ഇറങ്ങുംമുന്‍പ്‌ ചെയ്യാനുണ്ടേറെ

ഇന്ദ്രൻ

തിരുവനന്തപുരത്ത്‌ പൂര്‍വാധികം ഭംഗിയായി തോറ്റതുകൊണ്ട്‌ ഉമ്മന്‍ചാണ്ടി മന്ത്രിസഭ ഉടനെ രാജിവെക്കണമെന്നു പലരും ആവശ്യപ്പെടുന്നുണ്ട്‌. എല്‍.ഡി.എഫുകാരുടെ ആവശ്യം അത്ര കാര്യമായി എടുക്കേണ്ടതില്ല. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍പര്യാപ്തമായ ഓരോ കാരണം കേരളത്തില്‍ ഓരോ മണിക്കൂറിലും ഉണ്ടാകാറുണ്ട്‌. എല്‍.ഡി.എഫ്‌. നേതാക്കള്‍ അപ്പപ്പോള്‍ രാജി ആവശ്യപ്പെടാറുമുണ്ട്‌. ഇപ്പോഴത്തെ സ്ഥിതി അതല്ല. മന്ത്രിമാര്‍ സ്റ്റേറ്റ്‌ കാറില്‍നിന്നിറങ്ങി ഓഫീസുകളില്‍ കയറിച്ചെല്ലുമ്പോള്‍ തൊഴുകൈയോടെ നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ നാവില്‍നിന്നു പോലും ‘മതിയാക്കി പോയിക്കൂടേ സാര്‍’ എന്നിങ്ങനെയുള്ള വാക്കുകള്‍ വരുന്നുണ്ടോ എന്നു മന്ത്രിമാര്‍ക്കുതന്നെ തോന്നുന്നതാണ്‌; പത്രഭാഷയില്‍ പറഞ്ഞാല്‍ അഭൂതപൂര്‍വമായ സ്ഥിതിവിശേഷം.

ആളുകള്‍ക്കെന്തും പറയാം. ഉത്തരവാദിത്വബോധമുള്ള മന്ത്രിമാര്‍ക്ക്‌ അങ്ങനെ രാജിവെച്ച്‌ ഇറങ്ങിയോടാനൊന്നും പറ്റില്ല. അഞ്ചു വര്‍ഷത്തേക്കു വോട്ട്‌ ചെയ്തയച്ച ജനം പരിഭവിക്കില്ലേ? സാഹസികമായ എടുത്തുചാട്ടമൊന്നും വേണ്ട എന്ന കാര്യത്തില്‍ യു.ഡി.എഫ്‌. നേതാക്കള്‍ക്കിടയില്‍ ഏകാഭിപ്രായമാണുള്ളത്‌. മുന്‍ പിന്‍ നോക്കാതെ ഓരോന്ന്‌ ചെയ്ത്‌ ഓരോ കീഴ്‌വഴക്കം സൃഷ്ടിച്ചാല്‍ ഇനി വരുന്നവര്‍ക്ക്‌ അതു പെടാപ്പാടാവും. സ്വാതന്ത്ര്യം കിട്ടിയ ശേഷം 58 വര്‍ഷത്തിനിടയില്‍ രാജ്യത്ത്‌ ഉണ്ടായ മന്ത്രിസഭകളുടെ എണ്ണം അഞ്ഞൂറെങ്കിലും വരും. ഇതിലേതെങ്കിലും ഒരു മന്ത്രിസഭ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തോറ്റതിന്റെ പേരില്‍ രാജിവെച്ചതായി കേട്ടിട്ടില്ല. ഒരു തീവണ്ടി മറിഞ്ഞതിന്റെ പേരില്‍ രാജിവെച്ച ലാല്‍ബഹാദൂര്‍ ശാസ്ര്തി പിന്നീടുവന്ന റെയില്‍വേ മന്ത്രിമാര്‍ക്കെല്ലാം ഉണ്ടാക്കിയ തലവേദന ചെറുതായിരുന്നില്ല. ഉമ്മന്‍ചാണ്ടി അതിനു തയ്യാറല്ല. ഉപതിരഞ്ഞെടുപ്പ്‌, പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌ ഫലങ്ങളൊന്നും മന്ത്രിസഭയുടെ ജനപിന്തുണയുടെ ലക്ഷണങ്ങളല്ല. ഇതു ഭാവിയില്‍ വരുന്ന ഇടതുമന്ത്രിസഭകള്‍ക്കും ബാധകമായിരിക്കും. എത്ര ഉപതിരഞ്ഞെടുപ്പില്‍ തോറ്റാലും ഇടതുമന്ത്രിസഭയുടെ രാജി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആവശ്യപ്പെടുന്നതല്ല.

ഉറങ്ങും മുന്‍പ്‌ വാഗ്ദാനങ്ങള്‍ പലത്‌ പാലിക്കാനുണ്ട്‌, നാഴികകള്‍ ഏറെ പോകാനുണ്ട്‌ എന്നോ മറ്റോ കവി റോബര്‍ട്ട്‌ ഫ്രോസ്റ്റ്‌ എഴുതിയത്‌ പണ്ഡിറ്റ്‌ നെല്‍ക്കു ഉദ്ധരിക്കാറുണ്ട്‌. ഇറങ്ങും മുന്‍പ്‌ ഉമ്മന്‍ചാണ്ടിക്കും കുറെയേറെ പോകാനുണ്ട്‌. വാഗ്ദാനങ്ങളുടെ കാര്യമവിടെ നില്‍ക്കട്ടെ. ഓവര്‍സ്പീഡിലാണ്‌ അദ്ദേഹം ഇത്രനാള്‍ ഓടിയത്‌. ഇനിയതു പറ്റില്ല. ഉണ്ണുകയോ ഉറങ്ങുകയോ ചെയ്യാതെ ലക്ഷം പേരെ കണ്ടും നിവേദനം വാങ്ങിയും പാഞ്ഞുനടന്നതിന്റെ പ്രതിഫലമായാണ്‌ ഇടതുഭൂരിപക്ഷം അരലക്ഷത്തില്‍നിന്ന്‌ മുക്കാല്‍ ലക്ഷമായി ജനം ഉയര്‍ത്തിക്കൊടുത്തത്‌. ഇനി സ്പീഡൊന്നു കുറയും. വേറെ ചില അടിയന്തര ജോലികള്‍ യു.ഡി.എഫ്‌. മന്ത്രിസഭയ്ക്കാകെ ചെയ്യാനുണ്ട്‌.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നിലെത്തിയാല്‍ അഞ്ചാറു മാസം നടന്നുപിരിച്ചാലേ 140 മണ്ഡലത്തില്‍ മത്സരിക്കാനുള്ള കാശുണ്ടാക്കാനാവൂ. ഇതിനു മുന്‍പുള്ള മന്ത്രിസഭകള്‍ക്കൊന്നും ഉണ്ടായിട്ടില്ലാത്ത ഒരു പ്രശ്നം ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്കുണ്ട്‌. ഏതു മന്ത്രിസഭയുടെ കാര്യത്തിലും പിരിവു നല്‍കുന്നവര്‍ക്ക്‌, ഈ യമണ്ടന്മാര്‍ അധികാരത്തില്‍ തിരിച്ചുവന്നേക്കുമോ എന്ന ആശങ്ക ഉണ്ടാകാറുണ്ട്‌. അതിനൊത്ത പിരിവ്‌ നല്‍കേണ്ടിവരാറുമുണ്ട്‌. ഈ മന്ത്രിസഭ അധികാരത്തില്‍ തിരിച്ചുവരും എന്ന്‌ ഏതെങ്കിലും ജ്യോത്സ്യന്‍ പ്രവചിക്കുകയാണെങ്കില്‍ അയാള്‍ പിറ്റേന്നു മുതല്‍ വേറെ ഉപജീവന മാര്‍ഗം തേടേണ്ട നിലയാണുള്ളത്‌. കോണ്‍ഗ്രസ്സുകാര്‍ പോലും പിന്നെ അങ്ങേരെ വിശ്വസിക്കില്ല. ഈ പ്രതിസന്ധിഘട്ടത്തില്‍ പിരിവിലെ വാഗ്ദാനങ്ങള്‍ ല്‍ക്കസ്വകാലാടിസ്ഥാനത്തിലാക്കേണ്ടിവരും. ഒന്‍പതു മാസത്തിനപ്പുറത്തേക്ക്‌ നീളുന്ന ഒരു സംഗതിയിലും ഒന്നും പറയാനൊക്കില്ല. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതുകൊണ്ട്‌ ബദല്‍ മാര്‍ഗങ്ങള്‍ തേടണം. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള കാലത്തെ അതിജീവനവും പരിഗണനയില്‍ വേണം. പ്രതീക്ഷയ്ക്കു വകയൊട്ടുമില്ലെന്നു കരുതരുത്‌. എന്തെല്ലാം പദ്ധതികള്‍ കിടക്കുന്നു… സ്മാര്‍ട്ട്‌ സിറ്റി, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കുറെ വലിയ റോഡുകളുടെ നിര്‍മാണം… വേണമെങ്കിലിനിയും കുറച്ചെണ്ണം പെട്ടെന്നുണ്ടാക്കാവുന്നതേ ഉള്ളൂ. കുറെ സ്കൂളുകള്‍ക്ക്‌ അംഗീകാരം നല്‍കാം, കുറെ നിയമനങ്ങള്‍ നടത്താം, ഡോക്ടര്‍, എഞ്ചിനിയര്‍, പോലീസ്‌-എക്സൈസ്‌-മോട്ടാര്‍ വെഹിക്ക്ല് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ രണ്ടുവട്ടം അങ്ങോട്ടുമിങ്ങോട്ടും തട്ടാനുള്ള സമയം കഷ്ടിച്ച്‌ ബാക്കിയുണ്ട്‌. എല്ലാം ചേരുമ്പോള്‍ ഒരുവിധം പിടിച്ചുനില്‍ക്കാം. രണ്ടറ്റം മുട്ടിക്കാന്‍ ആവുമോ എന്നുറപ്പില്ല. രാജിവെച്ചിറങ്ങിയാല്‍ ഒരറ്റവും മുട്ടിക്കാനാവില്ലെന്ന്‌ ഉറപ്പാണുതാനും. രാജിക്കാര്യം മാത്രം പറയരുതാരും.

ബുദ്ധിയും തന്ത്രവും ഏറിയാലും അപകടമാണ്‌. വോട്ടു ചെയ്യുന്ന പാവം ജനത്തിനു തന്ത്രമൊന്നും തിരിയുകയുമില്ല. പന്ന്യനെ നിര്‍ത്തിയതുതന്നെ ഇടതുപക്ഷത്തിന്റെ ബുദ്ധിമോശവും തന്ത്രരാഹിത്യവുമാണെന്നായിരുന്നു ബുദ്ധിജീവികളുടെ നിഗമനം. വേറെ സ്ഥാനാര്‍ഥിയെ കിട്ടാഞ്ഞതുകൊണ്ടാണ്‌ സി.പി.ഐ. നായരും നാടാരും നാട്ടുകാരനുമല്ലാത്ത പന്ന്യനെ മുടിവെട്ടാതെ ഇറക്കിയതെന്നു പറഞ്ഞവരും ധാരാളമുണ്ട്‌. പന്ന്യന്‍ ‘അന്ന്യന്‍’ ആണെന്നു പറഞ്ഞുനടന്നത്‌ തിരിച്ചടിയായി. ‘അന്ന്യന്‍’ ആണെങ്കില്‍ വോട്ട്‌ ചെയ്തിട്ടുതന്നെ കാര്യം എന്നായി സിനിമാപ്രേമികള്‍. കണ്ണൂരുകാരന്‍ തിയ്യന്‍ ആണെന്നു പ്രചരിപ്പിച്ചപ്പോള്‍ എങ്കില്‍ പന്ന്യനു തന്നെ വോട്ടെന്നായി ഈഴവര്‍. നായരെ സ്വാധീനിക്കാന്‍ ചെന്നപ്പോള്‍ ഈഴവരുടെ വോട്ടു തിരിഞ്ഞു. ഈഴവരെ പ്രീണിപ്പിക്കാന്‍ വിദ്യകള്‍ കാട്ടിയപ്പോള്‍ നായര്‍ ലൈന്‍ മാറ്റി. ബി.ജെ.പി.യെ പ്രീണിപ്പിച്ചപ്പോള്‍ മുസ്‌ലിം വോട്ടര്‍മാര്‍ വേറെ പണിനോക്കാന്‍ പറഞ്ഞു. മന്ത്രിസഭയില്‍ ക്രിസ്ത്യ‍ന്‍, മുസ്‌ലിം പ്രാതിനിധ്യമാണേറെ എന്നു പ്രചരിപ്പിച്ചപ്പോള്‍ ഹിന്ദുവോട്ട്‌ വേറെ വഴിക്കുപോയി. ആര്‍.എസ്‌.എസ്‌. വോട്ടിനു ചാക്കു വിടര്‍ത്തിയപ്പോള്‍ ആര്‍.എസ്‌.എസ്‌. വിരുദ്ധ ബി.ജെ.പി. വോട്ടുകള്‍ പുറത്തേക്കു ചാടി. യു.ഡി.എഫിന്റെ ആളുകള്‍ ഒരു പ്രാവശ്യം പോലും വോട്ടു പറയാന്‍ വന്നില്ല എന്നു പരാതിപ്പെട്ടാണ്‌ മുന്‍പ്‌ പല കോണ്‍ഗ്രസ്‌ അനുഭാവികളും വോട്ടു ചെയ്യാന്‍ പോകാതിരിക്കാറ്‌. ഇത്തവണ ഇവന്മാരെക്കൊണ്ടുള്ള ശല്യം കുറെയേറി, അതുപറ്റില്ല എന്നു പറഞ്ഞാണ്‌ കുറെപ്പേര്‍ വോട്ടു ചെയ്യാന്‍ പോകാതിരുന്നത്‌. സമയം മോശമായാല്‍ കൃമിയും വേറെ ചിലതും പാമ്പായി വന്നു കടിക്കും.

ബി.ജെ.പി.യുടെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്നു പിണറായി വിജയന്‍ പറഞ്ഞപ്പോഴാണ്‌ ശ്രീധരന്‍പിള്ളയ്ക്കും സംശയമായത്‌. അപ്പോള്‍ ബി.ജെ.പി.ക്കും വിശ്വാസ്യത ഉണ്ടായിരുന്നോ? ബി.ജെ.പി.യുടെ അകത്തു നടക്കുന്ന കാര്യങ്ങള്‍ അറിയാത്തതുകൊണ്ടാണ്‌ പുറത്തുള്ളവര്‍ക്ക്‌ അങ്ങനെയെല്ലാം തോന്നുന്നത്‌. ബി.ജെ.പി.ക്ക്‌ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വിശ്വാസ്യത ഒട്ടും നഷ്ടപ്പെട്ടിട്ടില്ല. കൈയിലില്ലാത്തതെങ്ങനെ കളഞ്ഞുപോകും?

പാര്‍ട്ടിയുടെ വോട്ടുചോര്‍ച്ച അവസാനിപ്പിക്കാന്‍ പ്രതിജ്ഞയെടുത്ത പ്രസിഡന്റായാണ്‌ ശ്രീധരന്‍പിള്ള അവതരിച്ചത്‌. ഈ ബിസിനസ്‌ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജനസംഘ കാലത്ത്‌ ഇതുണ്ടായിരുന്നില്ലെന്നതു ശരി. ബി.ജെ.പി. ഉണ്ടായി രണ്ടര പതിറ്റാണ്ടായി ഒളിഞ്ഞും തെളിഞ്ഞും നടന്നുവരുന്നതാണിത്‌. മുഴുവനും കാശ്‌ വാങ്ങിയാണ്‌ വോട്ടു മറിക്കുന്നതെന്നു ധരിക്കരുത്‌. ബി.ജെ.പി. സ്ഥാനാര്‍ഥിക്കു കുത്തുന്ന ഓരോ വോട്ടും പാഴാവുകയാണെന്ന്‌ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുതന്നെ അറിയാം. ഒരു വസ്തുവും പാഴാക്കരുതല്ലോ. സി.പി.എമ്മിനെ തോല്‍പിക്കാന്‍ ഈ വോട്ട്‌ ഉപയോഗിക്കാമെങ്കില്‍ അതല്ലേ ബുദ്ധി? നേതാക്കള്‍ എന്തു പറഞ്ഞാലും ശരി കുറെപ്പേര്‍ പോയി യു.ഡി.എഫിനു വോട്ടു ചെയ്യും എന്നു ബോധ്യപ്പെട്ടപ്പോഴാണ്‌ നേതാക്കള്‍ക്കും ബുദ്ധിതെളിഞ്ഞത്‌. എങ്കില്‍ വോട്ടിനു പണം വാങ്ങിയാലെന്ത്‌?

കച്ചവടത്തില്‍ രാഷ്ട്രീയം പാടില്ല, രാഷ്ട്രീയത്തില്‍ കച്ചവടമാകാം. വോട്ടുവില്‍ക്കുമ്പോള്‍ പിന്നെയത്‌ ഏതെങ്കിലും ഒരു മുന്നണിക്കേ വില്‍ക്കൂ എന്നു വാശിപിടിക്കുന്നതെങ്ങനെ? അതു കച്ചവടത്തിന്റെ ധാര്‍മികതയ്ക്കെതിരാണ്‌. ബി.ജെ.പി. അത്രയ്ക്കങ്ങനെ തരംതാഴാറില്ല. എന്നാല്‍ സി.പി.എമ്മിനു വോട്ടുവില്‍ക്കാന്‍ ബി.ജെ.പി. തയ്യാറാവില്ല. സാഹചര്യം മാറുമ്പോള്‍ വില്‍പനയുടെ രീതിയും മാറും. തിരുവനന്തപുരത്തെ കച്ചവടം മലപ്പുറത്ത്‌ പറ്റില്ല. മലപ്പുറത്തേത്‌ കണ്ണൂരിലും പറ്റില്ല. കണ്ണൂരില്‍ സി.പി.എം. ശത്രുവാണ്‌. ജന്മശത്രു, ജീവനെടുക്കുന്ന ശത്രു. സി.പി.എം. ജയിക്കും എന്നു തോന്നിയാല്‍ ബി.ജെ.പി.ക്കാര്‍ യു.ഡി.എഫിനു വോട്ടുമറിക്കും. ഫ്രീ ആയി തന്നെ. മഞ്ചേശ്വരത്ത്‌ വോട്ട്‌ മറിക്കുക സി.പി.എമ്മാണ്‌. ബി.ജെ.പി. ജയിക്കുമെന്നു തോന്നിയാല്‍ അവിടെയവര്‍ യു.ഡി.എഫിന്‌ വോട്ടു മറിക്കും. ഇതൊന്നും കച്ചവടമല്ല കേട്ടോ, രാഷ്ട്രീയമാണ്‌.

പന്ന്യനോട്‌ ബി.ജെ.പി.ക്ക്‌ പ്രത്യേക വിരോധമൊന്നുമില്ല. ശിവകുമാറിനോട്‌ പ്രത്യേകിച്ച്‌ സ്നേഹവുമില്ല. പക്ഷേ, കണ്ടമാനം പണം തന്നാല്‍ എന്തുചെയ്യും, ബി.ജെ.പി.ക്കാരും മനുഷ്യരല്ലേ എന്നാണ്‌ ശ്രീധരന്‍പിള്ള ചോദിച്ചത്‌. മനുഷ്യന്മാരാകുന്നതില്‍ ആര്‍ക്കുമില്ല വിരോധം. കിടക്കയില്‍ കിടന്ന്‌ തിരിഞ്ഞുകടിക്കുന്ന മൂര്‍ഖന്‍ പാമ്പാവരുതെന്നു മാത്രം. മൂര്‍ഖന്‍ പാമ്പുകള്‍ക്കും ഒട്ടുമില്ല വിശ്വാസ്യത.

തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും തനിക്കെതിരെ നടന്ന തരംതാണ വ്യക്തിഹത്യകള്‍ കഠിനമായി വേദനിപ്പിച്ചതായും പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നു. ആദ്യമായി മത്സരിക്കുന്നതുകൊണ്ടു തോന്നുന്നതാണ്‌. നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ മുന്‍പ്‌ മത്സരിച്ചിട്ടില്ല. ഒന്നുരണ്ടു തവണകൂടി മത്സരിച്ചാല്‍ എല്ലാം ശരിയാകും. പിന്നെയൊന്നും തോന്നുകയില്ല. സംശയമുണ്ടെങ്കില്‍ കെ.മുരളീധരനോടോ മറ്റോ ചോദിച്ചുനോക്കണം. അപവാദം പറഞ്ഞവരോട്‌ വിരോധം തോന്നുകയുമരുത്‌. മുരളീധരന്‍ വടക്കാഞ്ചേരിയില്‍ മത്സരിച്ചപ്പോള്‍ ഇറങ്ങിയ ഒരു നോട്ടീസ്‌, ഇറക്കിയവര്‍ മറന്നാലും മുരളീധരന്‍ മറക്കാനിടയില്ല. കോഴിക്കോട്ടുകാരിയൊരുവള്‍ എഴുതിയ കത്തായാണ്‌ നോട്ടീസ്‌ ഇറങ്ങിയത്‌. മുരളീധരന്റെ പീഡനങ്ങളുടെ വിവരണം. അവളുടെ പേരും മേല്‍വിലാസവും ഉണ്ടായിരുന്നു. ഇതെല്ലാം സത്യമാണോ എന്നന്വേഷിക്കാന്‍ വോട്ടര്‍മാര്‍ക്കു നേരമുണ്ടാകില്ല. തിരഞ്ഞെടുപ്പില്‍ മുരളി തോറ്റു. ഈ നോട്ടീസ്‌ കാരണമാണ്‌ തോറ്റതെന്നൊന്നും ധരിക്കേണ്ട. തോല്‍ക്കാനുള്ള പണി മുരളിതന്നെ വേറെ ചെയ്തിട്ടുണ്ടായിരുന്നല്ലോ. തിരഞ്ഞെടുപ്പിനു ശേഷമാണ്‌ നോട്ടീസിലെ പെണ്ണിനെ തിരഞ്ഞ്‌ ഒരു ചാനല്‍ പരിപാടിക്കാര്‍ പോയത്‌. അങ്ങനെയൊരു പെണ്ണുമില്ല, മേല്‍വിലാസവുമില്ല. നോട്ടീസ്‌ അടിച്ചവരോടൊന്നും മുരളിക്ക്‌ ഇപ്പോഴൊരു വിരോധവും ഇല്ല. ആകപ്പാടെ നന്നായി വേണം കരുതാന്‍. വടക്കാഞ്ചേരിയില്‍ തോറ്റില്ലായിരുന്നെങ്കില്‍ മുരളി മന്ത്രിയായി തുടരുമായിരുന്നു. മുരളി മന്ത്രിയായിരുന്നെങ്കില്‍ ലീഡര്‍ പാര്‍ട്ടി വിടില്ലായിരുന്നു.മുരളിയും ലീഡറും ഡി.ഐ.സി.ക്കാരുമെല്ലാം നശിച്ച കോണ്‍ഗ്രസ്സില്‍നിന്നുകൊണ്ട്‌നരകിക്കുന്നുണ്ടാകുമായിരുന്നു. പടച്ചവനു നന്ദി. അല്‍പം വൈകിയാണെങ്കിലും ലീഡറും കൂട്ടുകാരും ഇടതു-തൊഴിലാളിവര്‍ഗ-വിപ്ലവപാളയത്തിലെത്തിയല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Go Top