പൊലിസും പന്നിയും കെ. ജയചന്ദ്രനും

എൻ.പി.രാജേന്ദ്രൻ

ഈ തലക്കെട്ട് എഴുത്തുകാരന്‍ സക്കറിയ എഴുതിയ ഒരു ലേഖനത്തലക്കെട്ടിന്റെ വികൃതാനുകരണമാണ്. 32 വര്‍ഷം മുന്‍പ് മാതൃഭൂമി പത്രത്തിലെഴുതിയതാണ് ലേഖനം പൊലിസും പന്നിയും നമ്മളും. അതിനാധാരമായത്, അക്കാലത്ത് മാധ്യമലോകത്തെയും പൊതുരംഗത്തെയും പിടിച്ചുകുലുക്കിയ ഒരു സംഭവവും. സംഭവം ചുരുക്കത്തില്‍ ഇത്ര കപറ്റയിലെ പൊലിസ് ഒരു പ്രമുഖ പത്രപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്നു. പാതിരാത്രിയായിരുന്നിട്ടും പലരും വിവരം അറിഞ്ഞ് വന്‍സമ്മര്‍ദം ഉയര്‍ത്തിയതുകൊണ്ടുമാത്രം ആ ലേഖകന്‍ രക്ഷപ്പെടുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടത് വാര്‍ത്തയുടെ പേരിലാണ്. ഒരു വാര്‍ത്തയുടെ പേരിലല്ല, ഒരുപാട് വാര്‍ത്തകളുടെ പേരില്‍. ആ വാര്‍ത്തകള്‍ക്കെല്ലാം ഒരേ സ്വഭാവമാണ് ഉണ്ടായിരുന്നത്. എല്ലാം, പാവപ്പെട്ട ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും തുറന്നുകാട്ടുന്നവ ആയിരുന്നു. പൊലിസ് ഉള്‍പ്പെടെയുള്ള അധികാരികളുടെ മുഖംമൂടി പറിച്ചെറിയുന്നവ ആയിരുന്നു അവ. അന്നത്തെ അറസ്റ്റ് ഈ വാര്‍ത്തകള്‍ക്കെല്ലാമുള്ള പ്രതികാരമായിരുന്നു. കെ. ജയചന്ദ്രനായിരുന്നു അന്ന് അറസ്റ്റിലായ ലേഖകന്‍.

സക്കറിയയുടെ ലേഖനം ആ സംഭവത്തെക്കുറിച്ചുള്ളതായിരുന്നു. സക്കറിയ മാത്രമല്ല എം.പി നാരായണപിള്ളയുള്‍പ്പെടെ നിരവധിപേര്‍ അതേക്കുറിച്ച് എഴുതിയിരുന്നു. ആ സംഭവത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണത്തിനു മുന്നോട്ടുവന്നത് കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള വ്യക്തികളായ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി വിരമിച്ച ടി. ചന്ദ്രശേഖരമേനോന്‍, പ്രമുഖ ഗാന്ധിയനും എഴുത്തുകാരനുമായ പ്രൊഫ. ജി. കുമാരപിള്ള, പ്രൊഫ. സുകുമാര്‍ അഴീക്കോട് എന്നിവരായിരുന്നു. ജയചന്ദ്രന്റെ അറസ്റ്റിനെതിരേ സംവിധായകന്‍ ജോണ്‍ അബ്രഹാം, എഴുത്തുകാരായ കെ.എ കൊടുങ്ങല്ലൂര്‍, എന്‍.എന്‍ കക്കാട്, തിക്കോടിയന്‍, പി. വത്സല, എം.എസ് മേനോന്‍, ചരിത്രകാരനായ ഡോ. എം.ജി.എസ് നാരായണന്‍, പി. ഗോവിന്ദപിള്ള, എം. ഗംഗാധരന്‍ തുടങ്ങിയ നിരവധിപേര്‍ പരസ്യപ്രസ്താവന ഇറക്കിയിരുന്നു. ചുരുക്കത്തില്‍ അതൊരു വലിയ സംഭവമായിരുന്നു.

അര്‍ധരാത്രി വാതിലില്‍ മുട്ടി

അറസ്റ്റ് നടക്കുന്നത് 1984 സെപ്റ്റംബര്‍ അഞ്ചിന് അര്‍ധരാത്രി. പിറ്റേന്ന് തിരുവോണമായിരുന്നു. അതിനും പിറ്റേന്ന് ഞായറാഴ്ചയും. പത്രം ഉള്‍പ്പെടെ എല്ലാം അടഞ്ഞുകിടക്കുന്ന, തുറന്നാലും നിര്‍ജീവ ദിനരാത്രങ്ങള്‍. ജയചന്ദ്രന്‍ കല്‍പറ്റയില്‍ താമസിച്ചിരുന്ന വാടകമുറിയില്‍ കയറിച്ചെന്നായിരുന്നു അറസ്റ്റ്. ഉറക്കമുണര്‍ത്തി ജയചന്ദ്രനെ ജീപ്പില്‍ക്കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോയി. എല്ലാം പൊലിസ് ആസൂത്രണം ചെയ്തപോലെ നടന്നു.

പക്ഷേ, സാധാരണഗതിയില്‍ പൊലിസിനു പറ്റാന്‍ പാടില്ലാത്ത ഒരബദ്ധം മാത്രം പറ്റി. ജയചന്ദ്രന്‍ മുറിയില്‍ തനിച്ചായിരുന്നില്ല, ഒപ്പം എഴുത്തുകാരനും സുഹൃത്തുമായ ഒ.കെ ജോണിയും ഉണ്ടായിരുന്നു. അവര്‍ ജോണിയെ പോകാന്‍ അനുവദിച്ചു. എന്തുകൊണ്ടു ഇറക്കിവിട്ടു എന്നു നമ്മള്‍ അത്ഭുതപ്പെട്ടേക്കും. അത് വല്ല ആദിവാസി യുവാവും ആയിരിക്കുമെന്ന ധാരണയിലാണ് അന്നതു ചെയ്തതെന്ന് പില്‍ക്കാലത്ത് ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ചലച്ചിത്രകാരനായ രവീന്ദ്രന്‍ ജയചന്ദ്രന്‍ അനുസ്മരണ ഗ്രന്ഥത്തിലെഴുതിയ ലേഖനത്തില്‍ (വാര്‍ത്താദൃഷ്ടിയുടെ വിശേഷവിവേകം) അനുസ്മരിക്കുന്നുണ്ട്.

ജോണി അറസ്റ്റ് വിവരം അര്‍ധരാത്രിതന്നെ നാട്ടിലെങ്ങും പാട്ടാക്കി. സ്വാഭാവികമായും ടെലിഫോണ്‍ കോളുകള്‍ പ്രവഹിച്ചു. രാഷ്ട്രീയ നേതാവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാര്‍ രാത്രിതന്നെ അധികാരസ്ഥാനങ്ങളില്‍ വിളിച്ച് ശക്തമായ മുന്നറിയിപ്പ് നല്‍കി. കെ. കരുണാകരനാണ് അന്ന് മുഖ്യമന്ത്രി, വയലാര്‍ രവി ആഭ്യന്തരമന്ത്രിയും. ലോക്കപ്പില്‍ രാത്രി വൈകിയും കിട്ടിയ ഇരയെ തിരഞ്ഞെടുക്കപ്പെട്ട ഒരു സംഘം പൊലിസുകാര്‍ വിരട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അടി തുടങ്ങിയിരുന്നില്ല. ഭീഷണികള്‍, പരിഹാസങ്ങള്‍, കരാട്ടെ മോഡല്‍ അടിയുടെ റിഹേഴ്‌സലുകള്‍ എന്നിവയേ നടക്കുന്നുണ്ടായിരുന്നുള്ളൂ. പൊലിസ് അതിക്രമങ്ങള്‍ വാര്‍ത്തകളാക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ് എന്ന ഭീഷണി സ്റ്റേഷനില്‍ എത്തിയതുമുതല്‍ കേട്ടുതുടങ്ങിയിരുന്നു. സ്വന്തം ലേഖകന്‍ അറസ്റ്റില്‍ എന്ന ഫോണ്‍ സന്ദേശം പൊട്ടിച്ചിരികളുടെ അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളിലേക്കു പോകുന്നുണ്ടായിരുന്നു. അവര്‍ ജയചന്ദ്രനെ നാലു മണിക്കൂര്‍ വന്ന കാലില്‍ നിര്‍ത്തി.

പുലരും മുന്‍പേ മോചനം

മറ്റൊരു സ്റ്റേഷനിലേക്കു മാറ്റാനുള്ള ചിട്ടവട്ടങ്ങള്‍ പൂര്‍ത്തിയാകുംമുന്‍പേ ഒരു രക്ഷകനെപ്പോലെ പൊലിസ് സൂപ്രണ്ട് ദിനേശ്വര്‍ ശര്‍മ വന്നില്ലായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നാര്‍ക്കും പറയാനാവില്ല. എന്തായാലും, ജാമ്യം നല്‍കി വിട്ടയക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സൂപ്രണ്ട് പുലരും മുന്‍പ് മടങ്ങി. പുലര്‍ച്ചെ വരെ നിര്‍ത്തി ജയചന്ദ്രനെയും വിട്ടു.
പന്നിയുടെ കാര്യം പറയാന്‍വിട്ടു. ’84 ജൂലൈ മൂന്നിനു വയനാട്ടില്‍ ഒരു ഉരുള്‍പൊട്ടലുണ്ടായി. പതിനാലു പേര്‍ മരിച്ചു. ശവം തിരയുന്നതിനിടയില്‍ ഒരു ചത്ത മുള്ളന്‍ പന്നിയെ എടുത്ത് പൊലിസ് ജീപ്പിലേക്കിടുന്നുണ്ടായിരുന്നു. ഇതിന്റെ ഒരു പടം ജയചന്ദ്രന്റെ കൈയിലെത്തിയത് പിറ്റേന്ന് ഒരു റിപ്പോര്‍ട്ട് സഹിതം പത്രത്തിലച്ചടിച്ചുവന്നു. ദുരന്തത്തിനിടയിലും അവരുടെ നോട്ടം പന്നിയിറച്ചിയില്‍ എന്ന തലക്കെട്ടിലായിരുന്നു റിപ്പോര്‍ട്ട്. പൊലിസ് പറഞ്ഞിട്ടാണ് ശവം ജീപ്പിലിട്ടത് എന്ന് ഒരു രക്ഷാപ്രവര്‍ത്തനസഹായി പറഞ്ഞതാണ് വാര്‍ത്തയ്ക്ക് ആധാരമായ തെളിവ്. പൊലിസ് അതിക്രമങ്ങളെക്കുറിച്ച് നിരന്തരം റിപ്പോര്‍ട്ട് ചെയ്യാറുള്ള ജയചന്ദ്രനെ ഇനിയും വച്ചുപൊറുപ്പിച്ചുകൂടാ എന്ന് പൊലിസിനു തീരുമാനിക്കാന്‍ ഇതിലേറെ വലിയ പ്രകോപനം വേണ്ടായിരുന്നല്ലോ. പഴകിയ ഇറച്ചി തിന്നുന്നവരായി പൊലിസുകാരെ ചിത്രീകരിച്ചു എന്ന വേദനയും അവര്‍ക്കുണ്ടായിരുന്നു. അവര്‍ ജയചന്ദ്രനെ പിടികൂടി ജയിലിലിടാനുള്ള പ്ലാന്‍ തയാറാക്കി.

നേരത്തെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പന്നിശവം എടുത്തിട്ട എസ്‌റ്റേറ്റ് തൊഴിലാളി അബുവില്‍ നിന്ന് ഒരു പരാതി എഴുതിവാങ്ങിയാണ്, ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് നടത്തിയത്. ജയചന്ദ്രനും ജനയുഗം ലേഖകനായ വിജയനും ഒരു സംഘമാളുകളും വീട്ടില്‍വന്ന് തന്നെയും കുടുംബത്തെയും തടങ്കലില്‍ വയ്ക്കുകയും വധഭീഷണി മുഴക്കുകയും ബ്ലാങ്ക് പേപ്പറില്‍ ഒപ്പിടുവിക്കുകയും ചെയ്തു എന്നായിരുന്ന പരാതിയുടെ കാതല്‍.

ജയചന്ദ്രന് അബു തങ്ങള്‍ക്കെതിരായി വരുന്ന വിവരങ്ങള്‍ വല്ലതും എഴുതിക്കൊടുത്തിരിക്കുമോ എന്ന ഭയമാവും ബ്ലാങ്ക് പേപ്പര്‍ ഒപ്പിട്ടുവാങ്ങി എന്നെഴുതിക്കാന്‍ കാരണമെന്നും കരുതപ്പെട്ടു. എന്തായാലും അനേക ദിവസത്തെ പ്ലാനിങ്ങും തയാറെടുപ്പും ഉന്നതതല അംഗീകാരവുമെല്ലാം ഉണ്ടായിരുന്നെങ്കിലും തിരുവോണം പിറക്കുമ്പോഴേക്കു പൊലിസ് യജ്ഞം പാളി പാളീസായിപ്പോയി.

എന്നും അനീതിയെ ചെറുത്തു

ജയചന്ദ്രനെ പിന്നെ അധികനാള്‍ അവിടെ നിര്‍ത്തിയില്ല മാതൃഭൂമി. അദ്ദേഹത്തിന്റെ സുരക്ഷയോര്‍ത്ത് കോഴിക്കോട്ടേക്കു സ്ഥലംമാറ്റി. പിന്നീട് മാതൃഭൂമി വിട്ട് ഏഷ്യാനെറ്റ് ലേഖകനായി തിരുവനന്തപുരത്തെത്തി.

ഇന്നും ആദിവാസി ജീവിതത്തിന്റെ ദൈന്യതകള്‍ മാധ്യമങ്ങളിലും രാഷ്ട്രീയരംഗത്തും ചര്‍ച്ചാവിഷയമാണ്. ഒരുപക്ഷേ, മൂന്നുപതിറ്റാണ്ട് മുന്‍പ് ഇതാദ്യമായി കേരളത്തിന്റെ മുഖത്തുനോക്കി വിളിച്ചുപറഞ്ഞത് ജയചന്ദ്രനായിരിക്കും. മാതൃഭൂമിയിലെഴുതിയ എണ്ണമറ്റ റിപ്പോര്‍ട്ടുകളും പില്‍ക്കാലത്ത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകളുമെല്ലാം പരിസ്ഥിതി സംരക്ഷണത്തിനും പാവങ്ങള്‍ക്കു നീതി ലഭ്യമാക്കുന്നതിനും അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നതിനും ഉള്ള മുറവിളികളായിരുന്നു. എഴുതിയ എണ്ണമറ്റ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന് എങ്ങും അനേകം ആരാധകരെ സൃഷ്ടിച്ചിരുന്നു. ഇന്നത്തെ തലമുറയുടെ മനസിലും അവര്‍ കണ്ടിട്ടുപോലുമില്ലാത്ത ഈ അപൂര്‍വ പത്രപ്രവര്‍ത്തകന്റെ മായാത്ത ചിത്രമുണ്ട്.

ഒരു പക്ഷേ, മലയാളത്തില്‍ ഒരു പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ടുകള്‍ മരണശേഷം സമാഹാരമായി ഇറക്കിയത് ജയചന്ദ്രന്റേതു മാത്രമായിരിക്കും വാസ്തവം. ഒരു അനുസ്മരണകൃതിയുമുണ്ട്. അംഗീകാരത്തിന്റെയും നേട്ടങ്ങളുടെയും നല്ല തൊഴില്‍ സംതൃപ്തിയുടെയും പ്രശസ്തിയുടെയും ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് ജയചന്ദ്രന്‍ 1998 നവംബര്‍ 24ന് അന്തരിച്ചത്. അന്ന് അദ്ദേഹത്തിന് 47 വയസേ ഉണ്ടായിരുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Go Top