കേരളം കാല്‍നൂറ്റാണ്ട്‌ പിന്നിലേക്ക്‌

എൻ.പി.രാജേന്ദ്രൻ

മുന്നണിരാഷ്ട്രീയത്തിന്റെ അടിസ്ഥാനതത്ത്വമെന്താണ്‌? രാഷ്ട്രീയത്തിലെ ഒരു വിരോധാഭാസമായാണ്‌ കൂട്ടുകക്ഷിമുന്നണികളെ അതിന്റെ ആവിര്‍ഭാവകാലത്ത്‌ കണക്കാക്കിയിരുന്നത്‌. ഒരു അടിസ്ഥാനതത്ത്വവും ഇല്ലാത്ത അവസരവാദം ആയാണ്‌ അതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കണ്ടിരുന്നതും. സ്വാതന്ത്യ്രംകിട്ടി വളരെയൊന്നും വൈകുന്നതിനുമുമ്പ്‌ കേരളം മുന്നണി രാഷ്ട്രീയത്തിന്റെ അനിവാര്യതയില്‍ എത്തിച്ചേര്‍ന്നിരുന്നു. എന്തിനു സ്വാതന്ത്യ്രലബ്ധിയും കേരളവുമൊക്കെയായി പരിമിതപ്പെടുത്തുന്നു. സ്വാതന്ത്യ്രത്തിനുമുമ്പ്‌ ഉണ്ടായ കോണ്‍ഗ്രസ്‌ മുസ്ലിം ലീഗ്‌ മന്ത്രിസഭകളുടെ അടിസ്ഥാനമെന്തായിരുന്നു. ജനാധിപത്യത്തിലെ രാഷ്ട്രീയകക്ഷി രൂപവത്കരണത്തിന്റെ അടിസ്ഥാനതത്ത്വം, മുന്നണി രൂപവത്കരണത്തിന്റെ അടിസ്ഥാനതത്ത്വത്തിന്‌ എതിരാണ്‌. ഒരേ ആശയത്തില്‍ വിശ്വസിക്കുകയും ഒരേ ലക്ഷ്യത്തിനുവേണ്ടി ഒരേ മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നവരാണ്‌ ഒരേ പാര്‍ട്ടിയില്‍ അംഗങ്ങളാകുക. അതുകൊണ്ടുതന്നെ രണ്ടു കക്ഷികള്‍ക്ക്‌ ഒരേ ലക്ഷ്യവും മാര്‍ഗവും ആശയവും ഉണ്ടാകാന്‍ സാധ്യമല്ല. സാധ്യമെങ്കില്‍ അവര്‍ ഒറ്റക്കക്ഷിതന്നെ ആവേണ്ടതല്ലേ?

ഈ ചോദ്യങ്ങളൊന്നും ഇന്ന്‌ ആരും ഉന്നയിക്കാറില്ല. ചോദ്യമുയര്‍ത്തുന്നവരെ, ഏതോ വിദൂരഗ്രഹത്തില്‍നിന്നു വന്നവരെയെന്നപോലെ വിചിത്രജീവികളായാണു ജനങ്ങള്‍പോലും നോക്കിക്കാണുക. മുന്നണികള്‍ അത്രമേല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയ്ക്ക്‌ പുറത്ത്‌ പല വികസിതരാജ്യങ്ങളില്‍പോലും മുന്നണിഭരണം സാധാരണ സംഭവമായിട്ടുണ്ട്‌. ആ ചില പരിപാടികളിലും നയങ്ങളിലും യോജിപ്പുണ്ടെങ്കില്‍ ആ പരിപാടിയും നയവും നടപ്പാക്കുവാന്‍ യോജിച്ചുനില്‍ക്കാം എന്നു താത്ത്വികാടിത്തറ മുന്നണി രാഷ്ട്രീയത്തിനുണ്ടായിട്ടുണ്ട്‌. ഇത്‌ വളരെ വിശാലമായ സാധ്യതകളാണു സൃഷ്ടിച്ചുവിട്ടിരിക്കുന്നത്‌. എന്തെങ്കിലും കുറെ കാര്യത്തിലെങ്കിലും അഭിപ്രായ ഐക്യവും യോജിപ്പും ഇല്ലാത്ത ഏതെങ്കിലും രണ്ടു പാര്‍ട്ടികള്‍ കേരളത്തിലോ, ഇന്ത്യയിലോ ഉണ്ടോ? രണ്ടറ്റത്തുനില്‍ക്കുന്നവ എന്നു തോന്നിക്കുന്ന ബി.ജെ.പിയും സി.പി.എമ്മുംപോലും ചില കാര്യത്തില്‍ യോജിച്ചെന്നു വരാം. ഇത്‌ ഇവര്‍ തമ്മിലുള്ള മുന്നണിബന്ധത്തിനു ന്യായീകരണമാവുമോ? പൊതുപരിപാടി എന്ന പുകമറ എല്ലാതരം മുന്നണി ബന്ധങ്ങള്‍ക്കും ന്യായീകരണമാവുകയാണ്‌.

കേരളത്തിലിപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക്‌ പ്രാധാന്യമുണ്ട്‌. കാല്‍നൂറ്റാണ്ടെങ്കിലുമായി കേരള രാഷ്ട്രീയത്തിലെ മുന്നണി ബന്ധങ്ങള്‍ക്കുണ്ടായിരുന്ന അല്‍പം വിശ്വാസ്യതയും അല്‍പം ആദര്‍ശാടിസ്ഥാനവും അല്‍പം ന്യായീകരണങ്ങളുമെല്ലാം അതിവേഗം തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്‌ പഴയ ചോദ്യങ്ങള്‍ വീറോടെ ഇന്ന്‌ ഉന്നയിക്കപ്പെടുന്നത്‌. 1ന്ന57-ലെ വിമോചന സമരത്തിനുശേഷം അതിവിചിത്രങ്ങളായ പല മുന്നണി സമവാക്യങ്ങളും കേരളം കണ്ടിട്ടുണ്ട്‌. മുന്നണിയില്‍ ഒപ്പം നിലയുറപ്പിച്ച്‌ കൊടിപിടിച്ചവരാണ്‌ കോണ്‍ഗ്രസും സോഷ്യലിസ്റ്റ്‌ പാര്‍ട്ടിക്കാരും മുസ്ലിം ലീഗുകാരും. അറുപതിലെ തെരഞ്ഞെടുപ്പില്‍ അവര്‍ ഒപ്പം നില്‍ക്കുകയും തുടര്‍ന്ന്‌ ഭരിക്കുകയും ചെയ്തു. 1967 ആയപ്പോഴേക്ക്‌ നില മാറി. സി.പി.എമ്മും സി.പി.ഐയും മുസ്ലിം ലീഗും സോഷ്യലിസ്റ്റുകളുമെല്ലാം ചേര്‍ന്നാണ്‌ കോണ്‍ഗ്രസ്‌ വിരുദ്ധ ഐക്യമുന്നണിയുണ്ടാക്കിയത്‌. മൂന്നുവര്‍ഷംകൊണ്ട്‌ ആ മുന്നണി സമവാക്യവും മാറി. കോണ്‍ഗ്രസ്‌ വിരുദ്ധമുന്നണിയായി നടന്നിരുന്ന സി.പി.ഐയും മുസ്ലിം ലീഗും ഒരുവിഭഗം എസ്‌.പി, ആര്‍.എസ്‌.പി. കക്ഷികളും കോണ്‍ഗ്രസ്‌ മുന്നണിയിലേക്ക്‌ ചേക്കേറുകയാണ്‌ ചെയ്തത്‌. അതിന്‌ അവര്‍ക്ക്‌ പറയാന്‍ ഒരു തൊടുന്യായവും വീണുകിട്ടിയിരുന്നു. കേന്ദ്രത്തില്‍ നെടുകെ പിളര്‍ന്നുകഴിഞ്ഞിരുന്നു കോണ്‍ഗ്രസ്‌ അപ്പോഴേക്ക്‌. ഇന്ദിരാഗാന്ധിയുടെ പക്ഷമായും യാഥാസ്ഥിതികപക്ഷമായും രണ്ടു വിഭാഗങ്ങളുണ്ടായി. കൊടും സോഷ്യലിസ്റ്റായുള്ള ഇന്ദിരാഗാന്ധിയുടെ അഭിനയത്തില്‍ കേന്ദ്രത്തിലെ സി.പി.ഐ – സി.പി.എം. കക്ഷികള്‍ വശംവദരായിപ്പോയിരുന്നു. വിശാലമായൊരു പുരോഗമന മുന്നണിയില്‍ ഭാഗമാക്കാവുക എന്ന ആഹ്വാനം കേട്ടാണ്‌ കേരളത്തിലെ സി.പി.ഐക്കാര്‍ കോണ്‍ഗ്രസ്‌ മുന്നണിയില്‍ പങ്കാളികളായത്‌. പക്ഷേ, സി.പി.എമ്മിന്‌ അത്‌ സാധ്യമായിരുന്നില്ല. കോണ്‍ഗ്രസ്‌ വിരുദ്ധമുന്നണിയുടെ നേതൃത്വമായിരുന്നല്ലോ അവര്‍ക്ക്‌ കേരളത്തില്‍. അപ്പോഴെങ്ങനെ കോണ്‍ഗ്രസുമായി കൂട്ടുചേരും? ദേശീയ രാഷ്ട്രീയത്തില്‍ ഇന്ദിരാപക്ഷവും ‘സിന്‍ഡിക്കേറ്റ്‌’ പക്ഷവും തുല്യശക്തികളാണെന്ന്‌ തോന്നിപ്പിച്ചിരുന്നുവെങ്കിലും കേരളത്തില്‍ സിന്‍ഡിക്കേറ്റുകള്‍ ചെറുന്യൂനപക്ഷമായിരുന്നു.
കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധിയുടെ സര്‍ക്കാരിനെ പിന്താങ്ങി നിലനിര്‍ത്തിവന്ന സി.പി.എം. കേരളത്തില്‍ അവരുടെ ബദ്ധശത്രുക്കളായി കരുതപ്പെട്ടിരുന്ന സിന്‍ഡിക്കേറ്റ്‌ കോണ്‍ഗ്രസുമായി പരോക്ഷബന്ധത്തിന്‌ മുതിരുകയാണ്‌ ചെയ്തത്‌. മുന്നണിയാണോ? അല്ല, മുന്നണിയില്ല. കൂട്ടുകെട്ടാണോ? ഹേയ്‌ ഒരിക്കലുമില്ല. പിന്നെന്താണ്‌ ഈ ബന്ധം? വെറുമൊരു ‘ധാരണ’, ചില ‘നീക്കുപോക്കുകള്‍’.

കേരളരാഷ്ട്രീയത്തിലെ ‘അശ്ലീല’മായ ഈ പദപ്രയോഗങ്ങള്‍ക്ക്‌ പ്രചാരം കിട്ടിയത്‌ 1ന്ന71-ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ്‌. സിന്‍ഡിക്കേറ്റ്‌ കോണ്‍ഗ്രസിലെ നാലഞ്ച്‌ നേതാക്കള്‍ സ്വതന്ത്രരായി മത്സരിക്കുകയും സി.പി.എം. അവര്‍ക്ക്‌ പിന്തുണ പ്രഖ്യാപിക്കുകയുമാണ്‌ ചെയ്തത്‌. അവിഹിതമായ ഈ രാഷ്ട്രീയബന്ധത്തെ ന്യായീകരിക്കാന്‍ സി.പി.എം. നേതൃത്വം പലപല തൊടുന്യായങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്നു. പക്ഷേ, ജനങ്ങളുടെ അംഗീകാരമതിനു ലഭിച്ചില്ല. വേഷം കെട്ടിയ സ്വതന്ത്രരെല്ലാം തോല്‍ക്കുകയാണുണ്ടായത്‌. സി.പി.എം. മുന്നണിക്ക്‌ ഭൂരിപക്ഷവും ലഭിച്ചില്ല.

1977 ആയപ്പോഴേക്ക്‌ മുന്നണി രാഷ്ട്രീയം മറ്റൊരു ഘട്ടത്തിലെത്തി. സി.പി.എമ്മിനു, അക്കാലംവരെ ജനസംഘത്തിന്റെ കൊടിയും ബോര്‍ഡുമായി നടന്നവരെ ഒപ്പം കൂട്ടി ഒന്നിച്ചു മത്സരിക്കേണ്ടിവന്നു. കൊടിയ വൈരവും ശത്രുതയുമാണ്‌ കേരളത്തില്‍ സി.പി.എം. – ജനസംഘം കക്ഷികള്‍ തമ്മിലുണ്ടായിരുന്നത്‌. എന്നിട്ടുപോലും കെ.ജി.മാരാര്‍ക്കും ഒൃ‍ാ‍ജഗോപാലിനും വോട്ടുപിടിക്കാന്‍ സി.പി.എമ്മുകാര്‍ വീടുകയറിയിറങ്ങി. ഇ.എം.എസ്‌. മുതല്‍ പാട്യം ഗോപാലന്‍ വരെയുള്ള ‘ശത്രു’ക്കള്‍ക്കുവേണ്ടി വോട്ടുപിടിക്കാന്‍ ആര്‍.എസ്‌.എസുകാരും പാഞ്ഞുനടന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തില്‍ അവര്‍ മുന്നണി ചേര്‍ന്നത്‌ ആദര്‍ശരാഹിത്യമൊന്നുമായിരുന്നില്ല; അതൊരു അനിവാര്യതയായിരുന്നു എന്നത്‌ മറ്റൊരു പ്രശ്നം.

കെ.കരുണാകരന്‍, എ.കെ.ആന്റണി, പി.കെ.വാസുദേവന്‍ നായര്‍ മന്ത്രിസഭകള്‍ക്ക്‌ ശേഷമുണ്ടായ കലങ്ങിമറിയലുകള്‍ സൃഷ്ടിച്ചത്‌ അല്‍പം നെറിയും സത്യവും ഉള്ള മുന്നണി സമവാക്യങ്ങളാണ്‌. അതാണ്‌ കാല്‍നൂറ്റാണ്ടിനുശേഷമിപ്പോള്‍ തകര്‍ച്ചയെ നേരിടുന്നത്‌. 19ട്ട0-ലെ ആന്റണി കോണ്‍ഗ്രസ്‌ – സി.പി.എം. കൂട്ടുകെട്ടിന്റെ തകര്‍ച്ചയോടെയാണ്‌ കുറച്ചെങ്കിലും ‘സമാന മനസ്കരുടെ കൂട്ടുകെട്ട്‌’ എന്നു ന്യായീകരിക്കാവുന്ന മുന്നണി സംവിധാനം കേരളത്തിലുണ്ടായത്‌. കോണ്‍ഗ്രസ്‌, മുസ്ലിം ലീഗ്‌, കേരള കോണ്‍ഗ്രസ്‌ കക്ഷികള്‍ക്ക്‌ പൊതുവായ ചില വിശ്വാസങ്ങളും പൊതുവായ സാമ്പത്തിക താത്പര്യങ്ങളും ഉണ്ടായിരുന്നു. മറുപക്ഷത്ത്‌ സി.പി.എം., സ.പി.ഐ., ആര്‍.എസ്‌.പി., മുന്‍ സോഷ്യലിസ്റ്റ്‌ കക്ഷികള്‍ക്കും അതേ കമ്യൂണിസ്റ്റ്‌ വിരോധത്തിന്റെ പതാക പറപ്പിച്ച്‌ രാഷ്ട്രീയ ഉയരങ്ങള്‍ താണ്ടുകയും യു.ഡി.എഫ്‌ സംവിധാനത്തില്‍ ശക്തിയും ദാര്‍ഢ്യതയും പകരുകയും ചെയ്തതിന്റെ മുഖ്യ ക്രെഡിറ്റ്‌ കെ.കരുണാകരന്‌ ഉള്ളതാണ്‌.

കേരളം വീണ്ടും എണ്‍പതുകള്‍ക്കു മുമ്പുള്ള അവസരവാദമുന്നണി രാഷ്ട്രീയത്തിലേക്ക്‌ തിരിച്ചുപോവുകയാണ്‌. മാര്‍ക്സിസ്റ്റ്‌ വിരോധം മാത്രം ആദര്‍ശമായി കൊണ്ടുനടന്നിരുന്ന കോണ്‍ഗ്രസ്‌-ഐ പക്ഷം പുതിയ പാര്‍ട്ടിയുണ്ടാക്കി മാര്‍ക്സിസ്റ്റ്‌ പക്ഷത്തേക്ക്‌ ചായാന്‍ തുടങ്ങുന്നു. മുന്നണിയില്‍ പ്രവേശിപ്പിക്കാന്‍ ഇടതുപക്ഷത്തുള്ളവര്‍ക്ക്‌ അല്‍പം വൈമുഖ്യം ഉണ്ടെന്നതുമാത്രമാണ്‌ കാലതാമസമുണ്ടാക്കുന്നത്‌. ഡെമോക്രാറ്റിക്‌ ഇന്ദിരാ കോണ്‍ഗ്രസ്‌ (കരുണാകരന്‍) ഏതുനിമിഷവും ഇടതുമുന്നണിയുടെ സഹചാരിയായി മാറാം. മുന്നണിയോ, കൂട്ടുക്ട്ടാ ഉണ്ടായില്ലെങ്കില്‍ 1971 മോഡലില്‍ ധാരണയോ, നീക്കുപോക്കോ ഉണ്ടാകാം.

മറ്റൊരുതരം മുന്നണി പ്രവേശനത്തിനും കേരളം സാക്ഷ്യം വഹിക്കുകയാണ്‌. ഇടതുമുന്നണിയെ എക്കാലവും എതിര്‍ത്തുപോന്നിട്ടുള്ള ചില വ്യക്തികളും കക്ഷികളും ഇടതുപക്ഷത്തേക്കുകടക്കാന്‍ പിന്‍വാതിലില്‍ മുട്ടുകയാണ്‌. ജനതാദള്‍ വഴി അകത്തുകടക്കാനാണ്‌ ആര്‍.ബാലകൃഷ്ണപിള്ളയുടെ ശ്രമം. ബി.ജെ.പി. മുന്നണിയില്‍ പങ്കാളിയാവുകയും കേന്ദ്രത്തില്‍ മന്ത്രിസ്ഥാനം അടിച്ചെടുക്കുകയും ചെയ്ത പി.സിഠോമസ്‌ ജോസഫ്‌ ഗ്രൂപ്പ്‌ വഴി ഇടതുമുന്നണിയില്‍ കയറാന്‍ ശ്രമം നടത്തുന്നു. കാല്‍നൂറ്റാണ്ട്‌ പിന്നിലെ അര്‍ഥശൂന്യമായ മുന്നണി രാഷ്ട്രീയക്കളികളിലേക്ക്‌ കേരളം തിരിച്ചുപോവുകയാണ്‌ എന്ന്‌ ഉറപ്പിച്ചുപറയാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

Go Top