ശങ്കരക്കുറുപ്പും പിന്നെ അഴീക്കോടും വിമര്‍ശിക്കപ്പെട്ടപ്പോള്‍

എൻ.പി.രാജേന്ദ്രൻ

മലയാള സാഹിത്യ ചരിത്രത്തിലെ വലിയ സംഭവമായിരുന്നല്ലോ ‘ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു’ എന്ന സുകുമാര്‍ അഴീക്കോടിന്റെ പുസ്തകം. മഹാകവിയും അധ്യാപകനും ഉപന്യാസകനും വിവര്‍ത്തകനും ഗാനരചയിതാവും പില്‍ക്കാലത്തു രാജ്യസഭാംഗവുമായ ജി അന്നു പ്രശസ്തിയുടെ ഉന്നതതലത്തില്‍ നില്‍പ്പായിരുന്നു. ‘മഹാകവിത്രയം എന്ന മണ്ഡലത്തിനപ്പുറത്ത് കാവ്യാംബരവീഥിയില്‍ ഒറ്റത്താരക പോലെ കുറുപ്പ് അന്നു പ്രശോഭിച്ചുനിന്നു’എന്നാണ് അഴീക്കോടുതന്നെ അതിനെക്കുറിച്ചെഴുതിയത്.

ആ കൃതിയുടെ രചനയെയും അതുണ്ടാക്കിയ പ്രകമ്പനത്തെയുംപറ്റി ഒരു നീണ്ട അധ്യായം തന്നെയുണ്ട് അഴീക്കോടിന്റെ ആത്മകഥയില്‍. അധ്യായത്തിന്റെ തലക്കെട്ട് ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെട്ടു എന്നും. പുസ്തകമിറങ്ങിയ 1963ലും കുറേകാലവും സാഹിത്യലോകത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമായിരുന്നു ഇത്. ഇപ്പോഴും സാഹിത്യവിദ്യാര്‍ഥികള്‍ക്കിടയിലെങ്കിലും ആ സാഹിത്യസംഭവം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

‘ശങ്കരക്കുറുപ്പ് വധ’ത്തിനു പിന്നിലെ ‘ഗൂഢാലോചന’ കൂടി വിവരിക്കുന്നുണ്ട് അഴീക്കോട് ആത്മകഥയില്‍. പ്രശസ്ത നിരൂപകന്‍ കുട്ടികൃഷ്ണമാരാരുടെ പ്രോത്സാഹനത്തോടെയാണ് അഴീക്കോട് ഈ വിമര്‍ശനം എഴുതിത്തുടങ്ങിയത്. ജി യുടെ ഔന്നത്യത്തിനു മുന്നില്‍ താന്‍ ഒരു ശിശു മാത്രമല്ലേ എന്ന ചിന്ത അദ്ദേഹത്തെ ഇടയ്‌ക്കെല്ലാം ദുര്‍ബലപ്പെടുത്തിക്കാണണം. ഷഷ്ടിപൂര്‍ത്തി പിന്നിട്ട ആളാണ് ജി. പ്രായത്തില്‍ കാല്‍നൂറ്റാണ്ട് പിറകിലാണു അഴീക്കോട്. വര്‍ഷങ്ങളെടുത്തു ആ വിമര്‍ശനഗ്രന്ഥം പൂര്‍ണരൂപത്തിലാക്കാന്‍. അവസാനരൂപം ആയപ്പോഴും തലക്കെട്ട് ഇട്ടിരുന്നില്ല. പലതും ആലോചിച്ചു. സാരമില്ല, കുട്ടികൃഷ്ണമാരാരെ കണ്ടു പുസ്തകമൊന്നു വായിച്ചുകേള്‍പ്പിക്കാം എന്നു തീരുമാനിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി. പന്നിയങ്കരയിലെ ‘ഋഷിപ്രസാദ’ത്തില്‍ ചെന്ന് വായിച്ചുകേള്‍പ്പിച്ചു. ഒന്നോ രണ്ടോ ചെറിയ മാറ്റങ്ങളേ അദ്ദേഹം നിര്‍ദേശിച്ചുള്ളൂ. ചര്‍ച്ച കഴിഞ്ഞു വൈകിട്ട് ബസില്‍ കോഴിക്കോട്ടേക്കു മടങ്ങുമ്പോള്‍ ഭൂതോദയം പോലെ മാരാര്‍ പറഞ്ഞു – ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്നു മതി പുസ്തകത്തിന്റെ പേര്… അങ്ങനെ പേരായി.
ഉള്ളടക്കത്തില്‍ മാത്രമല്ല, പേരിലും ഉണ്ടായിരുന്നു പുതുമ. വിമര്‍ശിക്കപ്പെടുന്നു എന്ന വര്‍ത്തമാന കര്‍മണി ക്രിയയില്‍ – ഇതാ ആരും ചെയ്യാത്ത സാഹസം ഞാന്‍ ചെയ്യുന്നു എന്നൊരു കുറ്റസമ്മതമാണ് ഉള്ളത്. വെല്ലുവിളിയല്ല എന്നു അഴീക്കോട് ആത്മകഥയില്‍ എടുത്തുപറയുന്നുണ്ട്. അധികമൊന്നും വിമര്‍ശിക്കപ്പെട്ടതല്ല ജി യുടെ കവിത. അതുകൊണ്ടുതന്നെ അഴീക്കോടിന്റെ തുറന്ന വിമര്‍ശനം വലിയ ഞെട്ടലുളവാക്കി.

അനുകരണമല്ല, മോഷണം

മാതൃഭൂമിയിലാണ് അഴീക്കോട് തന്റെ ശങ്കരക്കുറുപ്പ് വിമര്‍ശനത്തിനു തുടക്കം കുറിക്കുന്നത്. മൂന്നു ലക്കങ്ങളായി പ്രസിദ്ധീകരിക്കേണ്ട ഒരു സുദീര്‍ഘലേഖനം അദ്ദേഹം നേരിട്ടുചെന്ന് ഏല്‍പ്പിച്ച കാര്യം അന്നു വാരാന്തപ്പതിപ്പിന്റെ ചുമതല വഹിച്ചിരുന്ന വി.എം കൊറാത്ത് ഓര്‍ത്തെഴുതിയിട്ടുണ്ട് അദ്ദേഹത്തിന്റെ ‘ഓര്‍മയുടെ നിലാവ്’ എന്ന ആത്മകഥയില്‍. ജി യുടെ സാഗരസംഗീതം എന്ന കവിത സി.ആര്‍ ദാസിന്റെ സാഗര്‍ സംഗീത് എന്ന കവിതയുടെ അനുകരണമാണെന്ന വിമര്‍ശനം നേരത്തേ ഉയര്‍ന്നുവന്നതാണ്. അനുകരണമൊന്നുമല്ല, മോഷണം തന്നെയാണ് എന്നു വാദിച്ചു സ്ഥാപിക്കുന്നതായിരുന്നു അഴീക്കോടിന്റെ ലേഖനം. ആദ്യലക്കം പ്രസിദ്ധീകരിച്ചപ്പോള്‍ത്തന്നെ മഹാകവി പിണങ്ങി. മറ്റൊരു മഹാകവിയായ എന്‍.വി ആയിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിച്ചിരുന്നത്. അദ്ദേഹത്തിനും ആ വിമര്‍ശനം ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹം പത്രാധിപരായ കെ.പി കേശവമേനോനെ ചെന്നുകണ്ട് അഴീക്കോടിന്റെ അതിക്രമത്തെക്കുറിച്ചു പരാതി പറഞ്ഞു.
തുടര്‍ന്ന്, ലേഖനത്തിന്റെ ബാക്കിഭാഗം പ്രസിദ്ധീകരിക്കേണ്ട എന്നു പത്രാധിപര്‍ കൊറാത്തിനോടു നിര്‍ദേശിച്ചു. എന്‍.വി അവിടെ ഇരിക്കുന്നതുകൊണ്ട് കൊറാത്ത് അധികം വാദത്തിനൊന്നും നിന്നില്ല.

പക്ഷേ, പിറ്റേന്നു അദ്ദേഹം സഹപ്രവര്‍ത്തകനും സാഹിത്യാസ്വാദകനുമായ ടി. വേണുഗോപാലിനെയും കൂട്ടി വീണ്ടും പത്രാധിപരുമായി സംസാരിച്ചു. തുടരും എന്നെഴുതിയ ശേഷം ലേഖനപരമ്പര നിര്‍ത്തിക്കളയുന്നത് അവിവേകമാണെന്നു വാദിച്ചപ്പോള്‍ കെ.പി കേശവമേനോനും ധര്‍മസങ്കടത്തിലായി. ലേഖനം തുടരാന്‍ അര്‍ധമനസോടെ സമ്മതിച്ചു.
രണ്ടാം ലക്കം പ്രസിദ്ധപ്പെടുത്തിയപ്പോഴും അതാ വരുന്നു എന്‍.വി വീണ്ടും പരിഭവവുമായി. മഹാകവി ജി യെ പിണക്കിയതു തെറ്റായിപ്പോയെന്ന എന്‍.വിയുടെ വാദത്തോടു പത്രാധിപര്‍ക്കും യോജിപ്പേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, പ്രശംസിക്കല്‍ മാത്രമല്ല, വിമര്‍ശിക്കലും നമ്മുടെ ധര്‍മമല്ലേ എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ ഇരുവരെയും നിശബ്ദരാക്കി. ജി യുടെ മറുപടി പ്രാധാന്യത്തോടെ കൊടുക്കാം എന്ന സമാധാനത്തില്‍ ലേഖനപരമ്പര മൂന്നുഭാഗവും പ്രസിദ്ധപ്പെടുത്തി. മറുപടിയൊന്നും ആരും എഴുതിയില്ല. സുകുമാര്‍ അഴീക്കോടിന്റെ ഈ ദീര്‍ഘലേഖനത്തിന്റെ വികസിതരൂപമായിരുന്നു അദ്ദേഹത്തിന്റെ ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന പുസ്തകം. ഈ കൃതിയോടെയാണു അഴീക്കോട് ഒരു വിമര്‍ശകനില്‍ നിന്ന് വിവാദനായകന്‍ എന്ന തലത്തിലേക്കുയരുന്നത്.

പ്രതിയായി അഴീക്കോട്

രാഷ്ട്രീയത്തിലെന്ന പോലെ സാഹിത്യത്തിലും ഒരിടത്തെ വാദിഭാഗം മറ്റൊരിടത്തു പ്രതിഭാഗമാകുമല്ലോ. അഴീക്കോടിന്റെ കാര്യത്തിലും അതു സംഭവിച്ചു. വിമര്‍ശകനും പ്രഭാഷകനും സാഹിത്യ സാംസ്‌കാരിക നായകനുമെല്ലാമായി കത്തിനില്‍ക്കുന്ന കാലത്താണ് അഴീക്കോട് കഠിനമായി വിമര്‍ശിക്കപ്പെടുന്ന ലേഖനപരമ്പര പ്രസിദ്ധീകൃതമായത്. അഴീക്കോട് ജി വിമര്‍ശനം എഴുതിയ മാതൃഭൂമിയില്‍തന്നെ, ഇത്തവണ ആഴ്ചപ്പതിപ്പിലാണെന്ന വ്യത്യാസമേ ഉള്ളൂ. 1984 എപ്രില്‍ 28 മുതല്‍ അഞ്ചു ലക്കങ്ങളിലായാണു അഴീക്കോടിന്റെ വിമര്‍ശനസാഹിത്യത്തെ കീറിമുറിക്കുന്ന ലേഖനപരമ്പര ‘പ്രഭാഷകന്റെ വിമര്‍ശനസാഹിത്യത്തിലൂടെ’ എന്ന തലക്കെട്ടില്‍ പ്രസിദ്ധപ്പെടുത്തുന്നത്. പ്രഭാഷകന്റെ വിമര്‍ശനസാഹിത്യം എന്ന പേരില്‍ ഇതു വൈകാതെ പുസ്തകമായും പ്രസിദ്ധപ്പെടുത്തുകയുണ്ടായി. എഴുതിയത് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ ടി. വേണുഗോപാല്‍. പില്‍ക്കാലത്തു അദ്ദേഹം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ച് എഴുതിയ രാജ്യദ്രോഹിയായ രാജ്യസ്‌നേഹി എന്ന ബൃഹദ്ഗ്രന്ഥം സാഹിത്യ അക്കാദമി അവാര്‍ഡും ഏറെ പ്രശംസയും നേടിയിരുന്നു.

അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍തന്നെ അന്തസാരശൂന്യമാണ്, നിരൂപണം അതിലേറെ അന്തസാരശൂന്യമാണ് എന്നു വാദിക്കുന്നതായിരുന്നു ലേഖനപരമ്പര. അഴീക്കോട് ക്ഷോഭിച്ചതു സ്വാഭാവികം മാത്രം. ആഴ്ചപ്പതിപ്പിന്റെകൂടി പത്രാധിപരായിരുന്ന വി.പി രാമചന്ദ്രന്‍ അന്നു ക്യൂബയില്‍ പര്യടനത്തിലായിരുന്നു. തിരിച്ചുവന്നപ്പോള്‍ വിവരമറിഞ്ഞു അദ്ദേഹം അസ്വസ്ഥനായി. അഴീക്കോട് മാതൃഭൂമിയുടെ അഭ്യുദയകാംക്ഷിയായ എഴുത്തുകാരനാണല്ലോ. രണ്ടു പതിറ്റാണ്ടു മുന്‍പ് അഴീക്കോട് ശങ്കരക്കുറുപ്പിനെതിരേ ലേഖനമെഴുതിയപ്പോള്‍ അതു പ്രസിദ്ധപ്പെടുത്തിയ കൊറാത്ത് തന്നെയായിരുന്നു അഴീക്കോടിനെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കാനും മുന്നില്‍നിന്നത്. അഴീക്കോടിന്റെ ലേഖനം പ്രസിദ്ധപ്പെടുത്തണമെന്ന് അന്നു വാദിച്ചതോ, ഇപ്പോള്‍ അഴീക്കോടിനെതിരേ ലേഖനമെഴുതിയ ടി. വേണുഗോപാലും. ഗോപി പഴയന്നൂര്‍ ആയിരുന്നു അന്നു ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിച്ചിരുന്നത്. പ്രസിദ്ധീകരിച്ചിരുന്നത് തിരുവനന്തപുരത്തുനിന്നും.
അഴീക്കോട് ഏറെ ക്ഷോഭിക്കുകയും ഇനി മാതൃഭൂമിയില്‍ ലേഖനമെഴുതില്ല എന്നെല്ലാം പറയുകയും ചെയ്തിരുന്നെങ്കിലും വൈകാതെ അദ്ദേഹം അതെല്ലാം മറന്നു. ഇത്രയും പറയുമ്പോള്‍ ഒരു കാര്യംകൂടി പറയാതെവയ്യ. അഴീക്കോടിന്റെ വിമര്‍ശനസാഹിത്യത്തെ കുറിച്ചുള്ള ആ വിമര്‍ശനകൃതി വൈകാതെ സാഹിത്യലോകം മറന്നു. അഴീക്കോട് മലയാള സാംസ്‌കാരിക രംഗത്തെ മുടിചൂടാമന്നനായാണ് ഈ ലോകത്തോട് വിട പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Go Top