മാധവന്‍കുട്ടി രക്ഷപ്പെട്ടതിനും പത്രങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. ഈശ്വരന്‍ സ്വന്തം ലേഖകനെ രക്ഷപ്പെടുത്തി എന്നാണ് ഒരു പത്രം നല്‍കിയ തലക്കെട്ട്. കാരണമുണ്ട്. മാധവന്‍കുട്ടിയുടെ പുസ്തകങ്ങളിലൊന്നിന്റെ തലക്കെട്ട് ‘ഈശ്വരന്‍ സ്വന്തം ലേഖകനോട് സംസാരിക്കുന്നു’ എന്നായിരുന്നു. അപകടത്തില്‍ മരിച്ചില്ലെങ്കില്‍ പിന്നെ കേള്‍ക്കുന്നതും കാണുന്നതുമെല്ലാം തമാശകളായി ആസ്വദിക്കാനാകുമല്ലോ. മാധവന്‍കുട്ടി രക്ഷപ്പെട്ട വിവരം അറിഞ്ഞ് ഒരു സുഹൃത്ത് അയച്ച ടെലഗ്രാമിലെ വാചകം ഇതാ ഇങ്ങിനെതാങ്കള്‍ അപകടത്തില്‍ രക്ഷപ്പെട്ടുവെന്ന വാര്‍ത്ത എന്നെ നടുക്കുന്നു!
രാജ്യതലസ്ഥാനത്തു ദീര്‍ഘകാലം ലേഖകന്മാരായിരുന്ന രണ്ടു മലയാളികള്‍ പത്രപ്രവര്‍ത്തകന്മാര്‍ എന്ന നിലയില്‍ അപൂര്‍വമായ ഭാഗ്യം സിദ്ധിച്ചവരാണ്. രണ്ടുപേരും രണ്ട് അത്യപൂര്‍വസംഭവങ്ങളില്‍ കഥാപാത്രങ്ങളായി. മരണത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ജീവന്‍ തിരിച്ചുകിട്ടിയപ്പോള്‍ വായനക്കാര്‍ക്കുവേണ്ടി കഥ എഴുതാന്‍ വെമ്പി.
മാതൃഭൂമിയുടെ ന്യൂഡല്‍ഹി ലേഖകന്‍ വി.കെ മാധവന്‍കുട്ടിയാണ് ഒരു ഭാഗ്യവാന്‍. മറ്റൊരാള്‍ മലയാള മനോരമയുടെ ലേഖകന്‍ കെ. ഗോപാലകൃഷ്ണന്‍. രണ്ടു പ്രധാനപത്രങ്ങളുടെ ദീര്‍ഘകാല ഡല്‍ഹി ലേഖകന്മാരാണ് എന്നതിനുപുറമെ ഒരു ചേര്‍ച്ച കൂടിയുണ്ട്‌രണ്ടുപേരും പിന്നീട് മാതൃഭൂമിയുടെ പത്രാധിപന്മാരായി! തീര്‍ന്നില്ല. രണ്ടുപേരുടെയും കീഴില്‍ പത്രാധിപസമിതിയില്‍ ജോലി ചെയ്യാനുള്ള ഭാഗ്യം ഇതെഴുതുന്ന ആള്‍ക്ക് ഉണ്ടാവുകയും ചെയ്തു!
വി.കെ മാധവന്‍കുട്ടിയുടെ കഥ ആദ്യം പറയാം. അതാണ് ആദ്യം സംഭവിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ നിസാരമാണെന്നുതോന്നിപ്പോകും. വിമാനം തകര്‍ന്നു. പലരും മരിച്ചു. മാധവന്‍കുട്ടി രക്ഷപ്പെട്ടു. അത്രതന്നെ. പക്ഷേ, അതു വാര്‍ത്തയുടെ ലീഡ് മാത്രമേ ആകുന്നുള്ളൂ. വിശദാംശങ്ങള്‍ ധാരാളമുണ്ട്, പലതും സിനിമാക്കഥ പോലെ നാടകീയമാണ്.
1973 മെയ് 31നാണു സംഭവം നടക്കുന്നത്. മാധവന്‍കുട്ടി മാതൃഭൂമിയുടെ സുവര്‍ണജൂബിലി ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിക്കൊപ്പം എത്തിയതാണു കേരളത്തില്‍. ഒരു മാസം നാട്ടില്‍ കഴിഞ്ഞേ തിരിച്ചുപോകൂ എന്നു തീരുമാനിച്ചിരുന്നതാണ്. പക്ഷേ, ഡല്‍ഹിയില്‍ മാതൃഭൂമിയുമായി ബന്ധപ്പെട്ട എന്തോ പ്രശ്‌നങ്ങളുണ്ടായി. മാനേജര്‍ അഭ്യര്‍ഥിച്ചതനുസരിച്ച് ലീവ് റദ്ദാക്കി മടങ്ങി. മദിരാശി വഴിയാണു മടക്കയാത്ര. വളഞ്ഞ വഴിക്കു സഞ്ചരിച്ചു വൈകുന്നേരമാകുമ്പോള്‍ ഡല്‍ഹിയില്‍ എത്തുന്ന തരമൊരു ടിക്കറ്റ് അന്ന് മാതൃഭൂമി പബ്ലിക് റിലേഷന്‍സ് മാനേജര്‍ എടുത്തുവച്ചിരുന്നു. പുലര്‍ച്ചെ പുറപ്പെടാനുള്ള ടിക്കറ്റാണ്.
മാധവന്‍കുട്ടിക്ക് അതിഷ്ടപ്പെട്ടില്ല. വൈകിട്ടത്തെ വിമാനത്തില്‍ പോയാലും രാത്രി ഡല്‍ഹിയില്‍ എത്താം. മാത്രവുമല്ല, മദിരാശിയില്‍ എം.ടിക്കൊപ്പം കുറെ സമയം ചെലവഴിക്കുകയും ചെയ്യാം. എം.ടിയും സമ്മതിച്ചു. അങ്ങനെ, എടുത്ത ടിക്കറ്റ് റദ്ദാക്കിച്ചു വേറെ എടുപ്പിച്ചു. കുറെ നഷ്ടമുണ്ടായി. മാതൃഭൂമി ഓഫിസുകാര്‍ പ്രാകിയിരിക്കും. മാധവന്‍കുട്ടിക്ക് ഒരു വിഷമവും തോന്നിയില്ല. ടിക്കറ്റ് മാറ്റിയിരുന്നില്ലെങ്കില്‍ അത്യപൂര്‍വ അവസരം നഷ്ടപ്പെടുമായിരുന്നില്ലേ എന്നാണ് അദ്ദേഹം ചിന്തിച്ചത്.
യാത്ര തുടങ്ങും മുന്‍പേ ഭയം
ആ ഡല്‍ഹി വിമാനത്തില്‍ മോഹന്‍ കുമാരമംഗലം എന്നൊരു കേന്ദ്രമന്ത്രി കൂടിയുണ്ടായിരുന്നു. മെയ് 22ന് ഡല്‍ഹിക്കു മടങ്ങേണ്ടിയിരുന്ന കുമാരമംഗലം മടക്കയാത്ര നീട്ടുകയായിരുന്നു. ഫ്‌ളൈറ്റില്‍ ഒരുപാടു മലയാളികള്‍. സൊള്ളാനും പറയാനുമൊന്നും പ്രയാസമില്ലെങ്കിലും മാധവന്‍കുട്ടി അസ്വസ്ഥനായിരുന്നു, പേടിച്ചിരിപ്പായിരുന്നു യാത്രയില്‍ ഉടനീളം.
പേടിയും ടെന്‍ഷനും അദ്ദേഹത്തിന്റെ സഹയാത്രികനാണ്. ചെറുതും വലുതുമായ ഒരുപാട് അപകടങ്ങള്‍ ജീവിതത്തില്‍ അതിനുമുന്‍പ് ഉണ്ടായിട്ടുണ്ട്, ഭാഗ്യം കൊണ്ടാണ് ഓരോന്നില്‍നിന്നും രക്ഷപ്പെട്ടത് എന്നൊക്കെ അദ്ദേഹം ഓരോ വിമാനയാത്രയ്ക്കുമുന്‍പും ഓര്‍ക്കാറുണ്ട്. ഒരുപാടു വിമാനയാത്രകള്‍ നടത്തിയ ആളാണെങ്കിലും ഓരോ യാത്രയും ഭീതിയോടെയാണു തുടങ്ങുന്നത്. ചെറിയ ഇളക്കങ്ങള്‍ പോലും ഞെട്ടലുണ്ടാക്കും. ഇതു പൊതുവെ എല്ലാ വിമാനയാത്രികര്‍ക്കും ഉള്ളതാണെങ്കിലും മാധവന്‍കുട്ടിയുടെ അവസ്ഥ ഒന്നുവേറെ തന്നെയായിരുന്നു അപകടഭീതി ഒരിക്കലും വിട്ടൊഴിയാറില്ല.
വിമാനാപകടത്തില്‍നിന്നു രക്ഷപ്പെട്ട ശേഷം അദ്ദേഹം ‘അപകടം എന്റെ സഹയാത്രികന്‍’ എന്ന പേരിലൊരു പുസ്തകം എഴുതിയിട്ടുണ്ട്. പുസ്തകത്തിന്റെ ആദ്യാധ്യായം തന്റെ അപകടപ്പേടികളുടെ വിവരണമാണ്. വിമാനത്തില്‍ കേറണമെന്നില്ല, വെറുതെ നടക്കുമ്പോള്‍പ്പോലും വീഴുമോ വാഹനം വന്നിടിക്കുമോ എന്ന ഭയം കൊണ്ടുനടക്കുന്ന ആളാണ്. ആറുമാസം പ്രായമുള്ളപ്പോള്‍ ഒരമ്മാമന്‍ തോക്ക് വൃത്തിയാക്കുമ്പോള്‍ പാഞ്ഞുപോയ വെടിയുണ്ട തന്റെ തലയ്ക്കു കൊള്ളാതിരുന്നത് ആരുടെയോ ഭാഗ്യം കൊണ്ടാണെന്നു പറഞ്ഞറിഞ്ഞതു പില്‍ക്കാല ഫോബിയകള്‍ക്കു കാരണമായിരിക്കാം
. തോണിയില്‍പോയപ്പോഴും സൈക്കിളില്‍ കേറിയപ്പോഴും സ്‌കൂട്ടറില്‍ സഞ്ചരിച്ചപ്പോഴും ബ്ലെയ്ഡ് എടുത്ത് എന്തോ മുറിച്ചപ്പോഴും കാറോടിച്ചപ്പോഴുമെല്ലാം അപകടമുണ്ടായ അനുഭവമുള്ള ആളെ വിമാനമാണോ വെറുതെ വിടാന്‍ പോകുന്നത്!
ഒരു കൂട്ടനിലവിളി പോലുമില്ലാതെയാണു വിമാനം പിളര്‍ന്നു തകര്‍ന്നതും താന്‍ തെറിച്ചു പുറത്തുവീണതും അവശിഷ്ടവിമാനം കത്തിയെരിഞ്ഞതും എന്ന് മാധവന്‍കുട്ടി ഓര്‍ക്കുന്നു. പരിഭ്രാന്തി നിറഞ്ഞ നീണ്ട യാത്രയ്‌ക്കൊടുവില്‍ ഇതാ സുരക്ഷിതമായി എത്തി എന്ന് ആശ്വസിക്കാവുന്ന ഘട്ടമാണല്ലോ ലാന്‍ഡിങ്.
അതിനും നിമിഷങ്ങള്‍ക്കു മുന്‍പുമാത്രം ഡല്‍ഹി വിമാനത്താവളത്തിനു മുകളിലാണു വിമാനം തകര്‍ന്നത്. ഇരുന്ന സീറ്റോടെ അദ്ദേഹം തെറിച്ചുപോകുകയാണുണ്ടായത്. കാര്യമായൊന്നും തനിക്കു പറ്റിയിട്ടില്ല എന്നദ്ദേഹത്തിനു മനസിലായി. പക്ഷേ, കൂടെ ഉണ്ടായിരുന്നവരെക്കുറിച്ചൊന്നും അറിയില്ല. അവരെത്തിരഞ്ഞു നടക്കാനും നിവൃത്തിയില്ല. വിമാനം കത്തുന്ന വെളിച്ചമേ ഉള്ളൂ. ഒന്നുരണ്ടുപേര്‍ കൂടി വലിയ പരുക്കില്ലാതെ തനിക്കൊപ്പം ഉണ്ടെന്ന് അദ്ദേഹത്തിനു മനസിലായി. മുന്നില്‍കണ്ട വഴിയിലൂടെ വേഗം നടന്നു. തൊട്ടടുത്തു വലിയ ചാല്‍ കണ്ടപ്പോള്‍ ആശ്വസിച്ചു. അതിലാണു വിമാനം വീണിരുന്നതെങ്കില്‍ ഒരാളും ബാക്കിയുണ്ടാകുമായിരുന്നില്ല.
ആദ്യവിളി പത്രത്തിലേക്ക്
അപകടസ്ഥലത്തേക്ക് ആളുകള്‍ ഓടിക്കൂടുന്നുണ്ടായിരുന്നു. മിക്കവരുടെയും നോട്ടം കിട്ടുന്ന പെട്ടിയും സാധനങ്ങളും തട്ടിയെടുക്കാനായിരുന്നു എന്നും അദ്ദേഹത്തിന് ഓട്ടത്തിനിടയില്‍ മനസിലായി. അധികം വൈകാതെ അവര്‍ക്ക് ഒരു റോഡില്‍ എത്താനായി. പട്ടാളത്തിന്റെ ഒരു വാഹനം അവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ചികിത്സയ്ക്ക് ഡോക്ടറെത്തും മുന്‍പ് മാധവന്‍കുട്ടി അടുത്തുള്ള ടെലഫോണ്‍ കണ്ടെത്തി മാതൃഭൂമിയുടെ കോഴിക്കോട്ടെ ഓഫിസില്‍ ന്യൂസ് എഡിറ്റര്‍ വിംസി എന്നറിയപ്പെടുന്ന വി.എം ബാലചന്ദ്രനെ വിവരമറിയിച്ചു. എഴുതിയയക്കാനൊന്നും വയ്യ. കിട്ടിയേടത്തോളം വിവരങ്ങള്‍ ഫോണില്‍ അറിയിച്ചു. മരണം സംബന്ധിച്ച കൃത്യവിവരങ്ങള്‍ രാത്രി മറ്റു ലേഖകന്മാരും വാര്‍ത്താ ഏജന്‍സികളും ശേഖരിച്ചു. രാത്രി വൈകി മാധവന്‍കുട്ടിയെ ഡോക്ടര്‍മാര്‍ ഗുരുതരമല്ലാത്ത പരുക്കുകള്‍ക്കുള്ള ചികിത്സകള്‍ ചെയ്യുമ്പോള്‍ വി.കെ മാധവന്‍കുട്ടി എന്ന ബൈലൈനോടെ വെണ്ടക്ക തലക്കെട്ടിലുള്ള വാര്‍ത്ത അടങ്ങിയ മാതൃഭൂമി കോഴിക്കോട്ട് അച്ചടി തുടങ്ങിയിരുന്നു. വാര്‍ത്തയ്ക്കു വളരെയേറെ പ്രാധാന്യംകിട്ടി. മാധവന്‍കുട്ടി രക്ഷപ്പെട്ടതുകൊണ്ടല്ല കേന്ദ്രമന്ത്രി മോഹന്‍ കുമാരമംഗലം ഉള്‍പ്പെടെ ധാരാളമാളുകള്‍ മരിച്ചതുകൊണ്ട്.
മാധവന്‍കുട്ടി രക്ഷപ്പെട്ടതിനും പത്രങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. ഈശ്വരന്‍ സ്വന്തം ലേഖകനെ രക്ഷപ്പെടുത്തി എന്നാണ് ഒരു പത്രം നല്‍കിയ തലക്കെട്ട്. കാരണമുണ്ട്. മാധവന്‍കുട്ടിയുടെ പുസ്തകങ്ങളിലൊന്നിന്റെ തലക്കെട്ട് ‘ഈശ്വരന്‍ സ്വന്തം ലേഖകനോട് സംസാരിക്കുന്നു’ എന്നായിരുന്നു. അപകടത്തില്‍ മരിച്ചില്ലെങ്കില്‍ പിന്നെ കേള്‍ക്കുന്നതും കാണുന്നതുമെല്ലാം തമാശകളായി ആസ്വദിക്കാനാകുമല്ലോ. മാധവന്‍കുട്ടി രക്ഷപ്പെട്ട വിവരം അറിഞ്ഞ് ഒരു സുഹൃത്ത് അയച്ച ടെലഗ്രാമിലെ വാചകം ഇതാ ഇങ്ങിനെതാങ്കള്‍ അപകടത്തില്‍ രക്ഷപ്പെട്ടുവെന്ന വാര്‍ത്ത എന്നെ നടുക്കുന്നു! ഷോക്ക്ഡ് എന്നതിന്റെ അര്‍ഥമോര്‍ത്ത് ചിരിച്ചുപോയതായി മാധവന്‍കുട്ടി എഴുതിയിട്ടുണ്ട്.
അപകടത്തില്‍ രക്ഷപ്പെട്ടതു കുറേക്കാലത്തേക്കു വലിയ പ്രശസ്തി ഉണ്ടാക്കി. കുറച്ചുകാലം ട്രെയിനിലേ യാത്ര ചെയ്തുള്ളൂ. ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടിയപ്പോള്‍ ആളെ തിരിച്ചറിഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥര്‍ സീറ്റ് അനുവദിച്ച അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. തീവണ്ടിയില്‍ താന്‍ ഉയരത്തില്‍ സഞ്ചരിക്കേണ്ട എന്നുകരുതിയാകണം ചിലര്‍ തനിക്കു ദയാപൂര്‍വം ലോവര്‍ബര്‍ത്ത് ഒഴിഞ്ഞുതന്നതെന്ന തമാശയും മാധവന്‍കുട്ടി എഴുതിയിട്ടുണ്ട്.. പിന്നീടു കുറച്ചുകാലം കഴിഞ്ഞു വിമാനയാത്ര പുനരാരംഭിച്ചപ്പോള്‍ വിമാനത്തിലെ തന്റെ സാന്നിധ്യം ഒരുപാടു യാത്രക്കാര്‍ ദുശ്ശകുനമായി കണ്ടതും ഓര്‍ക്കുന്നു. ചിലരെല്ലാം വന്ന് ഏത് സീറ്റിലാണ് അന്ന് ഇരുന്നത് എന്നു ചോദിച്ചറിഞ്ഞ് അതൊരു രക്ഷാമാര്‍ഗമായി കണക്കാക്കി അതേ സീറ്റ് ചോദിച്ചുവാങ്ങിയ സംഭവങ്ങളുമുണ്ട്.
അപകടം സഹയാത്രികന്‍!
1956 മുതല്‍ ഡല്‍ഹി ലേഖകനായിരുന്ന അദ്ദേഹം 198790 കാലത്താണ് മാതൃഭൂമി പത്രാധിപരായി കോഴിക്കോട്ടു പ്രവര്‍ത്തിച്ചത്. അദ്ദേഹം പത്രാധിപരാകുന്നു എന്നറിഞ്ഞപ്പോള്‍, ‘അപകടം എന്റെ സഹയാത്രികന്‍’ എഴുതിയ അദ്ദേഹത്തെ അപകടം വിട്ടൊഴിഞ്ഞിട്ടില്ലല്ലോ എന്നു പരിഹസിച്ചവരുമുണ്ട്. പില്‍ക്കാലത്തു വേറെ വലിയ അപകടങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും ചെറിയവ തുടര്‍ന്നു. അതും പുസ്തകരൂപത്തിലാക്കിയിട്ടുണ്ട്’നിഴല്‍ പോലെ അവന്‍ വീണ്ടും.’
വിമാനയാത്ര പേടിയായിരുന്നെങ്കിലും വിദേശയാത്രകള്‍ അദ്ദേഹത്തെ എക്കാലത്തും ഹരം പിടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരുതന്നെ ‘പത്രപ്രവര്‍ത്തനം ഒരു യാത്ര’ എന്നാണല്ലോ. നിരന്തരം വിദേശയാത്ര നടത്തിയ അദ്ദേഹത്തെക്കുറിച്ച് ‘ഇടയ്‌ക്കെല്ലാം അദ്ദേഹം ഇന്ത്യയിലും വരാറുണ്ട് ‘എന്ന് കളിയാക്കാറുണ്ട് മാതൃഭൂമി മാനേജിങ് ഡയരക്ടര്‍ എം.പി വീരേന്ദ്രകുമാര്‍.
ആത്മകഥാംശമുള്ള മൂന്നു കൃതികളും ഒരു ജീവചരിത്രവും (വി.കെ കൃഷ്ണമേനോന്‍) ഒരു നോവലും ഉള്‍പ്പെടെ പത്തു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മിക്കതിനും ഇംഗ്ലീഷ് പരിഭാഷകളുണ്ട്. അദ്ദേഹം 2005 നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ അന്തരിച്ചു. ഭാഗ്യവാനായ മറ്റേ ഡല്‍ഹി ലേഖകന്റെ കാര്യം പറഞ്ഞില്ല, അല്ലേ?അതടുത്ത തവണയാകാം.