എങ്ങനെ സ്‌കൂപ്പുകള്‍ കണ്ടെത്താമെന്ന് പത്രപ്രവര്‍ത്തകനെ ആര്‍ക്കും പഠിപ്പിക്കാനാവില്ല. കാരണം, സ്‌കൂപ്പുകള്‍ ഉണ്ടാക്കുകയല്ല വീണുകിട്ടുകയാണു ചെയ്യുന്നത് എന്നു പല സ്‌കൂപ്പുകഥകളും വായിക്കുമ്പോള്‍ തോന്നാറുണ്ട്. നമ്മുടെ നാട്ടുകാരനായ എം.ശിവറാമിന്റെ അനുഭവംതന്നെയാണ് വലിയ ഉദാഹരണം. എങ്ങനെയാണ് അന്നു സംഭവിച്ചതെന്നു നോക്കാം.ആലപ്പുഴ തോട്ടപ്പള്ളി കോന്നവത്തുവീട്ടില്‍ ജനിച്ച തോട്ടപ്പള്ളി മാധവന്‍പിള്ള ശിവരാമപിള്ള, ഇന്നത്തെ മ്യാന്‍മാറിന്റെ പഴയ രൂപമായ ബര്‍മയില്‍ എത്തിപ്പെട്ടതുതന്നെ വലിയ കഥയാണ്. പഴയ കാലത്തു പ്രായപൂര്‍ത്തിയാവുന്നതോടെ നാടുവിടാനുള്ള ആലോചന, എന്തോ ജന്മവാസന പോലെ മലയാളിയുവാക്കളില്‍ ഉണ്ടാകാറുണ്ട് എന്നുവേണം കരുതാന്‍. ശിവരാമപിള്ളയും അങ്ങനെ നാടുവിട്ടുപോയ ആളാണ്. ആ പോക്കിലാണ് അദ്ദേഹം ഇന്നത്തെ തായ്‌ലാന്‍ഡ് ആയ സിയാമിലെത്തുന്നതും പത്രപ്രവര്‍ത്തകനാകുന്നതും. ശിവരാമപിള്ള ശിവറാം ആയി. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനോടൊപ്പം ചേര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ നടന്ന പോരാട്ടത്തില്‍ പങ്കാളിയായി. അതെല്ലാം കഴിഞ്ഞ് റോയ്‌റ്റേഴ്‌സ് ലേഖകനായാണ് ശിവറാം ബര്‍മ തലസ്ഥാനമായ റങ്കൂണിലെത്തുന്നത്.
1947 ജൂലായി 17. ഇന്ത്യയെപ്പോലെ ബര്‍മയും സ്വാതന്ത്ര്യലബ്ധിയുടെ വക്കത്തുവന്നുനില്‍ക്കുകയാണ്. ഒരിടക്കാല സര്‍ക്കാറാണ് ഭരിക്കുന്നത്. അതിന്റെ തലവന്‍ ജനറല്‍ ആംഗ്‌സാന്‍ ആണ്. അന്നു ബര്‍മീസ് ഭരണആസ്ഥാനത്ത് ക്യാബിനറ്റ് യോഗമുണ്ട്. വാര്‍ത്ത വല്ലതും ഉണ്ടാവാതിരിക്കില്ല എന്ന പ്രതീക്ഷയോടെയാണ് ശിവറാം പുറപ്പെട്ടത്. കെട്ടിടത്തിലേക്കു കടക്കുമ്പോള്‍ കണ്ടത്് നിറയെ പട്ടാളക്കാരുമായി രണ്ടു ട്രക്കുകള്‍ പാഞ്ഞുവരുന്നതാണ്. നിമിഷങ്ങള്‍ക്കകം പട്ടാളക്കാര്‍ കെട്ടിടത്തിലേക്ക് ഇരമ്പിക്കേറുന്നതും കണ്ടു, തോക്കുകള്‍ അലറുന്നതും കേട്ടു. ഏതാനും നിമിഷങ്ങളേ ക്ലൈമാക്‌സ് നിലനിന്നുള്ളൂ.
വെടിയൊച്ച കേട്ടയുടനെ വേണമെങ്കില്‍, ആത്മരക്ഷാര്‍ത്ഥം എന്നു സ്വയം ന്യായീകരിച്ച് ശിവറാമിന് സ്ഥലം വിടാമായിരുന്നു. പക്ഷേ, ഒരു പത്രപ്രവര്‍ത്തകന് അതു സാധ്യമാവില്ലല്ലോ. പട്ടാളക്കാര്‍ പുറത്തിറങ്ങിയ ഉടനെ അകത്തേക്കു പാഞ്ഞു ചെന്ന ശിവറാം കണ്ടത്് ഭരണത്തലവന്‍ ആംഗ്‌സാന്‍ ഉള്‍പ്പെടെ ആറുമന്ത്രിമാര്‍ വെടിയേറ്റു മരിച്ചുകിടക്കുന്നതാണ്. പിന്നെ ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അടുത്ത പോസ്റ്റ് ഓഫീസിലേക്കു പാഞ്ഞ ശിവറാം റോയിറ്റര്‍ ആസ്ഥാനത്തേക്കു ടെലഗ്രാം അയച്ചു.
ഒരൊറ്റ ടെലഗ്രാം
ബര്‍മയില്‍ എന്തുസംഭവിച്ചു എന്നറിയാന്‍, 48 മണിക്കൂര്‍ നേരം, ശിവറാം അയച്ച ആ ഒറ്റവരി വാര്‍ത്തയേ ലോകത്തിനു മുന്നിലുണ്ടായിരുന്നുള്ളൂ. കാരണം, ടെലഗ്രാം ചെയ്ത്, കൂടുതല്‍ വിവരങ്ങള്‍ തിരക്കാന്‍ ശിവറാം തിരിച്ചെത്തുമ്പോഴേക്ക് വാര്‍ത്താവിനിമയ ബന്ധങ്ങളെല്ലാം സര്‍ക്കാര്‍ വിച്ഛേദിച്ചിരുന്നു. കുറെക്കൂടി വിവരങ്ങള്‍ ശേഖരിച്ച ശേഷം വാര്‍ത്തയയക്കാന്‍ പോയാല്‍ മതി എന്നു വിചാരിച്ചിരുന്നെങ്കില്‍, ആ വാര്‍ത്ത ലോകം അന്നറിയുമായിരുന്നില്ല. ലണ്ടനിലെ റോയ്റ്റര്‍ ആസ്ഥാനമന്ദിരത്തിന്റെ സ്വീകരണമുറിയില്‍ ആ അപൂര്‍വസ്‌കൂപ്പ് രേഖപ്പെടുത്തുന്നതിലൂടെ ശിവറാം അനശ്വരനാവുമായിരുന്നില്ല. ഒരു പട്ടാളവിപ്ലവം നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായ ഏക പത്രപ്രവര്‍ത്തകനാവണം ശിവറാം.
അന്താരാഷ്ട്ര ന്യൂസ് ഏജന്‍സിയുടെ ലേഖകനായിരുന്നു എന്നതാണ് വലിയ ഭാഗ്യം. റങ്കൂണിലെ ഒരു പത്രത്തിന്റെയോ ഏജന്‍സിയുടെയോ ലേഖകനായിരുന്നു അദ്ദേഹം എങ്കില്‍ കണ്‍മുമ്പില്‍ കണ്ട സ്‌കൂപ്പ് പോക്കറ്റിലിട്ട് വീട്ടില്‍ പോയി ഉറങ്ങാമെന്നല്ലാതെ ഒരക്ഷരം റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുമായിരുന്നില്ല.
ഇത്രയും പറഞ്ഞതുകൊണ്ട്്, വെറും ഭാഗ്യം കൊണ്ടാണ് സ്‌കൂപ്പുകളൊക്കെ കിട്ടുന്നതെന്നോ ഈ യാദൃച്ഛികസ്‌കൂപ്പ് ആണ് ശിവറാമിന്റെ പത്രപ്രവര്‍ത്തന ഔന്നത്യത്തിന്റെ തെളിവ് എന്നോ ആരും ധരിക്കുകയില്ല എന്നു വിശ്വസിക്കട്ടെ.
ചെറുപ്രായത്തില്‍ കേരളം വിട്ടതുമുതല്‍ തുടങ്ങുന്ന ആ സാഹസികപത്രജീവിതകഥ. നാടുവിട്ട് നാട്ടിലാര്‍ക്കും അറിയാത്ത അന്നത്തെ സിയാമിലാണ് ശിവരാമപിള്ള എത്തിപ്പെട്ടത്. തായ്‌ലന്‍ഡിലെ നേഷന്‍, ക്രോണിക്കിള്‍ എന്നീ പത്രങ്ങളുടെ പത്രാധിപര്‍ ആയിരുന്ന ശിവറാമിനു ജനങ്ങളുടെയും രാജാവിന്റെയും മതിപ്പ് നിര്‍ലോപം ലഭിച്ചിരുന്നു. നല്ല സേവനം തിരിച്ചറിഞ്ഞ രാജാവ് ശിവറാമിന് അയേണ്‍ ക്രോസ് എന്ന ബഹുമതിയും 40 ഏക്ര സ്ഥലവും പാരിതോഷികമായി നല്‍കി. ഭൂമിയും കൊണ്ടുതാനെന്തു ചെയ്യാനാണ് എന്നു പരിഭ്രമിച്ച് അതു സര്‍ക്കാറിനു തിരിച്ചുകൊടുത്തുകളഞ്ഞു ശിവറാം!
തായ്‌ലാന്‍ഡ് വാസക്കാലത്താണ് അദ്ദേഹം നാട്ടിലേക്കു തിരിച്ചുപോയതും വിവാഹിതനായി ഭാര്യാസമേതം മടങ്ങുന്നതും. മൂന്നുമക്കളുമായി ജീവിച്ചുവരവെ ആണ് ലോകയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. അദ്ദേഹം കുടുംബത്തെ നാട്ടിലാക്കി തിരിച്ചുവരികയും ചെയ്തു.
നേതാജിയുടെ സുഹൃത്തും സഹായിയും
പിന്നെയും കുറച്ചുകഴിഞ്ഞാണ് ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതും ശിവറാം നേതാജിയുടെ ആകര്‍ഷണവലയത്തില്‍ ചെന്നുപെട്ടതും. ജപ്പാന്‍ തായ്‌ലാന്‍ഡ് പിടിച്ച ഘട്ടത്തിലാണ് ഒരു കൊടുങ്കാറ്റുപോലെ നേതാജി കിഴക്കനേഷ്യയിലേക്ക് കടന്നുവന്നത്. പത്രപ്രവര്‍ത്തകരുടെ സേവനം നേതാജിക്ക് ആവശ്യമുണ്ടായിരുന്നു. നേതാജിയുടെ സുഹൃത്തും സഹായിയും ആയി ശിവറാം.
ഇന്ത്യയില്‍ അദ്ദേഹത്തിനു ലഭിച്ച ആദരവിന്റെ മുഖ്യകാരണം രണ്ടാം ലോകയുദ്ധകാലത്ത് തായ്‌ലാന്‍ഡിലും ബര്‍മയിലും മലയയിലും ടോക്യോവിലും ആയി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനു ചെയ്ത സേവനമാണ് എന്ന കാര്യത്തില്‍ സംശയമില്ല. സ്വാതന്ത്ര്യസമരം എന്ന് സാധാരണ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍പോര. അതൊരു യുദ്ധമായിരുന്നു. ആയിരങ്ങളെ അണിനിരത്തി നേതാജി നടത്തിയ പോരാട്ടം. അനേകമനേകം ആളുകള്‍ മരിച്ചുവീണ യുദ്ധം.
ഇന്നും നേതാജി എന്നു പറഞ്ഞാല്‍ ഇന്ത്യക്കാര്‍ക്കു സുഭാഷ് ചന്ദ്രബോസ് ആണ്. അതൊരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. ബോസ്സിനെ നേതാജിയാക്കി മാറ്റുകയായിരുന്നു നമ്മുടെ ശിവറാവും ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിലെ സഹപ്രവര്‍ത്തകരും. അങ്ങനെ അറിയപ്പെടാന്‍ ബോസ് ആഗ്രഹിച്ചിരുന്നുവെന്നതില്‍ സംശയമില്ല. അതറിഞ്ഞ് എല്ലാ പ്രചാരണമാധ്യമങ്ങളിലും അതൊരു തരംഗമാക്കി മാറ്റിയത് അന്ന് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെ കിഴക്കനേഷ്യന്‍ ഔദ്യോഗികവക്താവായ ശിവറാം ആയിരുന്നു.
ബോസ്സിനെ നേതാജി ആക്കുന്ന കാര്യത്തില്‍ തനിക്ക് അമിതാവേശമുണ്ടായിരുന്നില്ലെന്ന് ശിവറാം അദ്ദേഹത്തിന്റെ ചലോ ദല്‍ഹി എന്ന കൃതിയില്‍ എഴുതിയിട്ടുണ്ട്. അന്നു ലോകമെങ്ങും ഭീതിയോടെ കണ്ടിരുന്നു ഹെര്‍ ഹിറ്റ്‌ലര്‍ എന്ന ഫ്യൂററുടെ ഉയര്‍ച്ചയെ. ഇന്ത്യയില്‍ നിന്നു ഒളിച്ചുകടന്ന്, ബര്‍ലിനിന്‍ ചെന്ന്് ഹിറ്റ്‌ലറുടെ സഹായംതേടിയ ശേഷം കിഴക്കനേഷ്യയില്‍ യുദ്ധരംഗത്ത് ജപ്പാന്റെ സഖ്യകക്ഷിയായി ചേര്‍ന്നതാണു ബോസ്. അതുകൊണ്ടുതന്നെ നേതാജിയും ഫ്യൂററും തമ്മില്‍ ഇന്ത്യന്‍ ജനത സാദൃശം കണ്ടേക്കുമോ എന്നതായിരുന്നു ശിവറാമിന്റെ സംശയം. പക്ഷേ, അതൊന്നും ബോസ് കാര്യമാക്കിയില്ല.
ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെയും അതിന്റെ പട്ടാളഘടകമായ ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെയും അനിഷേധ്യ നേതാവായിരുന്ന ബോസ് യഥാര്‍ത്ഥത്തില്‍ ഹിറ്റ്‌ലറുടെ രാഷ്ട്രീയനേതൃത്വരീതിയുടെ പല പ്രത്യേകതകളും സ്വീകരിക്കാന്‍ സന്നദ്ധനായിരുന്നു. അദ്ദേഹം ജനാധിപത്യത്തിന്റെ ആരാധകനായിരുന്നില്ല. ഫാസിസവും കമ്യൂണിസവും ചേര്‍ന്നുള്ള ഒരു ഏകാധിപത്യഭരണസംവിധാനമാണ് ഇന്ത്യക്കു യോജിച്ചത് എന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. അതു നേതാജിയുടെ വളരെയൊന്നും അറിയപ്പെടാത്ത മറ്റൊരു വശം,
1943 ഒക്‌റ്റോബര്‍ 21 ന് സ്വതന്ത്രഭാരതത്തിന്റെ തത്ക്കാലഭരണകൂടം സ്ഥാപിച്ചതായി പ്രഖ്യാപിച്ചതോടെ നേതാജി ഒരു രാഷ്ട്രത്തലവന്‍തന്നെയായി. ബോസ് സ്ഥാപിച്ച ആസാദ് ഹിന്ദ് ഗവണ്മെന്റില്‍ ശിവറാം ഡെപ്യൂട്ടി മന്ത്രിയായി.
പത്രപ്രവര്‍ ത്തനത്തിലേക്കു മടക്കം
നേതാജിയുടെ മാസ്മരികതയില്‍ പെട്ടുപോയിരുന്നു ശിവറാം എങ്കിലും അദ്ദേഹത്തിനു സ്വതന്ത്രമായി ചിന്തിക്കാനും വിയോജിപ്പുകള്‍ നേതാജിയോടു പ്രകടിപ്പിക്കാനും കഴിഞ്ഞിരുന്നു. നേതാജി ജപ്പാന്‍കാരെ അമിതമായി ആശ്രയിക്കുന്നതായുള്ള തന്റെ തോന്നല്‍ തുറന്നുപറയുകയും ഉത്തരവാദിത്തങ്ങളില്‍ നിന്നൊഴിഞ്ഞ് പത്രപ്രവര്‍ ത്തന ത്തിലേക്കു മടങ്ങുകയും ചെയ്തു ശിവറാം.
സുഭാഷ് ചന്ദ്രബോസ് എന്ന അത്യപൂര്‍വ വ്യക്തിത്വത്തിന്റെ മുഴുവന്‍ ശക്തിയും ദൗര്‍ബല്യങ്ങളും നേരില്‍ കണ്ട പത്രപ്രവര്‍ത്തകനായിരുന്നെങ്കിലും ശിവറാം യുദ്ധകാലത്തെ അനുഭവങ്ങള്‍ മാത്രമേ പുസ്തകമായി എഴുതിയിട്ടുള്ളൂ. തന്റെ റങ്കൂണ്‍ സ്‌കൂപ്പിന്റെ വിശദാംശങ്ങള്‍ പോലും പുസ്തകരൂപത്തിലാക്കിയില്ല.
ഇന്ത്യ സ്വാതന്ത്ര്യം നേടാന്‍ പോകുന്നത് തന്നിലൂടെയായിരിക്കും എന്ന നേതാജിയുടെ ഉറച്ച വിശ്വാസം ഒരു അന്ധവിശ്വാസം പോലെ ബലപ്പെട്ടതായിരുന്നു എന്ന് ശിവറാം ചലോ ദല്‍ഹി എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്. ആ വിശ്വാസം അദ്ദേഹം തന്റെ അനുയായികളിലും സൃഷ്ടിച്ചിരുന്നു. വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചെന്ന് ഇന്നും ഒരുപാടാളുകള്‍ വിശ്വസിക്കാത്തതിന് ഒരുപക്ഷേ അതാവാം കാരണം.
റോയിട്ടറിന്റെ ലേഖകനായി കൊറിയന്‍ യുദ്ധ(1950) വും ഈജിപ്തിലെ പട്ടാളഅട്ടിമറി(1952)യും ടിബറ്റ് ചൈനയുടെ കൈവശത്തിലായതും റിപ്പോര്‍ട്ട് ചെയ്തതു ശിവറാം ആയിരുന്നു. ഇന്ത്യയില്‍ മടങ്ങിയെത്തി ഫ്രീപ്രസ് ജേണലിലും ആകാശവാണിയിലും മറ്റും പ്രവര്‍ത്തിച്ച അദ്ദേഹം ദി വിയറ്റ്‌നാം വാര്‍: വൈ? , ദ ന്യൂ സിയാം ഇന്‍ ദ മേക്കിങ്ങ് എന്നീ പുസ്‌കങ്ങളും രചിച്ചിട്ടുണ്ട്. അവസാനകാലം തിരുവനന്തപുരത്താണ് ചെലവിട്ടത്. തിരുവവന്തപുരം പ്രസ് ക്ലബ്ബിന്റെ സ്ഥാപകനാണ്. ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററുമായി്. 1972ല്‍ 65ാം വയസ്സിലാണ് അന്തരിച്ചത്.