ഇടതുപക്ഷത്തിന് ബാലകൃഷ്ണപിള്ളയെ ഇനിയും മനസ്സിലായില്ലേ?

എൻ.പി.രാജേന്ദ്രൻ

പുതിയ സാങ്കേതികവിദ്യകള്‍ക്ക് ഇങ്ങനെയും ചില ഗുണങ്ങളുണ്ട്. എടുത്താല്‍ പൊങ്ങാത്ത ക്യാമറകളുമായി ചാനലുകാര്‍ അണിനിരക്കാത്ത സംഭവവും പിറ്റേന്നു മാധ്യമങ്ങളില്‍ വീഡിയോ ആയി പ്രത്യക്ഷപ്പെടുകയും രാപകല്‍ ചര്‍ച്ചയാവുകയും ചെയ്യാം. തല്‍ക്കാലം ഇടതുപക്ഷമുന്നണി നേതാവു കൂടിയായ പോക്കറ്റ് സംഘടനയായ കേരളാകോണ്‍ഗ്രസ്സിന്റെ തലൈവര്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഒരക്കിടി പറ്റി. അടച്ചുറപ്പുള്ള ഒരു മുറിയില്‍ നടന്ന എന്‍.എസ്.എസ്. കരയോഗത്തില്‍ ചെയ്ത പ്രസംഗം നാട്ടിലെങ്ങും പാട്ടായി. ആരോ മൊബൈല്‍ ഫോണില്‍ അതു റെക്കോര്‍ഡ് ചെയ്താണ് ഈ പണി പറ്റിച്ചത്.

ഗൂഡാലോചന, വളച്ചൊടിക്കല്‍, എഡിറ്റിങ്ങ് തുടങ്ങിയ എന്തെല്ലാമോ വിക്രിയകള്‍ കാട്ടിയിട്ടാണ് ശത്രുക്കള്‍ തന്റെ പ്രസംഗത്തില്‍ താന്‍ പറയാത്ത, പറയാന്‍കൊള്ളാത്ത കാര്യങ്ങള്‍ ചേര്‍ത്തത്. എന്നാലും താന്‍ ക്ഷമ ചോദിക്കുന്നു. സമസ്താപരാധവും പൊറുക്കണം-അദ്ദേഹം നിര്‍വ്യാജം ഖേദിച്ചു. തുടര്‍ന്നു പുത്രന്‍ നിരുപാധികം മാപ്പു പറഞ്ഞു. പറയാതെ നിവൃത്തിയില്ല. മതേതരത്തിന്റെ അപോസ്തലന്മാരായതുകൊണ്ടാണ് ഇടതുപക്ഷത്തെ കേരളം ഇക്കുറി അധികാരത്തിലേറ്റിയത്. ഇടതുപക്ഷം ജയിപ്പിച്ചുവിട്ട എം.എല്‍.എ.മാരില്‍ ഒരാളാണ് ഗണേഷ്‌കുമാര്‍. അച്ഛന് ഇനി ഇലക്ഷനില്‍ നിന്നില്ലെങ്കിലും കുഴപ്പമില്ല. അതാണോ പുത്രന്റെ സ്ഥിതി!

ശത്രുക്കളുടെ ഗൂഢാലോചനയാണ് എല്ലാറ്റിനും കാരണമെന്നതിന് തെളിവായി അദ്ദേഹം പത്രസമ്മേളനത്തില്‍ ചോദിച്ച ഒരു ചോദ്യമുണ്ട്-മുറിക്കകത്തു നടന്ന യോഗത്തിലെ പ്രസംഗം ഇങ്ങനെ റെക്കോഡ് ചെയ്തത് അതുകാരണമല്ലേ? സ്വകാര്യയോഗത്തില്‍ പറഞ്ഞത് റെക്കോഡ് ചെയ്യുന്നത് ശരിയാണോ?  രഹസ്യക്യാമറ ഉപയോഗിച്ച് പത്രപ്രവര്‍ത്തകര്‍ എന്തെങ്കിലും റെക്കോഡ് ചെയ്ത് വാര്‍ത്തയാക്കുന്നതിനെ സ്റ്റിങ്ങ് ക്യാമറ റിപ്പോര്‍ട്ടിങ്ങ് എന്നു വിളിക്കുമെങ്കിലും ഇതൊരു പക്ഷേ, സ്റ്റിങ്ങ് ഓപറേഷന്‍ ആയിരിക്കില്ല. ഇതു സിറ്റിസണ്‍ ജേണലിസം എന്നോ വിസില്‍ ബ്ലോയിങ്ങ് എന്നോ പോലും പറയാന്‍ പറ്റില്ല. എങ്കിലും ഈ രഹസ്യപ്പണി മികച്ച പത്രപ്രവര്‍ത്തനം തന്നെയാണ്. ബാലകൃഷ്ണപിള്ളയ്ക്ക് അതൊട്ടും ഇഷ്ടപ്പെട്ടിട്ടില്ല. ഇങ്ങനെയും ഉണ്ടോ മനുഷ്യര്! സ്വകാര്യമായി പറഞ്ഞതു പരസ്യപ്പെടുത്തുക…മഹാ അപരാധംതന്നെ. അല്ലേ?

ബാലകൃഷ്ണപിള്ളയുടെ ഒരു പ്രസംഗമെങ്കിലും കേട്ടിട്ടുള്ളവര്‍ക്കറിയാം ഇപ്പോള്‍ വിവാദമായ പ്രസംഗത്തിലെ ഒരു വാചകം പോലും അദ്ദേഹത്തിന്റേത് അല്ലാത്തതായി ഇല്ല എന്ന്. ബാലകൃഷ്ണപിള്ളയുടെ തനത് ശൈലിയിലാണ് പ്രസംഗം ഉടനീളം. പറഞ്ഞതെല്ലാം ശരിയായിരിക്കാം, പക്ഷേ, അദ്ദേഹം ഇങ്ങനെ പച്ചയായി വര്‍ഗീയം  പറയുമോ എന്നാരും ചോദിച്ചുപോകും. ഇല്ലായിരിക്കും, പുറത്തുള്ളവര്‍ അതു കേള്‍ക്കുമെന്നുറപ്പാണെങ്കില്‍ പറയില്ല ഈ ഭാഷയില്‍. ഇല്ലെന്നുറപ്പായാല്‍ ഇതിലപ്പുറവും പറയും. വെള്ളാപ്പള്ളിയോട് മത്സരിക്കുന്ന ഒരു ‘മതേതര’ നേതാവ് പിന്നെയങ്ങനെയാണ് പ്രസംഗിക്കേണ്ടത്? പുറത്തുള്ളവരും പത്രക്കാരും കേള്‍ക്കുമെന്നുറപ്പുള്ളപ്പോഴും വര്‍ഗീയം പറയുന്നവരാണ് കുറെക്കൂടി മാന്യന്മാര്‍ എന്നു തോന്നിപ്പോകുന്നു. വര്‍ഗീയതയിലെങ്കിലും അവര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടല്ലോ.

പുറത്ത് ഒന്ന്, അകത്ത് മറ്റൊന്ന്

തനിക്ക് രഹസ്യമില്ല എന്നു മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. പുറത്തുപറയാന്‍ കൊള്ളാത്തതൊന്നും അദ്ദേഹം അകത്തും പറഞ്ഞിട്ടില്ല. അത്രത്തോളമൊന്നും നമ്മുടെ രാഷ്ട്രീയക്കാരില്‍നിന്നോ ജാതി-മതനേതാക്കളില്‍നിന്നോ പ്രതീക്ഷിക്കേണ്ട. ജാതി മതനേതാക്കളുടെയും പുരോഹിത വേഷക്കാരുടെയും സമീപനങ്ങള്‍ രാഷ്ട്രീയക്കാരുടേതിനേക്കാള്‍ മോശമാണ് എന്ന് ആരാധനാലയങ്ങളുടെ മതില്‍കെട്ടിനുള്ളിലും ചിലപ്പോഴെല്ലാം പുറത്തും നടക്കുന്ന പ്രസംഗങ്ങള്‍ കേട്ടാല്‍ മനസ്സിലാകും. ഗാന്ധിയന്‍ വഴിയില്‍ സഞ്ചരിക്കണമെന്നൊന്നും ആരെയും ഉപദേശിക്കാന്‍ ഇക്കാലത്തു സാധിക്കില്ല. പക്ഷേ, ഒന്നു പറയാം. എന്‍.എസ്.എസ് പോലെയോ എസ്.എന്‍.ഡി.പി. പോലെയോ ഉള്ള ജാതി യോഗങ്ങളിലെങ്കിലും നാട്ടുകാര്‍ക്ക്ു കേള്‍ക്കാന്‍ കൊള്ളാത്ത കാര്യങ്ങള്‍ പറയരുത്-നേതാക്കള്‍ ഒട്ടും പറയരുത്.

എന്‍.എസ്.എസ്സിലും എസ്.എന്‍.ഡി.പി.യിലും മുസ്ലിം-കൃസ്ത്യന്‍ സംഘടനായോഗങ്ങളിലും പങ്കെടുക്കുന്നവര്‍ക്കെല്ലാം അവരുടെ വിഭാഗത്തോടുള്ള കൂറ്  കലശലായി ഉണ്ടാകുമെങ്കിലും അക്രമാസക്തമായ വിദ്വേഷം അവരില്‍ അധികം പേര്‍ക്കുണ്ടാവില്ല. പല രാഷ്ട്രീയപ്രമാണങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഇത്തരം സംഘടനകളുടെ യോഗത്തിലെത്തും. അവരെയും തങ്ങളെപ്പോലെ കൊടിയ വര്‍ഗീയവാദികളാക്കുകയാണ് പല ജാതി-മത നേതാക്കളുടെയും അജന്‍ഡ. ബാലകൃഷ്ണപിള്ള ഇതുപോലെ എത്ര യോഗങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ടാവും?  എത്ര നായന്മാരെക്കൊണ്ട് അദ്ദേഹം വെള്ളാപ്പള്ളിയാണ് ശരി എന്നു ചിന്തിപ്പിച്ചിട്ടുണ്ടാവും?

ഇപ്പോള്‍ ഇടതുപക്ഷത്തുനില്‍ക്കുന്ന ഒരു നേതാവ് അടച്ചുറപ്പുള്ള മുറിയില്‍ ഉപയോഗിക്കുന്ന ഭാഷ ഇതാണെങ്കില്‍ ശുദ്ധവര്‍ഗീയം മാര്‍ഗമായി സ്വീകരിച്ചവര്‍ എന്തെല്ലാമായിരിക്കും പ്രസംഗിക്കുന്നുണ്ടാവുക എന്നു അദ്ഭുതപ്പെട്ടുപോകുന്നു. താല്‍ക്കാലിക അഭയകേന്ദ്രം ആയിട്ടാണ് ഈ പിള്ളാകേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ നില്‍ക്കുന്നത്. യു.ഡി.എഫിലേക്ക് മടങ്ങണമെന്ന് ആഗ്രഹം കാണില്ല. കാരണം ഇനി മടങ്ങിയാലും മന്ത്രിസ്ഥാനവും സൗകര്യങ്ങളുമൊന്നും പ്രതീക്ഷിക്കുക  വയ്യ. വെള്ളാപ്പള്ളിയുടെ വഴി തന്നെയാണ് പി.കെ.നാരായണപണിക്കര്‍ക്കും ആര്‍.ബാലകൃഷ്ണപിള്ളയ്ക്കും നല്ലത്. ആളെണ്ണവും കുടിലതയും കൂടുതലുള്ളതുകൊണ്ട് വെള്ളാപ്പള്ളി ആദ്യം ചാടി വീണെന്നേ ഉള്ളൂ. ആഡ്യന്മാരെ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സ്വീകരിക്കും എന്നുറപ്പുണ്ടായിരുന്നുവെങ്കില്‍ ഈ പിള്ളമാര്‍ എന്നേ എന്‍.ഡി.എ.യില്‍ എത്തിയിട്ടുണ്ടാകുമായിരുന്നു. പേടിക്കേണ്ട, വൈകിയിട്ടില്ല!

മുസ്ലിം-കൃസ്ത്യന്‍ മതങ്ങള്‍ക്കെതിരെ ആരുമൊന്നും പറഞ്ഞുകൂടെന്നൊരു നിലപാട് മതേതരപക്ഷത്തുനില്‍ക്കുന്നവര്‍ക്ക് ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. മതേതരക്കാരും അല്ലാത്തവരുമായ രാഷ്ട്രീയക്കാര്‍ – പുരോഗമന വിപ്ലവകാരികള്‍ പോലും- വോട്ടുകിട്ടാന്‍ വേണ്ടി, പറയേണ്ടതുപോലും പറയുന്നില്ല എന്നു നമുക്കറിയാം. ഹിന്ദു വര്‍ഗീയതയ്ക്ക് എരിവു കൂട്ടുന്നതില്‍ മുസ്ലിം സംഘടനകളും പങ്കുവഹിക്കുന്നുണ്ട്, മറിച്ചും ഉണ്ട്. ഒരു വര്‍ഗീയവാദി മറ്റേ വര്‍ഗീയതയെ എതിര്‍ക്കുന്നത് ആ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടാണ്. അവര് ചെയ്യുന്നു, അതുകൊണ്ടു നമ്മളും ചെയ്യണം എന്നതാണ് സമീപനം. അവര്‍ തെറ്റുചെയ്യുന്നു, നമ്മള്‍ അതു ചെയ്യരുത് എന്നല്ല. മതങ്ങളും വിമര്‍ശിക്കപ്പെടുകതന്നെ വേണം. പക്ഷേ, അതു വസ്തുതാപരമായി വിവരങ്ങള്‍ അവതരിപ്പിച്ചുതന്നെയാവണം.  ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുപരത്തി വിദ്വേഷം പടര്‍ത്തിക്കൊണ്ടാവരുതെന്നുമാത്രം.

മതങ്ങളെല്ലാം ഒറ്റക്കെട്ട്

മുസ്ലിംപള്ളിയില്‍ സ്ത്രീകളെ അനുവദിക്കാന്‍ കോടതി പറയുമോ, പിന്നെയെന്തിന് ശബരിമലയില്‍ സ്ത്രീകളെ അനുവദിക്കണം എന്ന മട്ടിലുള്ള ബാലകൃഷ്ണപിള്ളയെപ്പോലുള്ളവരുടെ വാദത്തില്‍ വലിയ കഴമ്പൊന്നുമില്ല. പള്ളികളില്‍ സ്ത്രീകള്‍ കയറരുത് എന്നൊന്നും മതം പറയുന്നില്ല, ക്ഷേത്രത്തില്‍ സ്്ത്രീകള്‍ കയറരുത് എന്നു ഹിന്ദുമതവും പറയുന്നില്ല. ശബരിമലയുടെ കാര്യത്തിലായാലും പള്ളിയുടെ കാര്യത്തിലായാലും കോടതികള്‍ ആധാരമാക്കുന്ന നിയമങ്ങള്‍ ഒന്നുതന്നെയാണ്. കോടതികളെ മതകാര്യത്തില്‍ നിര്‍ബന്ധിക്കുന്ന വിവേചനപരമായ നിയമങ്ങളൊന്നും ഇല്ല. ഉള്ളത് വ്യക്തിനിയമങ്ങള്‍ മാത്രമാണ്. മതകാര്യത്തില്‍ കോടതിയും പാര്‍ലമെന്റും ഒന്നും ഇടപെടരുത് എന്ന കാര്യത്തില്‍ ഹിന്ദു-മുസ്ലിം -ക്രിസ്ത്യന്‍ മതക്കാരെല്ലാം ഒറ്റക്കെട്ടാണ്. നിയമവും കോടതിയുമൊന്നും ഇങ്ങോട്ടുകടക്കേണ്ട. ഞങ്ങള്‍ എന്തും ചെയ്യും, ആരും ഇടപെടരുത്. സതിയനുഷ്ഠാനം പോലും ഇന്നായിരുന്നെങ്കില്‍ നിരോധിക്കാന്‍ പറ്റുമായിരുന്നില്ല. അത്രയ്ക്ക് ഭീതിജനകമായിരിക്കുന്നു വര്‍ഗീയതയുടെ വിഷപ്പല്ലുകള്‍.

പിള്ള മാപ്പു പറഞ്ഞതുകൊണ്ട് അദ്ദേഹത്തോട് ക്ഷമിക്കണമെന്നാണ് മുസ്ലിം സംഘടനകള്‍ പറഞ്ഞത്. ന്യായവും പക്വവുമാണ് ആ സമീപനം. അവര്‍ക്കു പിള്ളയെ മനസ്സിലായി, ഇനി കൂടുതലൊന്നും പറയേണ്ട കാര്യമില്ല. ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ട അപൂര്‍വം ചില ഇടതുപക്ഷസഹയാത്രികരും ഇതേ നിലപാട് എടുത്തതിന്റെ അര്‍ത്ഥം മനസ്സിലാവുന്നില്ല. പിള്ള മാപ്പു പറഞ്ഞു…ഇനി നമ്മളൊന്നും ചെയ്യേണ്ട എന്നവരും പറഞ്ഞു. മുസ്ലിംമനസ്സിനു പിള്ളയോട് ക്ഷമിക്കാനാവും. പക്ഷേ, കേരളത്തിന്റെ മതേതര മനസ്സിന് ഇതു ക്ഷമിക്കാനാവില്ല. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും അതു സാധ്യമാവില്ല. മതേതരപക്ഷത്തുനില്‍ക്കുന്നവര്‍ക്കാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ ചീത്തപ്പേരുണ്ടാക്കിയിട്ടുള്ളത്. ഇങ്ങനെയാണോ മതേതരക്കാരുടെയും മനസ്സ് എന്ന് ന്യൂനപക്ഷമതവിഭാഗങ്ങള്‍ ശങ്കിച്ചുപോകും. ഇടതുപക്ഷത്തിന് ഇനിയും പിള്ളയെ മനസ്സിലായില്ലേ?

Leave a Reply

Your email address will not be published. Required fields are marked *

Go Top