നേപ്പാള്‍ വിസ്മയം 7
എന്തു കൊണ്ടാണ് ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകാത്തതെന്ന് മനസ്സിലാകുന്നില്ല ‘ യാത്രയുടെ അവസാനത്തിന് മുമ്പ് ഞങ്ങളുമായി മുഖാമുഖത്തിനിടയില്‍ നേപ്പാള്‍ വിനോദസഞ്ചാരവകുപ്പ് ഡയറക്റ്റര്‍ നന്ദിനി ലാഹെ ചോദിച്ചു. ഞങ്ങള്‍ ആ സമസ്യക്ക് മറുപടി കാണാന്‍ ബാദ്ധ്യസ്ഥമാണെന്ന മട്ടുണ്ടായിരുന്നു ചോദ്യത്തില്‍.
ഇന്ത്യയില്‍ നിന്ന് വര്‍ഷം എത്ര പേരാണ് നേപ്പാളിലേക്ക് വരുന്നത് ? ഈ വര്‍ഷം ആഗസ്റ്റ് വരെ വന്നത് കഷ്ടിച്ച് അറുപതിനായിരം പേര്‍ മാത്രം. ശേഷിച്ച മാസങ്ങള്‍ കൂടി നോക്കിയാല്‍ ഏതാണ്ട് ഒരു ലക്ഷം പേര്‍ വന്നേക്കാം. ഇവരെല്ലാം വിമാനമാര്‍ഗം വരുന്നവരാണ്. കുറച്ചു പേര്‍ റോഡ് മാര്‍ഗവും വരുന്നുണ്ടാവാം. എങ്കിലും നിസ്സാരമായ എണ്ണമാണിത്. നിസ്സാരമെങ്കിലും ,മൊത്തത്തില്‍ വരുന്ന സഞ്ചാരികളില്‍ മുപ്പത് ശതമാനം ഇന്ത്യയില്‍ നിന്ന് വരുന്നവരാണെന്നത് നേപ്പാള്‍ ലോക ടുറിസത്തില്‍ എത്ര ചെറിയ പങ്കാണ് വഹിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്നു.
വര്‍ഷത്തിനിടയില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ പതിനഞ്ചു ശതമാനത്തോളം വര്‍ദ്ധനവുണ്ടായെന്നത് വലിയ പ്രതീക്ഷയാണു ഉണര്‍ത്തിയിരിക്കുന്നത്. സമാധാനാന്തരീക്ഷം ഉപയോഗപ്പെടുത്തി ഇനിയും വളര്‍ച്ചയുണ്ടാക്കാമെന്നവര്‍ കരുതുന്നു. ഇന്ത്യയാണ് പ്രതീക്ഷ. ഇന്ത്യയുടെ വൈപുല്യവും വൈവിദ്ധ്യവും കണക്കാക്കുമ്പോള്‍ ഒരാള്‍ക്ക് രണ്ട് ആയുസ്സിനിടയില്‍ കണ്ടാല്‍ തീരാത്തത്ര സ്ഥലങ്ങള്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്ന സത്യമാണ് പലപ്പോഴും വിസ്മരിക്കപ്പെടുന്നത്. നേപ്പാള്‍ സാങ്കേതികമായി വിദേശരാജ്യമായിരിക്കാം. എന്നാല്‍ , ഇന്ത്യയില്‍ നിന്ന് വരുന്ന ഒരാള്‍ക്ക് മറ്റൊരു ഇന്ത്യന്‍ സംസ്ഥാനമാണ് നേപ്പാള്‍. ഹിമാലയം പോലും നമുക്ക് മനസ്സില്‍ ഇന്ത്യയുടേതാണ്. അടുത്ത കാലം വരെ ലോകത്തിലെ ഏക ഹിന്ദു രാജ്യമായിരുന്നല്ലോ നേപ്പാള്‍. ഹിന്ദു എന്നു പറയുന്നത് തന്നെ ഇന്ത്യയല്ലേ ? !
നേപ്പാള്‍ ടുറിസം ഉദ്യോഗസ്ഥരുടെ പ്രതീക്ഷ കെടുത്താന്‍ മതിയായ വാദങ്ങളല്ലല്ലോ ഇതൊന്നും.
*****
വാങ്ങാന്‍ കിട്ടില്ലെങ്കിലും നേപ്പാള്‍ യാത്രകള്‍ക്കിടയില്‍ ആരേയും ആകര്‍ഷിക്കുന്ന ഒരു കൗതുകവസ്തുവാണ് കൊച്ചുവിമാനങ്ങള്‍. കാഠ്മണ്ഡുവില്‍ നിന്നു പൊക്കാറയിലേക്കുള്ള യാത്രയിലാണ് ആദ്യം ഈ വിചിത്രവസ്തുവിനകത്ത് കയറാന്‍ അവസരം ലഭിച്ചത്. വിമാനയാത്രയുടെ പതിവ് ഗൗരവമൊന്നുമില്ല. സെക്യുറിറ്റി ചെക്ക് ഉണ്ടെന്നതൊഴിച്ചാല്‍ കെ.എസ്.ആര്‍.ടി.സി യില്‍ കയറുന്നത്ര ലാഘവത്തോടെ ഈ വിമാനത്തില്‍ കയറാം.
കൊച്ചുരാജ്യമാണെങ്കിലും നേപ്പാളില്‍ വിമാനക്കമ്പനികളുടെ എണ്ണമേറെയാണ്. ബുദ്ധ, യതി, റോയല്‍ നേപ്പാള്‍, യാക്,സഹാറ,അഗ്നി, അനന്യ,ഡെല്‍റ്റ, ഗൂര്‍ക്ക, സീത എന്നിങ്ങനെ പോകുന്നു വിമാനക്കമ്പനികളുടെ പേരുകള്‍.എല്ലാം സ്വകാര്യകമ്പനികളാണ്. ഇവയധികവും കൊച്ചുവിമാനങ്ങളാണ്. ഓരോന്നിലും ഇരുപതു യാത്രക്കാര്‍ മാത്രം. ഇരുപത് സീറ്റും നിറഞ്ഞാലേ വിമാനം പുറപ്പെടുകയുള്ളൂ.
വിമാനത്തിലേക്ക്് കയറും മുമ്പ് രു മുന്നറിയിപ്പ് നല്‍കാന്‍ എയര്‍ഹോസ്റ്റ്സ് വാതിലിനടുത്ത് നില്‍ക്കുന്നുണ്ട്. തല താഴ്ത്തി വേണം അകത്തേക്ക് കയറാന്‍. ഇല്ലെങ്കില്‍ തല മുട്ടും. സീറ്റില്‍നിന്ന് എഴുനേല്‍ക്കുമ്പോഴും ഇതോര്‍മിച്ചെല്ലെങ്കില്‍ തല നോവും. നിരയില്‍ രണ്ട് സീറ്റ് മാത്രമേ ഉള്ളൂ. ജനലരുകില്‍ രൊറ്റ സീറ്റ് . ഒരു എയര്‍ഹോസ്റ്റസ്. അവരെ കുറിച്ച് സഹതാപം തോന്നും. വിമാനത്തിനകത്ത് കുനിഞ്ഞു നില്‍ക്കണം. യാത്രക്കാരുടെ സീറ്റിനടുത്തേക്ക് വരുന്നതും കുനിഞ്ഞു നടന്നാണ്. പെയിലറ്റ് വിമാനമോടിക്കാന്‍ യന്ത്രത്തില്‍ ഞെക്കുന്നതും തിരിക്കുന്നുതുമൊക്കെ സീറ്റിലിരിക്കുന്ന യാത്രക്കാര്‍ക്ക് കാണാന്‍ സാധിക്കും.
വിമാനം തുള്ളുകയും ചാടുകയുമൊക്കെ ചെയ്യും. യാത്ര പ്രയാസകരമായിരിക്കും, പേടിക്കുകയൊന്നും വേണ്ട.. കയറും മുമ്പ് മുന്നറിയിപ്പ് ലഭിച്ചിരുന്നു. പക്ഷെ പറഞ്ഞതു പോലുള്ള പ്രയാസമൊന്നും ഉണ്ടായില്ല. ഞങ്ങള്‍ സഞ്ചരിച്ച കാഠ്മണ്ഡു – പൊക്കാറ റൂട്ടില്‍ അരമണിക്കൂര്‍ യാത്രയേ വേണ്ടി വന്നുള്ളൂ.കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വളരെ പറ്റിയതാണ് ഇത്തരം വിമാനങ്ങള്‍ എന്ന് വിമാനമിറങ്ങിയപ്പോള്‍ തോന്നി.
***************************
പൊക്കാറ തടാകക്കരയിലെ ലോഡ്ജില്‍ രണ്ടു ദിവസം താമസിച്ചിരുന്നു. ഓരോ തവണ പുറത്തേക്കു പോകുന്നതും വരുന്നതും തോണിയില്‍ കയറിയാണ്. ചെന്നിറങ്ങുന്ന കരയിലെ പാര്‍ക്കിങ്ങ് മൈതാനത്ത് പലവിധ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ എല്ലായ്പേ്പാഴുമുണ്ടാകും. ടുറിസ്റ്റുകളുടെ നോട്ടമിരന്ന് കച്ചവടക്കാര്‍ വാഹനങ്ങള്‍ക്ക് ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കും. വില്‍ക്കാന്‍ കൊണ്ടുവരുന്ന സാധനങ്ങളേറെയും നേപ്പാളിന്റെയും തിബറ്റിന്റെയും തനത് സംസ്കാരത്തിന്റെ പ്രതീകങ്ങള്‍ എന്ന് പറയാവുന്നവയാണ്. ലോഹങ്ങളില്‍ വാര്‍ത്ത നുറുതരം ശില്‍പങ്ങള്‍, പ്രതിമകള്‍, മണികള്‍, വിളക്കുകള്‍, മൃഗരൂപങ്ങള്‍, ചെറുവിഗ്രഹങ്ങള്‍, സംഗീതോപകരങ്ങള്‍, മുഖാവരണങ്ങള്‍. പലതും നുറ്റാണ്ട് പഴക്കമുള്ളവയാണെന്ന് കണ്ടാല്‍ തോന്നും.
തോണിയിറങ്ങുകയും കയറുകയും ചെയ്യുന്ന സ്ഥലത്ത് കച്ചവടത്തിന് വന്നവരില്‍ ഒരാള്‍ വില്‍ക്കുന്നത് ഗുര്‍ഖകളുടെ പരമ്പരാഗത ആയുധമായ ഖുഖ്‌റിയാണ്. വളഞ്ഞ മുര്‍ച്ചയേറിയ കഠാരി. പതിമുന്ന് ഇഞ്ച് നീളം, ബ്ലേഡിന് മാത്രം ഒമ്പതിഞ്ച് നീളമുണ്ട്. സ്വര്‍ണം പോലെ തിളങ്ങുന്ന വായ്ത്തല. അതിന്മേലും ചിത്രരൂപങ്ങള്‍. കൈപ്പിടിയിലും കൊത്തുപണികള്‍, ചിത്രങ്ങള്‍, നല്ല ലെതര്‍ കൊണ്ടുള്ള ഉറ. ഉറയിന്മേലും ചെറുരൂപങ്ങള്‍ , നേപ്പാള്‍ ചിഹ്നമുള്ള നാണയങ്ങള്‍ ട്ടിച്ചിരിക്കുന്നു.
‘ എന്താണ് വില ? ‘ ദുര്‍ബല നിമിഷത്തില്‍ ചോദിച്ചുപോയി…… ‘ആയിരത്തഞ്ഞുറു രൂപ ‘. മറുപടി ഞെട്ടിച്ചു. വില്‍പ്പനക്കാരനോട് ന്ന് ചിരിച്ച് സ്ഥലം വിടാനൊരുങ്ങി. ആയിരത്തി മുന്നുറ്…ഇരുനൂറ്റമ്പത്…അകലെ അവന്റെ ശബ്ദം കുറഞ്ഞു വരുന്നുണ്ടായിരുന്നു.
പിറ്റേന്ന് കണ്ടപ്പോള്‍ അയാള്‍ എന്നെ തിരിച്ചറിഞ്ഞ് പിറകെ വന്നു.തലേന്ന് പറഞ്ഞു നിര്‍ത്തിയ വിലയില്‍ നുറു രൂപ കുറച്ചാണ് പറഞ്ഞു തുടങ്ങിയത്. ദന്ന് മുഖത്ത് നോക്കിയപ്പോള്‍ നൂറു രുപ വീണ്ടും കുറഞ്ഞു. ഞങ്ങളുടെ വണ്ടി സ്റ്റാര്‍ട്ടാക്കുമ്പോള്‍ അവന്‍ ദയനീയമായി നോക്കുന്നുണ്ടായിരുന്നു.
പിറ്റേന്ന് മടക്കയാത്രക്കൊരുങ്ങും മുമ്പൊരു വട്ടം പൊക്കാറ അങ്ങാടിയിലേക്ക് വന്ന് റൂമിലേക്ക് മടങ്ങുമ്പോള്‍ ഖുഖ്‌റി വില്‍പ്പനക്കാരന്‍ മെല്ലെ നടന്നടുത്തു. അവനില്‍ പ്രതീക്ഷയുടെ കനല്‍ അണഞ്ഞിരുന്നില്ല. എണ്ണൂറെന്നോ എഴുനുറ്റമ്പതൊന്നോ അവന്‍ പറഞ്ഞതായി കേട്ടു. തോണിയിലേക്ക് കയറുമ്പോള്‍ തീര്‍ത്തും അലസമായി ഞാന്‍ ചോദിച്ചു. അഞ്ഞൂറിന് തരുമോ ? ഒരു നിമിഷം പോലും ശങ്കിച്ചുനില്‍ക്കാതെ അവന്‍ പാഞ്ഞുവന്ന് ഖുഖ്‌റി എന്റെ നേരെ നീട്ടി. ഇനി രക്ഷയില്ല, വാങ്ങുക തന്നെ. ഞാന്‍ പണമെണ്ണിക്കൊടുത്തു. അഞ്ഞുറു നേപ്പാളി രൂപക്ക് മുന്നുറ് ഇന്ത്യന്‍ കൊടുത്താല്‍ മതി.
ഖുഖ്‌റിയും തൂക്കി ഹോട്ടലങ്കണത്തിലേക്ക് കടന്നപ്പോള്‍ എല്ലാവരും എന്നെ നോക്കുന്നുണ്ടായിരുന്നു. ചിലര്‍ കളിയാക്കി. പുറത്തിറങ്ങിയാല്‍ പോലീസ് പിടിക്കുമെന്നായി ചിലര്‍. ഹാന്‍ഡ് ബാഗേജില്‍ വെച്ച് വിമാനം കയറാന്‍ ശ്രമിച്ചാല്‍ ജയിലിലാകും കേട്ടോ…മുന്നറിയിപ്പുകള്‍ , ഭീഷണികള്‍…
‘ഈ പെണ്ണുങ്ങള്‍ വാങ്ങിയ സില്‍ക്കും തുണിയുമൊക്കെ ആറു മാസത്തേക്കേ കാണൂ. താങ്കളുടെ ഖുഖ്‌റി തലമുറകള്‍ക്ക് അപ്പുറവും വീട്ടിലുണ്ടാവും. പേരക്കുട്ടികള്‍ക്കു പോലും താങ്കള്‍ നേപ്പാളില്‍ പോയത് ര്‍ക്കാനാവും. ‘ബംഗളുര്‍ പത്രപ്രവര്‍ത്തകല്‍ അനന്ത ആശ്വസിപ്പിച്ചു..
‘ലഗേജില്‍ വെച്ചാലും പോലീസ് പിടികൂടിയേക്കും. മാരകായുധങ്ങള്‍ കൈയില്‍ വെക്കുന്നത് കുറ്റമല്ലേ ? ‘ ആരോ അതു പറഞ്ഞപ്പോള്‍ അകമൊന്നു കാളി. ആ പറഞ്ഞതില്‍ കാര്യമുണ്ടാവുമോ എന്ന ചിന്ത ടെന്‍ഷനായി.
കോഴിക്കോട്ടേക്കുള്ള മടക്കയാത്രയിലുടനീളം ഖുഖ്‌റി നൂലില്‍ കെട്ടിയ ഡമോക്ലീസിന്റെ വാളായി എന്റെ തലക്ക് മുകളില്‍ തൂങ്ങിനിന്നു. ഡല്‍ഹിയിലിറങ്ങിയപ്പോഴും പിന്നെ മുംമ്പൈക്ക് കയറിയപ്പോഴുമെല്ലാം സെക്യൂറിറ്റിക്കാരുടെ പരിശോധനക്കിടയില്‍ എന്റെ ഹൃദയമിടിപ്പുയര്‍ന്നു.
രണ്ടാം ദിവസമാണ് മുംബൈയില്‍ നിന്നുള്ള അവസാനത്തെ അഗ്നിപരീക്ഷ. കൂടെ ആരുമില്ല, എല്ലാവരും നേരത്തെ വീടണഞ്ഞിരിക്കുന്നു.സെക്യുറിറ്റി സ്കാനറിലൂടെ എന്റെ പെട്ടി കടന്നതും കമ്പ്യുട്ടറില്‍ നോക്കിനില്‍ക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ചാടിയെഴുന്നേറ്റു. ഉരുണ്ടു നീങ്ങിവന്ന പെട്ടി തൂക്കിയെടുത്ത് മാറ്റിവെച്ചു. ഞാന്‍ അടുത്തുചെന്നു.’ ഖുഖ്‌റി ? ‘ അയാള്‍ പുരികം വളച്ചു കനത്ത ശബ്ദത്തില്‍ ചോദിച്ചു. മറുപടിക്ക് കാത്തു നില്‍ക്കാതെ അയാളൊരു പുസ്തകമെടുത്ത് പേജ് മറിക്കാന്‍ തുടങ്ങി..’നാം ക്യാ ഹായ്?’ ചോദ്യം ചെയ്യല്‍ തുടങ്ങി.
എനിക്ക് ഹിന്ദി പത്തു വരെ എണ്ണാന്‍ തന്നെ അറിയില്ല. ഇംഗ്ലീഷേ നിവൃത്തിയുള്ളൂ. പത്രപ്രവര്‍ത്തകനാണെന്നതും നേപ്പാളില്‍ ക്ഷണപ്രകാരം പോയതാണെന്നും അയാള്‍ എഴുതുന്നതിനിടയില്‍ ഞാന്‍ വിവരിച്ചു. കൂട്ടത്തിലൊരു കള്ളവും പറഞ്ഞു. ഖുഖ്‌റി നേപ്പാള്‍ രാജകൊട്ടാരത്തില്‍ നിന്ന് സമ്മാനമായി തന്നതാണ്. അതുകൊണ്ട് മാത്രമാണ് എടുത്തത്. എന്റെ ഇംഗ്ലീഷ് പ്രഭാഷണം ഏതാണ്ട് തീര്‍ന്നപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്‍ എഴുത്തു നിര്‍ത്തി മെല്ലെ ചോദിച്ചു….ഏത് പത്രത്തിലാണ് ജോലി ചെയ്യുന്നത്?
മലയാളിയാണല്ലേ..പടച്ചോനെ…. എനിക്ക് സമാധാനമായി. ഞാന്‍ മറുപടി പറഞ്ഞൂകൊണ്ടിരിക്കേ അടുത്തു നിന്നിരുന്ന അല്‍പം കൂടിയ റാങ്കുള്ള പോലീസ് ഓഫീസറുടെ ചോദ്യം…’മാരകായുധങ്ങളുമായാണ് പത്രക്കാരുടെ നടപ്പ് അല്ലേ ?’ രണ്ടുപേരും മലയാളികള്‍!!.. ശ്വാസം നേരെ വീണു. വേഗം പോയി വിമാനം കയറിക്കോ വൈകേണ്ട..അവര്‍ യാത്ര പറയും മുമ്പ് ഞാന്‍ ഖ്ഖ്‌റിയടങ്ങിയ പെട്ടി തൂക്കി നടന്നുതുടങ്ങിയിരുന്നു.
(അവസാനിച്ചു)