ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയെ കുറിച്ച് ആദ്യമായി കേട്ടതുതന്നെ അവര്‍ ഏര്‍പ്പെടുത്തുന്ന മാധ്യമ അവാര്‍ഡിന് എന്റെ പേര് കൂടി പരിഗണിക്കുന്നു് എന്ന് ന്യൂയോര്‍ക്കില്‍ നിന്ന് കൃഷ്ണ കിഷോര്‍ വിളിച്ചുപറഞ്ഞപ്പോഴാണ്. കൃഷ്ണ ഡിലോയ്റ്റ് കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥനാണെങ്കിലും ഏഷ്യാനെറ്റിനും മാതൃഭൂമിക്കും വേണ്ടി കുറെകാലമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അവാര്‍ഡ് നിര്‍ദ്ദേശം അന്ന് അത്ര കാര്യമായി എടുത്തില്ല. അവാര്‍ഡുകളോടുള്ള മോഹമെല്ലാം അവസാനിച്ചുകഴിഞ്ഞിരുന്നു. പക്ഷേ, അമേരിക്കന്‍ പര്യടനം കൂടി ഉള്‍പ്പെടുന്ന ഒരു അവാര്‍ഡ് ആരെയാണ് പ്രലോഭിപ്പിക്കാതിരിക്കുക?പക്ഷേ, അതൊന്നും എനിക്കുള്ളതല്ല എന്ന തോന്നലുള്ളതുകൊണ്ട് മനസ്സ് വല്ലാതെയൊന്നും പിടച്ചിരുന്നില്ല. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഒരു സുപ്രഭാതത്തില്‍ അന്നത്തെ ഇന്ത്യാ പ്രസ് ക്ലബ് പ്രസിഡന്റ് റജി ജോര്‍ജ് ആ അവാര്‍ഡ് എനിക്കാണ് എന്ന് വിളിച്ചുപറഞ്ഞപ്പോള്‍ മനസ്സ് ശരിക്കും പിടച്ചു.
ഇതുപോലെ വേറൊരു അവാര്‍ഡ് ഇല്ല. ഒരു ലക്ഷം രൂപ സമ്മാനം അമേരിക്കയിലുള്ളവര്‍ക്ക് വലിയ തുകയല്ല. പക്ഷേ കേരളത്തില്‍ സാഹിത്യ അവാര്‍ഡുകള്‍ ആ തുകയിലെത്തിയത് ഈയിടെ മാത്രമാണ്. പത്രപ്രവര്‍ത്തക അവാര്‍ഡുകള്‍ ഇപ്പോഴും ആ തുകയിലെത്തിയിട്ടില്ല. പണത്തിന്റെ വലുപ്പത്തേക്കാളേറെ ഈ അവാര്‍ഡ് വേറെ രണ്ട് കാരണങ്ങളാല്‍ എന്നെ അഭിമാനം കൊള്ളിച്ചു. ഒന്ന്്, കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള മൂന്നംഗ ജൂറിയാണ് എന്നെ തിരഞ്ഞെടുത്തത്. ഡോ.ബാബുപോളും കെ.എം.റോയിയും സക്കറിയയുമാണ് ആ ജൂറിയിലുായിരുന്നത് എന്ന് ഞാന്‍ പിന്നീട് അറിഞ്ഞു. ഏത് സംഘടന തരുന്ന ബഹുമതിയായാലും അത് നിശ്ചയിക്കുന്നത് വിശ്വാസ്യത ഉള്ളവരാകുമ്പോള്‍ അവാര്‍ഡ് തുകയുടെ മൂല്യം ഉയരുമെന്ന് തീര്‍ച്ച. അതാണ് ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ ഒരു ലക്ഷം രൂപയേക്കാള്‍ വലുതായി തോന്നിയത്.
അവാര്‍ഡ് കോരിത്തരിപ്പിക്കാനുള്ള രണ്ടാമത്തെ കാരണം, അവാര്‍ഡ് അമേരിക്കയില്‍ ചെന്നാണ് വാങ്ങേണ്ടത് എന്നതുതന്നെ. വിദേശയാത്ര, അത് സദാ ബോംബ് പൊട്ടുന്ന ഇറാഖിലേക്കായാലും വലിയ പ്രലോഭനമാണ്. മുമ്പൊന്നും കണ്ടിട്ടില്ലാത്ത കാഴ്ചകള്‍, ആളുകള്‍, സങ്കല്‍പ്പിച്ചിട്ടില്ലാത്ത അനുഭവങ്ങള്‍….വിദേശയാത്രയിലെ ഓരോ നിമിഷവും നമ്മളെ ഏതോ ലോകത്തെത്തിക്കും എന്ന് രണ്ട് മുന്‍കാല വിദേശയാത്രകള്‍ എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി ഒരു ചാന്‍സ് കിട്ടിയാല്‍ ഏത് രാജ്യത്തേക്ക് പോകാനാണ് ഇഷ്ടപ്പെടുക എന്ന് ചോദിച്ചാല്‍ ഇഷ്ടമുള്ള ഒരു ഡസന്‍ പേരുകള്‍ എഴുതിയാലും അതില്‍ അമേരിക്ക വരുമായിരുന്നില്ല. എന്തുകൊണ്ടാണ് അമേരിക്കയെ മനസ്സിന് പിടിക്കാതെ വന്നത് എന്നെനിക്ക് ഉറപ്പിച്ച് പറയാനാവില്ല. സാമ്രാജ്യത്വവിരോധമൊന്നുമായിരുന്നില്ല എന്നുറപ്പ്.
ഒരു മര്യാദയും ന്യായവും ഇല്ലാതെ, ഇന്ത്യക്കാരെ’വിസാ ഭീകരത’ക്ക് വിധേയമാക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഒന്നാമത് അമേരിക്കയാണല്ലോ. നമ്മുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഒരു വിസാ സമ്പ്രദായമാണ് അവരുടേത്. നേരത്തെ ബ്രിട്ടനിലും അതിന് മുമ്പ് ജര്‍മനിയിലും പോയപ്പോഴൊന്നും പ്രശ്‌നം ഉണ്ടായിട്ടില്ല. അവര്‍ക്ക് കടലാസ്സും രേഖകളും അയച്ചുകൊടുത്താല്‍ മതി. അമേരിക്കക്ക് വിസാ അപേക്ഷകനെ നേരിട്ട് കാണണം!കാണുന്ന കക്ഷിക്ക് നമ്മെ പിടിച്ചില്ലെങ്കില്‍ വിസയില്ല. അതിന് കാര്യം വേണ്ട, കാരണം വേണ്ട. ഇല്ലെന്ന് പറഞ്ഞാല്‍ ഇല്ല എന്നുതന്നെ അര്‍ത്ഥം. മുഖ്യമന്ത്രിയെക്കൊണ്ട് ഒബാമയ്ക്ക് ശിപാര്‍ശക്കത്തയപ്പിച്ചാലൊന്നും സംഗതി നടക്കില്ല. അവന്റെ രാജ്യത്ത് ഞാന്‍ പോകില്ല എന്ന് ചിലപ്പോഴെല്ലാം തോന്നിയിരുന്നു എന്നത് ശരിതന്നെ. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറഞ്ഞതുപോലെ. കിട്ടിയിപ്പോള്‍ എനിക്ക്ത് ഭയങ്കര മധുരമായിത്തോന്നു. ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ തീരുമാനം വന്നതുമുതലുള്ള എന്റെ ചിന്ത എങ്ങനെ ഈ വിസാഭീകരത മറികടന്ന് അവിടെയെത്താം എന്നായിരുന്നു.
ചെന്നൈയിലെ യു.എസ്.അംബസിയില്‍ വിസാ ഇന്റര്‍വ്യുവിന് ചെന്നപ്പോള്‍ നീണ്ട ക്യൂവും തിക്കുതിരക്കുമെല്ലാം ഉണ്ടായിരുന്നെങ്കിലും എന്നെ മാത്രം പ്രത്യേകം ഒരു ഉദ്യോഗസ്ഥന്റെ അടുത്തേക്കാണ് കൊണ്ടുപോയത്. അവാര്‍ഡും അമേരിക്കയില്‍ നിന്നുള്ള ക്ഷണക്കത്തും മറ്റും കണ്ടപ്പോള്‍തന്നെ ഉദ്യോഗസ്ഥന്‍ ഇതുനോബല്‍ സമ്മാനത്തില്‍ കുറഞ്ഞ ബഹുമതിയൊന്നുമല്ല എന്ന മട്ടില്‍ എന്നെ ലാവിഷ് ആയി അഭിനന്ദിക്കുന്നുണ്ടായിരുന്നു. ചെന്നൈ യു.എസ് അംബസ്സിയില്‍ മലയാളം എഡിറ്റര്‍ മുന്‍ പത്രപ്രവര്‍ത്തകന്‍ പുന്നൂസ് മാത്തന്‍ വിവരം നേരത്തെ അവിടെ പറഞ്ഞിട്ടുണ്ടാകണം. ഇന്ത്യാ പ്രസ് ക്ലബ് ഔദ്യോഗികമായി വിവരം അറിയിച്ചിട്ടുമുണ്ടാകാം. എന്തായാലും ഇവനെ കൊണ്ടൊരു ശല്യവും ഉണ്ടാവില്ല എന്ന് ബോധ്യപ്പെട്ടതുകൊണ്ടാവണം അവര്‍ എനിക്ക് പത്ത് വര്‍ഷത്തേക്കുള്ള വിസയാണ് അടിച്ചുതന്നത്. ഹോ.. എന്തൊരു മര്യാദക്കാര്‍ !
‘ ഇതുകൊണ്ടൊന്നും ധൈര്യമായങ്ങോട്ട് ചെല്ലേണ്ട കേട്ടോ. അവിടെയത്തിയാല്‍ എയര്‍പോര്‍ട്ടിലൊരു വിചാരണയുണ്ട്. അത് കടന്നുകിട്ടാന്‍ വലിയ പാടാ. ഓര്‍മയില്ലേ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ജോര്‍ജ് ഫര്‍ണാസ്സിന്റെ തുണിയഴിപ്പിച്ചത്?മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനെ തടഞ്ഞുവച്ചില്ലേ? ‘പലരും ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് എന്നെ പേടിപ്പിക്കാന്‍ കഠിനശ്രമം നടത്തുന്നുണ്ടായിരുന്നു. നീണ്ട വിമാനയാത്രക്ക് ശേഷം ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ ഏകനായി അവശനായി ഓരോരോ കൗണ്ടറുകള്‍ക്ക് മുന്നില്‍ ചെന്ന് നിന്നപ്പോള്‍ ഭയവും വിറയലും ആശങ്കയുമെല്ലാമുണ്ടായിരുന്നു. തിരിച്ചുവരേണ്ടിവരുമോ ? രണ്ടോ മൂന്നോ കൗണ്ടറുകള്‍ അനായാസം പിന്നിട്ട്, ഇതാ ആ വഴിക്ക് നടന്നോളൂ എന്ന് പോലീസുകാരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കര്‍ക്കശ പരിശോധനയൊക്കെ ഇനിയായിരിക്കും എന്ന് വിചാരിച്ചാണ് മെല്ലെ നടന്നത്. അപ്പോള്‍ മനസ്സിലായി, ഞാന്‍ വിമാനത്താവളത്തിന് പുറത്തെത്തിയിരിക്കുന്നു!അതാ കൈ ഉയര്‍ത്തി സ്വാഗതം ചെയ്യുന്നു ഇന്ത്യാ പ്രസ് ക്ലബ്ബ് ഭാരവാഹികള്‍….റജി ജോസഫും ജോര്‍ജും കൃഷ്ണാ കിഷോറും…..
ഇതൊരു യാത്രാവിവരണമല്ലാത്തതുകൊണ്ട് ഞാന്‍ എന്നെ നിയന്ത്രിക്കുകയാണ്. അമേരിക്കയിലെ ഒട്ടേറെ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. വാഷിങ്ടണിലും ഒക്കലഹോമയിലും ഷിക്കാഗോവിലും അവര്‍ എന്നെ സ്വീകരണങ്ങള്‍ക്ക് കൊണ്ടുപോയിരുന്നു. ഒരു പാട് പുതിയ സുഹൃത്തുക്കളെ കെണ്ടത്താനായി. സ്‌നേഹം നിറഞ്ഞൊഴുകുന്ന കൂട്ടായ്മകള്‍. എല്ലായിടത്തും ഞാന്‍ മലയാളികള്‍ക്കൊപ്പമാണ് താമസിച്ചത്. ന്യൂ ജേഴ്‌സിയില്‍ കൃഷ്ണ കിഷോറിനൊപ്പം, ഒക്കലഹാമയില്‍ മാതൃഭൂമിയില്‍ പഴയ സഹപ്രവര്‍ത്തകനും അന്ന് ഒക്കലഹോമ ടൈംസില്‍ ഉദ്യോഗസ്ഥനുമായ ജോര്‍ജ് ചെറായിലിന് ഒപ്പം, ഷിക്കാഗോവില്‍ ശിവന്‍ മുഹമ്മയ്ക്കും ഷാജു ജോസഫിനും ഒപ്പം ന്യൂ യോര്‍ക്കില്‍ ജോര്‍ജിനൊപ്പം….. മറക്കാനാവത്ത കാഴ്ചകള്‍, ഒരുപാടൊരു പാട് യാത്രാനുഭവങ്ങള്‍…. കൊടുംതണുപ്പും നാടുമുഴുവന്‍ പുതഞ്ഞുകിടക്കുന്ന ഐസും….ഇല്ല, അതൊന്നും ഞാനെഴുതുന്നില്ല.
സംഘടനയിലെ പത്രപ്രവര്‍ത്തകരില്‍ മുഴുവന്‍ സമയ പത്രപ്രവര്‍ത്തകര്‍ അപൂര്‍വമായേ ഉള്ളൂ. റിഡിഫ്‌ഡോട്‌കോം എഡിറ്റോറിയിലുള്ള ജോര്‍ജ് ജോസഫ് അവരില്‍ ഒരാളാണ്. കേരളത്തില്‍ കുറച്ച് കാലം പത്രപ്രവര്‍ത്തകനായ ശേഷമാണ് അദ്ദേഹം ന്യുയോര്‍ക്കിലെത്തിയത്. മറ്റെല്ലാവരും സ്വന്തമായ മുഴുവന്‍ സമയ ജോലികളില്‍ ഏര്‍പ്പെടുന്നവരാണ്. ഒപ്പം കേരളത്തിലെ പത്രങ്ങളിലോ ചാനലുകളോ ലേഖകനായും ക്യാമറാമാനായും പ്രവര്‍ത്തിക്കുന്നു. അന്ന് ഏഷ്യനെറ്റിനും മാതൃഭൂമിക്കും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഡിലോയ്റ്റ് കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ കോഴിക്കോട്ടുകാരന്‍ ഡോ. കൃഷ്ണ കിഷോര്‍. മലയാളികളുടെ കൂട്ടായ്കമകളില്‍ സജീവ പങ്കാളികളായി അവര്‍ ഒരേ സമയം കേരളത്തെയും അമേരിക്കന്‍ മലയാളി സമൂഹത്തെയും സേവിക്കുന്നു.
നമ്മുടെ ചാനലുകള്‍ മഹാസേവനം ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ കേരളത്തിലല്ല വിദേശ മലയാളികള്‍ക്കിടയിലാണ് എന്ന് തോന്നിപ്പോകുന്നു. അവിടെ ഏത് മലയാളിയുടെ വീട്ടില്‍ ചെല്ലുമ്പോഴും അവര്‍ കേരളത്തിലാണോ എന്ന് തോന്നിപ്പിക്കുംവിധം മലയാളം ചാനലുകള്‍ക്ക് മുന്നിലിരിക്കുകയാണ്. എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത് നമ്മുടെ സീരിയലുകള്‍, വാര്‍ത്തകള്‍, ചര്‍ച്ചകള്‍….. അവരുടെ ഹൃദയം എപ്പോഴും കേരളത്തിലാണ്.
ദൂരങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാതായിരിക്കുന്നു. ഇവിടെ ഉണ്ടാകുന്ന ഓരോ ചലനവും ആ നിമിഷം അവര്‍ തൊട്ടറിയുന്നു. അവര്‍ കേരളത്തിലുള്ളവരേക്കാള്‍ നല്ല മലയാളികളായി തുടരുന്നു. ഏഷ്യാനെറ്റില്‍ ഒരു പ്രോഗ്രാം അവതരിപ്പിക്കുന്ന കൃഷ്ണ കിഷോര്‍ പറയുന്ന മലയാളത്തെ കുറിച്ച് അന്തരിച്ച മഹാന്‍ സുകുമാര്‍ അഴീക്കോട് തെല്ല് അത്ഭുതത്തോടെ എഴുതുകയുണ്ടായി. കൃഷ്ണ കിഷോര്‍ മലയാളം ഉച്ചരിക്കുന്നത് കേരളത്തിലെ ടെലിവിഷന്‍ അവതാരകര്‍ കേട്ടുപഠിക്കണം എന്ന്. വിദേശ മലയാളികളില്‍ മലയാളത്തെ നില നിര്‍ത്തുന്നത് ടെലിവിഷന്‍ ചാനലുകളാണ്.
ന്യൂയോര്‍ക്കില്‍ ഹോട്ടല്‍ ഹാളില്‍ നടന്ന ആര്‍ഭാടമായ ചടങ്ങില്‍ ബഹുമതി പണ്ഡിതനും സാഹിത്യാസ്വാദകനുമായ ഡോ. പിള്ളയില്‍ നിന്ന് ബഹുമതി ഏറ്റുവാങ്ങിയപ്പോള്‍ അഭിമാനത്തേക്കാളേറെ കുറ്റബോധവും സങ്കടവുമാണ് തോന്നിയത്. കുടുംബസമേതം വന്ന് മണിക്കൂറുകള്‍ നീണ്ട ചടങ്ങ് തീരുവോളം ഇരുന്ന് കൊടും മഞ്ഞില്‍ കാറോടിച്ച് പോയ മലയാളികള്‍ മിക്കവരും ആ നാട്ടിലെ ഉന്നത പദവികള്‍ വഹിക്കുന്നവരായിരുന്നു.നാല്പതുപേര്‍ ആ യോഗത്തില്‍ ആശംസാപ്രസംഗം നടത്തിയിരുന്നു എന്നുകേട്ടാല്‍ അധികപ്രസംഗത്തിന്റെ ആശാന്മാരായ കേരള രാഷ്ട്രീയക്കാര്‍ പോലും ഞെട്ടും. പക്ഷേ അത് സത്യമാണ്. ഈയുള്ളവനോടുള്ള ബഹുമാനമൊന്നുമല്ല അവര്‍ വരാന്‍ കാരണം. അവര്‍ കേരളത്തെ സ്‌നേഹിക്കുന്നു. ബഹുമതി തന്നിരിക്കുന്നത് ഞാനെന്ന വ്യക്തിക്കല്ല. ഞാന്‍ പ്രതിനിധീകരിക്കുന്ന സ്ഥാപനത്തിനാണ്, അതിന്റെ പാരമ്പര്യത്തിനാണ്. കേരളത്തെ കേരളമാക്കാന്‍ ഏറെ കഷ്ടപ്പാടും ത്യാഗവും സഹിച്ച് അവാര്‍ഡ് എന്നല്ല ജീവിക്കാനുള്ള വേതനം പോലുംകിട്ടാതെ കടന്നുപോയ പ്രതിഭാശാലികളായ അനേകമനേകം മഹാന്മാരായ പത്രപ്രവര്‍ത്തകര്‍ക്കുള്ളതാണ്. അവര്‍ക്ക് മുന്നില്‍ ഞാനാര് ?
ഇന്ത്യയേക്കാള്‍ മൂന്നിരട്ടി വലുപ്പവും ഏതാണ്ട് അത്രതന്നെ വൈവിദ്ധ്യവും ഉള്ള ഭൂപ്രദേശമാണ് അമേരിക്ക. കണ്ടതിന്റെ ആയിരം ഇരട്ടി കാണാനിരിക്കുന്നു. നമ്മുടെ പല മുന്‍ധാരണകളെയും പറിച്ചെറിഞ്ഞുകളയുന്ന ഒരുപാട് സംഗതികള്‍ അവിടെയുണ്ട്. കണ്ടാലും കണ്ടാലും തീരില്ല, എഴുതിയാലും തീരില്ല. ഇനിയും ഞാന്‍ ഇങ്ങോട്ടുവരും എന്ന് ശപഥം ചെയ്താണ് ഓരോ ആളും മടങ്ങുക. ഞാനും അങ്ങനെ തന്നെ….ശപഥം പാഴാവും എന്നുമാത്രം.
ഇത്തവണത്തെ അവാര്‍ഡ് ദാനം കേരളത്തിലാണ് നടക്കുന്നത്. ആ വാര്‍ത്ത പത്രത്തില്‍ വായിച്ച് ഞാന്‍ വീട്ടിലിരുന്ന് ഉറക്കെ പറഞ്ഞു.’കഷ്ടമായിപ്പോയി. ഈ വര്‍ഷം അവാര്‍ഡ് കിട്ടുന്ന ആള്‍ക്ക് വലിയ നഷ്ടമാവും അത്. ഇന്ത്യാ പ്രസ് ക്ലബ് അങ്ങനെ ചെയ്യാന്‍ എന്താണാവോ കാരണം?അതു കേട്ട ഭാര്യ ഒട്ടും അത്ഭുതം കാട്ടിയില്ല. അവാര്‍ഡ് ജേതാവിനെ അമേരിക്കയിലേക്ക് കൊണ്ടുപോകേണ്ട എന്ന് അവര്‍ തീരുമാനിക്കാന്‍ ഒരു കാരണമേ ഉണ്ടാകൂ. നിങ്ങളെ കൊണ്ടുപോയപ്പോള്‍ ഉണ്ടായ തിക്താനുഭവങ്ങള്‍ തന്നെ. ഒരു ഓട്ടയില്‍ വിരലിട്ട് പാമ്പുകടിയേറ്റ ആള്‍ പിന്നെ ഒരു ഓട്ടയിലും വിരലിടില്ല !
ക്ഷമിക്കണം. ഞാന്‍ അത്രയും വിചാരിച്ചിരുന്നില്ല!
(ആദ്യചിത്രം. ന്യൂയോര്‍ക്ക് വാള്‍സ്റ്റ്രീറ്റിലെ കാള. അടുത്തുനില്‍ക്കുന്നത് കരടി !
രണ്ടാം ഫോട്ടോ: വാഷിങ്ടണില്‍ ഇന്ത്യാ പ്രസ് ക്ലബ് ഭാരവാഹികള്‍ക്കൊപ്പം നില്‍ക്കുന്നതാണ്. പശ്ചാത്തലത്തില്‍ വൈറ്റ് ഹൗസ്. അകത്ത് കയറാന്‍ ശ്രമിച്ചില്ല, ഒബാമ പേടിച്ചാലോ.
മൂന്നാം ഫോട്ടോ. പ്രിയ സുഹൃത്ത് കൃഷ്ണ കിഷോറിനൊപ്പം)
(ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സുവനീറിന് വേണ്ടി തയ്യാറാക്കിയത്)
മറക്കാനാവത്ത കാഴ്ചകള്‍, ഒരുപാടൊരു പാട് യാത്രാനുഭവങ്ങള്‍…. കൊടുംതണുപ്പും നാടുമുഴുവന്‍ പുതഞ്ഞുകിടക്കുന്ന ഐസും….ഇല്ല, അതൊന്നും ഞാനെഴുതുന്നില്ല.
എന്തിനാ ഒതുക്കിവെക്കുന്നത്
പറയാനുള്ളത് അതേ ആവേശത്തിലിങ്ങോട്ട് പോരട്ടേ….