പ്രീണന അടവുനയം

ഇന്ദ്രൻ

ആരെ പ്രീണിപ്പിച്ചാലാണ് ഭൂരിപക്ഷം കിട്ടുക ? അതറിഞ്ഞിട്ട് വേണമല്ലോ അടവുനയം തീരുമാനിക്കാന്‍. ഇടതുപക്ഷത്തിന് ആശയക്കുഴപ്പം മുമ്പേ ഉള്ളതാണ്. താത്ത്വിക കിത്താബുകള്‍ക്ക് ഒരു കുഴപ്പമുണ്ട്. അവ വോട്ടുകിട്ടാന്‍ വേണ്ടിയല്ല, വിപ്ലവം നടത്താന്‍ വേണ്ടി എഴുതപ്പെട്ടവയാണ്. വോട്ടുമില്ല വിപ്ലവവുമില്ല എന്ന സ്ഥിതിയുണ്ടായാല്‍ എന്തുചെയ്യും ? അതുകൊണ്ടാണ് സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടതുപക്ഷ മതേതരത്വത്തെക്കുറിച്ച് സ്വയംവിമര്‍ശനം നടത്തിയത്. സി.പി.ഐ.ക്കാര്‍ സി.പി.എമ്മിനിട്ട് കുത്തുന്നതിനെയാണ് താത്ത്വിക നിഘണ്ടുപ്രകാരം സ്വയംവിമര്‍ശനം എന്ന് വിളിക്കുക.

കാനം രാജേന്ദ്രന് എന്തും പ്രസംഗിക്കാം. പക്ഷേ, കുറച്ച് വകതിരിവൊക്കെ വേണ്ടേ ? തലശ്ശേരി സി.പി.എം. സംസ്ഥാനസെക്രട്ടറിയുടെ സ്വന്തം പ്രവിശ്യയാണ്. കോടിയേരിയും പിണറായിയുമെല്ലാം അവിടത്തെ വിമോചിത പ്രദേശങ്ങളാണ്. ഒരു കമ്യൂ.പാര്‍ട്ടി സെക്രട്ടറി വേറൊരു കമ്യൂ.പാര്‍ട്ടി സെക്രട്ടറിയുടെ പ്രവിശ്യയില്‍ ചെല്ലുമ്പോള്‍ ഡിപ്ലോമാറ്റിക് പ്രോട്ടോക്കോള്‍ പാലിക്കേണ്ടേ? മതേതരത്വം സംബന്ധിച്ച് ഇടതുനയം ശരിയല്ല എന്ന സംശയം ചിലര്‍ക്കുണ്ടോ എന്ന സംശയം തനിക്കുണ്ടോ എന്ന് സംശയിക്കുന്നതായി അദ്ദേഹം സംശയലേശമെന്യേ ഉറപ്പിച്ചുപറഞ്ഞു. ഇടതുപക്ഷനയം എന്നാല്‍, അര്‍ഥം സി.പി.എം. നയം ആണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. അപ്പോള്‍ ആര്‍ക്കാണ് തെറ്റുപറ്റിയത്? സി.പി.എമ്മിന് തന്നെ. ഈ ടൈപ്പ് സ്വയംവിമര്‍ശനമൊന്നും ഒട്ടും ആശാസ്യമല്ല.

രണ്ടാണ് സംശയം. ഒന്ന്, മതനിരപേക്ഷത എന്ന സങ്കല്‍പ്പം ന്യൂനപക്ഷ പ്രീണനത്തിലേക്ക് മാത്രം ചുരുങ്ങിപ്പോയോ എന്ന്. രണ്ട്, ഇടതുപക്ഷത്തുനിന്ന് ആളുകള്‍ സംഘപരിവാറിലേക്ക് ചാടുന്നു. അവിടെ നിന്ന് ആളുകള്‍ ഇങ്ങോട്ടും ചാടുന്നു. ഇങ്ങോട്ടുള്ള ചാട്ടം സി.പി.എമ്മിലേക്കാണ്. ഒറ്റയെണ്ണം സി.പി.ഐ. എന്ന മഹത്തായ ആഗോള കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നില്ല. പത്തെണ്ണം സംഘപരിവാറിലേക്ക് ചാടുമ്പോള്‍ ഒരെണ്ണമേ ഇങ്ങോട്ട് ചാടുന്നുള്ളൂ എന്നത് ശരിയാവാം. ഫലത്തില്‍ സംഭവിക്കുന്നതെന്താണ് ? സി.പി.എമ്മും സംഘപരിവാറും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തുവരുന്നു. അതാണ് കാനം കാണുന്ന പ്രായോഗികപ്രശ്‌നം. പച്ചവെള്ളവും ചൂടുവെള്ളവും രണ്ട് പാത്രത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും കടന്നാല്‍ രണ്ടിന്റെയും ചൂട് തുല്യമാകും. സി.പി.എമ്മില്‍ നിന്ന് സംഘപരിവാറിലേക്കും അവിടെനിന്ന് ഇങ്ങോട്ടും ആളുകള്‍ പോവുകയും വരികയും ചെയ്തുകൊണ്ടിരുന്നാല്‍ രണ്ടും ഏതാണ്ട് കണക്കാകും. പിന്നെയെന്ത് ഇടതുപക്ഷം, എന്ത് മതനിരപേക്ഷത? ഇതാണ് കാനത്തിന്റെ മനഃപ്രയാസം.

ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാര്‍ട്ടികളും മതന്യൂനപക്ഷത്തിന്റെ മാത്രം സംരക്ഷകരാണോ എന്ന് മറ്റുള്ളവര്‍ക്ക് സംശയം തോന്നുന്നുണ്ടെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല എന്നും കാനം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. %ബ്യൂര്‍ഷ്വാ പത്രങ്ങള്‍ വളച്ചൊടിച്ച വാര്‍ത്തയല്ല ഇത്, സി.പി.ഐ.യുടെ പത്രംതന്നെ റിപ്പോര്‍ട്ട് ചെയ്തതാണ്. സംഗതി വളരെ ക്ലിയര്‍ ആയി മനസ്സിലാക്കാന്‍ പച്ചയ്ക്ക് പറയാം മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗത്തിന്റെ മാത്രം സംരക്ഷകരാണ് ഇടതുപക്ഷക്കാര്‍ എന്ന് കേരളത്തിലെ ഹിന്ദുക്കള്‍ തെറ്റിദ്ധരിക്കുന്നുണ്ടോ എന്നതാണ് കാനത്തിന്റെ സംശയം. പ്രിയ കാനമേ… വെറുമൊരു സ്ഥലജലവിഭ്രാന്തിയാണത്. അങ്ങനെ യാതൊരു തെറ്റിദ്ധാരണയും ഹിന്ദുക്കള്‍ക്കുമില്ല മുസ്‌ലിം, ക്രിസ്ത്യന്‍ പ്രജകള്‍ക്കും ഇല്ല. ബി.ജെ.പി.ക്കുപോലും ഇല്ല. മുസ്‌ലിം, ക്രിസ്ത്യന്‍ പ്രീണനത്തിന്റെ കുത്തക യു.ഡി.എഫിനാണ്. മുസ്‌ലിം, ക്രിസ്ത്യന്‍ പാര്‍ട്ടികളുടെ ബലത്തിലാണ് യു.ഡി.എഫ്. നിന്ന് പിഴയ്ക്കുന്നതുതന്നെ. മുസ്ലിം, ക്രിസ്ത്യന്‍ താത്പര്യക്കാരാണ് കേരളം ഭരിക്കുന്നത് എന്നുപോലും ആക്ഷേപമുള്ളപ്പോള്‍ എന്തിനാണ് വെറുതേ ആ കുറ്റം എല്‍.ഡി.എഫിന് മേല്‍ ചാരുന്നത്.

വല്ലാത്ത പാടാണ് ഈ കേരളത്തില്‍ അടവുനയം ഉണ്ടാക്കാന്‍. 56 ശതമാനമായിരുന്നു 2001ലെ സെന്‍സസ് പ്രകാരം ഹിന്ദുക്കള്‍. വോട്ട് പോലെയല്ല സെന്‍സസ്. 36 ശതമാനം വോട്ട് കിട്ടിയാല്‍ ഇന്ത്യ ഭരിക്കാം, വന്‍ ഭൂരിപക്ഷം എന്ന് വീമ്പടിക്കുകയും ചെയ്യാം. മതഭൂരിപക്ഷമാകാന്‍ യഥാര്‍ഥത്തില്‍ അമ്പത്താറും പോര. അമ്പത്താറ് ഒരു ഭാഗത്തും നാല്പത്തിനാല് മറുഭാഗത്തും നില്‍ക്കുമ്പോള്‍ ആരെയാണ് നമ്മള്‍ വോട്ടിന് വേണ്ടി പ്രീണിപ്പിക്കേണ്ടത് ? സങ്കീര്‍ണമായ പ്രശ്‌നമാണ്. ഇടതുപക്ഷത്തിന് ഇതില്‍ വേറെയും താത്ത്വികപ്രശ്‌നമുണ്ട്. ജനം രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടുചെയ്യുക, മതം നോക്കിയല്ല എന്നതാണ് പഴയ സങ്കല്‍പ്പം. ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റുകാര്‍ മൗലികവാദികളാണ്. മതേതര മൗലികവാദികള്‍ എന്ന് വിളിക്കാം. ഒരുവട്ടം മാത്രം ഇത് പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട് സി.പി.എം. രണ്ട് ലീഗുകളെയും പുറത്തുനിര്‍ത്തി 1987ല്‍ മത്സരിച്ച് ഭൂരിപക്ഷം നേടി. ആരെയും പ്രീണിപ്പിക്കാതെ. ഇ.എം.എസ്സിന്റെ ബുദ്ധിയായിരുന്നു. ഇത് ഹിന്ദു പ്രീണനമായിരുന്നു എന്ന് അസൂയാലുക്കള്‍ വ്യാഖ്യാനിക്കാറുണ്ട്. എന്തായാലും പിന്നെ അത് നടന്നില്ല. എന്തുചെയ്യും? കാനം പറയുംപോലെ ജനം പാര്‍ട്ടി നോക്കിയല്ല ജാതിയും മതവും നോക്കിയാണ് വോട്ട് ചെയ്യുന്നതെങ്കില്‍ പിന്നെന്ത് മതേതരത്വമാണ് നട്ടുമുളപ്പിക്കാന്‍ നോക്കുന്നത്?

44 ശതമാനത്തെ പ്രീണിപ്പിച്ചാല്‍ അതില്‍നിന്ന് കിട്ടുന്നത്ര വോട്ട് 56 ശതമാനത്തെ പ്രീണിപ്പിച്ചാല്‍ കിട്ടില്ല എന്ന പ്രശ്‌നം പരിഹരിക്കാന്‍ ബി.ജെ.പി.ക്ക് പോലും കഴിഞ്ഞിട്ടില്ല. അവര്‍ എത്ര കാലമായി 56 ശതമാനത്തെ പ്രീണിപ്പിക്കാന്‍ നോക്കുന്നു? തെക്ക് തിരുവനന്തോരത്തും വടക്ക് കാസര്‍കോട്ടും മാത്രമേ ആ പരിപ്പ് അല്പമെങ്കിലും വേവുന്നുള്ളൂ. ആ പരിപ്പ് വേവിക്കാനാണോ കാനം ഇപ്പോള്‍ അടുപ്പ് കൂട്ടാന്‍ നോക്കുന്നത്?

ബി.ജെ.പി. വേറൊരു പരിഭ്രാന്തിയിലാണ്. കേരളത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായത്രെ. സെന്‍സസ് വകുപ്പൊന്നും അത്തരമൊരു കണക്ക് പുറത്തിറക്കിയിട്ടില്ല. ഇനി ബി.ജെ.പി. വല്ല സെന്‍സസും നടത്തിയോ എന്ന് വ്യക്തമല്ല. വോട്ടെടുപ്പ് സര്‍വേ പോലെ വല്ലതും? 2001ലെ കണക്ക് പ്രകാരം ഹിന്ദു ജനസംഖ്യ 56 ശതമാനമാണ്. 2011ലെ മതക്കണക്ക് പുറത്തുവന്നിട്ടില്ല. ചില പത്രങ്ങള്‍ ചോര്‍ത്തിക്കൊടുത്ത കണക്ക് അനുസരിച്ചും ഹിന്ദുക്കള്‍ ന്യൂനപക്ഷമായിട്ടില്ല. കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ 36 ശതമാനമായെന്ന് അടിച്ചുവിടുന്നുണ്ട് ചില പരിവാര്‍ നേതാക്കള്‍. പത്ത് വര്‍ഷം കൊണ്ട് പന്ത്രണ്ട് ശതമാനം വര്‍ധന! പുറത്തുവന്ന കണക്ക് പ്രകാരം അത് 26.6 ശതമാനമാണ്. 10 വര്‍ഷം മുമ്പത്തേക്കാള്‍ 1.9 ശതമാനം കൂടുതല്‍. മുന്‍ വര്‍ധനയേക്കാള്‍ കുറവാണിത്. പിന്നെയുള്ളത് ബംഗ്ലാദേശില്‍ നിന്നുള്ള വരവാണ്. അതുപോലും തൊട്ടടുത്ത അസ്സമിനേക്കാളും പ.ബംഗാളിനേക്കാളും കൂടുതലാവില്ലല്ലോ കേരളത്തില്‍. അവിടെപ്പോലും നാല് ശതമാനമേയുള്ളൂ വര്‍ധന.

ന്യൂനപക്ഷം എന്ന് ആരെക്കുറിച്ചു പറയുന്നതും തെറ്റാണ് എന്ന് വാദിച്ചിരുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. അതില്‍ ശരിയുണ്ടുതാനും. പക്ഷേ, ഹിന്ദുക്കളാണ് ന്യൂനപക്ഷമാവുന്നതെങ്കില്‍ ബി.ജെ.പി.ക്ക് ആ വാക്ക് ഉപയോഗിക്കാതിരിക്കാന്‍ പറ്റുമോ ? നല്ല കഥ !

****

ഗൗരിയമ്മ സി.പി.എമ്മില്‍ ലയിക്കുകയാണത്രെ. വിശ്വാസം വരണില്ല. അങ്ങനെ ചെന്ന് ലയിക്കുന്ന സമ്പ്രദായം സി.പി.എമ്മില്‍ ഇല്ല. ഏതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ലയിച്ചതായി ചരിത്രത്തിലില്ല. ലയനമൊക്കെ ബൂര്‍ഷ്വാപാര്‍ട്ടികളുടെ സമ്പ്രദായങ്ങളല്ലേ. കാലം മാറി. ഇനിയതൊക്കെ ആവാമായിരിക്കും.

എന്തായാലും ഗൗരിയമ്മ ഇനി സി.പി.എം. അംഗം ആവും. കൂടെ ആരും ഇല്ലെങ്കിലും ഗൗരിയമ്മ ഗൗരിയമ്മയാണ്. അതിനിടെ പ. ബംഗാളില്‍നിന്നും വാര്‍ത്തയുണ്ട്. സോമനാഥ് ചാറ്റര്‍ജിയും മടങ്ങുകയാണത്രെ. എത്ര കാലമാണ് ഇങ്ങനെ തനിച്ച് ജീവിക്കുക. ഗൗരിയമ്മയെ അപേക്ഷിച്ച് സോമനാഥ് ജൂനിയര്‍ ലീഡറാണ്. 85 വയസ്സേ ആയിട്ടുള്ളൂ. എന്താണ് ഇങ്ങനെ എയ്റ്റി പ്ലസ് നേതാക്കളെ തിരിച്ചുകൊണ്ടുവരുന്നത് എന്ന് ചോദിക്കരുത്. സീനിയര്‍ പൗരന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം എന്നതാണ് ദേശീയനയം. പണ്ടൊക്കെ ക്യാച്ച് ദം യങ് എന്നായിരുന്നു നയം. ചെറുപ്പത്തിലേ പിടിക്കണം. ഇപ്പോള്‍ അതില്‍ കാര്യമില്ല. സമൂഹംതന്നെ ഓള്‍ഡ് ആയിക്കൊണ്ടിരിക്കുന്നു. കുട്ടികളേക്കാള്‍ കൂടുതല്‍ സീനിയര്‍മാരാണ് ഉണ്ടാവുക. കാച്ച് ദം ഓള്‍ഡ് ആണ് ബുദ്ധി.

nprindran@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Go Top