ഡെഡ് ലൈന്‍ കഴിഞ്ഞേ മിക്കപ്പോഴും ജയചന്ദ്രന്റെ മിസ്സൈലുകള്‍ കല്‌പ്പറ്റയില്‍ നിന്ന് കോഴിക്കോട്ടേക്ക് തൊടുത്തുവിടാറുള്ളൂ. ടെലഫോണിലൂടെ ന്യൂസ് എഡിറ്ററുടെ ഉച്ചത്തിലുള്ള അന്ത്യശാസനങ്ങള്‍ അതിനുമുമ്പ് പലവട്ടം ഉണ്ടാകാറുണ്ട്. വൈകീട്ട് കല്‌പറ്റ മാതൃഭൂമി ബ്യൂറോവില്‍നിന്ന് കിട്ടുന്ന ന്യൂസ് ഷെഡ്യൂളിലെ വാഗ്‌ദാനങ്ങള്‍ക്ക് പുറത്താണ് ന്യൂസ് എഡിറ്റര്‍ വയനാടന്‍ എക്‌സ്‌ക്ലൂസിവുകള്‍ക്ക് വേണ്ടി കാത്തിരിക്കുക. വിംസി എന്ന് സ്‌പോര്‍ട്‌സ് വായനക്കാര്‍ക്ക് സുപരിചിതനായ വി.എം.ബാലചന്ദ്രനാണ് അന്ന് കോഴിക്കോട്ട് ന്യൂസ് എഡിറ്റര്‍. രഹസ്യങ്ങള്‍ മാത്രമേ അദ്ദേഹം ശബ്ദംതാഴ്‌ത്തി പറയാറുള്ളൂ. അതുപോലും നാലാള്‍കേള്‍ക്കും. അയക്കേണ്ട വാര്‍ത്ത സമയത്തിന് കിട്ടിയില്ലെങ്കില്‍ ജയചന്ദ്രനല്ല, ഇന്ദ്രപ്രസ്ഥത്തില്‍ അധിപനായിരിക്കുന്ന വി.കെ.മാധവന്‍കുട്ടിയായാലും ചിലതെല്ലാം കേട്ടെന്നിരിക്കും. അതാണ് ബാലചന്ദ്രന്റെ ശൈലി.
ജയചന്ദ്രന്റെ റിപ്പോര്‍ട്ട് എത്തിയാല്‍ നേരെ ന്യൂസ് എഡിറ്ററുടെ കൈയിലേ ചെല്ലൂ. അത് സബ് എഡിറ്റര്‍മാര്‍ക്കുള്ളതല്ല. എഡിറ്റിങ്ങിന്റെ കാര്യത്തില്‍ ബാലചന്ദ്രന് സ്വന്തം ശൈലിയുണ്ട്. എഡിറ്റര്‍മാരുടെ കൈകളിലൂടെ കടന്നുപോയാല്‍ ഏത് റിപ്പോര്‍ട്ടും വെട്ടിച്ചുരുക്കപ്പെടുകയേ ഉള്ളു എന്നാല്‍ ബാലചന്ദ്രന്‍ എഡിറ്റ് ചെയ്‌താല്‍ ജയചന്ദ്രന്റെ റിപ്പോര്‍ട്ടിന് ഒന്നോ രണ്ടോ ഇഞ്ച് നീളം കൂടും. ജയചന്ദ്രന്റെ റിപ്പോര്‍ട്ട് തന്നെ പൊള്ളുന്നതായിരിക്കും. അതിനകത്ത് അവിടെയുമിവിടെയും ബാലചന്ദ്രന്‍ തീകോരിയിടും. റിപ്പോര്‍ട്ടുകളില്‍ എഡിറ്റോറിയലൈസിങ് പാടില്ലെന്നും ലേഖകന്റെ അഭിപ്രായപ്രകടനം ഉണ്ടാവരുതെന്നുമൊക്കെ തത്ത്വമുണ്ട്. ബാലചന്ദ്രന് അത് മിക്കപ്പോഴും ബാധകമാകാറില്ല. ജയചന്ദ്രന്റെ റിപ്പോര്‍ട്ട് വായിച്ച് ബാലചന്ദ്രനും ആവേശഭരിതനാകും. ടോപ് ബ്രെയ്‌ക്കപ്പായി കൊടുക്കെടാ എന്നലറി ഡസ്‌കിലേക്ക് വലിച്ചിട്ടുകൊടുക്കും.
നല്ല റിപ്പോര്‍ട്ടര്‍മാരെ സൃഷ്ടിക്കുന്നതില്‍ ന്യൂസ് എഡിറ്ററുടെ പങ്ക് ചെറുതല്ല. ജയചന്ദ്രന്റെ റിപ്പോര്‍ട്ടിങ് ശൈലിയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌ത ന്യൂസ് എഡിറ്ററാണ് ബാലചന്ദ്രന്‍. ജയചന്ദ്രന്‍ എന്ന അസാധാരണ റിപ്പോര്‍ട്ടറെ സൃഷ്ടിക്കുന്നതില്‍ ബാലചന്ദ്രന്‍ എന്ന അസാധാരണ ന്യൂസ് എഡിറ്ററുടെ പങ്ക് വലുതായിരുന്നു. മറ്റേതെങ്കിലും ന്യൂസ് എഡിറ്റര്‍ക്ക് കീഴിലായിരുന്നെങ്കില്‍ നാമറിയുന്ന ജയചന്ദ്രന്‍ ഉണ്ടാകുമായിരുന്നോ എന്ന് സംശയിക്കണം. വയനാട് അന്നും ഒരു വാര്‍ത്താകേന്ദ്രമല്ല. ജില്ലാപദവി കിട്ടിയതുകൊണ്ടുമാത്രമാണ് അവിടെ മുഴുവന്‍സമയ ലേഖകനുണ്ടായത്. കല്‌പറ്റ ടൗണിലെ പീടികയ്‌ക്ക് മുകളില്‍ ചെറിയൊരു “ഫീസാണ് അന്ന് മാതൃഭൂമിക്കുണ്ടായിരുന്നത്.സ്റ്റാഫ് റിപ്പോര്‍ട്ടര്‍ വേണം എന്ന് പത്രങ്ങള്‍ക്ക് തോന്നിത്തുടങ്ങിയത് പിന്നെയും വളരെക്കഴിഞ്ഞാണ്. ജയചന്ദ്രന്റെ റിപ്പോര്‍ട്ടുകള്‍ ഒന്നാം പേജില്‍ ബൈലൈനോടെ എല്ലായ്‌പ്പോഴും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നെങ്കിലും ജയചന്ദ്രന്‍ അന്ന് സ്റ്റാഫ് ലേഖകനായിരുന്നില്ല. ലൈനര്‍ എന്നാണ് തസ്‌തികയുടെ പേര്. ലൈനര്‍മാര്‍ക്ക് ബൈലൈന്‍ കൊടുക്കേണ്ട എന്ന പൊതുനയത്തില്‍ നിന്ന് ജയചന്ദ്രനും അപൂര്‍വം മറ്റുചിലര്‍ക്കുമേ കിഴിവ് അനുവദിച്ചിരുന്നുള്ളൂ.സ്റ്റാഫ് റിപ്പോര്‍ട്ടറുടെ മൂന്നിലൊന്നുശമ്പളമേ ലൈനര്‍ക്ക് കിട്ടൂ. റിപ്പോര്‍ട്ടുകള്‍ക്ക് നീളമളന്ന് പ്രതിഫലം കിട്ടും. ഒരു ദിവസം ഒരു കോളം എഴുതാന്‍ കഴിഞ്ഞാലായി. കഷ്ടിച്ച് ജീവിച്ചുപോകാമെന്ന് മാത്രം.
പണ്ടുകാലത്ത് കവിതയ്‌ക്കും മറ്റും വരികള്‍ എണ്ണിയാണ് പ്രതിഫലം നല്‌കിയിരുന്നത് എന്ന് കേട്ടിട്ടുണ്ട്. അതുപോലൊരു പഴയ സമ്പ്രദായമാണ് റിപ്പോര്‍ട്ട് അളന്ന് പ്രതിഫലം നല്‍കല്‍. നല്ല റിപ്പോര്‍ട്ടാണോ ചീത്ത റിപ്പോര്‍ട്ടാണോ എന്ന ചോദ്യമില്ല. ലെറ്റര്‍ ഹെഡ്ഡില്‍ എഴുതിക്കൊണ്ടു വരുന്ന രാഷ്‌ട്രീയപ്രസ്‌താവനയ്‌ക്കും ജീവന്‍പണയം വെച്ചെഴുതുന്ന എക്‌സ്‌ക്‌ളൂസിവിനും ഒരേ പ്രതിഫലം. ഒന്നാം പേജിലെ എട്ടുകോളം ബൈലൈന്‍ മെയിന്‍വാര്‍ത്തയായി വന്നാലും ലോക്കല്‍പേജിന്റെ മൂലയില്‍ വന്നാലും ഒരേ പ്രതിഫലം. വേജ്‌ബോര്‍ഡിന്റെ ഈ വിചിത്രരീതി ഇന്നും മാധ്യമരംഗത്ത് തുടരുന്നു എന്നത് വേറെകാര്യം.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ ജേണലിസം ബാച്ചുകാനായിരുന്നെങ്കിലും ലൈനറായേ ജനചന്ദ്രന്‍ തുടക്കത്തില്‍ സ്വീകരിക്കപ്പെട്ടുള്ളൂ. അന്ന് നിയമനത്തിന് ബിരുദാനന്തരബിരുദത്തിനാണ് ജേണലിസം ഡിഗ്രിയേക്കാള്‍ പ്രാധാന്യം നല്‌കിയിരുന്നത്.മാഗസീന്‍ ജേണലിസത്തിലായിരുന്നു ജയചന്ദ്രന് കമ്പം. മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനായിരുന്ന കെ.സി.നാരായണനാണ് ജയചന്ദ്രനിലെ എഴുത്തുകാരനെ ആദ്യം തിരിച്ചറിഞ്ഞത്. ഒട്ടനവധി ഫീച്ചറുകള്‍ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാല്‍ സ്ഥിരവരുമാനമുള്ള ജോലി അത്യാവശ്യമായിരുന്നു. കോഴിക്കോട്ട് അന്നുണ്ടായിരുന്ന ഷൂട്ട് എന്ന സിനിമാമാഗസിനിലാണ് ജയചന്ദ്രന്‍ ആദ്യമായി ചേരുന്നത്. മാതൃഭൂമിയില്‍ ചേര്‍ന്ന് പിന്നീട് സ്‌പോര്‍ട്‌സ് ലേഖകനായ വി.രാജഗോപാല്‍ തുടങ്ങിവെച്ചതായിരുന്നു ഷൂട്ട്. ആദ്യം സ്‌പോര്‍ട്‌സ് സിനിമാ പ്രസിദ്ധീകരണമായിരുന്നു. രാജഗോപാല്‍ അത് പി.വി.ഗംഗാധരന് കൈമാറുമ്പോള്‍ ഉണ്ടായ ധാരണയനുസരിച്ചാണ് ജയചന്ദ്രന്‍ ഷൂട്ടില്‍ എത്തുന്നത്.പത്രാധിപര്‍ മുതല്‍ അറ്റന്‍ഡര്‍ വരെ എല്ലാ ജോലികളും ചെയ്‌തു. സിനിമ മാത്രമായി വിഷയം. ശിവകാശിയില്‍ അച്ചടി, കേമന്‍ പ്രസിദ്ധീകരണം. പക്ഷേ നഷ്ടവും കേമം. അധികം വൈകാതെ ഷൂട്ട് നിലച്ചു. അങ്ങനെയാണ് പി.വി.ഗംഗാധരനും രാജഗോപാലും ചേര്‍ന്ന് ജയചന്ദ്രനെ മാതൃഭൂമിയില്‍ എത്തിക്കുന്നത്. വയനാട് ജില്ലയുണ്ടാകുമ്പോള്‍ നല്ലൊരു ലേഖകനെ തേടുകയാരുന്നു പത്രാധിപര്‍ വി.പി.രാമചന്ദ്രന്‍. പിന്നെ സംശയമുണ്ടായില്ല. ആദ്യനിയമനം കല്‌പ്പറ്റയില്‍.
ആദിവാസി വികസനമായിരുന്നു അവിടത്തെ മുഖ്യവിഷയം. വികസന ഉദ്യോഗസ്ഥന്മാര്‍ നല്‍കുന്ന പ്രസ് റിലീസുകളും സ്ഥിതിവിവരക്കണക്കുകളും മതി ഹെഡ്ഡിങ്ങുകള്‍ ചമയ്‌ക്കാന്‍. കോളം അളക്കാനും ധാരാളമുണ്ടാകും. സാമൂഹിക സംഘര്‍ഷങ്ങള്‍ ഏറെയുള്ള പ്രദേശമാണ് അതെന്ന് ജയചന്ദ്രന്‍ വേഗം തിരിച്ചറിഞ്ഞു. ഇംഗ്‌ളീഷ് മീഡിയത്തില്‍ പഠിച്ച് നഗരജീവിതത്തില്‍ ലയിച്ച് പത്രപ്രവര്‍ത്തനത്തിലേക്ക് വന്ന ആളായിരുന്നില്ല ജയചന്ദ്രന്‍. അതുകൊണ്ടുതന്നെ തിരിച്ചറിവുകള്‍ക്ക് സാമൂഹ്യസാഹചര്യങ്ങളുടെ പിന്‍ബലവുമുണ്ടായിരുന്നു.കോഴിക്കോട് ജില്ലയിലെ മലയടിവാര ഗ്രാമമായ കായണ്ണയില്‍നിന്ന് വയനാട്ടിലേക്കുള്ള യാത്ര ജയചന്ദ്രനെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചുകാണണം. അത്ര നല്ല ചുറ്റുപാടിലല്ല ജയചന്ദ്രന്‍ ജനിച്ചുവളര്‍ന്നത്. ആരുടെയെല്ലാമോ സഹായവും സ്വന്തം നെഞ്ചൂക്കുമാണ് ജയചന്ദ്രനെ ജേണലിസം ബിരുദധാരിയാക്കിയത്. കോളേജ് വിട്ട് ജോലിയൊന്നും കിട്ടാത്ത കാലത്ത് തലശ്ശേരിയിലെ ഒരു ലോഡ്‌ജില്‍ രാത്രിജോലിക്കാരനായിപ്പോലും ജയചന്ദ്രന്‍ പണിയെടുത്തിട്ടുണ്ട്. പത്രപ്രവര്‍ത്തകനായ കാലത്തും സാധാരണ ആളുകള്‍ക്കുള്ള ആവശ്യങ്ങളോ സുഖസൗകര്യങ്ങളോ ഒന്നും ജയചന്ദ്രന്റെ മുന്‍ഗണനാപട്ടികയിലുണ്ടായിരുന്നില്ല. വിശപ്പ് മാത്രമേ അവനെ അലട്ടാറുള്ളൂ. ഉറങ്ങാന്‍ മുറിയോ കിടക്കയോ ഉടുക്കാന്‍ വൃത്തിയും പാകവും ഉള്ള മുണ്ടും ഷര്‍ട്ടുമോ വേണമെന്ന് അവന് തോന്നാറുമില്ല. എണ്‍പതുകളുടെ അവസാനം സ്റ്റാഫ് ലേഖകനായി കോഴിക്കോട്ടേക്ക് സ്ഥലം മാറ്റപ്പെട്ടപ്പോള്‍ രണ്ടുവര്‍ഷത്തോളം കിടന്നുറങ്ങാന്‍ ഒരു ലോഡ്‌ജ് മുറിപോലുമില്ലാതെയാണ് ജയചന്ദ്രന്‍ കഴിഞ്ഞുകൂടിയിരുന്നത്.എവിടെ കിടന്നുറങ്ങണമെന്ന ചിന്ത വരുന്നത് രാത്രി ഒമ്പത് മണി കഴിയുമ്പോഴാണ്. മിക്കപ്പോഴും അതെന്റെ പ്രശ്‌നമല്ല നിങ്ങളുടെ പ്രശ്‌നമാണ് എന്ന മട്ടില്‍ നിസ്സംഗത പുലര്‍ത്തുകയും ചെയ്യുമായിരുന്നു. ആ പ്രശ്‌നത്തിന് ആരെങ്കിലും പരിഹാരമുണ്ടാക്കി പറഞ്ഞയക്കും. അന്നത്തെ അന്തിയുറക്കം കഴിഞ്ഞ് ആതിധേയന്റെ പാകമല്ലാത്ത ഷര്‍ട്ടും ധരിച്ചാണ് പിറ്റേന്ന് ബ്യൂറോവില്‍ പ്രത്യക്ഷപ്പെടുക. എണ്ണമറ്റ സുഹൃത്തുക്കള്‍ നഗരത്തിലുണ്ടായിരുന്നു. ഞങ്ങളൊന്നും കേട്ടിട്ടുപോലുമില്ലാത്ത ഇരുണ്ട മൂലകളില്‍നിന്നുപോലും സുഹൃത്തുക്കള്‍ ജയചന്ദ്രനെ തേടിവരുമായിരുന്നു. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരുമായി അടുക്കാന്‍ അവന് പ്രത്യേക തയ്യാറെടുപ്പുകളൊന്നും ആവശ്യമായിരുന്നില്ല. വലിയ പത്രപ്രവര്‍ത്തകനൊക്കെയാണെങ്കിലും തങ്ങളില്‍ ഒരാളാണെന്ന് അവര്‍ക്ക് നിമിഷങ്ങള്‍ക്കകം തോന്നുമായിരുന്നു.
അതിന് മുമ്പും ശേഷവും എഴുതിയിട്ടില്ലാത്ത ഒരു പാട് കാര്യങ്ങള്‍ അവന്‍ ആദിവാസികളെക്കുറിച്ചെഴുതി. സാമ്പത്തികമായും കായികമായും ലൈംഗികമായുമെല്ലാം ആദിവാസികളെ ചൂഷണം ചെയ്‌ത് ആഴങ്ങളിലേക്ക് അവര്‍ വലിച്ചെറിയപ്പെടുകയാണെന്ന വസ്‌തുത കേരളീയന്റെ മനസ്സില്‍ തറപ്പിച്ചത് ആദ്യമായി ജയചന്ദ്രന്‍ എന്ന റിപ്പോര്‍ട്ടറായിരുന്നു. ആദിവാസികളാരും കാശ് കൊടുത്ത് പത്രംവാങ്ങുന്നവരല്ല. അവരെ ചൂഷണം ചെയ്യുന്ന കരാറുകാരും ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരുമൊക്കെയാണ് പത്രവായനക്കാര്‍. വായനക്കാരനെ പ്രീണിപ്പിക്കലാണ് പത്രപ്രവര്‍ത്തനം എന്ന് പഠിപ്പിക്കപ്പെടുന്ന ഇക്കാലത്ത് ജയചന്ദ്രനെപ്പോലുള്ളവര്‍ക്ക് സ്ഥാനമുണ്ടോ എന്നറിയില്ല.
പ്രൊഫഷനല്‍ പത്രപ്രവര്‍ത്തനത്തിന്റെ തത്ത്വങ്ങളൊന്നും ജയചന്ദ്രന്‍ കാര്യമായി വകവെച്ചിരുന്നില്ല. ലീഡും ഇന്‍ട്രോയും എഴുതുന്നതിന്റെ അക്കാദമികജേണലിസം രീതികള്‍ ജയചന്ദ്രന്‍ കീഴ്‌മേല്‍ മറിച്ചു. നിയമങ്ങള്‍ ലംഘിച്ച എത്രയെത്ര ലീഡ് വാചകങ്ങള്‍ , തലവാചകങ്ങള്‍.
ഇതാ ഏതാനും ചിലവ
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈയില്‍ പൊട്ടി ഒലിക്കുന്ന മണ്ണുനോക്കി ഒരു കുടുംബം ഏറെ നേരം കഴിഞ്ഞുതിരിച്ചുപോയി-
പൂമത്തുമലയില്‍ സൂചിപ്പാറയുടെ താഴ് വരയില്‍ പതിനഞ്ചംഗങ്ങളുള്ള ഒരു കാട്ടുപണിയ കുടുംബം പട്ടിണി കാരണം മരണത്തോട് അടുക്കുകയാണ്.
വയനാട്ടില്‍ ആദിവാസിക്കുട്ടികള്‍ എങ്ങനെയെല്ലാമോ വളരുന്നു, ഉണ്ണാനും ഉടുക്കാനുമില്ലാതെ.
വേറൊരു തലവാചകം ഇങ്ങനെ
അടിയാത്തി മാച്ചിക്ക് ഇത് അഞ്ചാമത് ഗര്‍ഭഛിദ്രം
നിരന്തരം തുറന്നുകാട്ടപ്പെടുകയായിരുന്നു,വലിച്ചുകീറപ്പെടുകയായിരുന്നു നമ്മുടെ ആദിവാസി വികസന നാട്യങ്ങള്‍.
നിഷ്‌പക്ഷതയെന്ന നാട്യം ജയചന്ദ്രന് ഒരിക്കലും ഉണ്ടായിരുന്നില്ല. പക്ഷംപിടിക്കാതെ ഒരു റിപ്പോര്‍ട്ടുപോലും എഴുതിയിരുന്നില്ല. ആദിവാസിക്ക് വീടുണ്ടാക്കാന്‍ കരാറെടുത്ത ശേഷം കാശുമായി മുങ്ങിയ കരാറുകാരനെക്കുറിച്ചെഴുതുമ്പോള്‍ എങ്ങനെയാണ് നിഷ്‌പക്ഷനാവുക ? ആദിവാസിപ്പെണ്‍കുട്ടികള്‍ക്ക് അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ എറിഞ്ഞുകൊടുത്ത് നാടുവിടുന്ന പരിഷ്‌കാരികളെക്കുറിച്ചെഴുതുമ്പോള്‍ എന്ത് നിഷ്‌പക്ഷതയാണ് പുലര്‍ത്തേണ്ടത് ? ഒരു പക്ഷത്ത് നിന്ന ആഞ്ഞടിക്കുക തന്നെയാണ് ചെയ്യേണ്ടത്. വസ്‌തുതകള്‍ മാത്രം നിരത്തി നിസ്സംഗതയോടെ പിന്‍വലിയാന്‍ ജയചന്ദ്രന് കഴിയുമായിരുന്നില്ല. മനുഷ്യത്വത്തിന് വിലകല്‌പിക്കുന്ന ഒരു പത്രപ്രവര്‍ത്തകന് നിഷ്‌പക്ഷനാകാന്‍ കഴിയും എന്ന് ജയചന്ദ്രന്‍ വിശ്വസിച്ചിരുന്നില്ല. ശരിക്കും തെറ്റിനുമിടയില്‍ നിഷ്‌പക്ഷതയില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. മര്‍ദ്ദകനും മര്‍ദ്ദിക്കപ്പെടുന്നവനും ഇടയില്‍, ചൂഷിതനും ചൂഷകനുമിടയില്‍, കൊലയാളിക്കും കൊലചെയ്യപ്പെടുന്നവനും ഇടയില്‍ എന്ത് നിഷ്‌പക്ഷത !.
വയനാട്ടില്‍നിന്നുള്ള ജയചന്ദ്രന്റെ റിപ്പോര്‍ട്ടുകളില്‍ ആവര്‍ത്തിക്കപ്പെട്ട പ്രമേയമാണ് പോലീസ് മര്‍ദ്ദനം. ചോദിക്കാനും പറയാനും ആരുമില്ലാത്ത ആദിവാസിയാകുമ്പോള്‍ മര്‍ദ്ദനത്തിന് കാഠിന്യമേറും. പോലീസ്‌ക്രൂരതകള്‍ക്കെതിരെ മനുഷ്യാവകാശസംഘടനകളോ രാഷ്ട്രീയപാര്‍ട്ടികളോ ചെയ്‌തതിലേറെ ചെയ്യാന്‍ അന്ന് ജയചന്ദ്രന്റെ റിപ്പോര്‍ട്ടുകള്‍ക്കായിട്ടുണ്ട്. എന്തെങ്കിലും രാഷ്‌ട്രീയയാദര്‍ശങ്ങളില്‍നിന്നോ തത്ത്വങ്ങളില്‍നിന്നോ അല്ല ജയചന്ദ്രന്‍ ഈ പത്രപ്രവര്‍ത്തനരീതി രൂപപ്പെടുത്തിയത്. കറയില്ലാത്ത മനുഷ്യത്വം മാത്രമായിരുന്നു അതിന്റെ വിത്ത്.
ജയചന്ദ്രന്റെ ആദ്യകാല വയനാടന്‍ റിപ്പോര്‍ട്ടുകളില്‍ ഏറെയും വനസംരക്ഷണത്തിന് വേണ്ടിയുള്ളവയായിരുന്നു. കേരളത്തിലേറ്റവുമേറെ വനനശീകരണം നടന്നുപോന്ന ജില്ലയായിരുന്നു വയനാട്. വയനാട് മരുഭൂമിയാകുന്നുവെന്ന ദുരന്തം മുന്‍കൂട്ടിക്കാണാന്‍ അന്നേ കഴിഞ്ഞു. പ്രകൃതിസംരക്ഷണത്തിന്റെ അടിസ്ഥാനാദര്‍ശങ്ങള്‍ ജയചന്ദ്രന്‍ ജീവിതത്തില്‍ ഉള്‍ക്കൊണ്ടിരുന്നു. എവിടെയെങ്കിലും ഒരു മരംവെട്ടിവീഴ്‌ത്തിയെന്ന് കേട്ടാല്‍പോലും ഫോട്ടോഗ്രാഫറുമായി ഇറങ്ങുമായിരുന്നു. വനംകൊള്ളയ്‌ക്ക് പിന്നിലെ രാഷ് ട്രീയ ഉദ്യോഗസ്ഥ വനം മാഫിയ കൂട്ടുകെട്ടിനെ തുറന്നു കാട്ടുന്നതായിരുന്നു ജയചന്ദ്രന്റെ റിപ്പോര്‍ട്ടുകളിലേറെയും. ഇന്നും വയനാട് പച്ചയായി നിലനില്‍ക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് ജയചന്ദ്രന്‍ വഹിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയംവേണ്ട.
തീഷ്‌ണമായ അനുഭവങ്ങള്‍ മനസ്സില്‍പേറിയാണ് ജയചന്ദ്രന്‍ 1985 കാലത്ത് ചുരമിറങ്ങുന്നത്. കിടക്കപ്പായില്‍നിന്ന് ഒരു രാത്രി പോലീസുകാര്‍ ജയചന്ദ്രനെ പൊക്കിക്കൊണ്ടുപോയിരുന്നു. കൂടെക്കിടന്ന കെ.ജോണി വിവരമറിയിച്ചില്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് സങ്കല്‍പ്പിക്കാനേ കഴിയൂ. കേരളം ഒറ്റമനസ്സായി പിറ്റേന്ന് അധികാരവര്‍ഗത്തിന് നേരെ കയ്യോങ്ങി. പിന്നെ അധികകാലം അവിടെ നിന്നില്ല. സ്റ്റാഫ് ലേഖകനായി കോഴിക്കോട്ടെത്തി. മാറിയ സാഹചര്യങ്ങള്‍ ജയചന്ദ്രനെ തെല്ലൊന്നു തളര്‍ത്തി. ക്രമേണ ജയചന്ദ്രന്‍ പുതിയ വഴികള്‍തേടി.
ഇലക്‌ട്രോണിക് മാധ്യമം ജയചന്ദ്രനെ കാത്തുനില്‍പ്പുണ്ടായിരുന്നു. കേരളതലസ്ഥാനത്തെത്തിയപ്പോഴും സാഹചര്യങ്ങളില്‍ അലിഞ്ഞുചേരാതെ തന്റെ വഴി ജയചന്ദ്രന്‍ കണ്ടെത്തി. അധികാരകേന്ദ്രത്തിലെ എല്ലാംതികഞ്ഞ യോഗ്യരായ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ അപരിചിതത്വത്തോടെ അല്‌പകാലമലഞ്ഞു. വര്‍ണശബളമായ കാഴ്‌ചകളിലേക്കല്ല ആ ക്യാമറക്കണ്ണുകള്‍ തെളിഞ്ഞത്. വലിയ മനുഷ്യര്‍ ഇരുന്ന കസേലകളും മുറികളും അവര്‍ പോയ വഴികളും അവന്‍ അവഗണിച്ചു. നിറമില്ലാത്ത മൂലകളിലേക്കായി നോട്ടം. മന്ത്രിമാരുടെ “ഫീസുകളും അധികാരത്തിന്റെ കൊത്തളങ്ങളും കൊഴുത്തുനിന്നപ്പോള്‍ ജയചന്ദ്രന്റെ ക്യാമറ എല്ലാവരും അവഗണിച്ച എയ്‌ഡ്‌സ് രോഗിണിയെതേടിപ്പോയി. ആസ്‌പത്രിയില്‍ അനാഥശവങ്ങള്‍ പേറുന്ന യുവാവിനെ കാണാന്‍ പോയി.
ഉള്ളം കീറുന്ന തമാശകള്‍, അശാന്തിയെ ഒടുക്കുന്ന ലഹരിയുടെ കുത്തൊഴുക്കുകള്‍, തനിക്ക് മാത്രം മനസ്സിലാകുന്ന ആചാരങ്ങളും ക്രമങ്ങളും ചിട്ടകളും – സുഖങ്ങളെയും ദു:ഖങ്ങളെയും കൊണ്ടാടാന്‍ എപ്പോഴും ഒപ്പമുണ്ടായിരുന്ന യുവസംഘങ്ങള്‍. പരിഷ്‌കൃതജീവിതത്തിന്റെയും പ്രൊഫഷണല്‍ അടിയന്തരങ്ങളുടെയും ചട്ടങ്ങളില്‍നിന്ന് അതെല്ലാം ബഹുദൂരെയായിരുന്നു. രണ്ടുപേരുടെ സാന്നിദ്ധ്യത്തില്‍മാത്രം ജയചന്ദ്രന്‍ അരാജകത്വത്തില്‍ നിന്ന് അവധിയെടുക്കും. ഭാര്യ ആനന്ദകനകത്തിന്റെ സാന്നിദ്ധ്യത്തില്‍ ഉത്തരവാദിത്തമുള്ള ഭര്‍ത്താവാകും, മകള്‍ ക്രിസ്റ്റീനയ്‌ക്ക് സ്‌നേഹംമാത്രമുള്ള അച്ഛനുമാകും. അറിയുന്ന ആര്‍ക്കും മറക്കാന്‍ കഴിയാത്ത, പറഞ്ഞാല്‍തീരാത്ത ഏറെ കഥകളും തന്നെത്തന്നെ പരിഹസിക്കുന്ന തമാശകളും അവശേഷിപ്പിച്ച് മധ്യപ്രായം പിന്നിടുംമുമ്പുതന്നെ ആ പച്ചമനുഷ്യന്‍ ജീവിതത്തോട് വിടപറഞ്ഞു. കോഴിക്കോടിനോടും കായണ്ണയോടും വിടപറയാനെന്ന വണ്ണമാണ് അവസാനത്തെ ദിവസം തിടുക്കപ്പെട്ട് കോഴിക്കോട്ട് വണ്ടിയിറങ്ങിയത്.
ഇരുപത്തിനാലുമണിക്കൂര്‍ പോലും ആയുസ്സില്ലാത്ത വാര്‍ത്തകള്‍ എഴുതിയ പത്രപ്രവര്‍ത്തകനെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് എത്ര കാലത്തെ ആയുസ്സുണ്ടാകും ? സാധാരണഗതിയില്‍ ഹ്രസ്വായുസ്സേ അതിനും പ്രതീക്ഷിക്കേണ്ടൂ. എന്തുകൊണ്ട് ജയചന്ദ്രനെക്കുറിച്ചുള്ള ഓര്‍കളും കഥകളും പുതുതലമുറയിലേക്ക് കൂടി പടരുംവിധം ജീവനോടെ നില്‍ക്കുന്നു എന്നത് ആ അപൂര്‍വവ്യക്തിത്വത്തിന്റെ ആഴങ്ങളിലേക്ക് വെളിച്ചം വീശുന്നു. ആ ഓര്‍മകള്‍ ഇനിയുമേറെക്കാലം മരിക്കാതെ നിലനില്‍ക്കും. മരണശേഷവും ജയചന്ദ്രന്‍ വളരുകയായിരുന്നു. ഒരുപാട് രൂപാന്തരങ്ങള്‍ ആ വ്യക്തിത്വത്തിനുണ്ടായി. സുഹൃത്തുക്കളും ബന്ധുക്കളും അറിയാത്ത പല കഥകളും വിശേഷങ്ങളും കൂട്ടിച്ചേര്‍ക്കപ്പെട്ടു. അപൂര്‍വം വ്യക്തിത്വങ്ങളേ ഇങ്ങനെ ലെജന്‍ഡുകളായി രൂപംമാറാറുള്ളൂ. ജയചന്ദ്രനും ഒരു പത്രപ്രവര്‍ത്തക ഐതിഹ്യമായിരിക്കുന്നു.
(25-11-2008 മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയത്)