ഓര്‍മകളിലേക്ക്‌ ഒരു മടക്കയാത്ര

എൻ.പി.രാജേന്ദ്രൻ

എന്റെ എസ്‌.എസ്‌.എല്‍.സി. രേഖയില്‍ വലിയ ഒരു കള്ളമുണ്ട്‌. എന്റെ ജനനസ്ഥലം അതില്‍ കാണിച്ചിരിക്കുന്നത്‌ തലശ്ശേരി എന്നാണ്‌. ആരെങ്കിലും ചോദിച്ചാലും ഞാന്‍ അങ്ങനെയേ പറയാറുമുള്ളൂ. എന്നാല്‍ അതല്ല സത്യം ഞാന്‍ജനിച്ചത്‌ തമിഴ്നാട്ടിലാണ്‌, നീലഗിരിയിലാണ്‌.

എടാ നിന്നെ പെറ്റത്‌ ഡ്രൂഗിലാണ്‌’ അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. ഡ്രൂഗ്‌ എന്ന്‌ കേട്ട്‌ പേടിക്കുകയൊന്നും വേണ്ട. അച്ഛന്‍ ജോലി ചെയ്തിരുന്ന എസ്റ്റേറ്റിലെ ഒരു ഡിവിഷന്റെ പേരാണത്‌. എനിക്ക്‌ ആ സ്ഥലമൊന്നും ഓര്‍മയില്ല.കൂറച്ച്‌ കാലമേ അച്ഛന്‍ അവിടെ ഉണ്ടായിരുന്നിട്ടുള്ളൂ. പിന്നെ ഡിവിഷന്‍ മാറി. എസ്റ്റേറ്റിന്റേയും അവിടത്തെ ഡിവിഷനുകളുടേയും പേരുകളങ്ങനെയാണ്‌. നോണ്‍സച്ച്‌, ഡ്രൂഗ്‌, അവോക്ക,ഗ്ലന്‍ഡേല്‍,പാര്‍ക്സൈഡ്‌…സായിപ്പന്‍മാര്‌ പണ്ട്‌ ഇട്ട പേരുകളാണ്‌. എല്ലാം സായിപ്പിന്റെ നാട്ടിലെ സ്ഥലപ്പേരുകള്‍. ജനനവും ഒന്നാം ക്ലാസ്സില്‍ ചേരുന്നത്‌ വരെയുള്ള ജീവിതവും നീലഗിരിയിലായിരുന്നു. കൂനൂരില്‍ നിന്ന്‌ 20 കിലോമീറ്ററോളം അകലെയായിരുന്നു അച്ഛന്‍ ജോലി ചെയ്തിരുന്ന നോണ്‍സച്ച്‌ എസ്റ്റേറ്റ്‌. ഏതോ കാലത്ത്‌ ഏതോ സായിപ്പിന്റെ കമ്പനി തുടങ്ങിവെച്ച വിശാലമായ ചായത്തോട്ടമാണ്‌.
സായിപ്പന്‍മാര്‍ ഇന്ത്യ വിട്ടുപോയെ അവകാശവാദം അത്ര ശരിയാണെന്ന്‌ അന്ന്‌ തോന്നിയിരുന്നില്ല.സ്കുളില്‍ ചേരുന്നത്‌ വരെ എസ്റ്റേറ്റില്‍ എല്ലാ ദിവസവും സായിപ്പന്‍മാര്‍ മോട്ടാര്‍സൈക്കിളില്‍ ഇരമ്പിക്കറങ്ങുന്നത്‌ കാണാറുണ്ടായിരുന്നു. ഒന്നാം ക്ലാസ്സില്‍ കൊണ്ടുവന്ന്‌ ചേര്‍ത്തത്‌ തലശ്ശേരിയിലെ മണ്ണയാട്ട്‌. അമ്മയുടെ നാടാണത്‌ തൊട്ടടുത്ത സ്കൂള്‍ ഇല്ലിക്കുന്നിലാണ്‌. വീട്ടില്‍ നിന്ന്‌ നടന്നുപോകാവുന്ന ദൂരമേ ഉള്ളൂ. ഉച്ചക്ക്‌ ഊണ്‌ കഴിക്കാനും പാഞ്ഞുവരാം. ഇല്ലിക്കുന്നും അന്ന്‌ സായിപ്പന്‍മാരുടെ കേന്ദ്രമാണ്‌. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ വാസസ്ഥലമായിരു കെട്ടിടം ഇല്ലിക്കുന്ന്‌ ബി.ഇ.എം.എല്‍.പി.സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്‌ തൊട്ടയല്‍പക്കമായിരുന്നു. എന്‍.ടി.ടി.എഫ്‌. കേന്ദ്രവും അവിടെത്ത ന്നെൃണ്ടിടത്തും വരും സായിപ്പന്‍മാര്‍.ചുവന്നു തുടുത്ത തടിയന്‍ സായിപ്പുകുഞ്ഞുങ്ങള്‍ പാഞ്ഞുനടക്കുന്നത്‌ അസൂയയോടെ തൊട്ടടുത്ത ക്ലാസ്‌ മുറിയില്‍ നോക്കിനിന്നിട്ടുണ്ട്‌.

പത്താം തരം വരെ വര്‍ഷത്തില്‍ രണ്ടുമാസം എസ്റ്റേറ്റിലാകുമായിരുന്നു പാര്‍പ്പ്‌. സ്കൂളടക്കുമ്പോഴേക്ക്‌ അച്ഛന്‍ എത്തും. ഞങ്ങള്‍ അഞ്ചു മക്കളും അമ്മയും യാത്രയാകും.സ്കൂള്‍ തുറക്കുതിന്‌ തലേന്നേ തിരിച്ചെത്തൂ. കുനൂര്‍ വലിയ ഹില്‍ സ്റ്റേഷനാണെന്നൊന്നും അറിയുമായിരുന്നില്ല. രണ്ടു മാസം ആനന്ദത്തിന്റെ കാലമാണ്‌.വേനലിന്റെ ചൂടൊന്നും അറിയില്ല. കുനൂരില്‍ നിന്ന്‌ എസ്റ്റേറ്റിലേക്ക്‌ ഒരു ബസ്സേ ഉള്ളൂ. കുനൂരിലെ ബസ്‌ സ്റ്റേഷന്റെ വലത്തേ അറ്റത്ത്‌ ,ഫയര്‍ സ്റ്റേഷനോട്‌ ചേര്‍ത്ത്‌ ബസ്‌ നിര്‍ത്തിയിടും.മൂന്നോ നാലോ ട്രിപ്പേ ഒരു ദിവസം ഉണ്ടാകൂ. തിരക്കേറിയാല്‍ ബസ്സിന്റെ ടോപ്പില്‍ കയറിയിരിക്കാനും തമിഴര്‍ക്ക്‌ മടിയില്ലാ . ദൂരം കുറച്ചേ ഉള്ളൂ എങ്കിലും യാത്ര മണിക്കുറിലേറെയെടുക്കും. ബസ്സിനോളം മാത്രം വീതിയുള്ള റോഡിലൂടെ ചെങ്കുത്തായ ഹെയര്‍പിന്‍ വളവുകള്‍ പിന്നിടുമ്പോള്‍ നമ്മുടെ ഉള്ളം വിറക്കും. തമിഴന്‌ ലവലേശമില്ല ആശങ്ക. ഒരു ഉത്സവച്ചന്തയുടെ ആരവം ബസ്സിനകത്ത്‌ സദാസമയമുണ്ടാകും.

ഒടുവിലത്തെ ഒര്‍മകള്‍ അവോക്ക ഡിവിഷനിലെ സ്റ്റാഫ്‌ ക്വാര്‍ട്ടേഴ്സിനെ ചുറ്റിപ്പറ്റിയുള്ളതാണ്‌. ബസ്സിറങ്ങി അധികം നടക്കാനില്ല. വീടുവരെ റോഡുണ്ട്‌. തൊട്ടടുത്ത എസ്റ്റേറ്റ്‌ സുപ്രണ്ടിന്റെ ബംഗ്ലാവില്‍ ചെന്ന്‌ റോഡവസാനിക്കും. രാജകീയമാണ്‌ സുപ്രണ്ട്‌ ബംഗ്ലാവ്‌. മോ ട്ടാര്‍സൈക്കിളില്‍ ഹാഫ്‌ ട്രൌസറില്‍ ചെത്തിപ്പറക്കുന്ന കുടകുകാരനാണ്‌ സുപ്രണ്ട്‌. മൂപ്പരുടെ പൂന്തോട്ടമാണ്‌ ഞങ്ങളുടെയെല്ലാം അസൂയയുടെ കേന്ദ്രമായിരുന്നത്‌. നമ്മുടെ നാട്ടിലെ നഗരത്തിലെ പാര്‍ക്കില്‍ കാണുന്നതിലേറെ പൂക്കളും ചെടികളുമുണ്ട്‌ അവിടെ. അത്രയെന്നുമില്ലെങ്കിലും ഞങ്ങളുടെ വീടിനുമുണ്ട്‌ പൂന്തോപ്പ്‌. ഊട്ടി ബൊട്ടാനിക്കല്‍ ഗാര്‍ഡന്റെ മിനി പതിപ്പുകള്‍ ഇവിടെ മിക്ക ബംഗ്ലാവുകളിലുമുണ്ട്‌. ഞങ്ങളുടെ വീടിന്‌ മുന്നിലെ മുറ്റത്ത്‌ തന്നെയുള്ളത്‌ ആ നാട്ടില്‍ പോലും സര്‍വസാധാരണമല്ലാത്ത മുന്തിരിവള്ളിയാണ്‌.മുറ്റത്തിന്റെ പാതിഭാഗം മുന്തിരിപ്പന്തലാണ്‌. വലിയ മധുരമെന്നാു‍മില്ല, പുളിയാണ്‌ താനും. പക്ഷെ ഞങ്ങളത്‌ വകവെക്കാറില്ല.കുലകള്‍ക്ക്‌ നിറം മാറും മുമ്പ്‌ ഞങ്ങളത്‌ അകത്താക്കിയിരിക്കും. ഉറക്കമുണര്‍ന്ന്‌ ചായ കഴിക്കും മുമ്പ്‌ ഞാന്‍ പ്ലം മരത്തിന്‌ മുകളിലെത്തിയിരിക്കും. അന്ന്‌ മുഴുവന്‍ തിന്നേണ്ട പ്ലംസ്‌ ശേഖരിക്കണമല്ലോ. പഴങ്ങള്‍ ആ പറമ്പില്‍ വേറെയും പലതുണ്ടായിരുന്നു. ആപ്പിളും സബര്‍ജില്ലിയും പേരറിയാത്ത പല കാട്ടുപഴങ്ങളും . വീടിന്‌ പിന്നിലെ വേലിക്കപ്പുറം വലിയ കാടാണ്‌.ചെങ്കുത്തായ ഭുമി.ഇടക്കിടെ ഈ കാടുവഴിയെത്തു വാനരസംഘങ്ങള്‍ ആണ്‌ ഞങ്ങളുടെ ‘ഫല’ശേഖരത്തിന്‌ ഭീഷണിയാകാറുള്ളത്‌. മുന്‍വശത്താണെങ്കിലും കാട്ടിലിറങ്ങാനുള്ള ധൈര്യം ഒരിക്കലുമുണ്ടായിട്ടില്ല.വലിയ മേഘപാളികള്‍ വന്ന്‌ എപ്പോഴും പ്രദേശത്തെ മുഴുവന്‍ മറച്ചുകൊണ്ടിരിക്കും. തെളിഞ്ഞ പകലുകളില്‍ അകലെ കുന്നുകളില്‍ കൂനൂരിലെ കെട്ടിടങ്ങള്‍ കാണാം. രാത്രികളില്‍ അവ പ്രകാശം ചൊരിയും. ‘അതാ ആ കാണുന്നതാണ്‌ റിട്ട്‌സ്‌ ഹോട്ടല്‍.വല്ലപ്പോഴും മാത്രം വീട്ടിലെത്തു അതിഥികള്‍ക്ക്‌ ഞങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊടുക്കും. അക്കാലത്തെ ലോകപ്രശസ്ത ഫൈവ്സ്റ്റാര്‍ ഹോട്ടലാണ്‌ റിട്ട്‌സ്‌.

പൂത്തോപ്പിനോടും മുന്തിരിവള്ളിയോടും പ്ലംസ്‌ മരത്തോടും കാടിനോടും കോടമഞ്ഞിനോടും ചായച്ചെടികളോടും സില്‍വര്‍ ഓക്ക്‌ മരങ്ങളോടുമെല്ലാം അവസാനമായി യാത്ര പറഞ്ഞ്‌ നാറോഗേജ്‌ റെയിലില്‍ മലയിറങ്ങിയത്‌ ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു. 36 വര്‍ഷം മുമ്പാണത്‌. എസ്‌.എസ്‌.എല്‍.സി ഫലമറിയും ദിവസം നാട്ടിലെത്താന്‍ പാകത്തില്‍ ഏകനായുള്ള തിരിച്ചുവരവ്‌. അച്ഛന്‍ മാസങ്ങള്‍ക്കകം എസ്റ്റേറ്റില്‍ നിന്ന്‌ റിട്ടയര്‍ ചെയ്യുന്നു. വിട,നീലമലകളേ വിട. നീലഗിരിയോട്‌ യാത്ര പറയുന്നതിന്റെ വേദന ഒരു ഭാഗത്ത്‌, പരീക്ഷാഫലം എന്താകുമെന്ന ഭീതി മറ്റൊരു ഭാഗത്ത്‌. അര്‍ദ്ധരാത്രിക്കു ശേഷം വെസ്റ്റ്‌ കോസ്റ്റ്‌ എക്സ്പ്രസ്‌ കോഴിക്കോടണഞ്ഞപ്പോള്‍ മാതൃഭൂമി പത്രം കിട്ടാന്‍പ്ലാറ്റ്ഫോമില്‍ ഇറങ്ങിയോടി. തലശ്ശേരി സെന്റ്‌ ജോസഫ്സ്‌ സ്കൂളിന്റെ ഗ്രൂപ്പ്‌ ഫോട്ടോ ഒന്നാം പേജില്‍ കണ്ടതോടെയുണ്ടായ ആനന്ദമൂര്‍ഛ!!

***********************

പിന്നീട്‌ ചിലപ്പോഴെല്ലാം ഊട്ടിയില്‍ പോയിട്ടുണ്ട്‌. സുഹൃത്തുക്കള്‍ക്കൊപ്പവും കുടുംബത്തിനൊപ്പവുമെല്ലാം. നോണ്‍ സച്ച്‌ വരെ പോയി ഒരിക്കല്‍ ഓര്‍മ പുതുക്കിയാലോ ? മനസ്സ്‌ വെമ്പിയിട്ടുണ്ട്‌ . അപ്പോഴെല്ലാം ആശയെ അടിച്ചമര്‍ത്തും. ഒര്‍മകള്‍ മനസ്സില്‍ തന്നെ നില്‍ക്കട്ടെ. പച്ചയായി എന്നും നില്‍ക്കട്ടെ. നേരില്‍ പോയി കണ്ടാല്‍ ഓര്‍മയിലെ മാസ്മരിക ലോകം അപ്പടി തകര്‍ന്നേക്കാം. വേണ്ട. ഏറെക്കാലം അങ്ങോട്ട്‌ പോയതേയില്ല. എത്ര കാലമാണ്‌ മനസ്സിനെ അടിച്ചമര്‍ത്തുക ? നീലഗിരിയാത്രാക്കാലത്ത്‌ ഞങ്ങളെല്ലാം കൂട്ടികളായിരുന്നല്ലോ. അഞ്ചുപേര്‍ക്കും മക്കളായി, മക്കള്‍ക്ക്‌ മക്കളായി തുടങ്ങിയിരിക്കുന്നു. അവര്‍ എപ്പോഴും കേള്‍ക്കേണ്ടിവരുന്നുണ്ട്‌ ഈ നീലഗിരിക്കഥകള്‍. അച്ഛന്‍ അമ്മയും ഞങ്ങളെ പിരിഞ്ഞുപോയിരിക്കുു‍. ഓര്‍മകളല്ലാതെ ഇനി എന്തുണ്ട്‌ ബാക്കി ?. എല്ലാവരുംചേര്‍ന്നൊരു വട്ടംകൂടി പഴയ എസ്റ്റേറ്റ്‌ വരെ പോയാലോ ? നിര്‍ദ്ദേശം വന്നപ്പോള്‍ കാര്യമായൊന്ന്‌ ആലോചിച്ചു നോക്കി. ഇനിയും പോകാതിരുന്നാല്‍ പിന്നീടൊരിക്കലും പോകാന്‍ കഴിഞ്ഞില്ലെങ്കിലോ? പോവുക തന്നെ. അങ്ങനെ ഞങ്ങള്‍ പോയി. മൂന്നര പതിറ്റാണ്ടിന്‌ ശേഷം ഒരിക്കല്‍ കൂടി..അഞ്ചു പേര്‍ക്കൊപ്പം അവരുടെ ജീവിതപങ്കാളികളും, മക്കളും. തലശ്ശേരിയില്‍ നിന്ന്‌ പുറപെട്ട വാഹനം കൂനൂര്‍-മേട്ടുപ്പാളയം റോഡില്‍ നിന്ന്‌ എസ്റ്റേറ്റ്‌ ഭാഗത്തേക്ക്‌ തിരിഞ്ഞപ്പോള്‍ തന്നെ മിടിപ്പു അകാരണമായി കൂടുന്നുണ്ടായിരുന്നു. നീലഗിരിയുടെ സന്തതികളായ ഞങ്ങളഞ്ചു പേരും നിശ്ശബ്ദരായി. ‘എന്താ ഇത്ര ഗൌരവം ?,പരീക്ഷയെഴുതാനോ മറ്റോ പോകുന്ന മട്ടുണ്ടല്ലോ ?’ കുട്ടികള്‍ ഞങ്ങളെ കളിയാക്കുന്നുണ്ടായിരുന്നു.

പഴയ ക്വാട്ടേഴ്സ്‌ അവിടെ തന്നെയുണ്ട്‌ തമിഴ്നാടുകാരന്‍ ചന്ദ്രനാണ്‌ ഇപ്പോഴത്തെ താമസക്കാരന്‍. പഴയ താമസസ്ഥലത്തിന്റെ മുറികളില്‍, മുറ്റങ്ങളില്‍, …. മുന്തിരിവള്ളിയും പ്ലംമരങ്ങളും ആപ്പിള്‍ മരവുമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.വാഴത്തോപ്പു പോലുമില്ല.എന്താണ്‌ സംഭവിച്ചത്‌ ? കുരങ്ങന്‍മാരുടെ ശല്യം സഹിക്കാന്‍ കഴിയാതെ മുറിച്ചുകളഞ്ഞതാണ്‌-വീട്ടിലെ താമസക്കാരനായ ചന്ദ്രന്‍ പറഞ്ഞു.വിശാലമായ പറമ്പില്‍ കാര്യമായ കൃഷിയൊന്നുംബാക്കിയില്ല.വീടു തന്നെയും ജീര്‍ണമായിക്കൊണ്ടിരിക്കുന്നു.അയല്‍പക്കത്തെ പഴയ സുപ്രണ്ട്‌ ബംഗ്ലാവിനടുത്തു പോയി എത്തിനോക്കി. ‘ഇവിടെയിപ്പോഴാരാ താമസം ? നാമാവശേഷമായിക്കഴിഞ്ഞ പഴയ പൂന്തോട്ടം കണ്ട്‌ മനസ്സ്‌ നൊന്താണ്‌ ചോദിച്ചുപോയത്‌’….’ആരുമില്ല, ആ ഉദ്യോഗമേ ഇല്ലാതായി’ കാലം കുറച്ചായി.എസ്റ്റേറ്റുകളെല്ലാം തകര്‍ച്ചയിലാണ്‌. അതുകൊണ്ടിപ്പോള്‍ പല ജോലികളിലും ആളില്ല.ബംഗ്ലാവുകളൊു‍ം പരിപാലിക്കുന്നില്ല. തോട്ടം നോക്കാനൊന്നും പണിക്കാരെ ജോലിക്കു വെക്കാന്‍ പാടില്ല….പഴയ കാലമെല്ലാം പോയി..കാര്യം കഷ്ടമാ ഇപ്പോള്‍’ ചന്ദ്രന്‍ പറഞ്ഞു.

എന്നിട്ടും ഞങ്ങള്‍ എങ്ങും ഓടിയോടി കണ്ടു. വീടിനടുത്തെ വിശാലമായ കരിങ്കല്‍പാറപ്പുറത്തെവിടെയോ ഞാനെന്റെ പേര്‌ പണ്ട്‌ ആണി കൊണ്ട്‌ കൊത്തിവെച്ചിരുന്നു. മായാതെ എന്നന്നേക്ക്മ്‌ അവിടെ ഉണ്ടാകാന്‍ വേണ്ടി. ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ പോയിരുന്ന്‌ കാറ്റുകൊണ്ടിരുന്ന പാറയാണത്‌. ആ എഴുത്ത്‌ അവിടെയുണ്ടോ? ആകാംക്ഷയോടെ ഞാന്‍ ഓടിച്ചെന്ന്‌ നോക്കി. എങ്ങും കാണാനില്ല. കാലം അത്‌ മായ്ച്ചിരിക്കുന്നു. മെല്ലെ നഗരത്തിലേക്ക്‌ മടങ്ങുമ്പോള്‍ എന്തോ നഷ്ടപെട്ടതു പോലുള്ള വിങ്ങലായിരുന്നു മനസ്സില്‍. ഞാന്‍ എന്നോട്‌ തന്നെ ചോദിച്ചു കൊണ്ടിരുന്നു. ഈ മടക്കയാത്ര കൊണ്ടെന്തു നേടി ? മനസ്സിലെ ബഹുവര്‍ണചിത്രങ്ങള്‍ മായ്ച്ചു കളഞ്ഞുവോ ഈ യാത്ര ? വീണ്ടുമൊരുവട്ടം വരേണ്ടിയിരുന്നില്ല .അല്ലേ??

Leave a Reply

Your email address will not be published. Required fields are marked *

Go Top