പുതുപ്രതീക്ഷകളുമായി നേപ്പാള്‍

എൻ.പി.രാജേന്ദ്രൻ

ഡല്‍ഹിയില്‍ നിന്ന്‌ കാഠ്മണ്ഡുവിലേക്കുള്ള വിമാനത്തിലിരുന്ന ്‌ വായിച്ച ഒരു വാര്‍ത്ത തലേന്ന്‌ നേപ്പാള്‍ തലസ്ഥാനത്തുണ്ടായ ഹര്‍ത്താലിനെ കുറിച്ചായിരുന്നു.നേപ്പാളിലും ഹര്‍ത്താലോ ? ചങ്കിടിപ്പ്‌ ചെറുതായൊന്നു കൂടിയോ ? ഹര്‍ത്താലുകളുടെ ലോകതലസ്ഥാനമായ കേരളത്തില്‍ നിന്ന്‌ വരുന്ന എന്നെ ഹര്‍ത്താല്‍ ഭയപ്പെടുത്തിയെന്നല്ല. ഹര്‍ത്താല്‍ യഥാര്‍ഥത്തില്‍ ഇന്ത്യക്കെതിരായ അമര്‍ഷപ്രകടനമായിരുന്നുവെന്നതും അതു നടത്തിയത്‌ നമ്മുടെ ദൃഷ്ടിയില്‍ ഭീകരവാദികളായ മാവോയിസ്റ്റുകളായിരുന്നുവെന്നതും അവഗണിക്കാവുന്ന കാര്യങ്ങളല്ലല്ലോ.

മാവോയിസ്റ്റുകള്‍ നേപ്പാളിലിപ്പോള്‍ നിയമവിരുദ്ധസംഘടനയല്ല. നീണ്ട കാലത്തെ ചോരയൊഴുക്കലിന്‌ ശേഷമവരിപ്പോള്‍ രാജാവിനെ തുരത്തിയ സര്‍വകക്ഷിഭരണകൂടവുമായി സഖ്യത്തിലാണ്‌. വെടി നിര്‍ത്തിയിരിക്കുകയാണ്‌.നേപ്പാളിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ എന്ത്‌ പങ്കുവഹിക്കണം എന്ന്‌ സര്‍വകക്ഷിഭരണകൂടവുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്‌. അതിനിടെയിലാണ്‌ പൊടുന്നനെ ആ വാര്‍ത്ത എങ്ങുനിന്നോ പൊട്ടിപ്പുറപ്പെട്ടത്‌….നേപ്പാള്‍ സര്‍ക്കാറിന്‌ വേണ്ടി ട്രക്ക്‌ ട്രക്കായി ആയുധങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.നാല്‍പ്പതു ട്രക്കുകള്‍ വന്നു കഴിഞ്ഞു…ഇനിയും വരുന്നുണ്ട്്‌. ഏതോ പത്രത്തില്‍ കണ്ട വാര്‍ത്ത മാവോയിസ്റ്റുകളെ രോഷാകുലരാക്കി. തലസ്ഥാനനഗരിയിലും മാവോയിസ്റ്റുകള്‍ക്ക്‌ സുശക്തമായ സംഘടനാസംവിധാനമുണ്ട്‌.തെരുവുകളിലേക്ക്‌ കൂട്ടം കൂട്ടമായി വന്നിറങ്ങി അവര്‍ കടകള്‍ അടപ്പിച്ചു.വാഹനങ്ങള്‍ തടഞ്ഞു.ട്രക്കുകളില്‍ ആയുധങ്ങള്‍ ഇറക്കിയെന്ന വാര്‍ത്ത സര്‍ക്കാര്‍ നിഷേധിക്കുകയും ഏഴെട്ട്‌ കാലിട്രക്കുകള്‍ മാത്രമാണ്‌ വന്നതെന്ന്‌ വിശദീകരിക്കുകയും ചെയ്തുവെങ്കിലും ആദ്യമൊന്നും അതാരും വിശ്വസിച്ചില്ല. മാവോയിസ്റ്റുകള്‍ അനിശ്ചിതകാലപണിമുടക്കിനാണ്‌ ആഹ്വാനം ചെയ്തത്‌. മാവോയിസ്റ്റുകളുമായുള്ള വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്ന സംയുക്തസമിതി രംഗത്തിറങ്ങി കാര്യങ്ങള്‍ പരിശോധിക്കുകയും ചെയ്തപ്പോഴേ മാവോയിസ്റ്റുകള്‍ സമരം പിന്‍വലിച്ചുള്ളൂ.

ചെറിയ കാര്യമാണെങ്കിലും നേപ്പാളിലെ സമാധാനത്തിന്റെ നിലയെന്തുമാത്രം ദുര്‍ബലമാണെന്ന്‌ ഈ സംഭവം വ്യക്തമാക്കി. നാലരമാസമേ ആയിട്ടുള്ളൂ മാവോയിസ്റ്റുകള്‍ തോക്കു താഴെ വെച്ചിട്ട്‌. രാജാവിന്‌ അധികാരമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.കൊട്ടാരത്തില്‍ ഒതുങ്ങിക്കഴിയുകയാണദ്ദേഹം.അനിശ്ചിതത്ത്വത്തിന്റെ ദിനങ്ങളിലൂടെയാണ്‌ രാജ്യം കടന്നു പോയിക്കൊണ്ടിരിക്കുന്നത്‌. ലോകചരിത്രത്തില്‍ തന്നെ ആദ്യമായി കമ്യൂണിസ്റ്റ്‌ വിപ്ലവകാരികള്‍ സമാധാനമുണ്ടാക്കാന്‍ ബൂര്‍ഷ്വാഭരണകൂടവുമായി സഹകരിക്കുകയാണ്‌. തങ്ങളുടെ ചില ഡിമാന്‍ഡുകള്‍ അംഗീകരിക്കുകയാണെങ്കില്‍ ശാശ്വതമായ സമാധാനത്തിന്‌ അവര്‍ തയ്യാറായിട്ടുമുണ്ട്‌. രാജ്യം എങ്ങോട്ടും തിരിയാം. അക്രമം പുനരാരംഭിച്ചേക്കാം . രാജ്യത്തിന്റെ നല്ലൊരു ഭാഗം അവരുടെ നിയന്ത്രണത്തിലാണ്‌ ഇപ്പോഴും. ചര്‍ച്ചകള്‍ക്ക്‌ ശേഷം ഭരണഘടനക്ക്‌ രൂപം നല്‍കണം, തിരഞ്ഞെടുപ്പുനടത്തണം…പലതും ബാക്കിനില്‍ക്കുന്നു. അതിനിടെ ചെയ്യാനുള്ളതെന്താണ്‌. നേപ്പാളില്‍ കാര്യമായ വ്യവസായങ്ങളൊന്നുമില്ല,കൃഷി മാത്രമാണ്‌ കാര്യമായ ഉപജീവനമാര്‍ഗം. വികസിപ്പിക്കാവുന്ന ഒരു വ്യവസായം ടൂറിസമാണ്‌. ഹിമാലയവും എവറസ്റ്റുമെല്ലാമടങ്ങുന്ന സവിശേഷതകള്‍ ലോകടുറിസം മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടാന്‍ പറ്റിയ ഉല്‍പ്പന്നങ്ങള്‍ തന്നെ. നേപ്പാള്‍ കാണാനും നേപ്പാളിനെ കുറിച്ചെഴുതാനും ലോകത്തിന്‌ നേപ്പാളിനെ പരിചയപ്പെടുത്താനും കഴിയുന്നവരെ നേപ്പാള്‍ ടൂറിസം ബോര്‍ഡ്‌ അങ്ങോട്ട്‌ ക്ഷണിച്ചുകൊണ്ടുപോവുകയാണ്‌. ദക്ഷിണേന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ സംഘത്തിലംഗമായി ഈ ലേഖകന്‍ എത്തിയതും അങ്ങനെ തന്നെ.

ഡല്‍ഹിയില്‍ വെച്ചുകാണാം എന്ന്‌ യാത്രയുടെ ഒരുക്കങ്ങളെല്ലാം ചെയ്ത നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രിയങ്കവര്‍മ പറഞ്ഞിരുന്നതാണ്‌. ഡല്‍ഹി – കാഠ്മാണ്ഡു വിമാനത്തില്‍ കയറാനൊരുങ്ങുമ്പോള്‍ പോലും ആരേയും കാണാഞ്ഞപ്പോള്‍ ചെറിയ പ്രയാസം തോന്നി . അവരെല്ലാം നേപ്പാളിലിലെത്തിയിരിക്കുന്നു എന്നായിരുന്നു വിളിച്ചുചോദിച്ചപ്പോള്‍ കിട്ടിയ മറുപടി.. ഞാന്‍ തനിച്ചുചെന്നിറങ്ങണം. പേടിക്കേണ്ട എയര്‍പോര്‍ട്ടില്‍ നിന്ന്‌ ഹോട്ടലിലെത്തിക്കാന്‍ ആളുണ്ടാകും …പ്രിയങ്ക ഉറപ്പുതന്നു. വിമാനമിറങ്ങിയപ്പോള്‍, എന്റെ പേരെഴുതിയ കടലാസ്സുമായി കാത്തുനിന്നിരുന്ന ചെറുപ്പക്കാരനായ ടാക്സി ഡ്രൈവറെ കണ്ടെത്താന്‍ വലിയ പ്രയാസമുണ്ടായില്ല. രാത്രി പത്തരയോളമായിരിക്കുന്നു. കടകളടഞ്ഞുകഴിഞ്ഞിരിക്കുന്നു. ഹിന്ദിയിലെഴുതിയ നെയിം ബോര്‍ഡുകള്‍..എവിടെയും കാണുന്നത്‌ മാരുതി എണ്ണൂറു കാറുകള്‍…ചെന്നിറങ്ങിയത ഹോട്ടല്‍ അന്നപൂര്‍ണയില്‍…ഇതൊരു വിദേശരാജ്യമോ ? അതോ ഏതോ ഉത്തരേന്ത്യന്‍ പട്ടണമോ ?

നഗരത്തിലെ വന്‍കിടഹോട്ടലുകളിലെന്നാണ്‌ അന്നപൂര്‍ണ. കേരളത്തിലും സുപരിചിതമാണ്‌ അന്നപൂര്‍ണയെന്ന പേര്‌. ഹിമാലയ പര്‍വതത്തിലെ വലിയ കൊടുമുടികളുടെ നിരയാണ്‌ അന്നപൂര്‍ണ. മുഖ്യമായത്‌ എണ്ണായിരത്തിലേറെ മീറ്റര്‍ ഉയരമുള്ള കൊടുമുടിയാണ്‌.വേറെയും നാല്‍്‌ കൊടുമുടികളെ ഇതേ പേര്‌ വിളിക്കുന്നുണ്ട. ‘ വിളവിന്റെ ദേവിയായി നാട്ടുകാര്‍ ഇതിനെ ആരാധിക്കുന്നു. അന്നപൂര്‍ണഹോട്ടലും കടയുമെല്ലാം എങ്ങുമുണ്ടു’.. . രാത്രി മുറിയില്‍ വെള്ളവുമായി വന്ന പ്രായമുള്ള ജീവനക്കാരന്‍ വാചാലനായി. സുഭിക്ഷതയുടെ ദേവിയായ ദുര്‍ഗാദേവി തന്നെയാണ്‌ അന്നപൂര്‍ണയെന്നും അദ്ദേഹം എന്നെ ഓര്‍മിപ്പിച്ചു.

ജൈനേന്ദ്ര രാജാവിന്‌ സുഖം തന്നെയോ എന്ന്‌ ഞാന്‍ അദ്ദേഹത്തോട്‌ തമാശയായി ചോദിച്ചു. സാറ്‌ പോയി നോക്കൂ..ഹോട്ടലില്‍ നിന്നിറങ്ങി ഇടത്തോട്ട്‌ അല്‍പ്പമൊന്നു നടന്നാല്‍ രാജകൊട്ടാരത്തിലെത്തും…അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു. ‘ചലനമറ്റു കിടക്കുകയാണ്‌ അവിടെ, സന്ദര്‍ശകര്‍ പോലും അപൂര്‍വം ‘ പറഞ്ഞു.
രാജഭരണത്തിനെതിരെ നടന്ന നീണ്ട പ്രക്ഷോഭത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. രാജഭരണമില്ലാത്തിടത്ത്‌ പോലും ജനങ്ങള്‍ രാജഭക്തരാണ്‌. ഇവിടെ പറയാനുമില്ല. ടുറിസ്റ്റുകള്‍ക്ക്‌ നല്‍കുന്ന ഗൈഡുകളില്‍ ഇപ്പോഴും രാജാവിനെ വിശേഷിപ്പിക്കുന്നത്‌ ‘ദൈവത്തിന്റെ തല്‍സ്വരൂപമായ രാജാവ്‌…’ എന്നാണ്‌. എന്നിട്ടും മുഴുവന്‍ ജനങ്ങളേയും ശത്രുക്കളാക്കാന്‍ കഴിഞ്ഞ രാജകുടുംബം ചില്ലറക്കാരൊന്നുമായിരിക്കില്ലോ എന്നോര്‍ത്തുപോയി.

Leave a Reply

Your email address will not be published. Required fields are marked *

Go Top