134 വർഷം മുമ്പ്, അതായത് 1881 ജനവരി ഒന്നിന് കൊച്ചിയിൽ ഒരു പത്രം തുടങ്ങിയപ്പോൾ അതിന്റെ പത്രാധിപരാകാൻ ഒരാൾ കോട്ടയത്തുനിന്ന് വഞ്ചിയിൽ വരുന്നത് ഒന്ന് സങ്കൽപ്പിച്ചുനോക്കൂ. വഞ്ചിയിൽ അപായകരമായ യാത്രപുറപ്പെട്ടയാൾ സുരക്ഷിതനായി എത്തിയോ എന്ന് വീട്ടുകാർ അറിയണമെങ്കിൽ ആഴ്ച ഒന്ന് കഴിയുമായിരുന്നു. ഈ ടെൻഷനുമായി ഇനി മുന്നോട്ടുപോകാൻ വയ്യ എന്ന് വീട്ടുകാർ വാശിപിടിച്ചപ്പോഴാണ് പത്രാധിപർ, ഒന്നരവർഷത്തിനു ശേഷം ആ പണിയുപേക്ഷിച്ചത്.
മലയാള പത്രചരിത്രത്തിലെ അത്ഭുതമായ കണ്ടത്തിൽ വറുഗീസ് മാപ്പിളയാണ് ആ പത്രാധിപർ. പത്രാധിപരുടെ അന്നത്തെ പ്രായം ഇരുപത്തിമൂന്ന്! പത്രത്തിന്റെ പേര് കേരളമിത്രം. പത്രം തുടങ്ങിയത് മലയാളിപോലുമല്ലാത്ത ദേവ്ജി ഭീമ്ജി എന്ന ഗുജറാത്ത് വ്യവസായി.
അത്ഭുതങ്ങളുടെ പരമ്പരയാണ് വറുഗീസ് മാപ്പിളയുടെ 46 വർഷംമാത്രം നീണ്ട ജീവിതം. പിതാവ് ഈപ്പച്ചൻ മകന്റെ വിദ്യാഭ്യാസകാര്യത്തിൽ പ്രകടിപ്പിച്ച അസാധാരണമായ ദൂരക്കാഴ്ച തന്നെയാണ് വറുഗീസ് മാപ്പിളയുടെ ജീവിതത്തിലെ എല്ലാ അസാധാരണതകൾക്കും വഴിതെളിച്ചത്. സംസ്‌കൃതപഠനം ക്രിസ്ത്യാനികൾക്ക് നിഷിദ്ധമാണ് എന്ന് മതമേലദ്ധ്യക്ഷന്മാർ വിലക്ക് കല്പിച്ചിരുന്ന കാലത്താണ് ഈപ്പച്ചൻ മകനെ സംസ്‌കൃതം പഠിക്കാൻ അയച്ചത്. സുറിയാനി ക്രിസ്ത്യാനികൾക്ക് ഇംഗ്‌ളീഷും വർജ്യമായിരുന്നു. പക്ഷേ, ഈപ്പച്ചൻ അതും വകവെച്ചില്ല. ചെറുപ്രായത്തിൽത്തന്നെ ഇംഗ്‌ളീഷ്, മലയാളം, സംസ്‌കൃതം ഭാഷകളും സാഹിത്യങ്ങളും വശമാക്കി മടങ്ങിയപ്പോൾ ഒരു കാര്യത്തിൽ അച്ഛന് പിഴച്ചു. വറുഗീസിനെ അദ്ദേഹം നിർബന്ധിച്ച് സർക്കാർ ഉദ്യോഗം സ്വീകരിപ്പിച്ചു. നസ്രാണികൾ സർക്കാരുദ്യോഗത്തിന് പോകാതിരുന്ന കാലമായിരുന്നിട്ടും പിതാവ് നിർബന്ധിച്ചു. ചെങ്ങന്നൂർ താലൂക്കിലെ മുതൽപ്പിടി (ഷ്‌റോഫ്) എന്ന ഉദ്യോഗം സ്വീകരിച്ച വറുഗീസ് മാപ്പിള വേഗം ആ പിടി വിടുവിച്ച് ഓടിയത് അക്ഷരത്തിന്റെയും സംസ്‌കാരത്തിന്റെയും മുതൽപ്പിടിക്കാരനാകാൻ വേണ്ടിയായിരുന്നു'(1)എന്ന് വറുഗീസ് മാപ്പിളയുടെ പിൻമുറക്കാരനായ, മനോരമ പത്രാധിപർ കെ.എം. മാത്യു എഴുതിയിട്ടുണ്ട്. വറുഗീസിന് സ്വാഭാവികമായും അവിടെ ഇരിപ്പുറച്ചില്ല. അദ്ദേഹം വഞ്ചികേറി കൊച്ചിക്ക് പോയി, കേരളമിത്രത്തിന്റെ പത്രാധിപരാകാൻ.
മലയാളത്തിലെ ആദ്യത്തെ യഥാർത്ഥ വർത്തമാനപത്രം കേരളമിത്രം ആണ് എന്ന പെരുന്ന കെ.എൻ.നായരുടെ അഭിപ്രായം പുതുപ്പള്ളി രാഘവനും മറ്റ് മാധ്യമ ചരിത്രകാരന്മാരും അംഗീകരിച്ചിട്ടുണ്ട്. പി.ഗോവിന്ദപ്പിള്ളയും ഇതിനോട് യോജിക്കുന്നു(2). നാട്ടുവാർത്തകളും ലോകവാർത്തകളും രാജ്യകാര്യങ്ങളെക്കുറിച്ചുള്ള വിമർശവും പുസ്തകവും സാഹിത്യവും അതിൽ വിഷയങ്ങളായി. കേരളമിത്രം വിട്ട് നാട്ടിൽ തിരിച്ചെത്തി കോട്ടയം സി.എം.എസ്. കോളേജിൽ അധ്യാപകനായിരിക്കെയാണ് സ്വന്തമായി ഒരു പത്രം തുടങ്ങുക എന്ന ആശയം അദ്ദേഹത്തെ കീഴടക്കുന്നത്. അതിനായി അദ്ദേഹം, അന്നുവരെ മലയാളികളാരും ചെയ്തിട്ടില്ലാത്ത ഒരു കാര്യം- ജോയന്റ് സ്റ്റോക്ക് കമ്പനി തുടങ്ങുക എന്നത്- ചെയ്തു. 1888-ൽ ആണ് അത് സംഭവിക്കുന്നത്. അങ്ങനെ മലയാള മനോരമ ജനിച്ചു.
കേരളം ഒരു വിദൂരസങ്കൽപ്പമായിപ്പോലും ആരുടെയും മനസ്സിലില്ലാതിരുന്ന കാലത്ത് അദ്ദേഹം ഐക്യകേരളം സ്വപ്‌നംകണ്ടിരുന്നു. കേരളമിത്രം എന്ന് ദേവ്ജി ഭീംജിയുടെ പത്രത്തിന് പേരിട്ടതുമുതൽ തുടങ്ങുന്നു ആ ഉൾക്കാഴ്ച. കവിസമാജം എന്നൊരു സംഘടനയുണ്ടാക്കി കന്യാകുമാരി മുതൽ കാസർകോട് വരെ സാഹിത്യസമ്മേളനങ്ങൾ നടത്തി. ജാതിയും മതവും നോക്കാതെ മികച്ച രചനകളെ പ്രോത്സാഹിപ്പിച്ചു. മൂർക്കോത്ത് കുമാരനും സി.വി.കുഞ്ഞുരാമനും കുമാരനാശാനും കെ.സി.കേശവപിള്ളയുമെല്ലാം വറുഗീസ് മാപ്പിളയുടെ പരിഗണനയും പ്രോത്സാഹനവും ലഭിച്ചവരാണ്. ഇത് അക്കാലത്ത് ഒരു വിപ്ലവപ്രവർത്തനമായിരുന്നു. സവർണരുടെ കുത്തകയായിരുന്ന സാഹിത്യദേവാലയത്തിൽ നസ്രാണിക്കും ഈഴവനുമൊക്കെ വഴിയൊരുക്കുകയാണ് വറുഗീസ് മാപ്പിള ചെയ്തത് എന്ന് കേസരി ബാലകൃഷ്ണപിള്ള എടുത്തുപറഞ്ഞിട്ടുണ്ട്. നല്ലഭാഷ എന്നും നല്ല സാഹിത്യം എന്നും പറഞ്ഞാൽ നല്ല ഗദ്യം എന്നുകൂടി അർഥമുണ്ടെന്ന ബോധ്യമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്.
മലയാളഭാഷയെ സമഗ്രമായി പരിഷ്‌കരിക്കുക എന്ന ഒരു ദൗത്യംകൂടി അദ്ദേഹം ഏറ്റെടുത്തിരുന്നു. വിദ്യാസമ്പന്നർക്കും ഉന്നത കുലജാതർക്കും മാത്രം മനസ്സിലാക്കാൻ പറ്റുന്നതായിരുന്നു അക്കാലത്ത് പത്രങ്ങളുടെ ഭാഷ. സാധാരണക്കാർക്കും മനസ്സിലാകുന്ന വാക്കുകളും ഘടനയും ശൈലിയും പ്രസിദ്ധീകരണത്തിന്റെ രീതിയാക്കി മാറ്റി. ഭാഷയിലെയും ലിപിവ്യവസ്ഥയിലെയും ഒരുപാട് വികലതകൾ ഇല്ലായ്മചെയ്യാനും ധൈര്യം കാണിച്ചു. ചന്ദ്രക്കല അദ്ദേഹം അച്ചടിയിൽ നിർബന്ധമാക്കുന്നതിനുമുമ്പ് പാട്ട എന്നും പാട്ട് എന്നും ഒരുപോലെയായിരുന്നു എഴുതിയിരുന്നത്! ഇത്തരം പരിഷ്‌കാരങ്ങൾ മലയാളത്തെ ഏറെ കൃത്യവും ശാസ്ത്രീയവുമാക്കിയിട്ടുണ്ട്. ചില പരിഷ്‌കാരങ്ങൾ തുടക്കത്തിൽ വായനക്കാർക്ക് രുചികരമായിരുന്നുമില്ല. ഏതിടത്തുമുള്ള മലയാളികൾക്കും മനസ്സിലാവുന്ന ഒരു പൊതുശൈലി രൂപപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
തുടക്കംമുതലേ മലയാള മനോരമയെ ഒരു ക്രിസ്ത്യാനിപത്രമായാണ് വായനക്കാർ മാത്രമല്ല ഉടമസ്ഥർതന്നെ കുരുതിയിരുന്നതെങ്കിലും തങ്ങളായി തങ്ങളുടെ പാടായി എന്നൊരു സങ്കുചിതത്വം സ്വീകരിച്ചിരുന്നില്ല. മനോരമയുടെ ആദ്യമുഖപ്രസംഗം പുലയരുടെ വിദ്യാഭ്യാസത്തെക്കുറിച്ചായിരുന്നു എന്നത് യാദൃച്ഛികമല്ല. ജീവിതശൈലിയിലും ആചാരങ്ങളിലും മാറ്റംവരുത്തേണ്ട ആവശ്യകത ബ്രാഹ്‌മണരെപ്പോലും ബോധ്യപ്പെടുത്താൻ വറുഗീസ് മാപ്പിള തന്റെ മുഖപ്രസംഗങ്ങളിലൂടെ ശ്രമിച്ചു. കേരളത്തിൽ അക്കാലത്ത് നടന്ന സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങൾക്കെല്ലാം അദ്ദേഹത്തിന്റെ പിന്തുണ ലഭിച്ചിട്ടുണ്ട്. രാജഭരണം താണജാതിക്കാരോടും ന്യൂനപക്ഷ മതവിഭാഗക്കാരോടും അനീതി കാട്ടിയപ്പോഴൊന്നും അതിനെ വിമർശിക്കാൻ മടിച്ചിട്ടില്ല വറുഗീസ് മാപ്പിള. ധാർമികമൂല്യങ്ങളിൽ ഉറച്ചുനിന്ന അദ്ദേഹം പുരോഗമനവാദിയും ക്രാന്തദർശിയുമായിരുന്നു എല്ലാ അർത്ഥത്തിലും. സ്ത്രീവിദ്യാഭ്യാസത്തിനുവേണ്ടി പ്രത്യേകവിദ്യാലയം സ്ഥാപിച്ചതും സാഹിത്യത്തിന്റെ ഉന്നമനത്തിന് സഭ ഉണ്ടാക്കിയതുമെല്ലാം ഇതിന്റെ തുടർച്ചതന്നെ. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് അദ്ദേഹം സാഹിത്യപരിഷത്തിനും സാഹിത്യ അക്കാദമിക്കുമൊക്കെ മുന്നോടിയെന്ന് കരുതാവുന്ന ഭാഷാപോഷിണിസഭ ആരംഭിച്ചത്. ഈ ഉന്നതചിന്തയുടെ എല്ലാ പ്രയോജനങ്ങളും മലയാളഭാഷയ്ക്കും കേരളസമൂഹത്തിനും ലഭിച്ചിട്ടുണ്ട്. നാടിനെ നന്മയിലേക്ക് നയിക്കുക എന്ന ഉദ്ദേശ്യത്തോടെ എഴുതപ്പെട്ടതാണ് അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങളെല്ലാം എന്ന് അവ വായിക്കുന്ന ആർക്കും ബോധ്യപ്പെടും.
1890 മുതൽ 1903 വരെയുള്ള ഏതാണ്ട് 14 വർഷത്തെ മുഖപ്രസംഗങ്ങളിൽനിന്ന് തിരഞ്ഞെടുത്ത നൂറ് മുഖപ്രസംഗങ്ങളാണ് സമാഹാരത്തിലുള്ളത്. ‘ഈ മുഖപ്രസംഗങ്ങൾ മറ്റേതൊരു ചരിത്രപുസ്തകത്തേക്കാളും സുവ്യക്തമായി പോയ്‌പോയ നൂറ്റാണ്ടിന്റെ അജ്ഞാതകഥകളിലേക്ക് വെളിച്ചംപായിക്കുന്നു. സാമൂഹ്യ-രാഷ്ട്രീയ- സാംസ്‌കാരിക-മതാത്മക സംഭവങ്ങളെല്ലാമുണ്ടിതിൽ. അത്ഭുതകരമാണ് പത്രാധിപരുടെ നാനാവിഷയപ്രസക്തി’ -മുഖപ്രസംഗസമാഹാരത്തിനുള്ള അവതാരികയിൽ ഡോ. എസ്.ഗുപ്തൻനായർ ചൂണ്ടിക്കാട്ടുന്നു. തികഞ്ഞ ആത്മാർത്ഥത പുലർത്തുന്ന, എന്നാൽ മിതവാദിയായ ഒരു സാമൂഹ്യപരിഷ്‌കർത്താവാണ് ഉയർന്നുനിൽക്കുന്നത്. ജനങ്ങൾക്കനുകൂലമായി ഭരണനയങ്ങൾ പരിഷ്‌കരിക്കപ്പെടണം എന്ന നിർബന്ധമുള്ളതുകൊണ്ട് പലപ്പോഴും ഇംഗ്‌ളീഷിലും മുഖപ്രസംഗം എഴുതിയിട്ടുണ്ട്.
കണ്ടത്തിൽ വറുഗീസ് മാപ്പിള തിരുവല്ലയിൽ നിരണത്തു കറുത്തനല്ലൂർ ഈപ്പച്ചന്റെയും അയിരൂർ ചെറുകര കുടുംബത്തിലെ സാറാമ്മ (കുഞ്ഞാഞ്ഞു) യുടെയും മകനായി 1858-ൽ ജനിച്ചു. 1904 ജൂലൈ ആറിന് അന്തരിച്ചു.
മലയാള മനോരമ ദിനപത്രത്തിൽ 1892 ജൂൺ മൂന്നിന് പ്രസിദ്ധപ്പെടുത്തിയ ഈ മുഖപ്രസംഗം, കേരള നവോത്ഥാനം -കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ മുഖപ്രസംഗങ്ങൾ എന്ന ഗ്രന്ഥത്തിൽനിന്ന് എടുത്തതാണ്. നവോത്ഥാന നായകരിൽ ഒരാളായിരുന്നു വറുഗീസ് മാപ്പിള എന്ന് ബോധ്യപ്പെടുത്തുന്നു ഈ കുറിപ്പുകളിലെ
പുരോഗമനചിന്തയും സമത്വബോധവും. ഇക്കാലത്ത് ഒരു പത്രാധിപർ എഴുതാൻ ധൈര്യപ്പെടാത്ത ഏറെ വിഷയങ്ങളിൽ വെട്ടിത്തുറന്നുള്ള അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട് വറുഗീസ് മാപ്പിള. സാമൂഹ്യപരിഷ്‌കരണവും സ്ത്രീവിദ്യാഭ്യാസവും പുലയരുടെ അവസ്ഥയും മലബാറിലെ മാപ്പിളകലഹങ്ങളും ബ്രാഹ്‌മണവിധവകളുടെ ദുരിതവുമെല്ലാം അദ്ദേഹം വിഷയമാക്കിയിട്ടുണ്ട്.
കേരളത്തിലെ കീഴ്ജാതികൾ – കണ്ടത്തിൽ വറുഗീസ് മാപ്പിള
ചില മാസങ്ങൾക്ക് മുൻപിൽ മദ്രാസ് മെയിൽ പത്രത്തിൽ ആ പ്രസിഡൻസിയിൽ ഉൾപ്പെട്ട പറയരെക്കുറിച്ച് ഓരോ ലേഖകന്മാരും പത്രാധിപരുമായി ചില ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തുകയാൽ ഇവരുടെ നികൃഷ്ടാവസ്ഥയെകുറിച്ച് പലർക്കും പര്യാലോചനയ്ക്ക് സംഗതിയുണ്ടായി. ഇവരുടെ അവസ്ഥയെ നന്നാക്കുന്നതിലേക്കു പലരും പല മാർഗങ്ങളും പറഞ്ഞിട്ടുള്ളതിൽ എല്ലാവരേയും ക്രിസ്ത്യാനിമതത്തിൽ ചേർക്കണമെന്നു ചില യോഗ്യന്മാർ അഭിപ്രായപ്പെട്ടിട്ടുള്ള കൂട്ടത്തിൽ മദ്രാസ് പ്രസിഡൻസിയിൽ കഴിഞ്ഞ 40 സംവത്സരം കൊണ്ടുണ്ടായിട്ടുള്ള അഭിവൃദ്ധിയെകുറിച്ച് ഗവണ്മന്റിന്റെ ആവശ്യപ്രകാരം അതിവിശിഷ്ടമായ ഒരു പുസ്തകം എഴുതി ഈയിടെ പ്രസിദ്ധപ്പെടുത്തിയ ദിവാൻ ബഹദൂർ ശ്രീനിവാസയ്യങ്കാരവർകളും വളരെ ബലമായി ചേർന്നുപറഞ്ഞിട്ടുണ്ട്. വേറൊരു ദിവാൻ ബഹദൂർ ഹിന്ദുമതം സൂക്ഷ്മത്തിൽ സകല മനുഷ്യരെയും ഒരുപോലെ വിചാരിക്കുന്നതാണെന്നും അതിനാൽ ഈ മതത്തിൽനിന്ന് പിരിയതെതന്നെ ഇവരെ നന്നാക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നതായി കാണുന്നു. തിരുവിതാംകോട്ടെ പറയരെക്കുറിച്ച് ലണ്ടൻമിഷൻ പാതിരി നൊവൽ സായ്പ് അവർകളും കൂടി പത്രത്തിലേക്ക് ഒരു ലേഖനം എഴുതിയിട്ടുണ്ട്.
കേരളം ഒട്ടുക്ക് നോക്കിയാൽ മിക്കവാറും തുല്യമായ അന്യോന്യം ഈഷദീഷൽ ഭേദങ്ങളോടുകൂടിയും കീഴ്ജാതിക്കാർ വളരെ വളരെയുണ്ട്. പരദേശങ്ങളിലെ കീഴ്ജാതികളും ഇവരുംതമ്മിൽ പല അവസ്ഥകളിലും വ്യത്യാസമുണ്ട്.
ഒന്നാമത് തീണ്ടൽ എന്നുപറഞ്ഞാൽ മേല്ജാതിക്കാരിൽനിന്ന് ഇത്ര ഇത്ര അടിവീതം കീഴ്ജാതിക്കാർ അകന്നുനിൽക്കണമെന്നുള്ളതു പരദേശങ്ങളിൽ അത്ര നിർബന്ധമുള്ളതല്ല. തൊടീൽ മാത്രമേ അവിടെ അശുദ്ധിക്ക് കാരണമായി വകവയ്ക്കാറുള്ളൂ. മലയാളത്തിൽ നേരെ മറിച്ചു തൊടീൽ മാത്രമായിട്ടുള്ള ജാതികൾ വളരെ ചുരുങ്ങും. മേല്ജാതിക്കാരോട് അടുത്തുകൂടാ എന്നുള്ളതുകൊണ്ട് സാധാരണ ജനസഞ്ചാരമുള്ള സ്ഥലങ്ങളിലെങ്ങും കീഴ്ജാതിക്കാർക്ക് കടന്നുകൂടാ. പരദേശങ്ങളിൽ പറയർ പട്ടണങ്ങളിൽ സഞ്ചരിക്കുന്നതിനു വിരോധമുണ്ടെന്നു തോന്നുന്നില്ല. എല്ലാ പ്രജകളെയും ഒരേ അവസ്ഥയിൽ വിചാരിക്കുന്ന ബ്രിട്ടീഷ് മലബാറിലും കീഴ്ജാതിക്കാർക്ക് കടകമ്പോളങ്ങളിൽ കേറിനടക്കുന്നതിന് യാതൊരു വിരോധവുമില്ല എന്നു വീണ്ടും വീണ്ടും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള തിരുവിതാംകോട്ടും ഈ വക ഒന്നും ചെയ്തിട്ടില്ലാത്ത കൊച്ചി സംസ്ഥാനത്തും കീഴ്ജാതിക്കാർ നാട്ടുപുറങ്ങളിൽ എല്ലാം പ്രായേണ ഒരേ അവസ്ഥയിൽ തന്നെ ഇരിക്കുന്നു എന്നാണ് വിചാരിക്കേണ്ടത്. മലയാളത്തെപ്പോലെ ജാതിഭേദാചാരങ്ങൾക്കു നിർബന്ധം ഇന്ത്യയിലെ മറ്റൊരു ദേശത്തും ഇല്ലെന്നു പ്രസിദ്ധമാണല്ലോ. അതിനാൽ ഓരോ ജാതിക്കാർക്ക് ഓരോ ദിക്കിലുള്ള സാമൂഹ്യസ്ഥിതി ഭേദപ്പെടുത്തുന്നത് അത്ര എളുപ്പമല്ല. പുലയർ ബ്രാഹ്‌മണനെ കണ്ടാൽ വഴിമാറണമെന്നു യാതൊരു നിർബന്ധവുമില്ലെന്ന് അവനുതന്നെ അറിയാവുന്ന കാലംവന്നാലും അതിലേക്ക് അവനെ മറ്റുള്ളവർ ധൈര്യപ്പെടുത്തിയാലും തമ്മിൽ കണ്ടുമുട്ടിയാലുടൻ ഒഴിഞ്ഞുപോകാതെയിരിക്കുന്ന പുലയർ വളരെ ചുരുക്കമാണ്. ഇതു ശരീരശുചി മുതലായവയിൽ ഇവർ തമ്മിലുള്ള അസാധാരണമായ അന്തരത്തിന്റെ ആധിക്യംകൊണ്ട് മാത്രമാണെന്നല്ലാതെ യാതൊരു ദിവ്യശക്തിയും കൊണ്ടല്ലാ എന്നുള്ളത് പ്രത്യക്ഷമാണല്ലോ. ഒരു ദിക്കിൽ വളരെ തീണ്ടലുള്ള ഒരു ജാതിക്കു മറ്റൊരു ദിക്കിൽ അശേഷം തീണ്ടലില്ലാതെ കാണുന്നതുതന്നെ ഇതിനു ലക്ഷ്യം. ക്രിസ്ത്യാനിയോ മുഹമ്മദീയനോ ആയിത്തീർന്ന ഒരു പുലയനു ഹിന്ദുക്കളുടെ ഉത്തമവിശ്വാസപ്രകാരം അല്പമെങ്കിലും താണതായ ഒരവസ്ഥയല്ലാതെ വന്നിട്ടില്ല. എങ്കിലും അവനു തീണ്ടലില്ലെന്നു സാധാരണ ആലോചിച്ചുവരുന്നതിന്റെ കാരണവും ആലോചിക്കണം. ആകപ്പാടെ ശരീരശുചിയും മറ്റും ഉണ്ടായാൽ ജാതിക്കും ഉയർച്ച വരുമെന്നുള്ളതാണ് ഇതിന്റെ അർത്ഥം. ആകയാൽ കീഴ്ജാതിക്കാരുടെ സാമൂഹ്യസ്ഥിതി നന്നാക്കണമെന്നാഗ്രഹിക്കുന്നവർ ഏതുവിധത്തിലും അവരിൽ ഓരോരുത്തരെ നന്നാക്കിയാൽ മാത്രം അറിയാവുന്നതും അതിനുഅത്ര തന്നെ ആചാരാസക്തന്മാരായ ഹിന്ദുക്കളും വിരോധികളായിരിക്കാത്തതുമാണെന്നത്രെ ന്യായമായി വിചാരിക്കേണ്ടത്.
കേരളത്തിലെ കീഴ്ജാതിക്കാർക്കു തീണ്ടലിന്റെ കൂടുതൽ എന്നൊരു പ്രതികൂലസംഗതി തങ്ങളുടെ പരദേശികളായ സമജാതിക്കാരിൽനിന്നു കൂടുതലായിട്ടുള്ളതിനോടുകൂടി മറ്റവർക്കില്ലാത്തതായ ചില അനുകൂലസംഗതികളുണ്ട്. വാസസ്ഥാനങ്ങളുടെ ഗുണം ഇതിൽ പ്രധാനമായിട്ടുള്ളതാണ്. മലയാളത്തിൽ ഒരു കണക്കിനു പ്രായേണ പറയർ, പുലയർ മുതലായവരെപ്പോലെ നല്ല വായു ശ്വസിക്കുന്നവർ ഇല്ലെന്നുതന്നെ പറയാം. പരദേശങ്ങളിലെ ചേരികളിലെപ്പോലെ കൂട്ടമായി പാർക്ക എന്നുള്ള നിർബന്ധം ഇവർക്കശേഷമില്ല. ഉപജീവനത്തിനു കൂലിക്കാരുടെ കൂലി തന്നെ പ്രധാനം. ഇതു ശരീരത്തെ സന്ധിപ്പിക്കുവാൻ മതിയാവുന്ന കാലം വന്നിട്ടുണ്ടോ എന്നു സംശയമാണ്. എങ്കിലും പരദേശങ്ങളിലെപ്പോലെ കേടുപിഴകൾകൊണ്ടു കിട്ടാതിരിക്ക വളരെ ചുരുക്കമാണ്. കാലക്രമേണ കാപ്പിത്തോട്ടങ്ങൾ എൻജിനീയർ ഡിപ്പാർട്ട്‌മെന്റ് ഇതുകൾ സംബന്ധിച്ച് കൂടുതൽ കൂലികിട്ടുന്ന വേലകൾക്കും ഇവർക്കു സ്വതന്ത്രമായി പോകാമെന്ന് വന്നിരിക്കുന്നതും ഒരു വലിയ ഗുണമാണ്. കൃഷിക്കാരിൽ പലർക്കും വേലക്കാർ മതിയാകാതെ വരികയും അതുകൊണ്ടു ചില നഷ്ടങ്ങൾ നേരിടുകയും ചെയ്യുന്നുണ്ടെങ്കിലും അതിന്റെ സൂക്ഷ്മമായ കാരണം ആലോചിച്ചറിഞ്ഞു ശരിയായ പരിഹാരം ചെയ്‌വാൻ അവരിൽ അധികംപേരും ശക്തന്മാരല്ലാതെയിരിക്കുന്നു. തങ്ങളുടെ വേലക്കാർ എത്രയും നല്ല സ്ഥിതിയിലുള്ളവരും വിശ്വസ്തന്മാരുമായിരിക്കുന്നുവോ അത്രയും തങ്ങൾക്ക് ആദായമാണെന്ന് സമ്മതിക്കുന്ന കൃഷിക്കാർ ഇവിടെങ്ങളിൽ ഏറെയുണ്ടെന്നു തോന്നുന്നില്ല. സർക്കാരുവക തരിശുഭൂമികൾ പുതുവൽ പതിച്ച് അതിൽ സ്വന്തമായി ദേഹണ്ഡം ചെയ്യുന്നതിനുള്ള സൗകര്യവും അവിടത്തെ കീഴ്ജാതിക്കാർക്ക് ഒരു ഗുണമാണ്. ഭൂമി അശേഷം ഓരോ ജന്മിമാരുടെ വകയായിട്ടുള്ള മദ്രാസ് പ്രസിഡൻസിയിലുൾപ്പെട്ട അന്യശീമകളിലെ പറയർക്ക് ഈ അവസ്ഥ ഒരിക്കലും വരാത്തതാണ്.
തിരുവിതാംകൂർ സർക്കാരിൽനിന്നു പുലയരുടെ വിദ്യാഭ്യാസംവകയ്ക്കു പ്രത്യേക ഒരു സംഖ്യ അനുവദിക്കയും ഇതിൻപ്രകാരം പലദിക്കിലും പള്ളിക്കൂടങ്ങൾ ഏർപ്പെടുത്തി നടത്തുകയും ചെയ്യുന്നത് രാമരായർ ദിവാൻജി അവർകൾ തന്റെ ഭൂതദയാപ്രധാനമായ സ്വഭാവത്തിന് അനുരൂപമായി ചെയ്തിട്ടുള്ള ചില ഏർപ്പാടുകളിൽ ഒന്നാണല്ലോ. മിഷനറി സായ്പന്മാർ വളരെക്കാലമായി ഇവിടങ്ങളിൽ ചെയ്തുവരുന്ന പ്രയത്‌നത്തിന്റെയും പ്രധാന ഫലം കീഴ്ജാതിക്കാർക്കാണല്ലോ സിദ്ധിക്കുന്നത്. ഇവരെ ഇതിലേക്ക് ഉദ്യോഗിപ്പിക്കുന്നതായ ഭൂതദയയ്ക്കു തങ്ങളുടെ മതത്തിന്റെ നിഷ്‌ക്കളങ്കമായ ഉദ്ദേശ്യം വഴിയായി വളരെ ബലാധിക്യമുള്ളതിനാൽ കീഴ്ജാതിക്കാരുടെ സ്ഥിതിയെ നന്നാക്കുന്നതിന് ഇത്ര സിദ്ധമായ ഒരു മാർഗവുമില്ലെന്ന് തീർച്ചയായി പറയാം. പൊടുന്നനവെയുള്ള അവസ്ഥാഭേദത്താൽ ഉണ്ടാകാവുന്ന ദോഷം ഒഴിക്കാനുള്ള കരുതൽമാത്രം ഉണ്ടായിരുന്നാൽ മതി. ഈ ദേശങ്ങളിലെ കീഴ്ജാതിക്കാരുടെ സ്ഥിതി ആകപ്പാടെ നോക്കിയാൽ ദേശങ്ങളിലേതിനേക്കാൾ പലതുകൊണ്ടും നന്നായിരിക്കുന്നു എങ്കിലും ഇനിയും വളരെ നന്നായിരിക്കാനുള്ളതുകൊണ്ട് പരോപകാരനിരതന്മാരും സമസൃഷ്ടന്മാരെക്കുറിച്ചു സ്‌നേഹമുള്ളവരുമായ എല്ലാ സ്വദേശികളും ഇതിലേക്ക് അനുകൂലികളായിരിക്കേണ്ടതാണ്. പുലയരെക്കൊണ്ട് അനുഭവിക്കുന്ന വസ്തുഉടമസ്ഥന്മാർ അവരുടെ സൂക്ഷ്മസ്ഥിതി ആലോചിക്കുന്നതായാൽ അവർതന്നെ ഇതിന് എല്ലാ പ്രകാരേണയും അനുകൂലികളായിരിക്കുന്നതാണെന്നു മേൽ പറഞ്ഞിട്ടുണ്ടല്ലോ.
1. കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ മുഖപ്രസംഗങ്ങൾ – സമർപ്പണം പേജ് 5
2.കേരള നവോത്ഥാനം നാലാം സഞ്ചിക മാധ്യമപർവം പി.ഗോവിന്ദപ്പിള്ള പേജ് 62