ഒരു ആണവപ്പോരും…

ഇന്ദ്രൻ

പാര്‍ട്ടിയെ ധിക്കരിക്കാന്‍ വി.എസ്. അച്യുതാനന്ദന് വിഷയക്ഷാമം ഉണ്ടാവാറില്ല. പുല്ലും ആയുധമാക്കാം വല്ലഭന്. തര്‍ക്കവിഷയമായി ഉയര്‍ത്തിപ്പിടിക്കാന്‍ പ്രത്യയശാസ്ത്രപ്രശ്‌നമോ പാര്‍ട്ടിയുടെ നയപരിപാടികളോ വേണമെന്നില്ല. മെറ്റലര്‍ജി, റോബോട്ടിക്‌സ്, ബയോഫിസിക്‌സ്, ക്വാണ്ടം കെമിസ്ട്രി, മോളിക്യുലാര്‍ ബയോളജി, ആണവശാസ്ത്രം തുടങ്ങിയ കടുകട്ടി സംഗതികള്‍ക്കുമേല്‍ പൊതുവേ ആരും പ്രത്യയശാസ്ത്രപ്പോരിന് ടെന്റടിക്കാറില്ല. വി.എസ്സിന് അതേതെങ്കിലും ആയാലും മതി. ആശയപ്പോരിന് വിഷയക്ഷാമമൊട്ടുമില്ലാത്ത ഭൂപ്രദേശമാണ് കേരളം. അമ്പതുകൊല്ലം മുമ്പേ ഉള്ള വിഷയങ്ങള്‍ ഏതാണ്ടെല്ലാം ഇപ്പോഴുമുണ്ട്. ഡസന്‍കണക്കിന് പുത്തന്‍ വിഷയങ്ങള്‍ വേറെയുമുണ്ട്. പക്ഷേ, കൂടംകുളത്തിനുതന്നെ ഇവയേക്കാള്‍ സ്‌ഫോടനശേഷി.

ആണവനിലയവും കമ്യൂണിസവും തമ്മിലുള്ള ഇരിപ്പുവശം എന്താണ്? ഇല്ല, ആണവ ഏര്‍പ്പാടിനോട് കമ്യൂണിസ്റ്റുകാര്‍ക്ക് താത്ത്വിക വിരോധമൊന്നുമില്ല. ആണവബോംബ് പോലും നിഷിദ്ധമല്ല. ആദ്യമായി അമേരിക്ക അത് ജപ്പാനില്‍ കൊണ്ടിട്ടത് സോവിയറ്റ് യൂണിയനോട് അനുമതി ചോദിച്ചിട്ടൊന്നുമായിരുന്നില്ലെങ്കിലും അമേരിക്കയ്ക്ക് കൂട്ടായിരുന്നല്ലോ അന്ന് സ്റ്റാലിന്റെ സോവിയറ്റ് നാട്. ജപ്പാനില്‍ അതുകൊണ്ടിട്ട് ലക്ഷങ്ങളെ കൊന്നൊടുക്കിയതില്‍ സോവിയറ്റ് യൂണിയന്‍ പ്രതിഷേധിച്ചതായി റിപ്പോര്‍ട്ടില്ല. ജര്‍മനി, ഇറ്റലി, ജപ്പാന്‍ ഫാസിസ്റ്റ് കൂട്ടുകെട്ടിന് പറ്റിയ മറുമരുന്നായേ അതിനെ കാണാന്‍ പറ്റിയിരുന്നുള്ളൂ. പിന്നെ സോവിയറ്റ് യാങ്കി അഖണ്ഡശീത സമര ഫുട്‌ബോളില്‍ ഇരുപക്ഷവും ഗോളടിച്ചിരുന്നത് ഓരോ ട്രയല്‍ ബോംബ് പൊട്ടിച്ചുകൊണ്ടായിരുന്നു. ഒടുവില്‍ നോക്കുമ്പോള്‍ ഭൂമിയെ ആയിരം വട്ടം ചുട്ടുതിന്നാനുള്ള ബോംബ് ശേഖരം രണ്ടുകൂട്ടരുടെയും കൈവശമുണ്ടായിരുന്നുവത്രെ. സോവിയറ്റ് തറവാട് ഓഹരി വെച്ചപ്പോള്‍ അനന്തരവന്മാര്‍ കുറേയെല്ലാം ചുമലില്‍ വെച്ച് കൊണ്ടുപോയെന്നും എവിടെയെല്ലാമോ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് ഒടുവില്‍ കേട്ടത്. അവയ്‌ക്കെല്ലാം എന്തുസംഭവിച്ചുവെന്ന് പടച്ചതമ്പുരാനെ അറിയൂ. റഷ്യയിലെ വികസനത്തിന്റെ ആണിക്കല്ല് ആണവനിലയമായിരുന്നു. തറവാട് കുളമാകുന്ന അവസാന ഘട്ടത്തിലെപ്പോഴോ ആണ് കൂടംകുളത്തും ഒന്നിരിക്കട്ടെ എന്നുപറഞ്ഞ് ആണവനിലയം പാര്‍സലാക്കിയത്. നമുക്ക് കക്ഷിഭേദമെന്യേ ഇതില്‍ ബഹുസന്തോഷവുമായിരുന്നു.

സുനാമി വന്ന് ഫുക്കുഷിമയിലെ ആണവനിലയം കുത്തിയൊലിച്ച് നാശം വിതച്ചശേഷവും കൂടംകുളത്ത് സുനാമിയടിച്ച സ്ഥലത്ത് ആണവനിലയം പറ്റില്ല എന്ന ബോധോദയം നമുക്കുണ്ടായില്ല. മന്‍മോഹന്‍ സിങ്ങിനുമുണ്ടായില്ല, കരുണാനിധിക്കുമുണ്ടായില്ല, പ്രകാശ് കാരാട്ടിനുപോലുമുണ്ടായില്ല. ഇടതുപക്ഷക്കാര്‍ ആണവക്കരാര്‍ വേണ്ട എന്ന് പറഞ്ഞത് അത് അമേരിക്കയുടെ വകയായതുകൊണ്ടായിരുന്നു. അല്ലാതെ ആണവത്തോട് വിരോധമുണ്ടായിരുന്നതുകൊണ്ടായിരുന്നില്ല. ആണവത്തെ അനുകൂലിക്കലാണ് പുരോഗമനപരം. അമേരിക്കയ്ക്ക് പകരം ചൈനയായിരുന്നുവെങ്കില്‍ വിരോധമുണ്ടാകുമായിരുന്നില്ല. കാര്യമിങ്ങനെയൊക്കെയാണെങ്കിലും സുനാമി വരുന്നതിന് മുമ്പുതന്നെ ഫുക്കുഷിമയിലെ ആണവനിലയത്തിനെതിരെ നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നത് ജപ്പാനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു എന്ന് ഇപ്പോഴെങ്കിലും അവിടത്തുകാര്‍ ഓര്‍ക്കുന്നുണ്ട്.

കൂടംകുളത്ത് ആണവനിലയത്തിന് പതിനയ്യായിരം കോടി മുടക്കിക്കഴിഞ്ഞ നിലയ്ക്ക് ഇനി ആളുകള്‍ ചത്താലും വേണ്ടില്ല അത് തുടങ്ങിയല്ലേ പറ്റൂ എന്ന് തര്‍ക്കിക്കാന്‍ എന്തായാലും അച്യുതാനന്ദന്‍ തയ്യാറല്ല. ആണവനിലയം വേണ്ട എന്ന് പറയാനാകട്ടെ സി.പി.എമ്മിനും ധൈര്യം പോരാ. ജെയ്താപ്പുരിലെ ആണവവിരുദ്ധസമരത്തെ പിന്താങ്ങി പ്രമേയം പാസ്സാക്കിയിട്ടുണ്ട് സി.പി.എം. കേന്ദ്രകമ്മിറ്റി. അവിടെ സ്ഥലമെടുപ്പ് തുടങ്ങിയിട്ടേ ഉള്ളൂ. 15,000 കോടി മുടക്കിക്കഴിഞ്ഞതുകൊണ്ട് കൂടംകുളം സമരത്തിന് പാര്‍ട്ടിയുടെ പിന്തുണയില്ല. വി.എസ്. അങ്ങോട്ട് പോകാനേ പാടില്ല. അപ്പോള്‍ അവിടെ ഒരു ആണവപ്പോരിന് സ്‌കോപ്പുണ്ട്. പിന്നെ കൂടുതലൊന്നും ആലോചിക്കാനില്ല. വി.എസ്. വണ്ടിവിട്ടു. ഒരു ജനത ഒന്നടങ്കമാണ് അവിടെ രാവും പകലും ‘അണുഗുണ്ടി’ന് എതിരെ പോരടിക്കുന്നത്. ഒരു പാര്‍ട്ടിക്കാരും അങ്ങോട്ടുതിരിഞ്ഞുനോക്കാറില്ല. വി.എസ്. തലൈവര്‍ വന്നിരുന്നെങ്കില്‍ തമിഴ് മക്കള്‍ക്ക് ഉത്സവമാകുമായിരുന്നു.

പാര്‍ട്ടി അച്ചടക്ക ലംഘനത്തിന് പരസ്യശാസന കിട്ടിയതിനുശേഷം ആറുമാസത്തിനുള്ളില്‍ നൂറ്റൊന്നുതവണ പാര്‍ട്ടിയച്ചടക്കം ലംഘിക്കാനാണ് വി.എസ്. ലക്ഷ്യമിട്ടിരിക്കുന്നത്. ഇനിയെന്ത് എന്ന് ആലോചിക്കുമ്പോഴേയ്ക്ക് ഓരോന്ന് പാര്‍ട്ടിയെടുത്ത് മുമ്പിലിട്ടുകൊടുക്കും. ലംഘിക്കാതിരിക്കാന്‍ പറ്റുമോ ? ആദ്യം നമുക്കത് ആഘോഷമായി ലംഘിക്കാം. ക്ഷമ ചോദിക്കുന്നത് പരസ്യമായി വേണോ രഹസ്യമായി മതിയോ എന്ന് പിന്നീടാലോചിക്കാം.

* * *

ആണവശാസ്ത്രം എന്നുപറയുന്നത് നമുക്കൊന്നും മനസ്സിലാകാത്തതും ശാസ്ത്രജ്ഞന്മാര്‍ക്ക് മാത്രം വിശദീകരിക്കാന്‍ കഴിയുന്നതുമായ എന്തോ ആണെന്ന തെറ്റിദ്ധാരണ നാട്ടിലുണ്ട്. ഈയിടെയായി അത് പൊളിഞ്ഞു. അറിയപ്പെടുന്ന ഒരു ആണവശാസ്ത്രജ്ഞന്‍ ഇപ്പോള്‍ വി.എസ്. അച്യുതാനന്ദനാണ്. വി.എസ്സിനെ ശാസ്ത്രവിഷയത്തില്‍ അങ്ങനെ കയറൂരി വിട്ടുകൂടാ എന്നുറപ്പിച്ച് നൊബേല്‍ സമ്മാനാര്‍ഹനായ ലോകോത്തര ഭൗതികശാസ്ത്ര പണ്ഡിതന്‍ പന്നിയനോസ്‌കി രവീന്ദ്രോസ്‌കി രംഗത്തുവന്നിട്ടുണ്ട്.

കൂടംകുളത്തേക്കാള്‍ ഭയങ്കര ഭീഷണി ന്യൂട്രിനോ എന്നുപറയുന്ന തേനിയിലെ ഏര്‍പ്പാടാണ് എന്നാണ് ഡോക്ടര്‍ പന്നിയനോസ്‌കി പറയുന്നത്. അണുവായുധ കേന്ദ്രമാണത്രെ അവിടെ രൂപപ്പെടുന്നത്. അമേരിക്കയുടെ ആണവശേഖരം സൂക്ഷിക്കാനുള്ള ഗോഡൗണ്‍ ആണ് അവിടെ പണിയുന്നത് എന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ഏത് സമയത്തും പൊട്ടിത്തെറിക്കാം. ഭൂഗോള സാമ്രാജ്യത്വ ഗൂഢാലോചനയാണ്. അമേരിക്കയിലെങ്ങും സ്ഥലമില്ലാത്തതുകൊണ്ടാണ് തേനിയിലേക്ക് പോന്നത്.
കാള പെറ്റെന്ന് കേട്ടപ്പം കയറെടുത്തതാണ് വി.എസ്. എന്ന് ധരിക്കരുത്. ജെ.എന്‍.യു. പോലുള്ള കിടിലന്‍ സര്‍വകലാശാലകളില്‍ നിന്ന് ഇക്കണോമിക്‌സ്, ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങളില്‍ ഊക്കന്‍ ഡിഗ്രികളുമായിവന്ന വിശ്രുത ആണവശാസ്ത്രജ്ഞര്‍ ഉപദേശിച്ചതനുസരിച്ചാണ് അദ്ദേഹം ന്യൂട്രിനോവിലേക്ക് എടുത്തുചാടിയത്. അധികം ആലോചിക്കാനൊക്കെ ഇക്കാലത്തെവിടെ സമയം. വി.എസ്. ബ്രെയ്ക്കിങ് ന്യൂസ് ഫഌഷാക്കിയില്ലെങ്കില്‍ പന്നിയനോസ്‌കിയോ പിണറായിച്ചേട്ടനോ പത്രസമ്മേളനം വിളിച്ച് സംഗതി അടിച്ചുവീശും. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ചാനലുകാര്‍ക്ക് ചാനലുകാരോട് മത്സരിച്ചാല്‍ മതി. നേതാക്കള്‍ക്ക് മറ്റുനേതാക്കളോടും മത്സരിക്കണം ചാനലുകളോടും മത്സരിക്കണം. നിന്നുപിഴയ്ക്കാനുള്ള പാട് നമുക്കല്ലേ അറിയൂ. സത്യവും അസത്യവുമൊക്കെ സന്ധ്യയ്ക്കുശേഷം ന്യൂസ് അവറില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. ബ്രെയ്ക്കിങ് ന്യൂസ് ആദ്യം പോകട്ടെ.

* * *

വി.എസ്. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തിട്ടൊന്നുമില്ല, വെറുതെ ബഡായി പറഞ്ഞുനടക്കുക മാത്രമാണ് എന്ന് എം.എം.ലോറന്‍സ് പറഞ്ഞത്രെ. ഇത്രയും അരാഷ്ട്രീയമായ, തീര്‍ത്തും വ്യക്തിപരമായ, അപകീര്‍ത്തികരമായ ഒരു ആരോപണം ലോകോത്തര കമ്യൂണിസ്റ്റ് നേതാവിന് എതിരെ ഉന്നയിക്കാന്‍ പാടുണ്ടോ ഒരു സഹപ്രവര്‍ത്തകന്‍? ഒരു സീനിയര്‍മോസ്റ്റിനെ മറ്റൊരു സീനിയര്‍മോസ്റ്റ് ഈ വിധം അവഹേളിക്കാന്‍ പാടുണ്ടോ ?

സീനിയോറിറ്റി ഏറിയതിന്റെ കുഴപ്പമാണ് രണ്ടുപേര്‍ക്കും എന്ന് കരുതുന്നവരുണ്ട്. അത് ജെറണ്ടോളജിസ്റ്റുകള്‍ തീരുമാനിക്കേണ്ട വിഷയമാണ്. എന്തായാലും വി.എസ്. അച്യുതാനന്ദന്‍ തീര്‍ത്തും രാഷ്ട്രീയമായ, വ്യക്തിവൈരാഗ്യം ഒട്ടും ഇല്ലാത്ത, നൂറ്റൊന്നുശതമാനം പ്രത്യയശാസ്ത്രപരമായ മറുപടി നല്‍കി സംഗതി കൊഴുപ്പിച്ചിട്ടുണ്ട്. കൂടംകുളവും കളിയിക്കാവിളയുമൊക്കെ ജനം മറന്നാലും ഇതുമറക്കില്ല.

വി.എസ്സിന്റെ സംസ്‌കാരമാണ് അദ്ദേഹം പുറത്തുകാട്ടിയതെന്ന് ലോറന്‍സ് മറുപടി നല്‍കിയതും പൊതുജനം കേട്ടു. പോളണ്ടിനെക്കുറിച്ച് മാത്രം മിണ്ടിപ്പോകരുതെന്ന് സിനിമയില്‍ പറഞ്ഞത് ലോറന്‍സിനോടും പറയേണ്ട അവസ്ഥയാണ്‌സംസ്‌കാരത്തെ കുറിച്ചുമാത്രം നമ്മളൊന്നും മിണ്ടരുത്. നമുക്ക് വല്ല ശവസംസ്‌കാരത്തെ കുറിച്ചും സംസാരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Go Top