ഒരു പൊതുതെരഞ്ഞെടുപ്പോളം പ്രാധാന്യം ലഭിച്ചിട്ടില്ലെങ്കിലും കേരളീയര്‍ക്കു മുഴുവന്‍ പങ്കാളിത്തം ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനും വലിയ പ്രാധാന്യമാണുള്ളത്. അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് അരനൂറ്റാണ്ടായി പ്രസംഗഘോഷങ്ങള്‍ നടക്കുന്ന ഒരു നാട്ടില്‍ യഥാര്‍ഥത്തില്‍ നിയമസഭയേക്കാള്‍ പ്രധാനമാകേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പാണ്. ജനജീവിതവുമായി നേരിട്ട് ബന്ധമുള്ള ഒിട്ടറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും തീരുമാനമുണ്ടാകുകയും ചെയ്യുന്ന വേദികളാണിവ.
പക്ഷേ, ഈ തെരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ മുിന്നറുമ്പോള്‍ നാട്ടിലെ വികസന – ജനകീയ പ്രശ്നങ്ങളാണോ ചര്‍ച്ച ചെയ്യപ്പെടുന്നത് എന്ന ചോദ്യം നാം സ്വയം ചോദിക്കേണ്ടതുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിജയപരാജയങ്ങളാണോ ചര്‍ച്ച ചെയ്യപ്പെടേണ്ടത്? മൂന്നുപതിറ്റാണ്ടുമുമ്പ് രാജ്യം നേരിട്ട അടിയന്തരാവസ്ഥയാണോ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകേണ്ടത്?
നമ്മുടെ രാഷ്ട്രീയചര്‍ച്ചകള്‍ ഏതുവിധം വഴിതെറ്റുന്നുവെന്നതിന്റെ ഉത്തമോദാഹരണമാണ് ഈ തെരഞ്ഞെടുപ്പുകാലത്ത് നടക്കുന്ന ചര്‍ച്ചകള്‍. നമ്മുടെ സംസ്ഥാനംപോലെ ഇത്രയധികം രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു ഭൂപ്രദേശമുണ്ടെന്നു തോന്നുന്നില്ല. കക്ഷിവ്യത്യാസവും പ്രത്യയശാസ്ത്രവും ഇത്രയേറെ അപ്രസക്തമായിക്കഴിഞ്ഞ പ്രദേശവും വേറെ കാണില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ യഥാര്‍ഥത്തില്‍ ചര്‍ച്ചയ്ക്കു വരേണ്ട വിഷയങ്ങള്‍ എല്ലാവരും യോജിച്ചുനിന്ന് മൌനത്തിലൊളിപ്പിക്കുന്ന പ്രദേശവും വേറെ കാണില്ലെന്നു തോന്നുന്നു. വിചിത്രമായ ഒരു രാഷ്ട്രീയവിരോധാഭാസത്തില്‍ അകപ്പെട്ടുപോയിരിക്കുന്നു കേരളം.
ഇത്രയേറെ ഒച്ചപ്പാടോടെ ചര്‍ച്ച ചെയ്യാന്‍ ഇവിടെ കക്ഷികള്‍ തമ്മില്‍ ആശയപരമോ, പ്രത്യയശാസ്ത്രപരമോ ആയ എന്ത് ഭിന്നതയാണുള്ളത്? രണ്ടു മുന്നണികളിലും പുറത്തുമായി കൂട്ടം കൂടിയും അല്ലാതെയും നില്‍ക്കുന്ന കക്ഷികള്‍ തമ്മില്‍ കൊടിയുടെ നിറത്തിലും ചിഹ്നത്തിന്റെ രൂപത്തിലും അല്ലാത്ത എന്തു ഭിന്നതയാണുള്ളത്? ഇടതുപക്ഷം ചെയ്യുന്നതിനെ മറുപക്ഷം എതിര്‍ക്കുന്നത്, ചെയ്യുന്നത് ഇടതുപക്ഷമാണ് എന്നതുകൊണ്ട് മാത്രമാകുന്നു. യു.ഡി.എഫ് ചെയ്തതെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇടതുപക്ഷം ചെയ്തിട്ടുണ്ട്. പക്ഷേ, യു.ഡി.എഫ് ചെയ്തപ്പോഴെല്ലാം ഇതിനെയവര്‍ രൂക്ഷമായി എതിര്‍ത്തിട്ടുമുണ്ട്. ഈ കളിയവര്‍ അനന്തമായി തുടരുകയാണ്. ഞങ്ങള്‍ തമ്മില്‍ ‘ഭയങ്കര’ ഭിന്നതയാണെന്നവര്‍ അഭിനയിക്കുന്നു. ഇവര്‍ തമ്മില്‍ ആശയം സംബന്ധിച്ചോ, ഭരണനയങ്ങള്‍ സംബന്ധിച്ചോ വലിയ ഭിന്നതയൊന്നുമില്ല. ആര് ഭരിക്കണം എന്നതു സംബന്ധിച്ച് മാത്രമാണ് ഭിന്നതകളെല്ലാം.
പഞ്ചായത്ത് – മുനിസിപ്പല്‍ – കോര്‍പറേഷന്‍ വാര്‍ഡുകളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളിലെ മുന്നണി ബന്ധങ്ങള്‍ സംബന്ധിച്ചാണ് ഇവിടെ നടക്കുന്ന വിവാദങ്ങളെല്ലാം. കാല്‍നൂറ്റാണ്ടിനിടയില്‍ ആദ്യമായി മുന്നണി ബന്ധങ്ങള്‍ക്കകത്ത് ഒരു വ്യതിയാനം സംഭവിച്ചിരിക്കുന്നു. മൂന്നരപതിറ്റാണ്ടുകാലമായി കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ – ഇടതുപക്ഷവിരുദ്ധ പ്രസ്ഥാനത്തിന്റെ നേതാവ് കെ.കരുണാകരനായിരുന്നു. 1977-നുശേഷം രൂപപ്പെട്ട ഈ മുന്നണിയുടെ മുഖ്യമന്ത്രിസ്ഥാനം 19ന്ന0 വരെ സി.അച്യുതമേനോന്‍, പി.കെ.വാസുദേവന്‍ നായര്‍, സി.എച്ച്.മുഹമ്മദ്കോയ, എ.കെ.ആന്റണി തുടങ്ങിയവര്‍ വഹിച്ചിരുന്നുവെങ്കിലും ലീഡര്‍ യഥാര്‍ഥത്തില്‍ ‘ലീഡര്‍’തന്നെ ആയിരുന്നു.
ലോകത്തില്‍ ആരെ വിശ്വസിച്ചാലും മാര്‍ക്സിസ്റ്റുകാരെ വിശ്വസിക്കരുതേ എന്ന് അണികളെ പഠിപ്പിച്ചുപോന്നിട്ടുള്ള ആളാണ് ലീഡര്‍ കെ.കരുണാകരന്‍. യുവത്വത്തിന്റെ പ്രസരിപ്പും ആദര്‍ശത്തിന്റെ പൊലിമയും പുരോഗമനാശയങ്ങളുടെ പ്രകാശവും ഉള്ള നേതാക്കള്‍ അധികവും ആന്റണി – വയലാര്‍ രവി പക്ഷത്തായിരുന്നുവെങ്കിലും അണികളില്‍ നല്ലപങ്ക് കെ.കരുണാകരന് ഒപ്പമായിരുന്നത് എന്തുകൊണ്ടാണ്? സി.പി.എമ്മുകാരെ നിലയ്ക്കുനിര്‍ത്താന്‍ കഴിയുന്ന നേതാവായി അവര്‍ കണ്ടിരുന്നത് കെ.കരുണാകരനെ മാത്രമായിരുന്നു.
ഇന്ദിരാഗാന്ധി തോറ്റ ഘട്ടം വന്നപ്പോള്‍ ആദര്‍ശവും അടിയന്തരാവസ്ഥാവിരോധവും പറഞ്ഞ് മാര്‍ക്സിസ്റ്റുകാരോടൊപ്പം പോയ ആന്റണിയേക്കാള്‍ വിശ്വസ്തന്‍ അവര്‍ക്ക് കെ.കരുണാകരന്‍ തന്നെയായിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന ദീര്‍ഘകാലത്ത് ഏത് മാര്‍ക്സിസ്റ്റുകാരനെ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ചൂണ്ടിക്കാട്ടിയാലും അവനെ പിടിച്ച് ലോക്കപ്പിലിട്ട് രണ്ടു കൊടുക്കണമെന്നു പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് ‘സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍’ നല്‍കിയിരുന്നു കെ.കരുണാകരന്‍!
മണ്ഡലം സെക്രട്ടറിമാര്‍ സ്റ്റേഷന് അടുത്തുള്ള റോഡില്‍ നടക്കുന്നതുപോലും ഇഷ്ടപ്പെടാത്ത ആഭ്യന്തരമന്ത്രിയായിരുന്നു എ.കെ.ആന്റണി! അണികള്‍ ആര്‍ക്കൊപ്പം നില്‍ക്കും? ഇത്രയുംകാലം മാര്‍ക്സിസ്റ്റ് വിരോധം എന്ന ഒരൊറ്റ ഊര്‍ജസ്രോതസുകൊണ്ട് കേരളത്തിലെ യു.ഡി.എഫ് രാഷ്ട്രീയത്തിന് ഇന്ധനവും ജീവനും പകര്‍ന്ന ലീഡറും അനുയായികളും ഈ തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നുവെന്നത് ഈ തെരഞ്ഞെടുപ്പിനെ കേരളചരിത്രത്തിലെ ഏറ്റവും വിചിത്രമായൊരു തെരഞ്ഞെടുപ്പാക്കി മാറ്റുന്നു.
ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയചരിത്രത്തിലെ സുപ്രധാനമായ മറ്റൊരു ഘട്ടവും കുറിക്കുന്നുമുണ്ട്. രാഷ്ട്രീയ പരിണാമത്തില്‍ ഒരു നാഴികക്കല്ലാണിതെന്നും വിശേഷിപ്പിക്കാം. കക്ഷികള്‍ തമ്മില്‍ പേരിലും കൊടിയുടെ നിറത്തിലും മുദ്രാവാക്യത്തിലും മാത്രമേ വ്യത്യാസമുള്ളൂ എന്ന് ആക്ഷേപിക്കപ്പെടുമ്പോഴും പല കക്ഷികളും എന്ത് സാഹചര്യമുണ്ടായാലും ചില കക്ഷികളുമായി ഒരു ബന്ധവും പുലര്‍ത്തുകയില്ലെന്ന സങ്കല്‍പ്പം സാധാരണക്കാര്‍ക്കുണ്ടായിരുന്നു. നിരന്തരമായി പറഞ്ഞുണ്ടാക്കിയതാണ് ആ ധാരണകള്‍. മുന്നണിരാഷ്ട്രീയം സര്‍വസാധാരണമാകുംവരെ ഓരോ കക്ഷിയും ഓരോ ഒറ്റപ്പെട്ട ദ്വീപായി നില്‍ക്കേണ്ടവയാണെന്ന ധാരണയാണുണ്ടായിരുന്നത്. ചില വ്യക്തമായ ആശയങ്ങളും നയങ്ങളും നിലപാടുകളും ദര്‍ശനങ്ങളും ഉള്ളതുകൊണ്ടല്ലേ ഓരോ പാര്‍ട്ടിയും രൂപം കൊണ്ടതും നിലനില്‍ക്കുന്നതും. മറ്റൊരു പാര്‍ട്ടിയുമായി നയത്തിന്റെയും പരിപാടിയുടെയും കാര്യത്തില്‍ ഒരു കക്ഷിക്ക് യോജിപ്പാണ് ഉള്ളതെങ്കില്‍ പിന്നെ അവര്‍ക്ക് യോജിച്ച് ഒറ്റപാര്‍ട്ടിയായിക്കൂടേ? ഇല്ല, അവര്‍ ഒരിക്കലും യോജിച്ച് ഒറ്റപാര്‍ട്ടിയാവുകയില്ല. ചിലപ്പോള്‍ കൂടുതല്‍ തവണ പിളര്‍ന്ന് കൂടുതല്‍ പാര്‍ട്ടികളാവുകയും ചെയ്യും. എന്നാലും അവര്‍ മുന്നണി വിടില്ല. നയങ്ങളും പരിപാടികളും ഒത്തുതീര്‍പ്പാക്കിയും വിട്ടുവീഴ്ചചെയ്തും മുന്നണികളുടെ ചട്ടക്കൂടിനുള്ളിലാക്കും. ഇങ്ങനെ എക്കാലത്തും ഭരിക്കുകയും പ്രതിപക്ഷത്തിരിക്കുകയും ചെയ്യും. തത്ത്വം വേറെ, പ്രയോഗം വേറെ. പല തത്ത്വങ്ങളും പറയും. പക്ഷേ, പ്രയോഗത്തില്‍ ഇവ തമ്മിലൊരു വ്യത്യാസവും ഉണ്ടാകുന്നില്ല.
ഒരിക്കലെങ്കിലും ഒന്നിച്ചുനിന്ന് അധികാരം പങ്കിടുകയോ, സീറ്റ് പങ്കിടുകയോ, വോട്ട് പങ്കിടുകയോ ചെയ്തിട്ടില്ലാത്ത പാര്‍ട്ടികളൊന്നും കേരളത്തിലിനി അവശേഷിക്കുന്നില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പോടെ ഉണ്ടായ അവസ്ഥ. ഇടതുപക്ഷം വലിയ ശത്രുവായി കൊണ്ടുനടക്കുന്ന ബി.ജെ.പി, 1977 ഘട്ടത്തില്‍ ജനതാപാര്‍ട്ടിയെന്ന പേരോടെ ഇടതുപക്ഷത്തിന്റെ സഖ്യകക്ഷിയായിരുന്നു. കെ.ജി.മാരാര്‍ക്കും ഒൃാജഗോപാലനും വേണ്ടി വോട്ടുപിടിച്ചിട്ടുണ്ട് സി.പി.എമ്മുകാര്‍. ഇ.എം.എസിനും നായനാര്‍ക്കും വോട്ട് ചെയ്തിട്ടുണ്ട് ആര്‍.എസ്.എസുകാര്‍. വാചകത്തിലല്ലാതെ പ്രായോഗികതയില്‍ ബി.ജെ.പി.യോട് യു.ഡി.എഫിന് ഒരിക്കലും ശത്രുതയുണ്ടായിട്ടില്ല. മുസ്ലിം വോട്ട് നഷ്ടപ്പ്ട്ടക്കുമെന്ന ഭയമില്ലാതിരുന്നെങ്കില്‍ ബി.ജെ.പിയെ യു.ഡി.എഫിന്റെ ഘടകകക്ഷിതന്നെ ആക്കുമായിരുന്നു. രഹസ്യധാരണകളുണ്ടാക്കി അവര്‍ നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ചിട്ടുമുണ്ട്. മുസ്ലിം ലീഗ് നേതാക്കള്‍ക്കും ബി.ജെ.പി. നേതാക്കളോട് ശത്രുതയില്ല. തിരിച്ചും ഇല്ല. പല രംഗത്തും അവര്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങലുകളുണ്ട്.
രണ്ടു ധ്രുവങ്ങളില്‍നിന്ന് രണ്ട് പക്ഷങ്ങളേ കേരളത്തിലുണ്ടായിട്ടുള്ളൂ. അത് സി.പി.എമ്മും കോണ്‍ഗ്രസിലെ കരുണാകര്‍ പക്ഷവുമായിരുന്നു. ഇതാ ഈ തെരഞ്ഞെടുപ്പോടെ അതും അവസാനിച്ചിരിക്കുന്നു. ഇനി രാഷ്ട്രീയത്തില്‍ ആര്‍ക്കും ശത്രുക്കളില്ല, മിത്രങ്ങളുമില്ല. നീക്കുപോക്കുകള്‍, ധാരണകള്‍, മുന്നണികള്‍… ആര്‍ക്കും ആരുമായും ചേരാം. നേട്ടമുണ്ടോ, ലാഭമുണ്ടോ എന്നുമാത്രം നോക്കിയാല്‍ മതി.
ഇതിനൊത്താണ് കേരളത്തിലുടനീളം മുന്നണിബന്ധങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. മുസ്ലിം ലീഗുമായിപോലും ധാരണയ്ക്ക് തയാറാണെന്ന് ബി.ജെ.പി. പ്രസ്താവിച്ചിട്ടുണ്ട്. അങ്ങനെ പരസ്യമായി പറയാന്‍ ലീഗിനു ധൈര്യം പോര്‍ന്ന ഉള്ളൂ. ചെയ്യാന്‍ അവരും തയാറാണ്.
പഞ്ചായത്ത് ഭരണത്തില്‍ ഇത്രയേറെ രാഷ്ട്രീയം വേണമോ? ഗാന്ധിജിയുടെ സങ്കല്‍പ്പങ്ങള്‍ അവിടെ നില്‍ക്കട്ടെ. ഇ.എം.എസുപോലും കക്ഷിരാഷ്ട്രീയത്തിനു മുകളിലുള്ള വികസന രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ജനകീയാസൂത്രണം, രാഷ്ട്രീയത്തിനപ്പുറമുള്ള ജനകീയ കൂട്ടായ്മയാണെന്ന് സി.പി.എം തന്നെ പറഞ്ഞിരുന്നതാണ്. സി.പി.എമ്മുകാര്‍ തന്നെയാണ് ജനകീയാസൂത്രണം സി.ഐ.എ. ഇടപാടാണ് എന്നും പറഞ്ഞത്.
ഇതിനെല്ലാമിടയില്‍ മറന്നത് ജനസേവനം എന്ന മഹാതത്ത്വമാണ്. സംസ്ഥാനത്ത് എവിടെയെങ്കിലും രാഷ്ട്രീയം മറന്ന് എല്ലാ കക്ഷികളും ചേര്‍ന്ന് ഒരു വാര്‍ഡ് പ്രതിനിധിയെ പിന്താങ്ങുന്നുണ്ടോ? ജനസേവനത്തിനുള്ള അംഗീകാരമായ പിന്തുണ ആര്‍ക്കും ലഭിക്കാത്തത് അര്‍ഹതയുള്ള ജനസേവകരില്ലാഞ്ഞിട്ടാണോ? അല്ല സുഹൃത്തെ, ജനസേവനം തിരിച്ചറിയാന്‍ കഴിവുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാത്തതാണ് പ്രശ്നം.