ഇന്ന് മാവോയും ഇല്ല മാവോയിസവും ഇല്ല. ആ ബ്രാന്‍ഡ് ചിലര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെന്നുമാത്രം.
മാവോയിസത്തിന്റെ കേരളത്തിലേക്കുള്ള വരവറിയിച്ചുകൊണ്ട് ചില്ലറ വെടിയും പുകയും അവിടെയും ഇവിടെയും ഉയരുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും ഉണ്ടായി കണ്ണൂരില്‍ ആക്രമണം. പക്ഷേ, മാധ്യമങ്ങള്‍ക്ക് പൊലിപ്പിക്കാന്‍ പാകത്തില്‍ പോലും അവ ശ്രദ്ധേയമല്ല. കൊട്ടിഘോഷിച്ച് രാജകീയമായി വേണം വരാന്‍ എന്നല്ല പറയുന്നത്. പൊലീസും രഹസ്യാന്യേഷണവിഭാഗക്കാരും ഇവരെക്കുറിച്ച് ഉണ്ടാക്കിയെടുത്തിട്ടുള്ള പ്രതിച്ഛായ ഇതൊന്നുമല്ലല്ലോ. യഥാര്‍ത്ഥത്തില്‍ ഇത് ശരിയായ മാവോയിസ്റ്റ് ആക്രമണങ്ങള്‍ തന്നെയാണോ? ഛത്തീസ്ഗഡിലും മറ്റും ചോരപ്പുഴയൊഴുക്കുന്ന മാവോയിസ്റ്റ് പാതക്കാര്‍ തന്നെയാണോ ഇവര്‍? മറ്റെന്തോ ഉദ്ദേശ്യത്തോടെ ആരോ നടത്തുന്ന വ്യാജ ആക്രമണങ്ങളാണോ ഇവിടത്തേത്? ജനങ്ങളില്‍ സംശയം പെരുകുന്നുണ്ട്.
മാവോയിസ്റ്റ് ആക്രമണം എന്ന് കേള്‍ക്കുമ്പോഴെല്ലാം കേരളീയര്‍ പഴയ നക്‌സലൈറ്റ് ആക്രമണങ്ങള്‍ ഓര്‍ക്കും. അത് പറഞ്ഞാല്‍ ഉടനെ അടുത്ത ചോദ്യം ഉയരും. മാവോയിസ്റ്റുകളും നക്‌സലൈറ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം? അതവിടെ നില്‍ക്കട്ടെ. പഴയ നക്‌സല്‍ ആക്രമണങ്ങള്‍ കേരളീയ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഒരു കാലത്ത് വസന്തത്തിന്റ ഇടിമുഴക്കങ്ങള്‍ ആയിരുന്നു. ആളനക്കം കുറഞ്ഞ ക്വാറിയോ ഏതെങ്കിലും പീടികയോ ആക്രമിച്ചുകൊണ്ടല്ല അവര്‍ തുടങ്ങിയത്. ആദ്യം കൈവെച്ചത് പോലീസ് സ്‌റ്റേഷന് മേലാണ്. 1968 നവംബര്‍ 21 ന് രാത്രി തലശ്ശേരിയിലെ പോലീസ് സ്‌റ്റേഷന്‍ ആണ് ആക്രമിച്ചത്. എ.കെ.47 തോക്കുകള്‍ കൊണ്ടോ ബോംബുകള്‍ കൊണ്ടോ ആയിരുന്നില്ല അത്. കുന്തങ്ങളും ഏറുപടക്കങ്ങളും ആസിഡ് ബള്‍ബുകളേ കൈവശമുണ്ടായിരുന്നുള്ളൂ. റോഡില്‍ ഉറങ്ങിക്കിടന്ന പശുക്കള്‍ പരക്കം പായുന്ന ശബ്ദം കേട്ട്, തിരിച്ചടിക്കാന്‍ വരുന്ന പോലീസ് സേനയുടെ ബൂട്ടുകളുടെ ഇരമ്പമാണെന്ന് സംശയിച്ച് ആക്രമണകാരികള്‍ പലായനം ചെയ്തുവെന്നത് പില്‍ക്കാലത്ത് കേട്ട കഥ. തലശ്ശേരി ആക്രമണം നടക്കുമ്പോള്‍ നക്‌സലൈറ്റുകളും മറ്റൊരു സംഘം വയനാട്ടിലെ പുല്‍പ്പള്ളിയെ ലക്ഷ്യമിട്ട് നീങ്ങുന്നുണ്ടായിരുന്നു. പിന്നീട് ആ സ്‌റ്റേഷന്‍ ആക്രമിച്ചതും പോലീസുകാരന്‍ മരിച്ചതും നക്‌സലൈറ്റ് പ്രവര്‍ത്തനത്തിലൂടെ ജനനായകനായ വര്‍ഗീസിന്റെ കൊലയുമെല്ലാം ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞതാണ്. പത്ത് വര്‍ഷത്തോളം നീണ്ടുനിന്നു ആ പ്രതിഭാസം. 1977 ല്‍ അടിയന്തരാവസ്ഥ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന കായണ്ണ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിനും രാജന്‍ വധത്തിനും ശേഷം ശ്രദ്ധേയമായ നക്‌സലൈറ്റ് വാര്‍ത്തകള്‍ ഉണ്ടായിട്ടില്ല.
അറുപതുകളുടെ അവസാനം കേരളത്തിലേക്ക് നക്‌സലിസം എത്തിയത് ബംഗാളില്‍ നിന്നാണ്. ചൈനയില്‍ 1966 ല്‍ മാവോ സെ തൂങ്ങ് തുടക്കമിട്ട സ്‌കാരികവിപ്ലവം മാര്‍ക്‌സിസത്തിന്റെ പതിവ് അജന്‍ഡകളില്‍ ഒതുങ്ങുന്നതായിരുന്നില്ല. മാവോ ചിന്ത ഉണ്ടാക്കിയതായി പ്രചരിപ്പിക്കപ്പെട്ട അസാധാരണമായ വിപഌങ്ങളുടെ പേരില്‍ ഇന്ത്യയിലും മാവോവിന് വലിയ പിന്‍ബലമുണ്ടായി. ‘ചൈനയില്‍ വന്ന വമ്പിച്ച മാറ്റങ്ങള്‍ എന്നെ രോമാഞ്ചം കൊള്ളിച്ചു. തൊഴിലില്ലായ്മക്കും പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരായി മാത്രമല്ല, മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന സാമൂഹ്യ വ്യവസ്ഥിതിക്കെതിരായിക്കൂടി മാവോ സെ തൂങ്ങ് എന്ന മഹാനായ ചരിത്രപുരുഷന്റെ നേതൃത്വത്തില്‍ സമരംചെയ്ത് ആത്മാവിനെപ്പോലും ഇളക്കിമറിക്കുന്ന ഫലങ്ങള്‍ നേടിയെടുത്ത ഈ ജനതയുടെ വിജയങ്ങള്‍ എന്റെയും കണ്ണുതുറപ്പിച്ചു. അതിന്റെയെല്ലാം മീതെയായി, ഭരണത്തിലിരിക്കുന്ന ഉന്നത സ്ഥാനത്തുള്ള വ്യക്തികളെപ്പോലും ചോദ്യം ചെയ്യാവുന്ന തരത്തില്‍ അസാധാരണ ധീരത വളര്‍ത്തിയെടുക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഈ തൊഴിലാളി വര്‍ഗ സാംസ്‌കാരിക വിപ്ലവം മറ്റേത് രാജ്യത്താണ് നടന്നിട്ടുള്ളത്.? ഇതല്ലേ യഥാര്‍ത്ഥ ജനാധിപത്യം? …. ‘അന്നത്തെ വിപ്ലവകാരി അജിത ഓര്‍മക്കുറിപ്പുകളില്‍ ആ കാലത്തിന്റെ വികാരം ഇങ്ങനെ വരച്ചുകാട്ടുന്നുണ്ട്. മരണം പോലും പുല്ലാക്കി കുറെ പേര്‍ വിപ്ലവാഗ്‌നിയിലേക്ക് എടുത്തുചാടിയതില്‍ അത്ഭുതമില്ല.
പ.ബംഗാളിലും കേരളത്തിലും പ്രബലമായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് ഇതിന്റെ വില നല്‍കിയത്. നക്‌സല്‍ബാരി എന്ന ബംഗാള്‍ ഗ്രാമത്തില്‍ കൊളുത്തിയ തീ കുറെ കാലം കത്തിനിന്നു. കേരളത്തില്‍ മുസ്ലിംലീഗിന്റെയും മറ്റ് പല ഈര്‍ക്കിള്‍ പാര്‍ട്ടികളുടെയുമെല്ലാം സഹായത്തോടെ 1967 മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നത് നല്ലൊരു ഭാഗം മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളില്‍ അസ്വാസ്ഥ്യം സൃഷ്ടിച്ചിരുന്നു. കണ്ണൂര്‍ ജില്ലയില്‍ ഇരുപതിനായിരത്തോളം തൊഴിലാളികള്‍ പണിയെടുത്തിരുന്ന ഗണേശ് ബീഡി കമ്പനി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതുണ്ടാക്കിയ അമര്‍ഷം നക്‌സല്‍ പ്രസ്ഥാനത്തിന് കരുത്തേകി. വയനാട്ടിലെ ആദിവാസികള്‍ ഇന്നത്തെ അതേ ദയനീയ അവസ്ഥയിലായിരുന്നു, ജന്മിമാര്‍ക്കെതിരെ രോഷം അമര്‍ഷം ശക്തമായിരുന്നു. നാട്ടിലെങ്ങും തൊഴിലില്ലായ്മയും സാമ്പത്തികപ്രശ്‌നങ്ങളും കെടുതി വിതച്ചിരുന്നു. എല്ലാം കൂടിച്ചേര്‍ന്നാണ് അന്നത്തെ നക്‌സലിസത്തിനുള്ള വളക്കൂറുള്ള മണ്ണൊരുക്കിയത്. സി.പി.ഐ.എം ഘടകങ്ങള്‍ പലേടത്തും പിളര്‍ന്നു. ഒരു പാട് ചെറുപ്പക്കാര്‍, സജീവ പ്രവര്‍ത്തകര്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍… ഇവരെല്ലാം പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തി. സി.പി.ഐ.എം അനുകൂല വിദ്യാര്‍ത്ഥി സംഘടനയില്‍ പാര്‍ട്ടി ഘടകം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് സംസ്ഥാന ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് എം. പ്രസാദാണ് അധികം വൈകാതെ നക്‌സലൈറ്റുകള്‍ക്കൊപ്പം ഇറങ്ങിത്തിരിച്ചത് എന്നോര്‍ക്കണം. നക്‌സലൈറ്റ് ഭാഷയില്‍ പറഞ്ഞാല്‍ ‘കേരളത്തില്‍ എങ്ങും ഉണങ്ങിയ പുല്‍പാടങ്ങളാണ് ഉണ്ടായിരുന്നത്. ഒരു തീപ്പൊരി മതിയായിരുന്നു എല്ലാം കത്തിയമരാന്‍’. തലശ്ശേരിയില്‍ തീപ്പൊരി ചിതറിനോക്കി, പുല്‍പ്പള്ളിയില്‍ നോക്കി, പലേടത്തും നോക്കി. തീമാത്രം ഉയര്‍ന്നില്ല. ആ സ്വപ്‌നം അങ്ങനെ കെട്ടടങ്ങി.
സ്വപ്‌നങ്ങള്‍ക്ക് യുക്തി വേണമെന്നില്ല. അധുനിക ചൈന മാവോ സെ തൂങ്ങിനെ പ്രതിമവല്‍ക്കരിച്ച് നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും മാവോയിസം കുഴിച്ചുമൂടിക്കഴിഞ്ഞു. അവരിപ്പോള്‍ എങ്ങേയ്ക്കും വിപ്ലവം കയറ്റുമതി ചെയ്യുന്നില്ല. ലോകമുതലാളിത്തത്തിന് പോലും ഒട്ടും വിരോധമില്ലാത്ത ഒരു സാമ്പത്തിക വ്യവസ്ഥയിലൂടെ നേടിയ ഭൗതിക പുരോഗതി കാട്ടിത്തരാന്‍ ഇടതുവലതുവ്യത്യാസമില്ലാതെ പാര്‍ട്ടിക്കാരെ ക്ഷണിച്ചുകൊണ്ടുപോവാറുണ്ടെന്നല്ലാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് ചൈനയില്‍ സ്‌പെഷല്‍ സീറ്റൊന്നുമില്ല ഇപ്പോള്‍. ഇവിടെ നിന്നാരും സൈദ്ധാന്തികപ്രത്യയാശാസ്ത്ര ചോദ്യങ്ങള്‍ക്ക് മറുപടി തേടിയോ സംശയം തീര്‍ക്കാനോ അങ്ങോട്ടുപോകാറില്ല. ‘ചൈനയ്ക്ക് മേല്‍ ചുവന്ന താര’ത്തിന്റെ പൊലിമ കാണാന്‍ ഇപ്പോള്‍ ഒരു എഡ്ഗര്‍ സ്‌നോവും ചെല്ലാറില്ല. ഇന്ത്യയിലല്ലാതെ ലോകത്തൊരു രാജ്യത്തും ഇപ്പോള്‍ മാവോയിസ്റ്റ് ലേബള്‍ ബ്രാക്കറ്റിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുമില്ല.
ഇത്തരമൊരു വിചിത്രകാലത്താണ് കേരളത്തിലേക്ക് മാവോയിസ്റ്റുകള്‍ കടന്നുവരുന്നതായി നാം കേള്‍ക്കുന്നത്. തീര്‍ച്ചയായും മാവോയിസം ഗ്രസിച്ച പല സംസ്ഥാനങ്ങളിലും അതിനെ ന്യായീകരിക്കുന്ന ദാരിദ്ര്യവും ചൂഷണവും യാതനയും ജനങ്ങളില്‍ ഉണ്ട്. അതിനെ നേരിടുന്നതിനുള്ള രാഷ്ട്രീയ ബദലുകള്‍ ഇല്ലാത്തതിന്റെ ശൂന്യതയുമുണ്ട്. കേരളത്തില്‍ അതെത്രത്തോളം ഉണ്ടെന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. പക്ഷേ, നമ്മുടെ സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ഒരു ആയുധമേ അല്ല മാവോയിസം എന്ന് അറിയാത്തവരല്ല മാവോയിസ്റ്റുകള്‍ പോലും. പക്ഷേ, എല്ലായിനം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും അതിന്റേതായ ന്യായീകരണങ്ങളും അത് സൃഷ്ടിക്കുന്ന സൗകര്യങ്ങളുമുണ്ട്. ലോകത്തെങ്ങും അതങ്ങനെയാണ്.
നവംബര്‍ അവസാനമാണ് സി.ആര്‍.പി.എഫ് കേന്ദ്ര ഡയറക്റ്റര്‍ ജനറല്‍ ദിലീപ് ദ്വിവേദി സേവനത്തില്‍നിന്ന് വിരമിച്ചത്. പല സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്ന ദ്വിവേദി മാധ്യമപ്രവര്‍ത്തകരോട് വളരെ ശ്രദ്ധേയമായ ഒരു കാര്യം പറഞ്ഞു. ‘ചില സ്ഥാനങ്ങള്‍ക്ക് മാവോയിസ്റ്റ് പ്രശ്‌നം കത്തിനില്‍ക്കണമെന്നുതന്നെയാണ് ആഗ്രഹം. കാരണം അതുണ്ടെങ്കില്‍ അവര്‍ക്ക് വന്‍തുക കേന്ദ്രസഹായമായി ലഭിക്കും.’ നവംബര്‍ 28 ന് ദി ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് ദ്വിവേദി ശ്രദ്ധേയമായ ഒരു കാര്യം കൂടി പറയുകയുണ്ടായി ‘മാവോയിസ്റ്റുകളെ നേരിടാന്‍ എ.എഫ.എസ്.പി. എ പോലുള്ള കര്‍ക്കശ നിയമങ്ങളെയൊന്നും ആവശ്യമില്ല. അതിന് സി.ആര്‍.പി.സി തന്നെ ധാരാളം’. കേരളത്തില്‍ മാവോയിസത്തെ നേരിടാന്‍ തോക്ക് തിരയുന്ന മേധാവികള്‍ ഈ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
മാവോയിസ്റ്റുകളും നക്‌സലൈറ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം എന്ന ചോദ്യം അവശേഷിക്കുന്നു. വലിയ വ്യത്യാസമൊന്നും ഇല്ല. പഴയ നക്‌സലൈറ്റുകളാണ് യഥാര്‍ത്ഥത്തില്‍ ശരിയായ മാവോയിസ്റ്റുകള്‍. അന്ന് ചൈനയില്‍ മാവോ ഉണ്ട്. മാവോയിസവും ഉണ്ട്. അന്ന് പക്ഷേ, നമ്മള്‍ അവരെ നക്‌സലൈറ്റുകള്‍ എന്ന് വിളിച്ചു. വിളിപ്പിച്ചത് മാധ്യമങ്ങളാണ്. അവരുടെ പാര്‍ട്ടികള്‍ക്ക് മാര്‍ക്‌സിസ്റ്റലെനിനിസ്റ്റ് എന്ന പേരേ ബ്രാക്കറ്റില്‍ ഉണ്ടായിരുന്നുള്ളൂ. ആ സംഘടനകള്‍ മാവോയിസം മടുത്ത് ഉപേക്ഷിച്ചുകഴിഞ്ഞപ്പോഴാണ് ഇപ്പോള്‍ ചിലര്‍ അതുമായി ഇറങ്ങിയിരിക്കുന്നത്. ഇന്ന് മാവോയും ഇല്ല മാവോയിസവും ഇല്ല. ആ ബ്രാന്‍ഡ് ചിലര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെന്നുമാത്രം.