കോടതി രാജ്യഭരണം ഏറ്റെടുക്കുമ്പോള്‍

എൻ.പി.രാജേന്ദ്രൻ

പത്തുപതിനഞ്ചു വര്‍ഷം മുമ്പു വരെ സജീവമായി പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രയോഗമാണ്‌ ജുഡീഷ്യല്‍ ആക്‌റ്റിവിസമെന്നത്‌. ജഡ്‌ജിമാരാരും ആക്‌റ്റിവിസ്റ്റുകളായി മാറുകയായിരുന്നില്ല. ജനാധിപത്യത്തിന്റെ നടത്തിപ്പ്‌ ഭരണഘടനയിലെ വിടവുകള്‍ മൂലമോ ഭരണം നടത്തുന്നവരുടെ കൊള്ളരുതായ്‌മ മൂലമോ വെറും പ്രഹസനങ്ങളായി മാറുന്നത്‌ തടയാന്‍ കോടതികള്‍ ഇടപെടുന്നതും, പരമ്പരാഗത അര്‍ഥത്തില്‍ കോടതിയുടേതല്ലെന്ന്‌ കരുതിപ്പോന്നിരുന്ന ചുമതലകള്‍ ഏറ്റെടുക്കുന്നതും ജനങ്ങള്‍ ആവേശപൂര്‍വമാണ്‌ സ്വാഗതം ചെയ്‌തത്‌. ജുഡീഷ്യല്‍ ആക്‌റ്റിവിസമെന്ന ഈ പ്രവണത ജനാധിപത്യത്തെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കി. ജനാധിപത്യത്തിന്റെ മറ്റെല്ലാ മേഖലകളും പരാജയപ്പെട്ടാലും ജനങ്ങള്‍ക്ക്‌ അഭയമേകാന്‍ ജുഡീഷ്യറിയൂണ്ടാകുമെന്ന വിശ്വാസം വളര്‍ന്നു. ജുഡീഷ്യല്‍ നടപടികള്‍ എങ്ങും ചര്‍ച്ച ചെയ്യപ്പെട്ടു. ഇത്‌ മൊത്തത്തില്‍ ജനാധിപത്യത്തിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായി എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല.

ജുഡീഷ്യറിയുടെ നടപടികള്‍ ഇപ്പോഴിതാ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുന്നു. ഉന്നതെര ആെരയെങ്കിലും അഴിമതിക്കുറ്റത്തിന്‌ ജുഡീഷ്യറി ജയിലിലടച്ചതോ എന്തെങ്കിലും വിപ്‌ളവകരമായ നിയമവ്യാഖ്യാനങ്ങള്‍ നടത്തി നീതി നിഷേധിക്കപ്പെട്ടിരുന്ന ആര്‍ക്കെങ്കിലും നീതി എത്തിച്ചുകൊടുത്തതോ അല്ല കോടതി ചര്‍ച്ചാവിഷയമാകാന്‍ കാരണം. കോടതികള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നു. ജൂഡീഷ്യറി അമിതാധികാരകേന്ദ്രമായി മാറുന്നു. ഭരണഘടന അനുവദിച്ചിട്ടില്ലാത്ത അധികാരങ്ങള്‍ നിയമവിരുദ്ധമായി കൈയടക്കുന്നു. നീതിയുടെയും നിയമവാഴ്‌ചയുടേയും പ്രാഥമികതത്ത്വങ്ങള്‍ പോലും കോടതികളില്‍ ലംഘിക്കപ്പെടുന്നു. ഭരണഘടന വ്യക്തമായി നിയമനിര്‍മാണസഭക്കും കാര്യനിര്‍വഹണവിഭാഗത്തിനും വീതിച്ചുകൊടുത്ത അധികാരങ്ങള്‍ നിയമവിരുദ്ധമായി ജൂഡീഷ്യറി കൈയടക്കുന്നു….അങ്ങനെ പോകുന്നു ആക്ഷേപങ്ങള്‍.

ജുഡീഷ്യല്‍ ആക്‌റ്റിവിസത്തിന്റെ നല്ല കാലം കഴിഞ്ഞിരിക്കുന്നു. അഴിമതിയുടേയും മുല്യത്തകര്‍ച്ചയുടേയും നാളുകളില്‍ പ്രതീക്ഷയുടെ ഗോപുരങ്ങളായി തലയുയര്‍ത്തിനിന്ന കോടതി ജീര്‍ണിച്ച്‌ കക്ഷിരാഷ്ട്രീയത്തിന്റെ നിലവാരത്തിലേക്ക്‌ ഇറങ്ങിവരികയാണോ എന്ന ആശങ്ക ഉണര്‍ത്തുന്നു.

ജൂഡീഷ്യല്‍ ആക്‌റ്റിവിസത്തിന്റെ കാലത്ത്‌ തന്നെ , എല്ലാവരും വാനോളം പുകഴ്‌ത്തിപ്പോന്ന ആ പ്രതിഭാസത്തിന്റെ അപകടങ്ങളിലേക്ക്‌ ദീര്‍ഘവീക്ഷണമുള്ള ചില രാഷ്ട്രീയചിന്തകന്മാര്‍ വിരല്‍ചൂണ്ടുകയുണ്ടായി. പ്രായോഗികപരിചയവും ഉള്‍ക്കാഴ്‌ച്ചയുമുള്ളവര്‍ അടങ്ങിയ ഭരണഘടനാ നിര്‍മാണസഭ ഏറെ ചര്‍ച്ച ചെയ്‌താണ്‌ എക്‌സിക്യൂട്ടീവിനേയും ജുഡീഷ്യറിയേയും ലജിസ്ലേറ്റീവിനേയും മൂന്ന്‌ വാട്ടര്‍ടൈറ്റ്‌ കമ്പാര്‍ട്ട്‌ മെന്റുകളില്‍ തളച്ചിട്ടത്‌. ജനാധിപത്യത്തിന്റെ നൂറ്റാണ്ടുകളുടെ അനുഭവങ്ങളും അവരുടെ മുന്നിലുണ്ടായിരുന്നു.

ആരാണ്‌ മുകളില്‍ ജനപ്രതിനിധി സഭയോ ജുഡീഷ്യറിയോ എന്ന തര്‍ക്കം പലപ്പോഴും ഉയര്‍ന്നുവന്നതാണ്‌. കൃത്യമായി മറുപടി നല്‍കാത്തതും കാലക്രമത്തില്‍ മാത്രം പരിഹരിക്കാവുന്ന സമസ്യകള്‍ അവശേഷിപ്പിക്കുന്നതുമാണ്‌ ഇതു സംബന്ധിച്ച്‌ ഭരണഘടനയിലുള്ള വ്യവസ്ഥകള്‍. ജനങ്ങളാണ്‌ എല്ലാറ്റിനും മേലെ എന്ന്‌ പറയുകയും എന്നാല്‍ ജനങ്ങളും ജനപ്രതിനിധികളും ഒന്നല്ല എന്ന്‌ പറയുകയും ചെയ്യുന്നതില്‍ വൈരുദ്ധ്യം മനസ്സിലാക്കാവുന്നതാണ്‌. കോടതിയും ജുഡീഷ്യറിയും അല്ല ഭരണഘടനയാണ്‌ എല്ലാറ്റിനും മേലെ എന്ന വ്യാഖ്യാനം മറ്റൊരു വശത്തുകൂടിയും വന്നു. അഞ്ചുപതിറ്റാണ്ടിന്‌ ശേഷവും ഈ കാര്യങ്ങളെല്ലാം തുടങ്ങിയേടത്ത്‌ തന്നെ നില്‍ക്കുകയാണ്‌.

ജുഡീഷ്യല്‍ ആക്‌റ്റിവിസം ഏതാണ്ട്‌ മരിച്ചു കഴിഞ്ഞുവെങ്കിലും ആക്‌റ്റിവിസത്തിന്റെ കാലത്ത്‌ സൃഷ്ടിക്കപ്പെട്ട നല്ല പേരും വിശ്വാസ്യതയും ജുഡീഷ്യറി ഇപ്പോള്‍ ദുരുപയോഗപ്പെടുത്തുകയാണെന്ന്‌ സംശയിക്കാവുന്ന സംഭവവികാസങ്ങളാണ്‌ ഉണ്ടാകുന്നത്‌. ആക്‌റ്റിവിസകാലത്ത്‌ പ്രകടിപ്പിച്ച ജനാധിപത്യബോധത്തിന്റെ സ്ഥാനത്ത്‌ ഒരു തരം അധികാരാസക്തിയും അപ്രമാദിത്ത്വവും ആണ്‌ ഇപ്പോള്‍ ജുഡീഷ്യറി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

നിയമരംഗത്ത്‌ പോലും കോടതിയുടേത്‌ അവസാനവാക്കാകാന്‍ പാടില്ലെന്ന്‌ തന്നെയാണ്‌ ഭരണാഘടനാനിര്‍മാതാക്കള്‍ ഉദ്ദേശിച്ചിരുന്നത്‌. നിയമം നിര്‍മിക്കുന്നത്‌ കോടതിയല്ല , ജനങ്ങളാണ്‌. ജനങ്ങള്‍ ഉണ്ടാക്കിയ നിയമത്തിന്റെ വ്യാഖ്യാനിക്കാനും മുന്‍കൂട്ടി കാണാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന വിടവുകള്‍ നികത്താനുമാണ്‌ കോടതിയെ ജനങ്ങള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. സ്വയം എക്‌സിക്യൂട്ടീവ്‌ ചമയാനും ലെജസ്ലേറ്റീവ്‌ ചമയാനും കോടതികളെ ആരും അധികാരപ്പെടുത്തുകയുണ്ടായിട്ടില്ല.

നിയമരംഗത്ത്‌ അവസാനവാക്കാകാന്‍ ശ്രമിക്കുന്നു എന്നതു മാത്രമല്ല കോടതിയെ കുറിച്ച്‌ ഉയര്‍ന്നു വന്നിട്ടുള്ള പരാതി. സാമൂഹ്യശാസ്‌ത്രത്തിന്റേയും രാഷ്ട്രതന്ത്രജ്ഞതയുടേയും മൂല്യവ്യവസ്ഥയുടെയും മറ്റനേകം മേഖലകളുടേയുമെല്ലാം അവസാനവാക്ക്‌ തങ്ങളുടേതാണെന്ന്‌ നിര്‍ബന്ധം പിടിക്കുകയാണിപ്പോള്‍ ജുഡീഷ്യറി. നിങ്ങള്‍ എത്ര വലിയവനാണെങ്കിലും ശരി നിയമം നിങ്ങള്‍ക്കും മുകളിലാണ്‌ എന്നത്‌ ജനാധിപത്യവ്യവസ്ഥയുടെ നിലനില്‍പ്പിന്റെ അടിസ്ഥാനതത്ത്വമാണ്‌. കോടതിക്ക്‌ ഇപ്പോള്‍ ഇത്‌ പണ്ടെന്നത്തേക്കാള്‍ പ്രിയപ്പെട്ട തത്ത്വമായിരിക്കുന്നു . നിയമവാഴ്‌ചയുടെ പ്രാമുഖ്യം പ്രകടിപ്പിക്കാനാണ്‌ മുമ്പ്‌ ഈ തത്ത്വം ഉയര്‍ത്തിപ്പിടിച്ചിരുന്നത്‌. ഇപ്പോഴിത്‌ എല്ലാ സാമൂഹിക രാഷ്ട്രീയ ചിന്തയുടേയും സംവിധാനങ്ങളുടേയും മേലുള്ള നിയമസംവിധാനത്തിന്റെ അധീശത്വത്തെ സൂചിപ്പിക്കാനാണ്‌ ഉപയോഗിക്കുന്നത്‌. നിയമം എല്ലാറ്റിനും മുകളിലാണെന്ന്‌ പറയുമ്പോള്‍ നിയമുണ്ടാക്കിയ ജനങ്ങള്‍ എല്ലാറ്റിനും മുകളിലാണെന്നല്ല ഉദ്ദേശിക്കുന്നത്‌. നിയമങ്ങള്‍ക്കെല്ലാം ജീവന്‍ നല്‍കുന്ന ഭരണഘടന എല്ലാറ്റിനും മുകളിലാണെന്നുമല്ല ഉദ്ദേശിക്കുന്നത്‌. നിയമം വ്യാഖ്യാനിക്കുന്ന കോടതി എല്ലാറ്റിനും മുകളിലാണെന്നാണ്‌ ഉദ്ദേശിക്കുന്നത്‌.

നിയമം സമം കോടതി സമം ന്യായാധിപന്‍ എന്നൊരു പുതിയ സമവാക്യത്തിനാണ്‌ ബോധപൂര്‍വം രൂപം നല്‍കിക്കൊണ്ടിരിക്കുന്നത്‌. നിങ്ങള്‍ എത്ര വലിയ ആളായാലും ശരി നിയമം നിങ്ങളേക്കാള്‍ മുകളിലാണ്‌ എന്ന തത്ത്വം നിങ്ങള്‍ എത്ര മുകളിലാണെങ്കിലും ശരി, ജഡ്‌ജി നിങ്ങള്‍ക്കും മുകളിലാണ്‌ എന്ന്‌ ഭേദഗതി ചെയ്യപ്പെടുകയായി. ഇലക്ഷന്‍ കമ്മീഷണര്‍ ടി.എന്‍.ശേഷനെ കുറിച്ച്‌ നമുക്ക്‌ ഭിന്നാഭിപ്രായമുണ്ടാകാം. എന്നാല്‍ സുപ്രീം കോടതി ജഡ്‌ജിമാരുടേത്‌ പോലെയോ ഒരു തരത്തില്‍ അതിനേക്കാള്‍ പ്രാധാന്യമുള്ളതോ ആയ ഒരു പദവിയാണ്‌ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണറുടേത്‌ എന്ന്‌ വിസ്‌മരിച്ച്‌ അദ്ദേഹത്തോട്‌ സ്‌കൂള്‍ കുട്ടിയോടെന്ന പോലെ പെരുമാറുകയും വായടക്കാന്‍ കല്‍പ്പിക്കുകയും ചെയ്‌തത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു. ഇത്തരം എണ്ണമറ്റ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുവാന്‍ കഴിയും. വിധിന്യായത്തിലും വിചാരണക്കിടയില്‍ തന്നെയും നിയമവുമായി ബന്ധമില്ലാത്ത കാര്യങ്ങളില്‍ പോലും ജഡ്‌ജിമാരുടേതായ തത്ത്വജ്ഞാനം പകര്‍ന്നു നല്‍കപ്പെടുന്നു. പാര്‍ലമെന്റ്‌ പാസ്സാക്കിയ നിയമങ്ങളുമായോ ഭരണഘടനാവ്യവസ്ഥകളുമായോ ബന്ധമില്ലാത്ത കല്‍പ്പനകളും നിയമങ്ങളും വന്നു കൊണ്ടേ ഇരിക്കുന്നു.

ജനാധിപത്യവ്യവസ്ഥയുടെ സുഗമമായ നടത്തിപ്പിന്‌ കുറെ ചുമതലകള്‍ ജനങ്ങള്‍ കോടതികളെ ഏല്‍പ്പിച്ചിട്ടുണ്ട്‌. എക്‌സിക്യൂട്ടീവിനേയും ലജിസ്ലേറ്റീവിനേയും ഏല്‍പ്പിച്ചതുപോലെത്തന്നെ. അതിനപ്പുറം സമൂഹത്തെയും രാഷ്ട്രത്തേയും ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും അവസാനവാക്ക്‌ പറയാനുള്ള ചുമതലയൊന്നും ആരും കോടതിയെ ഏല്‍പ്പിച്ചിട്ടില്ല. സൂര്യന്‌ താഴെയുള്ള എന്തിനെ കുറിച്ചും അഭിപ്രായം പറയാന്‍ കോടതിക്കും സ്വാതന്ത്ര്യമുണ്ട്‌. പക്ഷെ ,നിയമവുമായി ബന്ധമില്ലാത്ത വിഷയങ്ങളിലുള്ള അത്തരം അഭിപ്രായങ്ങള്‍ക്ക്‌ സാധാരണക്കാരുടെ അഭിപ്രായങ്ങള്‍ക്ക്‌ കല്‍പ്പിക്കുന്ന പ്രാധാന്യമേ കല്‍പ്പിക്കേണ്ടതുള്ളൂ.

ജുഡീഷ്യറി പരിധി കടക്കുന്നു എന്ന പരാതി ജുഡീഷ്യറിയെ നിരീക്ഷിക്കുന്നവരില്‍ നിന്നെല്ലാം ഉയരാന്‍ തുടങ്ങിയിട്ട്‌ കുറച്ചു കാലമായി. പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തിലാണ്‌ ജുഡീഷ്യല്‍ ആക്‌റ്റിവിസം വഴി തെറ്റാന്‍ തുടങ്ങിയത്‌. നിയമത്തിന്റെയും ഭരണഘടനയുടെയും അനുശാസനങ്ങള്‍ മറികടന്ന്‌ ജഡ്‌ജിമാര്‍ വ്യക്തികളായി അധികാരം അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയത്‌ ഇക്കാലത്താണ്‌. രാഷ്ട്രീയനേതൃത്വത്തിന്റെ ദൗര്‍ബല്യവും അഴിമതിയും ഇതിന്‌ പറ്റിയ അന്തരീക്ഷം ഒരുക്കിയിരുന്നുവെന്ന സത്യം മറച്ചുവെക്കുന്നില്ല. അക്കാലത്ത്‌ തന്നെയാണ്‌ സി.ബി.ഐ ഡയറക്‌റ്റര്‍ ജോഗീന്ദര്‍ സിങ്ങിന്റെ കേസ്സുണ്ടായത്‌. സി.ബി.ഐ ഡയറക്‌റ്റര്‍ പ്രധാനമന്ത്രിയെ കാണരുതെന്നും ജോ.ഡയറക്‌റ്റര്‍ ഡയറക്‌റ്ററില്‍ നിന്ന്‌ ഉത്തരവുകള്‍ സ്വീകരിക്കരുതെന്നും കല്‌പിക്കാന്‍ കോടതി ധൈര്യം കാട്ടി.

നിയമത്തിലും ഭരണഘടനയിലും പറഞ്ഞിട്ടില്ലാത്ത അധികാരങ്ങള്‍ എടുത്തു പ്രയോഗിക്കുന്നതിലാണ്‌ തുടങ്ങിയതെങ്കില്‍, അടുത്ത ഘട്ടത്തില്‍ ഭരണഘടന കൃത്യമായി ചെയ്യരുത്‌ എന്ന്‌ പറഞ്ഞകാര്യങ്ങള്‍ ചെയ്യാനാണ്‌ കോടതി ഒരുമ്പെട്ടത്‌. ജഡ്‌ജിമാരുടെ നിയമനത്തിന്‌ ജഡ്‌ജിമാരുടെ പാനല്‍ ഉണ്ടാക്കിയത്‌ ജഡ്‌ജിമാര്‍ തന്നെയായിരുന്നല്ലോ. രാഷ്ട്രപതിയുടെ തന്നെ നിര്‍ദ്ദേശം ധിക്കരിക്കാന്‍ കോടതി ഈ വിഷയത്തില്‍ ഒരുമ്പെട്ടു. പ്രശസ്‌ത അഭിഭാഷകന്‍ അഡ്വ.രാംകുമാര്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ (29-12-2006)ഇക്കാര്യം സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌. ലോകത്തൊരിടത്തും ഇല്ലാത്ത്‌ വിചിത്രസംവിധാനമാണ്‌ ഇതുമൂലം ഇന്ത്യയിലുണ്ടായിരിക്കുന്നതെന്ന്‌്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അടുത്ത ഘട്ടം പാര്‍ലമെന്റിന്റെ പരമാധികാരത്തെ തന്നെ വെല്ലുവിളിക്കുന്ന നിലയിലേക്ക്‌ കടന്നു. എം.പി.മാരുടെ കോഴക്കേസ്സില്‍ പാര്‍ലമെന്റിന്റെ നടപടിയെ ചോദ്യംചെയ്യുന്നതായി കോടതിയുടെ നീക്കം. പാര്‍ലമെന്റ്‌ നടപടി ശരിവെച്ചുകൊണ്ടുള്ള വിധി പാര്‍ലമെന്റിന്റെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നില്ല. പാര്‍ലമെന്റ്‌ നടപടിയുടെ ശരിയുംതെറ്റും ഞങ്ങള്‍ വിലയിരുത്തും എന്ന്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറഞ്ഞത്‌ ജനാധികാരത്തിന്‌ മുകളിലാണ്‌ ഞങ്ങള്‍ എന്ന്‌ ബോധ്യപ്പെടുത്താന്‍ ഉദ്ദേശിച്ചുതന്നെ ആയിരുന്നു എന്നു വേണം മനസ്സിലാക്കാന്‍.

ശമ്പളം കൊടുക്കുന്ന സര്‍ക്കാറിനോട്‌ ഒന്ന്‌ ചോദിക്കുക പോലും ചെയ്യാതെ ജുഡീഷ്യല്‍ ഉദ്യോഗസ്‌ഥരുടെ റിട്ടയര്‍മെന്റ്‌ പ്രായം സ്വയം ഉയര്‍ത്തുക, പി.എസ്‌.സി യെ മറികടന്ന്‌ സ്വന്തക്കാരെ ഹൈക്കോടതിയില്‍ ഉദ്യോഗസ്ഥന്മാരായി നിയമിക്കുക തുടങ്ങിയവ കേരള ഹൈക്കോടതി ഈയിടെ ചെയ്‌ത കാര്യങ്ങളാണ്‌. എല്ലാ കോടതികളില്‍ നിന്നും ഇത്തരം നൂറുകണക്കിന്‌ നടപടികള്‍ എടുത്തു പറയാന്‍ ഉണ്ടാകുമെന്ന്‌ തീര്‍ച്ച.

ഈ കൂട്ടത്തില്‍ വെച്ചേറ്റവും വിസ്‌മയകരമായി തോന്നിയത്‌ നാലുവര്‍ഷം മുമ്പൊരിക്കല്‍ ബി.എന്‍.കൃപാല്‍ ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയില്‍ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസുമാര്‍ യോഗം ചേര്‍ന്ന്‌ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നും ശമ്പളം പൂര്‍ണമായി ആദായനികുതിയില്‍ നിന്ന്‌ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്ന മെമ്മോറാണ്ടം തയ്യാറാക്കിയതാണ്‌. സംഗതി ഇന്ത്യന്‍ എക്‌സ്‌പ്രസ്സില്‍ വാര്‍ത്തയായ ശേഷമാണ്‌ അകാലത്തില്‍ ഒടുങ്ങിപ്പോയത്‌. ഈ നീക്കത്തെ രാജ്യത്തെ പ്രമുഖഅഭിഭാഷകര്‍ തന്നെ കഠിനമായി വിമര്‍ശിക്കുകയുണ്ടായി. ആരെ കൊണ്ടെങ്കിലും ഒരു ഹരജി ഫയല്‍ ചെയ്യിച്ച്‌, ജുഡീഷ്യല്‍ ഉദ്യോഗസ്‌തന്മാരുടെ മേല്‍ ആദായനികുതി ചുമത്തുന്നത്‌ ഭരണഘടനാവിരുദ്ധമാണെന്ന്‌ ഒരു വിധി പ്രസ്‌താവിച്ചിരുന്നുവെങ്കില്‍ സര്‍ക്കാറിന്‌ ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. അങ്ങനെ ചെയ്യാന്‍ തോന്നിപ്പിക്കാതിരുന്നതിന്‌ ദൈവത്തെ സ്‌തുതിക്കുക നാം.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നാല്‍ ഉപയോഗിക്കാന്‍ കോടതിയലക്ഷ്യനിയമം എന്ന അതിശക്തിയുള്ള ആയുധം ജഡ്‌ജിമാര്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്‌. എന്ത്‌ വിമര്‍ശനത്തിനെതിരെയും അതുപയോഗിക്കാമെന്നായിട്ടുണ്ട്‌. കര്‍ണാടകയില്‍ ഏതാനും ജഡ്‌ജിമാര്‍ വിനോദയാത്ര നടത്തിയപ്പോള്‍ ഏര്‍പ്പെട്ട വിനോദങ്ങള്‍ പത്രവാര്‍ത്തയായപ്പോള്‍ പതിനാല്‌ പ്രസിദ്ധീകരണങ്ങള്‍ക്കും അമ്പെത്താറ്‌ പത്രപ്രവര്‍ത്തകര്‍ക്കെതിരെയും സ്വീകരിച്ച നടപടി ഇപ്പോഴും കോടതിയില്‍ തുടരുകയാണ്‌. വാര്‍ത്ത സത്യമായിരുന്നാല്‍ പോലും നിലവിലുള്ള നിയമമനുസരിച്ച്‌ കോടതിക്ക്‌ അവരെ ശിക്ഷിക്കാം. സത്യം എഴുതി എന്നത്‌ ശിക്ഷ കിട്ടാതിരിക്കാന്‍ മതിയായ ന്യായമല്ല എന്ന്‌ നിയമത്തില്‍ എഴുതി വെച്ചത്‌ ജുഡീഷ്യറിയുടെ തലപ്പത്ത്‌ വരുന്നവരെ കുറിച്ച്‌ രാഷ്ടത്തിന്‌ നല്ല വിശ്വസമുണ്ടായിരുന്ന കാലത്താണ്‌. ഇന്ന്‌ ആ വിശ്വാസം ആര്‍ക്കുമില്ല. അതുകൊണ്ടുതന്നെ ഈ നിയമം ഭേദഗതി ചെയ്യാന്‍ തയ്യാറായിരിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍.

രാജ്യത്തെ നിയമസഭകളും പാര്‍ലമെന്റും ഉണ്ടാക്കുന്ന ചില നിയമങ്ങള്‍ കോടതിക്ക്‌ പരിശോധിക്കാന്‍ അനുവാദമില്ലെന്ന്‌ പറഞ്ഞ്‌ പ്രത്യേകപട്ടികയില്‍ പെടുത്തുന്ന സംവിധാനം അനേകദശകങ്ങളായി നാട്ടില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. അതൊരു ആശാസ്യരീതിയാണെന്ന അഭിപ്രായം അധികം പേര്‍ക്കുണ്ടാകുമെന്ന്‌ തോന്നുന്നില്ല. ഒമ്പതാം പട്ടികയില്‍ പെടുത്തിയ നിയമത്തിന്റെ വ്യവസ്ഥകളും കോടതിയില്‍ ചോദ്യം ചെയ്യാമെന്ന്‌ കോടതി വിധിച്ചുകഴിഞ്ഞു. പത്തുനാല്‍പ്പത്‌ വര്‍ഷം ഇല്ലാത്ത ഈ ബോധം ഇപ്പോഴെവിടെ നിന്ന്‌ വന്നു എന്ന്‌ ചോദിക്കുകയല്ല. എന്നാല്‍ ഈ വിധിയും കോടതിയുടെ പുതിയ നീതിന്യായബോധത്തില്‍ നിന്നാണ്‌ ഉത്ഭവിച്ചതെന്ന്‌ പറയാതെ വയ്യ.

നിയമനിര്‍മാണ സഭയും കാര്യനിര്‍വഹണവിഭാഗവും ചെയ്യേണ്ട കാര്യങ്ങള്‍ കോടതി ചെയ്യുന്ന സാഹചര്യത്തിന്റെ ഗൗരവം വേണ്ടതു പോലെ രാഷ്ട്രീയകക്ഷികള്‍ ഉള്‍ക്കൊണ്ടിട്ടില്ല. കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ പോലും , അവരുടെ സര്‍ക്കാറുകള്‍ കൊണ്ടുവന്ന ഏതെങ്കിലും നിയമം കോടതി റദ്ദാക്കിയാല്‍ ജഡ്‌ജിമാരെ പൊതുജനമദ്ധ്യത്തില്‍ അവഹേളിക്കുന്നതാണ്‌ അതിന്റെ പ്രതിവിധി എന്ന്‌ ധരിച്ചുവെച്ചതായി തോന്നുന്നു. കേരളത്തിലെ സമീപകാലസംഭവവികാസങ്ങള്‍ സി.പി.എം ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന പൊള്ളയായ നയത്തിന്റെ മാതൃകകളാണ്‌.

ജനങ്ങളോട്‌ അക്കൗണ്ടബ്‌ള്‍ അല്ലാത്ത നിലയില്‍ അധികാരം കയ്യാളാന്‍ ആരേയും അനുവദിച്ചുകൂടാ. എക്‌സിക്യൂട്ടീവ്‌ ലജിസ്‌ളേറ്റീവിനോടും ലജിസ്‌ളേറ്റീവ്‌ വോട്ടര്‍മാരോടും അക്കൗണ്ടബ്‌ള്‍ ആയാണ്‌ അധികാരം പ്രയോഗിക്കുന്നത്‌. ജുഡീഷ്യറി ആരോടാണ്‌ കണക്ക്‌ പറയുന്നത്‌ ?

(Samayam Kannur Feb 2007)

Leave a Reply

Your email address will not be published. Required fields are marked *

Go Top