ടൂ ഈ ദുഷ്ടന്മാര്ക്ക്, സംശയമില്ല.

****

ബാലകൃഷ്ണപ്പിള്ളയെ വേണ്ടെന്നും പറയുന്നില്ല വേണമെന്നും പറയുന്നില്ല ഇടതുമുന്നണി. ഇതുകാരണം യു.ഡി.എഫിന് അകത്തുമല്ല, പുറത്തുമല്ല എന്ന അവസ്ഥയില് കുടുങ്ങിനില്പ്പാണ് പിള്ള. ക്രൂരമാണ് ഈ സമീപനം. തള്ളയെയും പിള്ളയെയും വേര്‌പെടുത്തിയില്ലെങ്കില് സംഗതി രണ്ടിനും അപകടമാണ് എന്ന് പറയേണ്ടല്ലോ.
ആര്ക്കും വാതില് കൊട്ടിയടച്ചിട്ടില്ല എന്ന് പറയുന്നുണ്ട് ഇടതുനേതാക്കള്. മലയാളത്തില് ഇതിനര്ഥം വാതില് തുറന്നുകിടക്കുന്നുണ്ട് എന്നാണ്. പക്ഷേ, രാഷ്ട്രീയത്തില് ഇതിന്റെ അര്ഥം വേറെയാണ്. ഇപ്പോള് തുറന്നുകിടക്കുന്നുണ്ട്, താന് ഇങ്ങോട്ട് വരാന് പുറപ്പെട്ടാല് ഉടന് വലിച്ചടയ്ക്കും എന്നാണ് അര്ഥം. ഇത് ഏറ്റവും നന്നായി അറിയുന്നയാള് ബാലകൃഷ്ണപ്പിള്ളയാണ്. പിള്ള എത്ര വാതില് കണ്ടിരിക്കുന്നു, വാതില് എത്ര പിള്ളമാരെ കണ്ടിരിക്കുന്നു. അഴിമതിക്കെതിരെ പറയുന്നതുകൊണ്ട് ഇപ്പോള് ഇടതുമുന്നണിക്ക് പിള്ള അര സ്വീകാര്യന് ആയിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്. പണ്ടൊക്കെ ആള് അഴിമതിക്കാരനാണോ അല്ലയോ എന്ന് നോക്കിയാണ് സമീപനം സ്വീകരിച്ചിരുന്നത്. ഇപ്പോള് കാലംമാറി. അഴിമതിക്കാരനാണോ എന്ന് നോക്കേണ്ടതില്ല. ആള് അഴിമതിക്കെതിരെ പറയണം എന്നേയുള്ളൂ. സ്വന്തം അഴിമതിക്ക് എതിരെയല്ല, മറ്റുള്ളവരുടെ അഴിമതിക്ക് എതിരെ. കെ.എം.മാണി, ഉമ്മന്ചാണ്ടി തുടങ്ങിയവരുടെ അഴിമതിക്കെതിരെ പിള്ള പറയുന്നുണ്ട്. ഫോണിലേ പറഞ്ഞിരുന്നുള്ളൂ എന്നതും നോക്കേണ്ട. പറഞ്ഞല്ലോ, അതുമതി. പിള്ളയ്‌ക്കൊപ്പം നമ്മളുണ്ട്. പിള്ളയ്‌ക്കെതിരെ മുമ്പ് കേസ് കൊടുത്തതും ശിക്ഷിപ്പിച്ചതുമൊന്നും നോക്കേണ്ട.

ഇതെല്ലാം തരണംചെയ്ത് ഇടതുമുന്നണിയുടെ ഇരുമ്പുവാതില് വലിയ അലര്ച്ചയോടെ തുറന്ന് പിള്ള, പുത്രന്, കൊട്ടാരക്കരവാസികളായ ഒരു ലോറിയില് കൊള്ളാവുന്ന ആളുകള് എന്നിവരെ അകത്ത് പ്രവേശിപ്പിച്ചു എന്നിരിക്കട്ടെ. തീര്‌ന്നോ പ്രശ്‌നം? ഇല്ല. തീരില്ല. അവിടെ നേരത്തേ പ്രവേശിച്ച കുറേ അഗതികള് നില്പ്പുണ്ട്. പേര് വെളിപ്പെടുത്തുകയില്ല. വ്യത്യസ്തതരം പെര്മിറ്റുകള് ലഭിച്ചവരെ അവിടെ കാണാം. മുറ്റത്ത് കയറാനുള്ളത്, ഗേറ്റില് നില്ക്കാനുള്ളത്, പറമ്പത്ത് നില്ക്കാനുള്ളത്, കോലായയില് പായ വിരിച്ച് കിടക്കാനുള്ളത്… ഇങ്ങനെ പോകുന്നു ഓരോരുത്തരുടെ അവസ്ഥ. ഇവര്ക്ക് സീനിയോറിറ്റി ക്രമവുമുണ്ട്. ഒരു ദശകമായി നില്ക്കുന്നവര് മുതല് ഏതാനും മാസംമുമ്പ് വന്നവര്വരെയുണ്ട്. ഇക്കൂട്ടത്തില് ചെന്ന് ക്യൂ നില്ക്കാന് പിള്ളസാറിനെ കിട്ടില്ല. അതിന് വേറെ ആളിനെ നോക്കണം. പിള്ളസാര് വന്നാല് നേരേ വാതില്തുറന്ന് അകത്തുകയറ്റി കട്ടിലിലിരുത്തണം. ആള് തറവാടിയാ… പണ്ട് സ്വന്തം ആനയുണ്ടായിരുന്ന ആളാ… ഏത്?

****

നിയമനിര്മാണസഭയില് മൂന്നിലൊന്ന് സീറ്റ് തരാം എന്നുപറഞ്ഞ് കാലം കുറേയായി സ്ത്രീകളെ പറ്റിച്ചുവരികയാണല്ലോ. അതേതായാലും നടപ്പില്ലാത്ത സ്ഥിതിക്ക് സങ്കടനിവൃത്തിക്കായി റേഷന് കാര്ഡ് സ്ത്രീകളുടെ പേരിലാക്കാന് തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകളെ ശാക്തീകരിക്കുന്നതില് റേഷന് കാര്‌ഡോളം ഫലപ്രദമല്ല ലോക്‌സഭ എന്ന് കണ്ടെത്തിയിട്ടുണ്ട്.
കാര്ഡ് നിലവില്വരുന്നതിന് മുമ്പുതന്നെ അതിന്റെ ഗുണം കിട്ടിത്തുടങ്ങി. കഴിഞ്ഞതവണ കുടുംബനാഥന് വെയിലില് ക്യൂനിന്ന സ്ഥാനത്ത് ഇത്തവണ ശ്രീമതി നിര്ഭാഗ്യവതിതന്നെ നില്ക്കണം. ക്യൂവിന്റെ നീളവും വെയിലിന്റെ ചൂടും കൂടുന്നതിനനുസരിച്ച് ശാക്തീകരണവും കൂടും. അപേക്ഷാഫോറത്തിന് നിന്നതിന്റെ ക്ഷീണം തീര്ന്നിട്ടുവേണം ഫോട്ടോ എടുക്കാനുള്ള ക്യൂ നില്ക്കാന്. അതെത്ര മണിക്കൂര് എന്ന് തീരുമാനമായിട്ടില്ല. കാര്ഡ് കിട്ടിക്കഴിഞ്ഞാല് പിന്നെ അത് പണയംവെക്കാന് ഭര്ത്താവ് ആവശ്യപ്പെടുമ്പോള് കൊടുക്കാതിരുന്നാല്, സബ്‌സിഡിത്തുക ബാങ്കില്‌നിന്ന് എടുത്തുകൊടുക്കാതിരുന്നാല് എല്ലാം ഉണ്ടാകുന്ന പോരാട്ടങ്ങള് സ്ത്രീകളെ ശക്തിമത്താക്കും.
റേഷന്കാര്ഡ് അപേക്ഷപോലെ സങ്കീര്ണമായ അപേക്ഷാഫോറം എ.കെ.47 തോക്ക് കിട്ടാന്‌പോലും ആവശ്യമില്ല. പൂരിപ്പിക്കുമ്പോള് തെറ്റിപ്പോയാല് ഫോറം മാറ്റിക്കിട്ടില്ലത്രെ. ഒരു കുടുംബത്തിന് ഒന്നുമാത്രം കിട്ടുന്ന സാധനം സ്വര്ഗരാജ്യത്തുനിന്ന് നൂലില് കെട്ടിയിറക്കിയതാണ്. എഴുതുമ്പോള് ഒരക്ഷരം തെറ്റിപ്പോയാല് ജയിലിലിടുമോ എന്ന് സംശയിച്ചുപോകും ജനത്തെ പിടികൂടിയ ഭീതി കണ്ടാല്. ജനത്തെ വിരട്ടാന് റേഷന്കാര്ഡും ആയുധമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Go Top