മന്ത്രിപദവി നിര്‍ബന്ധം

ഇന്ദ്രൻ

ഇടതുമുന്നണി സര്‍ക്കാര്‍ വന്നതുകൊണ്ട് വഴിയാധാരമാകുന്ന ഒരാളുണ്ട്. ഉമ്മന്‍ചാണ്ടിയല്ല. അങ്ങേര്‍ക്ക് യു.ഡി.എഫ് ചെയര്‍മാനായി നടക്കാം. രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷനേതാവായി മന്ത്രിപദവിയില്‍ പറക്കാം. വി.എം.സുധീരന് പ്രസിഡന്റായി തുടര്‍ഭരണമുണ്ട്. ഒരാള്‍ക്ക് മാത്രം ഒന്നും കിട്ടില്ല, കൈയിലുള്ളതെല്ലാം പോവുകയും ചെയ്യും. ആ ആളാണ് വി.എസ്.അച്യുതനാന്ദന്‍.

സര്‍ക്കാര്‍ശമ്പളം പറ്റുന്ന പത്തിരുത്തഞ്ച് ഉദ്യോഗസ്ഥന്മാരുടെ അകമ്പടിയും സര്‍ക്കാര്‍ വക കാറും ഉള്ള മന്ത്രിപദവിയില്‍ അഞ്ചുവര്‍ഷം വെട്ടിത്തിളങ്ങിയ ആള്‍ക്ക് തന്റെ അവസ്ഥയെക്കുറിച്ച് നല്ല ബോധ്യമുണ്ടാവുമല്ലോ. അതുകൊണ്ടാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുമ്പോള്‍ത്തന്നെ റിമൈന്‍ഡര്‍ നോട്ട് എഴുതിച്ച് സീതാറാം യെച്ചൂരിയുടെ പോക്കറ്റില്‍ ഇട്ടത്. വി.എസ്സിന്റെ കാര്യം പറയാന്‍ വി.എസ് അല്ലാതെ വേറാരുണ്ട്? സത്യപ്രതിജ്ഞ കഴിഞ്ഞ് ഡല്‍ഹിക്ക് സ്ഥലംവിട്ടാല്‍ പിന്നെ യെച്ചൂരിയുണ്ടോ വി.എസ്സിനെ ഓര്‍ക്കുന്നു! കാണണമെങ്കില്‍ വിമാനംകയറി  ചെല്ലേണ്ടി വരും. വെറും എം.എല്‍.എ.യായ വി.എസ്സിന് അതിന് സര്‍ക്കാര്‍ ടി.എ.കിട്ടില്ല. കത്തെഴുത്തേ നടക്കു….അതുകൊണ്ട് ഉപദേശകനാണെങ്കില്‍ അത്്, മറ്റെന്തായാലും വിരോധമില്ല. മന്ത്രിപദവി നിര്‍ബന്ധം.

പൊതുവെ അബദ്ധങ്ങളേ ചെയ്യാറുള്ളൂ എങ്കിലും കോണ്‍ഗ്രസ്സുകാര്‍ പല അനുകരണീയ മാതൃകകളും സൃഷ്ടിക്കാറുണ്ട്. സോണിയാഗാന്ധി പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ മടിച്ചപ്പോള്‍ ഇന്‍സ്റ്റന്റ് ആയി അവര്‍ ഒരു പുതിയ പദവി ചുട്ടെടുത്തു. ദേശീയ ഉപദേശക സമിതി തലൈവി. ഭരണഘടനയില്‍ അങ്ങനെയൊന്നിന് വകുപ്പില്ല. പക്ഷേ, തിരുകിക്കയറ്റാം. പിന്നെ ചില്ലറ നിയമപൊല്ലാപ്പുണ്ടായെന്നത് ശരി. അതില്‍നിന്ന് തലയൂരാനാണെല്ലോ കബിലസിബലിനെയും ചിദംബരത്തേയും പോലുള്ള വക്കീലന്മാരെ വെച്ചിരുന്നത്. ഇത്തരമൊന്ന് കേരളത്തില്‍ ചുട്ടെടുക്കാന്‍ പ്രയാസമൊട്ടുമില്ല. കോണ്‍ഗ്രസ്സുകാര്‍ മിണ്ടില്ല. ആകെയൊരു പ്രശ്‌നമുള്ളത് എം.എല്‍.എ.പണിയും ഉപദേശിപ്പണിയും ഒന്നിച്ചു ചെയ്യാമോ എന്നുള്ളതാണ്. മുഖ്യമന്ത്രിയാവുന്നില്ലെങ്കില്‍ പിന്നെ എം.എല്‍.എ.സ്ഥാനം എന്തിനാണ്? വലിച്ചെറിയാം….

പിണറായി വിജയന് വി.എസ്.ചെയ്തുകൊടുത്ത അത്യസാധാരണ സേവനത്തിന് ഇതൊന്നും കൊടുത്താല്‍ പോര. അമേരിക്കയിലെ പ്രസിഡന്റിനെ പോലെ ഇവിടെ  നേരിട്ട് തിരഞ്ഞെടുക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയാവുക അച്യുതാനന്ദനായിരിക്കും. പക്ഷേ, നിയമസഭയില്‍ ഒരു വോട്ടെടുപ്പ് നടത്തുകയാണെങ്കില്‍ വി.എസ്സിന് ഒരു വോട്ട് പി.സി.ജോര്‍ജിന്റേതോ മറ്റോ കിട്ടിയെങ്കിലായി. ഈ വിചിത്രാവസ്ഥയ്ക്കാണ് ജനാധിപത്യം എന്ന് പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത്, വി.എസ്സും യെച്ചൂരിയും പിണറായിയും എല്ലാവരും ചേര്‍ന്ന് വി.എസ്സ് മുഖ്യമന്ത്രി ആയേക്കാം എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുകയായിരുന്നു. പിണറായിയെ ധര്‍മടത്ത് ഒതുക്കുകയും വി.എസ്സിനെ ആദ്യം മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും പിന്നെ സംസ്ഥാനത്ത് തലങ്ങുംവിലങ്ങും ഓടിക്കുകയും ചെയ്തത് പിണറായിയെ മുഖ്യമന്ത്രി ആക്കാനായിരുന്നു. പൊതുജനം കഴുതയ്ക്കും, ഒട്ടും ഭേദമല്ലാത്ത മാധ്യമവിശാരദ•ാര്‍ക്കും ഇത് മനസ്സിലായത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മാത്രമാണ്.

പാര്‍ട്ടിക്ക് വേണ്ടി ഇങ്ങനെ ചാവേറാകാന്‍ തയ്യാറായ വി.എസ് ചോദിക്കുന്നത് ഒന്നുമാത്രം. ഒരു മന്ത്രിപദവി. അതിന് പൊതുഖജാനയില്‍ നിന്ന്് മാസംതോറും കോടിരൂപ ചെലവാകുമായിരിക്കും. അതിന് പാര്‍ട്ടിക്കെന്താ ചേതം? ഉപദേശം  പിണറായി കേട്ടുകൊള്ളണമെന്ന് ഒട്ടും നിര്‍ബന്ധമില്ലല്ലോ. പിന്നെന്ത് പ്രശ്‌നം?

****

മന്ത്രിമാര്‍ക്കൊന്നും പതിമൂന്നാം നമ്പര്‍ കാറില്ലാത്തത് ബി.ജെ.പി.നേതാവ്  കെ..സുരേന്ദ്രന് സഹിക്കുന്നില്ല. കമ്യൂണിസ്റ്റുകാര്‍ അന്ധവിശ്വാസികളാണെന്നും വെറുതെ പുരോഗമനംപറയുകയാണെന്നും മറ്റും അദ്ദേഹം ചാനലിലും പുറത്തും വിളിച്ചുപറയുന്നുണ്ടായിരുന്നു. അന്ധവിശ്വാസം സഹിക്കാം. വിദേശ അന്ധവിശ്വാസങ്ങള്‍ സഹിക്കാന്‍പറ്റില്ല. ഏതോ കാലത്തുതന്നെ അന്ധവിശ്വാസകാര്യത്തില്‍ സ്വയംപര്യാപ്തത നേടിയ രാജ്യമാണ് ഈ ഭാരതം. എന്നിട്ടാണ് ഈ കമ്യൂണിസ്റ്റുകാര്‍ വിദേശ അന്ധവിശ്വാസങ്ങള്‍ക്ക് പിറകെ പോകുന്നത്. ഇത് രാജ്യദ്രോഹംതന്നെ.

അവസാനത്തെ അത്താഴത്തിന് മേശയ്ക്ക് ചുറ്റും ഇരുന്ന പതിമൂന്ന് പേരിലൊരാളാണ്  യേശുവിനെ ഒറ്റുകൊടുത്തതെന്നതാണ് നമ്പര്‍ പതിമൂന്നിനെതിരെ ആരോപിക്കപ്പെടുന്ന മുഖ്യ കുറ്റം. മനുഷ്യര്‍ പണ്ടേ ഇങ്ങനെയാണ്. ഒറ്റിക്കൊടുത്ത ജൂഡാസിനെ അറിയാത്തവര്‍ക്കും പതിമൂന്നാം നമ്പര്‍ റൂമും വേണ്ട കാറും വേണ്ട.
കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് പതിമൂന്നിനെ ഇപ്പോള്‍ പണ്ടത്തേക്കാള്‍ പേടി കാണണം. ബാര്‍കോഴ അപവാദം മൂര്‍ദ്ദന്യത്തിലെത്തിയ സമയത്ത് മാണി ബജറ്റ് അവതരിപ്പിച്ചത് വലിയ സംഭവമായിരുന്നല്ലോ. വേണ്ട വേണ്ട എന്ന് മാണിയോട് പലരും ഉപദേശിച്ചതാണ്. പതിമൂന്നാമത്തെ ബജറ്റായിരുന്നു അത്്്! മാര്‍ച്ച് പതിമൂന്നായിരുന്നു അന്ന്്!   ബജറ്റ് അവതരിപ്പിച്ച മന്ത്രി മാണി കൊല്ലം തികയും മുമ്പെ വീണു. അന്നത്തെ അടിപിടിയിലും കടിപിടിയിലും പങ്കാളികളായവരൊക്കെ തിരഞ്ഞെടുപ്പിലും വീണു. മനസ്സിലായില്ലേ പതിമൂന്നിന്റെ ബലം?

അതുകൊണ്ടാരും അന്ധവിശ്വാസത്തെ അന്ധമായി എതിര്‍ക്കരുത്. നാടന്‍ ആയാലും വിദേശി ആയാലും തുല്യ ബഹുമാനത്തോടെ കാണണം. സുരേന്ദ്രന്‍ ശ്രമിക്കുകയാണെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാരിനെക്കൊണ്ട് ഒരു ദേശീയ അന്ധവിശ്വാസ നയം രൂപവല്‍ക്കരിപ്പിക്കാന്‍ കഴിഞ്ഞേക്കും.

****
വേറെ ചിലയിനം അസഹ്യ അന്ധവിശ്വാസങ്ങള്‍ മുഖ്യമന്ത്രിയായ ഉടന്‍ പിണറായി വിജയന്‍ അവസാനിപ്പിച്ചത് അസ്സലായി. മന്ത്രിമാരെ സ്വീകരിക്കാന്‍ താലപ്പൊലിയേന്തിയ ബാലികമാര്‍, യുവതികള്‍ വേണമെന്ന അന്ധവിശ്വാസം ഇനിയില്ല. ബൊക്കെ കൊടുക്കാന്‍ പെണ്ണ് വേണമെന്നതും നിര്‍ത്തേണ്ട അന്ധവിശ്വാസമാണ്. നാട്ടില്‍ അതും ഇതും പ്രചരിപ്പിക്കാന്‍ സ്‌കൂള്‍ കുട്ടികളെ തെരുവിലിറക്കുന്നതും കണക്കെടുക്കാന്‍ അധ്യാപികമാരെ നാടുതെണ്ടിക്കുന്നതുമെല്ലാം എന്നോ നിര്‍ത്തേണ്ട അനാചാരങ്ങളില്‍ ചിലവ മാത്രം.

കാലങ്ങളായുള്ള ആചാരമാണ് പുതിയ മന്ത്രി വരുമ്പോള്‍ മന്ത്രിമന്ദിരത്തില്‍ അറ്റകുറ്റപ്പണിക്ക് കുറെ ലക്ഷങ്ങള്‍ ചെലവഴിക്കുക എന്നത്. മന്ത്രിയേക്കാളേറെ മന്ത്രിബന്ധുക്കളുടെ ആവശ്യമാണിത്. അവരേക്കാള്‍ ഇത്് പണി ചെയ്യിക്കുന്ന ഉദ്യോഗസ്ഥരുടെ ആവശ്യമാണ്, പണി ചെയ്യുന്ന കരാറുകാരുടെ ആവശ്യമാണ്.

മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചുനാളെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് നിര്‍ബന്ധിച്ചാല്‍ത്തന്നെ മന്ത്രിസ്വീകരണം അത്രയും കുറയും. ജില്ലയില്‍നിന്നുള്ള മന്ത്രിമാര്‍ക്ക് ഒരു ജില്ലാതല സ്വീകരണംതന്നെ ധാരാളം. ഒരു ദിവസം ഏറ്റെടുക്കുന്ന പ്രസംഗത്തിന് കൂടി പരിധി നിശ്ചയിക്കുകയാണെങ്കില്‍ വഴിയില്‍ മണിക്കൂറുകള്‍ മന്ത്രിയെക്കാത്തുനില്‍ക്കാന്‍ വിധിക്കപ്പെടുന്ന ജനത്തിന് സമാധാനം കിട്ടും.

****
അടുപ്പക്കാരനെന്ന് നടിച്ച ഒരു ‘അവതാര’ത്തെ സ്ഥാനമേല്‍ക്കുംമുമ്പ് തിരിച്ചറിയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. അവതാരങ്ങളൊന്നും ഇങ്ങോട്ടടുക്കേണ്ടെന്നും സൂചന നല്‍കി മുഖ്യമന്ത്രി. അതുകൊണ്ടൊന്നും പ്രശ്‌നം തീരുമെന്ന് തോന്നുന്നില്ല.

മുഖ്യമന്ത്രി ഓഫീസിലെത്തുംമുമ്പ് ഓഫീസിലെ വെബ്കാസ്റ്റിങ്ങ് സംവിധാനം നിര്‍ത്തിച്ചത് ഏതോ അവതാരത്തിന്റെ ഉത്തരവനുസരിച്ചാവുമോ എന്തോ..മന്ത്രിസഭ സ്ഥാനമേല്‍ക്കുന്ന നാള്‍ കോടികള്‍ ചെലവഴിച്ച് ദേശീയതലസ്ഥാനത്തും ഊക്കന്‍ വര്‍ണപരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത് ഏതെങ്കിലും അവതാരത്തിന്റെ തീരുമാനപ്രകാരമാവുമോ എന്നാര്‍ക്കറിയാം.

അറിയാത്ത അവതാരങ്ങളേക്കാള്‍ ദ്രോഹം ചെയ്യുക അറിയുന്ന അവതാരങ്ങളാവും. അവര്‍ പേഴ്‌സണല്‍ സ്റ്റാഫിലും ഉദ്യോഗസ്ഥര്‍ക്കിടയിലും പാര്‍ട്ടിയിലും നിയമസഭയിലും മാധ്യമപ്രവര്‍ത്തകര്‍ക്കിയില്‍പ്പോലും കാണും. എത്ര മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും ഞങ്ങള്‍ കുഴിയില്‍ ചാടിച്ചിരിക്കുന്നു, ഞങ്ങളോടാണോ കളി എന്ന ഭാവം ഒളിച്ചുവെച്ച വെളുത്ത ചിരിയോടെ അവര്‍ നാളെയും വരാതിരിക്കില്ല.

****
എം.പി. ഫണ്ട് പ്രകാരംനിര്‍മിച്ചത്, എം.എല്‍.എ ഫണ്ട് പ്രകാരം നിര്‍മിച്ചത് എന്നും മറ്റുമുള്ള കൂറ്റന്‍ ബോര്‍ഡുകള്‍ കണ്ടാല്‍ തോന്നുക ഈ മഹാന്മാര്‍ എവിടെയോ പോയി കഷ്ടപ്പെട്ട് സംഭാവന പിരിച്ചോ മറ്റോ കൊണ്ടുവന്ന് ഇവിടെ അത്ഭുതം പണിതിരിക്കുന്നു എന്നാണ്. ഇല്ല, ജനത്തിന്റെ നികുതിപ്പണം ചെലവഴിച്ചുണ്ടാക്കുന്ന സ്ഥാപനത്തിന്റെ പേരിലാണ് ജനപ്രതിനിധി കൂറ്റന്‍ ബോര്‍ഡ് നാട്ടി ഞെളിയുന്നത്.

ഈ ഏര്‍പ്പാട് ശരിയല്ല എന്ന് ഒരു എം.എല്‍.എ.ക്ക് തന്നെ തോന്നിയിരിക്കുന്നു. പുതുതായി നിയമസഭയില്‍ എത്തിയ അനില്‍ അക്കരെ ആവശ്യപ്പെടുന്നത് എം.എല്‍.എ. ഫണ്ട് കൊടുക്കുന്നത് നിര്‍ത്തുകയും അത് മണ്ഡലത്തിലെ  തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികളില്‍ പെടുത്തി ചെലവാക്കുകയും ചെയ്യണം എന്നാണ്. പൊതുസ്വത്തി•േല്‍ സ്വന്തം പേരെഴുതി വെച്ചതിന്റെ പേരില്‍ ഏതെങ്കിലും എം.എല്‍.എ.യെ ജനം ഓര്‍മിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

കമ്യൂണിസ്റ്റുകാരനായ മന്ത്രി പാലോളി മുഹമ്മദ്കുട്ടിയെ പഞ്ചായത്തുകള്‍ ഓര്‍ക്കുന്നത് അദ്ദേഹം ചെയ്ത സേവനങ്ങളുടെ പേരിലാണെന്നും കോണ്‍ക്രീറ്റ് ബോര്‍ഡില്‍ പേരെഴുതി വെച്ചതുകൊണ്ടല്ലെന്നും കോണ്‍ഗ്രസ്സുകാരനായ അനില്‍ അക്കരെ പറയുന്നു.

കേള്‍ക്കുന്നുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Go Top