ആലപ്പുഴ റൈച്ച്സ്റ്റാഗ്‌

ഇന്ദ്രൻ



പാര്‍ട്ടി ഇപ്പോള്‍ വളരെ മാറിയിരിക്കുന്നു. ന്യായം നോക്കിയേ ഇപ്പോള്‍ പോലീസിനെപ്പോലും വിമര്‍ശിക്കൂ. പാര്‍ട്ടിക്കാരുടെ പേരില്‍ കേസെടുത്താല്‍ പണ്ടായിരുന്നെങ്കില്‍ എന്താണ്   സംഭവിക്കുക? പോലീസിന്റെ കഥ കഴിക്കും. ഇപ്പോഴതല്ല ലൈന്‍

 

കമ്യൂണിസ്റ്റുകാര്‍ വഴിയില്‍ കാണുന്നവരെപ്പോലും സഖാവേ എന്നുവിളിക്കുമെങ്കിലും സഖാവ് എന്നുമാത്രം പറഞ്ഞാല്‍ ഒരാളേയുള്ളൂ. അത് സഖാവ് കൃഷ്ണപിള്ളയാണ്. ആ സഖാവിന്റെ സ്മാരകമാണ് സഖാക്കള്‍ കത്തിച്ചതായി സഖാക്കള്‍തന്നെ പറയുന്നത്. എന്തൊരു കലികാലമാണിത്. കാക്കത്തൊള്ളായിരം സ്മാരകങ്ങള്‍ കേരളത്തിലുണ്ട്. ഇത് അത്തരത്തില്‍ ഒന്നല്ല. പി. കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പാമ്പുകടിയേറ്റ് മരിക്കുകയുംചെയ്ത വീടാണ് സ്മാരകമാക്കിയത്. അവിടെ പായയില്‍ കിടന്ന് ‘വിമര്‍ശനമുണ്ട്, സ്വയംവിമര്‍ശനമില്ല’ എന്ന തലക്കെട്ടിലൊരു ലേഖനമെഴുതുമ്പോഴാണ് സഖാവിന് പാമ്പുകടിയേറ്റത്. ഇന്നാണെങ്കില്‍ തലവാചകം മാറും. ‘വിമര്‍ശനമുണ്ട്, സ്വയം വിമര്‍ശനം എമ്പാടുമുണ്ട്, ഒരു പ്രയോജനവുമില്ല’ എന്നാവും.കേരള കമ്യൂണിസത്തിന്റെ മക്കയും വത്തിക്കാനുമായ ആലപ്പുഴയിലെ മുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് ആണ് ഈ സ്മാരകം. പാര്‍ട്ടി അറിയാതെ അവിടെ ഒരു കൊതുക് പറക്കില്ല. ഏത് സഖാവാണ് സ്മാരകം കത്തിച്ചത് എന്നുചോദിച്ചാല്‍ പോലീസ് മറുപടി പറയും. എന്തിന് കത്തിച്ചു എന്നുചോദിച്ചാല്‍ പോലീസിനും മറുപടിയില്ല. അവര്‍ വല്ല ജ്യോത്സ്യന്റെയും മേല്‍വിലാസം തന്നേക്കും.
കൃഷ്ണപിള്ളസ്മാരകം തീവെച്ചതിനോട് കിടപിടിക്കുന്ന വല്ല സംഭവവും ചരിത്രത്തിലുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരം ഞെട്ടിക്കുന്നതായിരുന്നു. ജര്‍മനിയില്‍ അങ്ങനെയൊരു സംഭവം ഉണ്ടായത്രെ. തീ കൊളുത്തിയത് ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരത്തിനാണ്, 1933ല്‍. റൈച്ച്സ്റ്റാഗ് എന്നാണ് അവര്‍ പറയുക. ഹിറ്റ്‌ലര്‍ ചാന്‍സലറായി അധികാരത്തില്‍ വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് ശരിക്കുള്ള ഭൂരിപക്ഷമില്ല. കമ്യൂണിസ്റ്റുകാര്‍ ഹിറ്റ്‌ലറെ താഴെയിറക്കാന്‍ വിപ്ലവം നടത്തുമെന്ന് ഭയന്നിരിക്കുമ്പോഴാണ് തീവെപ്പ് ഉണ്ടായത്. ആര് തീെവച്ചു, എന്തിന് തീവെച്ചു, ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ നിരവധിയുണ്ട്. പക്ഷേ, കൊല്ലം 80 കഴിഞ്ഞിട്ടും സത്യം പിടികിട്ടിയിട്ടില്ല. ഒരു ചങ്ങാതിയെ പിടികൂടി വധശിക്ഷ കൊടുത്തുവെന്നത് ശരി. അതവിടെ ഏറ്റവും എളുപ്പം ചെയ്യാവുന്ന കാര്യമാണ്.
റൈച്ച്സ്റ്റാഗ് സംഭവംകൊണ്ട് ഗുണം കിട്ടിയത് ഹിറ്റ്‌ലര്‍ക്കായിരുന്നു. തീവെപ്പിന്റെ കാരണക്കാരെന്ന് മുദ്രകുത്തി കമ്യൂണിസ്റ്റുകാരെ അടിച്ചൊതുക്കി. പാര്‍ട്ടിയെ നിരോധിച്ച് പാര്‍ലമെന്റില്‍ ഹിറ്റ്‌ലര്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. ലോകത്തെ നാശത്തിന്റെ വക്കത്തെത്തിച്ച പോക്കിന്റെ തുടക്കമായിരുന്നു അന്ന് ആ കെട്ടിടത്തിലുരച്ച തീപ്പെട്ടിക്കോല്. ആലപ്പുഴയില്‍ റൈച്ച്സ്റ്റാഗിനേക്കാള്‍ പവിത്രമായ സ്മാരകം കത്തിച്ചതിന്റെ പിന്നില്‍ ഏതുതരം ഗൂഢാലോചനയാണുള്ളതാവോ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ അടിമുടി സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടി പിടിച്ചെടുക്കാന്‍ ആരെങ്കിലും ഇറക്കിയ വല്ല നമ്പറുമാണോ? പടച്ചോനറിയാം.
സി.പി.എം. സ്ഥാപകാചാര്യന്റെ സ്മാരകം കത്തിച്ചത് സഖാക്കളല്ല എന്ന അഭിപ്രായമുള്ളത് ഹിറ്റ്‌ലറുടെ കാലം മുതല്‍തന്നെ ഇവിടെ നടപ്പുള്ള വി.എസ്. അച്യുതാനന്ദന് മാത്രമാണ്. റൈച്ച്സ്റ്റാഗ് തീവെപ്പിനേക്കാള്‍ പത്തുവര്‍ഷംമുമ്പ് ജനിച്ചതാണ് മൂപ്പര്. സി.പി.എമ്മില്‍ കുഴപ്പമുണ്ടാക്കാന്‍ രമേശ് ചെന്നിത്തല ആസൂത്രണം നടത്തിയതാണോ എന്ന സംശയം സഖാവിനുണ്ട്. രമേശ് മന്ത്രിയായത് തീവെപ്പിന് മൂന്നുമാസം കഴിഞ്ഞാണെന്നുമാത്രം. അത് സാരമില്ല. ഗൂഢാലോചന നടത്താന്‍ മന്ത്രിയാവണമെന്നില്ലല്ലോ. എന്തിനാണ് രമേശ് ഈ കടുംകൈയ്ക്ക് മുതിര്‍ന്നിട്ടുണ്ടാവുക? വെറുതേ ഒരു തമാശയ്ക്ക് എന്ന് ഉത്തരം നല്‍കിയാല്‍ പോരല്ലോ. കൃഷ്ണപിള്ള മരിച്ചുവീണ വീട് കത്തിച്ചാല്‍ ഗ്രൂപ്പിസം അവസാനിപ്പിച്ച് സഖാക്കള്‍ ഒന്നിച്ചുനിന്നേക്കുമെന്നാണ് കോണ്‍ഗ്രസ്സുകാര്‍ ഭയപ്പെടേണ്ടത്. മറിച്ചാണ് സംഭവിച്ചത്. പണ്ടത്തെ കാലമല്ല ഇത്.പാര്‍ട്ടി ഇപ്പോള്‍ വളരെ മാറിയിരിക്കുന്നു. ന്യായം നോക്കിയേ ഇപ്പോള്‍ പോലീസിനെപ്പോലും വിമര്‍ശിക്കൂ. പാര്‍ട്ടിക്കാരുടെ പേരില്‍ കേസെടുത്താല്‍ പണ്ടായിരുന്നെങ്കില്‍ എന്താണ് സംഭവിക്കുക? പോലീസിന്റെ കഥ കഴിക്കും. ഇപ്പോഴതല്ല ലൈന്‍. പാര്‍ട്ടിക്കാര്‍ കേസില്‍ പ്രതികളായോ എങ്കില്‍ സമാന്തരമായി പാര്‍ട്ടിയും കേസ് അന്വേഷിക്കും. പോലീസിനേക്കാള്‍ കേമമാണ് പാര്‍ട്ടിയുടെ ഡിറ്റക്ടീവ് സംവിധാനം. പോലീസ് അന്വേഷണം കറക്ട് ലൈനിലാണ് പോകുന്നതെങ്കില്‍ പാര്‍ട്ടി അന്വേഷണം നിര്‍ത്തും. കൃഷ്ണപിള്ള മന്ദിരം കേസില്‍ അതാണ് സംഭവിച്ചത്. പോലീസിന്റെ പോക്ക് ശരിയായ ദിശയില്‍ത്തന്നെയെന്ന് പാര്‍ട്ടി സെക്രട്ടറി സര്‍ട്ടിഫിക്കറ്റ് ഇഷ്യുചെയ്തിട്ടുണ്ട്. അച്യുതാനന്ദന്റെ ലൈന്‍ വേറെയാണ്. അദ്ദേഹത്തിന് സ്വന്തം െ്രെകംബ്രാഞ്ചുണ്ട്. പിണറായിയുടേത് വെറും ലോക്കല്‍ പോലീസ് അന്വേഷണമാണ്. പോലീസ് പറയുന്നതാണോ പാര്‍ട്ടി വിശ്വസിക്കേണ്ടത് എന്നാണ് അച്യുതാനന്ദന്റെ ന്യായമായ ചോദ്യം. പോലീസ് പറഞ്ഞതെല്ലാം അച്യുതാനന്ദന്‍ വിശ്വസിച്ചത് വേറെകാര്യം. പാര്‍ട്ടിക്കൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി പറഞ്ഞതാണോ സത്യമായി ഭവിച്ചത്, പാര്‍ട്ടിക്കാരാണ് കൊല ചെയ്തത് എന്ന് വി.എസ്. പറഞ്ഞതോ? അന്ന് പോലീസ് പറഞ്ഞത് പാര്‍ട്ടി തള്ളി, വി.എസ്. സ്വീകരിച്ചു. ഇന്ന് നേരേ മറിച്ചും. രണ്ടിടത്തും പ്രതിക്കൂട്ടില്‍ പാര്‍ട്ടിതന്നെ.അന്വേഷണവും വിചാരണയുമൊക്കെ അതിന്റെ വഴിക്ക് നടക്കും. 80 വര്‍ഷം കഴിഞ്ഞിട്ടും റൈച്ച്സ്റ്റാഗ് തീവെപ്പിനെക്കുറിച്ച് പുതിയ വ്യാഖ്യാനങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടാകുന്നുണ്ടല്ലോ. ഹിറ്റ്‌ലര്‍ ഭരിക്കുമ്പോള്‍ അങ്ങേരുടെ ജന്മദിനപ്പാര്‍ട്ടിക്കിടയില്‍ ഹെര്‍മന്‍ ഗോറിങ് എന്ന മുഖ്യശിങ്കിടി തുടയിലടിച്ച് അവകാശപ്പെട്ടു, താനാണ് റൈച്ച്സ്റ്റാഗ് തീവെപ്പിന്റെ ആസൂത്രകന്‍ എന്ന്. യുദ്ധം കഴിഞ്ഞ് ജയിലിലിട്ടപ്പോള്‍ പുള്ളിക്കാരന്‍ അത് നിഷേധിക്കുകയും ചെയ്തു. ഏതെങ്കിലും കൂട്ടര്‍ എതിരാളികളെ കുടുക്കാന്‍ കുറ്റകൃത്യങ്ങള്‍ ആസൂത്രണംചെയ്യുന്നതിന് ഇപ്പോള്‍ വിളിക്കുന്ന പേരുതന്നെ റൈച്ച്സ്റ്റാഗ് തീവെപ്പ് എന്നായിട്ടുണ്ട്. ആവോ, മാര്‍ക്‌സിസ്റ്റ് ചരിത്രത്തില്‍ സ്വര്‍ണലിപിയിലോ കറുത്ത ടാര്‍ലിപിയിലോ നമ്മുടെ തീവെപ്പിനും സ്ഥാനം ലഭിക്കില്ലെന്ന് ആരുകണ്ടു.

****

മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍സമരം നടത്തിയത് മുഖ്യമന്ത്രി രാജിവെക്കില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ആയിരുന്നത്രെ. മാധ്യമ സിന്‍ഡിക്കേറ്റുകാരുടെ കണ്ടെത്തലോ സി.പി.ഐ. സെക്രട്ടറി പന്ന്യന്റെ ആരോപണമോ അല്ല ഇത്. പത്രറിപ്പോര്‍ട്ട് അനുസരിച്ചാണെങ്കില്‍ സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ ജില്ലാസമ്മേളനത്തില്‍ പ്രതിനിധികളോടാണ് സംഗതി പറഞ്ഞത്. ഇതില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലൊന്നുമില്ല; വാര്‍ത്തയുമില്ല. ഇക്കാലത്ത് വിജയിക്കാന്‍വേണ്ടി ആരും സമരം നടത്താറില്ല. കല കലയ്ക്കുവേണ്ടി എന്നും മറ്റും പറയാറുള്ളതുപോലെ സമരം സമരത്തിന് വേണ്ടിത്തന്നെയുള്ള ഒരു ഏര്‍പ്പാടാണ്. ഈ മഞ്ഞുകാലത്തും ആളുകള്‍ പുലര്‍ച്ചെ റോഡരികിലൂടെ തിരക്കിട്ട് നടക്കുന്നത് കണ്ടിട്ടില്ലേ. അവരാരും എങ്ങോട്ടും പോവുകയല്ല. നടപ്പ് നടപ്പിനുവേണ്ടിത്തന്നെയാണ്. ശരീരത്തിന്റെ അകത്ത് കയറിപ്പറ്റിയ ചിലതുകളെ നേരിടുന്നതിനുള്ളതാണ് ഈ പാച്ചില്‍. പാര്‍ട്ടികള്‍ക്ക് സമരവും അങ്ങനെത്തന്നെ. നിരന്തരം സമരം നടത്തിയില്ലെങ്കില്‍ അകത്തെ മേദസ്സും ഊര്‍ജവും പാര്‍ട്ടിക്കെതിരെത്തന്നെ തിരിയും. വിഭാഗീയതയും മറ്റ് പല അനാശാസ്യ പ്രവണതകളും പെരുകും. അതുകൊണ്ട് മുഖ്യമന്ത്രിമാര്‍ അഴിമതി കാണിച്ച് സമരങ്ങള്‍ക്ക് കാരണമുണ്ടാക്കിയേ തീരൂ.

സോളാര്‍ അന്വേഷണക്കമ്മീഷനുമായി നിസ്സഹകരിച്ച് തെളിവുനല്‍കാന്‍പോലും പോകാതിരുന്ന ഒരു കൂട്ടര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രണ്ടാംഘട്ടസമരം തുടങ്ങാന്‍ പോകുന്നതായും വാര്‍ത്തയുണ്ട്. മുഖ്യമന്ത്രിയെയും കമ്മീഷന്‍ വിസ്തരിക്കാന്‍ വിളിച്ചതിനാല്‍ അദ്ദേഹം രാജിവെക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ബി.ജെ.പി.ക്കാര്‍ തെളിവ് നല്‍കിയതുകൊണ്ടാണ് മുഖ്യമന്ത്രിയെ കമ്മീഷന്‍ വിസ്തരിക്കുന്നതെന്ന് അവര്‍ അവകാശപ്പെട്ടിട്ടുണ്ട്. അന്വേഷണക്കമ്മീഷന്‍ വിസ്തരിക്കാന്‍ വിളിച്ചതിന്റെ പേരില്‍ ഇതിനുമുമ്പ് ആരെങ്കിലും രാജിവെച്ചതായി കേട്ടുകേള്‍വിയില്ല. ഇതിലും വലിയ നൂറുകാരണം കിട്ടിയിട്ടും രാജിവെക്കാത്ത മുഖ്യമന്ത്രിയോടാണ് കളി. ഇതിനിടെ മാണിസാറിനെയും രാജിവെപ്പിക്കണം. അല്ല, രാജിവെക്കില്ല എന്നറിഞ്ഞുകൊണ്ട് സമരം നടത്തണം. വല്ലാത്ത പൊല്ലാപ്പുതന്നെ.

nprindran@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Go Top