അസംതൃപ്തയൗവനവും അസ്തിത്വദുഖവും

എൻ.പി.രാജേന്ദ്രൻ

മുപ്പത്തഞ്ചുകൊല്ലം മുമ്പൊരു പ്രഭാതത്തില്‍ ബ്രണ്ണനിലേക്ക്‌ കടന്നു ചെന്നത്‌ തെല്ല്‌ അഭിമാനത്തോടെയായിരുന്നു. ഇന്ത്യന്‍ ചരിത്രവും ലോകചരിത്രവും സാമ്പത്തികശാസ്ത്രവുമടങ്ങുന്ന മുന്നാം ഗ്രൂപ്പ്‌, മിടുക്കന്മാര്‍ക്ക്‌ പറഞ്ഞിട്ടുള്ളതല്ലെന്ന വിശ്വാസം അന്നേ നാട്ടില്‍ പ്രബലമായിരുന്നു. തേര്‍ഡ്‌ ഗ്രൂപ്പിലാണ്‌ ചേര്‍ന്നതെന്ന്‌ പറഞ്ഞാല്‍ കേള്‍ക്കുന്ന ആള്‍ ഉറപ്പിക്കും ആളൊരു കഷ്ടിമുഷ്ടി പാസ്സുകാരനാണെന്ന്‌. നൂറുശതമാനം വിജയമുള്ള തലശ്ശേരി സെന്റ്‌ ജോസഫ്സില്‍ നിന്ന്‌ ഒന്നാം ക്ലാസ്സില്‍ വിജയം നേടിയ ചെറുന്യൂനപക്ഷത്തില്‍ ഒരാളായിരുന്നു ഞാന്‍ . ഫസ്റ്റ്‌ ക്ലാസ്സിന്‌ ഇന്നത്തെ ഡിസ്റ്റിങ്ങ്ഷന്റെ ബലവുമുണ്ടായിരുന്നു. എസ്‌.എസ്‌.എല്‍ .സി.ഫലം വന്നപ്പോള്‍ തന്നെ സയന്‍സ്‌ ഗ്രൂപ്പലേക്കില്ലെന്ന്‌ ഞാന്‍ നയപ്രഖ്യാപനം നടത്തിയിരുന്നു. അന്ന്‌ അമ്പത്‌ ശതമാനം മാര്‍ക്കുള്ളവരും സയന്‍സ്‌ ഗ്രൂപ്പിന്‌ വേണ്ടി പരക്കം പാഞ്ഞിരുന്ന കാലമാണ്‌. മെഡിസിന്‍ -എഞ്ചിനീയറിങ്ങ്‌ ഭ്രമം അന്നും കലശലായുണ്ടായിരുന്നു. ഒന്നാം വര്‍ഷപ്രീഡിഗ്രിക്ക്‌ ചേരുന്നതിനുള്ള ഇന്റര്‍വ്യുവിന്‌ ഓപ്ഷനുകള്‍ എഴുതിയ കടലാസും മാര്‍ക്ക്‌ ലിസ്‌ററും ഒത്തുനോക്കിയ പ്രിന്‍സിപ്പാളിന്‌ എന്തോ പിശകുണ്ടെന്ന്‌ തോന്നുകയും ചെയ്തതാണ്‌. ഇക്കണോമിക്സ്‌ തന്നെ എന്ന്‌ ഞാനുറച്ചുപറഞ്ഞപ്പോഴേ തെറ്റ്‌ പറ്റിയതല്ലെന്ന്‌ അദ്ദേഹത്തിന്‌ ഉറപ്പായുള്ളൂ.
സിവില്‍ സര്‍വീസ്‌ വ്യാമോഹം കൊണ്ടൊന്നുമല്ല ആര്‍ട്ട്സ്‌ വിഷയമെടുക്കാന്‍ ഒരുമ്പെട്ടത്‌. സയന്‍സ്‌ വിഷയം ഏതെടുത്താലും കണക്ക്‌ പഠിക്കേണ്ടിവരുമെന്ന ഭയന്നു.. പാസ്സാകാന്‍ കഷ്ടപ്പെടേണ്ടിവരുമെന്നുറപ്പ്‌. ക്ലാസ്‌ കട്ട്‌ ചെയ്ത്‌ കറങ്ങിനടക്കാനും ഉഴപ്പാനും കഴിയുന്നില്ലെങ്കില്‍ എന്തിന്‌ കോളജില്‍ പഠിക്കണം ?. എസ്‌.എസ്‌.എല്‍ .സി കഴിഞ്ഞാല്‍ മുണ്ടുടുത്ത്‌ ബീഡി വലിച്ച്‌ നടപ്പായിരുന്നു ഫാഷന്‍ . അതുകൊണ്ടാണ്‌ ഞാന്‍ ഇക്കണോമിക്സിന്‌ ചേര്‍ന്നത്‌. ജയിച്ച്‌ വലിയ ആളാകാമെന്ന മോഹം അന്നില്ല, ഇന്നുമില്ല.

ധര്‍മടം ചന്തയേക്കാള്‍ ബഹളമയമായിു‍ന്നു ഒന്നാം വര്‍ഷപ്രീഡിഗ്രി ക്ലാസ്സുകള്‍.ഒരാള്‍ക്കൂട്ടം പോലെ പത്തെണ്‍പത്‌ വിദ്യാര്‍ത്ഥികള്‍. ലക്ചറര്‍-പ്രൊഫസര്‍ ആഡ്യന്മാരുടെ ഇംഗ്ലീഷ്‌ കേട്ട്‌ ഒരക്ഷരവും മനസ്സിലാകാതെ കുറെ പാവാടക്കാരികളും മുന്‍ബഞ്ച്‌ പാവങ്ങളും പേടിച്ചരണ്ടിരിക്കുന്നു. മലയാളംമീഡിയത്തില്‍ നിന്ന്‌ വന്നതാണവര്‍. അറ്റന്‍ഡന്‍സ്‌ എടുത്തുകഴിഞ്ഞാല്‍ പിന്‍ജനാല വഴി പുറത്തുചാടാന്‍ തരം നോക്കുന്നവര്‍ കുറെ. മലയാളവും ഇംഗ്ലീഷും മനസ്സിലാക്കാതെ എന്തോ വിചിത്രഭാഷ സംസാരിച്ച്‌ കൂട്ടം കൂടി നടക്കുന്ന ലക്ഷദ്വീപ്‌ കോയ’മാര്‍ ഒന്നര ഡസന്‍.പതം ഉള്ളയിടം പാതാളമാക്കി ഒരു ഭഅവര്‍’ മുഴുവന്‍ കൂവിയും കാക്ക കരഞ്ഞും ആഘോഷിക്കുന്ന വില്ലന്മാര്‍ കുറെ.

കുറച്ചാഴ്ച്ചകള്‍ക്കകം ,പോകേണ്ട ക്ലാസ്സുകള്‍ ഏത്‌ ,പോകേണ്ടാത്തത്‌ ഏത്‌ എന്ന്‌ കൃത്യമായ വിഭജനമുണ്ടാക്കി. മലയാളത്തില്‍ എം.എന്‍.വിജയന്‍ , ബി.രാജീവന്‍ , രാജേന്ദ്രപ്രസാദ്‌ , ഇംഗ്ലീഷില്‍ രവിവര്‍മ, ഇക്കണോമിക്സില്‍ രാഘവന്‍ , ഹിസ്റ്ററിയില്‍ മുഹമ്മദാലി….ചില പേരുകള്‍ വിസ്മൃതിലായിരിക്കുന്നു. മറ്റു ക്ലാസ്സുകള്‍ നടക്കുമ്പോള്‍ നേരെ ലൈബ്രറിയിലേക്ക്‌ നീങ്ങും. അല്ലെങ്കില്‍ കാന്റീനില്‍ , അതുമല്ലെങ്കില്‍ കോളേജിന്‌ മുന്നില്‍ റോഡിനപ്പുറത്ത്‌ പണി തീരാതെ ഉപേക്ഷിക്കപ്പെട്ട വീടിന്റെ തറയില്‍ കുത്തിയിരിപ്പും രാഷ്ടീയ-അത്യന്താധുനിക സാഹിത്യചര്‍ച്ചയും.ഏതു നിലക്കും ഉച്ചയൂണിന്റെ നേരമാവുമ്പോഴേക്ക്‌ വീട്ടിലെത്തിയിരിക്കും. നടന്നുപോകാവുന്ന ദൂരമേ വീട്ടിലേക്കുള്ളൂ. വീട്ടുകാര്‍ക്ക്‌ ബസ്‌ കൂലി, ഭക്ഷണം ഇനത്തില്‍ ചെലവൊന്നുമില്ല. പുസ്തകത്തിനും കാര്യമായ ചെലവില്ല, ഒന്നോ രണ്ടോ നോട്ട്പുസ്തകങ്ങളും ഏതാനും സെക്കന്റ്‌ ഹാന്റ്‌ ടെക്സ്റ്റ്‌ ബുക്കുകളും ധാരാളം.

എഴുപതുകള്‍ പ്രക്ഷുബ്ധക്യാമ്പസ്സുകളായിരുന്നുവെന്നും അവിടെ അസംതൃപ്തയൗവനങ്ങള്‍ മോഹഭംഗവും അസ്തിത്വദുഖവും കഞ്ചാവ്‌ പുകയിലും ചാരായത്തിലും ലയിപ്പിച്ചൊഴുക്കുകയായിരുന്നുവെന്നും ഇപ്പോള്‍ കഥയുണ്ട്‌. ആവോ.കുറെ കഞ്ചാവുകാരും ചാരായക്കാരും അന്നും ഉണ്ടായിരുന്നു. ഇന്നുള്ളതിനേക്കാള്‍ അത്രയധികമൊന്നും ഉണ്ടായിരുന്നതായി തോന്നുന്നില്ല. ചാരായം കുടിച്ചുകൊണ്ട്‌ ഉഷ്ണമേഖലയും ഏഴാംമുദ്രയും വസൂരിയും സാക്ഷിയും പറങ്കിമലയും എഴുതിക്കൂട്ടുന്ന കാക്കനാടനെയും കഞ്ചാവില്‍ നിദ്രപ്രാപിച്ച്‌ ഹരിദ്വാറില്‍ മണിമുഴങ്ങുന്നു വും വേശ്യകളേ നിങ്ങള്‍ക്കൊരമ്പലവും മയ്യഴിപ്പുഴയുടെ തീരങ്ങളും എഴുതിയ എം.മുകുന്ദനെയും കുറിച്ചും കാമുവിനെക്കുറിച്ചും കാഫ്കയെക്കുറിച്ചും സാര്‍ത്രിനെക്കുറിച്ചുമെല്ലാം ആരാധനയോടെ സദാസംസാരിച്ചുകൊണ്ടിരിക്കാറുള്ള എന്റെ കൂട്ടുകാര്‍ സി.പി.ഹരീന്ദ്രനും കെ.ശശിധരനും ഒന്നും കഞ്ചാവെന്നല്ല ,വെറും ദിനേശ്‌ ബീഡി പോലും തൊടാറില്ല. പിന്നെ വിജയന്‍മാഷും ബി.രാജീവന്‍ മാഷുമാണോ ചാരായമടിക്കേണ്ടത്‌ !. അറിയപ്പെട്ടിരുന്ന ഒരു സാഹിത്യകാരനേ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ എന്‍ .പി.എരിപുരം-ഇന്നത്തെ എന്‍ .പ്രഭാകരന്‍ . പ്രഭാകരനെയാരും നാടന്‍കള്ളു കുടിച്ചുപോലും കണ്ടിട്ടില്ല. കള്ളും കഞ്ചാവുമായി നടന്നവര്‍ക്കാര്‍ക്കും സാഹിത്യമുണ്ടായിരുന്നില്ല, സാഹിത്യവുമായി നടന്നവര്‍ക്കാര്‍ക്കും കഞ്ചാവുമുണ്ടായിരുന്നില്ല.

കിഴക്ക്‌ വസന്തത്തിന്റെ ഇടിമുഴക്കമുണ്ടായ എഴുപതുകളില്‍ ക്യാമ്പസ്സില്‍ വിപ്ലവം തിളച്ചുമറിയുകയായിരുന്നുവെന്നും ധരിച്ചവരുണ്ട്‌. തലശ്ശേരിയിലാണ്‌ ആദ്യ പോലീസ്‌ സ്റ്റേഷന്‍ ആക്രമണമുണ്ടായത്‌. പക്ഷെ ബ്രണ്ണന്റെ ക്യാമ്പസ്സില്‍ അതൊന്നും തിളച്ചുമറിഞ്ഞിരുന്നില്ല. ഇന്ന്‌ ധരിക്കുന്നതിലുമേറെ പിന്തിരിപ്പനും വര്‍ഗീയഭ്രാന്ത്‌ നിറഞ്ഞതുമായ പട്ടണമായിരുന്നു തലശ്ശേരി. എഴുപതിലാണ്‌ തലശ്ശേരിയില്‍ വലിയ വര്‍ഗീയകലാപം പൊട്ടിപ്പുറപ്പെട്ടത്‌. ഒരു ക്രിസ്മസ്‌ അവധിക്കാലത്തായിരുന്നു അത്‌. വെക്കേഷന്‍ കഴിഞ്ഞുവരുമ്പോള്‍ എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്‌ നാട്ടില്‍ ആളിക്കത്തിയ വര്‍ഗീയഭ്രാന്തിന്റേയും കത്തിയമര്‍ന്ന വീടുകളുടേയും കാര്യങ്ങളായിരുന്നു. അന്ന്‌ ആര്‍.എസ്‌.എസ്സുകാരും സി.പി.എമ്മുകാരും കുത്തിയും വെട്ടിയും പരസ്പരം കൊന്നുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പുട്ടിയ ഗണേഷ്‌ ബീഡിക്കമ്പനിയിലെ നിരാശരായ തൊഴിലാളികളില്‍ ചിലരും ഏതാനും തൊഴില്‍രഹിതവിദ്യാസമ്പന്നരും നക്സല്‍ബാരിയേയും ചാരുമജുംദാറിനേയും കനുസന്യാലിനേയും കുറിച്ച്‌ പ്രതീക്ഷയോടെ പറഞ്ഞുനടപ്പുണ്ടായിരുന്നു.അതല്ലാതെ അവിടെയൊന്നും പോരാട്ടങ്ങളോ ഏറ്റുമുട്ടലുകളോ ഉണ്ടായിരുന്നില്ല. ക്യാമ്പസ്സിലൊരു നക്സലൈറ്റ്‌ വിദ്യാര്‍ത്ഥിസംഘടനാഘടകം പോലുമുണ്ടായിരുന്നില്ല.

ഈ ലേഖകന്‍ പ്രീ ഡിഗ്രിക്ക്‌ ചേരുമ്പോള്‍ കടുത്ത കെ.എസ്‌.യു.ക്കാരനായിരുന്നു. സെന്റ്‌ ജോസഫസ്‌ ഹൈസ്കൂളിലെ പഠനകാലത്ത്‌ ആളിപ്പടര്‍ന്നിരുന്നത്‌ ഇ.എം.എസ്സിന്റെ സപ്തമുന്നണി ഭരണത്തിനെതിരായ സമരങ്ങളുടെ കാട്ടുതീയായിരുന്നു. അന്നവിടത്തെ പ്രബലസംഘടന വിദ്യാര്‍ത്ഥി പരിഷത്തായിരുന്നു. ഒരു കെ.എസ്‌.എഫുകാരനേയും ഞാന്‍ ഹൈസ്കൂള്‍ കാലത്ത്‌ കണ്ടിട്ടില്ല. പരിഷത്തിനേയും ജനസംഘത്തേയും ആദ്യമേ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ കെ.എസ്‌.യു ആയി. പ്രിഡിഗ്രിയില്‍ ചേര്‍ന്ന്‌ ആഴ്ചകള്‍ക്കകം നടന്ന കോളേജ്‌ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്‌.യു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു.അറുപത്തൊമ്പതിലെ കോണ്‍ഗ്രസ്സ്‌ പിളര്‍പ്പിനെ തുടര്‍ന്ന്‌ കേരളത്തിലും ഇന്ദിരാഗാന്ധിയുടെ അനുയായികള്‍ക്കായിരുന്നു വമ്പിച്ച ജനപിന്തുണ. ഇന്ദിരാ കെ.എസ്‌.യു ആണ്‌ കോളേജുകളിലെല്ലാം ജയിച്ചു മുന്നേറിയിരുന്നത്‌.പക്ഷെ ക്രമേണ ഇന്ദിരയുടേത്‌ വെറും സോഷ്യലിസ്റ്റ്‌ വാചകക്കസര്‍ത്ത്‌ മാത്രമാണെന്ന ബോധമെനിക്കുണ്ടായി. ഇന്ദിരയ്ക്കും എ.കെ.ആന്റണിക്കും എതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തുവന്ന എം.എ. ജോണും പരിവര്‍ത്തനവാദികളും അപ്പോഴേക്കും ഞങ്ങളില്‍ കുറെപ്പേരുടെ ആവേശമായി മാറിയിരുന്നു. എഴുപത്തിമൂന്നു- എഴുപത്തിനാല്‌ വര്‍ഷത്തെ കോളേജ്‌ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കെ.എസ്‌.യുവില്‍ നിന്നുവിട്ടുമാറി മത്സരിച്ചു. നൂറു വോട്ടിന്റെ ചുറ്റുവട്ടത്തിലേ കിട്ടിയുള്ളൂ. എങ്കിലെന്ത്‌ ? ചരിത്രത്തിലാദ്യമായി കെ.എസ്‌.യു. തോറ്റു. ആദ്യത്തെ എസ്‌.എഫ്‌.ഐ ചെയര്‍മാനായി എ.കെ.ബാലന്‍ ചരിത്രത്തില്‍ സ്ഥാനം നേടി. ഞാനിതെഴുതുമ്പോള്‍ ബാലന്‍ കേരളത്തിന്റെ വൈദ്യുതി വകുപ്പുമന്ത്രിയാണ്‌. പരിവര്‍ത്തനവാദികള്‍ കാട്ടിയ കൊടും പാതകത്തിനുള്ള ശിക്ഷ അന്നു തന്നെകിട്ടി. കിട്ടിയ വോട്ടിന്‌ സിന്താബാദ്‌ വിളിച്ച്‌ തലശ്ശേരിയിലേക്ക്‌ ജാഥയായി പോന്ന ഞങ്ങളെ കോണോര്‍ വയലിനടുത്ത്‌ വെച്ച്‌ കെ.എസ്‌.യു. ക്കാര്‍ പൊതിരെ പൂശി. വയലിലെ ചെളിയില്‍ ചാടി ഞങ്ങള്‍ തടികാത്തു!.

അടിയന്തിരാവസ്ഥ പൊട്ടിവീണത്‌ ഓര്‍ക്കാപ്പുറത്തായിരുന്നു. ജയപ്രകാശ്‌ നാരായണന്റെ നേതൃത്വത്തില്‍ നടന്നുപോന്ന ബിഹാര്‍ പ്രക്ഷോഭവും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സ്ഥാനഭൃഷ്ടയാക്കുന്നതിന്‌ വക്കോളമെത്തിച്ച അലഹബാദ്‌ കോടതിവിധിയും എല്ലാം ചേര്‍ന്ന്‌ ദേശീയരാഷ്ട്രീയരംഗം തിളച്ചുമറിയുകയായിരുന്നു. എന്നാല്‍ രാജ്യത്ത്‌ ഏകാധിപത്യം പ്രഖ്യാപിക്കുമെന്ന്‌ ആരും കരുതിയിരുന്നില്ല.എന്താണ്‌ അടിയന്തരാവസ്ഥ എന്ന്‌ ആദ്യമൊന്നും മനസ്സിലായതുമില്ല. അതുകൊണ്ടുതന്നെ പ്രതിഷേധജാഥകള്‍ ആദ്യനാളുകളില്‍ നടക്കുകയും ചെയ്തു. കോളേജില്‍ ഒരു സത്യാഗ്രഹത്തിന്‌ ഇടതുപക്ഷസംഘടനകള്‍ തീരുമാനമെടുത്തപ്പോള്‍ അവരോടൊപ്പം ചേരാന്‍ മടിച്ചില്ല. റോഡില്‍ ജാഥ നടത്തുന്നതിനേ നിരോധനമുള്ളൂ, കോളേജില്‍ നടത്താം എന്നാരോ പറഞ്ഞത്‌ കൊണ്ടാവാം സത്യാഗ്രഹം പ്രിന്‍സിപ്പാള്‍ ഓഫീസിന്‌ മുന്നിലാണ്‌ നടത്താന്‍ നിശ്ചയിച്ചത്‌. മുദ്രാവാക്യം വിളികളോടെ ഓഫീസിന്‌ മുന്നില്‍ കുത്തിയിരുന്നു. ഷുസുകളുടെ പെരുമ്പറ കേട്ടതും ലാത്തിയടി നെറ്റിയില്‍ പതിച്ചതും ഓര്‍മയുണ്ട്‌. വീണിടത്ത്‌ നിന്ന്‌ എഴുനേറ്റ്‌ കണ്ണ്‌ മിഴിച്ചുനോക്കുമ്പോള്‍ ഞാന്‍ കോളേജ്‌ ഓഫീസിനകത്താണ്‌. പുറത്ത്‌ ഏതാണ്ട്‌ എല്ലാം ശാന്തമാകും വരെ അവിടെത്തന്നെ നിന്നു.ഒന്നും അറിയാത്ത മട്ടില്‍ പോയ്ക്കോളൂ ..ഓഫീസ്‌ ജീവനക്കാരാരോ നിര്‍ദ്ദേശിച്ചു.തോക്കും ലാത്തിയുമായി നിരന്നുനില്‍ക്കുന്ന പോലീസുകാര്‍ക്കിടയിലൂടെ ഞാന്‍ മെല്ലെ നടന്നുപോയി. ലാത്തിയടിയേറ്റ്‌ നെറ്റിയിലുണ്ടായ വലിയ മുഴ വൈകുന്നേരമായപ്പോഴേക്ക്‌ അപ്രത്യക്ഷമായിരുന്നു.

ഏകാധിപത്യത്തിനെതിരായ പ്രക്ഷോഭമെന്നൊക്കെ ഇന്ന്‌ പറയുന്നുണ്ടെങ്കിലും പിന്നീട്‌ പതിനെട്ടുമാസം അവിടെ ഒരില പോലും ഇളകിയിരുന്നില്ല. കോളേജിലാരും കാക്കനാടനെകുറിച്ചുപോലും ചര്‍ച്ച ചെയ്തില്ല. എല്ലാം ശാന്തം. എം.എന്‍.വിജയന്‍ ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും കുറിച്ച്‌ തുടര്‍ന്നും പഠിപ്പിച്ചുകൊണ്ടിരുന്നു. ഞാന്‍ ചിട്ടയായി ക്ലാസ്സുകളില്‍ ഹാജരായിക്കൊണ്ടുമിരുന്നു.
—————

ഡി.സി.ബുക്സ്‌ പ്രസിദ്ധീകരിക്കുന്ന ക്യാമ്പസ്‌ ഓര്‍മപ്പുസ്തകത്തിനു വേണ്ടി എഴുതിയത്‌

Leave a Reply

Your email address will not be published. Required fields are marked *

Go Top