ഭൂരിപക്ഷ പ്രീണനം മാധ്യമ അജന്‍ഡ

എൻ.പി.രാജേന്ദ്രൻ

സമീപനാളുകളില്‍ വീണ്ടും കേട്ടു മാതൃഭൂമി ബഹിഷകരണത്തിനുള്ള മുറവിളി. സാമൂഹ്യപ്രവര്‍ത്തകയായ കെ.അജിത ആണ് മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടത്. തുടര്‍ന്ന് കവി അന്‍വര്‍ അലിയും നിരൂപകന്‍ എന്‍.ശശിധരനും മാതൃഭൂമി വാങ്ങില്ലെന്നും എഴുതില്ലെന്നും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തില്‍ മാതൃഭൂമി എഡിറ്റോറിയല്‍ പേജ് ഉള്‍പ്പെടെ രണ്ടു പേജ് നിറയെ മോദിസ്തുതി വാരിവിതറിയതാണ് ഒടുവിലത്തെ പ്രകോപനം. ഇത് വര്‍ഗീയ രാഷ്ട്രീയത്തെ പ്രീണിപ്പിക്കുന്നതിനുള്ള അതിഭക്തിയുടെ പ്രകടനം, മതനിരപേക്ഷതയുടെ മനസ്സും രാഷ്ട്രീയവും സര്‍വപ്രധാനമായി കാണുന്ന മാതൃഭൂമി വായനക്കാരെ ഒട്ടും സന്തോഷിപ്പിക്കില്ല, തീര്‍ച്ച.

‘ ഇന്ത്യയെ കണ്ടെത്തിയ നേതാവ് മാതൃഭൂമി’ ക്ക് ഇപ്പോള്‍ നരേന്ദ്ര മോഡിയാണ്. എങ്കില്‍, സവര്‍ക്കറും ഗോദ്‌സെയും ആ പത്രത്തിന് ഇനി ചരിത്രം സൃഷ്ടിച്ച മഹാത്മാക്കളായേക്കാം.ഹാ കഷ്ടം’-എന്നാണ് അജിത തുടര്‍ന്ന് വിശദീകരിക്കുന്നത്.  മാതൃഭൂമി വായിക്കുന്നതിലും ഭേദം ജന്മഭൂമി വായിക്കുകയും ജനം ടി.വി കാണുകയുമാണെന്നും …. ഇത്തരം മുഖ്യധാരാ പത്രങ്ങളെ ആശ്രയിക്കേണ്ടതില്ലെന്ന് ഉറപ്പായ ഈ നിമിഷം ചരിത്രത്തിലെ ഇരുണ്ട മുഹൂര്‍ത്തമാണെന്നും ഉള്ള കഠിനപരാമര്‍ശങ്ങള്‍ അവരുടെ കുറിപ്പിലുണ്ട്.

ജന്മഭൂമി പോലും നരേന്ദ്ര മോദിയുടെ ജന്മദിനം, ഇത്ര ആര്‍ഭാടത്തോടെ ആഘോഷിച്ചുകണ്ടില്ല. മാതൃഭൂമി എഡിറ്റോറിയല്‍ പേജും ഓപ് എഡിറ്റ് പേജും ഒറ്റപ്പേജായി മാറ്റിയാണ് അതു നിറയെ മോദിയെക്കുറിച്ചുള്ള പ്രശംസകള്‍ ചെരിഞ്ഞത്. മുഖപ്രസംഗവും മോദിയെക്കുറിച്ചാണ്. ഇത്രത്തോളം അമിതാവേശം ജന്മഭൂമി പ്രവര്‍ത്തകര്‍ക്കുണ്ടായില്ല. അവരുടെ അന്നത്തെ മുഖപ്രസംഗം ‘അഴിമതി ഭരണത്തിലെ പൊലീസ് നരനായാട്ടി’നെക്കുറിച്ചാണ്. എഡിറ്റോറിയല്‍ പേജില്‍ ഏറ്റവും മുകളില്‍ കൊടുത്തിരിക്കുന്നത്  ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള ജന്മഭൂമി പ്രത്യേക പ്രതിനിധി കെ.കുഞ്ഞിക്കണ്ണന്റെ ‘രാഷ്ട്രീയത്തിലെ അപൂര്‍വ അവതാരം’ എന്ന ലേഖനമാണ്.

മറ്റെന്തെല്ലാം അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും മാതൃഭൂമി വരുത്തി വായിക്കുന്ന ലക്ഷക്കണക്കിനു വായനക്കാര്‍ വില മതിക്കുന്ന ഒരു കാര്യമുണ്ട്. അത് മാതൃഭൂമിയുടെ മതനിരപേക്ഷ നിലപാടാണ്. ഈ വായനക്കാരെ മാതൃഭൂമിക്ക് അവഗണിക്കാന്‍ കഴിയില്ല. എന്തെല്ലാം വ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയുമെങ്കുലം, മാതൃഭൂമി പരമാവധി സ്വതന്ത്രവും സത്യസന്ധവുമായ പത്രമാണു പ്രസിദ്ധപ്പെടുത്തുന്നത് എന്നു വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം വായനക്കാരും. ആ മനോഭാവം നിലനിര്‍ത്തുന്നത് മാതൃഭൂമിയുടെ നിലനില്‍പ്പിനു തന്നെ അനിവാര്യമാണ്. മാതൂഭൂമി ഏതെങ്കിലും പക്ഷത്തിന്റെ പതാകവാഹകരല്ല, ആവരുത് എന്നു നിര്‍ബന്ധമുള്ളവരാണ് വായനക്കാര്‍. മാതൃഭൂമിക്ക് എന്നല്ല ഒരു സ്വതന്ത്രപത്രത്തിനും എല്ലാ വായനക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ഉള്ളടക്കം എല്ലാ ദിവസവും പ്രസിദ്ധപ്പെടുത്താന്‍ കഴിയില്ല. ആരെ എതിര്‍ത്തും ആരെ അനുകൂലിച്ചും ഉളള ലേഖനവും വാര്‍ത്തയും കൊടുക്കാം. അതില്‍ തെല്ലെങ്കിലും കഴമ്പുണ്ടെന്ന് ഒരു വിധം വായനക്കാര്‍ക്കെങ്കിലും തോന്നണം. പ്രശംസയായാലും വിമര്‍ശനമായാലും അത് സമചിത്തതയോടെയുള്ളതാവണം. അതു പൊതുതാല്പര്യം സംരക്ഷിക്കുന്നതിനാവണം, സര്‍ക്കുലേഷന്‍ കൂട്ടാനോ ഏതെങ്കിലും പക്ഷത്തെ സുഖിപ്പിക്കാനോ ഉള്ളതാവരുത്. അങ്ങനെ ആളുകള്‍ ചിന്തിച്ചുതുടങ്ങിയാല്‍ പിന്നെ സ്വതന്ത്ര പത്രപ്രവര്‍ത്തനമില്ല, സ്വത്ന്ത്ര പത്രക്കച്ചവടം മാത്രമേ ഉണ്ടാകൂ.

മുഖ്യമന്ത്രി പിണറായി വിജയന്റെ എഴുപത്തഞ്ചാം ജന്മദിനത്തില്‍ പത്രം എഡിറ്റ് പേജില്‍ രണ്ട് ലേഖനങ്ങള്‍ കൊടുത്തില്ലേ, അപ്പോള്‍ പ്രധാനമന്ത്രിക്ക് രണ്ടു പേജുകള്‍ നീക്കിവെച്ചുകൂടേ എന്നൊരു സുഹൃത്ത് കുറച്ചു കാര്യമായിത്തന്നെ ചോദിക്കുന്നതു കേട്ടു. പിണറായി വിജയനെക്കുറിച്ചുള്ള രണ്ട് ലേഖനങ്ങളില്‍ ഒന്നു പത്രത്തിന്റെ മാനേജിങ്ങ് ഡയറകറ്റര്‍ ആയിരുന്ന എം.പി വീരേന്ദ്രകുമാര്‍ എഴുതിയതാണ്. എഡിറ്റ് പേജില്‍ ജന്മദിന ലേഖനങ്ങള്‍ കൊടുക്കുന്ന പതിവ് മാതൃഭൂമിക്കില്ല. മാനേജിങ്ങ് ഡയറക്റ്റര്‍ തന്നെ അത്തരമൊരു ലേഖനം എഴുതിയാല്‍ പത്രാധിപര്‍ ധര്‍മസങ്കടത്തിലാവും. വലിയ കഴമ്പൊന്നുമില്ലാത്ത ആ ലേഖനവും ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയ നരേന്ദ്ര മോദി സ്‌പെഷലും അധികാരത്തിന്റെ പ്രീണനം ഉദ്ദേശിച്ചുള്ളതാണ് എന്ന് വായനക്കാര്‍ക്കെല്ലാം മനസ്സിലാകും. എല്ലാ പക്ഷക്കാരെയും പ്രശംസിക്കുന്നതും പുകഴ്ത്തുന്നതും ആണോ വാര്‍ത്തയിലെ ബാലന്‍സിങ്ങ്? മുഖ്യമന്ത്രിയുടെ ജന്മദിനത്തിന് ഇത്ര പേജ്, പ്രധാനമന്ത്രിയുടെ ജന്മദിനത്തിന് ഇത്ര പേജ്, എഴുപതിന് ഇത്ര, എഴുപത്തഞ്ചിന് ഇത്ര, 84ന്് ഇത്ര എന്നെല്ലാം നിശ്ചയിക്കാന്‍ പറ്റിയ പേജ് ഷെഡ്യൂള്‍ കീഴ്‌വഴക്കങ്ങളൊന്നും പത്രചരിത്രത്തിലില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വ ജൂബിലിക്കു മനോരമ രണ്ടുപേജുകള്‍ ഒന്നാക്കി മുഴുവന്‍ ലേഖനങ്ങള്‍ കൊടുത്തു. ആരും ആക്ഷേപം പറഞ്ഞില്ല. അതങ്ങനെയാണ്. മനോരമ എന്തു ചെയ്താലും ആരും വിമര്‍ശിക്കാനോ ബഹിഷ്‌കരിക്കാനോ മുതിരാറില്ല!

പണ്ഡിറ്റ് നെഹ്‌റുവിന്റെയോ ഇന്ദിരാഗാന്ധിയുടേയോ രാജീവ് ഗാന്ധിയുടേയോ നരസിംഹറാവുവിന്റെയോ ഡോ. മന്‍മോഹന്‍സിങ്ങിന്റെയോ ജന്മദിനം ഈ വിധം ആഘോഷിക്കപ്പെട്ടിട്ടുണ്ടോ? 1932 സപ്തംബര്‍ 26 ന് ജനിച്ച ഡോ. മന്‍മോഹന്‍സിങ്ങിന് എഴുപത്തഞ്ചു തികഞ്ഞത് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്-2007 സപ്തംബര്‍ 26 ന്്. ഒരു പ്രസിദ്ധീകരണവും ആ ജന്മദിനത്തിന് ഇങ്ങനെ ആഘോഷം കൂട്ടിയില്ല എഴുപത്തഞ്ച് വയസ്സു തികഞ്ഞപ്പോള്‍ പിണറായി വിജയനു കിട്ടിയ പരിഗണന പോലും മന്‍മോഹന്‍സിങ്ങിന് കിട്ടിയിരുന്നില്ല. അദ്ദേഹവും രണ്ടുതവണ പ്രധാനമന്ത്രിയായിരുന്നില്ലേ?  പ്രൊഫഷനല്‍-ബൗദ്ധിക-ഭരണ മേഖലകളിലെ അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ നീണ്ട പട്ടിക-കരിക്കുലം വിറ്റെ- വേറെ ആര്‍ക്കുണ്ട്്? കാര്യമില്ല അദ്ദേഹത്തിന് അര പേജ് പോലും പത്രത്തില്‍ ഇടം കിട്ടില്ല, കാരണം അദ്ദേഹത്തിന് അനുയായികളും ആരാധകരും ഇല്ല. ആര്‍ക്കു വേണം മന്‍മോഹന്‍സിങ്ങിനെ…

വാര്‍ത്തകളുടെ ഹെഡ്ഡിങ്ങ് പോയന്റൊന്നും ഏതെങ്കിലും പത്രപ്രവര്‍ത്തന തത്ത്വമനുസരിച്ചല്ല നിര്‍ണ്ണയിക്കപ്പെടുന്നത്. കാലത്തിന് അനുസരിച്ച് തലക്കെട്ടിന്റെ കോലം മാറും. അതുകൊണ്ടുതന്നെ വലുപ്പച്ചെറുപ്പ താരതമ്യപ്പെടുത്തലുകള്‍ക്കൊന്നും വലിയ അര്‍ത്ഥമില്ല. പത്രം ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മികതകള്‍ക്കോ പത്രപ്രവര്‍ത്തന സിദ്ധാന്തങ്ങള്‍ക്കോ ഒന്നും ഇക്കാര്യത്തില്‍ വലിയ പങ്കൊന്നും വഹിക്കാനില്ല. അന്നന്നത്തെ അടിയന്തരങ്ങള്‍ക്കും വ്യാമോഹങ്ങള്‍ക്കും പ്രചാരണപരമായ നേട്ടങ്ങള്‍ക്കും അനുസരിച്ചൊക്കെ ആവും വിഷയങ്ങളുടെ പത്ര കവറേജ്. എത്ര വായനക്കാര്‍ക്ക് താല്പര്യമുണ്ട് എന്നതാവും മിക്കപ്പോഴും മാനദണ്ഡം. അതിനപ്പുറം പത്രത്തിന്റെ വരിക്കാരുടെ എണ്ണം കൂടുമോ എന്നതു തന്നെയാവും സുപ്രധാന പരിഗണന. മോദി അതിഭക്തിക്കു പിന്നിലുള്ളതും ഇതുതന്നെ.

ഭൂരിപക്ഷം വായനക്കാര്‍ നിഷ്പക്ഷ സ്വതന്ത്ര പത്രം ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ത്തന്നെ സംശയമുണ്ട്്.  കക്ഷിരാഷ്ട്രീയ ആഭിമുഖ്യം ഒട്ടും ഇല്ലാത്തവരും പിന്നെ കുറച്ചെല്ലാം സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെക്കുറിച്ച്  ധാരണയുള്ളവരും മാത്രമാണ് അത് ആവശ്യപ്പെടുന്നത്്. ഞാന്‍ ഏതു പക്ഷത്തു നില്‍ക്കുന്നുവോ ആ പക്ഷത്ത് പത്രവും നില്‍ക്കണം എന്നു തന്നെയാണ് ഭൂരിപക്ഷത്തിന്റെയും ആഗ്രഹം. എന്റെ വിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്ന, അതിനെ ശരിവെക്കുന്ന വാര്‍ത്തകള്‍ വലുതായി പ്രസിദ്ധപ്പെടുത്തണം. സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രത്തെ ജനങ്ങള്‍ ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടെങ്കിലല്ലേ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് അര്‍ത്ഥമുള്ളൂ. ഇന്ന് അത്തരമൊരു അവസ്ഥയില്ല.

രാജ്യത്തെ ഗ്രസിച്ചു കഴിഞ്ഞ ഭൂരിപക്ഷാധിപത്യ രാഷ്ട്രീയം കേരളത്തില്‍ അതിവേഗം പടര്‍ന്നു പിടിക്കുകയും ശക്തി പ്രാപിക്കുകയും ചെയ്യുകയാണ്. ഫോര്‍ത്ത് എസ്റ്റേറ്റ് ധാര്‍മികതയോട്് പ്രതിബദ്ധതയുള്ള ഇല്ലാതാവുകയാണ്. ദേശീയതലത്തില്‍ ബഹൂഭൂരിപക്ഷം ഇംഗ്‌ളീഷ് ചാനലുകളും ഹിന്ദി പത്രങ്ങളും പോയ വഴിക്കുതന്നെയാണ് മലയാളപത്രങ്ങളും മെല്ല നീങ്ങുന്നത്. ഇടത്, യു.ഡി.എഫ് മുന്നണികളെ മറികടക്കാന്‍ ഹിന്ദുത്വ പാര്‍ട്ടിക്ക് ഒരിക്കലും കഴിയുകയില്ല എന്ന അമിതവിശ്വാസം ഇപ്പോള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. പ.ബംഗാളിലും ത്രിപുരയിലും സംഭവിച്ചതു പോലെ ഹിന്ദുക്കളില്‍ വലിയ പങ്ക് ഹിന്ദുത്വപക്ഷത്തേക്കു പോകും എന്ന് ഹിന്ദുത്വ പാര്‍ട്ടിക്കാര്‍ മാത്രമല്ല നല്ല പങ്ക് നിരീക്ഷകര്‍ക്കുമുണ്ട്. സമീപകാലത്ത് ഉണ്ടായ വിവാദങ്ങളിലെ അപ്രധാനമായ മതബന്ധം പൊലിപ്പിച്ച് മുസ്ലിം വിരുദ്ധത പരത്താനുള്ള ശ്രമം കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നടക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്തിന് മറപിടിക്കുന്നതായി ആരോപിച്ചേക്കുമോ എന്നു ഭയന്ന് ആരും അതിനെക്കുറിച്ച് മിണ്ടുന്നില്ല. അതിര്‍ത്തിസംസ്ഥാനമായ പ.ബംഗാളില്‍ നിന്ന് അഞ്ചും പത്തും വര്‍ഷംമുന്‍പ് കേരളത്തില്‍ ജോലി ചെയ്തു ജീവിക്കുന്ന നാലഞ്ചു പേരെ ഭീകരവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത് ശരി. പക്ഷേ, അതിനു പിറകെ വന്ന മാതൃഭൂമി തലക്കെട്ടുകളിലെ വിശേഷണങ്ങള്‍ അത്യതിശയോക്തി നിറഞ്ഞതായിരുന്നു. കേരളം ഭീകരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി എന്നാണ് മുറവിളി. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഇത്രയെങ്കിലും പേരെ ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തിട്ടില്ലാത്തത്. ഇത്  നിഷ്‌കളങ്കമായ രാജ്യസ്‌നേഹമൊന്നുമല്ല എന്ന് വൈകാതെ ബോധ്യപ്പെടും.

(പാഠഭേദം മാസികയുടെ  2020 ഒക്‌റ്റോബര്‍ ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത് )

Leave a Reply

Your email address will not be published. Required fields are marked *

Go Top