രണ്ടു കോടിയും ഗൗരിയമ്മയും

ഇന്ദ്രൻ

അര നൂറ്റാണ്ടുകാലം നിയമസഭാംഗമായിരുന്നു ഗൗരിയമ്മ. അഞ്ചുവട്ടം മന്ത്രിയുമായി. സ്വാഭാവികമായി പിന്നെ ഒരടി കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ മുഖ്യമന്ത്രി പദവിയിലേക്ക്‌. പാര്‍ട്ടിക്ക്‌ വലിയ ആഗ്രഹമുണ്ടായിരുന്നു ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാന്‍. എന്തു ചെയ്യാം, വോട്ടര്‍മാരും മാധ്യമങ്ങളും ഗൗരിയമ്മ തന്നെയും ഗൗരിയമ്മയാണ്‌ മുഖ്യമന്ത്രിയാകാന്‍ പോകുന്നതെന്ന്‌ ധരിച്ചുപോയി. പിന്നെ കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍.ഗൗരി… എന്നും മറ്റുമുള്ള പാര്‍ട്ടി വിരുദ്ധ സാഹിത്യങ്ങള്‍ ഉണ്ടായി. വോട്ടര്‍മാരും നാട്ടുകാരുമൊക്കെക്കൂടിയാണ്‌ ഈവക കാര്യങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ പിന്നെ പാര്‍ട്ടിയെന്തിന്‌? അതുകൊണ്ടുമാത്രമാണ്‌ അന്ന്‌ നായനാരെ നിര്‍ത്തി ഗൗരിയമ്മയുടെ ആ മോഹമങ്ങ്‌ കെടുത്തിക്കളഞ്ഞത്‌. ഗൗരിയമ്മയുടെ തെറ്റു തിരുത്തിക്കാന്‍ പാര്‍ട്ടി ആവത്‌ ശ്രമിച്ചതാണ്‌. നടന്നില്ല. ഈ വിരോധം മനസ്സില്‍ കൊണ്ടുനടന്ന്‌ പിന്നെ തരം കിട്ടിയപ്പോള്‍ പാര്‍ട്ടി വിടുകയാണുണ്ടായത്‌. എന്നുവെച്ച്‌ ഗൗരിയമ്മയോട്‌ പാര്‍ട്ടിക്ക്‌ വിരോധമൊന്നുമില്ല. എം.വി. രാഘവനോട്‌ കാട്ടിയതൊന്നും ഗൗരിയമ്മയോട്‌ കാട്ടിയില്ലല്ലോ. എന്തായാലും ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാന്‍ പറ്റിയില്ല, എന്നാലൊരു ഉപമുഖ്യമന്ത്രിയെങ്കിലും ആക്കി പഴയ പാപം കഴുകിക്കളയാമെന്ന്‌ കരുതി മാത്രമാണ്‌ ആന്റണിയെ താഴെയിറക്കുമ്പോള്‍ ഉപമുഖ്യമന്ത്രിയാക്കാമെന്ന ഓഫര്‍ വെച്ചത്‌. അതിനെച്ചൊല്ലിയെന്തിനാണ്‌ ആളുകള്‍ ബഹളം വെക്കുന്നതെന്നു മാത്രം മനസ്സിലാകുന്നില്ല.

ആവശ്യമായി വന്നാല്‍ എതിര്‍പക്ഷക്കാരുടെ മന്ത്രിസഭയെ കാലുവാരി വീഴ്ത്തുന്നതില്‍ തെറ്റില്ല എന്ന്‌ പാര്‍ട്ടി കരുതുന്നു. വിമോചന സമരം നടത്തി പിരിച്ചുവിടീക്കുന്നതൊക്കെയാണ്‌ ജനാധിപത്യവിരുദ്ധമായിട്ടുള്ളത്‌. എന്നാല്‍ തത്ത്വാധിഷ്ഠിതമാവണം കാലുവാരല്‍. ഭരിക്കുന്ന മുന്നണിയില്‍നിന്നാരെയെങ്കിലും അടര്‍ത്തിയെടുത്ത്‌ മന്ത്രിസഭ പൊളിക്കാം. ഇങ്ങനെ അടരുന്നവര്‍ക്ക്‌ മതിയായ പ്രതിഫലം രാഷ്ട്രീയമായേ കൊടുക്കാന്‍ പാടുള്ളൂ. അല്ലാതെ ക്യാഷ്‌ ആയി കൊടുക്കുന്ന ബൂര്‍ഷ്വാ സമ്പ്രദായത്തോട്‌ പാര്‍ട്ടിക്ക്‌ യോജിപ്പില്ല. നെല്ലായി ആവാം എന്ന്‌ മലയാളം.

ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ചെളിക്കുഴിയില്‍ ഇറങ്ങുമ്പോള്‍ ചില്ലറ ചെളി നമ്മുടെ കാലിലും പറ്റും. അതൊഴിവാക്കാനാണ്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചില ബൂര്‍ഷ്വാ കക്ഷികളെ കൂടെ കൊണ്ടുനടക്കുന്നത്‌. ചുടുചോറ്‌ നമ്മള്‍ തന്നെ മാന്തണമെന്നില്ലല്ലോ. തിരഞ്ഞെടുപ്പില്‍ ജയിച്ച്‌ ഭൂരിപക്ഷം നേടിയല്ലാതെ മന്ത്രിസഭയുണ്ടാക്കാന്‍ പാടില്ല എന്ന്‌ പണ്ടേ പാര്‍ട്ടിയില്‍ വ്യവസ്ഥയുണ്ട്‌. പഴയ കാരണവന്മാരുടെ ഓരോരോ പിടിവാശികള്‍ എന്നു കരുതിയാല്‍ മതി. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളിലും പുറത്തു നിന്ന്‌ ഏതു പിശാചിനെയും പിന്താങ്ങാം. മറ്റേ പിശാചിനെ താഴെയിറക്കുകയാണ്‌ പ്രധാനം.

കാര്യമിങ്ങനെയൊക്കെയാണെങ്കിലും പിശാചിനെ ഇറക്കുന്നതിലല്ലാതെ ബദല്‍ പിശാചിനെ കയറ്റുന്നതില്‍ പാര്‍ട്ടി ഒരിക്കലും വിജയിച്ചിട്ടില്ലെന്നതാണ്‌ അനുഭവം. ഈ മേഖലയില്‍ വേണ്ടത്ര വൈദഗ്ദ്ധ്യം സഖാക്കള്‍ക്കാര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല. ബൂര്‍ഷ്വാകള്‍ക്ക്‌ ഇതു തന്നെയാണല്ലോ നിത്യാഭ്യാസം. എഴുപതിനു ശേഷം വന്ന സകല ബൂര്‍ഷ്വാ മന്ത്രിസഭകളെയും താഴെയിറക്കാന്‍ നോക്കിയിട്ടുണ്ട്‌, പക്ഷേ, വിജയിച്ചിട്ടില്ല. 70-ല്‍ അച്യുതമേനോന്റെ, 77-ല്‍ ആന്റണിയുടെ, പിന്നെ പി.കെ.വി.യുടെ, പിന്നെ സി.എച്ചിന്റെ, പില്‍ക്കാലത്ത്‌ ആന്റണിയും കരുണാകരനും ഭരിച്ചപ്പോഴൊക്കെ…ആകെ വിജയിച്ചത്‌ ഒരിക്കല്‍ മാത്രമാണ്‌.

81-ലെ നായനാര്‍ മന്ത്രിസഭയെ വീഴ്ത്തി കയറിക്കൂടിയ കരുണാകരന്‍സംഘത്തെ എന്തുവിലകൊടുത്തും ഇറക്കാന്‍ നിശ്ചയിച്ചിരുന്നു. പ്രതിപക്ഷത്തും ഭരണപക്ഷത്തും തുല്യവോട്ട്‌. സ്പീക്കറുടെ കാസ്റ്റിങ്‌ വോട്ടിന്റെ ബലത്തില്‍ ഭരണം. അന്നാണ്‌ ജനാധിപത്യരക്ഷകനായി ലോനപ്പന്‍ നമ്പാടന്‍ അവതരിച്ചത്‌. പില്‍ക്കാലത്ത്‌ മന്ത്രിസ്ഥാനം കൊടുക്കാമെന്നോ എം.പി. സ്ഥാനം കൊടുക്കാമെന്നോ ഒന്നും വാഗ്ദാനം ചെയ്യേണ്ടിവന്നില്ല. പണവും വേണ്ട നെല്ലും വേണ്ട, ജനാധിപത്യം ജയിച്ചാല്‍ മതി. അങ്ങനെയും ഉണ്ടല്ലോ ചില മനുഷ്യര്‍. അങ്ങനെ കരുണാകരനെ ഇറക്കി.

79-ല്‍ സി.എച്ച്‌. മുഹമ്മദ്‌കോയയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ താഴെയിറക്കുന്നതില്‍ വിജയിച്ചത്‌ മാണിസ്സാറിന്റെ സഹായം കൊണ്ടായിരുന്നു. മാണിസ്സാര്‍ ഇന്നത്തെ പോലെ പിന്തിരിപ്പന്‍ ആയിരുന്നില്ല. എ.കെ. ആന്റണിക്കൊപ്പം പുരോഗമനവാദിയും നല്ല കുട്ടിയുമായി ഇടതുപക്ഷത്ത്‌ വന്നു കിടന്നത്‌ അന്നായിരുന്നുവല്ലോ. പിന്നീട്‌ അധികാരത്തില്‍ വന്ന കെ. കരുണാകരന്‍മന്ത്രിസഭയെ താഴെയിറക്കാനാണ്‌ സിറിയക്‌ ജോണിനെയും ജോസ്‌ കുറ്റ്യാനിയെയും കാലു മാറ്റിച്ചത്‌. പക്ഷേ, കാര്യം നടന്നില്ല. കാറല്‍ മാര്‍ക്സാണേ സത്യം അതിലും നയാപൈസയുടെ ഇടപാട്‌ ഉണ്ടായിരുന്നില്ല, തീര്‍ത്തും പ്രത്യയശാസ്ത്രപരമായ നിലപാടുമാറ്റം മാത്രം.

ഇതെല്ലാം ഓര്‍മിപ്പിച്ചത്‌ ഒരുദ്ദേശ്യത്തോടെ മാത്രമാണ്‌. കോടിയുടെയും ലക്ഷത്തിന്റെയും ഒന്നും ഇടപാടുകള്‍ സി.പി.എമ്മിനില്ല. പാര്‍ട്ടി പറയുന്നത്‌ വിശ്വസിക്കേണ്ട, ആര്‍. ബാലകൃഷ്ണപിള്ളയെ വിശ്വസിക്കാമല്ലോ. മന്ത്രിസഭ വീഴ്ത്താന്‍ സി.പി.എം. രണ്ടു കോടി കൊടുക്കും എന്നു താന്‍ വിശ്വസിക്കുന്നി ല്ലെന്ന്‌ അദ്ദേഹം പറഞ്ഞില്ലേ? രണ്ടു കൊടി കൊടുക്കാം എന്നാവണം അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ടാവുക. ചെങ്കൊടി. കോടിയെന്ന്‌ തെറ്റിക്കേട്ടതാവും. കൊടുക്കുമെങ്കില്‍ പിള്ളസാര്‍ അതറിയാതിരിക്കില്ല. എത്രയെണ്ണം പൊളിക്കാന്‍ അദ്ദേഹം കൂടെ നിന്നതാണ്‌. കോടി കൊടുക്കാനൊക്കെ മുരളിക്കും കരുണാകരനും ഉമ്മന്‍കോണ്‍ഗ്രസ്സിനും കേരളകോണ്‍ഗ്രസ്സിനും പറ്റും. ലീഡറുടെയും പുത്രന്റെയും കൂടെ കുറച്ചുനാള്‍ കഴിഞ്ഞാല്‍ സി.പി.എമ്മിനും അതൊക്കെ പറ്റിയേനെ. അതു സമ്മതിച്ചില്ലല്ലോ.

ആര്‍ഭാടത്തിന്റെയും ധൂര്‍ത്തിന്റെയും ആശാന്മാര്‍ യു.ഡി.എഫുകാരാണെന്നത്‌ തര്‍ക്കമറ്റ സംഗതിയാണല്ലോ. ഇപ്പോള്‍ ഇടതുമുന്നണി മന്ത്രിമാരെ താറടിച്ചു കാണിക്കാന്‍വേണ്ടി, പുതിയ മന്ത്രിമാരുടെ വീട്‌ മോടിപിടിപ്പിക്കലിന്റെ കണക്കുമായി നടക്കുകയാണ്‌ അവര്‍. കുറച്ചു ദിവസമായി കണക്കുകള്‍ നിയമസഭയുടെ മേശപ്പുറത്ത്‌ വെച്ചിട്ട്‌. ഇതിന്റെ പ്രത്യാഘാതമായി രണ്ടു പാവം ഇടതു മന്ത്രിമാര്‍ ഭവനരഹിതരായിക്കഴിഞ്ഞു.

ഇത്തരം സംഭവങ്ങളുണ്ടായാല്‍ സി.പി.എം. ആസ്ഥാനത്തെ ഗവേഷകര്‍ ഉടനടി ചെയ്യുന്ന ഒരു കാര്യമുണ്ട്‌. കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന്‌ നൂറു ദിവസത്തിനകം വീട്‌ മോടിപിടിപ്പിക്കാന്‍ ചെലവഴിച്ച തുകയെത്ര എന്നു കണ്ടുപിടിച്ച്‌ ഉടനെ പ്രസിദ്ധപ്പെടുത്തുക. അതോടെ യു.ഡി.എഫുകാരുടെ വായടയും. തുക കണ്ടെത്താന്‍ പ്രയാസമൊന്നുമില്ല. ഇതെല്ലാം ഓരോരോ ആചാരങ്ങളല്ലേ. ഇടതുപക്ഷം ഭരിക്കുമ്പോള്‍ നിയമസഭയില്‍ മറ്റേ കൂട്ടര്‍ ചോദിക്കും. മന്ത്രിമാര്‍ വീടു മോടികൂട്ടാന്‍ എത്ര ചെലവാക്കി, ചായ കുടിക്കാന്‍ എത്ര, ഫോണ്‍ ചെയ്യാന്‍ എത്ര ???? മറ്റേ കൂട്ടര്‍ ഭരിക്കുമ്പോള്‍ ഇടതുപക്ഷക്കാരും ഇതുതന്നെ ചോദിക്കും. പത്രക്കാര്‍ ചെറിയ ഒരു ബോക്സ്‌ വാര്‍ത്ത കൊടുക്കും. യു.ഡി.എഫ്‌. ഭരിക്കുമ്പോള്‍ കിട്ടിയ മറുപടി നിയമസഭാരേഖകളിലുണ്ടാവും, പാര്‍ട്ടിപത്രത്തില്‍ വലിയ ബോക്സ്‌ വാര്‍ത്തയായി കൊടുത്തിട്ടുമുണ്ടാകും. ഫയല്‍ നോക്കേണ്ട പ്രശ്നമേയുള്ളൂ. എന്തുകൊണ്ട്‌ ഇത്രയും ദിവസമായിട്ടും ഫയല്‍ നോക്കി യു.ഡി.എഫുകാര്‍ക്ക്‌ പാര്‍ട്ടി ചുട്ട മറുപടി നല്‍കിയില്ല? ഫയല്‍ നോക്കിയപ്പോഴാണ്‌ മൗനത്തിന്റെ അര്‍ഥം പിടികിട്ടിയത്‌. ഇടതു മുന്നണിയുടെ നാലയലത്തു വന്നില്ല യു.ഡി.എഫിന്റെ കാര്യശേഷി. നൂറു ദിവസം കൊണ്ട്‌ ഇടതുമുന്നണി ചെലവഴിച്ചതിന്റെ പാതി പോലും ചെലവഴിക്കാന്‍ ആന്റണി മന്ത്രിസഭയ്ക്കു കഴിയുകയുണ്ടായില്ല. നൂറുനാള്‍ കൊണ്ട്‌ ഇടതുമന്ത്രിമാര്‍ വീടു നന്നാക്കാന്‍ ചെലവാക്കിയത്‌ നാല്‍പത്‌ ലക്ഷം രൂപ, നൂറ്റന്‍പത്‌ നാള്‍ കൊണ്ട്‌ യു.ഡി.എഫ്‌. മന്ത്രിമാര്‍ ചെലവാക്കിയത്‌ ഇരുപത്തിരണ്ടു ലക്ഷം രൂപ. ഛേ, മഹാമോശം.

യു.ഡി.എഫ്‌ മന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ ചെലവഴിച്ചത്‌ ലിന്‍ഢസ്റ്റില്‍ താമസിച്ച പി.കെ. കുഞ്ഞാലിക്കുട്ടി- രണ്ടരലക്ഷം രൂപ, രണ്ടാം സ്ഥാനവും ലീഗിനു തന്നെ. മുനീര്‍ പാര്‍ത്ത എസ്സന്‍ഡീന്‍ മൊഞ്ചാക്കാന്‍ ചെലവിട്ടത്‌ രണ്ടേകാല്‍ ലക്ഷം. കോടിയേരിക്ക്‌ പാകമാക്കാന്‍ മന്‍മോഹന്‍ ബംഗ്ലാവിനു ചെലവിട്ടത്‌ പതിനേഴു ലക്ഷം, എം.വി.രാഘവനു വേണ്ടി ഇതേ കുടിലിനു ചെലവിട്ടത്‌അറുപത്തിമൂവായിരം രൂപ. വലതു ഭരണത്തില്‍ സാനഡുവില്‍ താമസിച്ച ബാബു ദിവാകരനു വേണ്ടി ചെലവിട്ടത്‌ രണ്ടു ലക്ഷം, ഇടതുപക്ഷ ദിവാകരനു വേണ്ടി ഇതേ കെട്ടിടത്തിനു ചെലവാക്കിയത്‌ പതിനൊന്നേ മുക്കാല്‍ ലക്ഷം രൂപ.

പാര്‍ട്ടി പത്രം അന്ന്‌ ഈ ധൂര്‍ത്തിനെ അവഗണിക്കുകയൊന്നുമുണ്ടായില്ല കേട്ടോ. ഒന്നാം പേജില്‍ പഴയ സിനിമാപോസ്റ്ററില്‍ പറയും പോലെ ഈസ്റ്റ്‌മേന്‍ കളറില്‍ ബോക്സ്‌ വാര്‍ത്തയുണ്ട്‌. ‘ആന്റണി സര്‍ക്കാറിന്റെ ചെലവുചുരുക്കല്‍ പ്രഖ്യാപനം കബളിപ്പിക്കല്‍ മാത്രം… മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീടുകള്‍ മോടിപിടിപ്പിക്കാന്‍…’ എന്നിങ്ങനെ പോകുന്നു വാര്‍ത്ത.

Leave a Reply

Your email address will not be published. Required fields are marked *

Go Top