ബസു ചെയ്യാഞ്ഞതും ബുദ്ധ ചെയ്തതും

എൻ.പി.രാജേന്ദ്രൻ

ദക്ഷിണേന്ത്യന്‍ ഭക്ഷണം കിട്ടുന്ന ഹോട്ടല്‍ അന്വേഷിച്ചുപോയപ്പോഴാണ് ലേക് മാര്‍ക്കറ്റിലെ രാജാ പാന്‍ ഷോപ്പിനുമുന്നിലെത്തിയത്. മലയാള പ്രസിദ്ധീകരണങ്ങള്‍ തൂങ്ങിക്കിടക്കുന്നുണ്ട്. തലശ്ശേരി തിരുവങ്ങാട്ടുകാരന്‍ കെ. രാജന്‍ ആണ് ഉടമ. പത്രങ്ങളൊന്നും വരാറില്ലേ രാജാ… ചോദിച്ചപ്പോള്‍ രാജന്‍ സങ്കടം പറഞ്ഞു.

മലയാളപത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയുമെല്ലാം വില്പന കുറയുകയാണ്. കാരണം, കൊല്‍ക്കത്തയില്‍ മലയാളികളുടെ എണ്ണം കുറഞ്ഞുവരികയാണ്. പണ്ട് ഓഫീസുകളില്‍ സ്റ്റെനോഗ്രാഫറും ടൈപ്പിസ്റ്റുമെല്ലാമായാണ് ധാരാളം മലയാളികള്‍ വന്നുകൊണ്ടിരുന്നത്. ഇപ്പോള്‍ ആവക ജോലികള്‍ തന്നെയില്ല. നഴ്‌സുമാരേ ഇപ്പോള്‍ ജോലി കിട്ടി കൊല്‍ക്കത്തയില്‍ വരുന്നുള്ളൂ. അതും കുറവാണ്. പുതിയ കാലത്തിന്റെ വ്യവസായങ്ങളായ ഐ.ടി.യും മറ്റും ഇവിടെ അത്രയൊക്കയേ ഉള്ളൂ. ഇപ്പോള്‍ കൊല്‍ക്കത്തയിലാകെ പതിനായിരം മലയാളികള്‍ ഉണ്ടായേക്കും. അത്രതന്നെ.
മലയാളികള്‍ കുറയുന്നു എന്നതല്ലല്ലോ പ്രശ്‌നം. ബംഗാള്‍ വ്യാവസായികമായി പിന്നിലേക്ക് പോകുന്നതിന്റെ തെളിവാണ് മലയാളികള്‍ കുറയുന്നു എന്നത്. ഒരുപക്ഷേ, മലയാളി സംഖ്യ ഗണ്യമായി കുറയുന്ന ഇന്ത്യയിലെ ഏക നഗരം കൊല്‍ക്കത്ത ആയിരിക്കും.

ചണവും ചായയും പരുത്തിയും എന്‍ജിനീയറിങ് ഉത്പന്നങ്ങളും കല്‍ക്കരിയുമെല്ലാം ലക്ഷങ്ങള്‍ക്ക് തൊഴിലേകിയ വ്യവസായങ്ങളായിരുന്നു. അറുപതുകളില്‍ ഏറ്റവും വ്യവസായവത്കൃതമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നില്‍ ഉണ്ടായിരുന്ന സംസ്ഥാനമാണ് അത്. 1995-96 ആയപ്പോഴേക്കും ബംഗാള്‍ കര്‍ണാടകയുടെയും യു.പി.യുടെയുംവരെ പിറകിലായി. ആക്രമണോത്സുകമായ ട്രേഡ് യൂണിയനിസമാണ് വ്യാവസായിക തകര്‍ച്ചയ്ക്ക് കാരണമെന്ന് സമരങ്ങളുടെ കണക്ക് നിരത്തി തൊഴിലുടമകള്‍ തെളിയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ലോക്കൗട്ടുകളാണ് ബംഗാളിനെ നശിപ്പിച്ചതെന്ന് തെളിയിക്കാനുള്ള കണക്കുകള്‍ തൊഴിലാളി സംഘടനകളുടെ കൈയില്‍ തീര്‍ച്ചയായും കണ്ടേക്കും. എന്തായാലും വ്യവസായങ്ങള്‍ക്ക് നിലനില്‍ക്കാന്‍ പറ്റിയതല്ല ബംഗാളിന്റെ മണ്ണ് എന്ന ദുഷ്‌പേര് എങ്ങുമെത്തിയിരുന്നു. അതില്‍ ഇടതുഭരണാധികാരികള്‍ക്ക് 2000 വരെ വലിയ പരിഭ്രമമൊന്നും തോന്നിയിരുന്നില്ല.

വ്യവസായം വരാന്‍ തൊഴില്‍മേഖലയിലെ സമാധാനം മാത്രം പോരാ. വൈദ്യുതി, റോഡ് തുടങ്ങിയ നിരവധി ഘടനാപരമായ സൗകര്യങ്ങളും അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ 1971-72 കാലത്ത് നാലാം സ്ഥാനമുണ്ടായിരുന്ന ബംഗാള്‍ 97-98-ല്‍ പതിന്നാലാം സ്ഥാനത്തായിരുന്നു. റോഡ്, റെയില്‍, തുറമുഖം വൈദ്യുതി,ടെലിഫോണ്‍, ബാങ്കിങ് സൗകര്യം, നികുതിവ്യവസ്ഥ തുടങ്ങിയ കാര്യങ്ങളിലെല്ലാം ബംഗാള്‍ പിറകോട്ട് പോയതായി തെളിയിക്കുന്ന എത്രയോ കണക്കുകള്‍ ബംഗാള്‍ സര്‍ക്കാര്‍ രേഖകളില്‍ത്തന്നെ ലഭ്യമാണ്.

ഭൂപരിഷ്‌കാരം വളര്‍ച്ചയുണ്ടാക്കി

1977-ല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്ന് പതിമ്മൂന്നുവര്‍ഷത്തോളം മറ്റുസംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്നതായിരുന്നു ബംഗാളിന്റെ വളര്‍ച്ചനിരക്ക്. അതിനു കാരണം ഭൂപരിഷ്‌കാരത്തെ തുടര്‍ന്നുള്ള കാര്‍ഷിക വികാസമായിരുന്നു. ഇന്ത്യയൊട്ടാകെ ത്രിതല പഞ്ചായത്തുകള്‍ വരുന്നതിന് 15 വര്‍ഷം മുമ്പ് ബംഗാളില്‍ ഇടതുപക്ഷം അതേര്‍പ്പെടുത്തിയിരുന്നു. ഇതു രണ്ടിന്റെയും ഫലമായുണ്ടായ വളര്‍ച്ചനിരക്കില്‍ തൃപ്തിപ്പെട്ടിരിക്കുകയായിരുന്നു ഭരണാധികാരികള്‍. കാര്‍ഷിക വളര്‍ച്ച കുറച്ചുകഴിഞ്ഞാല്‍ നിലയ്ക്കുമെന്നും പിന്നെ പിറകോട്ട് വരുമെന്നും മുന്‍കൂട്ടിക്കാണാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. വ്യവസായം തുടങ്ങേണ്ടവര്‍ തുടങ്ങിക്കോട്ടെ നമ്മളവരെ തടയുന്നില്ലല്ലോ എന്ന മട്ടിലുള്ള നിസ്സംഗതയും അവര്‍ പുലര്‍ത്തി. തൊഴിലാളികളെ ചൂഷണം ചെയ്യാനാണ് വര്‍ഗശത്രുക്കളായ വന്‍വ്യവസായികള്‍ വരുന്നതെന്ന കാര്യത്തില്‍ പാര്‍ട്ടിക്കൊടിക്കു പിന്നില്‍ അണിനിരക്കുന്ന തൊഴിലാളികള്‍ക്ക് സംശയമുണ്ടായിരുന്നില്ല.
ജ്യോതിബസുവിനെപ്പോലൊരു നേതാവിന് അധികാരം കിട്ടിയ ഉടനെ സ്വഭാവവും നിലപാടും മാറ്റാന്‍ കഴിയില്ലല്ലോ. അധികാരം കിട്ടുംവരെ തീവ്രവിപ്ലവകാരിയായിരുന്നു ബസു.

1973- ല്‍ കൊല്‍ക്കത്തയില്‍ ചര്‍ച്ചയ്ക്കുവന്ന ലോക ബാങ്ക് പ്രസിഡന്റ് റോബര്‍ട്ട് മക്‌നമാറയുടെ കാര്‍ തടയാന്‍ റോഡില്‍ കിടന്നത് ജ്യോതിബസുവായിരുന്നു. മുഖ്യമന്ത്രി ഡോ.ബി.സി. റോയ് കൊല്‍ക്കത്തയില്‍ മെട്രോറെയില്‍ സ്ഥാപിക്കാന്‍ പുറപ്പെട്ടപ്പോള്‍ അത് ജനങ്ങളുടെ സുരക്ഷിതത്വം നഷ്ടപ്പെടുത്തും എന്നുപറഞ്ഞ് എതിര്‍ക്കാന്‍പോയ ആളാണ് ജ്യോതിബസു. മുഖ്യമന്ത്രിയായ ശേഷവും അദ്ദേഹം ആ വാദം ഉപേക്ഷിച്ചിരുന്നില്ല. രണ്ടാമതൊരു മെട്രോറെയിലിനുള്ള പദ്ധതി 1977- ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയില്‍ സ്വാധീനം ചെലുത്തി ജ്യോതിബസു ഇല്ലാതാക്കിയെന്നത് ആരോപണമായിരുന്നില്ല; ബസുവിന്റെ അവകാശവാദം തന്നെയായിരുന്നു. കമ്പ്യൂട്ടറുകള്‍ക്കും നവോദയ സ്‌കൂള്‍ സ്ഥാപിക്കുന്നതിനെതിരെപ്പോലും സമരം ചെയ്തതൊന്നും ആളുകള്‍ മറന്നി
ട്ടില്ല.

ഇടതുതരംഗം ആഞ്ഞടിച്ച അറുപതുകളുടെ അവസാനത്തില്‍ തൊഴില്‍ത്തര്‍ക്കങ്ങളും തൊഴിലാളി സമരങ്ങളും ഒരുപാട് സ്ഥാപനങ്ങളുടെ കഥ കഴിച്ചു. തീവ്രവാദപരമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ഒരു ഭാഗത്ത്, നക്‌സല്‍സംഘടനകളുടെ അക്രമങ്ങള്‍ മറുവശത്ത്. ബംഗാള്‍ അസമാധാനത്തിന്റെ പര്യായപദമായി. തൊഴിലാളികള്‍ ഉടമയെ വളഞ്ഞുനിന്ന് വെള്ളംകുടിക്കാനും മൂത്രമൊഴിക്കാനും പോലും അനുവദിക്കാതെ അവകാശപത്രിക അംഗീകരിപ്പിക്കുന്നത് ന്യായമായ ഒരു തൊഴില്‍സമര രീതിയാണെന്ന് ഭരണാധികാരികള്‍ വാദിക്കുന്ന അവസ്ഥ കൂടിവരെ ഉണ്ടായി. ഘേരാവോ എന്ന സമരരൂപം ബംഗാളിന്റെ സംഭാവനയാണ്. രണ്ടായിരാമാണ്ടുവരെ ഈ അവസ്ഥയ്ക്ക് ഒരു മാറ്റവും വന്നില്ല. രോഗാതുരമാകുന്ന വ്യവസായങ്ങളുടെ എണ്ണത്തില്‍ ബംഗാളിനായിരുന്നു ഒന്നാം സ്ഥാനം.

2001- ല്‍ ഇന്ത്യയൊട്ടാകെ 24.96 ലക്ഷം രോഗാതുര ചെറുകിടവ്യവസായങ്ങളുണ്ടായിരുന്നതില്‍ പാതിയും ബംഗാളിലായിരുന്നു. ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനം കേരളത്തിനാണെന്നതിന് പ്രത്യേക അര്‍ഥം വല്ലതുമുണ്ടോ എന്നറിഞ്ഞുകൂടാ.

ബുദ്ധയുടെ ദുഃഖം!

എന്തായാലും 1977-2001 കാലം വ്യാവസായികമായി ബംഗാളിന് കഷ്ടകാലം തന്നെയായിരുന്നു. മൂലധന നിക്ഷേപം ഇന്ത്യയിലാകെ ഏഴിരട്ടിയായപ്പോള്‍ ബംഗാളിലത് നാലിരട്ടി മാത്രമായി ഒതുങ്ങിനിന്നു. ഇക്കാര്യത്തില്‍ സി.പി.എം. നയങ്ങള്‍ വഹിച്ച പങ്ക് 2001-നു ശേഷമുള്ള സി.പി.എം. നേതൃത്വം പരസ്യമായി ഏറ്റെടുത്തിട്ടുണ്ട്; മുഖ്യമന്ത്രി ബുദ്ധദേവ് പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട്.

ഗ്രാമവൈദ്യുതീകരണത്തില്‍ തമിഴ്‌നാടിന്റെയോ ഹരിയാണയുടെയോ അടുത്തെത്താന്‍ ബംഗാളിന് കഴിഞ്ഞില്ല. ബംഗാളില്‍ ഇഷ്ടം പോലെ വൈദ്യുതിയുണ്ട് എന്നാണ് സര്‍ക്കാര്‍ രേഖകളില്‍ കാണുന്നത്. പക്ഷേ, ആളുകള്‍ ഉപയോഗിക്കാത്തതുകൊണ്ടാണ് അത് അധികമുള്ളതായി കാണുന്നതെന്നതാണ് സത്യം. ഗ്രാമീണ വൈദ്യുതീകരണം ഇപ്പോഴും പൂര്‍ണമായിട്ടില്ല. ആളോഹരി വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ ബംഗാള്‍ 36 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുടെ കൂട്ടത്തില്‍ 25-ാം സ്ഥാനത്താണ് നില്‍ക്കുന്നത്.

വിദ്യാഭ്യാസകാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നിലായിരുന്നു സ്വാതന്ത്ര്യത്തിനുമുമ്പ് പോലും ബംഗാള്‍. പക്ഷേ, 2000 ആയപ്പോഴേക്ക് വ്യവസായങ്ങള്‍ക്ക് വേണ്ട വിദഗ്ധതൊഴിലാളികളെ ലഭ്യമാക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ ചുരുങ്ങിപ്പോയിരുന്നു ബംഗാളിന്റെ വിദ്യാഭ്യാസമേഖല. വലിയ തോതിലുള്ള മസ്തിഷ്‌ക ച്ചോര്‍ച്ചയാണ് അക്കാലത്തുണ്ടായത്. മുംബൈയും ബാംഗ്ലൂരും ഹൈദരാബാദും ലോകത്തിനു മുന്നില്‍ തങ്ങളെ മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ കൊല്‍ക്കത്തയെ ആരും ശ്രദ്ധിച്ചില്ല. ”ഭരണാധികാരികള്‍ മാര്‍ക്‌സിസം പറഞ്ഞതൊന്നും ആയിരുന്നില്ല ബംഗാളിന്റെ വീഴ്ചയുടെ കാരണം. ഭരണാധികാരികള്‍ ശരിക്ക് ഭരിക്കാതിരുന്നതുതന്നെയാണ്”-പ്രശസ്ത ബാങ്കറും സാമ്പത്തികകാര്യ നിരീക്ഷകനുമായ അഭീക് ബറുവ ജ്യോതിബസുവിന്റെ ഭരണകാലം വിലയിരുത്തിക്കൊണ്ട് എഴുതുകയുണ്ടായി.

ജ്യോതിബസു സ്ഥാനമൊഴിഞ്ഞ ശേഷമേ വ്യവസായവത്കരണ ശ്രമങ്ങള്‍ ആരംഭിച്ചുള്ളൂ എന്ന് ധരിക്കരുത്. 1995- ല്‍ സോമനാഥ് ചാറ്റര്‍ജിയെപ്പോലൊരു പ്രഗല്ഭനെ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ തലവനാക്കിയത് മാറ്റത്തിന്റെ സൂചനയായി. പിറ്റേ വര്‍ഷം വ്യവസായികളുടെ വലിയൊരു സമ്മേളനം വിളിച്ചുചേര്‍ത്താണ് ജ്യോതിബസു സംസ്ഥാനത്തിന്റെ വ്യവസായ നയം പ്രഖ്യാപിച്ചത്. സംസ്ഥാനം വ്യവസായത്തിന് പ്രത്യേകനയം പ്രഖ്യാപിക്കുന്നതുപോലും ആദ്യമായിരുന്നു.

അന്താരാഷ്ട്ര അംഗീകാരമുള്ള കണ്‍സള്‍ട്ടന്റുമാരെ കൊണ്ടുവന്ന് ബംഗാളിലെ കാര്യങ്ങള്‍ അവര്‍ പഠിച്ച് ഇതേറ്റവും നല്ല നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് സര്‍ട്ടിഫിക്കറ്റ് അവരില്‍ നിന്ന് വാങ്ങിച്ചു. ശില്പായന്‍ ( വ്യവസായവത്കരണം) എന്നത് മുഖ്യമുദ്രാവാക്യമായി. ബഹുരാഷ്ട്ര കോര്‍പ്പറേഷന്‍ മേധാവികളെ തിരഞ്ഞ് ജ്യോതി ബസുവിന്റെ സന്ദേശവാഹകര്‍ ലോകമെങ്ങും സഞ്ചരിച്ചു. മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ് (എം.ഒ.യു.) തുരുതുരാ ഒപ്പുവെച്ചതിന്റെ പേരില്‍ ആളുകള്‍ സോമനാഥ് ചാറ്റര്‍ജിയെ എം.ഒ.യു. ദാ (എം.ഒ.യു. ചേട്ടന്‍) എന്നുവിളിക്കുന്നതായി പത്രക്കാരെഴുതി.

സിംഗൂരും നന്ദിഗ്രാമും തിരിച്ചടിയായി

വ്യാവസായികമായി നേട്ടമൊന്നും ഉണ്ടായില്ല എന്നല്ല ഇതിനര്‍ഥം. പുതിയ വ്യവസായങ്ങള്‍ കുറെയെല്ലാം ഉണ്ടായിട്ടുണ്ട്. ഗുജറാത്തും തമിഴ്‌നാടും മഹാരാഷ്ട്രയും ഉണ്ടാക്കിയ നേട്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ് എന്നുമാത്രം. ഐ.ടി- ബി.പി.ഒ. സ്ഥാപനങ്ങളുടെ കാര്യത്തില്‍ ബംഗാളില്‍ ലഭിച്ചതിന്റെ പത്തിരട്ടി മൂലധന നിക്ഷേപം ഹരിയാണയില്‍പ്പോലുമുണ്ടായി. വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന് പറഞ്ഞതുപോലെ സിംഗൂരും നന്ദിഗ്രാമും ഉണ്ടാക്കിയ തിരിച്ചടിയുടെ പൂര്‍ണഫലം പിന്നീടേ അറിയാനാവൂ.

ശില്പായന്റെ മറവില്‍ സംഭവിച്ച ഒരുപാട് അരുതായ്മകള്‍ ആണ് ഒടുവില്‍ സിംഗൂരും നന്ദിഗ്രാമുംവരെ എത്തിയതെന്ന സ്വയം വിമര്‍ശനം ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്നുതന്നെ ഉറക്കെ കേള്‍ക്കുന്നുണ്ട്. വ്യവസായത്തിനും ഷോപ്പിങ് മാളുകള്‍ക്കും സ്വതന്ത്ര വ്യാപാര മേഖലയ്ക്കുമെല്ലാം വേണ്ടി പാവപ്പെട്ടവരുടെ സ്ഥലം പലേടത്തും ഏറ്റെടുത്തിട്ടുണ്ട്. നിസ്സാര വില നല്‍കി ഏറ്റെടുത്ത സ്ഥലം വന്‍തുകയ്ക്ക് മറിച്ചുവിറ്റ് സര്‍ക്കാര്‍ പണമുണ്ടാക്കിയെന്ന പരാതികള്‍ ഒരുവശത്ത്. വ്യവസായം മനസ്സില്‍ കണ്ട് പാര്‍ട്ടി ബന്ധമുള്ള റിയല്‍ എസ്റ്റേറ്റുകാര്‍ കുറഞ്ഞവിലയ്ക്ക് വാങ്ങിയ സ്ഥലം വലിയ വിലയ്ക്ക് സര്‍ക്കാര്‍ പിന്നെ ഏറ്റെടുക്കാന്‍ ഒത്തുകളിച്ചതായുള്ള പരാതികള്‍ മറ്റൊരു വശത്ത്. മുമ്പ് ജനങ്ങള്‍ക്ക് ഭൂമി നല്‍കിയ അതേ പാര്‍ട്ടി തന്നെയിതാ മുതലാളിമാര്‍ക്കൊപ്പംനിന്ന് ഭൂമി തട്ടിയെടുക്കുന്നു എന്നായി പ്രചാരണം. ബസുവിന്റെ നീണ്ട ഭരണ കാലത്ത് ചെയ്യാതിരുന്ന കാര്യങ്ങള്‍ വ്യവസായവത്കരണത്തിനു തിരിച്ചടിയായെന്ന പരാതിയേ ഉണ്ടായിരുന്നുള്ളൂ. അത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയിട്ടില്ല. പക്ഷേ, ബുദ്ധ ചെയ്ത കാര്യങ്ങള്‍ പാര്‍ട്ടിക്കുതന്നെ തിരിച്ചടിയായി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനുശേഷം ആളുകള്‍ അത് ഉറക്കെ പറയുന്നു എന്നുമാത്രം.

ആഭ്യന്തരമായ സമ്പാദ്യം മോശമല്ലാത്ത നിലയില്‍ ഉണ്ടെങ്കിലും ബംഗാളില്‍ ഇപ്പോഴും മൂലധനനിക്ഷേപത്തിന്റെ തോത് കുറവാണ്. ബാങ്ക് നിക്ഷേപത്തിന്റെ കാര്യത്തില്‍ ആന്ധ്രയ്ക്കും തമിഴ്‌നാടിനും ഒപ്പം നില്‍ക്കുന്നുണ്ടെങ്കിലും അവ വായ്പയായി രൂപാന്തരപ്പെടുന്നില്ല. നിക്ഷേപത്തിന്റെ 57 ശതമാനമേ ബംഗാളില്‍ വായ്പയുണ്ടാകുന്നുള്ളൂ. തമിഴ്‌നാട്ടിലാകട്ടെ നിക്ഷേപത്തേക്കാള്‍ കൂടുതലാണ് വായ്പ. ആന്ധ്രയില്‍ 82 ശതമാനവും മഹാരാഷ്ട്രയില്‍ 96 ശതമാനവുമാണിത്. ഈ കണക്കുകളെല്ലാം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് ബംഗാള്‍ പ്ലാനിങ് ബോര്‍ഡ് തയ്യാറാക്കിയ ഇക്കണോമിക് റിവ്യൂ റിപ്പോര്‍ട്ടിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Go Top