അണികള്‍ എന്തുകൊണ്ട്‌ കലാപം ചെയ്യുന്നില്ല

എൻ.പി.രാജേന്ദ്രൻ

കെ . കരുണാകരന്‍ നേതൃത്വം നല്‍കുന്ന ഇന്ദിരാകോണ്‍ഗ്രസ്‌ ഇടതുമുന്നണിയുടെ ഭാഗമായിക്കഴിഞ്ഞു. മുന്നണിയില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തിയോ എന്നത്‌ സാങ്കേതിക കാര്യം മാത്രമാണ്‌. ഇക്കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ ഇന്ദിരാകോണ്‍ഗ്രസ്സിനെ ഇടതുമുന്നണിയുടെ പ്രചാരണ വേദികളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍, തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പില്‍ സ്ഥിതി മാറി. പ്രചാരണവും പ്രവര്‍ത്തനവുമെല്ലാം സംയുക്തമായിട്ടായിരുന്നു. ആഹ്ലാദപ്രകടനവും അങ്ങനെ തന്നെ. ഇനി നിയമസഭാതിരഞ്ഞെടുപ്പില്‍ സംയുക്ത പ്രചാരണ കമ്മിറ്റികള്‍ ഉണ്ടാവുക തന്നെ ചെയ്യും. മുന്നണിയില്‍ ചേര്‍ക്കാതെ ഇന്ദിരാകോണ്‍ഗ്രസ്സിനെ മന്ത്രിസഭയില്‍ എടുക്കുന്ന വിചിത്ര കാഴ്ചയും നാം കണ്ടെന്നിരിക്കും.

സി.പി.എം-ഇന്ദിരാകോണ്‍ഗ്രസ്‌ കൂട്ടുകെട്ട്‌ വലിയ ചര്‍ച്ചാവിഷയമാണിന്ന്‌. പക്ഷെ, ചര്‍ച്ച നടക്കുന്നത്‌ സി.പി.എമ്മിലും ഇന്ദിരാകോണ്‍ഗ്രസ്സിലും അല്ല, പുറത്താണ്‌ എന്നുമാത്രം. ഇന്ദിരാകോണ്‍ഗ്രസ്സുമായി കൂട്ടുകൂടുന്നതിനെ ചൊല്ലി സി.പി.എമ്മില്‍ ഭിന്നത, തര്‍ക്കം എന്നും മറ്റുമുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുമ്പോള്‍ സി.പി.എം.സെക്രട്ടറി പിണറായി വിജയന്‍ ഉറപ്പിച്ചു പറയുന്നുണ്ട്‌. സി.പി.എമ്മിനകത്ത്‌ അങ്ങനെയൊരു ചര്‍ച്ചയുമില്ല, ഭിന്നതയുമില്ല. എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്‌. പിണറായി വിജയന്‍ പറയുന്നത്‌ സത്യമാകാനാണ്‌ സാദ്ധ്യത. രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ ശരിതെറ്റുകള്‍ ഇന്ന്‌ പാര്‍ട്ടികളില്‍ വലിയ ചര്‍ച്ചയൊന്നും ആകുന്നില്ല എന്നതാണ്‌ സത്യം. പ്രത്യയശാസ്ത്രമോ ആദര്‍ശമോ തത്ത്വമോ ഒന്നും ഇത്തരം തീരുമാനങ്ങളില്‍ പങ്കു വഹിക്കാതായിരിക്കുന്നു. ഇന്ദിരാകോണ്‍ഗ്രസ്‌-സി.പി.എം കൂട്ടായ്മ, അമ്പത്‌ വര്‍ഷക്കാലത്തെ കേരളീയരാഷ്ട്രീയത്തിന്റെ അധ:പതനത്തില്‍ ഉണ്ടായ ഏറ്റവും ആഴത്തിലുള്ള റെക്കോര്‍ഡ്‌ ആണെന്നു ഉറപ്പിച്ചു പറയാനാവും. പക്ഷെ, അതല്ല ഈ ലേഖകനെ വേവലാതിപ്പെടുത്തുന്നത്‌. കേരളത്തിലെ രാഷ്ട്രീയ ചിന്തകരിലും നിരീക്ഷകരിലും സാംസ്കാരികപ്രവര്‍ത്തകരിലും വിരലിലെണ്ണാന്‍ കഴിയുന്നത്ര ആളുകള്‍ പോലും ഇത്‌ തിരിച്ചറിയുന്നില്ല എന്നതും തിരിച്ചറിഞ്ഞവരില്‍ ആരും ഇതിനെ കുറിച്ച്‌ മിണ്ടുന്നില്ല എന്നതും ആണ്‌ കൂടുതല്‍ വേവലാതി ഉണ്ടാക്കുന്നത്‌.

കോണ്‍ഗ്രസ്‌ ഗ്രൂപ്പുകളുമായി സി.പി.എം.കൂട്ടുകൂടുന്നത്‌ ഇതാദ്യത്തെ തവണയല്ല എന്നും വി.എസ്‌.അച്യുതാനന്ദനും സി.പി.ഐ-ആര്‍.എസ്‌.പി.ഗ്രൂപ്പുകളും ഈ കൂട്ടുകെട്ട്‌ നീക്കത്തെ ചെറുക്കുന്നുണ്ടല്ലോ എന്നും എതിര്‍വാദങ്ങളായി ഉയര്‍ത്തപ്പെടും എന്നറിയായ്കയല്ല. കോണ്‍ഗ്രസ്‌ ഗ്രൂപ്പുകളുമായുള്ള കൂട്ടുകെട്ട്‌ ഇതാദ്യ തവണയല്ല എന്ന വാദത്തില്‍ കഴമ്പുണ്ട്‌. 1980 ല്‍ കേരളത്തില്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ ചേര്‍ക്കുകയും അവര്‍ ഒന്നിച്ചു ഭരിക്കുകയും ചെയ്തിട്ടുണ്ട്‌. ഇന്നത്തേതുമായി താരതമ്യപ്പെടുത്താന്‍ പോലും പറ്റാത്ത വിധത്തില്‍ വ്യത്യസ്തവും വേറിട്ടുനില്‍ക്കുന്നതുമായിരുന്നു അന്നത്തെ കൂട്ടുകെട്ട്‌. അടിയന്തരാവസ്ഥയില്‍ ഇന്ദിരയുടെ ഏകാധിപത്യത്തിനൊപ്പം നിന്നവരില്‍ തന്നെ വലിയ ഒരു വിഭാഗം രണ്ടു മനസ്സോടെയാണ്‌ നിലയുറപ്പിച്ചിരുന്നതെന്ന്‌ അന്നത്തെ സംഭവങ്ങളിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാകും.

ബീഹാര്‍ പ്രക്ഷോഭം, ജെ.പിയുടെ സമ്പൂര്‍ണ വിപ്ലവപ്രസ്ഥാനം,തിരഞ്ഞെടുപ്പു കേസ്സില്‍ ഇന്ദിരയ്ക്കുണ്ടായ തോല്‍വി, അതിനെ മറികടക്കാനുണ്ടായ നിയമനിര്‍മ്മാണം തുടങ്ങിയ കാര്യങ്ങളിലെല്ലാം പരസ്യമായി പോലും വ്യത്യസ്ത നിലപാട്‌ സ്വീകരിച്ചത്‌ ചന്ദ്രശേഖര്‍-മോഹന്‍ധാരിയ തുടങ്ങിയ ചില നേതാക്കള്‍ മാത്രമായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ അവര്‍ ജയിലിലാകുകയും ചെയ്തു. എന്നാല്‍ ജഗ്ജീവന്‍ റാമും എച്ച്‌.എന്‍. ബഹുഗുണയും നന്ദിനി സത്പതിയുമെല്ലാം അടങ്ങുന്ന മറ്റൊരു വിഭാഗം ഉള്ളില്‍ എതിര്‍പ്പോടെ ശബ്ദമടക്കി കഴിയുകയായിരുന്നു.

തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുകയും അടിയന്തിരാവസ്ഥയില്‍ അയവു വരുത്തുകയും ചെയ്തതോടെ ഈ വിഭാഗം പുറത്തു ചാടി പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നു. ഗുവാഹതി എ.ഐ.സി.സി.യിലും മറ്റും നേരിയ മുരളലുകള്‍ മാത്രം നടത്തി സുരക്ഷിതരായി ‘അടിയന്തരാവസ്ഥയുടെ നേട്ടങ്ങള്‍’ അനുഭവിച്ച മറ്റൊരു വിഭാഗം, അടിയന്തരാവസ്ഥ ഇല്ലാതാവുകയും ഇന്ദിര തോല്‍ക്കുകയും ചെയ്തതോടെയെങ്കിലും ഏകാധിപത്യത്തെ തള്ളിപ്പറയാന്‍ തയ്യാറായി. ദേവരാജ്‌ അറസും ശരദ്‌ പവാറും എ.കെ. ആന്റണിയുമെല്ലാം ചേര്‍ന്ന ഈ കോണ്‍ഗ്രസ്സുമായാണ്‌ സി.പി.എം. നേതൃത്വത്തിലുള്ള മുന്നണി 1980 ല്‍ ധാരണയിലെത്തിയത്‌. ഇവരെല്ലാം പിന്നീട്‌ പുതിയ കൂട്ടുകാരെയെല്ലാം കാലുവാരി പഴയ കൂട്ടുകാരിക്കൊപ്പം തിരിച്ചു പോയെന്നത്‌ സത്യമാണെങ്കിലും അന്നത്തെ ഏകാധിപത്യവിരുദ്ധരാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞവര്‍ തമ്മില്‍ ഐക്യമുണ്ടായതില്‍ അസ്വാഭാവികമായി ഒന്നും രാഷ്ട്രീയ നിരീക്ഷകര്‍ കണ്ടിരുന്നില്ല. ഇന്നത്തെ കൂട്ടുകെട്ടിന്‌ ഇത്തരം വല്ല പശ്ചാത്തലവുമുണ്ടോ?

ഇടതുപക്ഷവുമായി കൂട്ടുചേര്‍ന്ന്‌ വോട്ടുപിടിക്കുമ്പോഴും അടിയന്തരാവസ്ഥയെയും ഇന്ദിരയുടെ സ്വേച്ഛാധിപത്യ നയങ്ങളെയും രാജന്‍ സംഭവം വരെയുള്ള അതിക്രമങ്ങളെയും പഴയ അതേ വികാരത്തോടെ ശരി വെക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന ഒരേ ഒരു ഗ്രൂപ്പേ ഇന്നുള്ളൂ-അത്‌ കെ. കരുണാകരനും അനുചരരും ആണ്‌. സോണിയാഗാന്ധിക്കു പോലും അടിയന്തരാവസ്ഥയുടെ കാര്യത്തില്‍ കരുണാകരനോളം ഉത്തരവാദിത്തമില്ല. ഒരുപക്ഷെ കരുണാകരനേക്കാള്‍ കുറ്റബോധം ഉണ്ടാകാനുമിടയുണ്ട്‌. സഞ്ജയ്ഗാന്ധി അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളുടെയും ഭീകരതകളുടെയും മുഴുവന്‍ അമരക്കാരനായി മേനകയ്ക്കൊപ്പം പറന്നു നടക്കുമ്പോള്‍, രാജീവ്‌ ഗാന്ധി യാതൊന്നുമറിയാതെ യാത്രാവിമാനങ്ങള്‍ പറത്തുകയും സോണിയാഗാന്ധി വീട്ടമ്മയായി കഴിഞ്ഞുകൂടുകയും ആയിരുന്നല്ലോ. ഇപ്പോഴിതൊന്നും ഓര്‍മിക്കുന്നതില്‍ അര്‍പുരത്തും ഇടതുമുന്നണി തോല്‍പിച്ച്‌ പറപറപ്പിച്ചില്ലായിരുന്നുവെങ്കില്‍ രണ്ടു മക്കളും ഇന്നെന്തു ചെയ്യുന്നുണ്ടാകുമായിരുന്നു? കെ. മുരളീധരന്‍ വൈദ്യുതിമന്ത്രിയായി തുടരുന്നുണ്ടാകുമായിരുന്നു. പത്മജയെ കേന്ദ്രത്തില്‍ ഉപമന്ത്രിയെങ്കിലും ആക്കാന്‍ കഴിയുമോ എന്ന്‌ നോക്കാന്‍ കെ.കരുണാകരന്‍ ഡല്‍ഹിയിലേക്ക്‌ ഷട്ട്ല്‌ യാത്ര തുടരുന്നുണ്ടാകുമായിരുന്നു!

ഇന്ദിരാകോണ്‍ഗ്രസ്‌ കൂട്ടുകെട്ടിനെ സി.പി.ഐ എതിര്‍ക്കുന്നുണ്ട്‌. തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പില്‍ വോട്ടിനു വേണ്ടി കരുണാകരന്റെ പിറകെ നടക്കുകയും അദ്ദേഹത്തെയും പുത്രനെയും വാര്‍ഡ്‌ വാര്‍ഡാന്തരം എഴുന്നള്ളിക്കുകയും ചെയ്ത ശേഷമുള്ള ഈ മലക്കം മറച്ചിലിന്‌ എന്തു വിശ്വാസ്യതയാണുള്ളത്‌? കെ.കരുണാകരനും പുത്രനും സംസ്ഥാനത്തെ ഏറ്റവും തത്വരഹിത-കച്ചവട രാഷ്ട്രീയത്തിന്റെ പ്രതീകങ്ങളാണെന്നതൊന്നുമല്ല സി.പി.ഐ.യെ അലട്ടുന്നത്‌. മുന്നണിയില്‍ ചേര്‍ക്കുന്നതിനേക്കാള്‍ ലാഭം ഡി.ഐ.സി.യെ മൂന്നാം സ്ഥാനാര്‍ത്ഥിയാകാന്‍ പ്രേരിപ്പിക്കുന്നതാണെന്നതാണു വെളിയം ഭാര്‍ഗവന്റെ അതിബുദ്ധിയില്‍ ഉരുത്തിരിഞ്ഞ ആശയം. എങ്കില്‍ അതെന്തുകൊണ്ട്‌ തിരഞ്ഞെടുപ്പിനു മുമ്പ്‌ പറഞ്ഞില്ല? 1970 മുതല്‍ 80 വരെ അടിയന്തരാവസ്ഥയില്‍ ഉള്‍പ്പെടെ കരുണാകരനൊപ്പം ഉണ്ണുകയും ഉറങ്ങുകയും ചെയ്ത സി.പി.ഐ. യുടെ ഡി.ഐ.സി. വിരോധം ജനങ്ങളില്‍ ഒട്ടും വിശ്വാസ്യത ഉണര്‍ത്തുന്നില്ല. ഇടതുമുന്നണിയിലെ ‘രണ്ടാംഏട്ടന്റെ’ പദവി നഷ്ടപ്പ്ട്ടക്കുമോ ? ഇന്ദിരാകോണ്‍ഗ്രസ്സുമായി കൂട്ടുകൂടുന്നതിന്‌ എതിരെ വി.എസ്‌. അച്യുതാനന്ദന്‍ സി.പി.എമ്മിനകത്ത്‌ വിട്ടുവീഴ്ചയില്ലാതെ പോരാടുന്നില്ലേ എന്ന്‌ ചോദിക്കുന്നവരുണ്ട്‌. കറുത്ത മേഘങ്ങള്‍ക്കിടയിലെ വെള്ളിരേഖയായി വി.എസ്‌. അച്യുതാനന്ദന്റെ പോരാട്ടത്തെ കാണുന്നവര്‍ ധാരാളമുണ്ട്‌. എന്നാല്‍ സി.പി.എമ്മിനകത്ത്‌ സമീപകാലത്തുണ്ടായ ഗ്രൂപ്പ്‌ യുദ്ധത്തില്‍ ഏതാണ്ട്‌ ഉന്‍മൂലനം ചെയ്യപ്പെടുന്നതിന്റെ വക്കില്‍ എത്തിനില്‍ക്കുകയാണ്‌ വി.എസ്‌. പാര്‍ട്ടിയില്‍ നിന്ന്‌ പൂര്‍ണമായി പുറന്തള്ളപ്പെടാതിരിക്കാന്‍ ബോധപൂര്‍വം വളര്‍ത്തിയെടുക്കുന്ന കൃത്രിമമായ ‘ഗാന്ധിയന്‍’ പരിവേഷം മാത്രമാണിതെന്ന്‌ കരുതാന്‍ ന്യായങ്ങള്‍ ഏറെയുണ്ട്‌. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ സി.പി.എമ്മിനകത്ത്‌ ഒരൊറ്റ ശ്നത്തിലും സ്വന്തമായ ധാര്‍മ്മിക നിലപാട്‌ ഉയര്‍ത്തിപ്പിടിച്ച ആളല്ല അച്യുതാനന്ദന്‍. യഥാര്‍ത്ഥത്തില്‍, സി.പി.എം. അതിന്റെ ധാര്‍മികവും രാഷ്ട്രീയവുമായ അധ:പതനത്തില്‍ ഏറെ ആഴത്തിലെത്തിയത്‌ ഇ.കെ. നായനാരുടെ ഒടുവിലത്തെ ഭരണകാലത്താണ്‌. ഭരണ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്കൊന്നും ചെല്ലാതെ ഉറക്കം തൂങ്ങിയും ഉറക്കമുണരുമ്പോള്‍ വിഡ്ഢിത്തങ്ങള്‍ നിറഞ്ഞ തമാശകള്‍ തട്ടിവിട്ടും വാര്‍ദ്ധക്യത്തിന്റെ ‘സുഖങ്ങള്‍’ ആസ്വദിക്കുകയായിരുന്നു നായനാര്‍. വിദ്യാഭ്യാസക്കച്ചവടവും മണിച്ചന്‍ മുതല്‍ കുഞ്ഞാലിക്കുട്ടി വരെയുള്ളവരുമായുള്ള ഇടപാടുകളുമെല്ലാം നടന്നത്‌ ഇ.കെണായനാരുടെ മൂക്കിന്‌ കീഴിലാണ്‌. ഇതൊന്നും അച്യുതാനന്ദന്‍ അറിയാത്തതുമല്ല. കേരളം കണ്ടതില്‍ വെച്ചേറ്റവും മോശമായ ഭരണമായിരുന്നു ഇ.കെ നായനാര്‍ മന്ത്രിസഭയുടേത്‌. അതുമായി താരതമ്യപ്പെടുത്തിയാല്‍ എ.കെ. ആന്റണിയുടേത്‌ പോലും ഒന്നാംകിട ഭരണമാണ്‌. എന്നിട്ടും എതിര്‍പ്പിന്റെയോ തിരുത്തലിന്റെയോ നേരിയ സ്വരം പോലും അച്യുതാനന്ദനില്‍ നിന്നുയരുകയുണ്ടായില്ല. ആന്റണിയുടെ ഭരണാന്ത്യത്തോടടുപ്പിച്ച്‌ കരുണാകരന്‍ പക്ഷക്കാരുടെ ‘ഫിക്സഡ്‌ ഡിപ്പോസിറ്റ്‌’ എടുത്ത്‌ ബദല്‍ മന്ത്രിസഭയുണ്ടാക്കാനും മുഖ്യമന്ത്രിയാകാനും പദ്ധതിയിട്ടത്‌ ആദര്‍ശശാലിയായ വി.എസ്‌. അച്യുതാനന്ദന്‍ തന്നെയായിരുന്നു. മുമ്പ്‌ ജില്ലാ കൌണ്‍സില്‍ തിരഞ്ഞെടുപ്പിലെ വിജയം നാവില്‍ വെള്ളമൊലിപ്പിച്ചപ്പോള്‍ നിയമസഭ പിരിച്ചുവിട്ട്‌ തിരഞ്ഞെടുപ്പിന്‌ ഒരുമ്പെട്ടതും പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ തന്നെ നിയമസഭാതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതുമെല്ലാം അച്യുതാനന്ദന്റെ അത്ര എളുപ്പത്തിലൊന്നും മറക്കാന്‍ കഴിയാത്ത ആദര്‍ശ പരീക്ഷണങ്ങളായിരുന്നു. ഡി.ഐ.സി-സി.പി.എം കൂട്ടുകെട്ടിന്റെ കാര്യത്തിലും അദ്ദേഹത്തിന്റെ എതിര്‍പ്പ്‌ ആദര്‍ശാധിഷ്ഠിതമാണെന്നു കരുതാന്‍ ന്യായമില്ല. അതേറെയും തന്ത്രവുമായി ബന്ധപ്പെട്ടതാണ്‌. ഇരുപതോ മുപ്പതോ സീറ്റ്‌ കൊടുത്ത്‌ ഡി.ഐ.സി യെ മുന്നണിയില്‍ കൊണ്ടുവരുന്നതിനേക്കാള്‍ ലാഭം അവരെ വേറെ മത്സരിക്കാന്‍ വിടുന്നതാണ്‌. യു.ഡി.എഫിന്റെ വോട്ട്‌ അവര്‍ ശരിക്കും വിഭജിപ്പിച്ചാല്‍ എല്‍.ഡി.എഫിന്‌ നൂറു സീറ്റിലെങ്കിലും എളുപ്പം ജയിക്കാം. ഡി.ഐ.സി.യെ കൂടെ കൂട്ടിയാലും ഇത്രയൊക്കെ സീറ്റേ കിട്ടൂ. പിന്നെന്തിന്‌ വേണ്ടാത്ത ബാധ്യതകള്‍ വരുത്തി വെക്കണം? പിണറായി വിജയന്റെ കണക്കുകൂട്ടലുകള്‍ വേറെ ചിലതാണ്‌. അച്യുതാനന്ദനും അറിയില്ല അതെന്തെല്ലാമാണ്‌ എന്ന്‌.

തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ലവലേശം അവശേഷിപ്പിക്കാതെ ഭരണത്തിന്റെ ശിഷ്ടകാലത്ത്‌ കൊയ്ത്ത്‌ നടത്തുകയാണ്‌ ഉമ്മന്‍ചാണ്ടിയും കൂട്ടരും. നേരം പുലരാന്‍ ഇനിയേറെയില്ലെന്ന ബോധ്യത്തോടെ പരക്കം പായുന്ന തസ്കരസംഘത്തെ ഓര്‍മ്മിപ്പിക്കുകയാണ്‌ ഈ ഭരണാധികാരികള്‍. രാഷ്ട്രീയ കീഴ്‌വഴക്കങ്ങളുടേയോ ഭരണാധികാരികളില്‍ നിന്ന്‌ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന മിനിമം മര്യാദകളുടെയോ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി എവിടെ നില്‍ക്കുന്നു എന്ന്‌ കാട്ടിത്തന്നു കെ.കെ. രാമചന്ദ്രന്റെ രാജിയിലേക്ക്‌ നയിച്ച ലോകായുക്ത വിവാദം. കെ.കെ രാമചന്ദ്രന്‍ ജില്ലാമെ ഡിക്കല്‍ ഓഫീസറെ പോലൊരു ഉദ്യോഗസ്ഥനോട്‌ ഏത്‌ രീതിയിലാണ്‌ സംസാരിക്കുന്നതെന്നും ലോകായുക്ത പോലൊരു ജുഡീഷ്യല്‍ സംവിധാനത്തിന്റെ നടപടിക്രമങ്ങളില്‍ എങ്ങനെയാണ്‌ ഇടപെടുന്നതെന്നും വെളിവാക്കിയ കൈരളിചാനല്‍ ടേപ്പ്‌ ദിവസം മുഴുവന്‍ കേരളീയര്‍ ആവര്‍ത്തിച്ചു കേള്‍ക്കുകയായിരുന്നു. അതിനെ കുറിച്ചാണ്‌ മുഖ്യമന്ത്രി തികഞ്ഞ ലാഘവത്തോടെ ‘മന്ത്രി വെറുതെ ഒന്നു അന്വേഷിക്കുക’ മാത്രമാണ്‌ ചെയ്തത്‌ എന്നു ന്യായീകരിച്ചത്‌. കേരളത്തിലെ ജനങ്ങളെ ഭരണക്കാര്‍ എത്ര നിസ്സാരന്‍മാരായാണു കാണുന്നത്‌ എന്നും ഇതു വെളിവാക്കി. ഇതൊന്നും ഒറ്റപ്പെട്ട ചില അബദ്ധങ്ങളായ കാണാനാവില്ല. ബി.ജെ.പി.യുമായി ഉണ്ടാക്കിയ കൂട്ടുകെട്ട്‌, കുഞ്ഞാലിക്കുട്ടിക്കു വേണ്ടി നടത്തിയ ജുഡീഷ്യല്‍ ഇടപെടലുകള്‍, സമ്പന്നര്‍ക്കു വേണ്ടിയുള്ള ഇടപാടുകള്‍ തുടങ്ങിയ എണ്ണിയാല്‍ തീരാത്ത കാര്യങ്ങള്‍ യു.ഡി.എഫ്‌ ഭരണത്തിനെതിരായ കുറ്റപത്രത്തില്‍ സ്ഥാനം പിടിക്കുമെന്ന്‌ തീര്‍ച്ച. അവര്‍ അതിനു പിഴ നല്‍കേണ്ടി വരികയും ചെയ്യും.

മതവും ധാര്‍മ്മികതയുമായുള്ള ബന്ധം എക്കാലവും പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്‌. എല്ലാ ധാര്‍മ്മികതകളുടെയും ഉല്‍ഭവം മതത്തില്‍ നിന്നാണെന്നു പോലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്‌. മതവും രാഷ്ട്രീയവും തമ്മില്‍ വേര്‍തിരിക്കണമെന്ന സെക്യുലര്‍ കാഴ്ചപ്പാടിനെ മഹാത്മാഗാന്ധി അംഗീകരിക്കാതിരുന്നത്‌, ഈ വേര്‍തിരിവ്‌ രാഷ്ട്രീയത്തെ ധാര്‍മികതയില്‍ നിന്നകറ്റും എന്ന അപകടം ചൂണ്ടിക്കാട്ടിയായിരുന്നു. മതം രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്ന ധാര്‍മികതയുടെ അളവ്‌ അറിയാന്‍ കേരളത്തിലെ രണ്ട്‌ മതാധിഷ്ഠിത രാഷ്ട്രീയ പാര്‍ട്ടികളെ നിരീക്ഷിച്ചാല്‍ മതിയാകും!ബി.ജെ.പി.യും മുസ്ലീംലീഗുമാണ്‌ ഈ രണ്ടുപാര്‍ട്ടികള്‍. വോട്ട്‌ വില്‍പന മുതല്‍ മുസ്ലീം തീവ്രവാദി ബന്ധം വരെയാണ്‌ ബി.ജെ.പിക്ക്‌ അകത്ത്‌ നേതാക്കള്‍ക്ക്‌ എതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍. പുറത്ത്‌ നിന്ന്‌ ആരും ഉന്നയിക്കാത്ത അത്ര ഗുരുതരമായ അധാര്‍മികതകള്‍ ‘ബഹുമാന്യരും’ ആര്‍ഷഭാരതസംസ്കാരത്തില്‍ അടിയുറച്ചു നില്‍ക്കുന്നവരുമായ നേതാക്കള്‍ക്ക്‌ എതിരെ ഉയര്‍ത്തുന്നത്‌ ബി.ജെ.പി നേതാക്കള്‍ തന്നെയാണ്‌. അധികാര രാഷ്ട്രീയത്തിലോ മറ്റു ഭൌതിക-ലൌകികാകര്‍ഷങ്ങളിലേക്കോ വഴുതിപ്പോകാതെ ജീവിക്കാന്‍ നിയോഗിക്കപ്പെട്ട ‘സ്വയംസേവക’രെ കുറിച്ചുള്ള കഥകള്‍ ലജ്ജിപ്പിക്കുന്നവയാണ്‌.

ധാര്‍മികതയുടെ കാര്യത്തില്‍ മുസ്ലിംലീഗ് ‘പിന്നില’ല്ല. കോടതിവിധികളിലെ അസന്നിഗ്ദ്ധതകളില്‍ പിടിച്ച്‌ രക്ഷപ്പെടാന്‍ കഴിയാത്ത വിധം അത്ര പ്രകടവും നാണിപ്പിക്കുന്നവയുമാണ്‌ അവരുടെ ചില നേതാക്കളുടെ ധാര്‍മികനിലവാരം. മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറിയുടെ അതേ പേരുള്ള ഒരു അദ്ധ്യാപകന്റെ മകന്‍ പറഞ്ഞത്‌, ആരു ചോദിച്ചാലും ഞാന്‍ അച്ഛന്റെ പേര്‌ പറയാറേ ഇല്ല എന്നായിരുന്നു!ഇത്‌ ആ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയുടെ നല്ല പ്രതീകമാണ്‌.

ഈ അധ:പതനങ്ങളല്ല, ഇവയൊന്നും കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല,ചോദ്യം ചെയ്യപ്പെടുന്നില്ല എന്നതാണ്‌ പ്രശ്നം. ധാര്‍മികതയുടെ കാര്യത്തില്‍ ലോകത്തിന്‌മാതൃകകളായി ഉയര്‍ത്തിക്കാട്ടാവുന്ന ആദര്‍ശസംഹിതകളെ പ്രതിനിധീകരിക്കുന്ന നാലു പ്രസ്ഥാനങ്ങളുടെ പ്രതിനിധികളായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചാണ് നാം പരിശോധിച്ചത്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ഇതിലേറ്റവും മുന്നില്‍. പ്രത്യയശാസ്ത്രപരമായി ഇനി പൊട്ടാത്തതും പൊളിയാത്തതുമായ ഒന്നും കൈയ്യില്‍ ബാക്കിയില്ലെങ്കിലും ഏറെ ധാര്‍മികശക്തി അവശേഷിക്കുന്ന പ്രസ്ഥാനമാണത്. അതും ഉന്മൂലനം ചെയ്യാന്‍ കരാര്‍ എടുത്ത മട്ടില്‍ പെരുമാറുകയാണ് എ.കെ.ജി യുടെയും എണ്ണമറ്റ രക്തസാക്ഷികളുടെയും പിന്‍മുറക്കാര്‍. മഹാത്മാഗാന്ധി മുതല്‍ ഹിമാലയത്തോളം ഉയര്‍ന്നു നില്ക്കുന്ന അനേകം ധാര്‍മിക വ്യക്തിത്വങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്നുണ്ട് ഉമ്മന്‍ചാണ്ടിമാരും രമേശ് ചെന്നിത്തലമാരും. പി.എസ്.ശ്രീധരന്‍പിള്ളയും പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രവാചകരുടെ വാക്കുകളില്‍ പിടിച്ചാണ് ആണയിടുന്നതെന്ന ദുരന്തം അതുല്യങ്ങളാണ്. എന്നിട്ടും കേരള രാഷ്ട്രീയത്തില്‍ ഇവര്‍ക്കെതിരെ ഒരു ചെറുശബ്ദവും ഉയരുന്നില്ല. പാര്‍ട്ടി അണികള്‍ നേതൃത്വങ്ങളുടെ ധാര്‍മികത്തകര്‍ച്ചകള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തുന്നില്ല.

കേരള മാര്‍ച്ചുകളുടെ നായകന്മാര്‍ക്ക് നോട്ടുമാലയിടീക്കാന്‍ പരക്കം പായുകയാണവര്‍. അണികള്‍ എന്തുകൊണ്ട് കലാപം ചെയ്യുന്നില്ല? നേതാക്കള്‍ സംസ്ഥാനതലത്തില്‍ ചെയ്യുന്ന അധാര്‍മികതകള്‍ അണികള്‍ വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ചെയ്യുമ്പോള്‍ എങ്ങനെയാണു കലാപം ഉണ്ടാവുക? അണികളും നേതൃത്വവുമെല്ലാം ഒരു വലിയ ഗൂഢസംഘത്തിന്‍െറ ഭാഗമായിരിക്കുന്നു.

അര നൂറ്റാണ്ടിനിടയില്‍ കേരളീയസമൂഹത്തില്‍ ഉണ്ടായ ഏറ്റവും അപകടകരമായ കാര്യം ഇതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സംസ്കാരിക-ബൗദ്ധിക-മാധ്യമ മേഖലകളില്‍ നിന്നു ഇതിനെതിരെ ശബ്ദമുയരുന്നുണ്ടോ? പിണറായി വിജയന്‍െറ കേരളമാര്‍ച്ചിന് ഉപദേശവും നിര്‍ദ്ദേശവും നല്‍കാന്‍ ക്യൂ നിന്ന സാംസ്കാരികനായകന്മാരുടെ ചിത്രം കണ്ടാല്‍ കേരളം എങ്ങോട്ട് പോകുന്നു എന്നു വെളിവാകും. സുകുമാര്‍ അഴീക്കോട് മുതല്‍ മുന്‍ ബി.ജെ.പി അനുഭാവി ഡി. ബാബുപോള്‍ വരെയുള്ള പുതിയ ‘ഇടതുപക്ഷ രസികന്‍ മന്‍റം’ശക്തി പ്രാപിക്കുകയാണ്.

ഇടതുഭരണം വരുന്നു എന്ന ചിന്തയാണ് അവരെ പിണറായി സമക്ഷത്തിങ്കല്‍ എത്തിച്ചിരിക്കുന്നത്. ഇവര്‍ അടുത്ത ഭരണത്തില്‍ പലതും പ്രതീക്ഷിക്കുന്നുണ്ടാവാം, പക്ഷെ ഒരു കാര്യം ഉറപ്പിക്കുക-ഇവരില്‍ നിന്നു കേരളം നല്ലതായ യാതൊന്നും പ്രതീക്ഷിക്കുകയേ വേണ്ട. കോളേജുകളില്‍ വളരുന്ന തലമുറ രാഷ്ട്രീയധാര്‍മികതകള്‍ക്കെതിരായ തിരുത്തല്‍ ശക്തിയായ അനുഭവം ഒിട്ടറെ രാഷ്ട്രങ്ങളിലുണ്ട്. ജനിച്ചു വീഴുന്ന ഏതാണ്ട് എല്ലാവരും കോളേജിലെത്തുന്ന ഒരു അപൂര്‍വ സമൂഹമാണല്ലോ കേരളത്തിലേത്. കേരളത്തിലെ കോളേജുകളില്‍ പുത്തന്‍ ചിന്തയുടെ, ധാര്‍മിക വിപ്ലവത്തിന്‍െറ ബീജങ്ങള്‍ പൊട്ടിപ്പിളര്‍ന്ന് ഉയര്‍ന്നുവരാതിരിക്കുമോ? എസ്.എഫ്.ഐ യും കെ.എസ്.യു.വും ഉള്‍പ്പെടുന്ന സംഘടനകള്‍, മുസ്ലിമും ക്രിസ്ത്യാനിയുമായ മത-വര്‍ഗീയ സംഘടനകള്‍, ദൃശ്യമാദ്ധ്യമങ്ങള്‍ സൃഷ്ടിച്ച പുതിയ ഭ്രമങ്ങള്‍ തുടങ്ങിയവയെല്ലാം ചേര്‍ന്ന് പുതിയ തലമുറയെയും നശിപ്പിക്കുകയാണ്. ഇവയില്‍ ഒന്നാം നമ്പര്‍ കുറ്റവാളികള്‍ വിദ്യാര്‍ത്ഥിസംഘടനകള്‍ തന്നെയാണ്. പാര്‍ട്ടിയും നേതാക്കളും ചെയ്യുന്നതിനെ മുഴുവന്‍ ആരാധനാപൂര്‍വം വീക്ഷിക്കുകയും അവര്‍ക്ക് വേണ്ടി അടിയും കുത്തുമേല്‍ക്കാന്‍ സന്നദ്ധരാവുകയും ചെയ്യുന്ന രാഷ്ട്രീയാടിമകളെ സൃഷ്ടിക്കാനുള്ള കോണ്‍ട്രാക്റ്റ് ആണ് എസ്.എഫ്.ഐ യും കെ.എസ്.യു.വും ഏറ്റിരിക്കുന്നത്. ഈ സംഘടനകള്‍ ഉള്ള കാലത്തോളം കോളേജുകളിലും നല്ല വിത്തൊന്നും മുളയ്ക്കാനിടയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top