ഒരു ഹെല്‍മെറ്റ്‌ പുനര്‍ജന്മം

എൻ.പി.രാജേന്ദ്രൻ

ഹെല്‍മെറ്റില്ലാത്തവരെ പോലീസ്‌ പിടികൂടുന്നതിനെക്കുറിച്ചും മറ്റുമുള്ള വാര്‍ത്തകള്‍ വായിക്കുമ്പോഴെല്ലാം ഒരു പോലീസ്‌ എസ്‌. ഐ.ചോദിച്ച ചോദ്യം എനിക്ക്‌ ഓര്‍മ വരാറുണ്ട്‌. കോഴിക്കോട്ടെ ജോലിസ്ഥലത്തേക്ക്‌ കൈനറ്റിക്‌ ഹോണ്ടയോടിച്ച്‌ വരുന്ന എന്നെ തടഞ്ഞുനിര്‍ത്തി ലൈസന്‍സും മറ്റും പരിശോധിക്കുന്നതിനിടയിലായിരുന്നു ചോദ്യം.-എന്തിനാണ്‌ മിസ്റ്റര്‍ ഈ ഹെല്‍മെറ്റൊക്കെ ? കടലാസ്സുകള്‍ക്കിടയില്‍ നിന്ന്‌ ഐഡന്റിറ്റി കാര്‍ഡ്‌ കണ്ടപ്പോള്‍ ചോദ്യം വേണ്ടിയിരുന്നില്ലെന്ന്‌ അങ്ങേര്‍ക്ക്‌ തോന്നിയോ എന്തോ..ഞാന്‍ നീട്ടിയ കടലാസ്‌പോലും നോക്കാതെ എന്നോട്‌ അദ്ദേഹം എന്നോട്‌ സ്ഥലംവിടാന്‍ പറഞ്ഞു.

എസ്‌.ഐ.ചോദിച്ച ചോദ്യം പലരും എന്നോട്‌ ചോദിച്ചിട്ടുണ്ട്‌. കളിയായോ കാര്യമായിത്തന്നെയോ. ചിലപ്പോഴൊക്കെ ഞാന്‍ എന്നോട്‌ തന്നെ ചോദിച്ചുപോയിട്ടുണ്ട്‌. പത്തുവര്‍ഷം മുമ്പൊക്കെ ഹെല്‍മെറ്റ്‌ ധരിക്കുന്നവര്‍ അധികമുണ്ടായിരുന്നില്ല. നിയമത്തിന്റെയോ പോലീസിന്റെയോ സമ്മര്‍ദ്ദമില്ലാതെ ഞാന്‍ നിത്യവും അത്‌ തലയില്‍പേറി വണ്ടിയോടിച്ചിരുന്നത്‌ മരണഭയം കൊണ്ടുതന്നെയായിരുന്നു. വലിയൊരു വാഹനമിടിച്ച്‌ ആകപ്പാടെ ചതഞ്ഞ്‌ പ്രാണന്‍ പോകുന്നത്‌ മനസ്സിലാക്കാം. ചെറുതായൊന്ന്‌ സ്‌കിഡ്‌ ചെയ്‌തോ കുഴിയില്‍ ചാടിയോ ചെറിയകല്ലില്‍ തലയടിച്ച്‌ വീണ്‌ മരിക്കുന്നതെന്തിന്‌ ? മരണത്തിനും വേണ്ടേ ഒരു നിലവാരമൊക്കെ. കാളവണ്ടി തട്ടിമരിക്കണോ ? ഹെല്‍മെറ്റ്‌ കൊണ്ട്‌്‌ വേറെ ചില സൗകര്യങ്ങളുമുണ്ട്‌. ദിവസവും ചുരുങ്ങിയത്‌ ഇരുപത്തഞ്ചുകിലോമീറ്റര്‍ വണ്ടിയോടിക്കണം ഓഫീസില്‍ പോയിവരാന്‍. ജോലികഴിഞ്ഞുള്ള വരവ്‌ രാത്രി രണ്ടുമണിക്കും നാലുമണിക്കുമൊക്കെയാണ്‌. മഴപെയ്‌താല്‍ പീടികക്കോലായില്‍ കയറിനില്‍ക്കുന്നത്‌ അത്ര ബുദ്ധിപൂര്‍വമാകില്ല. ചില്ലറ മഴയെയൊക്കെ ഹെല്‍മെറ്റ്‌ നേരിട്ടുകൊള്ളും.

1999 ആഗസ്‌ത്‌ പത്തിനാണ്‌ അത്‌ സംഭവിച്ചത്‌. കാര്‍ ഡ്രൈവിങ്‌ പഠിക്കാന്‍ കോവൂരില്‍ പോയി മടങ്ങുകയായിരുന്ന എന്നെ മായനാട്‌ അങ്ങാടിയില്‍ ഒരു ബസ്‌ ഇടിച്ചുവീഴ്‌ത്തി. ബസ്‌തട്ടി റോഡിന്‌ നടുവില്‍ വീണ എനിക്ക്‌ മുകളിലുടെ ബസ്സിന്റെ നാലുചക്രങ്ങള്‍ രണ്ടുഭാഗത്ത്‌ കൂടെ കൃത്യം അകലം പാലിച്ച്‌ കടന്നുപോയി !മരിച്ചിട്ടുണ്ടാകുമെന്ന്‌ കണ്ടവരെല്ലാം തീര്‍ച്ചപ്പെടുത്തിയിരിക്കണം. ചക്രങ്ങള്‍ എന്റെയൊരു രോമത്തിന്‌ പോലും ക്ഷതമേല്‍പ്പിച്ചില്ല. എന്നാല്‍, ബസ്‌ തലയിലിടിച്ച്‌ ഹെല്‍മെറ്റ്‌ പൊട്ടിക്കിടക്കുന്നുണ്ടായിരുന്നു. എല്ലാവരുംചേര്‍ന്ന്‌ നിമിഷങ്ങള്‍ക്കകം എന്നെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയിലെത്തിച്ചു.

ഇക്കഥയെല്ലാം പിന്നീടാണ്‌ ഞാനറിഞ്ഞത്‌. ഡ്രൈവിങ്‌ പരിശീലനം കഴിഞ്ഞ്‌ സ്‌കൂട്ടറില്‍ മടങ്ങിയതുമാത്രമായിരുന്നു ഓര്‍മയില്‍ ഉണ്ടായിരുന്നത്‌. ‘ ആരെക്കാണാനാണ്‌ നമ്മള്‍ ഈ ആസ്‌പത്രിയില്‍ വന്നിരിക്കുന്നത്‌ ? ‘ എന്നൊരു ചോദ്യം ഭാര്യയോട്‌ ചോദിച്ചത്‌ ഓര്‍മയുണ്ട്‌. അപകടം കഴിഞ്ഞ്‌ ഒരാഴ്‌ചക്ക്‌ ശേഷമായിരുന്നു അത്‌. ഭ്രാന്ത്‌ പുലമ്പുന്നോ എന്ന ചോദ്യം ഭാര്യയുടെ കണ്ണില്‍ കാണാമായിരുന്നു. പിന്നെ നീണ്ട സംഭവവിവരണം അവിശ്വാസത്തോടെ ഞാന്‍ കേട്ടിരുന്നു. എന്നെ വിശ്വസിപ്പിക്കാന്‍ പത്രവാര്‍ത്ത അവര്‍ കാണിച്ചുതന്നു. സത്യമാണ്‌, ഞാന്‍ അപകടത്തില്‍ പരിക്കേറ്റാണ്‌ ആസ്‌പത്രിയിലെത്തിയത്‌.

മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയിലെ തിരക്കേറിയ വാര്‍ഡില്‍ എന്റെ കിടപ്പ്‌ സഹപ്രവര്‍ത്തകരെയും ബന്ധുക്കളെയും വിഷമിപ്പിച്ചിരുന്നു. ഒരു കഷ്ടപ്പാടും എനിക്ക്‌ ഓര്‍മയില്ല. പക്ഷേ, ഭാര്യയുടെയും ബന്ധുക്കളുടെയും സ്ഥിതി അതല്ലല്ലോ, എനിക്ക്‌ മാത്രമല്ലേ തലയ്‌ക്ക്‌ അസുഖമുള്ളൂ. എല്ലാവരും വാര്‍ഡില്‍ ഏറെകഷ്ടപ്പെട്ടു. ഒരിടത്തേക്കും മാറ്റാന്‍ അനുവദിക്കില്ല എന്ന്‌ ഡോക്‌റ്റര്‍മാര്‍ തീര്‍ത്ത്‌ പറഞ്ഞതുകൊണ്ടായിരുന്നു അവിടെത്തന്നെ കിടക്കേണ്ടിവന്നത്‌. തലയ്‌ക്ക്‌ കാര്യമായ പ്രശ്‌നമുണ്ട്‌. കുറെദിവസം അനങ്ങാതെ കിടന്ന കിടപ്പില്‍ കിടന്നില്ലെങ്കില്‍ എന്താണ്‌ സംഭവിക്കുക എന്ന്‌ ഒരുറപ്പുമില്ല. ‘ഹെല്‍മെറ്റ്‌ ഇല്ലായിരുന്നുവെങ്കില്‍ ഈ ബുദ്ധിമുട്ടൊന്നും ഉണ്ടാകുമായിരുന്നില്ല, നേരെ കൊണ്ടുപോയി സംസ്‌കാരം നടത്തിയാല്‍ മതിയാകുമായിരുന്നു ‘- അധികം തമാശപറയുന്ന ആളല്ല ഡോ. ഇട്ടി.

അപകടം കഴിഞ്ഞ്‌ ആസ്‌പത്രിയില്‍ എത്തിച്ചതുമുതല്‍ സാമാന്യം ബോധത്തോടെതന്നെ ഞാന്‍ എല്ലാവരോടും സംസാരിച്ചിരുന്നു എന്നാണ്‌ അടുത്തുണ്ടായിരുന്നവര്‍ പറയുന്നത്‌. ഒരുദിവസം കഴിഞ്ഞപ്പോഴാണ്‌ അസംബന്ധച്ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയത്‌. അതും അത്ര അസാധാരണമല്ലല്ലോ എന്ന്‌ ഭാര്യ ധരിച്ചുകാണണം. പക്ഷേ, അബദ്ധങ്ങളുടെയും അസംബന്ധങ്ങളുടെയും എണ്ണക്കൂടുതല്‍ ഡോക്‌റ്റര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴേ തലക്കേറ്റ ഇടി അപകടമുണ്ടാക്കിയിട്ടുണ്ട്‌ എന്ന്‌ അവര്‍ക്ക്‌ ബോധ്യപ്പെട്ടൂള്ളൂ. പിന്നെ കിടന്നകിടപ്പില്‍ നിന്ന്‌്‌ മൂത്രമൊഴിക്കാന്‍ പോലും എഴുനേല്‍ക്കാന്‍ അനുവദിച്ചില്ല.

അപ്പോള്‍ ബോധമുണ്ട്‌, എന്നാല്‍ ഒന്നും ഓര്‍മയില്ല എന്ന വിചിത്രമായ അവസ്ഥ. ആസ്‌പത്രിയില്‍ വന്നവരോട്‌ ഞാന്‍ ലോഹ്യം പറഞ്ഞിട്ടുണ്ട്‌ എന്ന്‌ അവര്‍ക്കും കേട്ടവര്‍ക്കും അറിയാം. പക്ഷേ, ആ ആള്‍ ആസ്‌പത്രിയില്‍ വന്നിരുന്നോ എന്നറിയാന്‍ ഭാര്യയോട്‌ ചോദിക്കണം. ക്ഷേമമന്വേഷിച്ച്‌ വന്നവരുടെ ലിസ്റ്റ്‌ മനസ്സിലുണ്ടാക്കിയത്‌ ഒന്നുരണ്ട്‌ വര്‍ഷമെടുത്താണ്‌. ചിലരെയെല്ലാം എപ്പോഴെങ്കിലും റോഡിലോ മറ്റോ കാണുമ്പോഴാണ്‌ ഭാര്യ പറയുക ‘-ഇദ്ദേഹം ആസ്‌പത്രിയില്‍ വന്നിരുന്നു കേട്ടോ …’ ബോധവും ഓര്‍മയും രണ്ടാണെന്ന്‌ അങ്ങനെയാണ്‌ ബോധംവന്നത്‌. ചികിത്സയും മരുന്നും കഴുത്തനങ്ങാതിരിക്കാനുള്ള കോളറുമൊക്കെയായി കുറെക്കാലം നടന്നു.

അപകടത്തില്‍ പൊട്ടിത്തകര്‍ന്ന എന്റെ ഹെല്‍മെറ്റ്‌ ന്യൂറോളജിയിലെ ഡോ.ജയകുമാര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ മെഡിക്കല്‍ കോളേജില്‍ ഞാന്‍ കൊണ്ടുപോയിക്കൊടുത്തിരുന്നു. പ്രദര്‍ശനവസ്‌തുവായി ഇപ്പോഴും അതവിടെ ഉണ്ടോ എന്നറിയില്ല. ഹെല്‍മെറ്റ്‌ ചിലപ്പോള്‍ രക്ഷകനാകും എന്ന്‌ ചിലരെയെങ്കിലും ബോധ്യപ്പെടുത്താന്‍ അത്‌ ഉപയോഗപ്രദമായിട്ടുണ്ടെങ്കില്‍ അത്രയും നല്ലത്‌.

ഭൂമി ഉരുണ്ടതാണ്‌ എന്ന്‌്‌ വിശ്വസിക്കാത്തവര്‍ ലോകത്ത്‌ ഇപ്പോഴുമുള്ളതുകൊണ്ട്‌ തലയില്‍ ഹെല്‍മെറ്റ്‌ ആവശ്യമില്ല എന്ന്‌ വാദിക്കുന്നവരും കാണും. വാദിക്കാന്‍ പറ്റാത്തതായ ഒരാശയവും ലോകത്തില്ല. ഹെല്‍മെറ്റ്‌ ധരിച്ചിട്ടും യാത്രക്കാരന്‍ മരിച്ചു എന്നും മറ്റും പത്രവാര്‍ത്ത വായിക്കുമ്പോള്‍ ചിരിക്കാനും കരയാനും കഴിയാതെ ബുദ്ധിമുട്ടിലാകും. ഹെല്‍മെറ്റിനും രക്ഷിക്കാന്‍ കഴിയാത്ത അനേകം അപകടങ്ങള്‍ ഉണ്ടാകും. ഭൂരിപക്ഷം അപകടത്തിലും അത്‌ പ്രയോജനപ്പെടുമെന്നുമാത്രം. ഹെല്‍മെറ്റ്‌ മൃതസഞ്‌ജീവിനിയാണെന്ന്‌ ആരെങ്കിലും പറഞ്ഞോ ?

കുറെ ആളുകള്‍ എന്ത്‌ മുന്‍കരുതല്‍ എടുത്താലും, തലയില്‍ രണ്ട്‌ ഹെല്‍മെറ്റ്‌ വെച്ചാലും മരിച്ചെന്നിരിക്കും. വെറെചിലര്‍ റോഡില്‍ മോട്ടോര്‍സൈക്കിളില്‍ സര്‍ക്കസ്‌ കളിച്ചാലും ജീവനോടിരിക്കും. അപകടവും മരണവുമൊക്കെ നമ്മെപ്പോലുള്ള സാധാരണക്കാര്‍ക്ക്‌ പറഞ്ഞിട്ടുള്ളതാണ്‌. നിര്‍ഭാഗ്യവശാല്‍ സാധാരണക്കാരാണ്‌ നാട്ടിലെ തൊണ്ണൂറുശതമാനമാളുകളും.

Leave a Reply

Your email address will not be published. Required fields are marked *

Go Top