ഐക്യകേരളത്തില്‍ ആദ്യം തൂക്കിലേറ്റപ്പെട്ട പാവം മാധവന്‍

എൻ.പി.രാജേന്ദ്രൻ

1953 രണ്ടാം പകുതിയിലെന്നോ തിരുവനന്തപുരം പത്രങ്ങളില്‍ ഒരു വാര്‍ത്ത വന്നു. കൊലക്കുറ്റം ചെയ്ത മാധവന്‍ എന്നൊരു കൂലിത്തൊഴിലാളിയെ കോടതി വധശിക്ഷയ്ക്കു വിധിച്ചു എന്നായിരുന്നു വാര്‍ത്ത. ചെറിയ വാര്‍ത്ത. തിരുവിതാംകൂറില്‍  ഇല്ലാതിരുന്ന വധശിക്ഷ തിരിച്ചുവന്ന ശേഷം ഉണ്ടാകുന്ന ആദ്യത്തെ വിധിയാണ് ഇതെന്നൊന്നും വാര്‍ത്തയിലില്ലാതിരുന്നതിനാല്‍ ആളുകളില്‍ വാര്‍ത്ത വലിയ കൗതുകമൊന്നും ഉണ്ടാക്കിയില്ലെന്നും കെ.സി ജോണ്‍ എഴുതുന്നു. വാര്‍ത്ത പക്ഷേ, കെ.സി ജോണിനെ പിടിച്ചുലക്കുക തന്നെ ചെയ്തുമാധ്യമശ്രദ്ധയാകര്‍ഷിച്ച നിഷ്ഠൂര കൊലപാതകങ്ങള്‍, പ്രത്യേകിച്ചും വധിക്കപ്പെട്ടതു സ്ത്രീകളോ കുട്ടികളോ ആണെങ്കില്‍, വിചാരണ ചെയ്യുമ്പോള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതു പ്രതിയെ തൂക്കിക്കൊല്ലണം എന്നാണ്. കൊലയാളിയോളം പ്രതികാരവ്യഗ്രത പൊതുജനത്തിനും ഉണ്ട്. ഇല്ലെങ്കില്‍ അതുണ്ടാക്കാന്‍ മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം കിണഞ്ഞു ശ്രമിക്കുകയും ചെയ്യും. വധശിക്ഷ പാടില്ല എന്നു പറയുന്നതുതന്നെ ഒരു കുറ്റകൃത്യമാണ് എന്നതാണ് ഇന്നത്തെ പൊതുമനോഭാവം.ഇതിനകത്തെ വൈരുധ്യം കൂടുതല്‍ പ്രകടമാവുകയാണ്. വധശിക്ഷ കുറഞ്ഞുവരുന്നു. പക്ഷേ, തൂക്കിക്കൊല വേണമെന്ന മുറവിളിക്ക് ശക്തിയേറുന്നു. നിയമവ്യവസ്ഥകളൊന്നും മാറിയിട്ടില്ലെങ്കിലും വധശിക്ഷ കുറഞ്ഞുവരുന്നത് ജുഡിഷ്യല്‍ ചിന്തയില്‍ വന്ന മാറ്റത്തിന്റെ ഫലമായാണ്. ‘അപൂര്‍വങ്ങളില്‍ അപൂര്‍വമായ’ കൊലയാണെങ്കില്‍ മാത്രമേ കൊലയാളിയെ തൂക്കിക്കൊല്ലാവൂ എന്നാണ് ഇപ്പോള്‍ നീതിന്യായ ചിന്തകര്‍ കരുതുന്നത്.

വേറെയുമൊരു വൈരുധ്യമുണ്ട്. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുമ്പോള്‍ തിരുവിതാംകൂറില്‍ വധശിക്ഷ ഉണ്ടായിരുന്നില്ല. ഇല്ലാതാക്കിയത് ആരാണ്? പുന്നപ്ര വയലാറില്‍ നടന്ന കൂട്ടക്കൊലകള്‍ക്ക് ഉത്തരവാദിയെന്ന പേരിലും മറ്റനേകം കാരണങ്ങളാലും നിഷ്ഠൂരന്‍ എന്നു മുദ്രയടിക്കപ്പെട്ട സര്‍ സി.പി രാമസ്വാമി അയ്യര്‍ എന്ന ദിവാന്‍! 1944 നവംബര്‍ പതിനൊന്നിന്. അതു തിരുവിതാംകൂറില്‍ തിരിച്ചുവന്നത് അഹിംസയിലൂടെ ബ്രിട്ടിഷുകാരെ തുരത്തി എന്നവകാശപ്പെട്ടവര്‍ അധികാരമേറ്റ ശേഷവും. സ്വാതന്ത്ര്യം നേടിത്തന്ന അഹിംസാപ്രവാചകനെ കൊടിയ ഹിംസയിലൂടെ പരലോകത്തേക്കയച്ചു. അതുചെയ്ത ആളെയാവട്ടെ തൂക്കിക്കൊല്ലുക തന്നെ ചെയ്തു.
കേരളം ഉണ്ടാകുന്നതിനു മുന്‍പുതന്നെ തിരുവനന്തപുരത്തു പത്രപ്രവര്‍ത്തനം തുടങ്ങിയ കെ.സി ജോണ്‍ ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു ജീവിതാനുഭവം വിവരിക്കുന്നുണ്ട് തന്റെ ആത്മകഥയായ ‘ബിയോണ്ട് ദ ഡെഡ്‌ലൈന്‍’ എന്ന പുസ്തകത്തില്‍.

1953 രണ്ടാം പകുതിയിലെന്നോ തിരുവനന്തപുരം പത്രങ്ങളില്‍ ഒരു വാര്‍ത്ത വന്നു. കൊലക്കുറ്റം ചെയ്ത മാധവന്‍ എന്നൊരു കൂലിത്തൊഴിലാളിയെ കോടതി വധശിക്ഷയ്ക്കു വിധിച്ചു എന്നായിരുന്നു വാര്‍ത്ത. ചെറിയ വാര്‍ത്ത. തിരുവിതാംകൂറില്‍  ഇല്ലാതിരുന്ന വധശിക്ഷ തിരിച്ചുവന്ന ശേഷം ഉണ്ടാകുന്ന ആദ്യത്തെ വിധിയാണ് ഇതെന്നൊന്നും വാര്‍ത്തയിലില്ലാതിരുന്നതിനാല്‍ ആളുകളില്‍ വാര്‍ത്ത വലിയ കൗതുകമൊന്നും ഉണ്ടാക്കിയില്ലെന്നും കെ.സി ജോണ്‍ എഴുതുന്നു.
വാര്‍ത്ത പക്ഷേ, കെ.സി ജോണിനെ പിടിച്ചുലക്കുക തന്നെ ചെയ്തു.  വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മാധവന്‍ കോട്ടയം ചെമ്മരപ്പള്ളിയില്‍ കെ.സി ജോണിന്റെ കുട്ടിക്കാലത്തെ കളിക്കൂട്ടുകാരനായിരുന്നു. തന്റെ പഴയ സുഹൃത്ത് ആരെയാണ് കൊന്നത്, എന്തിനാണു കൊന്നത്? ജോണ്‍ പലരെയും വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു. ഒരു പ്രേമത്തിന്റെ ദുരന്താവസാനമായിരുന്നു അതെന്നു ജോണ്‍ വേദനയോടെ കണ്ടെത്തി.

മാധവന്‍ പ്രേമിച്ചത് ഉറ്റസുഹൃത്തായ ചെത്തുകാരന്‍ തങ്കയുടെ സഹോദരിയെ ആയിരുന്നു. പ്രേമബന്ധം തങ്കയ്ക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും തങ്കമാധവന്‍ സൗഹൃദം തുടര്‍ന്നു. പതിവുപോലെ അന്നും വൈകിട്ട് കള്ളുഷാപ്പില്‍ ചെന്ന് വേണ്ടത്ര പാനീയം അകത്താക്കി രണ്ടുപേരും കളിതമാശ പറഞ്ഞു മടങ്ങവേ പൊടുന്നനെ സഹോദരിയെ പ്രേമിക്കുന്ന വിഷയം തങ്ക എടുത്തിട്ടു. എന്തോ പറഞ്ഞ് അവര്‍ തമ്മില്‍തെറ്റി. മദ്യത്തിന്റെ സ്വാധീനം കാരണമാകാം, മാധവന്‍ തങ്കയുടെ അരയിലെ ചെത്തുകത്തി വലിച്ചൂരി തങ്കയെ വെട്ടി.

കൊല്ലണമെന്ന് ഉദ്ദേശ്യമുണ്ടായിരുന്നോ, അപൂര്‍വങ്ങളില്‍ അപൂര്‍വമാണോ എന്നൊന്നും അക്കാലത്തു കോടതി നോക്കാറില്ലല്ലോ. ഐ.പി.സി പ്രകാരം തൂക്കിക്കൊല്ലാന്‍ മതിയായ കുറ്റം. കോടതി പരമാവധി ശിക്ഷ തന്നെ വിധിച്ചു. വധശിക്ഷയുടെ തിയതി തീരുമാനിച്ചപ്പോള്‍ കെ.സി ജോണ്‍ കൊലയുടെ പശ്ചാത്തലമെല്ലാം ഉള്‍പ്പെടുത്തി ടൈംസ് ഓഫ് ഇന്ത്യയില്‍ വാര്‍ത്ത പ്രസിദ്ധപ്പെടുത്തി. അതിലൊരു വാര്‍ത്താംശം വേറെയും ഉണ്ടായിരുന്നു. തിരുവിതാംകൂറില്‍ വധശിക്ഷ ഇല്ലാതിരുന്നതു കൊണ്ടാകാം യോഗ്യതയുള്ള ആരാച്ചാര്‍ അപ്പോഴുണ്ടായിരുന്നില്ല. വാര്‍ത്തയ്ക്ക് അപ്രതീക്ഷിത പ്രതികരണമുണ്ടായി. സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് ആരോ ആരാച്ചാരാവാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ജയിലധികൃതരുമായി ബന്ധപ്പെട്ടു. പക്ഷേ, അപ്പോഴേക്കും ജയിലധികൃതര്‍ മറ്റൊരാളെ നാട്ടില്‍തന്നെ കണ്ടെത്തിയിരുന്നു.

വ്യക്തിപരമായും തൊഴില്‍പരമായും താല്‍പര്യമുള്ളതുകൊണ്ട് ജോണ്‍ ജയില്‍ ഐ.ജി കര്‍ത്തയെ സമീപിച്ച് മാധവനെ കാണാന്‍ സഹായം അഭ്യര്‍ഥിച്ചു. ഐ.ജി ഒട്ടും വിമുഖത കാട്ടിയില്ല. തൂക്കിക്കൊല്ലുന്നതിന്റെ തലേന്നു വൈകിട്ട് മാധവനെ കാണാന്‍ സമയം കൊടുത്തു. ഐ.ജി തന്നെ ജോണിനൊപ്പം സെല്ലിലേക്കു ചെന്നു. ഐ.ജി സെല്ലിലെത്തിയപ്പോള്‍ ചെയ്ത കാര്യം ജോണിനെ അമ്പരപ്പിച്ചുകളഞ്ഞു. യൂനിഫോമിന്റെ കീശയില്‍നിന്ന് അദ്ദേഹം ഒരു ചെറിയ കുപ്പി ബ്രാണ്ടി എടുത്തു കെ.സി ജോണിനു കൊടുത്തു. കളിക്കൂട്ടുകാരനുള്ള അവസാനത്തെ സമ്മാനമായി ഇതു കൊടുത്തുകൊള്ളൂ എന്ന് ജോണിനോടു പറഞ്ഞു. പക്ഷേ, ജോണിന്റെ മനസു പിടഞ്ഞു. എങ്ങനെ അതു ചെയ്യും… ഹൃദയം തകരും, എനിക്കു വയ്യ എന്നു ജോണ്‍ പറഞ്ഞപ്പോള്‍ ഐ.ജി തന്നെ കുപ്പി മാധവനു കൊടുത്തു.

ജോണിനെ കണ്ടപ്പോള്‍ത്തന്നെ മാധവന്‍ ഞെട്ടുകയും കൈകാലുകള്‍ വിറയ്ക്കുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു. കുപ്പിയിലെ മദ്യം മാധവന്‍ വെള്ളം ചേര്‍ക്കാതെ ഒരു വലിക്ക് അകത്താക്കി, പിന്നെ കൂജയില്‍നിന്ന് ഒരുപാട് വെള്ളം കുടിക്കുകയും ചെയ്തു. ഒന്നും പറയാനാകാതെ, വിതുമ്പിക്കരയുന്ന മാധവനെ വിട്ട് ഇരുവരും മടങ്ങി.
തൂക്കിക്കൊല്ലുന്നതു കാണാന്‍ ജോണിനെ ഐ.ജി ക്ഷണിച്ചെങ്കിലും ജോണ്‍ പോയില്ല. തൊഴില്‍പരമായി അതൊരു തെറ്റായ തീരുമാനമായിരുന്നു. പക്ഷേ, വ്യക്തിപരമായി ജോണിനു അതേ പറ്റുമായിരുന്നുള്ളൂ. വധശിക്ഷ നടപ്പായി.

ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയിരുന്നില്ലെങ്കില്‍ മാധവന്‍ ഏതാനും വര്‍ഷം ജയിലില്‍ കിടന്ന ശേഷം വീട്ടിലെത്തുമായിരുന്നു! എന്തൊരു വിധിയാണ് ആ മനുഷ്യന്റേതെന്ന് ഓര്‍ത്തുനോക്കൂ. രാജഭരണം പോയി ജനാധിപത്യഭരണം വന്നതു കൊണ്ട് സ്വാതന്ത്ര്യവും ജീവനും പോയി… ഇന്നായിരുന്നെങ്കില്‍, വളരെ നിത്യസാധാരണമായ കൊലപാതകമായതുകൊണ്ട് വധശിക്ഷയെക്കുറിച്ച് ആലോചിക്കുക പോലുമില്ല. മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കി തടവുശിക്ഷ പോലും പരമാവധി കുറപ്പിക്കാന്‍ പറ്റുമായിരുന്നു.

മാധവന്റെ കാര്യത്തില്‍ ഒരു പ്രത്യേകതയുള്ളത് പില്‍ക്കാലത്ത് ആരും ഓര്‍ത്തുകാണില്ല. കേരളത്തിന്റെ ഭാഗമായ ശേഷം തിരുവിതാംകൂറില്‍ മാത്രമല്ല റിപബ്ലിക് ആയ ശേഷം കേരളത്തിലും ആദ്യമായി വധശിക്ഷയ്ക്കു വിധേയനാക്കപ്പെട്ടത് മാധവന്‍ ആയിരിക്കും. ആരോര്‍ക്കുന്നു….

One thought on “ഐക്യകേരളത്തില്‍ ആദ്യം തൂക്കിലേറ്റപ്പെട്ട പാവം മാധവന്‍

Leave a Reply

Your email address will not be published. Required fields are marked *

Go Top