ഗവര്‍ണര്‍ നിയമസഭയില്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗം വളരെ പ്രധാനപ്പെട്ട സംഗതി ആയാണ് പരിഗണിക്കപ്പെടുന്നത്. മന്ത്രിസഭ തയാറാക്കിക്കൊടുക്കുന്ന അവകാശവാദങ്ങള്‍ ഗവര്‍ണര്‍ വായിക്കുന്നുവെന്നല്ലാതെ അതില്‍ ഗവര്‍ണറുടേതായി യാതൊന്നും ഇല്ല എന്നത് വേറെ കാര്യം. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ മഹാനേട്ടങ്ങളെക്കുറിച്ച് ഒരു പ്രസംഗവും മൂന്നുമാസം കഴിയുംമുന്‍പ് അതേ മന്ത്രിസഭയുടെ ദുഷ്പ്രവര്‍ത്തികളെക്കുറിച്ച് മറ്റൊരു പ്രസംഗവും ചെയ്യേണ്ടി വന്ന തന്റെ നാണക്കേടിനെക്കുറിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിലപിച്ചത് വാര്‍ത്തയായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും നയപ്രഖ്യാപന പ്രസംഗം വലിയ വാര്‍ത്തയാണ്. പക്ഷേ, ഒരിക്കല്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒരു പത്രവും റിപ്പോര്‍ട്ട് ചെയ്തില്ല. പത്രലേഖകര്‍ മുഴുവന്‍ പ്രസംഗം ബഹിഷ്‌കരിച്ചതാണ് കാരണം. 1983 ഫെബ്രുവരിയിലുണ്ടായ ആ സംഭവം കേരളചരിത്രത്തില്‍ ആദ്യത്തെ നയപ്രഖ്യാപന ബഹിഷ്‌കരണമായിരുന്നു. ഒരു പക്ഷേ, അവസാനത്തേതും അതായിരിക്കാം. പി. രാമചന്ദ്രന്‍ ആയിരുന്നു ഗവര്‍ണര്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു പഴയകാല കോണ്‍ഗ്രസ് നേതാവായിരുന്നു അദ്ദേഹം. 1977ലെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ അംഗമായിരുന്ന അദ്ദേഹത്തോട് ഒരു വിരോധവും തലസ്ഥാനത്തെ പത്രപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നില്ല. അതു കേസ് വേറെ.
ഒരു പത്രവാര്‍ത്തയാണ് ഈ ബഹിഷ്‌കരണത്തിലേക്കു നയിച്ചത്. അതും ചരിത്രസംഭവംതന്നെ. നിയമസഭയുടെ അന്നത്തെ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ഒരു പത്രപ്രവര്‍ത്തകന്റെ നിയമസഭാ പാസ് റദ്ദാക്കി. ദേശാഭിമാനി ലേഖകന്‍ ആര്‍.എസ് ബാബുവിന്റെ പാസ് ആണ് റദ്ദാക്കിയത്. കുറച്ചു മുന്‍പ് നിയമസഭയുടെ രജതജൂബിലി ആഘോഷം കേമമായി നടന്നിരുന്നു. ആഘോഷത്തിന്റെ പണച്ചെലവു സംബന്ധിച്ച അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍നിന്നുള്ള കുറേ കാര്യങ്ങള്‍ ദേശാഭിമാനി വാര്‍ത്തയാക്കിയതാണു പ്രശ്‌നമായത്. പണം ചെലവഴിച്ചതിലെ അപാകതകളാണു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. റിപ്പോര്‍ട്ട് സംബന്ധിച്ച് നിയമസഭാ സെക്രട്ടറി ഒരു നിഷേധക്കുറിപ്പ് ഇറക്കി. അതും ദേശാഭിമാനി പ്രസിദ്ധപ്പെടുത്തി. പക്ഷേ, അതോടൊപ്പം നിയമസഭാ സെക്രട്ടറിയുടെ കുറിപ്പിനെ ചോദ്യം ചെയ്യുന്ന വസ്തുതകളും ഉണ്ടായിരുന്നു. അത് സ്പീക്കര്‍ക്കത്ര പിടിച്ചില്ല.
എന്തു സ്ഥാനം വഹിക്കുമ്പോഴുംസ്പീക്കറായിരിക്കുമ്പോള്‍ പ്രത്യേകിച്ചും തന്നിഷ്ടം ചെയ്യുന്ന കാര്യത്തില്‍ ഒട്ടും ലോപം പ്രകടിപ്പിക്കുന്ന ആളല്ല വക്കം പുരുഷോത്തമന്‍. നിയമസഭയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഏകാധിപതിയാണ് സ്പീക്കര്‍ എന്നിരിക്കേ വക്കം ഇക്കാര്യത്തില്‍ തന്റെ അധികാരത്തില്‍ ചെയ്യാവുന്നതിന്റെ പരമാവധിതന്നെ ചെയ്തു. ആര്‍.എസ് ബാബു എന്ന ലേഖകന്‍ നിയമസഭയില്‍ കയറുന്നതു തടഞ്ഞു. അദ്ദേഹത്തിന് അനുവദിച്ചിരുന്ന അക്രഡിറ്റേഷന്‍ റദ്ദാക്കി.
ഈ നടപടി സ്വാഭാവികമായും പത്രപ്രവര്‍ത്തകരില്‍ പ്രതിഷേധമുയര്‍ത്തി. അന്നു ഭരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയായിരുന്നു. ആര്‍.എസ് ബാബു പ്രതിപക്ഷപത്രത്തിന്റെ ലേഖകനും. ഇതൊരു പാര്‍ട്ടി തര്‍ക്കം മാത്രം ആകാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. പക്ഷേ, പത്രപ്രവര്‍ത്തകര്‍ ഒറ്റക്കൊട്ടായി നിന്ന് ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഭരണപ്രതിപക്ഷഭേദമില്ലാതെ, കോണ്‍ഗ്രസ് പത്രമായ വീക്ഷണത്തിന്റെ ലേഖകനുള്‍പ്പെടെ എല്ലാ പത്രപ്രവര്‍ത്തകരും ബഹിഷ്‌കരണത്തില്‍ പങ്കാളികളായി.
പ്രസംഗത്തിന്റെ ഒരു വരി പോലും വെളിച്ചം കണ്ടില്ല. ഇതു സഭ ബഹിഷ്‌കരണത്തില്‍ ഒതുങ്ങിനിന്നില്ല. പത്രപാസ് നിഷേധം പത്രസ്വാതന്ത്ര്യത്തിന്റെയും അതുവഴി ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തിന്റെയും നിഷേധമാണെന്ന വാദമുയര്‍ത്തി പത്രപ്രവര്‍ത്തക സംഘടന നീണ്ടുനിന്ന നിയമയുദ്ധത്തിന് ഒരുമ്പെട്ടു. പ്രസ് പാസ് കേസ് ഒരു ഭരണഘടനാ പ്രശ്‌നമായി ഭരണഘടനാ ബെഞ്ചിലുമെത്തി. നിയമപണ്ഡിതരിലും ഭരണഘടനാ വിദഗ്ധരിലും ഏറെ താല്‍പ്പര്യമുയര്‍ത്തിയ ഒരു കേസ് ആയിരുന്നു ഇത്.
പത്രപ്രവര്‍ത്തകരില്‍നിന്ന് ഏറെ ഉപദ്രവങ്ങള്‍ സഹിച്ച ആളാണെങ്കിലും അവരുടെ പ്രശ്‌നങ്ങളെല്ലാം അനുഭാവപൂര്‍വം കൈകാര്യം ചെയ്ത കെ. കരുണാകരന്‍ ആയിരുന്നു മുഖ്യമന്ത്രി. വക്കത്തെ മെരുക്കാനും പാസ് വീണ്ടും അനുവദിപ്പിക്കാനും അദ്ദേഹം ശ്രമിച്ചെങ്കിലും നടന്നില്ല. ലേഖകന്‍ മാപ്പു പറയുകയും പത്രത്തില്‍ അതുപ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നായിരുന്നു സ്പീക്കറുടെ നിബന്ധന. ഇ.കെ നായനാരായിരുന്നു പ്രതിപക്ഷ നേതാവ്. അദ്ദേഹം തന്നെയായിരുന്നു ദേശാഭിമാനി പത്രാധിപരും. അദ്ദേഹമോ കേരള പത്രപ്രവര്‍ത്തക യൂനിയനോ ഇങ്ങനെയൊരു ഒത്തുതീര്‍പ്പിനു തയാറായില്ല.
തുടര്‍ന്നു സംഗതി കോടതിയിലെത്തി. കെ.യു.ഡബ്ല്യു.ജെക്കു വേണ്ടി ജനറല്‍ സെക്രട്ടറി മലപ്പുറം പി. മൂസയും തിരുവനന്തപുരം പ്രസ്‌ക്ലബിനു വേണ്ടി സെക്രട്ടറി പി. രവീന്ദ്രന്‍നായരും ഹൈക്കോടതിയെ സമീപിച്ചു. യൂനിയന്റെ വാദങ്ങള്‍ സ്പീക്കര്‍ക്കു വേണ്ടി സര്‍ക്കാര്‍ അഭിഭാഷകരാണ് ഉന്നയിച്ചത്. റിപ്പോര്‍ട്ടര്‍മാര്‍ സഭാനടത്തിപ്പില്‍ ഒരു പ്രത്യേകാവകാശവുമില്ലാത്ത അപരിചിതന്‍ ആണ് എന്ന വാദമായിരുന്നു ഇതില്‍ പ്രധാനം. അപരിചിതന്‍ എന്നത് നിയമസാങ്കേതിക ഭാഷയിലെ സ്‌ട്രെയ്ഞ്ചര്‍ ആണ്. ആര്‍.എസ് ബാബു ഈ വിഭാഗത്തില്‍പെട്ട വെറും സന്ദര്‍ശകനാണെന്നും അത്തരമൊരാള്‍ക്കു പാസ് മൗലികാവകാശമല്ലെന്നും പാസ് കൊടുക്കലും കൊടുക്കാതിരിക്കലും സ്പീക്കറുടെ വിവേചനാധികാരമാണെന്നും സര്‍ക്കാര്‍ വാദിച്ചു.
എന്നാല്‍, കോടതി ഈ വാദം സ്വീകരിച്ചില്ല. അക്രഡിറ്റേഷനുള്ള റിപ്പോര്‍ട്ടര്‍ സഭയില്‍ അപരിചിതനല്ലെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനു അര്‍ഹനാണെന്നും അതിനാല്‍ പാസിനു അര്‍ഹതയുണ്ടെന്നും സ്പീക്കറുടെ നടപടി ശരിയല്ലെന്നും ആയിരുന്നു ജസ്റ്റിസ് എം.പി മേനോന്റെ സിംഗിള്‍ ബഞ്ചിന്റെ വിധി.
ഉത്തരവ് ചീഫ് ജസ്റ്റിസ് സുബ്രഹ്മണ്യം പോറ്റി അധ്യക്ഷനായ ഫുള്‍ബഞ്ച് ശരിവച്ചു. പത്രപ്രവര്‍ത്തകന്‍ നിയമ നിര്‍മാണസഭയില്‍ കേവലമൊരു സന്ദര്‍ശകന്‍ മാത്രമല്ലെന്നും അവരുടെ പ്രവേശനം വിവേചനാധികാരത്തോടെ വിലക്കിയാല്‍ അതില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടെന്നുമാണ് ഇതില്‍ നിന്നെല്ലാം ഉരുത്തിരിഞ്ഞുവന്നത്. ഇതുകൊണ്ടൊന്നും സ്പീക്കര്‍ വക്കം അടങ്ങിയില്ല. സര്‍ക്കാര്‍ സ്‌പെഷല്‍ ലീവ് പെറ്റീഷനുമായി സുപ്രിംകോടതിയിലേക്കു നീങ്ങി. കോടതി ഇതു ഭരണഘടനാ ബെഞ്ചിനു കൈമാറി. അതവിടെ കിടന്നു, പത്തു വര്‍ഷത്തോളം.
ഇതിനിടെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന, മുസ്‌ലിം ലീഗിലെ കെ.എം ഹംസക്കുഞ്ഞ് ആര്‍.എസ് ബാബുവിനു പാസ് തിരിച്ചുകൊടുത്തു പ്രശ്‌നം തീര്‍ത്തു. തുടര്‍ന്നു ഭരണഘടനാ ബെഞ്ച് കേസ് അവസാനിപ്പിക്കുകയും ചെയ്തു. ആര്‍.എസ് ബാബു ഇപ്പോള്‍ കേരള മീഡിയ അക്കാദമി ചെയര്‍മാനാണ്.
നേരത്തെ മിസോറാം ഗവര്‍ണറായിരുന്ന വക്കം 1993ല്‍ അന്തമാന്‍ നിക്കോബാറിലും ഗവര്‍ണറായി. അതുകഴിഞ്ഞ് തിരിച്ചുവന്നു വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായെന്നു മാത്രമല്ല, 2001 ജൂണ്‍ മുതല്‍ 2004 സെപ്റ്റംബര്‍ വരെ വീണ്ടും സ്പീക്കറുമായി. ഇത്തവണ ആരുടെയും പ്രസ് പാസിലല്ല പിടികൂടിയത്. സഭയില്‍ ദൂരദര്‍ശന്‍ കാമറകള്‍ മാത്രമേ അനുവദിക്കൂ, സ്വകാര്യ ചാനലുകള്‍ പാടില്ല എന്നായിരുന്നു ഉത്തരവ്. തൊട്ടുമുന്‍പ് ഇടതുപക്ഷം അധികാരത്തിലിരിക്കേ സ്പീക്കറായിരുന്ന എം. വിജയകുമാര്‍ സ്വകാര്യ ചാനലുകള്‍ക്കു നല്‍കിയ അനുമതിയാണ് വക്കം റദ്ദാക്കിയത്. പാര്‍ലമെന്റില്‍ അതനുവദിക്കുന്നില്ല എന്നായിരുന്നു വാദം. പക്ഷേ, ഇതും വേഗം അപ്രത്യക്ഷമായി.
റിപ്പോര്‍ട്ടര്‍മാര്‍ സഭയില്‍ കയറാന്‍ പാടില്ല എന്ന ബ്രിട്ടീഷ് നിയമ നിര്‍മാണസഭയിലെ നിരോധനത്തിനെതിരേ തുടങ്ങിയതാണ് മാധ്യമസാന്നിധ്യത്തിനു വേണ്ടിയുള്ള പോരാട്ടം. ഇന്ന് അത്തരം നിരോധനങ്ങള്‍ എവിടെയുമില്ല, നിയന്ത്രണങ്ങളേയുള്ളൂ. ജനങ്ങളുടെ അറിയാനുള്ള അവകാശം ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമാണ്. ഒരു വക്കം പുരുഷോത്തമനോ ഏതാനും അഭിഭാഷകരോ വിചാരിച്ചാല്‍ ഇല്ലാതാകുന്നതല്ലല്ലോ അതൊന്നും.