പൊയ്‌വെടികള്‍

ഇന്ദ്രൻ

പൂരംകഴിഞ്ഞ് ജനംപിരിഞ്ഞുപോകുമ്പോഴായിരിക്കും ചിലപ്പോള്‍ പൊട്ടാതെകിടന്ന ഏതെങ്കിലും പടക്കംപൊട്ടിത്തെറിക്കുക. ഇതുകേട്ട്് വെടിക്കെട്ട് ഇനിയും ഉണ്ടാകുമെന്ന് കരുതി മടങ്ങിവരുന്നവര്‍ വെറും ശിശുക്കള്‍. യാതൊന്നും സംഭവിക്കുകയില്ല, എല്ലാം ശാന്തം.

മൂന്നുമാസമായി ഒരു ഉടക്കുവര്‍ത്തമാനംപോലും പറയാതെ അച്ചടക്കത്തോടെ കഴിഞ്ഞുകൂടുകയായിരുന്നു മുഖ്യമന്ത്രി. ചാനല്‍ചര്‍ച്ചയിലോ കാര്‍ട്ടൂണിലോ പത്രത്തലവാചകത്തിലോ ഇക്കാലത്ത് കാര്യമായൊന്നും മുഖ്യമന്ത്രി പരാമര്‍ശിക്കപ്പെടുകയുണ്ടായില്ല. അരിവില എത്ര കൂടി എന്നുചോദിച്ചാല്‍ പയര്‍വില കുറയുന്നുണ്ട് എന്നുതുടങ്ങിയ ബുദ്ധിപൂര്‍വകമായ മറുപടികള്‍ നല്‍കി കഴിഞ്ഞുകൂടുകയായിരുന്നു. പോളിറ്റ് ബ്യൂറോവില്‍ തിരിച്ചുകയറുക, അഞ്ചുവര്‍ഷം തികയുംവരെ മുഖ്യമന്ത്രിസ്ഥാനത്ത് ഇരിക്കുക തുടങ്ങിയ വളരെ പരിമിതമായ ലക്ഷ്യങ്ങള്‍ മാത്രമേ അദ്ദേഹത്തിനുള്ളൂ.
ഇവിടെയും പ്രശ്‌നമുണ്ടാക്കിയത് മാധ്യമക്കാരാണ്. ഓര്‍ക്കാപ്പുറത്ത് എന്തോ ചോദിച്ചുകളയും. നമ്മള്‍ ഒന്നുമോര്‍ക്കാതെ മറുപടിയും പറയും. അതാണ് കുഴപ്പം. പെട്ടെന്ന് ചോദിച്ചാല്‍ പെട്ടെന്ന് മറുപടി പറയണമല്ലോ. ക്വിസ് മത്സരത്തിലൊക്കെ അങ്ങനെയാണ്, സമയത്തിനകം മറുപടി പറഞ്ഞില്ലെങ്കില്‍ മാര്‍ക്ക് കിട്ടില്ല. പത്രക്കാര്‍ക്കെന്താ നിയമസഭയിലേതുപോലെ മുന്‍കൂട്ടി നോട്ടീസ്തന്ന് ചോദ്യങ്ങള്‍ ചോദിച്ചുകൂടേ ? ആലോചിക്കാതെ പെട്ടെന്ന് മറുപടി പറയാവുന്ന ചോദ്യമാണെങ്കില്‍ സാരമില്ലായിരുന്നു. ആഗോളീകരണം, ലോക കമ്യൂണിസ്റ്റ് മുന്നേറ്റം, സാമ്രാജ്യത്വതരികിടകള്‍ തുടങ്ങിയ എന്തെല്ലാം വിഷയങ്ങള്‍ കിടക്കുന്നു. അതൊന്നും ചോദിക്കാതെ ചില മാധ്യമ ദുര്‍ബുദ്ധികള്‍ തച്ചങ്കരി, തടിയന്റവിടെ എന്നുംമറ്റും ചോദിച്ചുകളയും. ഇരുപത്തിനാലുമണിക്കൂര്‍ മുമ്പ് യു.ഡി.എഫ് കണ്‍വീനര്‍ ഉന്നയിച്ച ആരോപണത്തെക്കുറിച്ചാണ് പത്രക്കാര്‍ യാതൊരു മുന്നറിയിപ്പുംനല്‍കാതെ ചോദ്യംചോദിച്ചുകളഞ്ഞത്. തച്ചങ്കരിയെ ബാംഗഌരിലേക്കയച്ചതിനുപിന്നില്‍ രഹസ്യഅജന്‍ഡയുണ്ടെന്ന ആരോപണം ശരിയോ എന്ന്. പലപല രഹസ്യഅജന്‍ഡകള്‍ ആ ചോദ്യത്തിലുണ്ടായിരുന്നു എന്നാര്‍ക്കാണറിയാത്തത്.
ഉത്തരം നല്‍കാന്‍ ഒരു മാസത്തെ തയ്യാറെടുപ്പെങ്കിലും ആവശ്യമായ ചോദ്യമായിരുന്നുഅത്. ആദ്യം ആരാണ് ഈ തച്ചങ്കരി എന്നറിയണം. പേരെവിടെയോ കേട്ടിട്ടുണ്ടെന്നത് സത്യം. തച്ചന്‍, ബച്ചന്‍, കരി, കോടിയേരി, കൈരളി, ഐ.ജി., വ്യാജസി.ഡി എന്നൊക്കെ പലപ്പോഴും കേട്ടിട്ടുണ്ട്. ടി.ശിവദാസമേനോന്‍ പറഞ്ഞതുപോലെ ഇടതുചെവിയിലൂടെ കയറ്റി വലതുചെവിയിലൂടെ പുറത്തുകളഞ്ഞ വാക്കുകളെന്നല്ലാതെ ഒന്നിനും ഒരര്‍ഥവും തോന്നിയില്ല. പിന്നീടാണ് അറിഞ്ഞത് തച്ചങ്കരി പോലീസ് ഐ.ജി.യാണെന്ന്. ഒന്നര ഡസനോ മറ്റോ ഉണ്ട് കേരളത്തില്‍ ഐ.ജി.മാര്‍. മുഖ്യമന്ത്രി അവരുടെയെല്ലാം പേരുകള്‍ മന:പാഠം പഠിക്കേണ്ട കാര്യമില്ല. അതിനാണ് കോടിയേരിയെ നിര്‍ത്തിയിരിക്കുന്നത്. മിടുക്കനാണ്. ഐ.ജി.മാരുടെയെന്നല്ല സി.ഐ.മാരുടെ വരെ പേരുകള്‍ എഴുതാന്‍ (സ്‌പെല്ലിങ്ങൊന്നും തെറ്റാതെതന്നെ) കോടിയേരിക്ക് കഴിയും. കോടിയേരിയോട് ചോദിക്കണ്ട ചോദ്യമാണ് വകതിരിവില്ലാത്ത പത്രക്കാര്‍ മുഖ്യമന്ത്രിയോട് ചോദിച്ചത്. തച്ചങ്കരിയെ ഗവണ്മെന്റ് എങ്ങോട്ടുമയച്ചിട്ടില്ല എന്നാണ്് മുഖ്യമന്ത്രി മറുപടി നല്‍കിയത്. സുരക്ഷിതവും സമര്‍ഥവുമായ മറുപടി. പഴയ മുഖ്യമന്ത്രി കെ.കരുണാകരനോടാണ് ഇത്തരമൊരു അസംബന്ധ ചോദ്യം ചോദിച്ചിരുന്നതെങ്കില്‍ തച്ചങ്കരിയോ ഏത് തച്ചന്‍ കരി എന്ന് തിരിച്ചുചോദിക്കുമായിരുന്നു.
തച്ചങ്കരി ആരാണെന്ന പ്രശ്‌നത്തേക്കാള്‍ ഭീമമാണ് ഈ ഗവണ്മെന്റെന്ന് പറയുന്നത് ആരാണെന്ന പ്രശ്‌നം. അതറിയാന്‍ ഭരണഘടന മുതല്‍ പോലീസ് ആക്റ്റ് വരെയുള്ള കിത്താബുകള്‍ പലതും വായിക്കണം. പെട്ടെന്ന് ചോദ്യംചോദിച്ചാല്‍ അതുവല്ലതും വായിച്ചുമറുപടി പറായാനൊക്കുമോ ? മുഖ്യമന്ത്രിയാണോ ഈ ഗവണ്മെന്റെന്ന് പറയുന്നത്. ആഭ്യന്തരമന്ത്രിയുടെ നടപടി ഗവണ്മെന്റിന്റെ നടപടിയല്ലേ ? കേസ് അന്വേഷിക്കാന്‍ പോലീസുകാര്‍ പോകുന്നത് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിട്ടാണോ ? മോഷണക്കേസ് അന്വേഷിക്കാന്‍പോലും കോണ്‍സ്റ്റബ്ള്‍മാര്‍ മുതല്‍ പലരും അന്യസംസ്ഥാനങ്ങളിലേക്ക് പോകാറുണ്ട്. ചിലര്‍ അവിടെ സ്ഥിരതാമസവുമാണ്. മുഖ്യമന്ത്രിയുടെയോ അഭ്യന്തരമന്ത്രിയുടെയോ പെര്‍മിഷന്‍ ചോദിച്ചാണോ പോലീസുകാര്‍ കേസ് അന്വേഷിക്കാന്‍ പോകുന്നുത് ?
ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ആഭ്യന്തരമന്ത്രി അരമണിക്കൂറിനകം വേറെ പത്രസമ്മേളനം നടത്തി പറയുകയുണ്ടായി. അതാണ് ശരിയായ രീതി. മുഖ്യമന്ത്രി പെട്ടെന്നെങ്കിലും പറഞ്ഞാല്‍ ആഭ്യന്തരമന്ത്രി അരമണിക്കൂറിനകം മറുപടി പറയും. ധൃതിയിലായതുകൊണ്ട് പത്രക്കാരെ മുഴുവന്‍ വിളിക്കാന്‍പോലും സമയം കിട്ടിയില്ല. ചോദ്യങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി നല്‍കിയ ഉത്തരങ്ങളെല്ലാം ശരിയായിരുന്നെന്നും ഫുള്‍മാര്‍ക് തന്നെ കൊടുക്കാവുന്നതാണെന്നും മുഖ്യമന്ത്രി പിറ്റേന്ന് പറഞ്ഞതോടെ ആ നാടകത്തിന് തിരശ്ശീല വീണു. മുഖ്യമന്ത്രിയുടേത് പൊയ്‌വെടി മാത്രമായിരുന്നു. മനുഷ്യര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് അറിയിക്കുക മാത്രമായിരുന്നു ലക്ഷ്യം. സി.പി.എമ്മില്‍ ഉടന്‍ യുദ്ധം പുനരാരംഭിക്കുമെന്ന് കരുതി വെള്ളം അടുപ്പത്തുവെച്ച മാധ്യമസിന്‍ഡിക്കേറ്റുകാര്‍ക്ക് പിശകി.
*****

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സപ്തതി ആഘോഷം നടക്കേണ്ട സമയമാണിത്. 1939 ല്‍ പിണറായിയില്‍ പാര്‍ട്ടി രൂപവല്‍ക്കരിച്ചതിന്റെ വാര്‍ഷികം മറന്നതാവില്ലെന്നുറപ്പ്. എന്തുകൊണ്ടോ ആഘോഷമൊന്നും ഉണ്ടായില്ല. ഷഷ്ടിപൂര്‍ത്തിയും സപ്തതിയും ആഘോഷിക്കുന്നവരല്ല കമ്യൂണിസ്റ്റുകാരെന്ന് അറിയാഞ്ഞിട്ടല്ല. ഒരുപക്ഷേ അഞ്ചുവര്‍ഷം കൂടികഴിഞ്ഞാല്‍ എഴുപത്തഞ്ച് ഗംഭീരമായി ആഘോഷിക്കുമായിരിക്കും. കാത്തിരിക്കാം. അമ്പത്, എഴുപത്തഞ്ച്, നൂറ് എന്നിവയിലേ കാര്യമുള്ളൂ.
സപ്തതിയുടെ സമയംനോക്കിത്തന്നെ കുബുദ്ധികളായ മാധ്യമപ്രവര്‍ത്തകര്‍ പാര്‍ട്ടിക്കെതിരായി തുരപ്പന്‍പണികളില്‍ ഏര്‍പ്പെട്ടത് എന്തായാലും ക്രൂരമായിപ്പോയി. പ്രായത്തെയെങ്കിലും വിലവെക്കേണ്ടേ. ആളെണ്ണം താരതമ്യേന കുറവാണെന്നത് ശരി. പക്ഷേ പാര്‍ട്ടിപാരമ്പര്യത്തിനുള്ള അവകാശം കൂടുതല്‍ സി.പി.ഐ.ക്കാര്‍ക്കാണ്. എഴുപതുപിന്നിട്ടത് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കല്ല എന്നതുതന്നെ കാര്യം. പാര്‍ട്ടി രൂപവല്‍ക്കരണം നടന്നത് പിണറായിയുടെ ജന്മനാട്ടിലാണെന്നതുകൊണ്ടുമാത്രം സി.പി.ഐ.യുടെ അവകാശവാദം ദുര്‍ബലമാകില്ലല്ലോ.
സി.പി.ഐ.യെ അപവാദപ്രചാരണത്തിലൂടെ തകര്‍ക്കാന്‍ മാധ്യമക്കാര്‍ ശ്രമിക്കുന്നു എന്നാണ് പാര്‍ട്ടിയേക്കാള്‍ പത്തുപന്ത്രണ്ടുവയസ്സെങ്കിലും പ്രായമുള്ള പാര്‍ട്ടി സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പരാതിപ്പെട്ടത്. അതിശക്തമായ പാര്‍ട്ടിയായതുകൊണ്ട് തകര്‍ക്കാന്‍ വേറെ വഴിയൊന്നും കാണാഞ്ഞാവണം അപവാദപ്രചാരണത്തിന്റെ വഴി അവര്‍ സ്വീകരിച്ചത്. സി.പി.എമ്മിനെ തകര്‍ക്കുന്നതിന് ലോകസാമ്രാജ്യത്വശക്തികള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് വിടുപണി ചെയ്യുകയായിരുന്നു ഈ മാധ്യമങ്ങള്‍ ഇത്രയും കാലം. അവര്‍ ആ പണി നിര്‍ത്തിയാവണം സി.പി.ഐ.ക്കെതിരെ തിരിഞ്ഞത്. ലോകമുതലാളിത്തത്തിന് സി.പി.ഐ.യാണ് സി.പി.എമ്മിനേക്കാള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നതെന്ന് ബോധ്യപ്പെട്ടിരിക്കാം അവര്‍ക്ക്്. വേറെ സാധ്യതയൊന്നും കാണുന്നില്ല. സി.പി.എമ്മിനെ ബാധിച്ച രോഗങ്ങളൊന്നും ബാധിച്ചിട്ടില്ലാത്ത പാര്‍ട്ടിയായിരുന്നു സി.പി.ഐ. വിഭാഗീയത, നവലിബറലിസ്റ്റ്‌സ്വാധീനം, അഴിമതി, ആഡംബരം തുടങ്ങിയ ദുഷ്ടുകളൊന്നും ലവലേശമില്ല. സാക്ഷാല്‍ മാര്‍ക്‌സ്, ലെനില്‍, ക്രൂഷ്‌ചേവ്, ബ്രഷ്‌നേവ് പരമ്പരയില്‍ പെട്ടയാളുകളേ കേരളത്തിലും ഇന്ത്യയിലും സി.പി.ഐ.യെ നയിക്കാറുള്ളൂ. വെളിയം ഭാര്‍ഗവനാണ് ലൈനിലെ അവസാനത്തെ ആള്‍. അങ്ങനെയുള്ള പാര്‍ട്ടിയില്‍ ഗ്രൂപ്പിസമുണ്ടെന്ന് പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങള്‍.
ദീര്‍ഘകാലമായുള്ള സഹവാസം കാരണം കുറെ ദുഷ്ടുകള്‍ സി.പി.എമ്മില്‍ നിന്ന് സി.പി.ഐ.യിലേക്ക് പകരുന്നുണ്ടാവാം. അത് തടയുന്നതിനുള്ള പ്രതിരോധകുത്തിവെപ്പുകളൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. മുതലാളിത്തത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ദുഷ്ടുകള്‍ പകരാതിരിക്കില്ല എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ആചാര്യന്മാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ട് സി.പി.ഐ.യിലും വി.എസ്.- പിണറായി പക്ഷങ്ങള്‍തന്നെ ഉണ്ടായിക്കൂടെന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top