പാപം ചെയ്യുന്നവരും കല്ലെറിയട്ടെ

എൻ.പി.രാജേന്ദ്രൻ

കള്ളനെ പിടിക്കുന്നതിലല്ല കാര്യം; കള്ളനെ പിടിക്കാന്‍ യോഗ്യതയുള്ളവര്‍ മാത്രമേ അതു ചെയ്യാവൂ എന്നതാണ്‌ പ്രധാന കാര്യം. ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സമീപകാലത്തെ രണ്ട്‌ അപവാദ വിവാദത്തിലും ഈ പ്രശ്നം ഉയര്‍ന്നുവന്നു. കള്ളനെ പിടിച്ചുവെന്ന്‌ പറയുന്നവരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടു. ആദര്‍ശങ്ങളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും പ്രവാചകനിന്ദയും ആവിഷ്കാരസ്വാതന്ത്ര്യവും (20.02.06)ഒരുപാട്‌ അവകാശവാദങ്ങളുള്ള ആര്‍.എസ്‌.എസ്‌. അര്‍ഥശങ്കയ്ക്കിടയില്ലാത്ത ഭാഷയില്‍ തുറന്നുപറഞ്ഞു – ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.’

കേന്ദ്രമന്ത്രി നട്‌വര്‍സിംഗിന്റെ രാജിയിലേക്ക്‌ നയിച്ച വോള്‍ക്കര്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയ്ക്കിടയില്‍ വോള്‍ക്കര്‍ റിപ്പോര്‍ട്ടിനു പിന്നിലുള്ള അമേരിക്കന്‍ താത്പര്യം ഗൗരവപൂര്‍വം ഉന്നയിക്കപ്പെട്ടു. ഇറാക്ക്‌ യുദ്ധകാലത്തും അതിനുശേഷവും യു.എസ്‌. വിരുദ്ധനെന്ന്‌ മുദ്രകുത്തപ്പെട്ട ആളാണ്‌ നട്‌വര്‍സിംഗ്‌. ഇറാക്കിലേക്ക്‌ യു.എസ്‌. അധിനിവേശ സേനയുടെ സഹായത്തിനായി ഇന്ത്യ പട്ടാളത്തെ അയയ്ക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചപ്പോള്‍ അതിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന കോണ്‍ഗ്രസ്‌ വിദേശനയസമിതിയുടെ തലവനായിരുന്നു നട്‌വര്‍സിംഗ്‌. അമേരിക്കന്‍ ഭരണകൂടത്തിന്റെ, സി.ഐ.എ.യുടെ ഹിറ്റ്ലിസ്റ്റില്‍ പെട്ടുപോയതുകൊണ്ട്‌ മാത്രമാണ്‌ വോള്‍ക്കര്‍ റിപ്പോര്‍ട്ടില്‍ നട്‌വറിന്റെ പേരുവന്നത്‌. പ്രതികാരം ചെയ്യുകയാണ്‌ യു.എസ്‌. ഭരണാധികാരികള്‍. അതുകൊണ്ട്‌ നട്‌വറിനെ സംരക്ഷിക്കുകയാണ്‌ നാം സാമ്രാജ്യത്വവിരുദ്ധര്‍ ചെയ്യേണ്ടത്‌- ഇങ്ങനെ പോയി ഒളിച്ചും തെളിച്ചുമുള്ള വാദങ്ങള്‍.

വാദങ്ങളില്‍ കഴമ്പില്ല എന്നു പറയുകയല്ല. കഴമ്പുണ്ട്‌. പക്ഷേ, വോള്‍ക്കര്‍ റിപ്പോര്‍ട്ട്‌ നട്‌വറിനെ വെറുതെ കേസില്‍പ്പെടുത്തുകയായിരുന്നുവോ? അല്ല. ഇറാക്ക്‌ എണ്ണ-ഭക്ഷപദ്ധതിയില്‍ സംശയാസ്പദമായി നിരവധി നീക്കങ്ങള്‍ നട്‌വറിന്റെയും മകന്റെയും ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്‌. തന്നെ വീഴ്ത്താന്‍ യു.എസ്‌. നേതൃത്വം നടത്തിയ ഗൂഢാലോചന മാത്രമാണിതെന്ന നട്‌വറിന്റെ വാദത്തിന്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍പോലും കാര്യമായ പിന്തുണ കിട്ടിയില്ല. ഏറെ കടിച്ചുതൂങ്ങിയെങ്കിലും ഒടുവില്‍ കടിവിട്ടുകളയേണ്ടിവന്നു. ഇറാക്ക്‌ അനുകൂലിയായി രംഗത്തുവരുന്ന ഒരു രാഷ്ട്രീയനേതാവ്‌, ഇറാക്കുമായി സാമ്പത്തികനേട്ടമുണ്ടാക്കുന്ന പണമിടപാട്‌ നടത്തിയോ എന്നതാണ്‌ ഇതില്‍ അന്തര്‍ലീനമായ ധാര്‍മികപ്രശ്നം എന്ന്‌ കോണ്‍ഗ്രസിന്റെയോ, ഇടതുപക്ഷത്തിന്റെപോലുമോ നേതാക്കള്‍ തിരിച്ചറിഞ്ഞില്ലെന്നത്‌ നമ്മുടെ രാഷ്ട്രീയം നേരിട്ടുകൊണ്ടിരിക്കുന്ന മൂല്യപ്രതിസന്ധിയുടെ യഥാര്‍ഥ ചിത്രം വരച്ചുവയ്ക്കുന്നു. അമേരിക്കയെ നയപരമായി പിന്താങ്ങുന്ന ഒരു നേതാവ്‌ അമേരിക്കയില്‍നിന്ന്‌, സി.ഐ.എയില്‍നിന്ന്‌ പണംപറ്റി എന്നായിരുന്നു ആരോപണമെങ്കില്‍ എന്താകുമായിരുന്നു പ്രതികരണം? പണം ജോര്‍ജ്‌ ബുഷിന്റേതാകുമ്പോള്‍ ഒരു നിലപാടും സദ്ദാം ഹുസൈന്റേതാകുമ്പോള്‍ മറ്റൊരു നിലപാടും എന്നത്‌ ഇരട്ടത്താപ്പായി ആക്ഷേപിക്കുന്നതില്‍ തെറ്റുണ്ടോ? ലോകത്തെമ്പാടും ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ മുതല്‍ ജനനേതാക്കളെ വധിക്കാന്‍വരെ ആയുധവും പണവും യഥേഷ്ടം നല്‍കുന്ന യു.എസ്‌. ഭരണാധികാരികള്‍ക്ക്‌ സദ്ദാമിന്റെ പണം പറ്റിയതിന്റെ പേരില്‍ ആരേയും വിമര്‍ശിക്കാന്‍ ലവലേശം ധാര്‍മികാധികാരമില്ലതന്നെ. പക്ഷേ, ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക്‌ അതിനുള്ള ധാര്‍മികാവകാശമുണ്ട്‌. നട്‌വറിനെ ജയിപ്പിച്ച്‌ വിദേശകാര്യമന്ത്രിയാക്കി എന്നത്‌ അവര്‍ ചെയ്ത പാപമല്ല. കല്ലെറിയാന്‍ അവര്‍ക്ക്‌ അവകാശമുണ്ട്‌. രാജ്യത്തിന്റെ വിദേശകാര്യമന്ത്രി സ്ഥാനത്ത്‌ ഇരുന്നുകൊണ്ടല്ല നട്‌വര്‍ പണം വാങ്ങിയത്‌ എന്ന്‌ വാദിക്കാം. പക്ഷേ, മുഖ്യ പ്രതിപക്ഷകക്ഷിയുടെ വിദേശകാര്യ സെല്‍ കണ്‍വീനര്‍ ഭാവിമന്ത്രിസഭയുടെ ‘ഷാഡോ’ വിദേശകാര്യമന്ത്രിയാണ്‌. ഇവിടെ ആരോപണം കൊണ്ടുവന്ന അമേരിക്കന്‍ കമ്മിറ്റിയുടെ മാനദണ്ഡങ്ങളല്ല നമ്മെ നിഗമനങ്ങളിലെത്താന്‍ സഹായിക്കേണ്ടത്‌. രാഷ്ട്രീയ ധാര്‍മികതയുടെ ചട്ടങ്ങള്‍ ഉണ്ടാക്കുന്നത്‌ അമേരിക്കയല്ലല്ലോ.

ഭരണ-പ്രതിപക്ഷ കക്ഷികള്‍ രണ്ട്‌ ധ്രുവങ്ങളില്‍ നിന്നുകൊണ്ടാണ്‌ വോള്‍ക്കര്‍ റിപ്പോര്‍ട്ട്‌ വിവാദത്തില്‍ പങ്കാളികളായത്‌. നട്‌വറിന്റെ ചോരയ്ക്കുവേണ്ടി എന്‍.ഡി.എ. നാക്കുനീട്ടിയിരിക്കുകയായിരുന്നു. അതേ എന്‍.ഡി.എയ്ക്ക്‌ പിറകെവന്ന രാഷ്ട്രീയാഴിമതി വിവാദത്തില്‍ നാക്കിറങ്ങിപ്പോവുന്നതാണ്‌ നാം കണ്ടത്‌. മന്ത്രിയോ, ഭരണത്തില്‍ പങ്കുള്ള ആളോ അല്ലാതിരുന്ന നട്‌വര്‍സിംഗിനോളം ഉത്തരവാദിത്തം പാര്‍ലമെന്റിനകത്തെ പ്രവര്‍ത്തനത്തില്‍ പ്രകടിപ്പിക്കേണ്ടവരാണ്‌ ഈ എം.പി.മാരും. പാവനമാണ്‌ പാര്‍ലമെന്റ്‌ എന്നാണ്‌ സങ്കല്‍പം. അംഗങ്ങളെല്ലാം ‘ബഹുമാനപ്പെട്ട അംഗ’ങ്ങളാണ്‌. ആര്‍ക്കെങ്കിലും ആനുകൂല്യം നല്‍കാന്‍ മന്ത്രി കോഴവാങ്ങുന്നതില്‍ എത്രത്തോളം അധാര്‍മികതയുണ്ടോ, അത്രയും അധാര്‍മികത സഭയില്‍ ചോദ്യം ചോദിക്കാന്‍ പണം വാങ്ങുന്നതിലുമുണ്ട്‌. എന്നാല്‍, ധാര്‍മികതയുടെ തനിസ്വരൂപങ്ങളായി രംഗത്തുവരാറുള്ള ഈ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കൊന്നും ഇക്കാര്യത്തില്‍ ഉറച്ച നിലപാടില്ലാതായിരിക്കുന്നു. തുടക്കത്തില്‍ ധാര്‍മികരോഷപ്രകടനങ്ങള്‍ക്ക്‌ ക്രമേണ വീര്യം കുറയുന്നത്‌ കാണാമായിരുന്നു.

പിടികൂടപ്പെട്ടത്‌ നിസാരന്‍മാര്‍ ആണെന്നതു സത്യം തന്നെ. പാര്‍ലമെന്റിലെ വലിയ അഴിമതിയല്ല, ചോദ്യം ചോദിക്കാന്‍ ഏതാനും ആയിരം രൂപ വാങ്ങുകയെന്നത്‌. ഏറ്റവും ദുര്‍ബലരായ, പിന്‍സീറ്റുകാരും നിരക്ഷരരുമായ എം.പി.മാര്‍ മാത്രമേ ചോദ്യം ചോദിക്കാന്‍ പണം വാങ്ങാറുള്ളൂ. വന്‍കിട കുത്തക കമ്പനികളുടെ ശമ്പളപ്പട്ടികയിലുള്ള എത്ര പാര്‍ലമെന്റംഗങ്ങളുണ്ട്‌ എന്ന്‌ കണ്ടെത്താന്‍ ഒരു മാധ്യമവും രഹസ്യക്കാമറയുമായി ഇറങ്ങിച്ചെല്ലുകയില്ല. ക്യാമറകള്‍ക്കൊന്നും കാണാന്‍ കഴിയാത്ത ഇടപാടുകളാണ്‌ വ്യവസായ കുത്തകകളും എംപിമാരും തമ്മില്‍ നടക്കുന്നത്‌. ഹോള്‍സെയിലായി കുത്തകകള്‍ക്ക്‌ സ്വയംവില്‍പന നടത്തിയ എംപിമാര്‍ എത്രപേരുണ്ട്‌? തങ്ങള്‍ക്ക്‌ ലോബിയിങ്ങ്‌ നടത്താന്‍ ഓരോ വന്‍സ്ഥാപനവും എത്രരൂപ ചെലവഴിച്ചുവെന്നും ആരൊക്കെ അത്‌ കൈപ്പറ്റിയെന്നും കാണിക്കുന്ന രേഖകള്‍ എന്നെങ്കിലും പുറത്തുവരുമോ? സ്വകാര്യകമ്പനികള്‍ അനുദിനം നടത്തുന്ന അഴിമതികളും അധാര്‍മികതകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരും രാഷ്ട്രീയക്കാരും നടത്തുന്ന അഴിമതിയുടെ ആയിരം മടങ്ങ്‌ വലിപ്പമുള്ളതാണ്‌. പക്ഷേ, നമ്മുടെ മാധ്യമങ്ങളുടെ ക്യാമറകള്‍ അത്യപൂര്‍വമായേ അങ്ങോട്ട്‌ കണ്ണുതിരിക്കാറുള്ളൂ. മാധ്യമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതും സ്വകാര്യകമ്പികള്‍ തന്നെയാണ്‌. അറിയാനുള്ള അവകാശം പൊതുമേഖലയുടെയും സര്‍ക്കാരിന്റെയും കാര്യത്തിലേ ജനങ്ങള്‍ക്കുള്ളൂ. സ്വകാര്യമേഖല സ്വകാര്യം തന്നെയാണ്‌.

സ്വകാര്യമേഖലയുടെ, മൂലധനത്തിന്റെ സര്‍വാധിപത്യം വളരുന്ന ഇക്കാലത്ത്‌ മാധ്യമമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിലങ്ങുവീണുകൊണ്ടിരിക്കുന്നു എന്നതും വിസ്മരിച്ചുകൂടാ. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍നിന്നു മാധ്യമ സ്ഥാപനങ്ങള്‍ പിന്‍വാങ്ങുകയാണ്‌. നാടുനന്നാക്കുകയൊന്നുമല്ല, പണമുണ്ടാക്കുകയാണ്‌ മാധ്യമനടത്തിപ്പിന്റെ ലക്ഷ്യമെന്നു തുറന്നുപറയുന്ന മാധ്യമ ഉടമകള്‍ വിജയിച്ചുകൊണ്ടിരിക്കുന്ന കാലത്ത്‌, ഭരണാധികാരികളുടെ അഴിമതി തുറന്നുകാട്ടാണോന്നു ഇപ്പോഴാര്‍ക്കും വയ്യ. മുഖ്യധാരാമാധ്യമങ്ങള്‍ ‘തുറന്നുകാട്ടുന്ന’ പണം എി‍ന്ന ഉപേക്ഷിച്ചതാണ്‌. ഉന്നതന്‍മാര്‍ പ്രതിരോധ ഇടപാടുകള്‍ക്ക്‌ പണം വാങ്ങുന്നത്‌ രഹസ്യക്യാമറ വഴി ചിത്രീകരിച്ച്‌ കോളിളക്കം സൃഷ്ടിച്ച ‘തെഹല്‍ക്ക ഡോട്ട്‌ കോം’ ഇന്നെവിടെയാണ്‌? നേതാക്കള്‍ക്ക്‌ ഒരു രോമത്തിനുപോലും കേടുപറ്റിയില്ല. തെഹല്‍ക്ക ഉടമകളാണ്‌ ജയിലിലായത്‌. അതില്‍നിന്നു പാഠം പഠിച്ചവരാണ്‌ മാധ്യമ ഉടമകള്‍. എന്നാല്‍, വിവാദവും വാര്‍ത്തയും സൃഷ്ടിക്കാന്‍ പറ്റിയ നല്ല ഇരകള്‍ തന്നെയാണ്‌ ഈ പിന്‍ബഞ്ച്‌ എം.പി.മാര്‍. അവര്‍ക്ക്‌ ഇങ്ങോട്ട്‌ തിരിഞ്ഞുകുത്താനുള്ള ശേഷിയില്ലെന്ന്‌ എല്ലാവര്‍ക്കും അറിയാം. എന്നാല്‍, എം.പി.മാരായതുകൊണ്ട്‌ ‘വിവാദമൂല്യം’ ഉണ്ടുതാനും. രഹസ്യക്യാമറകള്‍ക്ക്‌ ഇതിനേക്കാള്‍ നല്ല ഇരകളെ കണ്ടെത്താന്‍ പ്രയാസമായിരിക്കും.

എം.പി.മാരില്‍ ബഹുഭൂരിപക്ഷം അനധികൃതമായി പണംപറ്റുന്നവരായിരിക്കാം. എന്നാല്‍, അത്‌ കോഴവാങ്ങുമ്പോള്‍ പിടിക്കപ്പെട്ടവരെ വെറുതെവിടാന്‍ മതിയായ ന്യായമല്ല. “മോഷ്ടിക്കപ്പെടുമ്പോള്‍ പിടികൂടപ്പെട്ടവാന്‍ കള്ളന്‍തന്നെ. എന്നാല്‍, പിടിക്കപ്പെടാത്ത ഭാഗ്യവാന്‍മാര്‍ കള്ളന്‍മാരല്ല എന്നുവരുമോ?”- പ്രമുഖനായ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിക്കുകയുണ്ടായി. തീര്‍ച്ചയായും നല്ല ന്യായംതന്നെ. എന്നാല്‍, നിര്‍ഭാഗ്യവാന്‍മാര്‍
മാത്രമാണ്‌ പിടിക്കപ്പെട്ടത്‌. എന്നതുകൊണ്ടുമാത്രം ഏതെങ്കിലും കോടതി ഇക്കാലംവരെ ആരെയെങ്കിലും ശിക്ഷയില്‍ നിന്നൊഴിവാക്കിയിട്ടുണ്ടോ?

കല്ലെറിയാന്‍ യോഗ്യതയുള്ള ആരെയും കിട്ടാത്ത കാലമാണിത്‌. പാപം ചെയ്യുന്നവര്‍ക്ക്‌ ഭൂരിപക്ഷവും ഉണ്ടായിരിക്കാം. വലിയ പാപം ചെയ്യുന്നവര്‍ ചെറിയ പാപം ചെയ്യുന്നവരെ കല്ലെറിയുന്നുണ്ടാകാം. എല്ലാ കള്ളന്‍മാരെയും പിടിക്കാന്‍ കഴിയുന്നില്ലെന്നു സമ്മതിക്കാം. പിടിക്കാന്‍ നടന്നവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയവും ഉണ്ടായിട്ടുണ്ടാകാം.

എന്നാല്‍, ഇതൊന്നും പിടികൂടപ്പെട്ട കള്ളന്‍മാരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയയ്ക്കാന്‍ പര്യാപ്തമായ വാദങ്ങളാവുന്നില്ല. ജനാധിപത്യത്തിലുള്ള ജനവിശ്വാസം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോകട്ടെ, അതു പൂര്‍ണമായി തകരാതെ നോക്കാനെങ്കിലും നമുക്ക്‌ ബാധ്യതയുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top