പരവശ ജനതാ പരിവാര്‍

ഇന്ദ്രൻ

 

75 വയസ്സാണ് ജനതാ പരിവാര്‍ പ്രസ്ഥാനത്തില്‍ ചേരാനുള്ള മിനിമം പ്രായം. അഞ്ച് എം.പി.മാരില്‍ കൂടുതലുള്ള പാര്‍ട്ടികളെ വേണ്ട. സമാജ്വാദി,സമത, ലോക് ദള്‍, അപ്നാ ദള്‍,മേരാ ദള്‍, തുമാരാ ദള്‍ തുടങ്ങികാഴ്ചബംഗ്ലാവുകളില്‍ വെക്കേണ്ട വിചിത്രയിനങ്ങള്‍
പലതുണ്ട്

പുനരപി മരണം, പുനരപി ജനനം എന്ന് പറഞ്ഞതുപോലെയാണ് ജനതാപാര്‍ട്ടികളുടെ കാര്യം. ജനതയാകുന്നതിന് മുമ്പത്തെ സോഷ്യലിസ്റ്റ് കാലത്തേ ഉള്ളതാണ് നിശ്ചിത ഇടവേളകളിലെ ജനനവും മരണവുംപിളര്‍പ്പും ലയനവും. കുറച്ചുകാലമായി അതിനും വയ്യാത്ത അവസ്ഥയായിരുന്നു. തമ്മിലടിച്ച് തളര്‍ന്ന് അവശരായി ഓരോരുത്തര്‍ അവരുടെ പ്രവിശ്യകളില്‍ കഴിഞ്ഞുകൂടുകയായിരുന്നു. ഇപ്പോള്‍ എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. സോഷ്യലിസത്തിന് വന്‍നാശം സംഭവിക്കാന്‍പോകുന്നു എന്നോ മറ്റോ ദുഃസ്വപ്നം കണ്ടിരിക്കാം. അവരിതാ ഒത്തുകൂടാന്‍ പോകുന്നു. ഊക്കന്‍ പാര്‍ട്ടിയുണ്ടാക്കാന്‍ പോകുന്നു. പാവം, നരേന്ദ്രമോദിക്ക് ഉറക്കം നഷ്ടപ്പെടുമോ എന്തോ…

സംഘപരിവാറിനെ നേരിടാന് ഇറങ്ങിത്തിരിച്ചിട്ടുള്ള ജനതാപരിവാര്‍ നേതാക്കളെല്ലാം ഒന്നിനൊന്ന് യോഗ്യന്മാര്‍തന്നെ. കൊല്ലം കുറേയായി ബി.ജെ.പി.ക്കൊപ്പം ബിഹാര്‍ ഭരിച്ച നിതീഷ് കുമാറാണ് തലവന്‍. കുറ്റം പറയരുതല്ലോ. കൂട്ടത്തില്‍ ഭേദം ഇദ്ദേഹംതന്നെ. ബിഹാറി ബി.ജെ.പി.യെക്കുറിച്ച് അദ്ദേഹത്തിന് നല്ല അഭിപ്രായമാണ്. ഗുജറാത്ത് ബി.ജെ.പി.യെപ്പോലെ കഠിനഹൃദയരും ക്രൂരന്മാരും കൊലയാളികളുമല്ല. താരതമ്യേന ലോലഹൃദയരാണ്. മറ്റൊരു സോഷ്യലിസ്റ്റ് ആ നാട്ടിലുണ്ടായിരുന്നതുകൊണ്ട് മുഖ്യശത്രു അതായി ലാലു പ്രസാദ് യാദവ്. പത്തിരുപത് വര്‍ഷമായി ഇരുവരും തമ്മിലായിരുന്നു യുദ്ധം. ഇരുവര്‍ക്കും മടുത്തു.
അഴിമതിവിരുദ്ധ പോരാട്ടത്തില്‍ തുടങ്ങി ഒടുവില്‍ അഴിമതിക്കേസില്‍ ജയിലില്‍ക്കിടന്ന് കുപ്രസിദ്ധിനേടി ലാലു. നീണ്ടകാലം ഭരിച്ച് ബിഹാറിന് രാജ്യത്തെ ഏറ്റവും ഭരണരഹിത അരാജക സംസ്ഥാനമെന്ന കീര്‍ത്തി നേടിക്കൊടുത്തത് ലാലുവാണ്. ആ പ്രാകൃത ബിഹാറിനെ കഷ്ടപ്പെട്ട് നേരേയാക്കി വരികയായിരുന്നു നിതീഷ്. അപ്പോഴാണ് നരേന്ദ്രമോദിയെ പൊക്കിപ്പിടിച്ച് ബി.ജെ.പി. രംഗത്തുവരുന്നത്. ബിഹാര്‍ അല്ല, ഗുജറാത്താണത്രെ വികസനത്തിന്റെ മോഡല്‍. നിതീഷ് എങ്ങനെ സഹിക്കും. ലാലുനിതീഷ് പുനസ്സംഗമത്തിന് അതോടെയാണ് അരങ്ങൊരുങ്ങിയത്.

രാജ്യത്ത് ഇപ്പോള്‍ ജീവിച്ചിരിപ്പുള്ള മൂന്ന് മുന്‍പ്രധാനമന്ത്രിമാരില്‍ നാട്ടിലിറങ്ങി നടക്കാന്‍ കഴിയുന്നത് ദേവഗൗഡയ്ക്ക് മാത്രമാണ്. അബദ്ധവശാല്‍ പ്രധാനമന്ത്രിയായവരില്‍ ഒന്നാംറാങ്ക് യഥാര്‍ഥത്തില്‍ കൊടുക്കേണ്ടത് മന്‍മോഹനല്ല, ദേവഗൗഡയ്ക്കാണ്; വേറെ ദോഷം പലതുണ്ടെങ്കിലും. മുന്‍ സോഷ്യലിസ്റ്റ് അല്ല. അങ്ങനെ അവകാശപ്പെടാറേ ഇല്ല. കൈവശമുള്ള ഭൂമി ഏക്കര്‍ അഞ്ഞൂറാണോ അയ്യായിരമാണോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. പക്ഷേ, വിനീതകര്‍ഷകനാണ്, മുന്‍ സംഘടനാ കോണ്‍ഗ്രസ്സുകാരനാണ്. ആരുമായും കൂട്ടുകൂടും. പുത്രനെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി.യുമായും കൂടി.

ജനതാപരിവാര്‍ സംഘാടകസംഘത്തെ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം വിശേഷിപ്പിച്ചത് ‘ദി ടയേഡ് ആന്‍ഡ് ദി റിട്ടയേഡ്’ എന്നാണ്. ഏതാണ്ട് റിട്ടയേഡ് ആണെങ്കിലും ടയേഡ് അല്ലാത്ത ഒരാളാണ് മുലായംസിങ് യാദവ്. പ്രധാനമന്ത്രിയാകാമെന്ന മോഹം ഈ ജന്മത്ത് ഇനി നടക്കില്ലെന്ന് ഏതാണ്ട് ബോധ്യമായതിന്റെ മനഃപ്രയാസത്തോടെ ജീവിച്ചുവരികയാണ്. പുത്രനെ മുഖ്യമന്ത്രിയാക്കാന്‍ കഴിഞ്ഞതാണ് എടുത്തുപറയേണ്ട നേട്ടം. ഇടയ്ക്കിടെ ചില്ലറ വിവാദമുണ്ടാക്കും. ഒടുവിലത്തേത് നല്ല കുപ്രശസ്തി ഉണ്ടാക്കി. ബലാത്സംഗക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്നൊക്കെ ആവശ്യമുയര്‍ന്ന കാലത്ത് അദ്ദേഹം പറഞ്ഞു ‘ആണ്‍കുട്ടികള്‍ക്ക് ചില തെറ്റെല്ലാം പറ്റും. അതിന്റെ പേരിലൊന്നും ആരെയും തൂക്കിക്കൊല്ലാന്‍ പാടില്ല.’

75 വയസ്സാണ് ജനതാ പരിവാര്‍ പ്രസ്ഥാനത്തില്‍ ചേരാനുള്ള മിനിമം പ്രായം. അഞ്ച് എം.പി.മാരില്‍ കൂടുതലുള്ള പാര്‍ട്ടികളെ വേണ്ട. സമാജ്വാദി, സമത, ലോക് ദള്‍, അപ്നാ ദള്‍, മേരാ ദള്‍, തുമാരാ ദള്‍ തുടങ്ങി കാഴ്ചബംഗ്ലാവുകളില്‍ വെക്കേണ്ട വിചിത്രയിനങ്ങള്‍ പലതുണ്ട്. അഞ്ച് സീറ്റുള്ളത് മുലായത്തിനുമാത്രം. 20 സീറ്റ് സ്വന്തമായുള്ള ഒരാളുണ്ട് അകലെ നില്‍ക്കുന്നു. ഒഡിഷയിലെ നവീന്‍ പട്‌നായിക്. ബിജു ജനതാദള്‍ എന്ന പാര്‍ട്ടിപ്പേരില്‍ ജനതയുണ്ട് എന്നൊരു ദോഷമേയുള്ളൂ. ജനതാപരിവാറിന്റെ നാലയലത്ത് പോകില്ല. ഒഡിഷക്കാര്‍ക്ക് പൂര്‍ണ തൃപ്തിയാണ്. മര്യാദയായി ഭരിക്കുന്നുണ്ട്. നരേന്ദ്രമോദിയുടെ പാച്ചിലൊക്കെ ഉണ്ടായിട്ടും 21ല്‍ 20 സീറ്റും ജയിച്ചു നവീന്‍. അച്ഛന്റെ പേരിലാണ് പാര്‍ട്ടിയെങ്കിലും അച്ഛന്‍ മരിച്ചശേഷം രാഷ്ട്രീയത്തില്‍വന്ന് അച്ഛനേക്കാള്‍ ജനപിന്തുണ നേടിയ കക്ഷിയാണ്. ഇതെല്ലാം ജനതാപരിവാറില്‍ ചേരാനുള്ള അയോഗ്യതകളാണ്.

എല്ലാ വ്യത്യസ്തയിനം ജനതകള്‍ കൂടിച്ചേര്‍ന്നാലും 20 തികയില്ല ലോക്‌സഭയില്‍ അംഗബലം. 15 വര്‍ഷംമുമ്പ് ജനത പരിവാര്‍ പാര്‍ട്ടികളില്‍പ്പെട്ട നൂറോളം എം.പി.മാര്‍ ലോക്‌സഭയിലുണ്ടായിരുന്നു. അന്നൊന്നും ഈ ബോധമേ ഉണ്ടായില്ല. പോയ ബുദ്ധി ആന വലിച്ചാല്‍ വരില്ല എന്നുപറയും നാട്ടിന്‍പുറത്ത്. ഇനി, ഉള്ള ശേഷികൊണ്ട് പരിവാറിനെ വലിക്കുകതന്നെ. കുറച്ചുകൂടി കഴിഞ്ഞാല്‍ അതിനും വയ്യാതാവും.

*********
എന്‍.സി.പി.യുടെ കേരളഘടകത്തിന് വേവലാതി ഒഴിഞ്ഞ കാലമില്ല. ഇത്രയും കാലം പാര്‍ട്ടി കേന്ദ്രത്തില്‍ ഭരണപക്ഷത്തും കേരളത്തില്‍ ഇടതുപക്ഷത്തും ആയിരുന്നു. പാര്‍ട്ടിതലവന്‍ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി. കേന്ദ്രത്തിനെതിരെ സമരത്തിനും പോകണം കേന്ദ്രമന്ത്രിയെക്കണ്ട് സലാം പറയാനും പോകണം എന്തൊരു പാടാണ് എന്നോര്‍ത്തേ… ഡല്‍ഹിയില്‍ വലതുപക്ഷത്താണെന്നത് ഇവിടെ ഇടതുപക്ഷത്ത് നില്‍ക്കുന്നതിന് തടസ്സമായി ആരും കണ്ടില്ലെന്നത് സന്തോഷം. ബി.ജെ.പി. അധികാരത്തില്‍ വരാതിരിക്കാനാണ് ഇത്രയും കഷ്ടപ്പെട്ട് പവാര്‍ കേന്ദ്രമന്ത്രിസ്ഥാനത്തിരിക്കുന്നതെന്ന വിശദീകരണം അമര്‍ത്തിയുള്ള ഒരു മൂളലോടെയാണെങ്കിലും പിണറായി സഖാവ് ശരിവെച്ചതും വി.എസ്. സഖാവ് വേറെ എങ്ങോട്ടോ നോക്കിയതും വലിയ ഭാഗ്യംതന്നെ.

ശരദ് പവാര്‍ നാളെ എവിടെ നില്‍ക്കുമെന്ന് പറയാന്‍ പവാറിനുതന്നെ പറ്റില്ല. സോണിയഗാന്ധിയെ സഹിക്കാന്‍പറ്റാതെ പാര്‍ട്ടിവിട്ട ആളാണ് ഒടുവില്‍ സോണിയതന്നെ ഭരിക്കുന്ന കേന്ദ്ര കാബിനറ്റില്‍ നീണ്ട പത്തുവര്‍ഷം ഒച്ചയും അനക്കവുമില്ലാതെ കഴിഞ്ഞുകൂടിയത്. ഇനി കോണ്‍ഗ്രസ്സിനെക്കൊണ്ട് പ്രയോജനമില്ലെന്ന് ബോധ്യംവന്നപ്പോള്‍ മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് ബന്ധം വിട്ടു. മകള്‍ക്ക് കേന്ദ്രമന്ത്രിസ്ഥാനം ബി.ജെ.പി. ഓഫര്‍ ചെയ്താല്‍ ബുദ്ധിമുട്ടായില്ലേ. കരിമ്പുകൃഷി കഴിഞ്ഞാല്‍ പിന്നെ മധുരം കൂടുതലുള്ള കൃഷി ക്രിക്കറ്റാണ്. അതിലുമുണ്ട് പവാറിന് നോട്ടം. കേന്ദ്രസഹായമില്ലാതെ നിന്നാല്‍ അവിടെ വിക്കറ്റ് തെറിക്കും. ബി.ജെ.പി.യെ തടയാന്‍ കോണ്‍ഗ്രസ്സിനൊപ്പം നിന്നപോലെ ശിവസേനയെ തടയാന്‍ ബി.ജെ.പി.ക്കൊപ്പം നിന്നുകൂടേ? ഈ ന്യായം പക്ഷേ, പിണറായി, വി.എസ് വരട്ടുതത്ത്വവാദികള്‍ അംഗീകരിച്ചെന്ന് വരില്ല. അപ്പോഴെന്തുചെയ്യും? കേരളഘടകം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പവാറിനെ തള്ളിപ്പറയും. യു.ഡി.എഫില്‍ നോട്ടമിട്ട ചിലരും ഉണ്ടല്ലോ പാര്‍ട്ടിയില്‍. ഒരു പിളര്‍പ്പ് മണക്കുന്നുണ്ട്. വൈകാനിടയില്ല.

*********
എം.വി.ആറിനെ സി.പി.എം. ആക്രമിച്ചത് വ്യക്തിപരമായിരുന്നില്ല എന്ന് ഇടതുപക്ഷ സി.എം.പി.യുടെ സെക്രട്ടറി അഭിപ്രായപ്പെട്ടത് കേട്ടപ്പോള്‍ സമാധാനമായി. സി.പി.എം. അങ്ങനെയാണ്. ഒന്നും വ്യക്തിപരമായി ചെയ്യുകയില്ല. രാഷ്ട്രീയമില്ലാതെ ഒരു ഗ്ലാസ് കട്ടന്‍ചായ ആര്‍ക്കും വാങ്ങിക്കൊടുക്കുകയുമില്ല. ടി.പി.ചന്ദ്രശേഖരനെ കൊന്നത് വ്യക്തിപരമായിരുന്നില്ല. എന്നിട്ടും ചന്ദ്രശേഖരന്റെ അനുയായികള്‍ സി.പി.എമ്മിനോട് വെറുതേ വിരോധം പുലര്‍ത്തുന്നു!

എം.വി.ആറും അങ്ങനെയേ സി.പി.എമ്മിനെയും കണ്ടിരുന്നുള്ളൂ. കൂത്തുപറമ്പില്‍ വെടിവെച്ചതും അഞ്ച് സഖാക്കള്‍ മരിച്ചതുമെല്ലാം തീര്‍ത്തും രാഷ്ട്രീയംമാത്രം. ഇനി രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികം ആചരിക്കുമ്പോള്‍ ചെറിയ ആശയക്കുഴപ്പമുണ്ടാകും. എം.വി.ആര്‍. എന്ന മൂന്ന് അക്ഷരം യു.ഡി.എഫ്. എന്ന് മാറ്റിയാല്‍മതി. എല്ലാം ക്ലിയര്‍. ആര്‍ക്കും ഉണ്ടാവില്ല ആശയക്കുഴപ്പം. പഴയ പത്രവും നോട്ടീസും എടുത്ത് ആരെങ്കിലും പോസ്റ്ററടിക്കുന്നുണ്ടോ എന്ന് വിജിലന്റായി ഇരുന്നാല്‍ മതി. ഇതിലും വലിയ സംഘപരിവാര്‍ കൊലയാളിസംഘത്തെ പാര്‍ട്ടിയിലെടുത്തിരിക്കുന്നു. പിന്നെയല്ലേ എം.വി.ആര്‍…

Leave a Reply

Your email address will not be published. Required fields are marked *

Go Top