ഹൈ കമാന്‍ഡ് പകര്‍ച്ചവ്യാധി

ഇന്ദ്രൻ

ഹൈക്കമാന്‍ഡ് കോണ്‍ഗ്രസ്സില്‍ മാത്രമാണ് ഉള്ളതെന്ന ധാരണ ശരിയല്ല. അതൊരു വ്യക്തിയോ കമ്മിറ്റിയോ കൗണ്‍സിലോ അല്ല, അതൊരു അസുഖമാണ്. ഒരിക്കല്‍ പിടിപെട്ടാല്‍ മോചനമില്ല. ഉയരത്തില്‍ ഇരുന്ന് താഴേക്ക് കമാന്‍ഡ് കൊടുത്തുകൊണ്ടേയിരിക്കും എന്നതാണ് ലക്ഷണം. സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമാണെങ്കിലോ, കമാന്‍ഡുകള്‍ വെള്ളച്ചാട്ടം പോലെ കുത്തിയൊഴുകും. പല പാര്‍ട്ടികളിലേക്കും പകര്‍ന്നിരിക്കുന്ന വ്യാധി..

സംസ്ഥാനത്തെ പാര്‍ട്ടികാര്യങ്ങള്‍ നോക്കാന്‍ അവിടെയിരിക്കുന്നവര്‍ കൊള്ളില്ല എന്ന ബോധമാണ് ഈ രോഗത്തിലേക്ക് നയിക്കുന്നത്. കുടുംബാധിപത്യപാര്‍ട്ടികളില്‍ പാരമ്പര്യമായി പകരുന്നതാണ് രോഗമെന്ന് മുമ്പ് കരുതിയിരുന്നുവെങ്കിലും ഇപ്പോഴത് സാര്‍വത്രികമായി കണ്ടുവരുന്നുണ്ട്. എങ്കിലും പാരമ്പര്യമായി കിട്ടുന്നതിന്റെ വിഗറൊന്നും സഹവാസം കൊണ്ട് രോഗം കിട്ടുന്നവരില്‍ കാണാറില്ല. ഹൈക്കമാന്‍ഡ് എന്ന രോഗനാമത്തിന്റെ ഉത്ഭവം കോണ്‍ഗ്രസ്സിലാണെങ്കിലും കാലനിര്‍ണയം സാധ്യമായിട്ടില്ല. കാലംകുറെ പഴകിയതുകൊണ്ട് കോണ്‍ഗ്രസ്സുകാര്‍ക്ക്  ഇതൊരു രോഗമാണെന്ന തോന്നല്‍തന്നെയില്ലാതായിട്ടുണ്ട്.  ചില മനോരോഗങ്ങള്‍ അങ്ങനെയാണല്ലോ. അസുഖമുണ്ട്, ഡോക്റ്ററെക്കാണണം എന്നു നിര്‍ബന്ധിച്ചാല്‍ അവര്‍ കൂടെവരും. ഡോക്റ്ററുടെ അടുത്തെത്തിയാല്‍ ഒട്ടും പരിഭ്രമിക്കാതെ നമ്മളെ ചൂണ്ടിപ്പറയും- സാറേ ഇയാള്‍ക്ക് കാര്യമായ അസുഖമുണ്ട്. ഷോക്ക് കൊടുക്കണം എന്ന്. അസുഖം ആസ്വദിക്കുന്നവരാണ് കോണ്‍ഗ്രസ്സിന്റെ സംസ്ഥാനതലപ്പത്തും ഇരിക്കുന്നത്. ഹൈക്കമാന്‍ഡിനോടു പറഞ്ഞു മൂക്കുമുറിപ്പിക്കും എന്ന് പേടിപ്പിച്ച് വിമതരെ ഒതുക്കാം. തീരുമാനങ്ങള്‍ സ്വയം എടുക്കുകയും ചെയ്യാം. സ്ഥാനാര്‍ത്ഥിനിര്‍ണയംതന്നെ കണ്ടില്ലേ? ഓരോ സീറ്റിനും സ്ഥാനാര്‍ത്ഥിയാകേണ്ടവരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കി ഹൈക്കമാന്‍ഡിന് കൊടുക്കും. ചുരുക്കപ്പട്ടിക എന്നു വിളിക്കുമെന്നേ ഉള്ളൂ. ദീര്‍ഘപ്പട്ടികയാണ്. ഡി.സി.സി. സിക്രട്ടറിമാരുടെ എണ്ണംപോലെ രണ്ടക്കത്തിലേക്ക് കടക്കും. എല്ലാ മണ്ഡലങ്ങളിലെയും ആദ്യപേര് ഡി.സി.സി. പ്രസിഡന്റിന്റേതാകണം എന്ന് സ്റ്റാന്‍ഡിങ്ങ് ഇന്‍സ്ട്രക്ഷന്‍ ഉള്ളതായി പറഞ്ഞുകേള്‍ക്കുന്നു.

കുറച്ചായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു ശക്തിക്ഷയം സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ലിസ്റ്റ് ഉണ്ടാക്കിയവര്‍ തന്നെ ഡല്‍ഹിക്കു പറന്ന് സ്ഥാനാര്‍ത്ഥിപ്രഖ്യാപനം നടത്തും എന്ന നിലയായിട്ടുണ്ടത്രെ. പാര്‍ട്ടിയിലെ മൂന്നു കൊമ്പന്മാരും നിയമസഭയിലേക്ക് മത്സരിക്കണമെന്ന തീരുമാനം സംസ്ഥാനത്തുള്ളവരുടെ മനസ്സറിഞ്ഞുതന്നെയാവണം. മൂന്നുപേരും ജയിക്കുകയും അബദ്ധവശാല്‍ ഭൂരിപക്ഷം കിട്ടുകയും ചെയ്തുപോയാലോ?  എന്തുചെയ്യും എന്നൊന്നും ചോദിക്കരുത്. അറ്റകൈക്ക് നറുക്കെടുക്കും. അതിനൊന്നും പടച്ചോന്‍ ഇടയാക്കില്ല എന്നൊരു സമാധാനമേ ഹൈക്കമാന്‍ഡിന് ഇപ്പോഴുള്ളൂ.

സമീപകാലത്തായി എയര്‍ ഇന്ത്യ പ്രവര്‍ത്തനനഷ്ടം നികത്തിയതു മോദിജിയുടെ അത്ഭുതപ്രവര്‍ത്തി കൊണ്ടോ എണ്ണവില കുറുഞ്ഞതുകൊണ്ടോ അല്ലത്രെ. വിവിധ പാര്‍ട്ടികളുടെ സംസ്ഥാനനേതാക്കള്‍ ഒന്നടങ്കം ഹൈ കമാന്‍ഡര്‍മാരെ കാണാന്‍ ഡല്‍ഹിയിലേക്ക് ഷട്ട്ല്‍ സര്‍വീസ് നടത്തുന്നതാണത്രെ വിമാനക്കമ്പനിയുടെ വരുമാനം കൂടാന്‍ കാരണം!  പല സംസ്ഥാനങ്ങളിലും നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് യാത്രകള്‍ക്ക് കൈയും കണക്കുമില്ല. സംഗതി ശീലമായിക്കഴിഞ്ഞാല്‍ പിന്നെ തിരഞ്ഞെടുപ്പൊന്നും വേണമെന്നില്ല, ആഴ്ചയില്‍ ഒന്നും രണ്ടും തവണ ഡല്‍ഹിക്കുവിമാനം കയറിയില്ലെങ്കില്‍ ഉറക്കം കിട്ടില്ലെന്നാവും. നമ്മുടെ മുഖ്യമന്ത്രിയെപ്പോലെ ചിലര്‍ ശരിക്കൊന്നുറങ്ങുന്നതുതന്നെ ഡല്‍ഹിക്ക് വിമാനം കയറിയാലാണെന്നും കേള്‍ക്കുന്നുണ്ട്. ആവോ.

ഒടുവില്‍ രോഗം കടുപ്പത്തില്‍ പിടിപെട്ടത് ബി.ജെ.പി.യെ ആണ്. ഓരോരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് അവിടെയാണത്രെ. ഇവിടെ കുത്തിയിരുന്നു നക്ഷത്രംനോക്കിയും ജാതകം നോക്കിയും ഉണ്ടാക്കിയയച്ച ലിസ്റ്റ് ഹൈ കമാന്‍ഡര്‍മാര്‍ നിഷ്‌കരുണം തിരിച്ചയക്കുകയാണത്രെ. കലികാലംതന്നെ. മൂന്നോ നാലോ പേരിരിക്കുന്ന സമിതിയാവും അതെന്നൊന്നും ധരിക്കേണ്ട. മൂന്നോ നാലോ ആളുടെ തടിയും വണ്ണവും ഉള്ള ഒരാളാണത്രെ അവിടെയിരിക്കുന്നത്. താടിയുമുണ്ട്. താടിയുള്ള സംസ്ഥാനപ്രസിഡന്റിനെ താഴോട്ടിറക്കുകയായിരുന്നുവല്ലോ. സ്ഥാനാര്‍ത്ഥികളെയും അങ്ങനെ ഇറക്കുമായിരിക്കും. പാര്‍ട്ടിക്ക് ഒരു സീറ്റുകിട്ടിമോ അതല്ല രണ്ടുകിട്ടുമോ എന്നു വാതുവെക്കുമ്പോഴാണ് ഈ ഹൈക്കമാന്‍ഡര്‍മാരുടെ ഭാവവും നോട്ടവും. കണ്ടാല്‍ പേടിച്ചു പോകും. മൂന്നില്‍ രണ്ടുകിട്ടുമോ അതല്ല കേവലഭൂരിപക്ഷം മാത്രമാകുമോ എന്നു ചര്‍ച്ച ചെയ്യുന്ന അവസ്ഥയുണ്ടായാല്‍ എന്തായിരിക്കും അവസ്ഥ? ദൈവം കരുണയുള്ളവനല്ലേ, അങ്ങനെയൊരു അപകടം വരുത്തില്ലായിരിക്കും.

ഈയിടെയായി സി.പി.എമ്മിനും രോഗം കുറച്ചേറുന്നുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാനനേതൃത്വത്തില്‍ ഇരിക്കുന്നത് സീനിയര്‍ സിറ്റിസണ്‍സാണ്. കേന്ദ്രത്തില്‍ ഉള്ളതാവട്ടെ ജൂനിയേഴ്‌സ്. അവര്‍ എല്‍.പി.സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കേന്ദ്രകമ്മിറ്റിയംഗങ്ങളായിരുന്നു ഇവിടത്തെ നേതാക്കള്‍. അതാണ് പ്രശ്‌നം. കാരന്നോന്മാരുടെ തര്‍ക്കത്തിനും കുതന്ത്രത്തിനും അനന്തരവ•ാരാണ് മധ്യം പിടിക്കുന്നത്. ഞാന്‍ ഞാന്‍ മുഖ്യമന്ത്രി എന്നു വല്യമ്മാമ വാശി പിടിച്ചാല്‍  അനന്തരവ ഹൈക്കമാന്‍ഡ് എന്തുചെയ്യും? ഇടപെടുക തന്നെ. സംസ്ഥാനക്കമ്മിറ്റിയിലൊന്നും വല്യകാര്‍ന്നോര്‍ക്ക് സ്വാധീനംപോര. അവിടെ ഇളയ കാര്‍ന്നോരുടെ ഭരണമാണ്. ഡല്‍ഹിയിലെ എക്‌സ് ജെ.എന്‍.യു അനന്തരവന്മാര്‍ക്കേ വലിയ കാര്‍ന്നോരോട് ലേശമെങ്കിലും പ്രതിപത്തിയുള്ളൂ. സ്ഥാനാര്‍ത്ഥികളെ ഡല്‍ഹിയിലാണത്രെ തീരുമാനിക്കുക. ജയിച്ചാല്‍ മുഖ്യമന്ത്രിയെയും അവര്‍ തീരുമാനിക്കുമത്രെ.

സി.പി.എമ്മിലെയും കോണ്‍ഗ്രസ്സിലെയും ഹൈക്കമാന്‍ഡുകള്‍ ഒരു കാര്യത്തില്‍ തു ല്യരാണ്. സ്വന്തമായി മത്സരിച്ച് ജയിക്കാന്‍ ഈ ധീര കമാന്‍ഡര്‍മാര്‍ക്കൊന്നും ഇന്ത്യയിലെങ്ങും ഇടമില്ല. കേരളത്തിലേ ലേശമെങ്കിലും പച്ചപ്പ് ബാക്കിയുള്ളൂ.

****

വഴിമുടക്കി നില്‍ക്കുന്ന പഴയ നേതാക്കള്‍ മാറണമെന്നും യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നുമുള്ള വികാരനിര്‍ഭരമായ മുറവിളി ഇക്കുറിയും കോണ്‍ഗ്രസ്സില്‍നിന്നുയരുന്നുണ്ട്. കേട്ടാല്‍ വഴിയെ പോകുന്നവര്‍ക്കും കണ്ണീരുവരും. എന്തൊരു മഹാപാപമാണ് ഈ കാര്‍ന്നോന്മാര്‍ ചെയ്യുന്നത്? പരസ്സഹായമില്ലാതെ എഴുന്നേറ്റുനില്‍ക്കാന്‍ കഴിയാതാകുംവരെ എം.എല്‍.എ.യും എം.പി.യും ആകണമെന്ന് അവര്‍ വാശിപിടിച്ചാല്‍ യുവകേസരികള്‍ എന്തുചെയ്യും? എന്നെങ്കിലുമൊന്ന് അവരുടെ മാവും പൂക്കേണ്ടേ?

ഒരു കാര്യത്തില്‍ തീരുമാനത്തിലെത്തണം. പാര്‍ട്ടിയിലും പെന്‍ഷന്‍പ്രായം തീരുമാനിക്കണം. പെന്‍ഷന്‍ കാശായി കൊടുക്കണമെന്നില്ല. വല്ലപ്പോഴും വിളിച്ച് ഒരു പൊന്നാട അണിയിച്ചാല്‍ മതി. ഒരാളെ എത്ര തവണ സ്വന്തം മണ്ഡലത്തില്‍ മത്സരിക്കാന്‍ അനുവദിക്കണം എന്ന കാര്യത്തില്‍ പരിധി വേണം. അഞ്ചുതവണ? പത്തുതവണ? ഉയര്‍ന്ന പ്രായം എത്രയാണ്? 72 മതിയോ, അല്ല തൊണ്ണൂറ്റിരണ്ടായാലോ?  ജനം ജയിപ്പിക്കുന്നത് പാര്‍ട്ടിയെയോ മുന്നണിയെയോ ആണ്. രണ്ടും ഒരു മണ്ഡലത്തില്‍ ശക്തമെങ്കില്‍ ഒരേ സ്ഥാനാര്‍ത്ഥി ജയിച്ചുകൊണ്ടേ ഇരിക്കും. സ്വന്തം കഴിവിലാണ് ജയിക്കുന്നത് എന്നു വീമ്പുപറഞ്ഞുനടക്കും. എന്താണ് കഴിവിന്റെ മാനദണ്ഡം? നിയമസഭയുടെ എല്ലാ യോഗങ്ങളിലും കൃത്യമായി പങ്കെടുക്കുകയും ചര്‍ച്ചകളില്‍ പഠിച്ചുപറയുകയും നിയമനിര്‍മാണത്തില്‍ ബുദ്ധിപരമായ ഇടപെടല്‍ നടത്തുകയും ചെയ്യുക എന്നതാണോ? അതല്ല, മരിച്ചേടത്തും പെറ്റേടത്തും കൃത്യമായി എത്തുന്നതോ?

ഒരു കാര്യമുണ്ട്. കസേരയില്‍ പിടിവിടാതെ തൂങ്ങിക്കിടക്കുന്ന കാര്‍ന്നോമ്മാരും പണ്ട് യുവകേസരികളായിരുന്നു. അന്നത്തെ കാര്‍ന്നോമ്മാരെ പിടിച്ചിറക്കിയാണ് അവര്‍ കയറിപ്പറ്റിയത്. ഒരിക്കല്‍ കസേരയിലെത്തിയാല്‍ പിന്നെ ഇറങ്ങരുത്. എതിര്‍പോസ്റ്ററുകളും ബാനറുകളും കണ്ട് വിരണ്ടുപോകരുത്. പോകാന്‍പറ. റിട്ടയര്‍മെന്റ് പ്രായം കൂട്ടുന്നതിനെതിരെ പി.എസ്.സി. റാങ്കുലിസ്റ്റില്‍ പേരുള്ളവരൊക്കെ സമരം ചെയ്യണം. നിയമനം കിട്ടിയാല്‍ പിറ്റേന്നുമുതല്‍ റിട്ടയര്‍മെന്റ് പ്രായം ഉയര്‍ത്തിക്കിട്ടുന്നതിനുവേണ്ടിയുള്ള സമരത്തിനുപോകണം. കൈകാണിക്കുന്ന ബസ് നിര്‍ത്തിയില്ലെങ്കില്‍ രോഷംകൊള്ളണം. നിര്‍ത്തി കയറിക്കിട്ടിയാല്‍ ബസ് അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തുന്നത് സഹിക്കില്ല. കാര്‍ന്നോന്മാര്‍ വഴിമാറണമെന്ന് ആക്രോശിക്കണം. നമ്മള്‍ കേറിയില്‍ പിന്നെ ഇറങ്ങരുത്. അങ്ങിനെ വേണം മനുഷ്യരായാല്‍.

****
പ്രതിപക്ഷനേതാവ് എന്തൊരു ഭാഗ്യവാനാണ്‍ സ്പീക്കര്‍ രാജിവെക്കണം എന്ന് ആവശ്യപ്പെടാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. ആഴ്ചയില്‍ രണ്ട് എന്ന നിരക്കില്‍ ഈ ടേമില്‍ ഏതാണ്ട് 450 തവണ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ടിരിക്കണം അദ്ദേഹം. ഗിന്നസ് ബുക്കുകാര്‍ക്ക് വിവരംകിട്ടാഞ്ഞിട്ടാണ്. ഇതുപക്ഷേ ഏത് പ്രതിപക്ഷനേതാവിനും ചെയ്യാവുന്നതേ ഉള്ളൂ. സ്പീക്കര്‍ രാജിവെക്കണം എന്നുപ്രസ്താവിക്കാന്‍ അവസരം കിട്ടുക അസാധാരണമാണ്. ശക്തന്‍ അതിനുള്ള അവസരമുണ്ടാക്കി.

രാജിക്കടലാസ്സുമായി വന്ന പി.സി.ജോര്‍ജില്‍നിന്ന് അതുവാങ്ങി ദൂരെക്കളഞ്ഞിട്ട് അങ്ങേരെ പുറത്താക്കിക്കളഞ്ഞു നിഷ്പക്ഷനും ശക്തനും ദുര്‍ബലഗാത്രനുമായ സ്പീക്കര്‍. മരിക്കാന്‍ തുനിഞ്ഞവനെ തല്ലിക്കൊല്ലുംപോലുള്ള ക്രൂരതയാണിതെന്ന് പറഞ്ഞു പല വിമര്‍ശകരും. സത്യംതന്നെ.

രാജിവെച്ചവരെ പുറത്താക്കുന്ന സമ്പ്രദായം ലോകത്ത് നിലനില്‍ക്കുന്നത് സി.പി.എമ്മില്‍ മാത്രമാണ് എന്നൊരു ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന വായിക്കുന്നതിനുപകരം സ്പീക്കര്‍ അബദ്ധത്തില്‍ സി.പി.എം. ഭരണഘടനയോ മറ്റോ വായിച്ചുപോയോ? പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നത് പാര്‍ട്ടിവിരുദ്ധനടപടി ആകുന്നതുപോലെ നിയമസഭയില്‍നിന്ന് രാജിവെക്കുന്നത് സഭയുടെ അവകാശലംഘനം ആണെന്നു ധരിച്ചുവോ എന്തോ.

Leave a Reply

Your email address will not be published. Required fields are marked *

Go Top