വംശനാശം നേരിടുന്ന ജനതാപരിവാര്‍

എൻ.പി.രാജേന്ദ്രൻ

ആവര്‍ത്തനം കൊണ്ട്‌ വിരസമായി എന്ന്‌ തോന്നാമെങ്കിലും പറയാതിരിക്കാനാവില്ല. ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കും എന്നത്‌ നിരന്തരം തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജനതാദള്‍ എന്ന ദേശീയ കക്ഷിയുടെ ഒടുവിലത്തെ പിളര്‍പ്പ്‌ ഇത്‌ വീണ്ടും ഓര്‍മിപ്പിക്കുന്നു. എന്തൊരു ദയനീയമായ പ്രഹസനം !

പിളര്‍പ്പുകള്‍ ഏറെ കണ്ട പാര്‍ട്ടിയാണ്‌ ജനതാപാര്‍ട്ടി അല്ലെങ്കില്‍ അതിന്റെ ഒടുവിലത്ത്‌ രൂപമായ ജനതാദള്‍. എഴുപത്തേഴിന്‌ മുമ്പത്തെ കാലഘട്ടത്തിലെ സോഷ്യലിസ്റ്റ്‌ പാര്‍ട്ടികളുടെ രൂപാന്തരങ്ങളെ കുറിച്ചു പറയാനുമില്ല. ഇതൊക്കെയാണെങ്കിലും ഇപ്പോഴത്തെ പിളര്‍പ്പ്‌ ജനതാപാര്‍ട്ടി രാഷ്ടീയത്തിന്റെ പരിണാമത്തില്‍ ഒരു പുത്തന്‍ കാവ്യനീതിയുടെ നിഴല്‍വിരിക്കുകയാണ്‌ ചെയ്തത്‌. എഴുപത്തേഴില്‍ അടിയന്തരാവസ്ഥക്ക്‌ അറുതി വരുത്തിയ തിരഞ്ഞെടുപ്പിന്‌ വേണ്ടി ജയിലില്‍ നിന്നിറങ്ങും മുമ്പെ തട്ടിക്കൂട്ടിയ പാര്‍ട്ടി ജനങ്ങള്‍ക്കു മുമ്പെ വെച്ച മുദ്രാവാക്യങ്ങളില്‍ പ്രധാനം ഏകാധിപത്യഭരണത്തിന്റെ അന്ത്യവും ജനാധിപത്യപുന:സ്ഥാപനവുമൊക്കെ ആയിരുന്നുവെങ്കിലും കുടുംബവാഴ്ച്ചയുടെ രാഷ്ട്രീയത്തിന്‌ എതിരായ പോരാട്ടം അതിന്റെ മുഖ്യആശയരൂപമായിരുന്നു. ഇന്ദിരാഗാന്ധി സ്വന്തം ഏകാധിപത്യം സ്ഥാപിച്ചു എന്നതിന്‌ അപ്പുറം അമിതാധികാരമുപയോഗപ്പെടുത്തി മകന്‍ സഞ്ജയ്‌ ഗാന്ധിയുടേതായ ഒരു ഭരണഘടനാതീത അധികാരകേന്ദ്രം വളര്‍ത്തിയെടുക്കുന്നു എന്നതായിരുന്നു അന്നു ഉന്നയിക്കപ്പെട്ട സുപ്രധാനമായ ഒരു രാഷ്ട്രീയപ്രശ്നം.നെഹ്രു ഇന്ദിരയേയും ഇന്ദിര സഞ്ജയിനേയും പിന്‍ഗാമികളാക്കി വളര്‍ത്തി എന്നത്‌ കഴമ്പില്ലാത്ത ഒരാരോപണമായിരുന്നില്ല.

ജനതാപാര്‍ട്ടിയായി മാറിയവരില്‍ ഏറ്റവും പ്രാധാനവിഭാഗം മുന്‍ സോഷ്യലിസ്റ്റുകളാണ്‌. അവരുടെ അറുപതുകള്‍ മുതലുള്ള അജന്‍ഡയിലെ പ്രധാനഇനമാണ്‌ കുടുംബവാഴ്ച്ചക്കെതിരായ ആശയപ്രചരണം . അറുപതുകളിലാണ്‌ പുതിയ രാഷ്ട്രീയശക്തിയായി ഇന്ദിരാഗാന്ധി രംഗത്ത്‌ വരുന്നത ്‌ . യഥാര്‍ഥത്തില്‍ ഇന്ദിരയെ കേന്ദ്രത്തില്‍ മന്ത്രിയും കോണ്‍ഗ്രസ്‌ പ്രസിഡന്റുമൊക്കെ ആക്കിയെങ്കിലും തന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കാന്‍ നെഹ്‌റുവിന്‌ കഴിഞ്ഞിരുന്നില്ല. നെഹ്രു അതാഗ്രഹിക്കാഞ്ഞിട്ടാവില്ല. അത്രത്തോളം പോകാന്‍ അദ്ദേഹത്തിന ്‌ കഴിയുമായിരുന്നില്ല. എങ്കിലെന്ത്‌ ? നെഹ്‌റുവിനെ ഇരുത്തിപ്പൊറുപ്പിക്കാന്‍ സോഷ്യലിസ്റ്റുകളും അവരുടെ നേതാവ്‌ റാം മനോഹര്‍ ലോഹ്യയും തയ്യാറായിരുന്നില്ല.

ഈ രാഷ്ട്രീയവുമായി മുന്നോട്ടു പോയ ജനതാദളിന്റെ അഖിലേന്ത്യാ അധ്യക്ഷനും മുന്‍പ്രധാനമന്ത്രിയുമായ എച്ച്‌.ഡി. ദേവഗൗഡ കര്‍ണാടകരാഷ്ട്രീയത്തില്‍ കളിച്ച കളി പുത്രരാഷ്ട്രീയത്തിന്റെ മോഹവലയത്തില്‍ ചെന്നു പെട്ടാല്‍ ഒരാള്‍ക്ക്‌ എത്രത്തോളം താഴാനാവും എന്ന്‌ കാണിച്ചുതരുന്നു. ഇന്ദിരയുടെയും നെഹ്‌റുവിന്റെയും പുത്രസ്നേഹത്തെ വിമര്‍ശിച്ചും പരിഹസിച്ചും രാഷ്ട്രീയത്തില്‍ മുന്നേറി ഇന്ത്യന്‍ പ്രധാനമന്ത്രിക്കസേര വരെ ഉയര്‍ന്നുചെന്ന വ്യക്തി മകന്റെ ചെറിയ രാഷ്ട്രീയമോഹത്തിന്‌ വേണ്ടി പതാളത്തോളം താഴേക്ക്‌ ഇറങ്ങിച്ചെന്നു. ഇതാണ്‌ പുത്രരാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ മുഖം.പണ്ഡിറ്റ്‌ നെഹ്രുവില്‍ നിന്ന്‌ ദേവഗൗഡയിലേക്കുള്ള അകലം എളുപ്പം അളന്നു തിട്ടപ്പെടുത്താനാവില്ല, അത്രയേറെയുണ്ട്‌ അത്‌.

ദേശീയരംഗത്തെ ഗണനീയമായ ഒരു സാന്നിധ്യമായിരുന്നില്ല ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍. മൂന്നംഗങ്ങള്‍ മാത്രമാണ്‌ ഈ പാര്‍ട്ടിക്ക്‌ ലോക്സഭയിലുണ്ടായിരുന്നത്‌. കര്‍ണാടകയിലല്ലാതെ എങ്ങും കാര്യമായി സ്വാധീനമില്ല. ചെറുതായെങ്കിലും അധികാരപങ്കാളിത്തവും അവിടെയേ ഉള്ളൂ.(കേരളത്തിലേത്‌ കാര്യമായി എടുക്കുന്നില്ല).എങ്കിലും ഈ കക്ഷിയെ ഗൗരവത്തിലെടുക്കുന്നത്‌ അതിന്‌ ദേശീയരാഷ്ട്രീയചരിത്രത്തില്‍ അവഗണിക്കാനാവാത്ത സംഭാവനകളുണ്ട്‌ എന്നത്‌ കൊണ്ടാണ്‌. ജനതാദള്‍ പ്രതിനിധീകരിക്കുന്നത്‌ മതേതരത്വത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയത്തെയാണ്‌. എല്ലാതരം വര്‍ഗീയതകളേയും എതിര്‍ത്ത ചരിത്രം ഈ വിഭാഗത്തിനുണ്ട്‌ . സ്ഥിതിസമത്വത്തിന്‌ വര്‍ഗസംഘട്ടനത്തിന്റേതല്ലാത്ത ഒരു വഴിയുണ്ട്‌ എന്ന്‌ പറഞ്ഞവരാണ്‌ സോഷ്യലിസ്റ്റുകള്‍. സായുധവിപ്ലവത്തിന്റെ പാതയെ തള്ളിപ്പറഞ്ഞവരാണവര്‍. കമ്യുണിസ്റ്റുകാര്‍ ഉത്പാദനസമ്പ്രദായത്തിന്റെ കാര്യത്തില്‍ മുതലാളിത്തവാദികളില്‍ നിന്ന്‌ വ്യത്യസ്ഥമായ വഴി കാട്ടുന്നില്ലെന്നും അവര്‍ ഉടമസ്ഥതയുടെ കാര്യത്തില്‍ മാത്രമാണ്‌ തര്‍ക്കിക്കുന്നത്‌ എന്നുമുള്ള വിശകലനത്തില്‍ കഴമ്പുണ്ടായിരുന്നു. ഉത്പാദന രീതി തന്നെ സോഷ്യലിസത്തിന്‍ കീഴില്‍ വ്യത്യസ്തമാവുമെന്ന്‌ പറഞ്ഞവര്‍ സോഷ്യലിസ്റ്റുകള്‍ മാത്രമായിരുന്നു. സാമൂഹ്യനീതിക്ക്‌ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തൃപ്തികരമായ നിര്‍വചനം തേടിയവരാണ്‌ സോഷ്യലിസ്റ്റുകള്‍. വ്യവസായവത്കരണവും ഉത്പാദനോപകരണങ്ങളുടെ സാമൂഹ്യഉടമസ്ഥതയും വന്നാല്‍ താനെ ജാതി ഇല്ലാതായിക്കൊള്ളുമെന്ന്‌ കരുതിയ കമ്യൂണിസ്്റ്റുകാരില്‍ നിന്ന്‌ വ്യത്യസ്തരായി ഇന്ത്യയിലെ ജാതീയതയുടെ വേരുകള്‍ ചികയാന്‍ തയ്യാറായത്‌ സോഷ്യലിസ്റ്റുകളാണ്‌. സ്ത്രീവിമോചനത്തിനും ലളിതജീവിതത്തിനും ചെറുകിടവ്യവസായങ്ങളിലൂടെയുള്ള ഉല്‍പാദനവര്‍ധനക്കും പ്രാധാന്യം നല്‍കിയ പുതിയ ദര്‍ശനങ്ങള്‍ അവര്‍ മുന്നോട്ട്‌ വെക്കുകയുണ്ടായി. ഇന്നത്തെ ആഗോളവല്‍ക്കരണകാലത്ത്‌ പോലും പ്രസക്തമായ ഒട്ടേറെ ആശയങ്ങള്‍ മുന്നോട്ട്‌ വെച്ചവര്‍ എന്ന ഗൗരവമുള്ള സ്ഥാനം അവര്‍ക്കുണ്ട്‌. അതവര്‍ക്ക്‌ ബോധ്യമുണ്ടോ എന്നതിനെ കുറിച്ചേ സംശയമുള്ളൂ.

സോഷ്യലിസ്റ്റ്‌ പിന്‍മുറക്കാര്‍ക്ക്‌ രാഷ്ട്രീയശാക്തികതയുടെ കാര്യത്തിലും മോശമല്ലാത്ത്‌ അവസ്ഥയുണ്ടെന്ന്‌ നിരീക്ഷകര്‍ കാണാതിരുന്നിട്ടില്ല. അവശിഷ്ടജനതാദളിന്‌ ഒരംഗം മാത്രമേ ലോക്‌ സഭയിലുള്ളൂ എന്ന്‌ വേണമെങ്കില്‍ പരിഹസിക്കാമെങ്കിലും പഴയ ജനതാദളില്‍ പെട്ട പാര്‍ട്ടികള്‍ക്കെല്ലാം ചേര്‍ന്ന്‌ ലോക്സഭയിലിപ്പോള്‍ നൂറിനടുത്ത്‌ അംഗങ്ങളുണ്ട്‌. രാജ്യം ഭരിക്കുന്നു എന്നു പറയുന്ന കോണ്‍ഗ്രസ്സിനും മുഖ്യരാഷ്ട്രീയ ബദല്‍ എന്നു പറയുന്ന ബി.ജെ.പി.ക്കും നൂറ്റമ്പതില്‍ താഴെ അംഗങ്ങളേ ഉള്ളൂ എന്ന്‌ ഓര്‍ക്കേണ്ടതുണ്ട്‌. എപ്പോളാണ്‌ മുന്‍സോഷ്യലിസ്റ്റുകള്‍ക്ക്‌ യോജിക്കണമെന്ന ചിന്ത ഉണ്ടാവുക എന്ന്‌ പറയാന്‍ പറ്റില്ലല്ലോ.

മുന്‍സോഷ്യലിസ്റ്റുകള്‍ ആശയപരമായ എല്ലാ ശക്തിയും നഷ്ടപ്പെട്ട , രാഷ്ട്രീയമായി വിലപേശുന്ന കൂട്ടുകച്ചവടസംഘങ്ങള്‍ മാത്രമായി മാറിയതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ്‌ കര്‍ണാടക ജനതാദളില്‍ നിന്നുണ്ടായത്‌. ബി.ജെ.പി.യുമായി കൂട്ടുകൂടിയതാണ്‌ കര്‍ണാടകയില്‍ ദേവഗൗഡ കാട്ടിയ എറ്റവും വലിയ അപരാധം എന്ന്‌ കരുതുന്നവരുണ്ട്‌. സുരേന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള ജനതാദളുകാരും ഇങ്ങനെയൊരു തെറ്റായ ആശയമാണ്‌ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്‌. ശരിയാണ്‌ , സെക്കുലര്‍ എന്ന ഒരു ലേബ്ല് പേരിനോടെപ്പം ആ പാര്‍ട്ടിസമീപകാലത്ത്‌ സ്വീകരിച്ചിട്ടുണ്ട്‌. കേന്ദ്രത്തില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ അതു വരെ മതേതരത്വം മാത്രം ശ്വസിച്ചുജീവിച്ച നല്ലൊരു പങ്ക്‌ മുന്‍ സോഷ്യലിസ്റ്റുകള്‍ ലവലേശം മനസാക്ഷിക്കുത്തില്ലാതെ ഹിന്ദുത്വ പക്ഷത്തേക്ക്‌ നീങ്ങുന്നത്‌ ഭാരതം അവിശ്വാസത്തോടെ കണ്ടതാണ്‌. അവരില്‍ ഏറ്റവും മുന്‍പന്‍ ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ ആയിരുന്നു. എഴുപത്തേഴിലെ ജനതാപാര്‍ട്ടി സര്‍ക്കാറിനെ ആര്‍.എസ്‌.എസ്‌.ദ്വയാംഗത്വപ്രശ്നം ഉന്നയിച്ച്‌ തകര്‍ത്ത അതേ ഫര്‍ണാണ്ടസ്‌ തന്നെയാണ്‌ വാജ്പേയി സര്‍ക്കാറില്‍ പങ്കാളിയായതെന്ന്‌ കാര്യവും ഞെട്ടലോടെ ഭാരതം കാണുകയുണ്ടായി. പക്ഷെ ജോര്‍ജ്‌ ഫര്‍ണാണ്ടസ്സിനെ മാത്രം കുറ്റം പറയുന്നതില്‍ വലിയ കാര്യമില്ല എന്ന്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടികളുടെ ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും. ആശയപരമായി ഏതെങ്കിലും കക്ഷികളെ അകറ്റിനിര്‍ത്തുകയെന്നത്‌ പാരമ്പര്യമായി തന്നെ ജനതാദളിനോ അവരുടെ മുന്‍ഗാമികളായ സോഷ്യലിസ്റ്റുകള്‍ക്കോ ഇല്ല. റാം മനോഹര്‍ ലോഹ്യ എക്കാലവും ഉയര്‍ത്തിപ്പിടിച്ചിരുന്നത്‌ കോണ്‍ഗ്രസ്‌ വിരുദ്ധരാഷ്ട്രീയമാണ്‌. കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ ഏത്‌ ചെകുത്താനുമായും കൂട്ടുകൂടുന്നതാണ്‌ ആദര്‍ശം എന്നു തന്നെ ഉറപ്പിച്ചു പറഞ്ഞിരുന്ന നേതാവാണ്‌ ഡോ. ലോഹ്യ. അറുപത്തേഴില്‍ സംസ്ഥാനങ്ങളില്‍ രൂപംകൊണ്ട കോണ്‍ഗ്രസ്‌ വിരുദ്ധ മുന്നണികളിലെല്ലാം സോഷ്യലിസ്റ്റ്‌ പാര്‍ട്ടികള്‍ അന്നത്തെ ജനസംഘത്തിനൊപ്പം പങ്കാളികളായിട്ടുണ്ട.്‌ യു.പി.യിലും ബിഹാറിലും മധ്യപ്രദേശിലും മറ്റും ഉണ്ടായ സംയുക്തവിധായക്‌ മന്ത്രിസഭകളിലും ഇവര്‍ കൂട്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇന്നത്തെ ബി.ജെ.പി.യേക്കാള്‍ പല മടങ്ങ്‌ വര്‍ഗീയതയുള്ള പാര്‍ട്ടിയായിരുന്ന ഭാരതീയ ജനസംഘം എന്നു പറയേണ്ടതില്ലല്ലോ. കോണ്‍ഗ്രസ്സിനേക്കാള്‍ എന്തുകൊണ്ടും ഭേദം ജനസംഘമാണെന്ന്‌ പറയാന്‍ ലോഹ്യയോ മറ്റു സോഷ്യലിസ്റ്റ്‌ ആചാര്യന്മാരോ മടിച്ചിട്ടില്ല. എണ്‍പതില്‍ ജനതാദളില്‍ നിന്ന്‌ ഫെര്‍ണാണ്ടസ്‌-മധു ലിമായെ സംഘം വിട്ടു പോയ ശേഷവും ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ജനതാപാര്‍ട്ടിയില്‍ മുന്‍ ജനസംഘക്കാര്‍ തുടരുന്നുണ്ടായിരുന്നു. പിന്നീട ്‌ ബി.ജെ.പി രൂപവല്‍ക്കരിക്കുന്നതിന്‌ അവര്‍ സ്വമേധയാ ജനതാപാര്‍ട്ടി വിട്ടു പോവുകയാണുണ്ടായത്‌.

കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന്‌ ഭരിക്കാനുള്ള തീരുമാനം തന്നെ കര്‍ണാടക വോട്ടര്‍മാരുടെ വിധിക്കെതിരായിരുന്നു. കോണ്‍ഗ്രസ്സ്‌ ഭരണത്തെ കുഴിച്ചുമൂടും എന്ന്‌ വാഗ്ദാനം ചെയ്താണ ്‌ ദേവഗൗഡ വോട്ട്‌ ചോദിച്ചത്‌. അതേ ഗൗഡ തന്നെയാണ്‌ കോണ്‍ഗ്രസ്സിനൊപ്പം ഭരിക്കാന്‍ പുറപ്പെട്ടത്‌. ഇതിനേക്കാള്‍ വലിയ വിശ്വാസവഞ്ചനയല്ല, ബി.ജെ.പി.യുമായുള്ള സഖ്യം എന്ന്‌ കരുതിയാല്‍ കുറ്റപ്പെടുത്താനും ആവില്ല. എന്നാല്‍ നിലപാടുകള്‍ തുറന്നു പറയാന്‍ കൂട്ടാക്കാതെ, ജനങ്ങളേയും പാര്‍ട്ടിയേയും തെറ്റിദ്ധരിപ്പിക്കുകയും മകന്‌ മുഖ്യമന്ത്രിയാകാന്‍ വേണ്ടി മാത്രം പാര്‍ട്ടിയെ ബി.ജെ.പി പാളയത്തില്‍ കൊണ്ടു ചെന്നു കെട്ടുകയും ആണദ്ദേഹം ചെയ്തത്‌. ബി.ജെ.പി. യുമായി കൂട്ടുകൂടിയതിനേക്കാള്‍ , മകന്‌ മുഖ്യമന്ത്രിയാകാന്‍ വേണ്ടി അത്‌ ചെയ്തു എന്നതാണ്‌ വലിയ അപരാധം. ഇന്ദിരാഗാന്ധിയും അതിന്‌ മുമ്പു നെഹ്രുവും ചെയ്തത്‌ എന്ന്‌ ആരോപിക്കപ്പെട്ട തെറ്റ്‌ അതിനേക്കാളൊക്കെ മോശമായ നിലയിലാണിപ്പോള്‍ ദേവഗൗഡ ചെയ്തിരിക്കുന്നത്‌. സോഷ്യലിസ്റ്റുകാരില്‍ നിന്നല്ല, ഗാന്ധിയന്‍ പാരമ്പര്യം അവകാശപ്പെടുന്ന സംഘടനാകോണ്‍ഗ്രസ്സില്‍ നിന്നാണ്‌ ദേവഗൗഡ രാഷ്ട്രീയശിക്ഷണം നേടിയതെന്നത്‌ അദ്ദേഹത്തിന്റെ അപരാധത്തിന്റെ വലുപ്പം പലമടങ്ങാക്കുന്നു.

ദേശീയരാഷ്ട്രീയത്തില്‍ ഇതൊരു തമാശ മാത്രമായിരിക്കാം ഇപ്പോള്‍. എന്നാല്‍, പഴയ ജനതാദള്‍ രാഷ്ട്രീയത്തിന്റെ പിന്തുടര്‍ച്ചക്കാരെന്ന്‌ അവകാശപ്പെടാന്‍ കഴിയുന്ന ഒരു ഗ്രൂപ്പ്‌ കൂടി ചിത്രത്തില്‍ നിന്ന്‌ അപ്രത്യക്ഷമാവുകയാണ്‌. രാജ്യഭരണത്തിന്റെ ചെങ്കോല്‍ കൈവശം വെക്കാന്‍ അവസരം സിദ്ധിച്ച കോണ്‍ഗ്രസ്‌ ഇതര- ബി.ജെ.പി. ഇതര വിഭാഗം ജനതാപരിവാറുകാരായിരുന്നു എന്ന്‌ മറന്നുകൂടാ. ആറു പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ജനതാപരിവാറില്‍ ഇനി മതേതരപക്ഷത്തിന്റെ ശ്രദ്ധ അര്‍ഹിക്കുന്ന രണ്ടു വിഭാഗങ്ങളേ അവശേഷിക്കുന്നുള്ളൂ. മുലായവും ലാലുവും മാത്രം. ഇരുവരും കിടക്കുന്നത്‌ ജാതിരാഷ്ടീയത്തിന്റെ ചെളിക്കുഴിയിലും .

Leave a Reply

Your email address will not be published. Required fields are marked *

Go Top